ബോബാ, നമ്മുടെ ശബ്ദവും അവര്‍ കട്ടെടുത്തോ..?
അഫ്ഗാനിസ്താനെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ കണ്ടിട്ടുണ്ട്. വാഗ്വാദങ്ങളും വക്കാണങ്ങളും കേട്ടിട്ടുണ്ട്. അന്നേരമെല്ലാം അവിടത്തെ മനുഷ്യരെയും അവരുടെ ജീവിതങ്ങളെയും കുറിച്ച് ആലോചിക്കും. അവരുടെ ജീവിതത്തിന് ജീവിതം എന്നു തന്നെയാണോ വിളിക്കേണ്ടത് എന്ന് ഒരുവേള ആശങ്കിക്കും. എന്തെല്ലാം ദുരിതങ്ങള്‍ അവര്‍ കണ്ടിരിക്കുന്നു, എന്തെല്ലാം നീറ്റലുകള്‍.. ഏതെല്ലാം സാമ്രാജ്യങ്ങളെ അവര്‍ അനുഭവിച്ചിരിക്കുന്നു. ലോകത്തിലെ നാല്‍പതാമത്തെ വലിയ രാജ്യമായ അഫ്ഗാനിസ്താന്‍ നേരിട്ട ആക്രമണങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കും കണക്കില്ല.
1979-ലെ സോവിയറ്റ് അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്താന്റെ കഥ പറയുകയാണ് Earth and Ashes എന്ന പുസ്തകത്തില്‍ അതീഖ് റഹീമി. 1.5 മില്യന്‍ അഫ്ഗാനികളാണ് അക്കാലത്ത് കൊല്ലപ്പെട്ടത്. പത്തു ലക്ഷം ജനങ്ങള്‍ രാജ്യം വിട്ടുപോയി. വലിയ അഭയാര്‍ഥി കൂട്ടമായി അഫ്ഗാനികളെ അവര്‍ മാറ്റുകയായിരുന്നു; അഫ്ഗാനിസ്താനെ ഒരു ദുരന്തഭൂമിയായും.
അബ്ഖുല്‍ എന്ന ചെറിയ ഗ്രാമത്തിന്റെ കഥയാണ് ആതിഖ് റഹീമി പറയുന്നത്. സോവിയറ്റ് സൈന്യം അവിടേക്ക് പ്രവേശിക്കുകയാണ്. ആണുങ്ങളെയെല്ലാം യുദ്ധത്തിനു വേണ്ടി പിടിച്ചുകൊണ്ടുപോകാന്‍ വന്നതായിരുന്നു അവര്‍. ആണ്‍കുട്ടികള്‍ ഗ്രാമത്തില്‍നിന്ന് ഓടി രക്ഷപ്പെടുകയോ ഒളിച്ചിരിക്കുകയോ ചെയ്തു. അടുത്തുള്ള ഗ്രാമത്തിലെ മുജാഹിദീനുകള്‍ പതിയിരുന്ന് പട്ടാളക്കാരെ ആക്രമിച്ചു. അതിന് പ്രതികാരമെന്നോണം യുദ്ധ ജെറ്റുകളില്‍ വന്ന് സോവിയറ്റ് സൈന്യം ആ ഗ്രാമത്തെ തന്നെ തുടച്ചുനീക്കി. അതില്‍ രണ്ടു പേര്‍ മാത്രം ശേഷിച്ചു; ദസ്തഗീറും പേരക്കുട്ടി യാസീനും. ദസ്തഗീറിന്റെ ഭാര്യയും മരുമകള്‍ സൈനബും മറ്റൊരു മകനും കൊല്ലപ്പെട്ടു.
യാസീന് ഇപ്പോള്‍ ചെവി കേള്‍ക്കില്ല. ബോംബിംഗില്‍ കേള്‍വിശക്തി നഷ്ടപ്പെട്ടതാണ്. അവന്‍ ഇടക്കിടെ പിറുപിറുക്കുന്നു... 'വല്യുമ്മ മരിച്ചു, എളാപ്പ മരിച്ചു, ഉമ്മ മരിച്ചു. വല്യുപ്പ കരയുന്നു.......'
ദസ്തഗീറിന്റെ മകന്‍ മുറാദ് അന്നേരം ഗ്രാമത്തില്‍ ഉണ്ടായിരുന്നില്ല. ഖനിത്തൊഴിലാളിയായ അയാള്‍ ജോലിസ്ഥലത്തായിരുന്നു. തന്റെ കുടുംബത്തിനും ഗ്രാമത്തിനും ഉണ്ടായ ഈ ദുരന്തം മകന്‍ മുറാദിനെ അറിയിക്കാന്‍ ദസ്തഗീറും യാസീനും അങ്ങോട്ടേക്ക് യാത്ര ചെയ്യുകയാണ്. ഖനിസ്ഥലത്തേക്ക് ഒരു ദിവസം ഒരു ട്രക്ക് മാത്രമേയുള്ളൂ. അതും കാത്തിരിക്കുകയാണ് അവര്‍. വേറൊരു കാര്യത്തിന് കുറച്ചപ്പുറത്തേക്ക് അവര്‍ മാറിയപ്പോഴേക്കും ആ ട്രക്കും അവരെ കടന്നുപോയി.
എല്ലാവരുടെയും ഒച്ചയെവിടെപ്പോയി എന്ന് അന്നേരം കുഞ്ഞ് യാസീന്‍ ചോദിക്കുന്നുണ്ട്. അവന്‍ എല്ലായിടത്തും കല്ലുകൊണ്ടും വടികൊണ്ടും തട്ടി നോക്കുന്നുണ്ട്. ഒന്നിനും ശബ്ദമില്ല. വണ്ടികള്‍ക്കും വല്യുപ്പാക്കും ആര്‍ക്കും ശബ്ദമില്ലെന്ന് അവന്‍ പരിഭവപ്പെടുന്നു. ബോംബെറിയാന്‍ വന്നവര്‍ നമ്മുടെ ശബ്ദവും കട്ടെടുത്തോ എന്നാണവന്റെ സംശയം. സോവിയറ്റ് സൈന്യത്തിന്റെ കേടുവന്ന ടാങ്കിനടുത്തേക്ക് അവന്‍ പോകുന്നു. ഇനി ശബ്ദമെങ്ങാനും അതിനടിയില്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെങ്കിലോ....
അവിടെ കണ്ട മറ്റൊരാളോട് യാസീന്‍ പറയുന്നുണ്ട്, ഉമ്മയെയും വല്യുമ്മയെയും എളാപ്പയെയുമെല്ലാം വല്യുപ്പ മണ്ണിനടിയില്‍ ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്ന്.
ആ കുട്ടിയോടൊന്ന് മിണ്ടാതിരിക്കാന്‍ പറയൂ എന്ന് ഇടക്കിടെ ഗാര്‍ഡ് പറയുന്നുണ്ട്. ഒച്ചയില്ലാത്ത ലോകത്തോടുള്ള അമര്‍ഷം യാസീന്‍ ഒച്ചവെച്ചു തീര്‍ക്കുകയാണ്. മിര്‍സാ ഖാദര്‍ എന്ന കച്ചവടക്കാരന് സാധനം വാങ്ങിയതിന്റെ കാശ് ദസ്തഗീര്‍ നല്‍കുമ്പോള്‍ അദ്ദേഹം വാങ്ങുന്നില്ല. അടുത്ത തവണ എല്ലാം കൂട്ടി വാങ്ങിക്കാം എന്നാണ് പറയുന്നത്. അടുത്ത തവണയാകുമ്പോഴേക്കും നമ്മള്‍ ജീവിച്ചിരിക്കും എന്നതിന് എന്തുറപ്പ് എന്നാണ് അന്നേരം ദസ്തഗീര്‍ ചോദിക്കുന്നത്. നാളെ ജീവിതമുണ്ട് എന്ന പ്രതീക്ഷകളല്ലേ നമ്മെ ജീവിപ്പിക്കുന്നത് എന്ന് മിര്‍സാ ഖാദറിന്റെ മറുപടി.
ഇടക്ക് ദസ്തഗീറിന്റെ മനസ്സിലേക്ക് തന്റെ മരുമകള്‍ സൈനബ് നഗ്നയായി ഓടുന്ന ആ ഭീകരമായ ദൃശ്യം കടന്നുവരും. ബാത്ത്‌റൂമില്‍ അവള്‍ കുളിച്ചുകൊണ്ടിരിക്കെയായിരുന്നു ബോംബാക്രമണം. ഇറങ്ങിയോടിയ അവളെ തീഗോളം വിഴുങ്ങുകയായിരുന്നു.
Earth and Ashes ഇരുപത് ഭാഷകളിലേക്ക് ഇതിനകം വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു. സിനിമയായും പുറത്തിറങ്ങി. ഈ പുസ്തകത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഗദ്ഗദങ്ങളാല്‍ വലയം ചെയ്യപ്പെട്ട പൊടിക്കാറ്റുകളില്‍ പെട്ടപോലെയാകും നമ്മള്‍.
കബാബിന്റെയും ആഷാക്കിന്റെയും മീന്‍ നിറച്ച റാവിയോലിയുടെയും അരിഞ്ഞ ഇറച്ചിയും തൈരുമെല്ലാം ചേര്‍ത്ത മാന്തു പാസ്തയുടെയും അഫ്ഗാനിനെ ഓര്‍ത്ത് കണ്ണൊന്ന് നനയും.
Comments