Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 10

3230

1443 ജമാദുല്‍ അവ്വല്‍ 05

ഹലാലിന്റെ മതവും ഹലാല്‍വിരുദ്ധതയുടെ രാഷ്ട്രീയവും

കെ. മുഹമ്മദ് നജീബ്

ആവര്‍ത്തിക്കപ്പെടുന്ന കളവുകള്‍ സത്യമായി വിശ്വസിക്കപ്പെടും എന്നത് ഒരു ഗീബല്‍സിയന്‍ തത്ത്വം മാത്രമല്ല, ഇന്ത്യയില്‍ നൂറു വര്‍ഷമായി സംഘ് പരിവാരവും അവരുടെ പ്രചാരണ മെഗാ ഫോണുകളും വിജയകരമായി പയറ്റിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ തന്ത്രം കൂടിയാണ്. മതേതര ഹാര്‍ഡ്‌വെയറില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പല സമൂഹങ്ങളുടെയും ഉള്ളിലുള്ളത് അവിശ്വസനീയമായ വേഗതയില്‍ വര്‍ഗീയവല്‍ക്കരിക്കാന്‍ കഴിയുന്ന സോഫ്റ്റ്‌വെയറുകളാണ് എന്ന് നമ്മള്‍ അനുദിനം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. സത്യവുമായി വിദൂര ബന്ധം പോലുമില്ലാത്ത കൊടും നുണകള്‍ കേട്ടാല്‍ മനുഷ്യര്‍  ആദ്യം അത്  നിഷേധിക്കും. വീണ്ടും വീണ്ടും അതു തന്നെ കേട്ടാല്‍ ശരിയാണോ എന്ന് സംശയിക്കും. പിന്നെ ശരിയായേക്കാം എന്ന് നെടുവീര്‍പ്പിടും. പിന്നെയും കേട്ടാല്‍  ശരിയാണെന്നങ്ങ് വിശ്വസിക്കും. പിന്നീട്  അത് ശരിയാണെന്നുള്ള നിലക്ക്  നിലപാടുകള്‍ കൈക്കൊള്ളും. അങ്ങനെയാണ് ഊതല്‍ തുപ്പലും, തുപ്പല്‍ ഹലാലാക്കലും പിന്നീട് അത് ഹലാല്‍വിരുദ്ധ കാമ്പയിനുമായി വികസിക്കുന്നത്. പതിറ്റാണ്ടുകളായി മുസ്ലിംകള്‍ക്കിടയില്‍ ജീവിച്ചുകൊണ്ടിരിക്കുന്ന  ഒരു സഹപ്രവര്‍ത്തകന്‍ വന്ന് 'ശരിക്കും നിങ്ങള്‍ തുപ്പിയിട്ടാണോ ഹലാലാക്കുന്നത്' എന്ന് 'നിഷ്‌കളങ്കമായി' ചോദിക്കുമ്പോള്‍ ഈ നുണീകരണ പ്രക്രിയയുടെ ആഴം നമുക്ക് ബോധ്യപ്പെടും. ആ നിഷ്‌കളങ്കത പതുക്കെയാണെങ്കിലും സമൂഹത്തിന്റെ പൊതുബോധത്തിലേക്ക് ചേക്കേറുന്നു എന്നിടത്താണ് യഥാര്‍ഥ ദുരന്തമുള്ളത്. മുന്‍കാല ഹെയ്റ്റ് കാമ്പയിനുകള്‍ പോലെ വലിയ വിജയം കാണാന്‍ കഴിഞ്ഞില്ലെങ്കിലും സമൂഹഗാത്രത്തില്‍ നിസ്സാരമല്ലാത്ത പരിക്കുകള്‍ ഏല്‍പ്പിക്കാന്‍ ഇപ്പോഴുള്ള  വിദ്വേഷ പ്രചാരണങ്ങള്‍ക്കും  കഴിയുന്നുണ്ട്.

ഹലാല്‍ എന്നാല്‍
മതകീയമായി നോക്കിയാല്‍ ഹലാല്‍ എന്നത് വിശുദ്ധിയില്‍ അധിഷ്ഠിതമായ ഒരു ജീവിത വീക്ഷണത്തിന്റെ ആണിക്കല്ലാണ്. ഇസ്ലാമിക വീക്ഷണത്തില്‍ മനുഷ്യ ജീവിതത്തിന്റെയും അവന്‍ ഉപയോഗിക്കുന്ന ജീവിത വിഭവങ്ങളുടെയും ഉടമ സ്രഷ്ടാവായ  അല്ലാഹു മാത്രമാണ്. ആയുസ്സെന്ന അനുവദിക്കപ്പെട്ട സമയ പരിമിതിയില്‍ എങ്ങനെ മനുഷ്യന്‍ ജീവിക്കണമെന്ന് പറയാനുള്ള അധികാരവും അര്‍ഹതയും  അല്ലാഹുവിന്റേതു മാത്രമാണ്. അവന്‍ അനുവദിക്കുന്നത് മാത്രമാണ് അനുവദനീയം; അഥവാ ഹലാല്‍. അവന്‍ നിരോധിക്കുന്നതാണ് നിഷിദ്ധം; അഥവാ ഹറാം. ഈ വിധിവിലക്കുകള്‍ പാലിച്ചു കൊണ്ട് ജീവിതം അല്ലാഹുവിനു മാത്രമായി സമര്‍പ്പിച്ച് ക്രിയാത്മകമായി ജീവിക്കുന്നതിന്റെ പേരാണ് ഇസ്ലാം. ഒരു കാര്യം ഹറാമോ ഹലാലോ ആയി മാറുന്നത് അല്ലാഹുവിന്റെ കല്‍പനാ നിരോധത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്. ശാസ്ത്രീയമായ  കാരണങ്ങളോ, ഭൗതികമായ അര്‍ഥത്തിലുള്ള ഗുണദോഷങ്ങളോ ഹലാല്‍ / ഹറാം നിര്‍ണയിക്കാനുള്ള മാനദണ്ഡങ്ങളല്ല. മനുഷ്യന്റെ മാറുന്ന അറിവുകള്‍ക്കനുസരിച്ച് നിര്‍ണയിക്കപ്പെടാവുന്ന ഒന്നല്ല ധാര്‍മിക മാനദണ്ഡം. 
ഉദാഹരണത്തിന്, പന്നിയിറച്ചി നിഷിദ്ധമായതിന്റെ കാരണം അതില്‍ അപകടകരമായ സൂക്ഷ്മ ജീവികളുണ്ടെന്നതോ ലിവര്‍ സിറോസിസിന് കാരണമാവുമെന്നതോ അല്ല. അങ്ങനെയുള്ള ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാത്ത പോര്‍ക്ക് കണ്ടെത്തിയാലും അത് ഹറാം തന്നെയായിരിക്കും. കാരണം അല്ലാഹു അതിനെ മലിനമെന്നു വിശേഷിപ്പിക്കുകയും അത് കഴിക്കുന്നത് നിരോധിക്കുകയും ചെയ്തിരിക്കുന്നു. അല്ലെങ്കില്‍ അല്ലാഹുവിന്റെ പ്രവാചകന്‍ അങ്ങനെ നിര്‍ദേശിച്ചിരിക്കുന്നു. എന്തുകൊണ്ട് ചില ഭക്ഷണങ്ങള്‍ മാത്രം അനുവദനീയമാകുന്നു എന്നതിന്റെ ഉത്തരവും ഇതുപോലെ തന്നെ. മൊത്തത്തില്‍ നോക്കിയാല്‍ കാരുണ്യവാനായ സ്രഷ്ടാവ് അവന്റെ അടിയാറുകള്‍ക്ക് വിലക്കുന്നത് ഏതോ നിലക്ക് ഉപദ്രവകരമായ സംഗതികളും അവന്‍ അനുവദിക്കുന്നത് വിശുദ്ധവും ആയിരിക്കും എന്നു തന്നെയാണ് വിശ്വാസികള്‍ മനസ്സിലാക്കുക. ഖുര്‍ആന്‍ അത് പറയുന്നുണ്ട്: ''അവരോട് അദ്ദേഹം (പ്രവാചകന്‍) സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു'' (അല്‍അഅ്റാഫ് 157). യഥാര്‍ഥ ജ്ഞാനത്തിന്റെ ചക്രവാളം വികസിക്കുംതോറും ഇക്കാര്യം  കൂടുതല്‍ കൂടുതല്‍ നമുക്ക് ബോധ്യപ്പെട്ടുകൊണ്ടിരിക്കും. ഇവിടെ മാറുന്നതും വികസിക്കുന്നതും മനുഷ്യരുടെ ബോധ്യങ്ങളാണ്,  മറിച്ച് സ്രഷ്ടാവിന്റെ ബോധനങ്ങളല്ല. ദൈവിക സന്മാര്‍ഗം അന്യൂനവും കാലാതിവര്‍ത്തിയായി മാറ്റങ്ങളില്ലാതെ നിലകൊള്ളേണ്ടതുമായ  ഒന്നാണല്ലോ.
ഹലാല്‍ എന്ന സങ്കല്‍പം  മുസ്‌ലിം ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുണ്ട്. ഉദാഹരണത്തിന്, സമ്പാദ്യവും സാമ്പത്തിക ഇടപാടുകളും ഹലാല്‍ ആകണമെങ്കില്‍ ശുദ്ധമായ മാര്‍ഗങ്ങളിലൂടെ സമ്പാദിച്ചതാവണം. മിച്ചമുള്ള ധനമാണെങ്കില്‍ സകാത്ത് കൊടുത്തിരിക്കണം.  ഹറാമായ  പലിശ,  കൈക്കൂലി പോലുള്ള അധാര്‍മിക സാമ്പത്തിക വിനിമയങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം. ധൂര്‍ത്തും ദുര്‍വ്യയവും ഒഴിവാക്കണം.  ലൈംഗിക ജീവിതം ഹലാല്‍ ആവണമെങ്കില്‍ നിബന്ധനകള്‍ പാലിച്ചുകൊണ്ട് വിവാഹം നടത്തണം. ഹലാല്‍ അല്ലാത്ത അശ്ലീലതയും അസാന്മാര്‍ഗിക ബന്ധങ്ങളും ഒഴിവാക്കണം. ആഹാരപാനീയങ്ങളില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാതെ നോക്കണം. അനുവദിക്കപ്പെട്ടവ മാത്രം ഭക്ഷിക്കണം.
ഹലാലിനു വിശാലമായ പരിപ്രേക്ഷ്യമുണ്ടെങ്കിലും ഭക്ഷണവുമായി ബന്ധപ്പെട്ടാണ് ആ  വാക്ക് പൊതുസമൂഹത്തിന് കൂടുതല്‍ പരിചയം. പാചകത്തിനുപയോഗിക്കുന്ന മാംസം നിബന്ധനകള്‍ക്കു വിധേയമായി അറുക്കപ്പെട്ടതായിരിക്കണം എന്ന നിര്‍ബന്ധം മുസ്‌ലിംകള്‍ക്കുണ്ട്. ഭക്ഷ്യയോഗ്യമായി കണക്കാക്കുന്ന ഉരുവിനെ  ഒരു മുസ്‌ലിം ദൈവനാമത്തില്‍ അറുത്തതാകണം. അല്ലെങ്കില്‍  അഹ്‌ലുല്‍  കിതാബ് എന്ന് വിളിക്കപ്പെടുന്ന  ക്രൈസ്തവ - യഹൂദ വിശ്വാസികള്‍  അറുത്തതായിരിക്കണം. എങ്കിലേ അത് ഹലാല്‍ ആവുകയുള്ളൂ. ഹലാല്‍ ആയതേ കഴിക്കാന്‍ പറ്റുകയുള്ളൂ. ഇത്തരം മാംസാഹാരത്തിന്റെ ലഭ്യതയാണ് ഹലാല്‍ ബോര്‍ഡുകളും ഹലാല്‍ സീലുകളും പൊതുവില്‍ സൂചിപ്പിക്കുന്നത്. മറ്റു ഭക്ഷണ വിഭവങ്ങള്‍ക്കൊന്നും ഇത്തരമൊരു സവിശേഷ നിബന്ധന ഇല്ല. മുട്ടയോ മീനോ പച്ചക്കറികളോ കഴിക്കുമ്പോള്‍ ഇത്തരം നിബന്ധനകളെക്കുറിച്ചൊന്നും ആലോചിക്കേണ്ടതില്ല.  ഇറച്ചിയുള്‍പ്പെടെ ഏത് ആഹാരവും പാകം ചെയ്തത് ആരാവണം എന്നതിന് മതപരമായ  നിബന്ധനകളൊന്നുമില്ല. വൃത്തിയുള്ളതും നല്ല നിലക്ക് സമ്പാദിച്ചതും ആയാല്‍ മതി. ഹലാലിനോടൊപ്പം ത്വയ്യിബ് എന്ന വാക്കാണ് ഭക്ഷണത്തിലെ സംശുദ്ധതയെ സൂചിപ്പിക്കാന്‍ ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുള്ളത്: ''അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയതില്‍നിന്ന് അനുവദനീയവും വിശിഷ്ടവും ആയത് ( ഹലാലന്‍ ത്വയ്യിബന്‍) നിങ്ങള്‍ തിന്നുകൊള്ളുക'' (അല്‍ മാഇദ 88). ആരോഗ്യകരവും ശുചിത്വപൂര്‍ണവുമായ ഭക്ഷണമാണത്. അതിജീവനവുമായി ബന്ധപ്പെട്ട ചില നിര്‍ബന്ധ ഘട്ടങ്ങളില്‍ മോശമായ ഭക്ഷണം  പോലും ഹലാല്‍ ആയേക്കാം, എന്നാല്‍ അത് ത്വയ്യിബ് ആകണമെന്നില്ല.
ശാസ്ത്രീയമായ അര്‍ഥത്തിലും ഹലാല്‍ രീതിയില്‍ അറുത്ത് ചോരകളഞ്ഞ മാംസമാണ് ഏറ്റവും മികച്ചത് എന്നു  വിലയിരുത്തപ്പെടുന്നു. മാംസം മൃദുവാകാനും ഉരു വേദന അനുഭവിക്കുന്നത് പരമാവധി കുറയാനുമൊക്കെ സാധ്യതയുള്ളത് ഹലാല്‍ രീതിയില്‍ അറുക്കുമ്പോഴാണെന്ന് ആ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.  അറവില്‍ ഏറ്റവും മാന്യമായ രീതി സ്വീകരിക്കാനാണ് പ്രവാചകന്‍ കല്‍പ്പിച്ചത്; 'അല്ലാഹു എല്ലാ കാര്യത്തിലും നന്മ ചെയ്യല്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു. അതിനാല്‍, നിങ്ങള്‍ കൊല്ലുന്നുവെങ്കില്‍ നല്ല നിലയില്‍ കൊല്ലുക. അറുക്കുന്നുവെങ്കില്‍ അറവ് നന്നാക്കുക. നിങ്ങളോരോരുത്തരും അതിന്റെ വായ്ത്തല മൂര്‍ച്ച കൂട്ടുകയും ഉരുവിന് ആശ്വാസം നല്‍കുകയും ചെയ്യട്ടെ' (മുസ്‌ലിം 5167). കാരുണ്യം നിലനിര്‍ത്തിക്കൊണ്ട് ഭക്ഷണം എന്ന അനിവാര്യതക്കു വേണ്ടി പരമാവധി പീഡനം കുറച്ചുകൊണ്ട് ദൈവിക നിര്‍ദേശപ്രകാരം അറവ് നിര്‍വഹിക്കുക എന്നതാണ് ഹലാല്‍ രീതി. ആ സമയത്തു തന്നെ അറുക്കുന്ന ആള്‍ കാരുണ്യവാനായ അല്ലാഹുവിന്റെ നാമം സ്മരിക്കുകയും ചെയ്യുന്നുണ്ടല്ലോ.
ഭക്ഷണകാര്യത്തില്‍  ഇത്രയേറെ നിഷ്‌കര്‍ഷ പുലര്‍ത്തുന്ന ഒരു മുസ്‌ലിം തുപ്പിയ ഭക്ഷണം കഴിക്കില്ല. ആരോപിക്കപ്പെടുംപോലെ മറ്റൊരാളുടെ ഭക്ഷണത്തില്‍ തുപ്പുകയുമില്ല. ഭക്ഷണത്തിലേക്ക് ഊതാന്‍ പോലും പാടില്ലെന്നാണ് പ്രവാചക പാഠം. തിര്‍മിദി റിപ്പോര്‍ട്ട് ചെയ്യുന്നു; ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം: 'കുടിക്കുന്ന വെള്ളത്തിന്റെ പാത്രത്തില്‍ ഊതുന്നതും അതിലേക്ക് ശ്വാസം വിടുന്നതും റസൂല്‍  വിരോധിച്ചിരിക്കുന്നു.' തിരുമേനിയുടെ ശീലത്തെക്കുറിച്ച് ഇബ്‌നുമാജയിലും കാണാം. ഇബ്‌നു അബ്ബാസ് പറയുന്നു: 'റസൂല്‍  ഒരിക്കല്‍ പോലും ഭക്ഷണത്തിലോ വെള്ളത്തിലോ ഊതിയിരുന്നില്ല. ഭക്ഷണപാത്രത്തിലേക്ക് ശ്വാസം വിടുകയും ചെയ്തിരുന്നില്ല.' ഇസ്ലാമിന്റെ ശുദ്ധി സങ്കല്‍പം പരിശോധിക്കുന്ന ആര്‍ക്കും ഇതിലൊന്നും അത്ഭുതം തോന്നേണ്ട കാര്യമില്ല. ദിവസവും അഞ്ചിലേറെ തവണ പല്ലു തേക്കുകയും ആരാധനയുടെ ഭാഗമായി അവയവങ്ങള്‍ കഴുകുകയും കുളി മതാനുഷ്ഠാനത്തിന്റെ ഭാഗമായി കാണുകയും ചെയ്യുന്ന മനുഷ്യര്‍ എങ്ങനെയാണ് ഭക്ഷണം ഊതിയോ തുപ്പിയോ മലിനമാക്കുക? ചിലര്‍ ഇതിനു തെളിവായി തുപ്പുനീരുമായി ബന്ധപ്പെട്ട പ്രവാചക ജീവിതത്തിലെ ഒരു സംഭവം സാമാന്യവല്‍ക്കരിച്ച് അവതരിപ്പിക്കാറുണ്ട്.  പ്രവാചകനെന്ന നിലക്കുള്ള അമാനുഷ സംഭവമായി  മാത്രമേ അതിനെ മനസ്സിലാക്കേണ്ടതുള്ളൂ. പ്രവാചകന്റെ തന്നെ കൃത്യമായ കല്‍പനകള്‍ നമുക്ക് മുന്നിലുള്ളപ്പോള്‍ സവിശേഷ സംഭവങ്ങളെ സാമാന്യവല്‍ക്കരിക്കേണ്ടതില്ല. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കേണ്ടതോ അനുകരിക്കാന്‍ സാധ്യമായതോ അല്ല. അല്ലെങ്കില്‍ മഹാന്മാരായ ഏതെങ്കിലും പ്രവാചക ശിഷ്യന്മാര്‍ അതനുകരിച്ചുകാണുമായിരുന്നു, അതുണ്ടായിട്ടില്ല.

മതങ്ങള്‍ പറയുന്നത്
ഭക്ഷണ നിയന്ത്രണങ്ങളും നിബന്ധനകളും ഇസ്ലാമില്‍ മാത്രമുള്ളതോ പുതിയതോ ആയ കാര്യമല്ല. നിലവിലുള്ള എല്ലാ മത- മതേതര  സമൂഹങ്ങളിലും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള നിയന്ത്രണങ്ങളുണ്ട്. ഇന്ത്യയിലെ ബ്രാഹ്മണ വിഭാഗം മാംസാഹാരങ്ങള്‍ കഴിക്കാറില്ല. മാംസാഹാരം ലഭ്യമല്ല എന്നു  സൂചിപ്പിക്കുന്ന നോണ്‍ വെജിറ്റേറിയന്‍ ബോര്‍ഡ് വെച്ചുകൊണ്ടാണ് അവര്‍ ഹോട്ടലുകള്‍ നടത്താറുള്ളത്. ഹൈന്ദവരാരും പൊതുവെ പട്ടിയിറച്ചി കഴിക്കാറില്ല. സിഖ് വിഭാഗക്കാര്‍ ജഡ്ക രീതിയില്‍ തയാറാക്കിയ മാംസാഹാരമാണ് കഴിക്കാറുള്ളത്. ജൂത മതക്കാര്‍ കോഷര്‍ ഫുഡിന്   മതപരമായ പ്രാധാന്യം കല്‍പിക്കുന്നവരാണ്.
ക്രിസ്ത്യാനികള്‍ പൊതുവില്‍ പാലിക്കാറില്ലെങ്കിലും ബൈബിളില്‍ പലതരത്തിലുള്ള ആഹാര നിയന്ത്രണങ്ങളുമുണ്ട്. ഉദാഹരണത്തിന് ബൈബിള്‍ പറയുന്നു: 'പന്നി ഇരട്ടക്കുളമ്പുള്ളതെങ്കിലും അത് അയവിറക്കുന്നതല്ല. അതു നിങ്ങള്‍ക്ക് അശുദ്ധമാണ്. ഇവയുടെ മാംസം നിങ്ങള്‍ ഭക്ഷിക്കരുത്. പിണം തൊടുകയുമരുത്. ഇവ നിങ്ങള്‍ക്ക് അശുദ്ധമാണ്' (ലേവ്യ പുസ്തകം, അധ്യായം 11 : 7,8). സാധാരണ ഗതിയില്‍ ഹിന്ദുക്കള്‍ക്ക് ഹലാല്‍ രീതിയില്‍  തയാറാക്കിയ ഭക്ഷണം കഴിക്കുന്നതിന് പ്രത്യേക വിലക്കുകളൊന്നുമില്ല. കാലങ്ങളായി അവരത് കഴിക്കുകയും ചെയ്യുന്നുണ്ട്. ക്രിസ്ത്യാനികളും തഥൈവ. അല്ലാഹു എന്നാല്‍ അന്യ ദൈവമാണെന്നും അന്യദൈവങ്ങളുടെ പേരില്‍  അറുത്തത് കഴിക്കാന്‍ പാടില്ലെന്നുമൊക്കെയാണ് ഹലാല്‍വിരുദ്ധ ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ ഇപ്പോള്‍  പ്രചരിപ്പിക്കുന്നത്. എന്നാല്‍ അത്തരമൊരു നിലപാട് തങ്ങള്‍ക്കില്ലെന്നാണ് ക്രൈസ്തവ നേതൃത്വവും പണ്ഡിതന്മാരും പറയുന്നത്. അറബ് ക്രിസ്ത്യാനികള്‍ സ്രഷ്ടാവായ ദൈവത്തെ സൂചിപ്പിക്കാന്‍ അല്ലാഹു എന്നു തന്നെയാണ് സാധാരണ പറയാറുള്ളത്.  ഇനി അന്യദൈവത്തിനോ വിഗ്രഹങ്ങള്‍ക്കോ  അറുത്തതാണെങ്കില്‍  പോലും കഴിക്കാം എന്ന പക്ഷക്കാരാണ് ക്രൈസ്തവ ഭൂരിപക്ഷം. പൗലോസ് കൊരിന്ത്യര്‍ക്കെഴുതിയ ലേഖനമൊക്കെയാണ് തെളിവായി അവരുദ്ധരിക്കാറുള്ളത്. ഗള്‍ഫ് നാടുകളിലൊന്നും  വിശ്വാസത്തിന്റെ  ഭാഗമായി ഹലാല്‍ ആഹാരം  ഒഴിവാക്കാന്‍ ശ്രമിക്കുന്ന  ക്രൈസ്തവ സഹോദരങ്ങളെ ഇതുവരെ കണ്ടിട്ടില്ല.  ഇപ്പോള്‍ കേരളത്തില്‍ സംഘ് പരിവാറിനോട് ചേര്‍ന്നു നിന്ന് ഇവരില്‍ ചിലര്‍ നടത്തുന്ന ഹലാല്‍വിരുദ്ധ കാമ്പയിന്‍ മറ്റു ചില വിദ്വേഷ പ്രചാരണങ്ങളുടെ തുടര്‍ച്ച മാത്രമായാണ് മനസ്സിലാക്കേണ്ടത്.   

വിദ്വേഷ പ്രചാരണങ്ങള്‍
കാസര്‍കോട്ട്  ഒരു മത പുരോഹിതന്‍ ഒരു സ്വകാര്യ ചടങ്ങില്‍ മന്ത്രിച്ചൂതുന്ന വീഡിയോ കാണിച്ച് കേരളത്തിലെ ഹോട്ടലുകള്‍ക്കെതിരെ ഗുരുതരമായ ആരോപണവുമായി സംഘ് പരിവാര്‍ രംഗത്തു വരികയായിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ തന്നെയാണ് വിദ്വേഷ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ഹോട്ടലുകള്‍ ഹലാലാക്കാന്‍ വേണ്ടി ഭക്ഷണത്തില്‍ തുപ്പുന്നു എന്നും അതിനാല്‍ ഹലാല്‍ ഭക്ഷണം നിരോധിക്കണം എന്നുമുള്ള പരിഹാസ്യ വാദമാണ് ഇവരുയര്‍ത്തിയത്. ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിക്കുന്നു എന്ന ആരോപണമുയര്‍ത്തി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനും നോക്കി.  ഒടുവില്‍ സ്വയം വെട്ടിലായെങ്കിലും  ഹലാല്‍ നിരോധനവുമായി കോടതി വരെ പോയി ഉത്തരം മുട്ടുകയും ചെയ്തു. എന്നാലും പലരീതിയില്‍ ഇപ്പോഴും  വിഷപ്രചാരണം തുടരുകയാണ്.
ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിനെതിരെ സംഘ് പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന വെറുപ്പുല്‍പാദനത്തിന്റെ കറന്റ് വേര്‍ഷന്‍ മാത്രമാണ് ഹലാല്‍ വിരുദ്ധവാദം. ഹിറ്റ്‌ലര്‍ ജൂതരോടു ചെയ്തതുപോലെ ഇന്ത്യന്‍ മുസ്‌ലിംകളെ ഭീകരവല്‍ക്കരിച്ച് ഗെറ്റോകളാക്കി ഒതുക്കിത്തീര്‍ക്കാമെന്നവര്‍ കരുതുന്നുണ്ട്. കുറേക്കാലം തീവ്രവാദ മുദ്ര ചാര്‍ത്തിയും  രാജ്യവിരുദ്ധത ആരോപിച്ചും മുസ്‌ലിം ചെറുപ്പക്കാരെ വേട്ടയാടി. പിന്നീട് പശുവിറച്ചിയുടെ പേരിലായി തല്ലിക്കൊലകള്‍. കോവിഡ് കാലത്ത് പോലും മീഡിയ പവറിന്റെ ബലത്തില്‍ മുസ്‌ലിം വിരുദ്ധത വ്യാപകമായി  പടര്‍ത്തപ്പെട്ടു. എന്നാല്‍   ഇത്തരം ഫാഷിസ്റ്റ് അജണ്ടകള്‍ക്ക് കേരളത്തില്‍ വിപണന സാധ്യത കുറവാണെന്ന് മനസ്സിലായപ്പോഴാണ് ലവ് ജിഹാദടക്കമുള്ള കസ്റ്റമൈസ്ഡ് വേര്‍ഷനുകള്‍ പരീക്ഷിച്ചത്.  ഇടതുപക്ഷത്തുള്ള ചിലരുടെ പിന്തുണയും ചില മാധ്യമങ്ങളുടെ കൈത്താങ്ങുമുണ്ടായിട്ടും ലവ് ജിഹാദ് ആരോപണം ഫ്‌ളോപ്പായി. ഇതിനിടയില്‍ സിറിയയും അഫ്ഗാനും  ആടു മേയ്ക്കലുമൊക്കെ തരം പോലെ ഇറക്കി നോക്കിയെങ്കിലും  കേരളത്തെ വര്‍ഗീയവല്‍ക്കരിക്കുന്നതില്‍ വേണ്ടത്ര വിജയിച്ചില്ല. അപ്പോഴാണ് പാലാക്കാരന്‍ ബിഷപ്പ് നാര്‍ക്കോട്ടിക്ക് ജിഹാദെന്ന നുണ ബോംബ് പൊട്ടിച്ചത്. പിന്നീട് അതില്‍ തൂങ്ങിയായി മുസ്‌ലിംവിരുദ്ധ പരാക്രമങ്ങള്‍. ചില മന്ത്രിമാര്‍ തന്നെ നേരിട്ട് പിന്തുണച്ചിട്ടും കണക്കുകള്‍ പുറത്തു വന്നപ്പോള്‍ ബിഷപ്പ് പുറത്തു വിട്ടത് വെറും വിഷപ്പുക മാത്രമാണെന്ന് നാട്ടുകാര്‍ക്ക് ബോധ്യമായി.
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പോലെ ഹലാല്‍വിരുദ്ധ കാമ്പയ്‌നിന് എരിവും പുളിയും പകര്‍ന്ന് ചില ക്രിസ്ത്യന്‍ തീവ്ര ഗ്രൂപ്പുകളും സംഘ് പരിവാറിനൊപ്പമുണ്ട്. സംഘികളുടെ ഒരു പടി മുന്നിലാണ് പലപ്പോഴും ഇവരുടെ വിദ്വേഷത്തിന്റെ ഗ്രാഫ്. ലൗ ജിഹാദ്,  ക്രൈസ്തവ സമൂഹത്തിന്റെ ആനുകൂല്യങ്ങള്‍ മുസ്‌ലിംകള്‍ തട്ടിയെടുക്കുന്നു തുടങ്ങിയ  അടിസ്ഥാനരഹിത പ്രചാരണങ്ങളിലൂടെയാണിവര്‍ ആദ്യം രംഗത്തിറങ്ങിയത്. പിന്നീടങ്ങോട്ട് സംഘികള്‍ക്കൊപ്പം നിന്ന് മുസ്‌ലിംവിരുദ്ധ രാഷ്ട്രീയത്തിന്റെ എരിതീയില്‍ എണ്ണയൊഴിക്കുന്നതാണ് നാം കണ്ടുകൊണ്ടിരുന്നത്. നിര്‍ഭാഗ്യവശാല്‍ ഔദ്യോഗിക ക്രൈസ്തവ നേതൃത്വം ഇവരുടെ അപകടകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ പലപ്പോഴും മൗനം പാലിക്കുകയാണ് ചെയ്യുന്നത്.

ഹലാല്‍ മാര്‍ക്കറ്റ്
ഇപ്പോള്‍ ഹലാല്‍വിരുദ്ധ പ്രചാരണങ്ങളിലൂടെ മുസ്‌ലിംകളെ സാമ്പത്തികമായി തകര്‍ക്കാമെന്ന് പരിവാര്‍ കണക്കു കൂട്ടുന്നു. വര്‍ഗീയ ധ്രുവീകരണത്തിലൂടെ മുസ്‌ലിം ഹോട്ടലുകള്‍ പൂട്ടിക്കാമെന്നവര്‍  വ്യാമോഹിക്കുന്നു. സംഘ് പരിവാര്‍ നടത്തിയ ദല്‍ഹി വംശഹത്യക്കു ശേഷം മുസ്‌ലിം കച്ചവടക്കാര്‍ക്കെതിരായി ഇതുപോലുള്ള വ്യാപക ബഹിഷ്‌കരണ ശ്രമങ്ങള്‍ നടന്നിരുന്നു.  ആര്‍.എസ്.എസിന്റെ മുഖപത്രമായ കേസരിയില്‍ ജനം ടി.വിയുടെ എഡിറ്റര്‍ എഴുതിയ ലേഖനത്തില്‍നിന്ന് ഹലാല്‍ വിവാദത്തിന്റെ  മറവില്‍ ഇവര്‍ മെനഞ്ഞെടുക്കുന്ന വ്യാജാരോപണങ്ങളുടെ ആഴം വ്യക്തമാവും. ലേഖനം പറയുന്നു: 'ഇത്തരം സ്ഥാപനങ്ങളുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് സകാത്തായി നല്‍കണം. ഇങ്ങനെ സകാത്തായി നല്‍കുന്ന തുകയില്‍ ഭൂരിപക്ഷവും ഭീകര വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നു എന്നാണ് അന്താരാഷ്ട്ര അന്വേഷണ ഏജന്‍സികള്‍ തന്നെ കണ്ടെത്തിയിട്ടുള്ളത്. ഇതര മതസ്ഥരുടെ പണം ഉപയോഗിച്ച്, അവരുടെ വരുമാന സ്രോതസ്സ് ഉപയോഗിച്ച്, ഇസ്‌ലാമിക മതപരിവര്‍ത്തനവും ഇസ്‌ലാമിക ഭരണത്തിനുള്ള ശ്രമവും നടത്തുന്നു എന്നതാണ് ഇതിന്റെ ശ്രദ്ധേയമായ വസ്തുത. ഹലാല്‍ സര്‍ട്ടിഫിക്കേഷനിലൂടെ നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ 2018-ല്‍ 1140 ദശലക്ഷം അമേരിക്കന്‍ ഡോളറായിരുന്നു. 2020-ല്‍ ഇത് 1200 ദശലക്ഷം ഡോളറായി കൂടി എന്നാണ് കണക്ക്. 2025-ഓടെ 1600 ദശലക്ഷം യു.എസ് ഡോളറിന്റെ ഇടപാട് നടത്തുന്ന സംവിധാനമായി ഹലാല്‍ മാറണം എന്നാണ് ഇസ്‌ലാമിക സംഘടനകള്‍ ലക്ഷ്യമിടുന്നത്. ഈ പണത്തിന്റെ മൂന്നിലൊന്നാണ് സകാത്തായി ഭീകരസംഘടനകളിലേക്ക് എത്തുന്നത്' (കേസരി. 2020 നവംബര്‍ 13).
സത്യത്തില്‍  ആഗോള  സാമ്പത്തിക മേഖലയിലെ ഒരു നിര്‍ണായക ഘടകം തന്നെയാണ് ഹലാല്‍ ഇന്‍ഡസ്ട്രി. ലോക മാര്‍ക്കറ്റില്‍ രണ്ടു ട്രില്യന്‍ ഡോളറിന്റെ ഷെയര്‍ ഹലാല്‍ മാര്‍ക്കറ്റിനുണ്ടെന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍   ഹലാല്‍ സമ്പദ് ഘടനയുടെ ഉപഭോക്താക്കള്‍ മുസ്‌ലിംകള്‍ മാത്രമല്ല. ശബരിമലയില്‍ ഹലാല്‍ മുദ്ര വെച്ച ശര്‍ക്കര വിതരണം ചെയ്യുന്നത് മഹാരാഷ്ട്രയിലെ അസ്സല്‍ ശിവസേന നേതാവാണ്. ഇന്ത്യയില്‍നിന്നുള്ള ഏറ്റവും വലിയ ഹലാല്‍ മാംസ കയറ്റുമതിക്കാരായ അല്‍കബീര്‍, അറേബ്യന്‍ എക്‌സ്‌പോര്‍ട്ട്, എം കെ.ആര്‍, പി.എം ഇന്റസ്ട്രീസ് എന്നീ   നാല് കമ്പനികളും ഹിന്ദുക്കളുടേതാണ്. കേരളത്തിലെ ഹലാല്‍വിരുദ്ധ പ്രചാരണങ്ങളില്‍ പ്രതിസന്ധിയിലായത് കൂടുതലും മുസ്‌ലിം ഹോട്ടലുകളായിരുന്നില്ല.  ഹലാലിന്റെ സാമ്പത്തിക മൂല്യവും വിപണന സാധ്യതകളും മനസ്സിലാക്കി എയര്‍ ഇന്ത്യ പോലെയുള്ള  വിമാന കമ്പനികളും വ്യാപാര കുത്തക സ്ഥാപനങ്ങളുമൊക്കെ ഹലാല്‍ വിഭവങ്ങള്‍ വിതരണം ചെയ്യാറുണ്ട്. ഇതിന്റെയൊന്നും ലാഭം അനുഭവിക്കുന്നത് ഏതെങ്കിലും ഒരു മത വിഭാഗമല്ല. എന്നിട്ടും ഹലാലിനെ  ഭീകരതയുമായൊക്കെ ബന്ധിപ്പിക്കണമെന്നുണ്ടെങ്കില്‍  വിശ്വസിക്കാന്‍  തലയില്‍ ചാരം പേറുന്ന അനുയായികള്‍ ഉണ്ടെന്ന ആത്മവിശ്വാസം മാത്രമാണ് കാരണം.
സര്‍ക്കാരും ഉത്തരവാദപ്പെട്ടവരും കാണിക്കുന്ന നിസ്സംഗ ഭാവമാണ് കേരളത്തിലെ ഇസ്ലാമോഫോബിയ പ്രായോജകരുടെ എന്നത്തെയും ആത്മവീര്യം. സമൂഹത്തെ അപകടകരമാംവിധം  ധ്രുവീകരിക്കുന്ന വാദങ്ങളുയര്‍ത്തുന്നവരെ പോലും  അരമനയില്‍ ചെന്നു കണ്ട് ഏത്തമിടാനും മഹത്വപ്പെടുത്താനും തയാറാകുന്ന അവസരവാദ രാഷ്ട്രീയമാണ് ഇവിടെ അരങ്ങേറുന്നത്. പറ്റേണ്ട പരിക്കുകളൊക്കെ പറ്റിയ ശേഷം പത്രസമ്മേളനം നടത്തി ഒരു പ്രസ്താവന ഇറക്കിയതുകൊണ്ട് സമൂഹത്തിലുണ്ടാവുന്ന മുറിവുകള്‍ ഉണങ്ങിക്കിട്ടുമോ? ലഘുലേഖ വായനക്കെതിരെ പോലും ചാര്‍ത്താന്‍ പറ്റിയ ഭീകര നിയമങ്ങള്‍ നമുക്കുണ്ടെങ്കിലും നാട്ടില്‍ ഭീകരത പടര്‍ത്തുന്ന വിദ്വേഷ പ്രചാരകര്‍ക്കെതിരെ നടപടി എടുക്കാന്‍ ഭരണകൂടത്തിന് വകുപ്പേയില്ല. 'ഇരകള്‍ മരുന്നിട്ടു കൊടുക്കാതെ നോക്കണം' എന്നതാണ് ഇവരുടെ നിയമവാഴ്ചയുടെ അടിസ്ഥാന തത്ത്വം. ഹലാലിനെതിരെയുള്ള കള്ളപ്രചാരണം നേരിടാന്‍ ഫുഡ് ഫെസ്റ്റ് നടത്തി ഹറാം വിതരണം ചെയ്യലാണ് ഇടത് യുവജന സംഘത്തിന്റെ  പോലും രാഷ്ട്രീയ ലൈന്‍. സംഘ് പരിവാറിന്റെ ഫാവറൈറ്റ് ലിസ്റ്റിലുള്ള ഹോട്ടലില്‍ പോയി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പോസ്റ്റിടലാണ് ദേശീയ നേതാവിന്റെ പോലും നിലപാടുതറ. ചങ്കുറപ്പോടെ ഫാഷിസ്റ്റ് പ്രചാരണങ്ങളെ നേരിട്ട് നിലപാടെടുക്കാന്‍ കെല്‍പ്പുള്ള  രാഷ്ട്രീയ നേതൃത്വം ഇല്ലാതെ പോകുന്നു എന്നതാണ് കേരളത്തിന്റെ ഏറ്റവും വലിയ ദൗര്‍ഭാഗ്യം. ഇതുപോലുള്ള രക്ഷകരെ കാത്തുനിന്ന് സമയം പാഴാക്കാതെ  ക്രിയാത്മകമായ സംവാദങ്ങള്‍ രൂപപ്പെടുത്തുകയും ആദര്‍ശപരവും സാംസ്‌കാരികവും രാഷ്ട്രീയവുമായ ചെറുത്തുനില്‍പ്പുകള്‍ നടത്തുകയും ചെയ്യുക എന്നതാണ് മുസ്‌ലിംകള്‍ക്ക് മുമ്പിലുള്ള ശരിയായ വഴി. സഹവര്‍ത്തിത്വത്തെയും വിശ്വാസ വൈവിധ്യത്തെയും സാംസ്‌കാരിക ബഹുസ്വരതയെയും മാനിക്കുന്ന വലിയൊരു പൗരസമൂഹം ഇപ്പോഴും നമുക്കു ചുറ്റും ബാക്കിനില്‍ക്കുന്നു എന്നതാണ് വലിയൊരു പ്രതീക്ഷ.
ദൈവിക മതമായ ഇസ്ലാം മിത്രങ്ങളാലും ശത്രുക്കളാലും നിരന്തരമായി ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു എന്നതാണ് ഓരോ വിവാദങ്ങളുടെയും കൗതുകകരമായ അനന്തര ഫലം. സമകാലിക ലോകത്ത് ഒരു റോളും നിര്‍വഹിക്കാനില്ലാത്ത 'പാവം മത' മായി നിലകൊള്ളാന്‍ ഇസ്ലാമിനാവില്ല. കാലത്തോടും ലോകത്തോടും നിലപാട് വ്യക്തമാക്കാതെ,  അനീതികളോടും അന്യായങ്ങളോടും കലഹിക്കാതെ സമൂഹ ജീവിതത്തില്‍നിന്ന് വെട്ടിമാറ്റപ്പെട്ട 'ആരാധനാ മതമായി'  ഒതുങ്ങാന്‍ ഇസ്ലാമിന് സാധ്യമേയല്ല. അതിനാല്‍ സ്വാഭാവികമായും എതിര്‍പ്പുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കും, ദുഷ്പ്രചാരണങ്ങള്‍ അലയടിച്ചുകൊണ്ടിരിക്കും, ദുരാരോപണങ്ങള്‍ മുഴങ്ങിക്കൊണ്ടിരിക്കും. ഇസ്ലാം  ശത്രുക്കളുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കും.
പക്ഷേ, അപ്പോഴും  സത്യാന്വേഷികള്‍ ഇസ്ലാമിന്റെ സുഗന്ധത്തിലേക്ക് നടന്നടുക്കും.  ഹലാല്‍  സംസ്‌കാരത്തിന്റെ രുചിയും മണവും അവരെ ആകര്‍ഷിച്ചുകൊണ്ടിരിക്കും. ഹലാല്‍ ജീവിതത്തിന്റെ വൃത്തിയും വെടിപ്പും അവര്‍ തിരിച്ചറിയും. ഹലാല്‍ എന്നൊരു വാക്കുകൊണ്ട് സത്യദീനിന്റെ വെളിച്ചത്തിന്റെ വാതിലുകള്‍ അവര്‍ക്കു മുമ്പില്‍ തുറക്കപ്പെടും. കാരണം 'അവനാണ് സന്മാര്‍ഗവും സത്യമതവുമായി തന്റെ ദൂതനെ അയച്ചവന്‍. എല്ലാ മതത്തെയും അത് അതിജയിക്കുന്നതാക്കാന്‍ വേണ്ടി. ബഹുദൈവവിശ്വാസികള്‍ക്ക് അത് അനിഷ്ടകരമായാലും' (അത്തൗബ 33). ഹലാല്‍ ഇനിയും ചര്‍ച്ച ചെയ്യപ്പെടട്ടെ.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍- 71-75
ടി.കെ ഉബൈദ്‌

ഹദീസ്‌

അനാഥരുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌