Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 10

3230

1443 ജമാദുല്‍ അവ്വല്‍ 05

മൂസാ നബിയുടെ ജനതയും ഇന്ത്യന്‍ മുസ്‌ലിംകളും

അബ്ദുസ്സമദ് അണ്ടത്തോട്‌

വിശുദ്ധ ഖുര്‍ആന്‍ കൂടുതല്‍ തവണ പേരെടുത്തു പറഞ്ഞ വ്യക്തി മൂസാ നബിയാണ്. അടുത്ത സ്ഥാനം ഫറോവക്കും. അതെന്തുകൊണ്ട് എന്ന ചോദ്യത്തിന് നല്‍കാന്‍ കഴിയുന്ന മറുപടി മൂസായും ഫറോവയും എന്നും ആവര്‍ത്തിക്കപ്പെടുന്നവയാണ് എന്നു തന്നെയാകും. മനുഷ്യരെ അടിമകളാക്കി നിലനിര്‍ത്താന്‍ മര്‍ദക ഭരണകൂടങ്ങള്‍ എന്നും ശ്രമിച്ചിട്ടുണ്ട്.  മൂസാ നബിയുടെ കാലത്തെ ഫറോവയെ കവച്ചുവെക്കാന്‍ മാത്രം മറ്റൊരു അഹങ്കാരിയും ക്രൂരനും ലോകത്ത് ജന്മം കൊണ്ടിരിക്കില്ല. മൂസാ നബിയുടെ സമൂഹമായിരുന്നു ബനൂ ഇസ്രാഈല്‍. മൂസാ നബിക്കു മുമ്പ് തന്നെ ആ സമൂഹം അവിടെ ജീവിച്ചിരുന്നു. യൂസുഫ് നബിയുടെ കാലം മുതല്‍ ബനൂ ഇസ്രാഈല്‍ ഈജിപ്തിലുണ്ട്.  അവരുടെ അന്നത്തെ അവസ്ഥ വര്‍ത്തമാന കാലത്ത് നമുക്ക്  ഇന്ത്യന്‍ മുസ്‌ലിംകളുമായി ചേര്‍ത്തു വായിക്കാന്‍ കഴിയും.
ഈ വിഷയകമായി ഡയലോഗ് സെന്റര്‍ കേരള പുറത്തിറക്കിയ  ശൈഖ് മുഹമ്മദ് കാരകുന്നിന്റെ 'ഈജിപ്തിലെ ഇസ്രാഈല്യരും ഇന്ത്യന്‍ മുസ്‌ലിംകളും' എന്ന പുസ്തകം ചരിത്രാന്വേഷികള്‍ക്ക് വളരെ സഹായകമാണ്. ബനൂ ഇസ്രാഈല്‍ ആദര്‍ശ സമൂഹമായിരുന്നുവെങ്കിലും പലതരം ജീര്‍ണതകള്‍ അവരെ ബാധിച്ചിരുന്നു. ഒരു ഇന്ത്യന്‍ സമൂഹത്തിന്റെ നേര്‍ക്കാഴ്ച എന്നു പറയാന്‍ കഴിയുന്ന തരത്തിലേക്ക് അത്തരം ജീര്‍ണതകള്‍ എത്തിച്ചേര്‍ന്നിരുന്നു.
ആറു തലക്കെട്ടുകളിലാണ് പുസ്തകം വിഷയം ചര്‍ച്ച ചെയ്യുന്നത്. നാം ജീവിക്കുന്ന ഇന്ത്യന്‍ സഹചര്യങ്ങളുമായി ചേര്‍ത്തു വെക്കാന്‍ കഴിയുന്ന പ്രവാചകനാണ് മൂസാ നബി. നമ്മുടെ നാട്ടില്‍ ഒരു ഫാഷിസ്റ്റ് ഭരണകൂടവും നിലനില്‍ക്കുന്നുണ്ട് എന്നതാണ്  താരതമ്യത്തിന്റെ അടിസ്ഥാനം. മൂസാ പ്രവാചകന് ഒരേസമയം രണ്ടു ദൗത്യങ്ങള്‍ നിര്‍വഹിക്കേണ്ടിവന്നു. ഒന്ന് നിലവിലുള്ള മുസ്‌ലിം സമൂഹത്തിന്റെ സംസ്‌കരണം. മറ്റൊന്ന് ഫാഷിസ്റ്റ് ഭരണകൂടത്തില്‍നിന്നുള്ള മോചനവും. ഫറോവയുടെ കൊട്ടാരത്തില്‍ വളര്‍ന്നു എന്ന പ്രത്യേകത മൂസാ പ്രവാചകനുണ്ട്. ഇസ്രായേല്‍ ജനതയെ ഭരണകക്ഷി കണ്ടിരുന്നത് മൃഗത്തേക്കാള്‍ മോശമായ രീതിയിലായിരുന്നു. വംശീയതയായിരുന്നു അവരുടെ അടിസ്ഥാനം. വംശീയത ഒരു രാഷ്ട്രീയ അടിത്തറയായാല്‍ എന്തൊക്കെ ദുരിതങ്ങള്‍ നേരിടേണ്ടിവരും എന്നതും പുസ്തകത്തില്‍ വിവരിക്കുന്നു.
വിശ്വാസ ജീര്‍ണത ഇസ്രായേല്യരുടെ മുഖമുദ്രയായിരുന്നു. അവസരം വന്നപ്പോള്‍ അവരില്‍ പലരും ഏകദൈവ വിശ്വാസത്തില്‍ വെള്ളം ചേര്‍ക്കാന്‍ ആരംഭിച്ചു. പ്രവാചകന്‍ ജീവിച്ചിരിക്കെത്തന്നെ പശുക്കിടാവിനെ ആരാധിക്കുക എന്ന ദുരന്തത്തിലേക്കു വരെ  അവര്‍ ചെന്നെത്തി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മതത്തിന്റെ മുഖമായി മാറി. പുരോഹിതര്‍ സമൂഹത്തില്‍ ഉന്നതസ്ഥാനീയരായി. പുണ്യ പുരുഷന്മാരുടെ മഖ്ബറകള്‍ ആരാധനാ കേന്ദ്രങ്ങളായി മാറി. അതേസമയം തന്നെ മരണഭയവും ഭൗതികാസക്തിയും അവരെ പിടികൂടി. ഒരു സമുദായം എന്ന നിലയില്‍ ഇന്ത്യന്‍ മുസ്‌ലിംകളിലും സമാനമായ സ്ഥിതിവിശേഷമു്. ഫാഷിസത്തില്‍നിന്ന് നിരന്തരമായി അവര്‍ പീഡനം ഏറ്റുവാങ്ങേണ്ടി വരുന്നു. അതേസമയം അവര്‍ക്കിടയില്‍ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും ഒരുപാട് നടക്കേണ്ടതായിട്ടുണ്ട്.
തികച്ചും വംശീയമായിരുന്നു ഫറോവയുടെ നിലപാട്. അതുകൊണ്ടുതന്നെ ബനൂ ഇസ്രാഈല്‍ എന്നും പിന്നാക്കക്കാരായി ജീവിക്കണം എന്നായിരുന്നു അയാളുടെ ജനതയായ ഖിബ്ത്വികള്‍ ആഗ്രഹിച്ചത്. ബനൂ ഇസ്രാഈല്‍ ജനത എന്നും ഖിബ്ത്വികളുടെ ഔദാര്യത്തില്‍ മാത്രം ജീവിക്കണം എന്നതായിരുന്നു നാട്ടിലെ നിയമം. പൗരത്വ നിയമഭേദഗതിയുടെ കാലത്ത് ഈ താരതമ്യം വളരെ പ്രസക്തമായി വരുന്നു. 
അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ മോചനം എന്നതില്‍ മൂസാ പ്രവാചകന്‍ കാര്യങ്ങള്‍ അവസാനിപ്പിച്ചില്ല. അവരുടെ സംസ്‌കരണം കൂടി അദ്ദേഹം അജണ്ടയില്‍ ഉള്‍പ്പെടുത്തി. ലക്ഷ്യബോധമില്ലാത്ത വിമോചനം ഫലം ചെയ്യില്ല. ഇന്ത്യന്‍ മുസ്‌ലിംകളില്‍ വേണ്ട രീതിയില്‍ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന് പറയാന്‍ കഴിയില്ല. പ്രവാചകന്മാരുടെ ദൗത്യം ഏറ്റെടുത്ത ഇസ്‌ലാമിക പ്രസ്ഥാനം നടത്തുന്ന സംസ്‌കരണ പ്രവര്‍ത്തനങ്ങളും അതിന്റെ മാര്‍ഗങ്ങളും ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നു. ചരിത്രം ഒരു കഥ എന്നതിനേക്കാള്‍ നമുക്ക് നല്‍കേണ്ടത് പാഠങ്ങളാണ്. മൂസാ പ്രവാചകനും ഇസ്രാഈല്‍ സമുദായവും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് നല്ല പാഠമാണ്. സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുന്ന ഭാഷയാണ് ഗ്രന്ഥകാരന്റേത്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍- 71-75
ടി.കെ ഉബൈദ്‌

ഹദീസ്‌

അനാഥരുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌