Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 10

3230

1443 ജമാദുല്‍ അവ്വല്‍ 05

ഡോ. ബിനു നൗഫല്‍

ഫസ്‌ന മിയാന്‍

ജീവിതം സൗമ്യവും അതോടൊപ്പം സമരോത്സുകവുമാക്കിയ നാല്‍പത്തൊന്നുകാരനായ ഡോ. ബിനു നൗഫലിന്റെ പൊടുന്നനെയുള്ള വേര്‍പാട് നാടിനെയും കുടുംബത്തെയും സഹപ്രവര്‍ത്തകരെയും കണ്ണീരിലാഴ്ത്തിക്കൊണ്ടായിരുന്നു. രണ്ടാഴ്ച മുമ്പ് ഈജിപ്ഷ്യന്‍ സഹപ്രവര്‍ത്തകന്റെ വേര്‍പാടിന്റെ വേദനയില്‍ രക്ഷിതാവിന്റെ വിധി സമാധാനത്തോടെ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞതായി ഫുജൈറ ഔര്‍ ഓണ്‍ സ്‌കൂളിലെ സഹാധ്യാപകനായ ജോസഫ് സാര്‍ അനുസ്മരണ സംഗമത്തില്‍ പങ്കുവെച്ചിരുന്നു.
ഹ്രസ്വമായ ആ ജീവിതം, കണ്ടറിഞ്ഞ ഓരോരുത്തര്‍ക്കും വലിയ പാഠപുസ്തകമാണ്. പഠനം ഒരു വ്രതം പോലെയായിരുന്നു. ഖുര്‍ആനും ലോക ചരിത്രവും നിരന്തരം വായിച്ചു. രസതന്ത്രത്തോടുള്ള ആവേശം അത്ഭുതപ്പെടുത്തുന്നതായിരുന്നു. ചമിീ രൃ്യേെമഹ ടലാശരീിറൗരീേൃ ്യെിവേലശെ,െ വമൃമരലേൃമശമെശേീി മിറ ുവീീേറലഴൃമറമശേീി എന്നതായിരുന്നു സമര്‍പ്പിച്ച ജവറ പ്രബന്ധം. വിജ്ഞാനാന്വേഷണത്തോടൊപ്പം ജ്ഞാനോല്‍പാദനമെന്ന മുസ്‌ലിം ദൗത്യത്തെ കുറിച്ച് ചുറ്റുമുള്ളവരെ ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു.
നാട്ടില്‍നിന്ന് ഫുജൈറയിലേക്ക് അവസാനമായി മടങ്ങുന്ന ദിവസം പാണ്ടിക്കാട് സെല്‍വാ കെയര്‍ ഹോമിലേക്ക്  വാട്ടര്‍ ബെഡുമായി എത്തിയ മനുഷ്യസ്‌നേഹി ഓര്‍മിപ്പിച്ച പാഠം എത്ര വലുതാണ്.
മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ചേര്‍ത്തു നിര്‍ത്തി. കലയും സ്‌പോര്‍ട്‌സും യാത്രയും സൗഹൃദങ്ങളും സംവാദങ്ങളും പൂവും കിളികളുമെല്ലാം ആഘോഷങ്ങളായിരുന്ന യുവപ്രതിഭയെയാണ് സംഘടനാ-രാഷ്ട്രീയ ബന്ധങ്ങള്‍ക്കതീതമായി എല്ലാവരും ഓര്‍ത്തെടുത്തത്. റസൂലിന്റെ സുന്നത്തുകളായിരുന്നു ആ ജീവിതം അത്രകണ്ട് സുന്ദരവും ധന്യവുമാക്കിയത്.
പാണ്ടിക്കാട് അലവി മാസ്റ്ററുടെ മകനാണ് ഡോ. ബിനു നൗഫല്‍. റിഷ്‌നയാണ് ഇണ. ഹാദിഫ്, ഹാനിഫ് ഹിന സഹ്ര്‍ എന്നിവര്‍ മക്കളാണ്. എസ്.ഐ.ഒ മലപ്പുറം ജില്ലാ സമിതിയംഗമായിരുന്നു. പ്രവാസി ഇന്ത്യ ഏരിയാ പ്രസിഡന്റായിരുന്ന അദ്ദേഹം ഐ.സി.സി ഫുജൈറ ഏരിയാ പ്രസിഡന്റായിരിക്കെയാണ് മരണം.

 

സി.ടി അബൂബക്കര്‍ ഹാജി


ജമാഅത്തെ ഇസ്‌ലാമി ഓമശ്ശേരി കാര്‍കുന്‍ ഹല്‍ഖാ അംഗമായ ചപ്പങ്ങാത്തൊടിക അബൂബക്കര്‍ ഹാജി കഴിഞ്ഞ ആഗസ്റ്റ് 28-ന് അല്ലാഹുവിലേക്ക് യാത്രയായി. പരമ്പരാഗതമായി വലിയ കര്‍ഷക കുടുംബമായിരുന്നു അബൂബക്കര്‍ ഹാജിയുടേത്. സ്ഥിരോത്സാഹിയായ അദ്ദേഹം കാര്‍ഷിക വിളവെടുക്കുമ്പോള്‍ അതില്‍ നല്ലൊരു ഭാഗം പാവപ്പെട്ടവര്‍ക്കും പളളി-മദ്‌റസകള്‍ക്കും ദാനം ചെയ്യുമായിരുന്നു. ഫലവൃക്ഷങ്ങളില്‍നിന്ന് ലഭിക്കുന്ന ആദ്യത്തെ വിളവും പച്ചക്കറി, കിഴങ്ങു വര്‍ഗങ്ങള്‍ എന്നിവയില്‍ ഏറ്റവും വലുതും നല്ലതും പള്ളികള്‍ക്ക് സംഭാവന നല്‍കി ലേലത്തില്‍ വില്‍ക്കാറുണ്ടായിരുന്നു. വലിയ തോതിലുള്ള വ്യക്തിബന്ധങ്ങളും ജാതിമതഭേദമന്യേയുള്ള രോഗസന്ദര്‍ശനവും അദ്ദേഹത്തിന്റെ ജീവിത മുദ്രയായിരുന്നു. ആദ്യനാളുകളില്‍ ശാന്തി ഹോസ്പിറ്റലില്‍ അഡ്മിറ്റാകുന്ന മുഴുവന്‍ രോഗികളെയും ദിനേന രണ്ടു തവണയെങ്കിലും സന്ദര്‍ശിക്കുകയും അത്യാവശ്യക്കാരെ കണ്ടെത്തി ഭക്ഷണവും മറ്റു സഹായങ്ങളും എത്തിച്ചുകൊടുക്കുകയും ചെയ്യുമായിരുന്നു. 
ഓമശ്ശേരിക്കടുത്ത തെച്ച്യാട് എന്ന സ്ഥലത്ത് പുവത്തിരി മലയില്‍ 35 കുടുംബങ്ങള്‍ക്കായി കുടിവെള്ളത്തിനായി കിണറും പമ്പ് ഹൗസും നിര്‍മിക്കുന്നതിനാവശ്യമായ സ്ഥലം ഓമശ്ശേരി ഇസ്‌ലാമിക് വെല്‍ഫെയര്‍ ട്രസ്റ്റിന് അദ്ദേഹം വിട്ടുനല്‍കി. വീടില്ലാത്ത മൂന്ന് കുടുംബങ്ങള്‍ക്ക് വീടു വെക്കാന്‍ നാല് സെന്റ് വീതം സ്ഥലം നല്‍കി. നാല് ആണ്‍മക്കളടക്കം ഏഴ് മക്കളുണ്ട്. ആണ്‍മക്കളില്‍ ഇളയവനായ സാജിദ് നേരത്തേ അല്ലാഹുവിലേക്ക് യാത്രയായി.

എ. മൊയ്തിന്‍ കുട്ടി ഓമശ്ശേരി

 

 

യു. ശരീഫ ടീച്ചര്‍

വളാഞ്ചേരിയിലെ യു. ശരീഫ ടീച്ചര്‍ (66) ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസാവസാനം അല്ലാഹുവിങ്കലേക്ക് യാത്രയായി. പ്രസ്ഥാന കുടുംബത്തില്‍ ജനിച്ച ശരീഫ ടീച്ചര്‍ പ്രസ്ഥാനത്തെ ഏറെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്തു. ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികള്‍ക്കാണ് ദീനീവിദ്യാഭ്യാസ ശിക്ഷണങ്ങള്‍ നല്‍കേണ്ടതെന്ന കാഴ്ചപ്പാട് പുലര്‍ത്തിയിരുന്ന പിതാവ് മുഹമ്മദ് സാഹിബ് 1950-കളില്‍ ഇസ്‌ലാമിക വനിതാ വിദ്യാഭ്യാസ രംഗത്ത് പ്രസിദ്ധിയാര്‍ജിച്ചിരുന്ന ചേന്ദമംഗല്ലൂര്‍ മദ്‌റസത്തുല്‍ ബനാത്തിലെ പഞ്ചവത്സര കോഴ്‌സില്‍ ചേര്‍ത്ത് മകളെ പഠിപ്പിച്ചു.
ശരീഫ ടീച്ചര്‍ തനിക്ക് ലഭിച്ച അറിവ് ധാരാളം വനിതകള്‍ക്ക് പകര്‍ന്നു നല്‍കി. വലമ്പൂരിലെ സി.കെ ഉസ്മാന്‍ സാഹിബാണ് അവരെ വിവാഹം ചെയ്തത്. ചെറുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഉസ്മാന്‍ സാഹിബിന് ശരീഫ ടീച്ചര്‍ എല്ലാ രംഗത്തും താങ്ങും തണലുമായി. വിവാഹം കഴിഞ്ഞയുടനെ രണ്ടു പേരും മൂവാറ്റുപുഴ മദ്‌റസത്തുല്‍ ബനാത്തില്‍ അധ്യാപകരായി പോയെങ്കിലും, താമസിയാതെ വലമ്പൂര്‍ പ്രദേശത്തുകാര്‍ ഉസ്മാന്‍ സാഹിബിനെ തങ്ങളുടെ പള്ളി ഖാദിയും ഖത്വീബുമായി നിശ്ചയിച്ചതിനാല്‍ ഇരുവരും തിരിച്ചെത്തി വലമ്പൂര്‍ പ്രദേശത്തെ തങ്ങളുടെ പ്രവര്‍ത്തന മേഖലയായി തെരഞ്ഞെടുത്തു. സാമ്പത്തിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങളില്‍ ഏറെ പിന്നാക്കം നിന്നിരുന്ന, പ്രസ്ഥാനത്തിന്റെ ശബ്ദം എത്തിയിട്ടില്ലാത്ത ആ കുഗ്രാമത്തെ സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും മാത്രമല്ല പ്രാസ്ഥാനികമായും വളര്‍ത്തിയെടുക്കാന്‍ അവരിരുവരും വളരെയധികം പരിശ്രമിച്ചു.
സാമ്പത്തിക പരാധീനതകളാല്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട നിസ്സഹായരായ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള ശ്രമമാണ് അവര്‍ ആദ്യം നടത്തിയത്. 12 പെണ്‍കുട്ടികള്‍ക്ക് ഒരു വീട്ടില്‍ വെച്ചു തുടങ്ങിയ വിദ്യാഭ്യാസ സംരംഭം പിന്നീട് 'അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ ലില്‍ ബനാത്താ'
യി മാറി. പട്ടിക്കാട്, വലമ്പൂര്‍, മണ്ണാര്‍ക്കാട് തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് അവിടെ ധാരാളം പെണ്‍കുട്ടികള്‍ ഓറിയന്റല്‍ എസ്.എസ്.എല്‍.സി കോഴ്‌സും സാമാന്യം ഖുര്‍ആന്‍, ഹദീസ് പോലുള്ള വിഷയങ്ങളില്‍ ദീനീവിജ്ഞാനവും നേടി.
വലമ്പൂര്‍, ശാന്തപുരം ഏരിയയുടെ ഭാഗമായിരുന്ന കാലത്ത് അവര്‍ ഏറെക്കാലം ശാന്തപുരം ഏരിയാ ഭാരവാഹിയും മലപ്പുറം ജില്ലാ സമിതിയംഗവുമൊക്കെയായി പ്രസ്ഥാന രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. ശാന്തപുരത്ത് നടക്കുന്ന അല്‍ജാമിഅ വാര്‍ഷിക പരിപാടിയിലും മറ്റു പ്രാസ്ഥാനിക പരിപാടികളിലും വളന്റിയര്‍ സേവനത്തിനായി അവര്‍ മുന്‍പന്തിയിലുണ്ടാകും.
മക്കള്‍: റഹ്മത്ത്, ബുഷ്‌റ, ഖദീജ, ശറഫുദ്ദീന്‍, ജസീം. മരുമക്കള്‍: ബഷീര്‍, ഫാറൂഖ്, സുനീറ, അനീസ.

കെ.കെ ഫാത്വിമ സുഹ്‌റ ശാന്തപുരം
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍- 71-75
ടി.കെ ഉബൈദ്‌

ഹദീസ്‌

അനാഥരുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌