Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 10

3230

1443 ജമാദുല്‍ അവ്വല്‍ 05

ഹലാലും കോഷറും തമ്മിലെന്ത്?

പി.കെ ജമാല്‍

ഇസ്‌ലാമിനോടുള്ള ശത്രുതയും മുസ്‌ലിംകളോടുള്ള വിരോധവും പ്രകടിപ്പിക്കാന്‍ കിട്ടുന്ന ഒരു അവസരവും തല്‍പരക്ഷികള്‍ പാഴാക്കാറില്ല. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഹലല്‍ ഭക്ഷണ തുപ്പല്‍ വിവാദങ്ങള്‍. ജീവിതത്തില്‍ ഹലാല്‍, ഹറാം പരിഗണിക്കണമെന്നത് ഇസ്‌ലാം മതത്തിന്റെ കണിശമായ കല്‍പനയാണ്. ഹലാല്‍ എന്നാല്‍ അനുവദനീയമായത്. മറ്റൊരാളുടെ അവകാശം ഹനിക്കാത്ത, മാലിന്യം കലരാത്ത, നിഷിദ്ധ വസ്തുക്കള്‍ ഉള്‍പ്പെടാത്തതെല്ലാം ഹലാല്‍ ആകുന്നു. അന്യായമായി കൈവശപ്പെടുത്തിയ അന്യരുടെ മുതല്‍, മാലിന്യം കലര്‍ന്നവ, ദൈവം നിഷിദ്ധമാക്കിയവ- ഇവയൊക്കെയാണ് ഹറാം. ഭക്ഷണത്തില്‍ മാത്രമല്ല, ജീവിതത്തിന്റെ സര്‍വ മേഖലകള്‍ക്കും ഹലാല്‍-ഹറാം പരിഗണന ബാധകമാണ്.
ഹലാല്‍ ഭക്ഷണത്തെക്കുറിച്ച് സവിശേഷമായി പറഞ്ഞാല്‍, ആഹരിക്കാന്‍ അനുവദനീയമായ പദാര്‍ഥം എന്നാണ് വിവക്ഷ. മദ്യം, പന്നിയിറച്ചി എന്നിവയോ അവ അടങ്ങിയ ഭക്ഷ്യപദാര്‍ഥങ്ങളോ അനുവദനീയമല്ല. അതുപോലെ അറവ് നടത്തുമ്പോള്‍ ദൈവനാമം ഉരുവിടുക, ഉരുവിന്റെ രക്തം വാര്‍ന്നു പോവുക തുടങ്ങിയ ചിട്ടകളും പാലിക്കേണ്ടതുണ്ട്. ധാര്‍മിക മാര്‍ഗത്തില്‍, സാമൂഹിക മര്യാദകള്‍ പാലിച്ച് ഒരുക്കിയ ഭക്ഷണം എന്നതിന്റെ സാക്ഷ്യമായാണ് അന്താരാഷ്ട്ര ഭക്ഷ്യ സംരംഭക രംഗത്ത് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഗണിക്കപ്പെടുന്നത്. ഹലാല്‍ ഭക്ഷണം എല്ലാവരും കഴിക്കണമെന്ന് ആരും നിര്‍ബന്ധിക്കുന്നില്ല. ഹലാല്‍ ഭക്ഷണം വേണം എന്ന് വിചാരിക്കുന്നവര്‍ക്ക് അത് മനസ്സിലാകാന്‍ വേണ്ടിയാണ് ഹലാല്‍ മുദ്ര.
ഇന്ന് സംഘ് പരിവാര്‍ ഫാഷിസ്റ്റ് സംഘടനകളും അവരുടെ താളത്തിനൊത്ത് തുള്ളുന്നവരും, മുസ്‌ലിം സമുദായത്തിന്റെ സാമ്പത്തികാടിത്തറ തകര്‍ക്കാനുള്ള മാര്‍ഗമായാണ് ഹലാല്‍ ഭക്ഷണത്തിനെതിരെയുള്ള പ്രചാരണങ്ങളെ കാണുന്നത്. ഇത്തരം ഹീന പ്രവര്‍ത്തനങ്ങള്‍ക്ക് നാസി ചരിത്രത്തില്‍ മാതൃക കണ്ടെത്താന്‍ കഴിയും. 

നാസികളും 'കോഷര്‍' ഭക്ഷണവും

1930 കാലഘട്ടത്തില്‍ ജര്‍മനിയിലെ നാസികള്‍ ജൂതന്മാരുടെ സാമ്പത്തിക നില തകര്‍ക്കാനായി അവരുടെ വ്യാപാര സ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടു. തങ്ങള്‍ കരുതിയതു പോലെ ബഹിഷ്‌കരണ ആഹ്വാനം ജനങ്ങള്‍ സ്വീകരിക്കുന്നില്ലെന്ന് കണ്ട നാസികള്‍ 'കോഷറി'ല്‍ കൈവെച്ചു. മുസ്‌ലിംകളുടെ 'ഹലാല്‍' എന്ന വാക്കിനു പകരം ജൂതന്മാര്‍ ഉപയോഗിക്കുന്ന വാക്കാണ് 'കോഷര്‍'. ജൂതന്മാരുടെ ഹോട്ടലുകളില്‍ വിളമ്പുന്ന കോഷര്‍ ഫുഡ് കഴിച്ചാല്‍ ആര്യന്മാര്‍ക്ക് രോഗങ്ങള്‍ വരുമെന്നായിരുന്നു ആദ്യ പ്രചാരണം. തുടര്‍ന്ന് ജൂതന്മാര്‍ ആഹാരപദാര്‍ഥങ്ങളില്‍ മലിന വസ്തുക്കള്‍ ചേര്‍ക്കുന്നുണ്ട്, തുപ്പുന്നുണ്ടണ്ട് എന്നൊക്കെയായി പ്രചാരണം. പുരോഹിതന്‍ മന്ത്രിച്ചൂതി അതില്‍ മൂത്രവിസര്‍ജനം നടത്തിയാണ് 'കോഷര്‍' ആക്കുന്നതെന്ന് വരെ അന്ന് ജര്‍മനിയില്‍ നാസികള്‍ പ്രചാരണം നടത്തി.
1933 ജനുവരി 30-ന് ഹിറ്റലര്‍ ജര്‍മനിയില്‍ അധികാരത്തിലേറി. ജര്‍മനിയിലെ ജൂതന്മാര്‍ക്കെതിരില്‍ സാമ്പത്തിക ബഹിഷ്‌കരണ നടപടികള്‍ ആവിഷ്‌കരിച്ച് ജൂതസമൂഹത്തെ നാനാരൂപേണ ശ്വാസം മുട്ടിക്കാനാണ് നാസി നേതൃത്വം തീരുമാനിച്ചത്. നാസി പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളാണ് 'ബോയ്‌കോട്ട് ഓപ്പറേഷന്‍' നീക്കങ്ങളുമായി രംഗത്തുണ്ടായിരുന്നത്. ഒരു ദിവസത്തിന്റെ മാത്രം ആയുസ്സുണ്ടായിരുന്ന ഈ ബഹിഷ്‌കരണാഹ്വാനം ജര്‍മന്‍ ജനത അവഗണിക്കുകയും ജൂതന്മാരുടെ കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നത് അവര്‍ തുടരുകയും ചെയ്തു. എന്നാലും ഭാവിയില്‍ ജൂത ജനതക്കെതിരെ ദേശവ്യാപകമായി നടക്കാനിരിക്കുന്ന കാമ്പയിന്റെ തുടക്കമായിത്തീര്‍ന്നു അത്.
അന്താരാഷ്ട്ര തലത്തില്‍ ജര്‍മനിയെ വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന ജൂത സമൂഹത്തോടുള്ള തങ്ങളുടെ പ്രതികരണമാണ് ബോയ്‌ക്കോട്ട് നീക്കങ്ങളെന്ന് നാസികള്‍ ന്യായീകരിച്ചു. അമേരിക്കന്‍ പത്രങ്ങള്‍ ബോയ്‌കോട്ട് വാര്‍ത്തകള്‍ വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതിനാല്‍ നാസി ജര്‍മനിയെ ലോകം മുഴുവന്‍ വിമര്‍ശിച്ചു.
1933-ല്‍ ആറു ലക്ഷം ജൂതന്മാരാണ് ജര്‍മനിയില്‍ ഉണ്ടായിരുന്നത്, അതായത് മൊത്തം ജനസംഖ്യയില്‍ ഒരു ശതമാനത്തില്‍ താഴെ. മഹാ കവികള്‍ക്കും കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും സംഗീതജ്ഞര്‍ക്കും ജന്മം നല്‍കിയ മഹത്തായ പാരമ്പര്യം പേറുന്ന ജര്‍മനിയിലെ പൗരന്മാരാണ് തങ്ങള്‍ എന്നതില്‍ അഭിമാനം കൊള്ളുന്നവരായിരുന്നു ജൂതജനത. ഒന്നാം ലോക യുദ്ധത്തില്‍ ഒരു ലക്ഷത്തോളം ജൂതന്മാര്‍ സൈനിക സേവനരംഗത്തുമുണ്ടായിരുന്നു. പലരും ധീരതക്ക് പുകള്‍പെറ്റവരുമായിരുന്നു. ജൂതന്മാര്‍ ഗവണ്‍മെന്റില്‍ പ്രധാന പദവികള്‍ അലങ്കരിച്ചിരുന്നു. ജര്‍മനിയിലെ അതിപ്രശസ്ത യൂനിവേഴ്‌സിറ്റികളില്‍ പഠിച്ചവരുമായിരുന്നു അവരൊക്കെ. 1905 മുതല്‍ 1936 വരെയുള്ള കാലയളവില്‍ സാഹിത്യകാരന്മാര്‍ക്കും ശാസ്ത്രജ്ഞന്മാര്‍ക്കുമായി 38 നോബല്‍ പുരസ്‌കാരങ്ങള്‍ ജര്‍മനിക്ക് ലഭിച്ചതില്‍ 14 എണ്ണവും കൈയടക്കിയത് ജൂതന്മാരായിരുന്നു. ജൂതന്മാരും ജൂതന്മാര്‍ അല്ലാത്തവരുമായുള്ള വിവാഹം സാര്‍വത്രികമായിരുന്നു. എന്നിട്ടും സാമൂഹിക രംഗത്തും തൊഴില്‍ മേഖലയിലും പല വിവേചനങ്ങള്‍ക്കും ജൂത ജനതക്ക് ഇരയാകേണ്ടിവന്നു. ജര്‍മന്‍കാരായ തങ്ങള്‍ക്ക് ശോഭന ഭാവിയാണുള്ളതെന്ന്, ഈ പ്രതികൂല സാഹചര്യങ്ങളിലും ജൂതജനത വിശ്വസിച്ചു. ജര്‍മന്‍ ഭാഷ സംസാരിച്ച അവര്‍ ജര്‍മനിയെ തങ്ങളുടെ മാതൃഗേഹമായി കരുതി.

ദേശവ്യാപക ബഹിഷ്‌കരണം

1933-ലാണ് നാസികള്‍ ജൂത ജനതക്കെതിരില്‍ ദേശവ്യാപക ബഹിഷ്‌കരണ കാമ്പയിനുമായി  രംഗത്തു വന്നത്. നാസി ജര്‍മനിയുടെ കീര്‍ത്തി കെടുത്തുന്ന മാധ്യമ പ്രചാരവേലകള്‍ക്കും, അന്താരാഷ്ട്ര തലത്തില്‍ അഭിപ്രായ രൂപവത്കരണത്തിനും വിദേശത്തുള്ള ജൂതന്മാര്‍ നടത്തുന്ന ശ്രമങ്ങളോടുള്ള പ്രതികരണവും പ്രതികാരവുമായാണ് നാസികള്‍ ബഹിഷ്‌കരണ കാമ്പയിനെ കണ്ടത്. ജൂത വംശഹത്യയെ പെരുപ്പിച്ചു കാണിച്ച് അന്താരാഷ്ട്ര പത്രങ്ങളിലും മാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുന്ന വിശകലനങ്ങള്‍ ജര്‍മനിയുടെ കീര്‍ത്തി ധാവള്യത്തിന് മങ്ങലേല്‍പ്പിക്കുന്നതായി നാസികള്‍ ആരോപിച്ചു.
ബഹിഷ്‌കരണ ദിവസം, നാസി 'സ്റ്റോം ട്രൂപേര്‍സ്' ജൂതന്മാരുടെ ഉടമസ്ഥതയിലുള്ള ഷോപ്പുകളുടെ മുന്നിലും ജൂതന്മാരായ ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, നേതാക്കന്മാര്‍ തുടങ്ങിയവരുടെ വസതികള്‍ക്കു മുന്നിലും പ്ലക്കാര്‍ഡുകളുമായി നിലയുറപ്പിച്ചു. ആയിരക്കണക്കിന് വീടുകളുടെ വാതിലുകളിലും ജനലുകളിലും ചുമരുകളിലും രേഖപ്പെടുത്തിയ ദാവീദ് നക്ഷത്രമുദ്രകള്‍ പെയിന്റടിച്ച് വികൃതമാക്കിയും തെരുവുകള്‍ തോറും സെമിറ്റിക് വിരുദ്ധ മുദ്രാവാക്യം മുഴക്കിയും അന്തരീക്ഷം കലുഷമാക്കി. 'ജൂതന്മാരില്‍നിന്ന് വാങ്ങരുത്', 'ജൂതന്മാര്‍ നമ്മുടെ ദുര്യോഗം', 'ജൂതന്മാര്‍ വിപത്താണ്' തുടങ്ങിയ പോസ്റ്റുകള്‍ നാടുനീളെ പതിച്ചു. ജൂത വ്യക്തികളെയും ജൂതന്മാരുടെ സ്വത്തുവകകളെയും വകവരുത്തലായിരുന്നു അടുത്ത പടി. പോലീസ് ഇടപെടല്‍ അത്യപൂര്‍വമായിരുന്നു. ബഹിഷ്‌കരണ ആഹ്വാനം വന്ന് ഒരാഴ്ച പിന്നിട്ടപ്പോള്‍ ഗവണ്‍മെന്റ് ജോലികള്‍ 'ആര്യവംശ'ത്തിനു മാത്രം സംവരണം ചെയ്തുകൊണ്ടുള്ള നിയമം കൊണ്ടുവന്നു. സ്‌കൂളുകളിലും യൂനിവേഴ്‌സിറ്റികളിലുമുള്ള അധ്യാപകര്‍ ഉള്‍പ്പെടെ ജൂത ജീവനക്കാരെയും ഉദ്യോഗസ്ഥരെയുമെല്ലാം ജോലിയില്‍നിന്ന് പിരിച്ചുവിട്ടു.
ഒരു മതപുരോഹിതന്റെ മന്ത്രോച്ചാരണവും മന്ത്രിച്ചൂതലും പ്രശ്‌നവത്കരിച്ച് നാടുനീളെ നടത്തുന്ന പ്രചാരവേലകളെയും 'കോഷര്‍' ഭക്ഷണത്തിനെതിരില്‍ നടത്തിയ ദുഷ്ട നീക്കങ്ങളെയും ഒരേ കണ്ണ് കൊണ്ടാണ് കാണേണ്ടത്. വംശവെറി പൂണ്ട നാസികള്‍ കിട്ടിയ സന്ദര്‍ഭങ്ങളിലെല്ലാം ജൂതവിരോധം ആളിക്കത്തിക്കാന്‍ ശ്രമിച്ച പോലെ, മുസ്‌ലിം വിരോധത്തിന്റെ തീക്കനല്‍ ഊതിക്കത്തിക്കാനാണ് ഇന്ത്യയിലെ ഫാഷിസ്റ്റുകള്‍ രാപ്പകല്‍ഭേദമന്യേ അധ്വാനിച്ചുകൊണ്ടിരിക്കുന്നത്. വെറുപ്പിന്റെ ഈ വ്യാപാരികള്‍ക്ക് വീണുകിട്ടുന്നതെല്ലാം എളുപ്പത്തില്‍ ലാഭത്തില്‍ വിറ്റഴിക്കാവുന്ന ചരക്കുകളാണ്.
ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ ജര്‍മനിയില്‍ നാസികള്‍ പടിപടിയായി നടത്തിയ പീഡനപര്‍വങ്ങളുടെ ചരിത്രത്തിലൂടെ കണ്ണോടിച്ചാല്‍ മനസ്സിലാകും, 'നാസിപ്രേതം' ആവേശിച്ച ജനക്കൂട്ടം അതേ മാതൃക തന്നെയാണ് ലോകമെങ്ങും പിന്തുടരുന്നത് എന്ന വസ്തുത.

ജനാധിപത്യ കശാപ്പില്‍ തുടക്കം

1933 ജനുവരി 30-ന് അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജര്‍മന്‍ ചാന്‍സ്‌ലറായി അധികാരമേറ്റു. ജര്‍മന്‍ ഗവണ്‍മെന്റില്‍ ഏറ്റവും അധികാരമുള്ള പദവി. നാഷ്‌നല്‍ സോഷ്യലിസ്റ്റ് ജര്‍മന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി(നാസി പാര്‍ട്ടി)യുടെ തേരാളിയും ഹിറ്റ്‌ലര്‍ തന്നെ. ജര്‍മന്‍ ജനസംഖ്യയുടെ 33 ശതമാനത്തിന്റെ വോട്ട് നേടിയായിരുന്നു നാസികളും അധികാരത്തിലേറിയത്. അധികാരമേറ്റ ഹിറ്റ്‌ലറുടെ ആദ്യനീക്കം ജര്‍മന്‍ ജനാധിപത്യത്തിന് അന്ത്യം കുറിക്കാനായിരുന്നു. പ്രസ്, സ്പീച്ച്, അസംബ്ലി എന്നിവ സസ്‌പെന്റ് ചെയ്യാന്‍ അനുമതി നല്‍കുന്ന ഭരണഘടനാ വകുപ്പുകള്‍ അടിയന്തരമായി എടുത്തുപയോഗിക്കേണ്ടതിന്റെ ആവശ്യകത ഹിറ്റ്‌ലര്‍ കാബിനറ്റിനെ ബോധ്യപ്പെടുത്തി. ഗെസ്റ്റപ്പോ, സ്‌റ്റോം ട്രൂപേഴ്‌സ് (എ.എ), എസ്.എന്‍ എന്നീ സെക്യൂരിറ്റി ഫോഴ്‌സ് വിഭാഗം, ലിബറല്‍, കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് നേതാക്കളെ വ്യാപകമായി അറസ്റ്റ് ചെയ്യുകയും പലരെയും കൊന്നുകളയുകയും ചെയ്തു. അധികാരലബ്ധിയെ തുടര്‍ന്ന് നാസികള്‍ തങ്ങളുടെ വംശീയ സിദ്ധാന്തങ്ങള്‍ പ്രയോഗവത്കരിച്ചു തുടങ്ങി. ജര്‍മന്‍കാര്‍ വംശീയമായി ഉന്നത ശ്രേണിയില്‍ നിലകൊള്ളുന്നവരാണെന്ന് നാസികള്‍ വിശ്വസിച്ചു. ഉന്നത ശ്രേണിയില്‍ വിരാജിക്കുന്ന 'സവര്‍ണ ജര്‍മന്‍കാര്‍'ക്കും അധഃസ്ഥിത വിഭാഗമായ 'അവര്‍ണര്‍'ക്കുമിടയില്‍ അതിജീവനത്തിനു വേണ്ടിയുള്ള നിരന്തര സംഘട്ടനമാണ് നടക്കുന്നതെന്ന് അവര്‍ പ്രചരിപ്പിച്ചു. 'ജര്‍മന്‍ ആര്യന്‍' വംശ വിശുദ്ധി നശിപ്പിക്കാനുള്ള ഹീന ജന്മങ്ങളാണ് ജൂതന്മാരും ജിപ്‌സി(റോമ)കളുമെന്ന് അവര്‍ ആരോപിച്ചു. 'മാസ്റ്റര്‍ റേസ്' എന്ന വിശേഷണത്തിന് അര്‍ഹര്‍ ഒരേയൊരു വിഭാഗം മാത്രമേയുള്ളൂ-'ജര്‍മന്‍ ആര്യന്‍.' ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന ജൂതന്മാര്‍ 'താഴ്ന്ന ജാതി'യായിരുന്നു അവരുടെ കണ്ണില്‍. ജര്‍മനിയുടെ സാമ്പത്തിക തകര്‍ച്ചക്കും ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മനിയുടെ പരാജയത്തിനും കാരണക്കാര്‍ ജൂതന്മാരാണെന്ന് അവര്‍ വാദിച്ചു. 1933-ല്‍ പാസ്സാക്കിയ നിയമമനുസരിച്ച് ജൂതന്മാര്‍ ഗവണ്‍മെന്റ് ഉദ്യോഗങ്ങള്‍, യൂനിവേഴ്‌സിറ്റികള്‍, കോടതികള്‍ തുടങ്ങി സാമൂഹിക ജീവിതത്തിന്റെ സര്‍വ തുറകളില്‍നിന്നും പുറം തള്ളപ്പെട്ടു. ജൂതന്മാരെ രണ്ടാംതരം പൗരന്മാരാക്കി നിയമം കൊണ്ടുവന്നു. പുതുതായി ചുട്ടെടുത്ത നിയമങ്ങളും പൗര ചട്ടങ്ങളും ജൂതന്മാരുടെ ദൈനംദിന ജീവിത വ്യവഹാരങ്ങളെ തടസ്സപ്പെടുത്തി. ജീവിതം ദുസ്സഹമായി. പബ്ലിക് സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. സിനിമാശാലകള്‍, റിസോര്‍ട്ടുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ജൂതന്മാര്‍ക്ക് പ്രവേശന വിലക്കുണ്ടായി. ജര്‍മന്‍ നഗരങ്ങളുടെ ചില ഭാഗങ്ങളില്‍ താമസിക്കാന്‍ പോലും അനുമതി ജൂത കുടുംബങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടു. 1937-1939 വരെയുള്ള കാലയളവില്‍ ജര്‍മനിയുടെ സാമ്പത്തിക ജീവിതത്തില്‍നിന്ന് ജൂതന്മാരെ അകറ്റിനിര്‍ത്തി. ജൂതന്മാരുടെ ഉടമസ്ഥതയിലുള്ള ബിസിനസ് സ്ഥാപനങ്ങള്‍ നാസികള്‍ പിടിച്ചെടുത്തു. തുഛ വിലയ്ക്ക് അവ വിറ്റ് നാടുവിടാന്‍ നിരവധി ജൂത ബിസിനസ്സുകാര്‍ നിര്‍ബന്ധിതരായി.

'പൊട്ടിച്ചിതറിയ ഗ്ലാസുകളുടെ രാത്രി'

1938-ല്‍ നാസികള്‍ ഒരു കലാപത്തിന് തിരികൊളുത്തി. 'ക്രിസ്റ്റല്‍ നാഷ്ത്' എന്ന പേരില്‍ കുപ്രസിദ്ധമായ ആ കലാപം 'പൊട്ടിച്ചിതറിയ ഗ്ലാസ്സുകളുടെ രാത്രി' (Night of Broken Glass) ജര്‍മന്‍ -ആസ്ത്രിയന്‍ ജൂതരെ ലക്ഷ്യമിട്ടായിരുന്നു. സിനഗോഗുകളും ജൂത ഉടമസ്ഥതയിലുള്ള ഷോപ്പുകളും ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകളും തകര്‍ത്തു തരിപ്പണമാക്കിയ ആ സംഹാരതാണ്ഡവം നിരവധി ജൂതരെ അറസ്റ്റ് ചെയ്തും വീടുകള്‍ കൊള്ളയടിച്ചും അനേകമാളുകളെ കൊന്നൊടുക്കിയുമാണ് അവസാനിച്ചത്. ജൂതന്മാരായിരുന്നു പീഡനങ്ങളുടെ യഥാര്‍ഥ ഉന്നമെങ്കിലും തങ്ങളേക്കാള്‍ 'താഴ്ന്ന പടി'യിലുള്ള സര്‍വ ജനവിഭാഗങ്ങളെയും അവര്‍ ലക്ഷ്യമിട്ടു. 'തെരഞ്ഞെടുത്ത ആര്യ ബീജങ്ങളി'ല്‍നിന്നുള്ള പ്രജനനത്തിന് ശാസ്ത്രജ്ഞന്മാര്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചു. മനുഷ്യവംശത്തിന്റെ 'ഗുണമേന്മ'ക്ക് അതാവശ്യമാണെന്ന് അവര്‍ കൊട്ടിഘോഷിച്ചു. വെളുത്ത കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാനുള്ള സൂത്രവിദ്യകള്‍ ഇന്ത്യയിലെ ഫാഷിസ്റ്റാചാര്യന്മാരും ഉപദേശിച്ചുതരികയുണ്ടായല്ലോ. നിര്‍ബന്ധിത വന്ധ്യംകരണ പരിപാടിയിലൂടെ ആര്യന്മാര്‍ അല്ലാത്തവരുടെ ജനനവും തടഞ്ഞു. ശാരീരികമായും മാനസികമായും രോഗികളായി മുദ്രകുത്തപ്പെട്ട മൂന്നര ലക്ഷം ആളുകളെയാണ് ഈ വിധം വന്ധ്യംകരിച്ചത്. ജിപ്‌സികളും കറുത്ത വര്‍ഗക്കാരും ആര്യന്‍ വംശത്തില്‍നിന്ന് വിവാഹം കഴിക്കുന്നത് നിയമവിരുദ്ധമാക്കി. തങ്ങള്‍ക്ക് അനഭിമതരായ രാഷ്ട്രീയ നേതാക്കളെയും തൊഴിലാളി നേതാക്കളെയും രാജ്യദ്രോഹികളായി പ്രഖ്യാപിച്ച് ജയിലുകളില്‍ അടച്ചു 25000-ല്‍പരം യഹോവാ സാക്ഷികളും തടവറയിലായി. അവരുടെ സംഘടനയെ നിരോധിക്കുകയും രാജ്യദ്രോഹികളായി ചാപ്പകുത്തുകയും ചെയ്തു. ജര്‍മന്‍ പട്ടാളത്തില്‍ സേവനമനുഷ്ഠിക്കുന്നത് നിരുത്സാഹപ്പെടുത്തിയിരുന്നു അവര്‍. പൗരന്മാര്‍ക്ക് ലഭിക്കേണ്ട സമസ്ത അവകാശങ്ങളും അവര്‍ക്ക് നിഷേധിക്കപ്പെട്ടു. മക്കള്‍ അനാഥരായി. പലരും ഗ്യാസ് ചേമ്പറുകളില്‍ തള്ളപ്പെട്ടു. 'അവസാന സ്‌നാന'ത്തിന് വിധിക്കപ്പെട്ടു.
മുസ്‌ലിംകളുടെ ഹലാല്‍ ഭക്ഷണം പോലെയാണ് ജൂതരുടെ കോഷര്‍ ഭക്ഷണം. ജൂത നിയമം നിഷ്‌കര്‍ഷിക്കുന്ന ചിട്ടകളും ചട്ടങ്ങളും പാലിച്ച് തയാറാക്കുന്ന ഭക്ഷണമാണ് കോഷര്‍ ഫുഡ്. മതനിയമങ്ങള്‍ പാലിക്കണമെന്ന് നിഷ്‌കര്‍ഷ പുലര്‍ത്തുന്ന ജൂതമത വിശ്വാസികള്‍ അത് തങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് നിദാനമായി കാണുന്നു. ഹീബ്രു പദമായ 'കാഷര്‍' ആണ് കോഷര്‍ എന്ന വാക്കിന്റെ ഉല്‍പത്തി. പരിശുദ്ധം, ചട്ടപ്പടി തയാറാക്കിയത്, ഭക്ഷ്യയോഗ്യം എന്നെല്ലാമാണ് അര്‍ഥം. തൗറാത്തില്‍ സൂചിപ്പിച്ച 'കാഷ്‌റത്' എന്ന ആഹാര നിയമങ്ങളാണ് ഇതിനടിസ്ഥാനം. അനുവദനീയവും നിഷിദ്ധവുമായ ആഹാരപദാര്‍ഥങ്ങള്‍, മാംസങ്ങള്‍ ഇവയെല്ലാം കോഷര്‍ നിയമസംഹിതയില്‍ വിശദീകരിച്ചിട്ടുണ്ട്- ചില വിരുദ്ധാഹാരങ്ങളുടെ പട്ടികയും ഈ നിയമസംഹിതയില്‍ വായിക്കാം.
ചുരുക്കത്തില്‍, 'കോഷര്‍ ഫുഡ്' എന്നാല്‍ ജൂത പുരോഹിതന്മാര്‍ തുപ്പി വിശുദ്ധമാക്കിയ ആഹാരം എന്ന് പറയാത്തതു പോലെത്തന്നെ 'ഹലാല്‍ ഫുഡ്' എന്നാല്‍ മുസ്‌ലിം പുരോഹിതന്മാരും മുസ്‌ലിയാക്കന്മാരും തുപ്പിയും മന്ത്രിച്ച് ഊതിയും വിശുദ്ധമാക്കിയത് എന്നും അര്‍ഥമില്ല. അത്തരം അര്‍ഥങ്ങള്‍ കല്‍പിക്കുന്നതാണ് ഫാഷിസം. നാസി ജര്‍മനിയിലെ സ്റ്റോം ട്രൂപേഴ്‌സും എസ്.എയും എസ്.എസും ചെയ്തതേ ഇവിടെ അവരുടെ പിന്മുറക്കാരും ചെയ്യുന്നുള്ളൂ. ജര്‍മനിയില്‍ കോഷര്‍ ബഹിഷ്‌കരണത്തിന് ഇരയായവര്‍, ഇന്ന് വേട്ടക്കാരായ നാസികളുടെ പിന്മുറക്കാര്‍ക്കൊപ്പമാണെന്നത് വിരോധാഭാസം.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍- 71-75
ടി.കെ ഉബൈദ്‌

ഹദീസ്‌

അനാഥരുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌