Prabodhanm Weekly

Pages

Search

2021 നവംബര്‍ 05

3225

1443 റബീഉല്‍ അവ്വല്‍ 29

ഗ്രാമീണ ശാക്തീകരണത്തിന്റെ റിഹാബ് മാതൃകകള്‍

റമീസ് മുഹമ്മദ്‌

സമൂഹ ശാക്തീകരണവും സുസ്ഥിര വികസനവും ലക്ഷ്യമാക്കി രാജ്യത്തെ ഏറ്റവും പിന്നാക്കമായ പ്രദേശങ്ങളില്‍ 2008 മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി എന്‍.ജി.ഒയാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍. പട്ടിണി, രോഗം, നിരക്ഷരത, ദാരിദ്ര്യം എന്നിവയാല്‍ വലയുന്ന ജനങ്ങളുടെ  വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനം തുടങ്ങിയ മേഖലകളില്‍ ദീര്‍ഘകാല വികസന പ്രവര്‍ത്തനങ്ങളിലൂടെ സുസ്ഥിരമായ വികസനം  കൈവരിക്കുക എന്നതാണ് റിഹാബിന്റെ ലക്ഷ്യം.
റിഹാബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് ബംഗാളിലെയും അസമിലെയും വിദൂര ഗ്രാമങ്ങളിലാണ്. ഇ. അബൂബക്കറും സംഘവും സാമൂഹിക-രാഷ്ട്രീയ-സേവന മേഖലകളിലെ ഇടപെടലുകളുടെ ഭാഗമായി   അസമിലെ കലാപബാധിത പ്രദേശങ്ങളില്‍ സഞ്ചരിക്കുകയുണ്ടായി. അന്ന് ആ പ്രദേശങ്ങളില്‍ സംഘം കണ്ട കാഴ്ചകള്‍ ഹൃദയഭേദകമായിരുന്നു. വീട് നഷ്ടപ്പെട്ടവര്‍, വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍, പോഷകാഹാരക്കുറവ് മൂലം വൈകല്യങ്ങളോടെ ജനിക്കുന്ന കുട്ടികള്‍, ഗതാഗത സൗകര്യമില്ലാത്തതിനാല്‍ എണ്ണമറ്റ പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍, സര്‍വോപരി അരക്ഷിതാവസ്ഥയില്‍ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നവര്‍... അവരെ പുനരധിവസിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക എന്ന ആശയത്തില്‍നിന്നാണ് റിഹാബിന്റെ പ്രയാണം തുടങ്ങുന്നത്.
 ഇന്ത്യയിലെ പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളെ സംബന്ധിച്ച സര്‍ക്കാര്‍ പഠനങ്ങളുടെയും ഇതര ഡാറ്റകളുടെയും അടിസ്ഥാനത്തിലാണ് റിഹാബ് ഗ്രാമങ്ങളെ ദത്തെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളില്‍ പ്രാഥമിക സര്‍വെ നടത്തുകയും ഗ്രാമത്തിലെ മതനേതൃത്വങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപന മേധാവികളുടെയും ഗ്രാമത്തലവന്മാരുടെയും യുവജനങ്ങളുടെയും സ്ത്രീകളുടെയുമൊക്കെ അഭിപ്രായങ്ങള്‍ ആരായുകയും ചെയ്യുന്നു.
ഉത്തര്‍പ്രദേശ്, ദല്‍ഹി, ബിഹാര്‍, പശ്ചിമ ബംഗാള്‍, അസം, മണിപ്പൂര്‍, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ 24 ജില്ലകളിലായി 80  ഗ്രാമങ്ങള്‍ റിഹാബ് ദത്തെടുത്തിട്ടുണ്ട്. 60000-ത്തോളം ആളുകള്‍ക്ക് റിഹാബിന്റെ സേവനം നേരിട്ട് ലഭിച്ചുകൊണ്ടിരിക്കുന്നു. ബിഹാറില്‍ റിഹാബിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത് ക്ലസ്റ്റര്‍ മോഡലിലാണ്. ഒരേ പ്രദേശത്തുള്ള, സമാനമായി പിന്നാക്കം നില്‍ക്കുന്ന ഒരു കൂട്ടം ഗ്രാമങ്ങളുടെ ഒന്നിച്ചുള്ള വികസനമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു പ്രത്യേക ഗ്രാമത്തില്‍ റിഹാബ് പ്രോജക്ട് തുടങ്ങുന്നതിനു പകരം ചുറ്റുമുള്ള 10 ഗ്രാമങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. പ്രോജക്ടുകളുടെയും പോഗ്രാമുകളുടെയും പ്രയോജനം വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണ് ക്ലസ്റ്റര്‍ മോഡല്‍ ആരംഭിച്ചത്. 10 ഗ്രാമങ്ങളോടുകൂടി 2015-ല്‍ ബിഹാറിലെ കത്തിഹാര്‍ ജില്ലയിലാണ് ഈ പദ്ധതി ആരംഭിക്കുന്നത്. നിലവില്‍ ഏഴ് ക്ലസ്റ്ററുകള്‍ ബിഹാറിലെ സീമാഞ്ചല്‍ ജില്ലകളായ കത്തിഹാര്‍, പൂര്‍ണിയ, അരേരിയ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു .
റിഹാബിന്റെ പ്രധാന പ്രോജക്ടുകളില്‍ ഒന്നാണ് ഗ്രാമീണ വികസന പദ്ധതി (Village Development Program-VDP). വ്യക്തമായ ശാസ്ത്രീയ രീതിയോടെയും പ്ലാനിംഗോടെയുമുള്ള സമ്പൂര്‍ണ വികസനമാണ് അഞ്ചു വര്‍ഷ കാലയളവുള്ള ഈ പദ്ധതി കൊ് ലക്ഷ്യമിടുന്നത്. ഒരു ഗ്രാമം റിഹാബ് ദത്തെടുത്താല്‍ ആദ്യവര്‍ഷം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിലാണ്. ഗ്രാമത്തിലെ പ്രൈമറി-സെക്കന്ററി ക്ലാസുകളില്‍ പഠിക്കുന്നവരുടെയും സ്‌കൂളുകളില്‍നിന്ന് കൊഴിഞ്ഞുപോയ വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍ ശേഖരിച്ച് ഗ്രാമീണര്‍ക്ക് വിദ്യാഭ്യാസ അവബോധവും ആരോഗ്യ പരിരക്ഷയും നല്‍കുന്നതിനു വേണ്ടി വ്യക്തിഗത കൗണ്‍സലിംഗും ഗ്രൂപ്പ് കൗണ്‍സലിംഗും നല്‍കുന്നു. രണ്ടാം വര്‍ഷത്തില്‍ സാമ്പത്തിക വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. ഇതിന്റെ ഭാഗമായി റിഹാബ് സ്വയംസഹായ സംഘങ്ങള്‍ രൂപീകരിച്ച് സര്‍ക്കാര്‍ സംരംഭമായ നാഷ്‌നല്‍ റൂറല്‍ ലൈവ്‌ലിഹുഡ് മിഷനുമായി സംയോജിപ്പിക്കുന്നു. മൂന്നാം വര്‍ഷത്തില്‍ റിഹാബിന്റെ പദ്ധതികള്‍ ഭാവിയില്‍ മുന്നോട്ടു നയിക്കാന്‍ പ്രാപ്തമായ ഒരു ഗ്രാമീണ വികസന കമ്മിറ്റി രൂപീകരിക്കുക എന്നതാണ്. അവര്‍ക്കാവശ്യമായ പരിശീലനവും നല്‍കും. ഗ്രാമീണരെ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നു. രക്ഷിതാക്കളെ സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരുമായും പ്രാഥമികാരോഗ്യ കേന്ദ്രവുമായും വിവിധ തലത്തിലുള്ള സര്‍ക്കാര്‍ ക്ഷേമ പദ്ധതികളുമായും ബന്ധപ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് ഈ ഘട്ടത്തില്‍ നടക്കുക. അഞ്ചാം വര്‍ഷം വി.ഡി.പി പ്രോജക്ട് ഗ്രാമ വികസന കമ്മിറ്റിക്ക് കൈമാറാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു, കമ്യൂണിറ്റി ബേസ്ഡ് ഓര്‍ഗനൈസേഷന്‍ (സി.ബി.ഒ) രജിസ്റ്റര്‍ ചെയ്യുകയും പിന്നീടുള്ള രണ്ട് വര്‍ഷം വി.ഡി.പി നടത്തിക്കൊണ്ടുപോകുന്നതിനാവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യുന്നു.

വിദ്യാഭ്യാസം
റിഹാബ് ദത്തെടുത്ത 80 ഗ്രാമങ്ങളില്‍ 7719 വിദ്യാര്‍ഥികള്‍ 240 അധ്യാപകരുടെ കീഴില്‍ റെമഡിയല്‍ ട്യൂഷന്‍ സെന്ററുകളില്‍ പഠിക്കുന്നു. പ്രാഥമിക ക്ലാസുകളില്‍ പഠനം നിര്‍ത്തിയ നിരവധി കുട്ടികളുള്ള ഗ്രാമങ്ങളിലാണ് റിഹാബിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഒമ്പതു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഫലമായി 80 ഗ്രാമങ്ങളില്‍നിന്ന് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച 3062 കുട്ടികളെ സ്‌കൂളുകളിലേക്ക് തിരിച്ചെത്തിക്കാന്‍ കഴിഞ്ഞു. വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആദ്യ കാലങ്ങളില്‍ പ്രൈമറി ക്ലാസുകളിലെ വിദ്യാര്‍ഥികളിലും, ഇടയില്‍ പഠനം നിര്‍ത്തി കൊഴിഞ്ഞുപോകുന്ന കുട്ടികളിലുമായിരുന്നു ശ്രദ്ധ കേന്ദീകരിച്ചിരുന്നത്. വര്‍ഷങ്ങളുടെ പ്രവര്‍ത്തനഫലമായി 8,9,10 ക്ലാസുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാവുകയും  ഓരോ 10 ഗ്രാമങ്ങള്‍ക്കും ര്  സ്‌പെഷ്യല്‍ കോച്ചിംഗ് സെന്ററുകള്‍ വീതം  തുടങ്ങാന്‍ റിഹാബ് നിര്‍ബന്ധിതമാവുകയും ചെയ്തു. ഈ സെന്ററുകളില്‍നിന്ന് തുടര്‍ന്നുള്ള രണ്ട് അധ്യയന വര്‍ഷങ്ങളില്‍  394 വിദ്യാര്‍ഥികള്‍  പത്താം തരവും 100 വിദ്യാര്‍ഥികള്‍ പ്ലസ്ടുവും പാസായി. ഈ വര്‍ഷം 428 വിദ്യാര്‍ഥികള്‍ പത്താം ക്ലാസ് പരീക്ഷക്കും 142 വിദ്യാര്‍ഥികള്‍ പ്ലസ്ടു പരീക്ഷക്കും തയാറെടുക്കുന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന സ്‌കോളര്‍ഷിപ്പുകളെ കുറിച്ച് ഗ്രാമീണര്‍ തീര്‍ത്തും അജ്ഞരാണ്. ഇത് മറികടക്കുന്നതിനായി ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിച്ച് ഗ്രാമീണരെ വിവിധ തരത്തിലുള്ള സ്‌കോളര്‍ഷിപ്പുകളെ കുറിച്ച് ബോധവാന്മാരാക്കി.  2014 മുതല്‍ 2020 വരെയുള്ള കാലയളവില്‍ റിഹാബിന്റെ ശ്രമഫലമായി 86,23,560 രൂപ സ്‌കോളര്‍ഷിപ്പ് തുകയായി ദത്തെടുത്ത ഗ്രാമങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചു. പ്രഥം എജുക്കേഷന്‍ ഫൗണ്ടേഷന്‍ എന്ന എന്‍.ജി.ഒയുമായി സഹകരിച്ച് റിഹാബ് റെമഡിയല്‍ ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ഥികള്‍ക്കായി പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് പദ്ധതികള്‍ നടപ്പാക്കുന്നു. റിഹാബും പ്രഥം എന്‍.ജി.ഒയും കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു.
റിഹാബിന്റെ മറ്റൊരു പദ്ധതിയാണ് ഗ്രാമങ്ങളില്‍നിന്ന് കഴിവുള്ള കുട്ടികളെ കണ്ടെത്തി ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍, അല്‍ അമീന്‍ ക്വസ്റ്റ് അക്കാദമി, അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, ജാമിഅ മില്ലിയ ഇസ്‌ലാമിയ, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴിസ്റ്റി തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുക എന്നത്.  കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി 372 വിദ്യാര്‍ഥികള്‍ ജവഹര്‍ നവോദയ പ്രവേശന പരീക്ഷയില്‍ പങ്കെടുക്കുകയും 20 വിദ്യാര്‍ഥികള്‍ക്ക് ദാറുല്‍ ഹുദായുടെ വിവിധ കാമ്പസുകളില്‍ പ്രവേശനം നേടുകയും ചെയ്തു.
ദല്‍ഹിയിലെ ചേരിപ്രേദശങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്ക്  വിദ്യാഭ്യാസം നല്‍കുന്നതിനു വേണ്ടി 'എജുക്കേഷന്‍ ഓണ്‍ വീല്‍സ്' എന്ന പദ്ധതിക്ക്  തുടക്കം കുറിച്ചു. ദല്‍ഹിയിലെ ദോബി ഘട്ട്, നൂര്‍ നഗര്‍, ജൊഹ്രി ഫാം, മദന്‍പൂര്‍ ഖാദര്‍  തുടങ്ങിയ  പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഈ സേവനം ലഭിച്ചുകൊണ്ടിരിക്കുന്നു. ഇ- റിക്ഷകളില്‍ എല്‍.ഇ.ഡി ടി.വി സ്ഥാപിച്ച് ഓഡിയോ-വിഷ്വല്‍ വിദ്യാഭ്യാസ കാപ്‌സൂളുകള്‍ പ്രദര്‍ശിപ്പിച്ച് പഠനം നടത്തുന്ന മൊബൈല്‍ സ്‌കൂള്‍ ആശയമാണിത്. മൂന്ന് മുതല്‍ 14 വയസ്സ് വരെയുള്ള 300 വിദ്യാര്‍ഥികള്‍ക്കാണ് 2017 മുതല്‍ ഈ പദ്ധതിയുടെ നേട്ടം ലഭിക്കുന്നത്.
ബിഹാര്‍ ഗവണ്‍മെന്റിന്റെ സാക്ഷരതാ മിഷനുമായി സഹകരിച്ച്  വയോജന സാക്ഷരതാ പദ്ധതി കത്തിഹാറില്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി 277 സ്ത്രീകള്‍ സാക്ഷരതാ ക്ലാസ്സില്‍ പങ്കെടുക്കുകയും 238 ആളുകള്‍  പരീക്ഷയെഴുതി നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിന്റെ നാലാം ക്ലാസ്സ് തുല്യതാ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു. തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഈ ഗ്രാമങ്ങളില്‍നിന്നുള്ള 311 വിദ്യാര്‍ഥികള്‍ വിവിധ കോളേജുകളില്‍ പ്രവേശനം നേടി.
 
ആരോഗ്യം
ദത്തെടുത്ത ഗ്രാമങ്ങളില്‍ എല്ലാ മാസവും ഒരു ദിവസം മൊബൈല്‍ മെഡിക്കല്‍ വാനിലൂടെ സൗജന്യമായി ഡോക്ടറുടെ സേവനവും മരുന്നും ലഭ്യമാക്കുന്നു. ഇതുവരെ 296 ക്യാമ്പുകളിലായി 17468 ആളുകള്‍ ചികിത്സ തേടി. സര്‍ക്കാര്‍ ആരോഗ്യ പരിപാടികളും പദ്ധതികളും ഗ്രാമങ്ങളിലെത്തിക്കുന്നതിന് പ്രാഥമികാരോഗ്യ കേന്ദ്രവുമായും ആശ വര്‍ക്കര്‍മാരുമായും യോജിച്ച്  പ്രവര്‍ത്തിക്കുന്നു.
പുതിയ ആരോഗ്യ പദ്ധതിയായ ഇ-സ്വാസ്ഥ്യ പദ്ധതിക്ക്  ഈ വര്‍ഷം റിഹാബ് തുടക്കം കുറിച്ചു. മാരക  രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ ചികിത്സ ഓണ്‍ലൈനായി ലഭ്യമാക്കുന്നു.  'ഹ്യൂമന്‍ ഫോര്‍ ഹ്യുമാനിറ്റി' എന്ന  എന്‍.ജി.ഒയുമായി സഹകരിച്ച് റിഹാബ് സ്ത്രീകളുടെ സ്വയംസഹായ സംഘത്തിന് ക്ലോത്ത് പാഡ് നിര്‍മാണ ശില്‍പശാല സംഘടിപ്പിച്ചു.
പ്രമുഖ ആശുപത്രികളുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പുകളും റിഹാബ് സംഘടിപ്പിക്കാറുണ്ട്. കോവിഡ് - ലോക്ക് ഡൗണ്‍ സമയത്ത് ഗ്രാമീണരെ ആരോഗ്യസംബന്ധമായി ബോധവല്‍ക്കരിക്കുന്നതിന് വിവിധ വിഷയങ്ങളില്‍ വെര്‍ച്വല്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.

സാമ്പത്തിക വികസന പദ്ധതി
ഗ്രാമങ്ങളില്‍ സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങള്‍ രൂപീകരിച്ചാണ് സാമ്പത്തിക ഉപജീവന മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുന്നത്. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ ഫാത്തിമ നഗര്‍ ചേരിയിലാണ് റിഹാബ് സ്വയംസഹായ സംഘത്തിന് തുടക്കം കുറിച്ചത്. വട്ടിപ്പലിശക്കാരുടെ ചൂഷണത്തില്‍നിന്ന് സ്ത്രീകളെ മുക്തമാക്കി അവരുടേതായ സ്വയംസഹായ സംഘങ്ങള്‍ രൂപീകരിച്ച് ചെറിയ തുക വായ്പ നല്‍കി ബിസിനസ്സ് തുടങ്ങാന്‍ പ്രേരിപ്പിച്ചു. പെട്ടിക്കടകള്‍, ടൈലറിംഗ് യൂനിറ്റുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവയായിരുന്നു അവരുടെ ബിസിനസ് രൂപങ്ങള്‍. ദിവസവും 200-ഉം 300-ഉം രൂപ അവര്‍ക്ക് ലാഭം കിട്ടുകയും  വായ്പ കൃത്യമായി തിരിച്ചടക്കുകയും ചെയ്യുന്നു.
ബിഹാറില്‍ റിഹാബ് ദത്തെടുത്ത ഗ്രാമങ്ങളില്‍ സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങള്‍ രൂപീകരിച്ച് സര്‍ക്കാര്‍ പദ്ധതിയായ 'ജീവിക'യുമായി അതിനെ ബന്ധിപ്പിച്ചു. മൂന്ന് വര്‍ഷമായി റിഹാബും 'ജീവിക'യും ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഗവണ്‍മെന്റ് സംവിധാനങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത ഗ്രാമങ്ങളിലാണ് സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങള്‍ രൂപീകരിക്കാന്‍ റിഹാബിന്റെ സഹായത്തോടെ 'ജീവിക'ക്ക് സാധ്യമായത്. നിലവില്‍ 140 സ്വയംസഹായ ഗ്രൂപ്പുകളിലായി 1786 മെമ്പര്‍മാരുണ്ട്. ചെറിയ തൊഴില്‍ സംരംഭങ്ങള്‍ക്കു വേണ്ടിയും റിഹാബ് വായ്പകള്‍ നല്‍കുന്നുണ്ട്. കന്നുകാലി വളര്‍ത്തല്‍ പ്രോജക്ടിന്റെ ഭാഗമായി ഈ വര്‍ഷം ബംഗാളിലും ബിഹാറിലും ആടുകളെ  വിതരണം ചെയ്തു.
2020-'21 കാലയളവില്‍ ജെന്‍പാക്റ്റ് സോഷ്യല്‍ ഇംപാക്റ്റ് ഫെലോഷിപ്പ് 5.0-ല്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത എന്‍.ജി.ഒകളിലൊന്നാണ് റിഹാബ്. സാം പിത്രോഡ ഗൈഡഡ് ആക്ഷന്‍ ഫോര്‍ ഇന്ത്യ (എ.എഫ്.ഐ) 2019-ലെ മികച്ച ഇന്ത്യന്‍ സോഷ്യല്‍ എന്റര്‍പ്രൈസ് അവാര്‍ഡിനായി റിഹാബിനെയാണ് തെരഞ്ഞെടുത്തത്.  2020-ല്‍ ദല്‍ഹി ന്യൂനപക്ഷ കമീഷനും 2021- ല്‍ മുസ്‌ലിം പ്രഫഷണലുകളുടെ അസോസിയേഷനും (എ.എം.പി) മികച്ച കമ്യൂണിറ്റി എന്‍.ജി.ഒയായി റിഹാബിനെ തെരഞ്ഞെടുത്തു.
മാക്രോ പ്രോഗ്രാമുകള്‍ക്ക് പകരം മൈക്രോ പ്രോജക്ടുകള്‍ ഏറ്റെടുക്കുക എന്നതാണ് റിഹാബിന്റെ രീതി. അടിസ്ഥാന ബോധവല്‍ക്കരണം, അടിസ്ഥാന വിദ്യാഭ്യാസം, പ്രാഥമികാരോഗ്യം, അടിസ്ഥാന സമ്പാദ്യം എന്നിവക്കാണ് റിഹാബിന്റെ മുന്‍ഗണന. വലിയ സ്‌കൂളുകള്‍, ആശുപത്രികള്‍, ഗവേഷണ കേന്ദ്രങ്ങള്‍  തുടങ്ങിയവ നിര്‍മിക്കുന്നതിനു പകരം, ഒരു ഗ്രാമത്തില്‍ താമസിക്കുന്ന ആളുകളുടെ ജീവിതത്തെ കാതലായി സ്പര്‍ശിക്കുകയും മാറ്റുകയും ചെയ്യുക,  അവരെ ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് റിഹാബിന്റെ ലക്ഷ്യം. 

എച്ച്.ആര്‍.ഡി ഫൗണ്ടേഷന്റെ 
ഉത്തരേന്ത്യന്‍ സേവനങ്ങള്‍

ഡോ. ഹുസൈന്‍ മടവൂര്‍

ചെയര്‍മാന്‍, ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍

ചരിത്രപരവും ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ കാരണങ്ങളാല്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിപ്പെടാന്‍ കഴിയാത്തവരും രാഷ്ട്രനിര്‍മാണത്തിന്റെ ഗുണഫലങ്ങള്‍ അതിന്റെ യഥാര്‍ഥ രൂപത്തിലും സമഗ്രാര്‍ഥത്തിലും അനുഭവിക്കാന്‍ സാധിക്കാത്തവരുമാണ് നമ്മുടെ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും. ഗള്‍ഫ് കുടിയേറ്റമടക്കമുള്ള വിവിധ കാരണങ്ങളാല്‍ ഇന്ത്യയിലെ മറ്റുള്ള പ്രദേശങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളം ചില മുന്നേറ്റങ്ങള്‍ നടത്തിയതൊഴിച്ചാല്‍ വടക്കേ ഇന്ത്യയിലെയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും ഗ്രാമീണ മേഖലകളിലെ ജീവിതാവസ്ഥ ഇന്നും അതിദയനീയമാണ്.  അടിസ്ഥാനാവശ്യങ്ങളായ  ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ പോലും വേണ്ടവിധം അനുഭവിക്കാന്‍ കഴിയാത്ത നിരാലംബരായ ജനവിഭാഗങ്ങളാണ് ഈ പ്രദേശങ്ങളിലധികവും. പാര്‍ശ്വവത്കരിക്കപ്പെട്ട അത്തരം മേഖലകളിലെ അവശ വിഭാഗങ്ങളെ കരുതലോടെ ചേര്‍ത്തുപിടിക്കുകയാണ് എച്ച്.ആര്‍.ഡി ഫൗണ്ടേഷന്‍.
1999-ല്‍ ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്‍ (എന്‍.ജി.ഒ) ആയി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം തുടരുകയും ചെയ്യുന്ന ഈ കൊച്ചു സംഘം ഇന്ന് ഇരുപതോളം സംസ്ഥാനങ്ങളില്‍ നിരാലംബര്‍ക്ക് ആശ്രയമാവുകയാണ്. പ്രാദേശിക എന്‍.ജി.ഒകളെയും സ്ഥാപനങ്ങളെയും  പ്രയോജനപ്പെടുത്തിയാണ് ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. ദല്‍ഹിയും പരിസര പ്രദേശങ്ങളും യു.പിയിലെ ലഖ്‌നൗ; ഹരിയാനയിലെ മേവാത്ത്, യമുന നഗര്‍; ബംഗാളിലെ ഹരീഷ്ചന്ദ്രപൂര്‍, മാള്‍ഡ, ദിനാജ്പൂര്‍, മുര്‍ശിദാബാദ്; ബിഹാറിലെ കട്ടിഹാര്‍, പൂര്‍ണിയ, കിഷന്‍ഗഞ്ച്, ചമ്പാരം; അസമിലെ ബാര്‍പേട്ട; ഝാര്‍ഖണ്ഡിലെ പാക്കൂര്‍, ജെറ്റ്പൂര്‍ എന്നിവിടങ്ങളിലാണ് എച്ച്.ആര്‍.ഡി ഫൗണ്ടേഷന്റെ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. 
വിദ്യാഭ്യാസം, ആരോഗ്യം, പുനരധിവാസം എന്നീ മൂന്ന് സുപ്രധാന മേഖലകളിലാണ് എച്ച്.ആര്‍.ഡി.എഫ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഓരോ മേഖലയെക്കുറിച്ചും വ്യക്തമായ പഠനം നടത്തിയ ശേഷം അതത് പ്രദേശത്തിന് അനുഗുണമായ പദ്ധതികളാണ് നടപ്പിലാക്കുക.
സ്‌കൂളുകളുടെ നിര്‍മാണം, നവീകരണം, വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്-പഠനോപകരണങ്ങള്‍ നല്‍കല്‍, അനാഥരായ കുട്ടികളെ ഏറ്റെടുക്കല്‍, പഠനനിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ എന്നിവയാണ് വിദ്യാഭ്യാസ മേഖലയിലെ എച്ച്.ആര്‍.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങള്‍.
കുടിവെള്ള പദ്ധതികള്‍, ചികിത്സാ സഹായം, മെഡിക്കല്‍-രക്തദാന ക്യാമ്പുകളുടെ സംഘാടനം, വീല്‍ചെയര്‍ വിതരണം എന്നിവ ആരോഗ്യ മേഖലയില്‍ നടപ്പിലാക്കുന്നു.
സുരക്ഷിത ഭവനങ്ങളൊരുക്കുന്ന ഷെല്‍റ്റര്‍ പ്രോജക്ട്,  തൊഴില്‍ നൈപുണി വര്‍ധിപ്പിക്കാനുള്ള പരിശീലനം,  പ്രളയ ദുരിതാശ്വാസം, പ്രകൃതി സംരക്ഷണം എന്നിവയും എച്ച്.ആര്‍.ഡി.എഫിന്റെ കീഴിലുള്ള പദ്ധതികളാണ്.


ഇഖ്‌റഅ് എജുക്കേഷന്റെ 
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍

എ.പി അബ്ദുസ്സമദ്

ചെയര്‍മാന്‍, ഇഖ്റഅ് എജുക്കേഷന്‍ ആന്റ് ചാരിറ്റബ്ള്‍ സൊസൈറ്റി

സ്വാതന്ത്ര്യം ലഭിച്ച് ഏഴര പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ പിന്നാക്കാവസ്ഥയുടെ പിടിയില്‍നിന്ന് മോചനം ലഭിച്ചിട്ടില്ല ഉത്തരേന്ത്യയിലെ ഗ്രാമീണ മേഖലക്ക്. അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാനാകാത്ത, ദാരിദ്ര്യവും തൊഴിലില്ലായ്മയും പട്ടിണിയുമെല്ലാം ജീവിതത്തിന്റെ ഭാഗമായ ദൈന്യമുഖങ്ങളാണ് യു.പി, ബിഹാര്‍, ബംഗാള്‍, അസം തുടങ്ങിയ ഒട്ടുമിക്ക വടക്ക്, വടക്കു കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെ കാഴ്ച.
പിന്നാക്കാവസ്ഥയില്‍ കഴിയുന്ന ഈ ഗ്രാമീണ മേഖലകളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി 14 വര്‍ഷങ്ങള്‍ക്കു മുമ്പ് നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷനായാണ് ഇഖ്റഅ് എജുക്കേഷന്‍ ആന്റ് ചാരിറ്റബ്ള്‍ സൊസൈറ്റി പ്രവര്‍ത്തനമാരംഭിക്കുന്നത്. വിദ്യാഭ്യാസ മുന്നേറ്റത്തിന് കരുത്തു പകരുംവിധമുള്ള നിരവധി കര്‍മപദ്ധതികള്‍ ഇക്കാലയളവില്‍ ഇഖ്റഅ് സൊസൈറ്റിക്ക് യാഥാര്‍ഥ്യമാക്കാനായി. ആരോഗ്യ-പുനരധിവാസ-ജീവകാരുണ്യ രംഗങ്ങളില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടാണ് സൊസൈറ്റി മുന്നോട്ടു പോകുന്നത്.
വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി നിരവധി പദ്ധതികളാണ് കഴിഞ്ഞ കാലങ്ങളില്‍ ഇഖ്റഅ് എജുക്കേഷന്‍ ആന്റ് ചാരിറ്റബ്ള്‍ സൊസൈറ്റി നടപ്പിലാക്കിയത്. കഴിവും പ്രാപ്തിയുമുള്ള അധ്യാപകരെ കേരളത്തിലെത്തിച്ച് പരിശീലനം നല്‍കിവരുന്നു. വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ പരിശീലനവും ഉറപ്പുവരുത്തി സ്വയംപര്യാപ്തമായി ജീവിക്കാന്‍ കഴിയുന്ന രീതിയിലേക്ക് ഗ്രാമീണ മേഖലയിലെ ജനങ്ങളെ എത്തിക്കുകയാണ് സൊസൈറ്റിയുടെ ലക്ഷ്യം.
സാമ്പത്തിക ബുദ്ധിമുട്ടുകളാണ് പഠനത്തിന് തടസ്സമായിട്ടുള്ളത് എന്ന് മനസ്സിലാക്കി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, സ്‌കൂള്‍ കിറ്റ് ഉള്‍പ്പെടെയുള്ള പഠന സഹായങ്ങള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നല്‍കിവരുന്നുണ്ട്.
പുനരധിവാസം, ജീവകാരുണ്യം തുടങ്ങിയ മേഖലകളിലും ഇഖ്റഅ് സൊസൈറ്റി കഴിഞ്ഞ കാലങ്ങളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രളയദുരിത സമയങ്ങളില്‍ ഭക്ഷണ വിതരണം, പെരുന്നാള്‍ വസ്ത്രങ്ങള്‍ നല്‍കല്‍, ബലിമൃഗങ്ങളെ നല്‍കല്‍, ചികിത്സാ സഹായം എന്നിവ ഇതിലുള്‍പ്പെടും.
2008-ല്‍ സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ ബിഹാറിലെ പൂര്‍ണിയ ജില്ലയിലെ ചെരയ്യയില്‍ ആരംഭിച്ച എ.പി അസ്‌ലം സ്‌കൂള്‍ ഇന്ന് അഞ്ഞൂറിനടുത്ത് കുട്ടികള്‍ പഠിക്കുന്ന മികച്ച സ്ഥാപനമായി വളര്‍ന്നിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സംവിധാനവും ഇവിടെയുണ്ട്.
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി 10 വര്‍ഷം മുമ്പ് ബിഹാറിലെ പൂര്‍ണിയ ജില്ലയിലെ ശികാര്‍പൂരില്‍ അല്‍മനാര്‍ ഗേള്‍സ് സ്‌കൂള്‍ ആരംഭിച്ചു. നാനൂറ് കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയുംവിധമുള്ള സംവിധാനങ്ങളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്.
കിഷന്‍ഗഞ്ചിലെ ഡങ്കിബാഡിയില്‍ സ്ഥാപിക്കുന്ന വിദ്യാഭ്യാസ കേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അഞ്ചേക്കര്‍ സ്ഥലത്ത് നടന്നുവരുന്നു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ബംഗാളിലെ ദിനാജ്പൂര്‍, ഡാര്‍ജിലിങ് എന്നിവിടങ്ങളിലും ബിഹാറിലെ സീമാഞ്ചല്‍ മേഖല കേന്ദ്രീകരിച്ചും ആരോഗ്യ കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കുക സൊസൈറ്റിയുടെ ഭാവി പദ്ധതികളില്‍ ഉള്‍പ്പെടുന്നു.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 43-48
ടി.കെ ഉബൈദ്‌

ഹദീസ്‌

അമിത പ്രശംസയുടെ അപകടം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്