Prabodhanm Weekly

Pages

Search

2021 നവംബര്‍ 05

3225

1443 റബീഉല്‍ അവ്വല്‍ 29

വി.എം കുട്ടിയുടെ പാട്ടുകള്‍ സാമൂഹിക ഇടപെടല്‍ കൂടിയാണ്‌

ഫൈസല്‍ എളേറ്റില്‍

മാപ്പിളപ്പാട്ടിന്റെ മാസ്മരിക ലോകത്ത് തന്റെ ജീവിതം സമര്‍പ്പിച്ച അതുല്യനായ പ്രതിഭയാണ് വി. എം കുട്ടി മാഷ്. അറിയപ്പെടുന്നത് പാട്ടുകാരനായാണെങ്കിലും മാപ്പിളപ്പാട്ടില്‍ കവിയായും സംഗീത സംവിധായകനായും പ്രഭാഷകനായും ഗവേഷകനായും ഗ്രന്ഥകാരനായും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ആറു പതിറ്റാണ്ടിലേറെ ഈ മേഖലകളിലെല്ലാം പ്രവര്‍ത്തിച്ചപ്പോഴും വ്യക്തിപരമായ നേട്ടങ്ങള്‍ക്കപ്പുറം മാപ്പിളപ്പാട്ടിനെ പൊതു സമൂഹത്തില്‍ എല്ലാ രീതിയിലും അവതരിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഇത് സൂചിപ്പിക്കാന്‍ കാരണം  ഈ മേഖലയിലെ അറിയപ്പെടുന്ന മറ്റു കലാകാരന്മാരാരും ഈ രീതിയില്‍ ഈ പാട്ടുശാഖയെ സമീപിച്ചിട്ടില്ല എന്നതാണ്.
1948-ല്‍ സാഹിത്യ പരിഷത്ത് സമ്മേളനത്തിലെ ടി. ഉബൈദ് മാഷുടെ പ്രസംഗം പോലെ, 1954-ല്‍ നീലക്കുയില്‍ എന്ന സിനിമയിലെ കായലരികത്ത് എന്ന പാട്ടു പോലെ, അടുത്ത കാലത്ത് ദൃശ്യമാധ്യമങ്ങള്‍ വഴി മാപ്പിളപ്പാട്ടിനുണ്ടായ പൊതു സ്വീകാര്യത പോലെ വി.എം കുട്ടി മാഷുടെ കലാപ്രവര്‍ത്തനങ്ങളും രേഖപ്പെടുത്തേണ്ടതുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്.  പാടുന്ന പാട്ടുകള്‍ എണ്ണത്തില്‍ കുറവാണെങ്കിലും മാപ്പിളപ്പാട്ടിന്റെ ഏതെങ്കിലും തരത്തിലുള്ള  സവിശേഷത തന്റെ പാട്ടിന് ഉണ്ടായിരിക്കണമെന്ന നിഷ്‌കര്‍ഷ മാഷ് പുലര്‍ത്തിയിട്ടുണ്ട്. പുലിക്കോട്ടില്‍ ഹൈദറിന്റെ 'കാളപ്പൂട്ടിന്റതിശയം', കമ്പളത്ത് ഗോവിന്ദന്‍ നായര്‍ എഴുതിയ 'അന്നിരുപത്തൊന്നില്‍', വാഴപ്പുള്ളിയില്‍ മുഹമ്മദിന്റെ 'സംകൃത പമഗരി' തുടങ്ങിയവയെല്ലാം കുട്ടി മാഷ് പാടിയത് തന്റെ കഴിവ് പ്രകടിപ്പിക്കുക എന്നതിലപ്പുറം ആ പാട്ടുകളുടെ ഇതിവൃത്തമോ അതിന്റെ മറ്റു നിലക്കുള്ള പ്രാധാന്യമോ ആളുകളെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു. മാപ്പിളപ്പാട്ടിന്റെ കൃത്യമായ ശൈലിയും നിയമങ്ങളുമനുസരിച്ച് പാട്ടെഴുതാന്‍ കഴിയുമായിരുന്ന അദ്ദേഹം ആ മേല്‍വിലാസത്തില്‍ കൂടുതല്‍ അറിയപ്പെടാന്‍ ആഗ്രഹിച്ചില്ല. പകരം സമൂഹത്തിന്റെ ഓരോ കാലത്തെയും പ്രശ്‌നങ്ങളെ ഉള്‍ക്കൊള്ളുന്ന വിധം പുതിയ പാട്ടുകളുടെ തരംഗം സൃഷ്ടിക്കാനും അതു വഴി പ്രഗത്ഭരായ ഒട്ടേറെ കലാകാരന്മാരെ ആസ്വാദകലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുമാണ് ശ്രദ്ധിച്ചത്.     
വിളയില്‍ ഫസീല, മുക്കം സാജിദ, മണ്ണൂര്‍ പ്രകാശന്‍, നിസാ മോള്‍, ഇന്ദിരാ ജോയ് തുടങ്ങിയവരുടെ കലാപ്രവേശനം കുട്ടി മാഷ് വഴി തന്നെയാണ്. ഇതോടൊപ്പം പ്രതിഭാധനരായ കവികളുടെ രചനകള്‍ ആസ്വാദകര്‍ക്ക് ഇശലുകളുടെ സ്വരമാധുരിയില്‍ ശ്രാവ്യ പ്രപഞ്ചം സൃഷ്ടിക്കുന്ന വിധം ആവിഷ്‌കരിച്ചു.  പി.ടി അബ്ദുര്‍റഹ്മാന്‍, കെ.പി കായലാട്, ബാപ്പു വെള്ളിപറമ്പ്, ഒ.എം കരുവാരക്കുണ്ട്, കെ.എസ് ഖാദര്‍, പുല്ലങ്കോട് അബ്ദുല്‍ ഖാദര്‍, പക്കര്‍ പന്നൂര്, ഹസന്‍ നെടിയനാട്, ബാപ്പു വാവാട് തുടങ്ങിയവരുടെ ജനപ്രിയ രചനകള്‍ രചിക്കപ്പെട്ടത് വി.എം കുട്ടി മാഷിനു വേണ്ടിയായിരുന്നു. തന്റെ ടീമിനു വേണ്ടി പാടുന്ന പാട്ടുകളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. ഭക്തിയും കല്യാണവും വിരഹവും മാത്രം ആവിഷ്‌കരിച്ചിരുന്ന ശൈലിയില്‍നിന്ന് മാറി സാമൂഹികമായ ഇടപെടലുകളും ഈ പാട്ടുശാഖക്ക് പഥ്യമാണെന്ന് അദ്ദേഹം തെളിയിച്ചു.
ദുരാചാരങ്ങളെയും സാമൂഹിക തിന്മകളെയും ഹാസ്യാത്മകമായി വിമര്‍ശിക്കുന്ന പാട്ടുകള്‍ പിറന്നതിനു പിന്നിലും അദ്ദേഹം തന്നെയാണ്. ബാപ്പു വെള്ളിപറമ്പ് 'പൊന്ന് മിന്നും താലിയും മാലകളേറെ ലഭിക്കാഞ്ഞാല്‍,' വി.എം കുട്ടി തന്നെ എഴുതിയ 'കോഴിക്കോട്ടെ കടപ്പുറത്തടുത്ത്,' 'കെട്ടലും ചെല്ലലും പിന്നെയും കെട്ടലും', 'നമസ്‌കരിക്കും നോമ്പ് പിടിക്കും' എന്നീ പാട്ടുകള്‍ എടുത്തു പറയേണ്ടതാണ്. വടകര കൃഷ്ണദാസ്, ചാന്ദ്പാഷ, കോഴിക്കോട് അബൂബക്കര്‍ തുടങ്ങിയ സംഗീത സംവിധായകരെയെല്ലാം മാപ്പിളപ്പാട്ടിന്റെ ഈണങ്ങളുമായി കൂടുതല്‍ ഇണക്കിച്ചേര്‍ത്തതും കുട്ടി മാഷ് തന്നെയാണ്. പരമ്പരാഗത ശൈലിയില്‍ മാത്രം പാടുകയും അത്തരം വേദികളില്‍ ഒതുങ്ങിനില്‍ക്കുകയും ചെയ്തിരുന്ന ഈ സംഗീതധാരയെ യേശുദാസ്, ചിത്ര പോലുള്ള ഗായകരെക്കൊണ്ട് പാടിക്കുക വഴി വലിയ ഒരു കാന്‍വാസിലേക്ക് ഉയര്‍ത്തിക്കൊണ്ടു വന്നതിനു പിന്നിലും വി.എം കുട്ടിയുടെ കരങ്ങള്‍ തന്നെയാണുണ്ടായിരുന്നത്. പിന്നീട് മുഖ്യധാരാ സംഗീത ലോകത്തെ പലരും മാപ്പിളപ്പാട്ടുകള്‍ പാടാന്‍ മത്സരിക്കുമ്പോള്‍ അതിനു തുടക്കമിട്ട ആള്‍ എന്ന നിലയില്‍ അദ്ദേഹം അതില്‍ സായൂജ്യം കണ്ടെത്തിയിരുന്നു.
മതസൗഹാര്‍ദവും മതമൈത്രിയും മാപ്പിളപ്പാട്ടിലൂടെ ആവിഷ്‌കരിക്കുന്ന രീതിക്ക് തുടക്കമിട്ടതും അദ്ദേഹത്തിന്റെ ഗായകസംഘം തന്നെയാണ്. ഒരു ജാതി ഒരു മതം, ഭാരത പൂങ്കാവനത്തിലെ, സ്‌നേഹപ്പൂവനികയില്‍ ഒട്ടേറെ ജാതിമതക്കാരെല്ലാം, മലയാളക്കരയെന്ന തുടങ്ങി ഈ ശൈലിയിലുള്ള പാട്ടുകളും മാഷിന്റെ ഗായക സംഘത്തില്‍ ഏറെയുണ്ടായിരുന്നു.      
പാട്ടിന്റെ ചരിത്രവഴികള്‍ തേടിയെത്തുന്നവര്‍ക്ക് സഹായകമാവുംവിധം ഗവേഷണപരമായ പന്ത്രണ്ടോളം ഗ്രന്ഥങ്ങള്‍ കുട്ടിമാഷുടേതായുണ്ട്. മാപ്പിളപ്പാട്ടിന്റെ ലോകം, മാപ്പിളപ്പാട്ടിന്റെ ചരിത്ര സഞ്ചാരങ്ങള്‍, മാപ്പിളപ്പാട്ടിന്റെ തായ്‌വേരുകള്‍, മാപ്പിളപ്പാട്ട്: ചരിത്രവും വര്‍ത്തമാനവും, മാപ്പിളപ്പാട്ടിന്റെ ഗതിമാറ്റം എന്നിവയെല്ലാം പാട്ടുകളെക്കുറിച്ച് പഠിക്കുന്നവര്‍ക്ക് ലഭിച്ച അപൂര്‍വ ഗ്രന്ഥങ്ങളാണ്. ഇതുവഴി അക്കാദമികരംഗത്ത് വലിയ ചലനങ്ങളുണ്ടാക്കുന്നതിന് വി. എം കുട്ടി നിമിത്തമാവുകയായിരുന്നു. പലപ്പോഴും മുഖ്യധാരാ സംഗീതധാരയില്‍നിന്ന് മറ്റു നാടന്‍ പാട്ടുകള്‍ക്കൊപ്പം മാറ്റിനിര്‍ത്തപ്പെട്ട മാപ്പിളപ്പാട്ടിന് വളര്‍ച്ചയുടെ വലിയ തലങ്ങളിലെത്തിച്ചേരാന്‍  കുട്ടിമാഷെപ്പോലെയുള്ളവര്‍ ചെയ്ത സേവനങ്ങള്‍ സംഗീതലോകം തിരിച്ചറിയേണ്ടതുണ്ട്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 43-48
ടി.കെ ഉബൈദ്‌

ഹദീസ്‌

അമിത പ്രശംസയുടെ അപകടം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്