Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 10

3230

1443 ജമാദുല്‍ അവ്വല്‍ 05

ഭക്ഷണമല്ല, ഫാഷിസമാണ്‌

സദ്‌റുദ്ദീന്‍ വാഴക്കാട്

സ്വാതന്ത്ര്യത്തിന്റെ അന്ത്യവും മനുഷ്യത്വത്തിന്റെ മരണവുമാണ് ഫാഷിസം. മനുഷ്യജീവിതത്തിന്റെ താളാത്മകമായ ഒഴുക്കിനെ നിശ്ചലമാക്കുന്ന പൈശാചികമായ അധിനിവേശമാണ് അതിന്റെ പ്രയോഗരൂപം. ഫാഷിസം ആരംഭിക്കുന്നിടത്ത് ജനാധിപത്യം അവസാനിക്കുന്നു. അവകാശങ്ങളെക്കുറിച്ച ചോദ്യങ്ങളും വര്‍ത്തമാനങ്ങളും അപ്രസക്തമാകുന്നു. ജനാധിപത്യത്തിന്റെ സൗന്ദര്യങ്ങളിലൊന്നായ ബഹുസ്വരതയെ തച്ചുടച്ചാണ് ഫാഷിസം തഴച്ചു വളരുന്നത്. എല്ലാതരം വൈവിധ്യതകളും തുടച്ചു നീക്കി, ഫാഷിസം ഏകശിലാത്മകതയെ പ്രതിഷ്ഠിക്കുന്നു. അഭിരുചികളുടെയും ആവിഷ്‌കാരങ്ങളുടെയും മഴവില്‍ സൗന്ദര്യങ്ങളെ റദ്ദ് ചെയ്ത്, ഒരേ നിറവും മണവും ഭാഷയും വേഷവും സ്വേഛാധികാരം വാഴുന്നു. മനുഷ്യന്റെ ദൈവ സൃഷ്ടമായ രുചി മുകുളങ്ങളെപ്പോലും ഫാഷിസം ഉന്മൂലനം ചെയ്യുന്നുവെന്നാണ്, അടുക്കളയിലും ഭക്ഷണത്തിലും വരെ നടത്തുന്ന കടന്നുകയറ്റം തെളിയിക്കുന്നത്. 

ഭക്ഷണത്തിന്റെ രാഷ്ട്രീയം
വിശപ്പ് ശമിപ്പിക്കാന്‍ ആമാശയത്തില്‍ നിറക്കുന്ന കേവല പദാര്‍ത്ഥല്ല ഭക്ഷണം. അതിനുമപ്പുറം സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും ആത്മീയവുമായ തലങ്ങള്‍ ഭക്ഷണത്തിനുണ്ട്. ആഹാരം അധികാരത്തിന്റെ അടയാളമായി ഉപയോഗിക്കപ്പെട്ടതിന് മനുഷ്യ ചരിത്രത്തോളം പഴക്കമുള്ളതായി കാണാം. ദൈവവിശ്വാസത്തിന്റെ ദാര്‍ഢ്യവും വിശുദ്ധിയും പരീക്ഷിക്കാന്‍ ആദം-ഹവ്വ ദമ്പതികള്‍ക്കു മുന്നില്‍ ആദ്യം ഉപയോഗിക്കപ്പെട്ടത് ഒരു ഫലവൃക്ഷമായിരുന്നു. പിശാചിന്റെ പ്രലോഭനങ്ങള്‍ക്ക് വഴിപ്പെട്ട് ആ മരത്തിലെ കായ ഭക്ഷിക്കാതിരിക്കുക എന്നതായിരുന്നു ദൈവിക ശാസന. ഇത് പാലിക്കാന്‍ പക്ഷേ, ആദി മനുഷ്യന് സാധിച്ചില്ല. പിശാചിന്റെ കെണിയില്‍ അവര്‍ വീണുപോയി, പിന്നീട് പശ്ചാത്തപിച്ചെങ്കിലും. 
ഇബ്‌ലീസ് എന്ന് വിളിപ്പേരുള്ള സാത്താന്‍ ലോകത്തിലെ ആദ്യത്തെ വംശീയവാദിയാണ്. സ്വന്തം കുല-ജാതിയിലുള്ള അഹംഭാവവും അപര വര്‍ണങ്ങളോടുള്ള വെറുപ്പുമാണല്ലോ വംശീയതയുടെ അടിസ്ഥാനം. ഫാഷിസത്തിന്റെ പ്രത്യയശാസ്ത്രവും ഇതുതന്നെ. ജന്മം കൊണ്ടുതന്നെ താന്‍ കേമനാണെന്നും മനുഷ്യന്‍ നീചനാണെന്നുമുള്ള ഇബ്‌ലീസിന്റെ അഹന്ത ദൈവസന്നിധിയില്‍ തന്നെയാണ് പ്രഖ്യാപിച്ചത്. ഈ വംശമഹിമാ സിദ്ധാന്തമാണ് ലോകത്ത് എല്ലാ ഫാഷിസ്റ്റുകളുടെയും ആധാര വാക്യം. ജന്മംകൊണ്ട് ചിലര്‍ മേലാളരും മറ്റു ചിലര്‍ കീഴാളരുമാകുമെന്ന ജാതിവാദങ്ങളുടെ വെളിച്ചത്തില്‍ ഈ വചനം വായിക്കുക; അവന്‍ ചോദിച്ചു: 'ഞാന്‍ നിന്നോട് ആജ്ഞാപിച്ചപ്പോള്‍ പ്രണാമം ചെയ്യുന്നതില്‍നിന്ന് നിന്നെ തടഞ്ഞതെന്ത്?' ഇബ്‌ലീസ് പറഞ്ഞു: 'ഞാന്‍ അവനെക്കാള്‍ ശ്രേഷ്ഠനാകുന്നു. നീ എന്നെ അഗ്നിയില്‍നിന്നാണ് സൃഷ്ടിച്ചത്; അവനെ മണ്ണില്‍നിന്നും' (ഖുര്‍ആന്‍ അധ്യായം- ഏഴ്, വചനം-12). ഈ പ്രഖ്യാപനം നടത്തിയ ഇബ്‌ലീസാകട്ടെ, ആ വൃക്ഷത്തില്‍ നിന്നുള്ള പഴം തിന്നാന്‍ ദുര്‍ബോധനം നടത്തിക്കൊണ്ടാണ് മനുഷ്യനെ വഴിതെറ്റിക്കുന്നത്. 'ആ പഴം തിന്നാല്‍ സ്വര്‍ഗത്തില്‍ നിത്യവാസം ലഭിക്കും' എന്ന പെരുംനുണ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഇബ്‌ലീസ് മനുഷ്യനെ കുഴപ്പത്തില്‍ ചാടിച്ചു. നുണ വംശീയവാദികളുടെ പ്രധാന ആയുധമാകുന്നത് ഈ ചരിത്രത്തിന്റെ തുടര്‍ച്ചയാണ് എന്ന് മനസ്സിലാക്കുക. 
ആ ചരിത്ര സന്ദര്‍ഭത്തെ ഖുര്‍ആന്‍ ഇങ്ങനെ അടയാളപ്പെടുത്തിയിട്ടുണ്ട്; ''പിന്നീട് ആദമിനോടു നാം പറഞ്ഞു: 'നീയും പത്നിയും സ്വര്‍ഗത്തില്‍ വസിച്ചുകൊള്ളുക. നിങ്ങള്‍ അതില്‍നിന്ന് യഥേഷ്ടം സുഭിക്ഷമായി ആഹരിച്ചുകൊള്‍ക. പക്ഷേ, ഈ വൃക്ഷത്തോടടുക്കരുത്. അടുത്തുപോയാല്‍ നിങ്ങള്‍ അതിക്രമകാരികളുടെ കൂട്ടത്തില്‍ പെട്ടുപോകും.' ഒടുവില്‍ പിശാച് അവരിരുവരിലും ആ വൃക്ഷത്തോട് മോഹം ജനിപ്പിച്ച്, നമ്മുടെ കല്‍പന പാലിക്കുന്നതില്‍നിന്ന് തെറ്റിച്ചു. അവരെ തങ്ങളുടെ നിലവിലുള്ള അവസ്ഥയില്‍നിന്ന് പുറംതള്ളുകയും ചെയ്തു. അപ്പോള്‍ നാം കല്‍പിച്ചു: 'ഇനി നിങ്ങള്‍ ഇവിടെനിന്ന് ഇറങ്ങിപ്പോകുവിന്‍. നിങ്ങള്‍ പരസ്പരം ശത്രുക്കളാകുന്നു'' (ഖുര്‍ആന്‍ അധ്യായം- രണ്ട്, വചനം-35). വംശവെറിയുടെ പ്രയോഗരീതികളെയും അപകടങ്ങളെയും കുറിച്ച ആദ്യത്തെ സാമൂഹിക വിശകലനമാണിത്.
ഫാഷിസ്റ്റ് അധികാര ധാര്‍ഷ്ഠ്യത്തിന്റെ മറ്റൊരു ചരിത്ര മുഖമാണ് ഈജിപ്തിലെ ഫറോവ. ഭക്ഷണത്തിന്റെ അടിസ്ഥാനങ്ങളിലൊന്നായ വെള്ളത്തിനു മേലുള്ള അധികാര പ്രഖ്യാപനവും പ്രസവമുറികളിലേക്കുള്ള കടന്നുകയറ്റവും സ്ത്രീകളെ മാനഭംഗപ്പെടുത്തലും മറ്റും ഫറോവന്‍ ഏകാധിപത്യവും ഖിബ്ത്വീ ഭൂരിപക്ഷ വര്‍ഗീയതയും ഈജിപ്തില്‍ നടപ്പിലാക്കിയിരുന്നു എന്നത് ഫാഷിസത്തെക്കുറിച്ച ചരിത്ര പാഠമാണ്. ആണ്‍കുഞ്ഞുങ്ങളെ കൊന്നുകളയാന്‍ ഫറോവ കല്‍പ്പന പുറപ്പെടുവിച്ചപ്പോഴാണ്, ബനൂ ഇസ്രാഈല്യരുടെ പ്രസവമുറികളിലേക്ക് ഖിബ്ത്വി ഫാഷിസത്തിന്റെ കടന്നുകയറ്റമുണ്ടാകുന്നത്. ഇതിന്റെ മറ്റൊരു മുഖമാണ് അടുക്കളയില്‍ പില്‍ക്കാല ഫാഷിസം കാണിക്കുന്ന അതിക്രമങ്ങള്‍. പ്രകൃതി വിഭവങ്ങള്‍ക്കുമേല്‍ മുതലാളിത്ത സാമ്രാജ്യത്വത്തിന്റെ അധികാരവാഴ്ച പുതിയ വിഷയമേ അല്ലല്ലോ. വംശവെറിയനായ ഫറോവയാണ് ഈ പ്രഖ്യാപനം ആദ്യം നടത്തുന്നത് എന്നു വരുമ്പോള്‍ ഇതിന് ബഹുമുഖങ്ങളായ അധികാര, അര്‍ഥ തലങ്ങളുണ്ട്. ഫറോവയുടെ ആ പ്രഖ്യാപനം ഇങ്ങനെയായിരുന്നു; ''എന്റെ ജനങ്ങളേ, മിസ്വ്റിന്റെ ആധിപത്യം എനിക്കല്ലയോ? ഈ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നത് എന്റെ കീഴിലല്ലയോ? നിങ്ങള്‍ കാണുന്നില്ലേ'' (ഖുര്‍ആന്‍ അധ്യായം-43, വചനം -51). 'നദികള്‍ എന്റെ കീഴിലാണ്' എന്ന ഏകാധിപതിയുടെ പ്രഖ്യാപനം അധികാരത്തെക്കുറിച്ച ആലങ്കാരിക പ്രയോഗമല്ല എന്ന്, തുടര്‍വചനങ്ങളും ബഹുവിധങ്ങളായ ചരിത്രാനുഭവങ്ങളും നമ്മെ പഠിപ്പിക്കുന്നുണ്ട്. 
ഈ വചനങ്ങള്‍ ശ്രദ്ധയോടെ വായിച്ച ശേഷം, ജാതിവാദങ്ങളുടെ സാമൂഹിക പ്രയോഗങ്ങളെക്കുറിച്ച് ചിന്തിക്കുക; ''ഞാനോ, അതല്ല നീചനും നിസ്സാരനും സ്ഫുടമായി സംസാരിക്കാന്‍ പോലും കഴിയാത്തവനുമായ ഈ മനുഷ്യനോ ശ്രേഷ്ഠന്‍? അവന്നു കനക കങ്കണങ്ങള്‍ ലഭിക്കാത്തതെന്ത്? അല്ലെങ്കില്‍ അവന്റെ കൂടെ പാര്‍ശ്വവര്‍ത്തികളായ മലക്കുകള്‍ വരാത്തതെന്ത്?'' (ഖുര്‍ആന്‍ അധ്യായം-43, വചനം -52). നീച ജന്മങ്ങള്‍ക്ക് കുടിവെള്ളം വിലക്കിയ, കിണറുകള്‍ക്കടുത്തേക്ക് പ്രവേശനം തടഞ്ഞ, മണ്ണിലും കുമ്പിളിലും ഭക്ഷണം വിളമ്പിയ തൊട്ടുകൂടായ്മയുടെ ഇരുണ്ട സാമൂഹിക ഘടനകള്‍, ഭൂമിയും വെള്ളവും വഴിയും ഉള്‍പ്പെടെ എല്ലാ വിഭവങ്ങള്‍ക്കും മുകളില്‍ മേല്‍ജാതിയുടേയും വെള്ളവംശത്തിന്റെയും അധികാരക്കോയ്മ അടിച്ചേല്‍പ്പിക്കുകയായിരുന്നു. വെള്ളത്തിന്റെയും ഭക്ഷണത്തിന്റേയും വിശുദ്ധിയല്ല, 'വംശമഹിമയാണ്' ഇതില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ്, സമസൃഷ്ടിയായ മനുഷ്യനെ തീണ്ടാപ്പാട് അകലെ നിര്‍ത്തുകയും അവനെ വിസര്‍ജ്യം കുടിപ്പിച്ച്, പാല് ഓടയില്‍ ഒഴുക്കിക്കളയുകയും ചെയ്യുന്നത്. തലകീഴായി നില്‍ക്കുന്ന, മനുഷ്യവിരുദ്ധമായ ഈ സാമൂഹികക്രമം പരമത വിദ്വേഷത്തിന്റെ പ്രയോഗ ഭൂമികയാവുക അത്ര പ്രയാസകരമല്ല.

അടുക്കളയിലെത്തുന്ന ഫാഷിസം 
ചരിത്രത്തെയും മണ്ണിനെയും സംബന്ധിച്ച വ്യാജോക്തികളിലായിരുന്നു ഇന്ത്യയില്‍ വര്‍ഗീയ ഫാഷിസം പ്രാരംഭം കുറിച്ചത്. മണ്ണിന്റെ അധികാരത്തെക്കുറിച്ച മേല്‍ജാതിവാദങ്ങള്‍, ഏകശിലാത്മകമായ ഒരു രാഷ്ട്ര സങ്കല്‍പ്പത്തിന് അടിത്തറയിടുകയും അതു സംബന്ധിച്ച ബോധനിര്‍മിതികള്‍ നിര്‍ബാധം നടത്തുകയും ചെയ്തു. വിഭജനത്തോടെ അതിന്റെ ഒരു ഘട്ടം പൂര്‍ത്തീകരിക്കപ്പെട്ടു. പിന്നെയും ശേഷിക്കുന്ന 'അപര വിഭാഗങ്ങളെ' അടിമകളാക്കുകയോ, പുറംതള്ളുകയോ ചെയ്യാനാവശ്യമായ കളമൊരുക്കലായിരുന്നു അടുത്ത ഘട്ടം. അപര വിദ്വേഷത്തിന്റെ ചക്രങ്ങളിലാണ് ഫാഷിസത്തിന്റെ രഥം പിന്നീട് ഇന്ത്യന്‍ തെരുവുകളില്‍ ഉരുണ്ടത്. ആ രഥയാത്ര 2022-24 ഉന്നംവെച്ച് ലക്ഷ്യത്തോട് അടുക്കുമ്പോഴാണ്, അടുക്കളയിലേക്കും ആഹാരത്തിലേക്കും പ്രവേശിച്ചിരിക്കുന്നത്. 
ഹലാല്‍ വിവാദം, ഗോവധം തുടങ്ങിയവ യഥാര്‍ഥത്തില്‍, കേവലം ഭക്ഷണ സ്വാതന്ത്ര്യത്തിന്റെ വിഷയമല്ല, ഇന്ത്യയിലെ ജാതി ഫാഷിസത്തിന്റെ രാഷ്ട്രീയ ആയുധങ്ങളാണ്. മത-സമുദായ- ഭാഷാ വ്യത്യാസങ്ങള്‍ക്കതീതമായി ഒന്നിച്ച് കഴിയുന്ന സൗഹ്യദങ്ങളുടേതാണ് നമ്മുടെ പാരമ്പര്യവും സംസ്‌കാരവും. ഇവിടെ വര്‍ഗീയതയുടെ വിഷമുകുളങ്ങള്‍ വളര്‍ത്താനാണ്, മനുഷ്യനെ തമ്മിലടിപ്പിക്കാനാണ് സംഘ് പരിവാര്‍ ശ്രമിക്കുന്നത്. ഗോ മാതാവിനെ കൊല്ലുന്നു, മാംസം ഭക്ഷിക്കുന്നു, ഭക്ഷണത്തില്‍ തുപ്പുന്നു തുടങ്ങിയ ദുഷ്പ്രചാരണങ്ങള്‍ക്ക് ഈയര്‍ഥത്തില്‍ ബഹുമുഖ ലക്ഷ്യങ്ങളുണ്ട്. സാമൂഹിക ബന്ധവിഛേദനത്തിനുള്ള ആഹ്വാനമാണ് ഹലാല്‍ വിവാദത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ നുണപ്രചാരണങ്ങള്‍.
മുസ്‌ലിംകള്‍ക്കെതിരെ വെറുപ്പ് ഉല്‍പ്പാദിപ്പിച്ച്, അവരെ വംശീയ ഉന്മൂലനം ചെയ്യണമെന്ന മാനസികാവസ്ഥയിലേക്ക് പൊതുബോധത്തെ നയിക്കുകയാണ് ഇതിന്റെ ലക്ഷ്യം. വിവാദങ്ങള്‍ സൃഷ്ടിച്ച്, 'മുസ്‌ലിംകള്‍ തുപ്പിയതാണ് ഹലാല്‍ ഭക്ഷണം' ഉള്‍പ്പെടെയുള്ള വ്യാജ പ്രചാരണങ്ങളിലൂടെ സംഘ് പരിവാര്‍ കുത്തിവെക്കാനുദ്ദേശിക്കുന്നത് ഇത്തരം വിദ്വേഷത്തിന്റെ വൈറസുകളാണ്. വിഭജനത്തിന്റെ പ്രത്യയശാസ്ത്രമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പക്ഷേ, നിരന്തരമായ വിദ്വേഷ പ്രചാരണം ഒരു മതസമുദായത്തിനെതിരെ പെരും നുണകളുടെ അടിസ്ഥാനത്തില്‍ നടത്തിയിട്ടും ഇതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ സാംസ്‌കാരിക സമൂഹമോ, നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടമോ മുന്നോട്ടു വരുന്നില്ല എന്നത്, ഈ ഫാഷിസ്റ്റ് പ്രചാരണങ്ങളോട് രാജിയാകുന്ന മനസ്സ് പൊതുസമൂഹത്തില്‍ വളര്‍ന്നതിന്റെ അടയാളമല്ലേ? അപ്പോള്‍, സത്യസന്ധതക്ക് ചരമക്കുറിപ്പെഴുതിയാണോ സാംസ്‌കാരിക സമൂഹം ഫാഷിസ്റ്റ് കാലത്ത് പിഴച്ചുപോകാന്‍ തീരുമാനിച്ചത്? വ്യാജങ്ങളെ തിരുത്തുന്നതിന് പകരം, അത് സ്വാധീനിച്ചവരെ തൃപ്തിപ്പെടുത്തി വോട്ട്ബാങ്ക് ഉറപ്പിക്കുന്നത് ഏതുതരം രാഷ്ട്രീയ നിലപാടാണ്? കാപട്യങ്ങള്‍ക്കു മേലിട്ട അധികാരക്കസേരയില്‍ ഇരുന്നാണോ ഇടതുപക്ഷം ഭരിക്കുന്നത്?
സാമുദായിക ധ്രുവീകരണവും ശത്രുതാപരമായ ഭിന്നതകളും ആളിക്കത്തിക്കാനുള്ള ഉപാധികളായാണ് ഭക്ഷണം, ഭാഷ, വേഷം, രോഗം, കളി, സംഗീതം തുടങ്ങിയവയെ സംഘ്പരിവാര്‍ ഉപയോഗിക്കുന്നത്. ഉര്‍ദു ഭാഷയെ വര്‍ഗീയവിദ്വേഷത്തിന്റെ ആയുധമാക്കിയത് ഉദാഹരണം. ഉര്‍ദുവില്‍ വാര്‍ത്താ ബുള്ളറ്റിന്‍ ആരംഭിച്ചതിന്റെ പേരില്‍ മുമ്പ് ബംഗ്ലൂരുവില്‍ കലാപമുണ്ടാക്കിയത് പലരും ഓര്‍ക്കുന്നുണ്ടാകും. ഫാബ് ഇന്ത്യ എന്ന വസ്ത്ര നിര്‍മാതാക്കള്‍ ദീപാവലി പരസ്യത്തില്‍ പൈതൃകത്തിന്റെ ആഘോഷം എന്ന അര്‍ഥമുള്ള ഇഷെ റിവാസ് എന്ന ഉര്‍ദു വാക്ക് ഉപയോഗിച്ചതിനെതിരെ വംശീയവാദികള്‍ ഉറഞ്ഞു തുള്ളിയതും അവസാനം പരസ്യം പിന്‍വലിക്കേണ്ടി വന്നതും സമീപകാല ഉദാഹരണമാണ്. എണ്ണിപ്പറയാന്‍ തുടങ്ങിയാല്‍ സംഭവങ്ങള്‍ നിരവധിയുണ്ട്. തനിഷ്‌ക് എന്ന ടാറ്റയുടെ ആഭരണ ബ്രാന്റിന്റെ പരസ്യത്തില്‍ മുസ്‌ലിം കുടുംബത്തിലെ ഹിന്ദു വധുവിനെ ചിത്രീകരിച്ചത് വന്‍ വിവാദമാക്കി, ടാറ്റക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുകയുണ്ടായി. ഡെലിവറി ബോയ് മുസ്‌ലിമായതിന്റെ പേരില്‍ ഉന്നയിച്ച വര്‍ഗീയ വാദങ്ങളോട് ശക്തമായ നിലപാടെടുത്ത ഭക്ഷണ കമ്പനിയെയും ഓര്‍ക്കേണ്ടതാണ്. അതായത്, മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട യാതൊന്നിനെയും പൊറുപ്പിക്കാന്‍ കഴിയാത്ത അത്യധികം കുടുസ്സാര്‍ന്ന, അങ്ങേയറ്റം വെറുപ്പ് നിറഞ്ഞ മനസ്സുകളാണ് പതിറ്റാണ്ടുകള്‍ പണിയെടുത്ത് സംഘ് പരിവാര്‍ ഇന്ത്യക്ക് സംഭാവന ചെയ്തത് എന്നര്‍ഥം. ഇതിന്റെയെല്ലാം പൂര്‍ത്തീകരണമായി ഇപ്പോഴിതാ, ഭക്ഷണ വൈവിധ്യതയുടെ ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ക്കു മേല്‍ ഫാഷിസം അതിന്റെ തൃശൂല മുനകള്‍ കുത്തിയിറക്കുന്നു. ഭക്ഷണത്തിലൂടെ ഒരു സമുദായത്തിനെതിരെ വെറുപ്പ് ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്. മുംബൈ ഭീകരാക്രമണത്തില്‍ പ്രതിയായിരുന്ന അജ്മല്‍ കസബിന്റെ ബിരിയാണിക്കഥ ഇതിലൊന്നാണ്. കസബ് ജയിലില്‍ ബിരിയാണി ചോദിച്ചു എന്ന വെളിപ്പെടുത്തലിലൂടെ പലതും ഉന്നംവെക്കുകയുണ്ടായി. 
രാഷ്ട്ര വിഭജനത്തിന്റെ മുറിവുകളില്‍നിന്ന് ഇപ്പോഴും ചോരയൊലിക്കുന്ന ഉത്തരേന്ത്യന്‍ തെരുവുകളില്‍, മുസ്‌ലിംകള്‍ ക്രൂരമായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് നിരന്തരം ഇരകളാകുന്നതും സര്‍ക്കാര്‍- ഇതര മേഖലകളില്‍ കടുത്ത വിവേചനത്തിന് വിധേയരായി ജീവിതം ദുസ്സഹമാകുന്നതും ഈ പ്രചാരണങ്ങളുടെയെല്ലാം പ്രത്യാഘാതമാണ്. ദലിതരും ഈഴവരും ഉള്‍പ്പെടെയുള്ള 'താഴ്ന്ന വിഭാഗക്കാര്‍' കാലങ്ങളായി അനുഭവിച്ചു വരുന്ന പൈശാചികമായ ജാതിക്രൂരതകളുടെ മറ്റൊരു മുഖമാണ് മുസ്‌ലിംകളും നേരിടുന്നത്. ഇത്തരമൊരു ദുസ്സഹാവസ്ഥ കേരളത്തില്‍ ഉള്‍പ്പെടെ സൃഷ്ടിച്ചെടുക്കാനാണ്, സമീപകാലത്ത് ഇവിടെ നുണപ്രചാരണങ്ങളുടെ അളവ് വര്‍ധിപ്പിച്ചിരിക്കുന്നത്.

കാപട്യങ്ങള്‍, വൈരുധ്യങ്ങള്‍ 
ഹലാല്‍ എന്നാല്‍ തുപ്പിയ ഭക്ഷണമാണ് എന്ന പെരുംനുണ വെറുപ്പ് ഉല്‍പ്പാദിപ്പിക്കാനും ഭിന്നത സൃഷ്ടിക്കാനും മാത്രമുള്ളതാണ്. ശിവസേനക്കാരന്‍ മാര്‍ക്കറ്റില്‍ ഇറക്കുന്ന ശര്‍ക്കര പാക്കറ്റില്‍ ഹലാല്‍ മുദ്ര പതിച്ച് ശബരിമലയില്‍ വിതരണം ചെയ്യുകയും, സംഘ് പരിവാര്‍ നേതാക്കള്‍ അതിന്റെ പേരില്‍ മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്ത കാപട്യത്തെ എന്തു പേരിട്ടാണ് വിളിക്കേണ്ടത്? എറണാകുളത്തെ 'ഹലാല്‍ നിഷിദ്ധം' ബോര്‍ഡും തുടര്‍ നാടകങ്ങളും ഈ നുണബോംബിന്റെ പച്ചയായ മറ്റൊരു ഉദാഹരണമാണ്. 'നോണ്‍ ഹലാല്‍' കാമ്പയിന്‍ സംഘ് പരിവാര്‍ കൊണ്ടുപിടിച്ച് നടത്തിയത് മുസ്‌ലിംവിരുദ്ധത വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ്. ഇത്രമേല്‍ നീചമായ, വര്‍ഗീയമായ നുണകള്‍ക്കു മുമ്പില്‍ നിശ്ശബ്ദരായി നില്‍ക്കുന്ന കേരളീയ സമൂഹവും ഭരണകൂടവും ഫാഷിസത്തിന് പരവതാനി വിരിക്കുകയല്ലേ!
കേരളത്തില്‍ ഹലാല്‍ വിവാദം കത്തിച്ചതില്‍ മുഖ്യപങ്കു വഹിച്ചവരാണ് എറണാകുളം പാലാരിവട്ടത്തെ നന്ദൂസ് കിച്ചണ്‍. ഈ റസ്റ്റോറന്റിന്റെ ഉടമ തുഷാര അജിത്ത് ആണ് കേരളത്തില്‍ 'ഹലാല്‍ ഭക്ഷണം നിഷിദ്ധം' എന്ന ബോര്‍ഡ് ആദ്യമായി സ്ഥാപിച്ചത്. ഹലാല്‍ വിരുദ്ധ കാമ്പയിനിലൂടെ മുസ്‌ലിം വിദ്വേഷം വളര്‍ത്താന്‍ സംഘ്പരിവാര്‍ സമര്‍ഥമായി പ്ലാന്‍ ചെയ്തതായിരുന്നു ഈ സംഭവം. ഏതാനും മാസങ്ങള്‍ക്കു ശേഷം, ബി.ജെ.പി വീണ്ടും ഹലാല്‍ വിവാദം ഉയര്‍ത്തിക്കൊണ്ടു വരുന്നതിനിടെ, 'നോണ്‍ ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ തുഷാര അജിത്ത് ആക്രമിക്കപ്പെട്ടു' എന്ന പ്രചാരണവുമായി 2021 ഒക്‌ടോബര്‍ അവസാനത്തില്‍ ഇവര്‍ രംഗത്തു വന്നു. കെട്ടിച്ചമച്ച ഈ പ്രചാരണം സംഘ് പാളയത്തിലെ പ്രമുഖര്‍ ഏറ്റെടുത്തു. ഇത് തീര്‍ത്തും കള്ളമായിരുന്നുവെന്ന് അടുത്ത ദിവസങ്ങളില്‍ തെളിഞ്ഞു. തുഷാരയും ഭര്‍ത്താവും എറണാകുളം കാക്കനാട് പുതിയ കട തുടങ്ങാന്‍ പദ്ധതിയിട്ടു. ബേല്‍പ്പുരി വില്‍പ്പന നടത്തുന്ന ഒരു സ്റ്റാള്‍ തുഷാരയും സംഘവും എടുത്തു മാറ്റി. കഫേ നടത്തുന്ന ബിനോജ്, നകുല്‍ എന്നിവരുമായി ഇതിന്റെ പേരില്‍ ഉണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പ്രശ്‌നം തുഷാര, അജിത്ത്, ബിനോജ്, നകുല്‍ എന്നിവര്‍ തമ്മില്‍. ഫെയ്‌സ് ബുക്ക് ലൈവില്‍ തുഷാര പറഞ്ഞതോ, 'കട നടത്താന്‍ തന്നെ ജിഹാദികള്‍ അനുവദിക്കുന്നില്ല' എന്ന്! നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന്റെ പേരില്‍ ഹിന്ദു യുവതി ആക്രമിക്കപ്പെട്ടു എന്ന് പ്രചാരണം! എന്നാല്‍,  സംഭവത്തിന്റെ നിജഃസ്ഥിതി അധികം വൈകാതെ പോലീസ് വെളിച്ചത്തു കൊണ്ടുവന്നു, ഇന്‍ഫോപാര്‍ക്ക് പോലീസ് ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ആദ്യം സംഘ് പരിവാര്‍ പ്രചാരണം ഏറ്റെടുത്തിരുന്ന ചിലര്‍ പിന്നീട്, 'ഇസ്‌ലാമോഫോബിയയുടെ പേരില്‍ കെട്ടിച്ചമച്ച സംഭവമാണ് ഇത്' എന്ന് തുറന്ന് പറഞ്ഞ് മാപ്പ് ചോദിച്ച് രംഗത്തെത്തി. യഥാര്‍ഥത്തില്‍ ഹലാല്‍ വിരുദ്ധ പ്രചാരണം തന്നെ കള്ളമാണെന്ന് ഇവര്‍ക്ക് അറിയാത്തതുകൊണ്ടല്ല. പെരുംനുണ പൊളിഞ്ഞപ്പോള്‍ മാപ്പ് ചോദിച്ച് 'വിശ്വാസ്യത' സ്ഥാപിച്ചാല്‍ മാത്രമേ, പൊളിയാത്ത നുണകള്‍ പ്രചരിപ്പിച്ചാല്‍ പൊതു ജനം വിശ്വാസത്തിലെടുക്കൂ എന്ന തിരിച്ചറിവായിരുന്നില്ലേ ഈ മാപ്പിനു പിന്നില്‍.
ഹലാല്‍ എന്നത് ഇന്ന് മുസ്‌ലിംകള്‍ മാത്രം ഉപയോഗിക്കുന്നതല്ല എന്നതാണ് മറ്റൊരു പ്രധാന വിഷയം. കച്ചവട താല്‍പര്യത്തിനു വേണ്ടി പല വിഭാഗക്കാരും തങ്ങളുടെ ബിസിനസില്‍ ഹലാല്‍ മുദ്രകള്‍ ഉപയോഗിക്കുന്നുണ്ട്. മാംസം, ബേക്കറി തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളിലും ഫ്‌ളാറ്റുകള്‍ ഉള്‍പ്പെടെ റിയല്‍ എസ്റ്റേറ്റ് മേഖലയിലും ഹലാല്‍ ലേബലുകള്‍ മുസ്‌ലിമേതരരും പ്രയോജനപ്പെടുത്തുന്നുണ്ട്. മുസ്‌ലിം ഉപഭോക്താക്കളും മൂല്യബോധമുള്ള മറ്റു ഉപഭോക്താക്കളും ഹലാല്‍ ലേബലില്‍ ആകൃഷ്ടരാകുന്നുവെന്ന് ബിസിനസുകാര്‍ക്ക് അറിയാം. കോഴിക്കോട്ടെ പ്രമുഖ ഹോട്ടലായ പാരഗണ്‍ ഹലാല്‍ സ്റ്റിക്കര്‍ ഉപയോഗിച്ചിരുന്നു. കൊച്ചിക്കാരനായ വി. സുനില്‍കുമാര്‍ സ്ഥാപിച്ച അസറ്റ് ബില്‍ഡേഴ്‌സും, മഹാരാഷ്ട്രയിലെ വര്‍ധന്‍ അഗ്രോപ്രൊസസിംഗ് ലിമിറ്റഡും അല്‍ കബീര്‍ അറവുശാലയും ഹലാല്‍ മുദ്ര ഉപയോഗിക്കുന്നത് ബിസിനസ് താല്‍പര്യം കൊണ്ടാണല്ലോ. ഹലാല്‍ ഫ്‌ളാറ്റുകളാണ് അസറ്റ് ബില്‍ഡേഴ്‌സിന്റെ പരസ്യങ്ങളില്‍ വാഗ്ദാനം ചെയ്യുന്നത്.  വി. സുനില്‍കുമാറിനു പുറമെ എന്‍. മോഹനനും സി.വി റപ്പായിയും ഡയറക്ടര്‍മാരായ അസറ്റ് ബില്‍ഡേഴ്‌സിന്റെ ഹലാല്‍ ഫ്‌ളാറ്റ് എന്താണ്? ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന വിശ്വാസ്യതക്കു വേണ്ടിയാണ് ഈ മുദ്ര എന്ന് വ്യക്തം. അല്‍ കബീര്‍ എന്ന മാംസ കയറ്റുമതി കമ്പനി പേരിലും ലേബലിലും മുസ്‌ലിമാണ്! മാനേജിംഗ് ഡയറക്ടറായ സതീഷ് സബര്‍വാളിനാണ് കമ്പനിയുടെ അമ്പത് ശതമാനം ഓഹരിയും എന്നാണ് 'എക്കണോമിക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തത്. ബാക്കി അമ്പത് ശതമാനം ഓഹരി ഗുലാം ശൈഖ് കുടുംബത്തിനും. സതീഷ് സബര്‍വാള്‍, കുല്‍ദീപ് സിംഗ് ദിഗംബര്‍ സിംഗ്, ഗംഗൈ കോണ്ടന്‍ സുബ്രഹ്മണ്യന്‍ രാമകൃഷ്ണന്‍ എന്നിവര്‍ക്കു പുറമെ, ഗുലാമുദ്ദീന്‍ മഖ്ബൂല്‍ ശൈഖ്, ആസിഫ് പുലാമുദിന്‍, അര്‍ശദ് സിദ്ദീഖി എന്നിവരും അല്‍ കബീറിന്റെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരാണ്. ഇന്ത്യയിലെ ഏറ്റവും വലിയ അറവുശാല ഉള്‍പ്പെടെ നാനൂറ് ഏക്കറില്‍ പരന്ന് കിടക്കുന്ന ഈ കമ്പനിയില്‍ ആയിരക്കണക്കിന് അമുസ്‌ലിം സഹോദരങ്ങള്‍ ജോലി ചെയ്യുന്നുണ്ട്. ഹലാല്‍ സര്‍ട്ടിഫിക്കേഷനാണ് കമ്പനിയുടെ പ്രധാന ആകര്‍ഷണീയത!
പാര്‍ലമെന്റ് കാന്റീനില്‍ നല്‍കുന്ന ഭക്ഷണത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് പാര്‍ലമെന്റില്‍ ഒരു ചോദ്യം ഉന്നയിക്കപ്പെട്ടിരുന്നു. കാന്റീനില്‍ നല്‍കുന്ന ഭക്ഷണം ഹലാല്‍ ആണോ, ജഡ്കയാണോ എന്നതായിരുന്നു ആ ചോദ്യം. അറുത്ത് ചോരയൊഴുകിയ മാംസമാണ് പ്രധാനമായും ചോദ്യത്തില്‍ ഉദ്ദേശിച്ച ഹലാല്‍. ചോരയൊലിപ്പിക്കാതെ, ഇടിച്ചു കൊന്നതാണ് ജഡ്ക്ക. ഈ ചോദ്യത്തിന് അന്ന് നല്‍കിയ ഉത്തരം ഹലാല്‍ എന്നായിരുന്നു. ഇന്നും പാര്‍ലമെന്റ് കാന്റീനില്‍ ഹലാല്‍ ഭക്ഷണം വിളമ്പുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഹലാല്‍ ഭക്ഷണം വിളമ്പണമെന്ന തീരുമാനം വന്നതും ഈയടുത്താണ്.
ഇത്തരമൊരു കള്ള പ്രചാരണത്തില്‍ ഏര്‍പ്പെടുന്നവര്‍, മറുവശത്ത് മനുഷ്യത്വരഹിതമായ ജാതി ആചാരങ്ങള്‍ക്ക് വാഴ്ത്ത് പാടുന്നതും കാണാം. എച്ചിലില്‍ ഉരുളുന്നത് ഇതിലൊന്നാണ്. ബ്രാഹ്മണര്‍ ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങളില്‍ കിടന്ന് ഉരുളുന്ന ആചാരം, കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലും ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലും ഇപ്പോഴും തുടരുന്നു. എന്താണ് എച്ചില്‍ സ്‌നാനത്തിന്റെ ധാര്‍മികത? ജാതീയമായ അയിത്താചരണം ഭക്ഷണത്തിലും കുടിവെള്ളത്തിലും നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഹലാല്‍ ഫുഡിനെതിരെ ഉറഞ്ഞു തുള്ളുന്നത്. ഹലാല്‍ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളില്‍നിന്ന് ജാതി വേര്‍തിരിവുകള്‍ നിലനില്‍ക്കുന്ന ഹിന്ദു സമുദായത്തെ അകറ്റിയാല്‍ പിന്നെ, നോണ്‍ ഹലാല്‍ വിളമ്പുന്ന ഹോട്ടലുകളില്‍ ക്രമേണ താഴ്ന്ന ജാതിക്കാര്‍ക്ക് വിവേചനം നേരിടും. ഭക്ഷണത്തിലും വെള്ളത്തിലും പാലിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നോണ്‍ ഹലാല്‍, ജാതീയമായ അയിത്താചരണമാണ്. 
കീഴ്ജാതിക്കാരന് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കല്‍പ്പിച്ച്, വെള്ളമെടുക്കാന്‍ അനുവദിക്കാതെ കിണറില്‍നിന്ന് അകറ്റി നിര്‍ത്തിയും മണ്ണിലും കുമ്പിളിലും ചിരട്ടയിലും ഭക്ഷണം വിളമ്പിയും ചായമക്കാനികളില്‍ പ്രവേശനം വിലക്കിയും നിറഞ്ഞാടിയ ജാതിഭ്രാന്തിനെ തടഞ്ഞുനിര്‍ത്തിയതില്‍ മുസ്‌ലിം ഭക്ഷണ വേളകളും ഹലാല്‍ ഹോട്ടലുകളും വഹിച്ച പങ്ക് വളരെ വലുതാണ്. ആയതിനാല്‍ ഹലാല്‍ ഭക്ഷണത്തിനെതിരായ പ്രചാരണം, ജാതീയ ആചാരങ്ങളെ പുനഃപ്രതിഷ്ഠിക്കാനുള്ള അജണ്ടയുടെ ഭാഗം കൂടിയാണ്. 
മാംസാഹാരത്തിനെതിരെ നിരന്തരം പ്രചാരണം നടത്തുന്നതും മുസ്‌ലിം വെറുപ്പ് സൃഷ്ടിക്കുന്നതിനു വേണ്ടിയാണ്. ഗോവധ നിരോധത്തിന്റെ പേരില്‍, ഫലത്തില്‍ കശാപ്പ് നിരോധം നടപ്പിലാക്കുക മാത്രമല്ല സംഘ്പരിവാര്‍ ചെയ്തത്. മറിച്ച്, ഇത് മുസ്‌ലിംകള്‍ക്കെതിരായ കടുത്ത വിദ്വേഷ പ്രചാരണത്തിന്റെ വിഷലിപ്തമായ ഉപകരണമാക്കി മാറ്റുകയും ചെയ്തു. മാംസാഹാരം തെരുവില്‍ പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നത് വിലക്കുന്ന ഒരു ഉത്തരവ് ഗുജറാത്തിലെ വിവിധ നഗരസഭകള്‍ കുറച്ചു മുമ്പ് ഇറക്കുകയുണ്ടായി. വിവാദങ്ങളെത്തുടര്‍ന്ന് ഇതില്‍ ചില മാറ്റത്തിരുത്തലുകള്‍ വരുത്തുകയുണ്ടായി. എന്നാല്‍, മാംസാഹാരം എന്നു മുതലാണ്, ഇന്ത്യന്‍ പാരമ്പര്യത്തില്‍ വിലക്കപ്പെട്ടത് എന്ന് ആലോചിക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച ഭാരതീയ പൈതൃകം ഏറെ വിശദീകരിക്കപ്പെട്ടിട്ടുണ്ടല്ലോ. ഹിന്ദുത്വത്തിന്റെ ആചാര്യനായിരുന്ന വീര്‍ സവര്‍ക്കര്‍ മാംസാഹാര വിരോധി ആയിരുന്നില്ലെന്നും, മാട്ടിറച്ചി കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ കഴിച്ചുകൊള്ളട്ടെ എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാടെന്നും, സവര്‍ക്കറുടെ ആരാധ്യനായ മാധ്യമ പ്രവര്‍ത്തന്‍ വൈഭവ് പുരന്ധരെ തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. ബി.ജെ.പിക്ക് ഏറെ പ്രിയങ്കരനായിരുന്ന നേതാവ്, മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയി മാംസാഹാര പ്രിയനായിരുന്നുവെന്ന്, 'അണ്‍ടോള്‍ഡ് വാജ്‌പേയ്' എന്ന പുസ്തകത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ എന്‍.പി ഉല്ലേഖ് വിശദമായി പറയുന്നുണ്ട്. പോത്തിറച്ചിയും വിസ്‌കിയും വാജ്‌പേയിക്ക് ഏറെ ഇഷ്ടമായിരുന്നു എന്ന് പുസ്തകത്തില്‍ കാണാം. ബി.ജെ.പി കേന്ദ്ര ഓഫീസിലെ വാര്‍ത്താ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന പത്രക്കാര്‍ക്ക് മാംസാഹാരം വിളമ്പിയിരുന്നതായി പഴയ പത്രപ്രവര്‍ത്തകര്‍ ഓര്‍ത്തെടുക്കുന്നുണ്ട്. 
ഇത്തരത്തിലുള്ള പലതരം വൈരുധ്യങ്ങളിലാണ് സംഘ്പരിവാറിന്റെ ഹലാല്‍ വിരുദ്ധ കാമ്പയിന്‍ കൊഴുക്കുന്നത്. അതിനിടയില്‍, രാഷ്ട്രീയ അബോധാവസ്ഥയില്‍ അകപ്പെട്ടിരിക്കുന്ന ചില യുവജന നേതാക്കള്‍, ഹലാല്‍ ബോര്‍ഡുകള്‍ ഹോട്ടലുകളില്‍നിന്ന് നീക്കം ചെയ്ത് പ്രശ്‌നം അവസാനിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടത് കണ്ടു. മുസ്‌ലിംകളെ തന്നെ ഇന്ത്യയില്‍നിന്ന് നീക്കം ചെയ്ത് ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം അവസാനിപ്പിക്കണം എന്നു പ്രഖ്യാപിച്ച സംഘ്പരിവാറിന്റെ വാദം തന്നെയല്ലേ ഇത്? പക്ഷേ, പള്ളികളും ഹലാല്‍ ബോര്‍ഡുകളും ഒടുക്കം മുസ്‌ലിംകളെ തന്നെയും എടുത്തു മാറ്റിക്കഴിഞ്ഞാല്‍, പാസ്റ്റര്‍ നിമ്മോളര്‍ പറഞ്ഞ പോലെ, പിന്നെയവര്‍ ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകളെയും തേടിവരും! കാരണം, സംഘ്പരിവാറിന്റെ ഹിന്ദുത്വ ജാതിരാഷ്ട്രത്തില്‍, മുസ്‌ലിംകളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരും ആഭ്യന്തര ശത്രുക്കളാണ്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍- 71-75
ടി.കെ ഉബൈദ്‌

ഹദീസ്‌

അനാഥരുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌