Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 10

3230

1443 ജമാദുല്‍ അവ്വല്‍ 05

മത ലയനവും മത സഹിഷ്ണുതയും - 2 മതത്തിന്റെ ആദിമവിശുദ്ധി

അബൂയാസിര്‍

പ്രവാചകന്മാരാരും മതത്തിന്റെ ആദിമവിശുദ്ധി വിസ്മരിച്ചിട്ടില്ല. താന്‍ പിന്തുടരുന്നത് തന്റെ പിതാക്കളായ യഅ്ഖൂബിന്റെയും ഇസ്ഹാഖിന്റെയും ഇബ്‌റാഹീമിന്റെയും മതമാണെന്ന് യൂസുഫ് നബി പ്രസ്താവിച്ചിരുന്നു (ഖുര്‍ആന്‍ 12:35). മൂസാ നബിക്കുശേഷം വന്ന ഇസ്രാഈലീ പ്രവാചകന്മാരെല്ലാം പ്രബോധനം ചെയ്തത് അവരുടെ പൂര്‍വപിതാക്കളുടെ മതമായിരുന്നു. താന്‍ ആഗതനായത് തൗറാത്തിലെ ന്യായപ്രമാണങ്ങള്‍ നീക്കാനല്ല, നിവര്‍ത്തിക്കാനാണെന്ന് ഈസാ(അ)യും പറയുന്നുണ്ട്. സന്മാര്‍ഗം പ്രാപിക്കാന്‍ യഹൂദരാവണം, അല്ലെങ്കില്‍ ക്രിസ്ത്യാനിയാകണം എന്ന് വാദിച്ചവരോട് മുഹമ്മദ് നബി (സ) പറഞ്ഞു: ''അല്ല ഇബ്‌റാഹീമിന്റെ മതമാണ് കൈക്കൊള്ളേണ്ടത്. ഇബ്‌റാഹീമോ, ബഹുദൈവ വിശ്വാസിയായിരുന്നില്ല'' (2:135). ''ഇബ്‌റാഹീം ജൂതനായിരുന്നില്ല, നസ്രാനിയുമായിരുന്നില്ല. പ്രത്യുത നിഷ്‌കളങ്കനായ മുസ്‌ലിം ആയിരുന്നു. അദ്ദേഹം വിഗ്രഹാരാധകനുമായിരുന്നില്ല'' (3:67). ഇബ്‌റാഹീം (അ) അറബികളുടെ കുലപതിയും പൂര്‍വ പ്രവാചകനുമാണ്. ഇബ്‌റാഹീമീ മില്ലത്തിലേക്കു വരാന്‍ മുഹമ്മദ് നബി(സ) ഖുറൈശികളെയും ആഹ്വാനം ചെയ്യുന്നുണ്ട് (2:130). വേദക്കാരെ പ്രത്യേകം സംബോധന ചെയ്തുകൊണ്ടു പറയുന്നു: ''പ്രവാചകന്‍ പറയുക, അല്ലയോ വേദവിശ്വാസികളേ, ഞങ്ങളും നിങ്ങളും ഒരുപോലെ അംഗീകരിക്കേണ്ട പ്രമാണത്തിലേക്കു വരുവിന്‍. അതായത് നമ്മള്‍ അല്ലാഹുവല്ലാത്ത ആര്‍ക്കും വഴിപ്പെടാതിരിക്കുക. ആരെയും അവന്റെ പങ്കാളിയാക്കാതിരിക്കുക. അവര്‍ ഈ സന്ദേശത്തില്‍നിന്ന് പിന്മാറുകയാണെങ്കില്‍ നിങ്ങള്‍ അവരോട് തുറന്നു പറയുവിന്‍. ഞങ്ങള്‍ അല്ലാഹുവിനു മുസ്‌ലിംകള്‍ (സര്‍വവും സമര്‍പ്പിക്കുന്നവര്‍) ആണെന്നതിന് നിങ്ങള്‍ സാക്ഷികളാകുവിന്‍'' (3:64).
മതത്തിന്റെ 'ആദിമവിശുദ്ധി' ഓര്‍മിപ്പിക്കുമ്പോഴെല്ലാം പ്രവാചകന്മാര്‍ അതെന്താണെന്നും വ്യക്തമാക്കുന്നുണ്ട്. ഏകനായ സാക്ഷാല്‍ ദൈവത്തിലുള്ള അകളങ്കമായ വിശ്വാസവും അവനോടുള്ള ആത്യന്തികമായ വിധേയത്വവുമാണത്. 3:64-ല്‍ അത് ഏറെ വ്യക്തമായും വിശദമായും തന്നെ പറഞ്ഞിരിക്കുന്നു. സിദ്ധാന്തങ്ങളില്‍ ഏറ്റം വിശിഷ്ടമായത് 'ലാ ഇലാഹ ഇല്ലല്ലാഹ്' - സാക്ഷാല്‍ ദൈവമല്ലാതെ ദൈവമേതുമില്ല - എന്ന സിദ്ധാന്തമാണെന്ന് മുഹമ്മദ് നബി പ്രസ്താവിച്ചു. അല്ലാഹു നിയോഗിച്ചയച്ച എല്ലാ പ്രവാചകന്മാരുടെയും മൗലിക വിശുദ്ധ സിദ്ധാന്തം അതുതന്നെയായിരുന്നു.
''എല്ലാ സമുദായത്തിലും നാം ദൈവദൂതനെ നിയോഗിച്ചിട്ടുണ്ടായിരുന്നു; സാക്ഷാല്‍ ദൈവത്തിന് വഴിപ്പെട്ടു വാഴുവിന്‍, പൈശാചിക ശക്തികള്‍ക്ക് വഴിപ്പെടുന്നത് വര്‍ജിക്കുവിന്‍ എന്ന വിശുദ്ധ സന്ദേശവുമായിട്ട്'' (16:36). നൂഹ് നബി(അ) സ്വജനത്തെ പ്രബോധനം ചെയ്തു: ''എന്റെ ജനമേ, ഞാന്‍ നിങ്ങള്‍ക്കുള്ള തെളിഞ്ഞ മുന്നറിയിപ്പുകാരനാകുന്നു. എന്തെന്നാല്‍ നിങ്ങള്‍ അല്ലാഹുവിനു വഴിപ്പെടുവിന്‍. അവനോട് ഭയഭക്തിയുള്ളവരായിരിക്കുവിന്‍. എന്നെ അനുസരിക്കുവിന്‍'' (71:2,3). മുഹമ്മദ് നബി ഉദ്‌ഘോഷിച്ചു: ''പറയുക: അവന്‍ -അല്ലാഹു- സാക്ഷാല്‍ ദൈവം ഒരേയൊരുവനാകുന്നു. അല്ലാഹു ആരുടെയും ആശ്രയം വേണ്ടാത്തവനും എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനുമാകുന്നു. അവന് സന്തതിയേതുമില്ല. ആരുടെയും സന്താനവുമല്ല. അവനു തുല്യം ആരുമേയില്ല'' (112:1-4). സാക്ഷാല്‍ ദൈവം- അല്ലാഹു- അല്ലാത്തതൊക്കെയും അല്ലാഹുവിന്റെ സൃഷ്ടികളാണ്. ദിവ്യത്വത്തില്‍ പങ്കാളിത്തമോ സ്വാധീനമോ ഉള്ള യാതൊന്നും ഇല്ല. സൃഷ്ടികളെല്ലാം അല്ലാഹുവിന്റെ അടിമകള്‍ മാത്രമാകുന്നു. അല്ലാഹുവിന്റെ അടിമകള്‍ ഇതര അടിമകളുടെ അടിമകളും ആരാധകരും ആയിക്കൂടാ. സൃഷ്ടികള്‍ പരസ്പരം ദൈവങ്ങളും അടിമകളുമായി വരിക്കുന്നത് അവരുടെ യഥാര്‍ഥ സ്രഷ്ടാവിനെ നിന്ദിക്കുക എന്ന ഗുരുതരമായ അക്രമമാകുന്നു. മനുഷ്യനല്ലാത്ത പ്രാപഞ്ചിക സൃഷ്ടികളഖിലം പ്രകൃത്യാ അല്ലാഹുവിന്റെ നിയമ വ്യവസ്ഥയാണ് ആചരിക്കുന്നത്. മനുഷ്യനും അവന്റെ നിയമ വ്യവസ്ഥയനുസരിച്ച് ചരിക്കുകയാണ് അല്ലാഹുവിന്റെ അഭീഷ്ടം. ആ വ്യവസ്ഥയാണ് ധര്‍മം, അതിനെതിരായത് അധര്‍മവും. അല്ലാഹുവിന്റെ സൃഷ്ടികള്‍, അടിമകള്‍ എന്നത് സൃഷ്ടികളെ ഒന്നുചേര്‍ക്കുന്ന ഘടകമാണ്. ഈ ബന്ധം സൃഷ്ടികള്‍ക്ക് സമസൃഷ്ടികളോടും അന്യസൃഷ്ടികളോടും പ്രകൃതിയോടും സര്‍വോപരി സ്രഷ്ടാവിനോടും ചില ഉത്തരവാദിത്തങ്ങള്‍ ചുമത്തുന്നു. ഈ ഉത്തരവാദിത്തത്തിന്റെ കേന്ദ്രബിന്ദു അല്ലാഹുവിന്റെ ഏകത്വവും -തൗഹീദ്-അവന്റെ ധര്‍മശാസനകളോടുള്ള വിധേയത്വവു  മാകുന്നു. ഇതാണ് സത്യമതത്തിന്റെ ഏകലോക വിഭാവനം. മതത്തിന്റെ ആദിമവിശുദ്ധിയും അന്ത്യവിശുദ്ധിയും ഇതുതന്നെ.
മോക്ഷ സൈദ്ധാന്തികര്‍ വേദങ്ങളും പ്രവാചകന്മാരും പഠിപ്പിക്കുന്ന ഈ അടിസ്ഥാന തത്ത്വങ്ങള്‍- ആദിമവിശുദ്ധി- കാര്യമായി കണക്കിലെടുക്കുന്നില്ല. വേദത്തില്‍ മുസ്തഫ മൗലവി കണ്ടെത്തുന്ന അടിസ്ഥാന മൂല്യങ്ങളും സനാതന തത്ത്വങ്ങളും ഇവയാണ്: 'നീതി, സത്യം, ധര്‍മം, സ്‌നേഹം, സാഹോദര്യം, ഏകത, ദയ, കരുണ, തുല്യത അന്‍പ്, പാരസ്പര്യം തുടങ്ങിയ മൂല്യങ്ങള്‍ എന്നും എവിടെയും വിലപ്പെട്ടതുതന്നെ. വേദങ്ങള്‍ പ്രതിപാദിക്കുന്നത് അക്കാര്യങ്ങളാകയാല്‍ അതിലൊന്നും പരിഷ്‌കരണം ആവശ്യമായി വരുന്നില്ല' (പേജ്: 25). ഇപ്പറഞ്ഞ കാര്യങ്ങള്‍ മഹത്തായ മാനുഷിക മൂല്യങ്ങള്‍ തന്നെയാണ്. വേദങ്ങള്‍ അവ അനുശാസിക്കുന്നു എന്നതിലും തര്‍ക്കമില്ല. മോക്ഷ സൈദ്ധാന്തികന്‍ ഇവിടെ മനഃപൂര്‍വമോ അല്ലാതെയോ സുപ്രധാനമായ രണ്ടു കാര്യങ്ങള്‍ തമസ്‌കരിക്കുകയാണ്: 1) വേദത്തിന്റെ ആദിമ വിശുദ്ധ മൂല്യങ്ങളായി മുകളിലുദ്ധരിച്ച മാനവികാശയങ്ങളൊക്കെയും വേദങ്ങള്‍ മാത്രം അനുശാസിക്കുന്നതല്ല. വേദങ്ങളെയും ദൈവത്തെയും നിഷേധിക്കുന്ന കേവല ഭൗതിക ദര്‍ശനങ്ങളും അവയൊക്കെ അനുശാസിക്കുന്നുണ്ട്. അനീതിയും അസമത്വവും സംഘര്‍ഷവും വിദ്വേഷവും സ്ഥാപിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഏതുനാസ്തിക-നിര്‍മത പ്രസ്ഥാനമാണുള്ളത്? മുസ്തഫ മൗലവി സിദ്ധാന്തിക്കുന്നു: 'എല്ലാ വേദങ്ങളും സത്യവും നിത്യപ്രസക്തങ്ങളുമാണ്. ഒരു വേദവും കാലഹരണപ്പെട്ടിട്ടില്ല. അവയെല്ലാം ദൈവ വചനങ്ങള്‍ തന്നെ. ഏതു വേദത്തെ പിന്‍പറ്റിയാലും മോക്ഷമുണ്ട്.' അപ്പോള്‍ ഒരു സംശയം: ഉപരിസൂചിത മാനവികാശയങ്ങള്‍ മാത്രമാണ് വേദപ്രോക്ത നിത്യസത്യ ദൈവവചനങ്ങളും മോക്ഷ കവാടത്തിന്റെ താക്കോലുമെങ്കില്‍ ഇതേ ആശയങ്ങള്‍ അംഗീകരിക്കുന്ന നിര്‍മത-നിരീശ്വര ദര്‍ശനങ്ങളുടെ വക്താക്കള്‍ക്കും മോക്ഷം ലഭിക്കേണ്ടതല്ലേ? മൗലവി പരാമര്‍ശിച്ചതും പരാമര്‍ശിക്കാത്തതുമായ എല്ലാ മാനവിക മൂല്യങ്ങളെയും പ്രമാണമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഐക്യ രാഷ്ട്രസഭ. എല്ലാ ലോക രാഷ്ട്രങ്ങളും അതില്‍ അംഗങ്ങളാണ്. അപ്പോള്‍ 20-ാം നൂറ്റാണ്ട് മുതല്‍ മുഴുലോകവും സ്വര്‍ഗം പൂകുമെന്നു സന്തോഷിക്കാം. പക്ഷേ, മറ്റൊരിടത്ത് മൗലവി തന്നെ പറയുന്നു; മോക്ഷപ്രാപ്തിക്ക് ദൈവവിശ്വാസവും പരലോക വിശ്വാസവും അനിവാര്യമാണെന്ന്. അതിനെന്തു ന്യായമെന്ന് വിശദീകരിക്കുന്നില്ല. എങ്കിലും അതില്‍നിന്ന് ഒരു കാര്യം വ്യക്തമായി. മുകളില്‍ പറഞ്ഞ മാനവികാശയങ്ങള്‍ക്കുപരി തൗഹീദിലും ആഖിറത്തിലുമുള്ള വിശ്വാസമാണ് മോക്ഷത്തിനടിസ്ഥാനമായ വേദത്തിന്റെ ആദിമവിശുദ്ധി. ഈ 'ആദിമവിശുദ്ധി' മാറ്റിവച്ച് തല്‍സ്ഥാനത്ത് മറ്റെന്ത് സ്ഥാപിച്ചാലും വേദവും വേദവ്യവസ്ഥയും വികൃതമാകും.
വൈദിക മതവിഭാഗങ്ങളുടെ ധര്‍മസാക്ഷാത്കാരം സാക്ഷ്യപ്പെടുത്തുമ്പോള്‍ തൗഹീദിനോടുള്ള അവരുടെ സമീപനം പ്രഥമമായി സഗൗരവം പരിഗണിക്കേണ്ടതുണ്ട്. അവരുടെ വേദത്തിന്റെ അവതരണ കാലത്ത് അതില്‍ ഏകദൈവത്വം ഉണ്ടായിരുന്നു എന്നത് ഇന്ന് അനുവര്‍ത്തിക്കപ്പെടുന്ന ബഹുദൈവത്വം അവഗണിക്കപ്പെടാന്‍ ന്യായമാകുന്നില്ല. വിശുദ്ധ ഖുര്‍ആന്‍ ഏകദൈവത്വം ഉച്ചൈസ്തരം ഉദ്‌ഘോഷിക്കുന്നതിനാല്‍ ചില മുസ്‌ലിംകള്‍ നടത്തുന്ന ബഹുദൈവവിശ്വാസപരമായ ആചാരങ്ങള്‍ ബഹുദൈവത്വാചാരമല്ലാതാകുന്നില്ല.
മൗലവി വേദത്തിന്റെ മൗലിക സിദ്ധാന്തങ്ങളായി അവതരിപ്പിക്കുന്ന കാര്യങ്ങള്‍ വാസ്തവത്തില്‍ മനുഷ്യന്റെ നൈസര്‍ഗിക ബോധ്യങ്ങളാണ്. അസത്യത്തേക്കാള്‍ നല്ലത് സത്യമാണ്, അധര്‍മത്തേക്കാള്‍ കരണീയം ധര്‍മമാണ്, വെറുപ്പിനേക്കാള്‍ വിശിഷ്ടം സ്‌നേഹമാണ് എന്നൊക്കെ അറിയാത്തവര്‍, അംഗീകരിക്കാത്തവര്‍ ആരാണുള്ളത്? പക്ഷേ, അഭിനിവേശങ്ങളും ആസക്തികളും- അഹ്‌വാഉം ശഹവാത്തും- പലപ്പോഴും അവന്റെ മുമ്പില്‍ സത്യാസത്യങ്ങളെയും ധര്‍മാധര്‍മങ്ങളെയും കൂട്ടിക്കുഴച്ച് അവ്യക്തമാക്കുന്നു. ആസക്തികള്‍ക്കിണങ്ങുന്നതിനെയെല്ലാം അവന്‍ സത്യമായി കരുതുന്നു. ഈ ദുരന്തമൊഴിവാക്കാന്‍ അല്ലാഹു മനുഷ്യനു നല്‍കിയ സത്യാസത്യ വിവേചകം -ഫുര്‍ഖാന്‍- ആകുന്നു വേദം. ഈ ഉരകല്ലിന്റെ മുഖ്യഘടകം അല്ലാഹുവും ആഖിറത്തുമാകുന്നു. സത്യാസത്യങ്ങളുടെ വിവേചകമായി അല്ലാഹു തന്റെ മഹത്വത്തെയും ഏകത്വത്തെയും സൃഷ്ടികള്‍ക്ക് തന്നോടുള്ള ഉത്തരവാദിത്തത്തെയും അവതരിപ്പിച്ചിരിക്കുന്നു. അല്ലാഹുവും ആഖിറത്തും വേരും തടിയുമാണെങ്കില്‍ ആ മരത്തില്‍ വിളയുന്ന ഇലയും പൂവും കായുമൊക്കെയാണ് മഹത്തായ മാനവിക മൂല്യങ്ങള്‍. വേരും തടിയും തിരസ്‌കരിച്ച് ഇലയും പൂവും മാത്രം ശുശ്രൂഷിക്കപ്പെട്ടാല്‍ രണ്ടും ക്ഷയിക്കുകയായിരിക്കും ഫലം. അതുപോലെയാണ് തൗഹീദും ആഖിറത്തും അവഗണിച്ച് മാനവിക മൂല്യങ്ങള്‍ മാത്രം പ്രബോധനം ചെയ്യുന്നത്.

മോക്ഷത്തിന്റെ 
താക്കോല്‍ സൂക്തങ്ങള്‍
എല്ലാ വൈദിക മതവിഭാഗങ്ങള്‍ക്കും മോക്ഷ കവാടം തുറന്നുകൊടുക്കാനുള്ള താക്കോലായി മോക്ഷസിദ്ധാന്തക്കാരന്‍ മൂന്നു ഖുര്‍ആന്‍ സൂക്തങ്ങള്‍ മുന്നോട്ടു വെച്ചിരിക്കുന്നു. അതില്‍ ഒന്നിന്റെ പദാനുപദ വിവര്‍ത്തനം: ''സത്യവിശ്വാസികളായവരും യഹൂദരായവരും നസ്രായരും സാബികളും (ഏതു വിഭാഗത്തില്‍നിന്ന് വരുന്നവരായാലും) യാതൊരുത്തര്‍ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ ആചരിക്കുകയും ചെയ്തുവോ അവര്‍ക്ക് അവരുടെ നാഥങ്കല്‍ അവരുടെ പ്രതിഫലമുണ്ട്. അവരുടെ മേല്‍ ഭയമില്ല. അവര്‍ ദുഃഖിക്കുന്നവരുമല്ല'' (2:62). രണ്ടാമത്തെ സൂക്തം 5:69 ആണ്. ഇത് 2:62-ന്റെ ആവര്‍ത്തനമാണ്. അതില്‍ പ്രതിഫല പരാമര്‍ശം ഇല്ലെന്നു മാത്രം. മൂസാ നബിയെ ധിക്കരിക്കുകയും അല്ലാഹു അരുളിയ വിശിഷ്ട വിഭവങ്ങള്‍ക്കു പകരം അധമമായ ഭൗമവിഭവങ്ങള്‍ തേടുകയും പിന്നെ ദൈവിക സൂക്തങ്ങള്‍ നിഷേധിക്കുകയും (കാനൂ യക്ഫുറൂന ബി ആയാത്തില്ലാഹി) പ്രവാചകന്മാരെ വധിക്കുകയുമൊക്കെ ചെയ്ത യഹൂദരെ അവരുടെ കുറ്റങ്ങള്‍ എണ്ണിപ്പറഞ്ഞ് വിമര്‍ശിക്കുന്ന പശ്ചാത്തലത്തിലാണ് 2:62 വരുന്നത്. 5:69-ഉം വരുന്നത് യഹൂദരെ വിമര്‍ശിക്കുന്നതിനിടയില്‍ തന്നെ. അതോടൊപ്പം തുടര്‍ന്നുള്ള സൂക്തങ്ങളില്‍ 'ഈസാ മസീഹ് തന്നെയാണ് ദൈവമെന്ന് വാദിച്ചവരും കാഫിറുകളായിരിക്കുന്നു' (ലഖദ് കഫറല്ലദീന ഖാലൂ ഇന്നല്ലാഹ ഹുവല്‍ മസീഹുബ്‌നു മര്‍യം) എന്നും 'അല്ലാഹു മൂവരില്‍ ഒരുവനാണെന്നു വാദിച്ചവര്‍ കാഫിറുകളായിരിക്കുന്നു' (ലഖദ് കഫറല്ലദീന ഖാലൂ ഇന്നല്ലാഹ സാലിസു സലാസതിന്‍) എന്നും ക്രൈസ്തവരെയും വിമര്‍ശിക്കുന്നുണ്ട്. ഈ സൂക്തങ്ങള്‍ അവയുടെ സന്ദര്‍ഭത്തില്‍ വെച്ചു വായിച്ചാല്‍, സാമാന്യബുദ്ധിക്ക് മനസ്സിലാകുന്ന ആശയം ഇതാണ്: യഹൂദരും നസ്രായരും സാബികളുമെല്ലാം അവരുടെ സത്യനിഷേധ(കുഫ്‌റ്)വും തജ്ജന്യമായ അധര്‍മങ്ങളും വര്‍ജിച്ച് ഇസ്‌ലാമിലേക്കു വന്ന് അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും ചെയ്യുകയാണെങ്കില്‍ അവര്‍ പരലോക ശാന്തിക്കും സ്വര്‍ഗത്തിനും അര്‍ഹരാകുന്നു. പക്ഷേ, മൗലവി അതിനെ മനസ്സിലാക്കുന്നത് യഹൂദര്‍ക്കും ക്രൈസ്തവര്‍ക്കും സാബികള്‍ക്കും അവരുടെ വേദത്തിലും വിശ്വാസത്തിലും തുടര്‍ന്നുകൊണ്ടുതന്നെ സത്യവിശ്വാസികളും സച്ചരിതരുമായി മോക്ഷം പ്രാപിക്കുമെന്നാണ്. ഈ ലോജിക്ക് പ്രകാരം ഭിഷഗ്വരന്‍ കുഷ്ഠരോഗിയോടോ പാണ്ഡുരോഗിയോടോ എന്റെ ഔഷധം കഴിച്ചാല്‍ നിങ്ങള്‍ ആരോഗ്യവാനും സുന്ദരനുമാകും എന്നു പറഞ്ഞാല്‍ അര്‍ഥം പാണ്ഡുരോഗിയും കുഷ്ഠരോഗിയും ആയി തുടര്‍ന്നുകൊണ്ടുതന്നെ അവര്‍ അരോഗദൃഢ ഗാത്രരും സുന്ദരന്മാരുമായിത്തീരും എന്നാകുന്നു. പരസ്പരവിരുദ്ധമായ രണ്ടു വേദങ്ങളിലും വിശ്വാസസംഹിതകളിലും ഒരേസമയം വിശ്വസിക്കുക മനുഷ്യസാധ്യമാണോ എന്നൊരു ചോദ്യവുമുണ്ട്. വേണമെങ്കില്‍ വാദിക്കാം; ഈ മൂന്നു കൂട്ടരുടെയും വേദങ്ങളും വിശുദ്ധ ഖുര്‍ആനും അനുശാസിക്കുന്ന സമാനവിശ്വാസങ്ങളും ധര്‍മങ്ങളും സ്വീകരിക്കണമെന്നാണ് ആഹ്വാനം ചെയ്യുന്നതെന്ന്. ഒരു വേദത്തിലും പൂര്‍ണമായി വിശ്വസിക്കേണ്ടതില്ല എന്നല്ലേ അതിനര്‍ഥം? വേദത്തിന്റെ ചില ഭാഗം വിശ്വസിക്കുകയും ചില ഭാഗം നിഷേധിക്കുകയും ചെയ്യുന്നതും കുഫ്‌റ് അല്ലേ? 'അഫ തുഅ്മിനൂന ബിബഅ്‌ളില്‍ കിതാബി വ തക്ഫുറൂന ബിബഅ്‌ള്' (2:85). ഉദാഹരണമായി മുഹമ്മദീയ പ്രവാചകത്വം തൗറാത്തും ഇഞ്ചീലും പ്രവചിച്ചിട്ടുള്ളതാണ്. ആ പ്രവചനങ്ങള്‍ അന്നത്തെ യഹൂദര്‍ക്കും ക്രൈസ്തവര്‍ക്കും നന്നായറിയാമായിരുന്നു. മുസ്‌ലിം പണ്ഡിതന്മാര്‍ അതു ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ''തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെട്ടുകാണുന്ന നിരക്ഷരനായ പ്രവാചകനെ പിന്തുടരുന്നവരാരോ........ അദ്ദേഹത്തെ വിശ്വസിക്കുകയും പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതീര്‍ണമായ വെളിച്ചത്തെ പിന്തുടരുകയും ചെയ്യുന്നവര്‍ മാത്രമാകുന്നു വിജയം വരിക്കുന്നവര്‍'' (7:157). അന്ത്യപ്രവാചകനില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തിന് അവതീര്‍ണമായ വെളിച്ചം- ഖുര്‍ആന്‍- പിന്തുടരുകയും ചെയ്തവര്‍ മാത്രമാണ് മോക്ഷമര്‍ഹിക്കുന്നവര്‍ എന്നല്ലേ ഈ വചനത്തിന്റെ താല്‍പര്യം? പ്രവാചകന്റെ കാലത്തോ ഇക്കാലത്തോ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ ആചരിക്കുകയും ഖുര്‍ആനിനെ പിന്തുടരുകയും ചെയ്തുകൊണ്ട് ജൂത-ക്രൈസ്തവ-സാബി മതങ്ങളില്‍ തുടരുന്ന വല്ലവരുമുണ്ടോ? ആര്‍ക്കെങ്കിലും അതു സാധ്യമാകുമോ?
ഈ സൂക്തങ്ങളിലെ സാബി പരാമര്‍ശം ചിന്തനീയമാകുന്നു. വേദമില്ലാത്ത സാബികള്‍ക്ക് സാബികളായിക്കൊണ്ടു തന്നെ മോക്ഷം സിദ്ധിക്കുമെന്നാണ് ഖുര്‍ആന്‍ പറഞ്ഞതെന്നു വന്നാല്‍ വേദത്തിലും ദൈവത്തിലും പരലോകത്തിലും വിശ്വസിച്ചവര്‍ക്കേ മോക്ഷമുള്ളൂ എന്ന സിദ്ധാന്തം പൊളിയും. അതിനാല്‍ സാബികള്‍ക്ക് ഒരു വേദമുണ്ടായേ തീരൂ. അല്ലെങ്കില്‍ സാബികള്‍ ഇസ്‌ലാം സ്വീകരിക്കുന്നതിനെക്കുറിച്ചാണ് ഖുര്‍ആന്‍ പറയുന്നതെന്ന സത്യം സമ്മതിക്കേണ്ടിവരും. സാബികളെ വേദക്കാരും ദൈവവിശ്വാസികളും പരലോക വിശ്വാസികളുമാക്കാന്‍ ഉദ്ധരണികളുടെ ഒരു ചാക്കു തന്നെ ഗവേഷകന്‍ ചൊരിയുന്നുണ്ട്. ഒരു ഉദ്ധരണിയും സാബികളുടെ വേദവിശ്വാസവും പരലോക വിശ്വാസവും ഉറപ്പിച്ചു പറയുന്നില്ല. ഒടുവില്‍ സാബികള്‍ക്ക് പ്രാക്തന കാലത്ത് വേദം ഉണ്ടായിരിക്കാം എന്ന നിഗമനത്തില്‍ അഭയം തേടിയിരിക്കുന്നു. എന്നിട്ട് ഖുര്‍ആന്‍ പേരു പറയാത്ത ഹൈന്ദവാദി ഇതര വേദക്കാരെയും അവരോട് കോര്‍ത്തിരിക്കുന്നു. എങ്ങനെയൊക്കെ മായ്ച്ചാലും ഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത് സാബികളുടെ കൈവശം വേദം ഉണ്ടായിരുന്നില്ല എന്ന സത്യം മായാതെ കിടക്കുന്നു.
മോക്ഷ കവാടത്തിന്റെ മൂന്നാമത്തെ താക്കോല്‍ ഈ വചനമാണ്: ''മനുഷ്യമക്കളേ, എന്റെ സൂക്തങ്ങള്‍ പറഞ്ഞുതന്നുകൊണ്ട് നിങ്ങളില്‍നിന്നുള്ള ദൈവദൂതന്മാര്‍ നിങ്ങളില്‍ വന്നാല്‍ അപ്പോള്‍ ദൈഭവക്തരാവുകയും കര്‍മം സംസ്‌കരിക്കുകയും ചെയ്യുന്നതാരാണോ അവരുടെ മേല്‍ ഭയമില്ല, അവര്‍ ദുഃഖിക്കുന്നവരുമല്ല'' (7:35). ഇത് പൂര്‍വവേദക്കാര്‍ക്കുള്ള മോക്ഷവാഗ്ദാനമല്ല. പ്രവാചകന്മാരില്‍ വിശ്വസിക്കുന്ന എല്ലാ മനുഷ്യര്‍ക്കുമുള്ള വാഗ്ദാനമാണ്. അതിന് ദൈവദൂതന്മാര്‍ ഓതിത്തരുന്ന ദൈവിക വചനങ്ങള്‍ സ്വീകരിക്കണം. അതനുസരിച്ച് അല്ലാഹുവിനോട് ഭയഭക്തിയുള്ളവര്‍- അവന്റെ വിധിവിലക്കുകള്‍ ജാഗ്രതയോടെ പാലിക്കുന്നവരും സല്‍ക്കര്‍മങ്ങള്‍ ചെയ്യുന്നവരും - ആകണം. തൊട്ടടുത്ത സൂക്തത്തില്‍ ഇതിനു വിപരീതമായി പ്രവര്‍ത്തിച്ച് നരകാവകാശികളാകുന്നവരെയും പരാമര്‍ശിക്കുന്നുണ്ട്. അതും പൂര്‍വവേദക്കാര്‍ക്കു മാത്രം ബാധകമായതല്ല. ''നമ്മുടെ സൂക്തങ്ങളെ തള്ളിക്കളയുകയും. അതിനോട് അഹങ്കാരം കൈക്കൊള്ളുകയും ചെയ്തവരുണ്ടല്ലോ, അക്കൂട്ടര്‍ നരകാവകാശികള്‍ തന്നെയാകുന്നു. അവരതില്‍ നിത്യവാസികളുമാകുന്നു'' (7:36). ഇതോടൊപ്പം നേരത്തേ ഉദ്ധരിച്ചിട്ടുള്ള 'ശേഷം വരുന്ന പ്രവാചകനെ വിശ്വസിക്കുകയും സഹായിക്കുകയും ചെയ്തുകൊള്ളാമെന്ന് ഓരോ പ്രവാചകനെയും അല്ലാഹു പ്രതിജ്ഞ ചെയ്യിച്ചിട്ടുണ്ട്' എന്നു പറയുന്ന 3:81 സൂക്തവും കൂടി ഓര്‍ക്കുക. ഇതൊക്കെ മുന്നില്‍ വെച്ചുകൊണ്ട് ബുദ്ധിപരമായ സത്യസന്ധതയുള്ള ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ, മുഹമ്മദ് നബിയെ വ്യാജപ്രവാചകനായും വിശുദ്ധ ഖുര്‍ആനിനെ ആ വ്യാജന്റെ കപോലകല്‍പിതങ്ങളായും തള്ളിക്കളയുന്ന ഏതു കൂട്ടരും അവരുടെ കൈവശം ഒരു വേദപുസ്തകമുണ്ടെങ്കില്‍ സ്വര്‍ഗസ്ഥരാകുമെന്നാണ് 7:35 സൂക്തം പ്രസ്താവിക്കുന്നതെന്ന്?
തന്റെ മോക്ഷ സിദ്ധാന്തം സ്ഥാപിക്കാന്‍ മൗലവി അവതരിപ്പിക്കുന്ന മറ്റൊരു പ്രമാണം ഖുര്‍ആനിലെ 3:113-115 സൂക്തങ്ങളാണ്. അതിന്റെ തര്‍ജമ: ''അവര്‍ തുല്യരല്ല. വേദക്കാരില്‍നിന്നുള്ള ഒരു സമൂഹം സന്മാര്‍ഗത്തില്‍ നിലകൊള്ളുന്നുണ്ട്. അവര്‍ നിശാവേളകളില്‍ സുജൂദ് ചെയ്തുകൊണ്ട് ദൈവിക സൂക്തങ്ങള്‍ പാരായണം ചെയ്യുന്നു. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നു. നന്മ കല്‍പിക്കുന്നു. തിന്മ വിലക്കുന്നു. സല്‍കാര്യങ്ങളില്‍ ഉത്സുകരാകുന്നു. അവര്‍ സജ്ജന ഗണത്തില്‍ പെട്ടവരുമാകുന്നു. അവര്‍ ചെയ്യുന്ന ഒരു നന്മയുടെയും ഫലം നിഷേധിക്കപ്പെടുന്നതല്ല. മുത്തഖികളെ അല്ലാഹു നന്നായറിയുന്നുവല്ലോ.'' നേരത്തേ ഉദ്ധരിച്ച 2:62, 5:69 സൂക്തങ്ങളുടെ മറ്റൊരു ഭാഷ്യം മാത്രമാണീ സൂക്തം. അവയെപ്പോലെ ഇതും വരുന്നത് വേദക്കാരുടെ ദുഷ്‌ചെയ്തികളെ വിമര്‍ശിക്കുന്ന പശ്ചാത്തലത്തിലാണ്. അതിന്റെ ആമുഖമായി വന്ന 3:110 സൂക്തം കൂടി വായിക്കുന്നവര്‍ക്ക് അര്‍ഥനിര്‍ണയത്തില്‍ ഒരു സന്ദേഹത്തിനും പഴുതില്ല. അതിങ്ങനെ: ''മാനവമാര്‍ഗദര്‍ശനാര്‍ഥം പുറപ്പെടുവിക്കപ്പെട്ട വിശിഷ്ട സമൂഹമാകുന്നു നിങ്ങള്‍ (മുസ്‌ലിംകള്‍). നിങ്ങള്‍ നന്മ കല്‍പിക്കുന്നു. തിന്മ വിരോധിക്കുന്നു. അല്ലാഹുവില്‍ വിശ്വസിക്കുന്നു. വേദക്കാരും സത്യവിശ്വാസം കൈക്കൊണ്ടിരുന്നുവെങ്കില്‍ അവര്‍ക്കു ഗുണകരമായിരുന്നു. അവരില്‍ ചില 'മുഅ്മിനുകള്‍' ഉണ്ട്. അവരിലധികമാളുകളും സത്യധര്‍മങ്ങളില്‍നിന്ന് തെറിച്ചുപോയവരാകുന്നു'' (3:110). ഇവിടെ 'ചില മുഅ്മിനുകള്‍' ഉണ്ട് എന്ന വാക്യം പ്രത്യേകം ശ്രദ്ധേയമാകുന്നു. മുസ്‌ലിംകളുടെ ഗുണങ്ങള്‍ ഖുര്‍ആന്‍ പറയുന്നത് മുഅ്മിനുകള്‍ എന്ന വിലാസത്തില്‍ തന്നെ ആയിരിക്കുമെന്ന് 'തഫ്‌സീറുല്‍ മനാറി'നെ മൗലവി തന്നെ അന്യത്ര ഉദ്ധരിക്കുന്നുണ്ട്. തുടര്‍ന്നുള്ള 111-112 സൂക്തങ്ങള്‍ വേദക്കാരുടെ ദുഷ്‌ചെയ്തികളെ വിമര്‍ശിക്കുകയാണ്. അനന്തരം അക്കൂട്ടത്തില്‍ 'മുഅ്മിനുകള്‍' ആയിട്ടുള്ള തുഛമാളുകളുടെ ഗുണഗണങ്ങള്‍ വര്‍ണിക്കുകയാണ് 113-115 സൂക്തങ്ങള്‍. വേദക്കാര്‍ അവരവരുടെ വൈദിക മതങ്ങളില്‍ തുടര്‍ന്നുകൊണ്ട് മുഹമ്മദീയ പ്രവാചകത്വത്തിലും ഖുര്‍ആനിന്റെ ദൈവികതയിലും വിശ്വസിക്കുകയില്ല, വിശ്വസിക്കുക സാധ്യവുമല്ല. ഇനി സാധ്യമാണെങ്കില്‍ തന്നെ അങ്ങനെ ഒരു വൈദിക മതവിഭാഗം സംഭവ ലോകത്തെങ്ങും ഇല്ലതാനും.
നിശാവേളകളില്‍ സുജൂദ് ചെയ്തുകൊണ്ടുള്ള വേദപാരായണ പരാമര്‍ശവും സൂക്തം സംസാരിക്കുന്നത് മുസ്‌ലിംകളെ കുറിച്ചാണെന്ന് സൂചിപ്പിക്കുന്നു. മറ്റു വൈദിക മതങ്ങളില്‍ നിശാ നമസ്‌കാര സമ്പ്രദായമുണ്ടായിരുന്നതായി ആരും പറയുന്നില്ല. കൂടാതെ നിശാ നമസ്‌കാരം മുസ്‌ലിംകള്‍ക്കു മാത്രം നിശ്ചയിക്കപ്പെട്ടതാണെന്ന് പ്രവാചകന്‍ പ്രസ്താവിച്ചതായി ചില ഹദീസുകളും ഉദ്ധരിക്കപ്പെട്ടിരിക്കുന്നു.
സ്വന്തം വ്യാഖ്യാനം സാധൂകരിക്കാന്‍ മൗലവി അത് പ്രവാചകശിഷ്യനും പിതൃവ്യപുത്രനും ഇമാമുല്‍ മുഫസ്സിരീനും ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ ആചാര്യനുമായ ഇബ്‌നു അബ്ബാസി(റ)ന്റെ വായില്‍ തിരുകുന്നുണ്ട്. ഇബ്‌നു അബ്ബാസ് പ്രസ്താവിച്ചുവെന്ന് ത്വബരി ഉദ്ധരിക്കുന്നതായി മൗലവി എഴുതുന്നു: 'വേദക്കാരില്‍ സന്മാര്‍ഗചാരികളായ ഒരു വിഭാഗമുണ്ട്. വൈദിക നിയമങ്ങള്‍ പാലിക്കുന്നവര്‍ വേദനിര്‍ദേശങ്ങളെ അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ഇല്ല.' ഇസ്‌ലാമില്‍ ചേരാതെ മറ്റു വൈദിക മതക്കാരായി തുടര്‍ന്നുകൊണ്ടു തന്നെ മോക്ഷാര്‍ഹരായ സന്മാര്‍ഗചാരികളായി വര്‍ത്തിക്കുന്ന വേദക്കാരെക്കുറിച്ചാണ് ഇബ്‌നു അബ്ബാസ് പറയുന്നതെന്നാണ് മൗലവി അര്‍ഥമാക്കുന്നത്. തുടര്‍ന്ന് ത്വബരി പറയുന്നതായി ഉദ്ധരിക്കുന്നു: 'ഇബ്‌നു അബ്ബാസ് പറഞ്ഞതാണ് വചന താല്‍പര്യത്തോട് ചേര്‍ന്നുനില്‍ക്കുന്നത്..... വചനത്തിന്റെ വ്യാഖ്യാനം ഇങ്ങനെയാണ്; വേദത്തെ മുറുകെ പിടിക്കുന്ന ഒരു സംഘം വേദക്കാരിലുണ്ട്. അവര്‍ക്ക് അവരുടെ പ്രവാചകന്‍ കാണിച്ചുകൊടുത്ത ജീവിത ചര്യയുടെ അടിസ്ഥാനത്തിലുള്ള കര്‍മങ്ങള്‍ ചെയ്തു ജീവിക്കുന്നവരാണവര്‍.' എന്നാല്‍ ഇമാം ത്വബരി, ഇബ്‌നു അബ്ബാസിനെ യഥാര്‍ഥത്തില്‍ ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്: 'ഇബ്‌നു അബ്ബാസ് പ്രസ്താവിച്ചതായി ഉദ്ധരിക്കപ്പെടുന്നു: അബ്ദുല്ലാഹിബ്‌നു സലാം, സഅ്‌ലബ്, ഉസൈദ്, അസദ് എന്നിവരും യഹൂദരില്‍നിന്ന് മുസ്‌ലിംകളായ മറ്റുള്ളവരും ഇസ്‌ലാം സ്വീകരിക്കുകയും അതില്‍ സത്യസന്ധമായി ആമഗ്നരാവുകയും ചെയ്തപ്പോള്‍ യഹൂദ പണ്ഡിതന്മാരും കാഫിറുകളും ഘോഷിച്ചു; നമ്മുടെ കൂട്ടത്തിലെ ദുഷ്ടന്മാര്‍ മാത്രമാണ് മുഹമ്മദില്‍ വിശ്വസിച്ചിട്ടുള്ളത്. അവര്‍ നമ്മുടെ കൂട്ടത്തിലെ സജ്ജനങ്ങളായിരുന്നുവെങ്കില്‍ ഒരിക്കലും പൂര്‍വപിതാക്കളുടെ മതം വെടിഞ്ഞ് മറ്റൊരു മതത്തിലേക്ക് പോകുമായിരുന്നില്ല. ഈ സന്ദര്‍ഭത്തില്‍ അല്ലാഹു അതേപ്പറ്റി അവതരിപ്പിച്ചതാകുന്നു ലൈസൂ സവാഅന്‍.... എന്ന സൂക്തം.'
ഇബ്‌നു അബ്ബാസ് പറഞ്ഞത് എന്താണെന്നും അത് മൗലവി ഉദ്ധരിച്ചപ്പോള്‍ എന്തായി എന്നും വിശദീകരിക്കേണ്ടതില്ലല്ലോ. മൗലവിയുടെ മറ്റ് ഉദ്ധരണികള്‍ പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല. പരിശോധിച്ചു ചെന്നാല്‍ അവയുടെയും യാഥാര്‍ഥ്യം ഇതുതന്നെയായിരിക്കുമോ? 
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍- 71-75
ടി.കെ ഉബൈദ്‌

ഹദീസ്‌

അനാഥരുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌