Prabodhanm Weekly

Pages

Search

2021 നവംബര്‍ 05

3225

1443 റബീഉല്‍ അവ്വല്‍ 29

ഹിന്ദുത്വത്തിന്റെ വളര്‍ച്ച ഇടതുപക്ഷത്തിന്റെ അപചയം

സയ്യിദ് സആദത്തുല്ലാ ഹുസൈനി

ഹിന്ദുത്വത്തെ ആശയപരമായി പരാജയപ്പെടുത്തുന്നതിലും അതിന്റെ അപകടം തുറന്നുകാണിക്കുന്നതിലും കോണ്‍ഗ്രസും അതിന്റെ തന്നെ രാഷ്ട്രീയ പ്രതിനിധാനങ്ങളായ മതേതര പാര്‍ട്ടികളും മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ എത്രമാത്രം ദുര്‍ബലവും അപ്രസക്തവും ഹിന്ദുത്വശക്തികള്‍ക്ക് സഹായകവുമായിരുന്നുവെന്ന് നേരത്തേ വ്യക്തമാക്കിക്കഴിഞ്ഞു. ഇവര്‍ മുന്നോട്ടുവെച്ച രാഷ്ട്രീയവും അതിന്റെ പ്രതിനിധാനങ്ങളായ പാര്‍ട്ടികളും സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏഴ് പതിറ്റാണ്ടുകള്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിക്കുക  മാത്രമല്ല, രാജ്യത്തിന്റെ 'ദേശീയ മുഖ്യധാര' എന്ന പദവി നേടിയെടുക്കുകയും ചെയ്തിരുന്നു എന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. എന്നാല്‍ ഇന്ന് മതേതര പ്രത്യയശാസ്ത്രത്തിനു പകരം, ഹിന്ദുത്വം രാജ്യത്തിന്റെ ഭരണ വ്യവസ്ഥയായി മാറിക്കഴിഞ്ഞിരിക്കുന്നു. മതേതര പ്രത്യയശാസ്ത്രവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈയിടെ ഹിന്ദുത്വത്തിന്റെ ജനപ്രീതി വര്‍ധിച്ചതിന്റെ സൈദ്ധാന്തിക കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നാം മനസ്സിലാക്കി. ഹിന്ദുത്വത്തിന്റെ വളര്‍ച്ചയിലേക്ക് നയിച്ച ബാഹ്യകാരണങ്ങള്‍ക്കു പുറമെ മതേതര പ്രത്യയശാസ്ത്ര വക്താക്കളുടെ ചിന്താപരമായ വൈരുധ്യങ്ങളും ഹിന്ദുത്വത്തോടുള്ള സോഫ്റ്റ് കോര്‍ണര്‍ സമീപനങ്ങളും ദുര്‍ബലമായ എതിര്‍വാദഗതികളും എന്തൊക്കെയാണെന്നും നാം വിശകലന വിധേയമാക്കി.
ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് കോണ്‍ഗ്രസ്സിനേക്കാള്‍ വലിയ വെല്ലുവിളികള്‍ ഉയര്‍ത്തിയ വളരെ പ്രധാനപ്പെട്ട മൂന്ന് മതേതര പ്രവണതകളെ കൂടി നാം വിശകലനവിധേയമാക്കേണ്ടത് അനിവാര്യമാണ്. ഭൂരിപക്ഷ സ്വേഛാധിപത്യത്തിനെതിരെയും സങ്കുചിത വിഭാഗീയതക്കെതിരെയും ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ മാത്രം ശക്തമായിരുന്നു ഈ മൂന്ന് വിഭാഗങ്ങളും. ദലിത് പ്രസ്ഥാനങ്ങള്‍, കമ്യൂണിസം, സോഷ്യലിസം എന്നിവയാണവ. ഹിന്ദുത്വത്തോട് മത്സരിക്കാനും അതിനോട് കിടപിടിക്കാനും  സൈദ്ധാന്തിക ശേഷിയുള്ളവ തന്നെയായിരുന്നു ഈ മൂന്ന് ചിന്താധാരകളും. കൂടാതെ കൃത്യമായ ബദല്‍ രാഷ്ട്രീയവും അവര്‍ മുന്നോട്ടുവെച്ചിരുന്നു. ആവേശം പകരുന്ന കേഡര്‍ സംവിധാനവും  പ്രസ്ഥാനത്തെ ചലനാത്മകമാക്കാന്‍  ശേഷിയുള്ള ഇന്‍ഫ്രാസ്ട്രക്ച്ചറും ഇവര്‍ക്കുണ്ടായിരുന്നു.
പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കറുടെ ദ്രാവിഡ കഴകം പോലുള്ള  പ്രാദേശിക പ്രസ്ഥാനങ്ങളുടെ സ്വാധീനം ചില സംസ്ഥാനങ്ങളില്‍  പരിമിതമായിരുന്നെങ്കിലും ഈ പ്രസ്ഥാനങ്ങള്‍ക്ക് രാജ്യവ്യാപകമായ പ്രചാരണത്തിന് വേണ്ട സംവിധാനമുണ്ടായിരുന്നു.  വടക്കേ ഇന്ത്യയിലെ വിശാലമായ മേഖലയില്‍ സ്വാധീനമുറപ്പിച്ചതു കാരണം രാജ്യത്തിന്റെ മുഴുവന്‍ രാഷ്ട്രീയത്തെയും സ്വാധീനിക്കാന്‍ അവയില്‍ ചിലതിന് കഴിയുകയും ചെയ്തിരുന്നു. നേരത്തേ പറഞ്ഞ മൂന്ന് പ്രസ്ഥാനങ്ങള്‍ക്കും രാജ്യത്ത് പലവിധ അവസരങ്ങളും സൗകര്യങ്ങളും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹിന്ദുത്വവുമായി ആശയപരമായി മത്സരിക്കാന്‍ എല്ലാ നിലക്കും അവര്‍ക്ക് സാധിക്കുമായിരുന്നു. ഖേദകരമെന്നു പറയട്ടെ അത് സംഭവിച്ചില്ല. എന്തായിരുന്നു ഇതിനുള്ള കാരണങ്ങള്‍ എന്നത് സംബന്ധിച്ച വിശകലനം ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്.
ഈ പ്രസ്ഥാനങ്ങളെയെല്ലാം പൊതുവെ പിടികൂടിയത് ഒരേ ദൗര്‍ബല്യമായിരുന്നു. കാലാകാലങ്ങളില്‍ തങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ആശയാഭിലാഷങ്ങളേക്കാളും സിദ്ധാന്തങ്ങളേക്കാളും ഹ്രസ്വകാല രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി എന്നതായിരുന്നു അത്.  പെട്ടെന്ന് നേടിയെടുക്കേണ്ട രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി തത്ത്വങ്ങളിലും സിദ്ധാന്തങ്ങളിലും അവര്‍ വെള്ളം ചേര്‍ത്തു. പ്രത്യയശാസ്ത്രപരമായ  അസ്തിത്വവും അടിത്തറയും നഷ്ടപ്പെടുകയായിരുന്നു അതിന്റെ സ്വാഭാവിക ഫലം. ചില താല്‍ക്കാലിക രാഷ്ട്രീയ ലാഭങ്ങള്‍ നേടാനായെങ്കിലും അധികം താമസിയാതെ ആ പ്രസ്ഥാനങ്ങള്‍ അവയുടെ തനിമ നഷ്ടപ്പെട്ട് സ്വയം അപ്രസക്തമാവുകയായിരുന്നു. ഇതിനിടയില്‍ ഹിന്ദുത്വ ശക്തികളാകട്ടെ തങ്ങളുടെ പലവിധ തന്ത്രങ്ങളുമായി ആശയപ്രചാരണത്തില്‍ വളരെയേറെ മുന്നേറുകയും ചെയ്തു.
ഇതിനു മുമ്പ് നാം വിശകലനം ചെയ്തവ പരമ്പരാഗതമായി ഉയര്‍ന്ന ജാതികളെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികളാണ്. അതിനാല്‍ അവരുടെ ചിന്തകളില്‍ ഹിന്ദുത്വത്തോട് ഒരു സൗമ്യഭാവമുണ്ട്; നിലപാടുകളില്‍ കൃത്യതയില്ലായ്മയും അവ്യക്തതയുമുണ്ട്. ഇവിടെ നാം ചര്‍ച്ചക്കെടുക്കുന്ന പ്രസ്ഥാനങ്ങള്‍ക്കാകട്ടെ,  പ്രത്യയശാസ്ത്ര അടിത്തറയില്‍ നിന്നുകൊണ്ട് അത്തരം വ്യതിചലനങ്ങളെ ചെറുക്കാമായിരുന്നു. എന്നാല്‍ തങ്ങള്‍ നിലകൊണ്ടിരുന്ന തത്ത്വങ്ങളില്‍നിന്ന് അവ വ്യതിചലിച്ചതിന്റെ ധാരാളം ഉദാഹരണങ്ങളാണ് കാണാനാവുക. ഹിന്ദുത്വ രാജ്യത്തിനുണ്ടാക്കുന്ന പരിക്കുകളില്‍നിന്ന് രക്ഷപ്പെടുത്താനാവശ്യമായ ചിറകെട്ടാന്‍ അവര്‍ക്ക് യഥാര്‍ഥത്തില്‍ തന്നെ സാധിക്കുമായിരുന്നു. ഇത്തരം കൂട്ടായ്മകള്‍ക്ക് സംഭവിച്ച രാഷ്ട്രീയ പിഴവുകളെ നിരൂപണവിധേയമാക്കാന്‍ ഇവിടെ നാം ആഗ്രഹിക്കുന്നില്ല. അത് വേറെ തന്നെ ചര്‍ച്ചചെയ്യേണ്ട വിഷയമാണ്. ഹിന്ദുത്വം മുന്നോട്ടുവെക്കുന്ന സിദ്ധാന്തങ്ങളുമായുള്ള ഇത്തരം പ്രസ്ഥാനങ്ങളുടെ ആശയസംഘര്‍ഷങ്ങളെ വിശകലനം ചെയ്യുക മാത്രമാണിവിടെ.

ഇടതുപക്ഷ ചിന്തകള്‍
ഇന്ത്യയില്‍ ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്ര വ്യവഹാരങ്ങളോട് ആശയപരമായി ചെറുത്തുനില്‍പ്പ് നടത്തുന്നതില്‍ ചരിത്രപരമായി പ്രധാന പങ്ക് വഹിച്ചത് ഇടതുപക്ഷ ആശയങ്ങളാണെന്നതില്‍ സംശയമില്ല. രാഷ്ട്രീയമായി വിഭാഗീയതയും വര്‍ഗീയതയും പ്രചരിപ്പിക്കുന്ന ശക്തികള്‍ക്കെതിരെ അവര്‍ ചെറുത്തുനില്‍പ്പ് നടത്തി.  ബൗദ്ധിക തലത്തില്‍ ഹിന്ദുത്വ സൈദ്ധാന്തികര്‍ക്കെതിരെ പ്രതിരോധം തീര്‍ത്ത ഏറ്റവും പ്രധാനപ്പെട്ട ശക്തിയും അവര്‍ തന്നെയായിരുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍  ആദ്യ ലോക്സഭ 1952-ല്‍ നിലവില്‍ വന്നപ്പോള്‍, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു ഏറ്റവും വലിയ പ്രതിപക്ഷ കക്ഷി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്നത്തെ പ്രഗത്ഭനായ നേതാവ് എ.കെ ഗോപാലന്‍ ആദ്യത്തെ പ്രതിപക്ഷ നേതാവായി.1 രണ്ടാമത്തെയും മൂന്നാമത്തെയും ലോക്സഭയിലും അദ്ദേഹം തന്നെയാണ് പ്രതിപക്ഷ നേതാവായിരുന്നത്.2 1964-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നെങ്കിലും, 1967-ലെ തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റില്‍ രണ്ട് സീറ്റുകള്‍ പിന്നെയും അവര്‍ക്ക് വര്‍ധിക്കുകയാണ് ചെയ്തത്. 2004-ല്‍ ഇടതുപാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ 64 സീറ്റുകള്‍ നേടി ചരിത്രം കുറിച്ചു.3 മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ ഒന്നാം യു.പി.എ സര്‍ക്കാര്‍ ഇടതുപക്ഷ മുന്നണിയുടെ പിന്തുണയോടെയാണ് അധികാരത്തിലേറിയത്. അക്കാലയളവില്‍ ഇടതുപക്ഷത്തിന് സര്‍ക്കാറില്‍ വന്‍ സ്വാധീനമാണുണ്ടായിരുന്നത്. വിവരാവകാശ നിയമം, ഭക്ഷ്യ ഭദ്രതാ നിയമം, വിദ്യാഭ്യാസ അവകാശം, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ സുപ്രധാന പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ തങ്ങളുടെ സ്വാധീനം നല്ല പോലെ ഉപയോഗിച്ചിട്ടുണ്ട്.  സാമൂഹിക നീതി, സാമ്പത്തിക സമത്വം, ന്യൂനപക്ഷങ്ങളുടെയും പാവപ്പെട്ടവരുടെയും അവകാശ സംരക്ഷണം, ഭരണത്തിലെ സുതാര്യത  തുടങ്ങിയ മേഖലകളിലെ നിരവധി സുപ്രധാന പരിഷ്‌കാരങ്ങള്‍  ഇടതുപാര്‍ട്ടികളുടെ ഭരണസ്വാധീനം വഴി നടപ്പാക്കപ്പെട്ടിട്ടുളളതാണ്. ഇത്തരം നയനിലപാടുകളും പരിഷ്‌കരണ ചിന്തകളും കാരണം അവര്‍ക്ക് അസാധാരണ ജനസ്വാധീനം നേടിയെടുക്കാനും സാധിച്ചിട്ടുണ്ട്.
എന്നാല്‍, പിന്നീട് അവര്‍ രാഷ്ട്രീയരംഗത്തുനിന്ന് അതിവേഗം അപ്രത്യക്ഷമാകുന്ന കാഴ്ചകളാണ് കാണാനായത്. ഇപ്പോഴാകട്ടെ അവര്‍ രാഷ്ട്രീയ ശൂന്യതയില്‍ തന്നെ എത്തിയിരിക്കുന്നു. നിലവിലെ ലോക്സഭയില്‍ അവരുടെ എണ്ണം അഞ്ചായി കുറഞ്ഞു. പശ്ചിമ ബംഗാളില്‍ തുടര്‍ച്ചയായി ഏഴു തവണ സര്‍ക്കാര്‍ രൂപീകരിക്കുകയും നിയമസഭയിലെ 80 ശതമാനം സീറ്റുകള്‍ വരെ നേടുകയും ചെയ്ത അവര്‍ ഇന്ന് സംപൂജ്യരായിരിക്കുന്നു. ഏറ്റവുമൊടുവില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു ഇടതുപക്ഷ പാര്‍ട്ടിക്കും ഒരു സീറ്റ് പോലും നേടാനാകാത്ത വിധം അവര്‍ തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു. വോട്ട് വിഹിതം അഞ്ച് ശതമാനത്തില്‍ താഴെയായി.4 ത്രിപുരയിലും സമാനമായ സാഹചര്യമാണുള്ളത്. അധികാരത്തില്‍നിന്ന് അവര്‍ നിഷ്‌കാസിതമായിരിക്കുന്നു. കേരളത്തിലും ഒരു പ്രത്യയശാസ്ത്ര പ്രസ്ഥാനമെന്ന നിലയില്‍ അവരുടെ ഭാവി സംശയത്തിലാണെന്നതാണ് സ്ഥിതിഗതികള്‍ നല്‍കുന്ന സൂചന.
ഇടതുപക്ഷത്തിന്റെ ഈ അതിവേഗത്തിലുള്ള തകര്‍ച്ചയുടെ യഥാര്‍ഥ കാരണമെന്താണ്? ഈ ചോദ്യം നിലവില്‍ അക്കാദമിക വൃത്തങ്ങളില്‍ ഏറെ കൗതുകമുണര്‍ത്തുന്നുണ്ട്. അവരുടെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്നുമാണത്. ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കമ്യൂണിസ്റ്റ് വൃത്തങ്ങളില്‍ തന്നെ, വിമര്‍ശനത്മക നിരൂപണങ്ങള്‍ക്കും അവലോകനങ്ങള്‍ക്കും വിധേയമായ വിഷയം. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത് ബുദ്ധിജീവികളുടെ പ്രത്യയശാസ്ത്ര പ്രസ്ഥാനം എന്ന നിലക്കാണ്. പിന്നീട് ട്രേഡ് യൂനിയനുകള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ജനകീയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഈ രണ്ട് ചാനലുകളിലൂടെയും, പ്രത്യേകിച്ചും കേരളത്തില്‍, ഇടതുപക്ഷം പൊതു സ്വാധീനം നേടുകയും 1957-ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് ആദ്യത്തെ കോണ്‍ഗ്രസിതര മുഖ്യമന്ത്രിയായി  തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
പശ്ചിമ ബംഗാളിലും കമ്യൂണിസ്റ്റുകാര്‍ സാധാരണക്കാര്‍ക്കിടയില്‍ വലിയ തോതില്‍ സ്വീകാര്യത നേടിയെടുക്കുകയുണ്ടായി. ഇവിടെ കമ്യൂണിസം ഉയര്‍ന്നുവരാനുള്ള പ്രധാന കാരണം അവരുടെ വിപ്ലവകരമായ ഭൂപരിഷ്‌കരണ പദ്ധതി (Radical Land Reform) തന്നെയായിരുന്നു. അധികാരമേറ്റതിനു ശേഷം, ഓപ്പറേഷന്‍ ബാര്‍ഗ (Operation Barga)എന്ന പേരില്‍ അവര്‍ വലിയൊരു ചുവടുവെപ്പ് നടത്തി. കര്‍ഷകരെ അവരുടെ ഭൂമിയോടൊപ്പം ശാക്തീകരിക്കുകയും മിച്ചഭൂമിയുടെ വ്യാപകമായ വിതരണം കര്‍ഷകര്‍ക്കിടയില്‍ ഉറപ്പാക്കുകയും ചെയ്യുന്ന പദ്ധതിയായിരുന്നു ഓപ്പറേഷന്‍ ബാര്‍ഗ.5 അതിന്റെ ഫലമായി, കാര്‍ഷിക സമ്പദ്‌വ്യവസ്ഥ അഭിവൃദ്ധിപ്പെടുകയും എണ്‍പതുകളിലും തൊണ്ണൂറുകളിലും കാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ സംസ്ഥാനം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെ മറികടക്കുകയും ചെയ്തു. തദ്ഫലമായി ഇടതുപക്ഷം ദീര്‍ഘനാള്‍ അധികാരത്തില്‍ തുടര്‍ന്നു. ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജനാധിപത്യപരമായ രീതിയില്‍ ഇത്രയും ശക്തി ലോകത്ത് മറ്റെവിടെയും ലഭിച്ചിട്ടില്ലെന്ന് പറയപ്പെടുന്നു.6
ഉയരങ്ങള്‍ കീഴടക്കിയ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ ഇന്ന് കാണുന്ന തകര്‍ച്ചയുടെ വക്കോളമെത്തിച്ചതിനു പിറകില്‍ മൂന്ന് പ്രധാന കാരണങ്ങളുണ്ട്.  ഒന്നാമത്തെ കാരണം, കമ്യൂണിസ്റ്റ് ബുദ്ധിജീവി പ്രഭാത് പട്‌നായിക് ചൂണ്ടിക്കാട്ടിയ പോലെ, മുതലാളിത്തത്തിനും സാമ്രാജ്യത്വതാല്‍പ്പര്യങ്ങള്‍ക്കും വേണ്ടി കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ കൈയൊഴിഞ്ഞതാണ്. ഈ ആശയം ധ്വനിപ്പിക്കാന്‍ Empiricisation എന്ന പുതിയൊരു സംജ്ഞ അദ്ദേഹം രൂപകല്‍പ്പന ചെയ്യുന്നു. അതായത്, ഇടതുപക്ഷങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനായി സമത്വം, ജനാധിപത്യം, സമ്പത്തിന്റെ വിതരണക്രമം മുതലായ എക്കാലത്തും അവര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന അടിസ്ഥാന തത്ത്വങ്ങളില്‍ ഗുരുതരമാം വിധം അനുരഞ്ജനങ്ങള്‍ക്ക് തയാറാകുന്നു.7 പശ്ചിമ ബംഗാളിലും കേരളത്തിലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ക്രമേണ സവര്‍ണ  സമ്പന്ന വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന കക്ഷികളായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു. പാവപ്പെട്ടവരുടെയും അവശ പിന്നാക്ക വിഭാഗങ്ങളുടെയും പ്രാതിനിധ്യം ആ പാര്‍ട്ടികളില്‍ കുറഞ്ഞു. അവരുടെ അവകാശങ്ങളും താല്‍പര്യങ്ങളും പരിഗണിക്കപ്പെടാതെ പോവുക എന്നത്  കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കകത്ത് സര്‍വസാധാരണമായി. ഇടതുപക്ഷ സര്‍ക്കാറുകള്‍ നടപ്പിലാക്കിയ ഏറ്റവും വലിയ പദ്ധതിയാണല്ലോ കാര്‍ഷിക മേഖലയില്‍ കൊണ്ടൂവന്ന ഭൂപരിഷ്‌കരണം. അതുവഴി കാര്‍ഷിക രംഗത്ത് സാമ്പത്തിക സമത്വം നടപ്പിലാക്കാന്‍ ഒരുപരിധിവരെ അവര്‍ക്ക് സാധിച്ചു. എന്നാല്‍ ഇത്തരം പരിഷ്‌കരണ പ്രക്രിയകള്‍ കാര്‍ഷികേതര സമ്പദ് ഘടനകളിലേക്ക് കൊണ്ടുവരുന്നതില്‍ ഇടതുപക്ഷം പരാജയപ്പെട്ടു. വന്‍കിട കുത്തക മുതലാളിമാര്‍ക്ക് വ്യാവസായിക മേഖലകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് അവര്‍ക്ക് വേണ്ടതെല്ലാം  ചെയ്തു കൊടുത്തുകൊണ്ടിരുന്നപ്പോള്‍ സാധാരണക്കാരെ പൂര്‍ണമായും അവഗണിച്ചു. ഇത് മുതലാക്കിയാണ് മമതാ ബാനര്‍ജി 'യഥാര്‍ഥ ഇടതുപക്ഷ'മായി ഉയര്‍ന്നുവന്നത്.  സിംഗൂരിലെയും  നന്ദിഗ്രാമിലെയും  ശക്തമായ ജനരോഷത്തെ സമര്‍ഥമായി മമത ഉപയോഗപ്പെടുത്തിയപ്പോള്‍ കമ്യൂണിസ്റ്റ് തത്ത്വങ്ങളെ ബലികഴിച്ച ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ സ്വയം നാശത്തിന്റെ കുഴി തോണ്ടുകയായിരുന്നു.8
സംഘ് പരിവാറിന്റെ സ്വാധീന മേഖല എക്കാലത്തും സവര്‍ണ, മധ്യവര്‍ഗ ബിസിനസ്സുകാര്‍ക്കിടയില്‍ പരിമിതമായിരുന്നു. മുതലാളിത്ത ആശയങ്ങളെ അന്ധമായി പിന്തുണക്കുന്ന സമീപനമാണ് എന്നും അവര്‍ തുടര്‍ന്നിരുന്നത്. കമ്യൂണിസ്റ്റുകാര്‍ തങ്ങളുടെ യഥാര്‍ഥ അജണ്ട നടപ്പിലാക്കുകയും മുതലാളിത്തത്തോടുള്ള  എതിര്‍പ്പില്‍  ഉറച്ചുനില്‍ക്കുകയും ചെയ്തിരുന്നെങ്കില്‍ സംഘ് പരിവാറിന് ജനങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ അവസരമുണ്ടാകുമായിരുന്നില്ല.
പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ പിന്നാക്ക വിഭാഗങ്ങളിലൊന്നാണ് മുസ്‌ലിം സമൂഹം. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ പുരോഗതിക്കും വികസനത്തിനും പ്രത്യേക ശ്രദ്ധ നല്‍കണമെന്നാണ് കമ്യൂണിസ്റ്റ് തത്ത്വങ്ങള്‍ ആവശ്യപ്പെടുന്നത്.  എന്നാല്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ മുസ്‌ലിം സമൂഹത്തെ ചൂഷണം ചെയ്യുന്നതിലേക്ക് നയിച്ച എന്തെല്ലാം മുന്‍വിധികള്‍ നിലനില്‍ക്കുന്നുണ്ടോ അതെല്ലാം കമ്യൂണിസ്റ്റുകള്‍ക്കിടയിലും നിലനിന്നിരുന്നു എന്നതാണ് നേര്. മുസ്‌ലിംകളുടെ പുരോഗതിയിലും വളര്‍ച്ചയിലും താല്‍പ്പര്യമില്ലാത്ത സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍ എന്നും, ഇവിടെ മുസ്‌ലിംസമൂഹം ഏറെ പിറകിലാണെന്നും അവരുടെ ജീവിതസാഹചര്യങ്ങള്‍ അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണെന്നും വെളിപ്പെടുത്തിയ സച്ചാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട വിവരങ്ങള്‍ ഞെട്ടലുളവാക്കുന്നതായിരുന്നു.9 കമ്യൂണിസ്റ്റുകാര്‍ അക്കാദമിക വേദികളിലും പ്രതിഷേധ പരിപാടികളിലും ഉയര്‍ത്തിപ്പിടിച്ചിരുന്ന തുല്യത, ജനാധിപത്യം, ദുര്‍ബല വിഭാഗങ്ങളുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കല്‍, സ്വാതന്ത്ര്യം മുതലായ മുദ്രാവാക്യങ്ങള്‍ കൈയൊഴിഞ്ഞത് അവരുടെ രാഷ്ട്രീയ പ്രതിഛായക്ക് വലിയ തോതില്‍ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടികളും മറ്റു 'ബൂര്‍ഷ്വാ' പാര്‍ട്ടികളും തമ്മില്‍ വ്യത്യാസമില്ലെന്ന് സാധാരണക്കാര്‍ക്ക് തോന്നിത്തുടങ്ങി. ഈ പ്രതിഛായാ പ്രതിസന്ധി അവരുടെ സൈദ്ധാന്തികാടിത്തറകളെയും പ്രത്യയശാസ്ത്ര പിന്‍ബലത്തെയും ദുര്‍ബലപ്പെടുത്തി.10
രണ്ടാമത്തെ പ്രധാന കാരണം, ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ സാഹചര്യവുമായി അടുത്തുനില്‍ക്കുന്നതും അതിനോട് യോജിക്കുന്നതുമായ ഒരു ആഖ്യാനം/നരേഷന്‍ രൂപപ്പെടുത്തിയെടുക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു എന്നതാണ്. കമ്യൂണിസ്റ്റുകള്‍ക്കെതിരായ സോഷ്യലിസ്റ്റുകളുടെ ഏറ്റവും വലിയ വിമര്‍ശനം അവരുടെ ഭാഷയും അവര്‍ ഉയര്‍ത്തുന്ന വിഷയങ്ങളും (Issues) ഇന്ത്യന്‍ സാഹചര്യവുമായി പൊരുത്തപ്പെടുന്നില്ല എന്നതാണ്. അവരുടെ തത്ത്വചിന്തയുടെ മുഴുവന്‍ ഘടനയും അടിസ്ഥാനമാക്കിയുള്ള വര്‍ഗസമര (Class Struggle) സിദ്ധാന്തം ഇന്ത്യന്‍ സാഹചര്യവുമായി പൂര്‍ണമായും പൊരുത്തപ്പെടുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. ഇന്ത്യയില്‍ ജനസംഖ്യയുടെ പകുതിയിലധികം പേരും സ്വയംതൊഴിലുകളില്‍ (Self-employed) ഏര്‍പ്പെടുന്നവരാണ്. വര്‍ഗത്തേക്കാള്‍, അസമത്വത്തിനും വിവേചനത്തിനും കാരണമാകുന്ന ഘടകം ജാതിയും (Caste) സമുദായവുമാണ് (Community). ഈ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘ് പരിവാര്‍ ജനങ്ങളെ അണിനിരത്തിയത്. സമത്വത്തെകുറിച്ച് നല്ല ബോധ്യമുള്ള ശക്തികള്‍ ഈ ഘടകങ്ങള്‍ കണക്കിലെടുക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നെങ്കില്‍, സംഘ് പരിവാറിന് ഒരവസരവും ഇവിടെ ലഭിക്കുമായിരുന്നില്ല. നക്സലൈറ്റ് പ്രസ്ഥാനങ്ങള്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതി യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളുകയും അതിന്റെ പ്രാധാന്യം മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും ചെയ്തു എന്നതില്‍ സംശയമില്ല. പക്ഷേ യൂറോപ്പില്‍നിന്ന് ഇറക്കുമതി ചെയ്ത വര്‍ഗസമരത്തിന്റെ തത്ത്വചിന്തകളെ മുഖ്യധാരാ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ അമിതമായി ആശ്രയിക്കുന്ന പ്രവണത ഇന്ത്യന്‍ കമ്യൂണിസത്തെ മുഖ്യധാരയില്‍നിന്നും അകറ്റിനിര്‍ത്താന്‍ ഒരുപരിധിവരെ കാരണമായി. അതുകൊണ്ടു കൂടിയാണ് ഹിന്ദുത്വശക്തികള്‍ക്ക് ഇടം ലഭ്യമായതും കിട്ടിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്തി അവര്‍ കടന്നുകയറിയതും.
മതം ഇന്ത്യയുടെ ഏറ്റവും വലിയ യാഥാര്‍ഥ്യങ്ങളിലൊന്നാണ്. മതങ്ങളോടുള്ള അവഗണനയും പുഛവും മുഖമുദ്രയാക്കിയവര്‍ക്ക് ജനങ്ങളെ വലിയ തോതില്‍ സ്വാധീനിക്കാനും അവരെ കൂടെ നിര്‍ത്താനും അധികമൊന്നും ഈ രാജ്യത്ത് സാധിക്കുകയില്ല. കമ്യൂണിസത്തിന്റെയും കമ്യൂണിസ്റ്റുകളുടെയും പ്രതിഛായ അവര്‍ മതത്തിനും മതവിശ്വാസങ്ങള്‍ക്കും എതിരാണ് എന്നതാണ്. സംഘ്പരിവാര്‍ മുതലെടുത്തത് ഈപ്രതിഛായ കൂടിയായിരുന്നു.
മൂന്നാമത്തെ പ്രശ്നം മുസ്‌ലിംസമൂഹത്തോട് ഇടതുപക്ഷങ്ങള്‍ പുലര്‍ത്തിയ സമീപനങ്ങളാണ്. ഇത് മൗലികവും അടിസ്ഥാനപരവുമായ പ്രശ്നംകൂടിയാണ്. കാരണം ഹിന്ദുത്വശക്തികള്‍ മുസ്‌ലിം സമൂഹത്തിനെതിരായ മുന്‍വിധികളും വിദ്വേഷവുമാണ് അവരുടെ പ്രസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിന് ഇന്ധനമാക്കിയിരിക്കുന്നത്. മുസ്‌ലിം സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വ്യക്തവും ആരുടെ മുമ്പിലും അടിയറവ് വെക്കാത്തതുമായ ഉറച്ച നിലപാട് വെച്ചുപുലര്‍ത്തുന്നവര്‍ക്കു മാത്രമേ ഹിന്ദുത്വശക്തികളോട് ഏറ്റുമുട്ടാന്‍ സാധ്യമാകൂ. കമ്യൂണിസ്റ്റുകള്‍ സാധാരണയായി ബഹുജന പ്രസ്ഥാനങ്ങള്‍ക്കിടയില്‍ സ്വയം രൂപപ്പെടുത്തിയ അവരുടെ ഇമേജ് ഇങ്ങനെയൊക്കെയാണെങ്കിലും, ദൈനംദിന രാഷ്ട്രീയത്തിലേക്കെത്തുമ്പോള്‍ വോട്ട് രാഷ്ട്രീയത്തിന്റെ സമ്മര്‍ദം കാരണം, ഈ സാഹചര്യത്തില്‍ പോലും അവര്‍ ചിലപ്പോള്‍ കടുത്ത മുസ്‌ലിംവിരുദ്ധത പ്രകടിപ്പിക്കുന്നതു കാണാം. പശ്ചിമ ബംഗാളിലെ മുസ്‌ലിംസമൂഹത്തോട് ഇടതുപക്ഷം സ്വീകരിച്ച നയനിലപാടുകള്‍ സംബന്ധിച്ച് നേരത്തേ സൂചിപ്പിച്ചു.  കേരളത്തിലും ഇടതുപക്ഷം, പ്രത്യേകിച്ച് സി.പി.എം രാഷ്ട്രീയനേട്ടങ്ങള്‍ക്കായി വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയിലെ പ്രശ്നങ്ങളില്‍ പരോക്ഷമായി കക്ഷിചേരുകയും വിഭാഗീയതക്ക് വളംവെക്കുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
കേരളത്തിലെ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ടി ഹുസൈന്‍ എഡിറ്റ് ചെയ്ത, എല്ലാവരുടെയും കണ്ണുതുറപ്പിക്കുന്ന ഒരു പുസ്തകം ഈയിടെ വെളിച്ചത്തു വന്നിരുന്നു. അതില്‍ അദ്ദേഹം കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ പുതിയ പ്രവണതകളും മുസ്‌ലിംവിരുദ്ധതയും അനാവരണം ചെയ്യുന്നുണ്ട്.  1985-ലെ മുസ്‌ലിം പേഴ്സണല്‍ ലോയുമായി ബന്ധപ്പെട്ട (ശരീഅത്ത് വിവാദം) പ്രസ്ഥാനത്തിനു ശേഷം, കേരളത്തിലെ മുസ്‌ലിം സമൂഹത്തോട് കമ്യൂണിസ്റ്റ് നേതാക്കളുടെ മനോഭാവത്തില്‍ വന്ന മാറ്റങ്ങളെ പറ്റി ഈ പുസ്തകത്തില്‍ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഭൂരിപക്ഷ വിഭാഗങ്ങളിലെ വോട്ട് ബാങ്ക് ശക്തിപ്പെടുത്തുന്നതിനായി അവര്‍ ഇസ്‌ലാമോഫോബിക്കായ മനോഭാവങ്ങളും നിലപാടുകളും സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹുസൈന്‍ വ്യക്തമാക്കുന്നുണ്ട്.11
മറ്റു ലിബറല്‍ ബുദ്ധിജീവികളെപ്പോലെ കമ്യൂണിസ്റ്റുകള്‍ക്കിടയിലും അസ്വാഭാവികവും അന്യായവുമായ തൂക്കമൊപ്പിക്കല്‍ പ്രവണത നിലനില്‍ക്കുന്നുണ്ട്. ഒരു വിഷയത്തില്‍ താത്ത്വികമായ നിലപാട് സ്വീകരിക്കുന്നതിനു പകരം ഹിന്ദു വിഭാഗീയതയെയും വര്‍ഗീയതയെയും വിമര്‍ശിക്കണമെങ്കില്‍, യഥാര്‍ഥമായതോ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതോ ആയ മുസ്‌ലിം വിഭാഗീയതയെയും വര്‍ഗീയതയെയും മറുവശത്ത് കൊണ്ടുവരേണ്ടത് അനിവാര്യമാണെന്ന് അവര്‍ കരുതുന്നു. കമ്യൂണിസ്റ്റുകളും സംഘ് പരിവാറും പരസ്പരം സഹകരിച്ച് അവരുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കുകയാണ് ഫലത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ ഹിന്ദുത്വ ശക്തികള്‍ നിലവില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന പലതിന്റെയും ഉറവിടം കമ്യൂണിസ്റ്റ് ബുദ്ധിജീവികളാണ്. ഇസ്‌ലാമിക നിയമങ്ങളെ അപഹസിക്കുന്നതും പ്രതിപ്പട്ടികയില്‍ നിര്‍ത്തുന്നതുമായ പലതും ഈ ബുദ്ധിജീവികള്‍ പടച്ചുവിട്ടതാണ്. മുത്ത്വലാഖ് ഉള്‍പ്പെടെയുള്ള പല വിഷയങ്ങളും മുസ്‌ലിം സമൂഹത്തില്‍ നടമാടുന്ന സാധാരണ സമ്പ്രദായമാണെന്ന തെറ്റായ ധാരണകള്‍ ഉല്‍പാദിപ്പിച്ചതിലും ഇവരുടെ  പങ്ക് ചെറുതല്ല. കഴിഞ്ഞ വര്‍ഷം, തബ്‌ലീഗ് ജമാഅത്തിനെയും കൊറോണയെയും ബന്ധിപ്പിച്ച വിവാദം കൊഴുത്തപ്പോള്‍, ഒരു പ്രശസ്ത ഇടതുപക്ഷ പണ്ഡിതന്‍ വിശദമായ ലേഖനം എഴുതി. കോവിഡ് വ്യാപനത്തെ തബ്‌ലീഗ് ജമാഅത്തുമായി ബന്ധിപ്പിക്കുന്ന വിഭാഗീയ വായ്ത്താരികളെ അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതായിരുന്നു ലേഖനം. തബ്‌ലീഗ് ജമാഅത്ത് ശുദ്ധിപ്രസ്ഥാനത്തിന് ബദലായി രൂപീകരിച്ച പ്രസ്ഥാനമാണെന്നും രാജ്യത്തെ വെട്ടിമുറിക്കാന്‍ ലക്ഷ്യമിട്ട വിഭാഗമാണ് ഇവരെന്നും വരെ ആ ലേഖനത്തില്‍ ലേഖകന്‍ എഴുതി പിടിപ്പിച്ചു!12
രാമജന്മഭൂമി പ്രസ്ഥാനത്തെ പരാമര്‍ശിക്കുമ്പോഴെല്ലാം, 1985-ലെ വ്യക്തിഗത നിയമ (ശരീഅത്ത്) പ്രസ്ഥാനത്തെക്കുറിച്ച് പരാമര്‍ശിക്കാന്‍ അവര്‍ മറക്കുന്നില്ല. ശരീഅത്തിനോടും മുസ്‌ലിം വ്യക്തിനിയമ പ്രസ്ഥാനത്തോടും വിയോജിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ മുസ്‌ലിംസമൂഹത്തിന്റെ തികച്ചും ആഭ്യന്തരമായ ഒരു വിഷയത്തെ അഭിമുഖീകരിക്കാന്‍ വേണ്ടി രൂപീകൃതമായ ഒരു പ്രസ്ഥാനത്തെ, വിഭാഗീയതയും മുസ്‌ലിംവിരുദ്ധതയും മാത്രം കൈമുതലാക്കി നിലവില്‍ വന്ന ഒന്നുമായി താരതമ്യപ്പെടുത്തുന്നതിനും ബന്ധിപ്പിക്കുന്നതിനും എന്ത് ന്യായീകരണമാണുള്ളത്? സമാനമായ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ സാധിക്കും.
മുസ്‌ലിം സംഘടനകളുടെയും മുസ്‌ലിം സമൂഹത്തിന്റെയും എല്ലാ നിലപാടുകളെയും ഇടതുപക്ഷ ബുദ്ധിജീവികള്‍ പിന്തുണക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. അവര്‍ നിലകൊള്ളുന്ന സിദ്ധാന്തങ്ങളുടെയും തത്ത്വങ്ങളുടെയും അടിസ്ഥാനത്തില്‍ നിലപാട് സ്വീകരിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്, എന്നല്ല ഇസ്‌ലാമിനെ തന്നെ വിമര്‍ശിക്കാനും നിരൂപണവിധേയമാക്കാനും അവര്‍ക്ക് അവകാശമുണ്ട്. സൈദ്ധാന്തികവും പ്രത്യയശാസ്ത്രപരവുമായ ആ വിമര്‍ശനങ്ങളെക്കുറിച്ചല്ല ഇവിടെ ചര്‍ച്ച.  തൂക്കമൊപ്പിക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമായി അവര്‍ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ നമ്മുടെ കാഴ്ചപ്പാടില്‍ വസ്തുതകളെ അവഗണിക്കുന്നതും സ്വന്തം തത്ത്വങ്ങളെയും സിദ്ധാന്തങ്ങളെയും തന്നെ പൊളിച്ചുകളയുന്നതുമാണ്. ഇടതുപക്ഷം പുലര്‍ത്തുന്ന ഇത്തരം നിലപാടുകള്‍ അവരുടെ ധാര്‍മികവും പ്രത്യയശാസ്ത്രപരവുമായ കരുത്തിനെ ദുര്‍ബലപ്പെടുത്തുകയും ഹിന്ദുത്വവുമായി മത്സരിക്കാനുള്ള കഴിവ് ഇല്ലാതാക്കിക്കളയും ചെയ്യും എന്ന കാര്യത്തില്‍ സംശയമില്ല.

സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍
ഹിന്ദുത്വ പ്രത്യയശാസ്ത്രത്തോട് മത്സരിക്കാനുള്ള ശേഷിയും അതിനു വേണ്ട വലിയ സാധ്യതകളും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യയില്‍ രൂപംകൊണ്ട പ്രസ്ഥാനങ്ങള്‍ക്കുണ്ടായിരുന്നു. ആഗോളതലത്തില്‍, സോഷ്യലിസം എന്നത് വിവിധ അര്‍ഥങ്ങളില്‍ ഉപയോഗിക്കാറുണ്ട്. ചിലപ്പോള്‍ കമ്യൂണിസത്തിന്റെ പര്യായമായി അത് ഉപയോഗിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ കമ്യൂണിസത്തിനു പുറത്ത് സോഷ്യലിസത്തിന് അതിന്റേതായ സ്വതന്ത്ര സ്വത്വമുണ്ട്.
ഇരുപതാം നൂറ്റാണ്ടിലെ മിക്ക സാമൂഹിക പ്രസ്ഥാനങ്ങളെയും പോലെ, കോണ്‍ഗ്രസ്സിലും തുടക്കകാലത്ത് സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തോട് അടുപ്പമുള്ള ധാരാളം പേരുണ്ടായിരുന്നു. ഗാന്ധിജിയുടെ ആശയങ്ങള്‍ പലതും സോഷ്യലിസ്റ്റ് ആശയങ്ങളുമായി വളരെ അടുത്തുനില്‍ക്കുന്നതാണ്. സര്‍വോദയ പ്രസ്ഥാനത്തിന്റെ ആദര്‍ശം (സര്‍വോദയ ആന്ദോളന്‍ - സര്‍വദിയ എന്നാല്‍ എല്ലാവരുടെയും വികസനം) സോഷ്യലിസമായിരുന്നു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരത, ഗ്രാമീണ സ്വാശ്രയത്വം, സാമ്പത്തിക സമത്വം, ജനാധിപത്യരീതികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും സന്തുലിതമായ വികസനം എന്നിവ ഗാന്ധിജിക്ക് കൃത്യമായി ബോധ്യമുള്ള അദ്ദേഹത്തിന്റെ പ്രധാന മുദ്രാവാക്യങ്ങളായിരുന്നു. അതിനായി നിരവധി തത്ത്വങ്ങള്‍ അദ്ദേഹം രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം സാമൂഹികതലത്തില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ വിനോബ ഭാവയെ പോലുള്ള നിരവധി പരിഷ്‌കര്‍ത്താക്കള്‍ ഗൗരവമായ പല ശ്രമങ്ങളും നടത്തിയിട്ടുണ്ട്. 
സോഷ്യലിസത്തിന് വ്യത്യസ്തമായ ബൗദ്ധികസ്വത്വം നല്‍കുന്നതില്‍ വലിയ പങ്കുവഹിച്ച രണ്ട് മഹല്‍ വ്യക്തിത്വങ്ങളാണ് ജയപ്രകാശ് നാരായണും  (1902-1979) രാംമനോഹര്‍ ലോഹ്യയും (1910-1967). ദരിദ്ര കുടുംബങ്ങളില്‍ ജനിച്ച ഇരുവരും പിന്നീട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പാശ്ചാത്യ സര്‍വകലാശാലകളിലും പഠനം നടത്തി ഉന്നതങ്ങളിലെത്തി. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ഇരുവരും ഗാന്ധിജി മുന്നോട്ടുവെച്ച ആശയങ്ങളില്‍ ആകൃഷ്ടരായവരായിരുന്നു. 
സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ വികസിച്ചുവന്ന ഭരണസംവിധാനത്തില്‍ ഇരുവരും നിരാശരായിരുന്നു. അങ്ങനെയാണ് ഇരുവരും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് അടിത്തറ പാകുന്നത്. ഇരുവര്‍ക്കും പൊതുവായ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നിട്ടും, പല വിഷയങ്ങളിലും അവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിക്കൊണ്ടിരുന്നു. പിന്നീട്, ജെ.പിയും ലോഹ്യയും രണ്ട് വ്യത്യസ്ത സ്‌കൂള്‍ ഓഫ് തോട്ടുകളായി മാറുകയായിരുന്നു.
ജവഹര്‍  ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സഞ്ചരിക്കുന്ന പാത പാശ്ചാത്യ, യൂറോപ്യന്‍ മാതൃകയുടെ തനിപ്പകര്‍പ്പാണ്, അത് ഇന്ത്യ പോലൊരു രാജ്യത്തിന് ഒട്ടും അനുയോജ്യമല്ല എന്നായിരുന്നു ഈ രണ്ട് വ്യക്തിത്വങ്ങളും വിശ്വസിച്ചത്. ഒരു സമ്പൂര്‍ണവിപ്ലവം (Total Revolution) അവര്‍ ആഗ്രഹിച്ചു (ജയപ്രകാശ് നാരായണിന്റേതായി  Total Revolution  എന്ന പേരില്‍ ഒരു പുസ്തകവുമുണ്ട്).13 ഏഴ് വിപ്ലവങ്ങള്‍ (സപ്ത ക്രാന്തി) എന്ന മറ്റൊരാശയമാണ് ലോഹ്യ വിഭാവനം ചെയ്തത്.14 ജയപ്രകാശ് നാരായണ്‍ സമ്പൂര്‍ണ വിപ്ലവം എന്ന തന്റെ സിദ്ധാന്തം പ്രായോഗികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി രണ്ട് സാങ്കേതിക പദാവലികളാണ് രൂപപ്പെടുത്തിയത്. തെരഞ്ഞെടുപ്പു രാഷ്ട്രീയം (അധികാര രാഷ്ട്രീയം - Power Politics), പൊതു രാഷ്ട്രീയം (ജനകീയ രാഷ്ട്രീയം - People’s Politics) എന്നിവയായിരുന്നു അവ. ഒരു രാജ്യത്ത് മൂര്‍ത്തമായ മാറ്റമുണ്ടാകുന്നതിന് ഈ രണ്ട് രാഷ്ട്രീയവും ഒരുമിച്ചുപോകണമെന്ന് അദ്ദേഹം സിദ്ധാന്തിച്ചു.15
People's Politics എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് സാമൂഹിക മാറ്റത്തിനായുള്ള നിരന്തര പ്രചാരണങ്ങളും സര്‍ക്കാരിന്റെ തെറ്റുകള്‍ക്കെതിരായ പൊതുജനങ്ങളുടെ തുടര്‍ച്ചയായ പ്രതിഷേധ സമരങ്ങളുമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാര രാഷ്ട്രീയ പ്രക്രിയയില്‍ മാത്രം ഒതുങ്ങുകയാണെങ്കില്‍ അവ നിലനില്‍ക്കില്ലെന്ന് ജയപ്രകാശ് നാരായണ്‍  എഴുതിയിട്ടുണ്ട്. സാമൂഹിക മാറ്റവുമായി ആഴത്തില്‍ ബന്ധമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു മാത്രമേ അതിജീവന ശേഷിയുണ്ടാകൂ.16
സാമൂഹികമാറ്റത്തിന്റെ പ്രധാന ലക്ഷ്യം പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണമാണെന്നത് ഇരുവരുടെയും ഉറച്ച നിലപാടായിരുന്നു. ദലിതര്‍ക്കൊപ്പം, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ (ഒ.ബി.സി), ന്യൂനപക്ഷങ്ങള്‍, മുസ്‌ലിംകള്‍ എന്നിവരെയും പിന്നാക്ക വിഭാഗങ്ങളായി കണക്കാക്കുകയും വികസനത്തിലും വിഭവങ്ങളിലും അധികാരത്തിലും തുല്യ പങ്കാളിത്തമില്ലാത്ത ജനാധിപത്യം അപൂര്‍ണമായാണെന്ന് വിലയിരുത്തുകയും ചെയ്യുന്ന കാഴ്ചപ്പാടും ഇരുവരും പങ്കുവെച്ചിരുന്നു.
ജയപ്രകാശ് നാരായണും രാം മനോഹര്‍ ലോഹ്യയും കേന്ദ്ര സര്‍ക്കാരിന്റെ എല്ലാവിധ കേന്ദ്രീകരണത്തിനും സമ്പൂര്‍ണ അധികാരത്തിനും എതിരായിരുന്നു. ജനാധിപത്യം കേവല പ്രാതിനിധ്യത്തിലല്ല, മറിച്ച് എല്ലാ പൗരന്മാരുടെയും പങ്കാളിത്തത്തിലായിരിക്കണം രൂപപ്പെടേണ്ടത് എന്നായിരുന്നു ഇരുവരും സിദ്ധാന്തിച്ചത്. രാഷ്ട്രീയശക്തി താഴെ നിന്ന് മുകളിലേക്കാണ് പോകേണ്ടത്; മറിച്ചാകരുത്. ഇന്ത്യയുടെ ഭരണഘടനക്കായി നാല് തൂണുകളുള്ള പ്രായോഗിക മാതൃക (ചോഖുംബ മോഡല്‍) എന്ന പേരില്‍ ഒരു പദ്ധതി തന്നെ ലോഹ്യ നിര്‍ദേശിച്ചു. ഗ്രാമങ്ങളിലെ സാധാരണക്കാരുടെ ശാക്തീകരണമാണ് ഈ സിദ്ധാന്തം മുന്നോട്ടു വെച്ചത്. അവര്‍ക്ക് അധികാരത്തില്‍ മതിയായ പ്രാതിനിധ്യം ലഭിക്കുന്ന ഒരു സങ്കല്‍പം കൂടിയാണിത്. ഇതുപ്രകാരം പോലീസ് പോലും ഗ്രാമത്തിന് കീഴിലായിരിക്കും ഉണ്ടാവുക. ഓരോ ഗ്രാമത്തിലെയും പൗരപ്രമുഖര്‍ അടങ്ങുന്ന ഒരു ഗ്രാമസഭയാണ് അദ്ദേഹം വിഭാവനം ചെയ്യുന്നത്. ഓരോ ഗ്രാമവും കഴിയുന്നത്ര സ്വയംപര്യാപ്തമാകണം. ഗ്രാമവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും തെരഞ്ഞെടുക്കുന്ന ഗ്രാമസഭയിലൂടെ തീരുമാനിക്കണം. ഗ്രാമസഭ അതിന്റെ പ്രതിനിധികളില്‍ ചിലരെ ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കണം. ഇത് ഗ്രാമസഭയുടെ പ്രധാന ചുമതലയായിരിക്കണം. പിന്നീട് ഗ്രാമപഞ്ചായത്തുകളുടെ അധ്യക്ഷന്മാര്‍ ഉള്‍പ്പെടുന്ന ഒരു ജില്ലാ സഭ രൂപീകരിക്കുക. ഇപ്രകാരം താഴേത്തട്ടില്‍നിന്നും അടുത്ത തലത്തിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുക്കണം.
   ദല്‍ഹി ആസ്ഥാനമായ കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന മുഴുവന്‍ കാര്യങ്ങളും ഗ്രാമത്തില്‍നിന്ന് വരുന്ന പ്രതിനിധികളെയും അവരുടെ അഭിലാഷങ്ങളെയും അടിസ്ഥാനമാക്കിയാണ് തീരുമാനിക്കേണ്ടത്. പൗരന്മാരുടെ നേരിട്ടുള്ള പങ്കാളിത്തത്തിലൂടെ ശക്തിപ്പെടുന്നതും രാഷ്ട്രീയ പാര്‍ട്ടികളില്ലാത്തതുമായ ഒരു ജനാധിപത്യ സങ്കല്‍പ്പം ജയപ്രകാശ് നാരായണിനുണ്ടായിരുന്നു. ഗ്രാമീണ തലത്തിലും ഗ്രാമീണ കാര്യങ്ങളിലും ഉയര്‍ന്ന തലങ്ങളിലും എല്ലാ പൗരന്മാരുടെയും പങ്കാളിത്തത്തോടെ കാര്യങ്ങള്‍ നടപ്പിലാക്കുക, ഗ്രാമീണ തലത്തില്‍ കൂടുതല്‍ അധികാരങ്ങള്‍ കൈമാറുക, പാര്‍ട്ടികള്‍ക്കുപരി പഞ്ചായത്തുകളുടെ പ്രതിനിധികള്‍ വഴി തീരുമാനങ്ങള്‍ എടുക്കുക എന്നീ ആശയങ്ങളായിരുന്നു അദ്ദേഹം മുന്നോട്ടു വെച്ചത്.17
ഈ സംവാദം വിശദമായി പ്രതിപാദിച്ചതിന്റെ ഉദ്ദേശ്യം മറ്റൊന്നുമല്ല, ജെ.പിയും ലോഹ്യയും മുന്നോട്ടുവെച്ച ആശയങ്ങള്‍ ഉന്നതരുടെയും പൗരപ്രഭുക്കന്മാരുടെയും സ്വേഛാധിപത്യം ഇല്ലാതാക്കി, രാജ്യെത്ത മുഴുവന്‍ പൗരന്മാരുടെയും യഥാര്‍ഥ പ്രാതിനിധ്യത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയത്തിന്റെ വിപ്ലവകരമായ രൂപരേഖയാണ് സമര്‍പ്പിച്ചത്. ഈ പ്രസ്ഥാനം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചു. പ്രത്യേകിച്ചും ഉത്തരേന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ ഘടനയെ മാറ്റിമറിച്ചു. ഇന്ദിരാ ഗാന്ധിയെ അധികാരഭ്രഷ്ടമാക്കുന്നതില്‍ ഈ പ്രസ്ഥാനം പ്രധാന പങ്ക് വഹിച്ചു എന്നതും യാഥാര്‍ഥ്യമാണ്. 1977-ലെ ജനതാ സര്‍ക്കാര്‍ രൂപീകരിച്ചത് ഇതേ പ്രസ്ഥാനത്തിലെ അംഗങ്ങളാണ്. നിരവധി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍, പ്രസ്ഥാനം കോണ്‍ഗ്രസിനെ അട്ടിമറിക്കുകയും പിന്നാക്ക വിഭാഗ (ഒ.ബി.സി) പാര്‍ട്ടികളെ അധികാരത്തില്‍ കൊണ്ടുവരികയും ചെയ്തു. യോഗേന്ദ്ര യാദവ് ഈ പ്രസ്ഥാനത്തെ ജനാധിപത്യത്തിന്റെ രണ്ടാം തരംഗം18 എന്നാണ് വിശേഷിപ്പിച്ചത്. അശുതോഷ്‌വര്‍ഷിണി 'സമ്പൂര്‍ണ ജനകീയ ജനാധിപത്യത്തിലേക്കുള്ള നിര്‍ണായക ചുവടുവെപ്പ്' എന്നാണ് ഈ വിപ്ലവകരമായ ആശയത്തെ പറ്റി പറഞ്ഞത്.19 സവര്‍ണ സ്വേഛാധിപത്യ സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമായ ഹിന്ദുത്വക്ക് വലിയ തടസ്സമാകാന്‍ ഈ പ്രസ്ഥാനത്തിന് സാധ്യതയുണ്ടായിരുന്നു.  എന്നാല്‍ ഖേദകരമെന്നു പറയട്ടെ, ഇനി പറയുന്ന കാരണങ്ങളാല്‍ ഇത് സംഭവിച്ചില്ല:
സോഷ്യലിസ്റ്റ് ചിന്താധാരയെ പിന്തുടരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ രൂപപ്പെട്ട കലഹങ്ങളും ഭിന്നതകളുമാണ് പ്രഥമവും പ്രധാനവുമായ കാരണം. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മൂന്ന് രാഷ്ട്രീയ രൂപങ്ങളായ സോഷ്യലിസ്റ്റ് പാര്‍ട്ടി, ജനതാ പാര്‍ട്ടി, ജനതാദള്‍ എന്നിവ നിരന്തരം പിളര്‍ന്നുകൊണ്ടിരുന്നു. വി.പി സിംഗിന്റെ നേതൃത്വത്തില്‍ മണ്ഡല്‍ കമീഷന്‍ ശിപാര്‍ശകള്‍ നടപ്പിലാക്കുക എന്നത് ഒരുപക്ഷേ ഈ പ്രസ്ഥാനങ്ങളുടെ പ്രധാന രാഷ്ട്രീയ നേട്ടമായി ചൂണ്ടിക്കാണിക്കാന്‍ സാധിച്ചേക്കാം. ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളുടെ അധികാരം ദീര്‍ഘകാലം സമാജ്‌വാദി പാര്‍ട്ടിക്കൊപ്പമായിരുന്നുവല്ലോ. എന്നാല്‍ അവരുടെ രാഷ്ട്രീയ അജണ്ടകള്‍ ചില ഒ.ബി.സി ജാതികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരിമിതമായിരുന്നു എന്നതാണ് വസ്തുത. പിന്നീട് ഇക്കൂട്ടര്‍ തന്നെ സോഷ്യലിസ്റ്റ് പാര്‍ട്ടികളില്‍നിന്ന് പിരിഞ്ഞുപോവുകയും ചെയ്തു.  മാത്രവുമല്ല കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തുകവഴി ഒരുതരം ശൂന്യത സൃഷ്ടിക്കപ്പെടുകയുണ്ടായി. ഇത് ഉത്തരേന്ത്യയില്‍ ബി.ജെ.പിയുടെ വളര്‍ച്ചക്ക് സഹായകമായി എന്നതാണ് നേര്.
ലോഹ്യ-നാരായണ്‍ പ്രസ്ഥാനത്തിന്റെ യഥാര്‍ഥ ചൈതന്യമായ സാമൂഹിക വിപ്ലവമെന്ന മനോഹരമായ കാഴ്ചപ്പാട് ഉപേക്ഷിക്കപ്പെട്ടു എന്നതാണ് മറ്റൊരു പ്രധാന കാരണം. ഈ സാമൂഹിക പ്രസ്ഥാനം നിലനിന്നിരുന്നെങ്കില്‍ സംഘ് പരിവാറിന്റെ തേരോട്ടങ്ങള്‍ക്ക് അവസരം ഉണ്ടാകുമായിരുന്നില്ല. ജയപ്രകാശ് നാരായണിനും ലോഹ്യക്കും ശേഷവും ഇന്ത്യയിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങള്‍ ഈ പ്രസ്ഥാനത്തിന് നിരവധി അവസരങ്ങള്‍ നല്‍കിയിട്ടുണ്ടായിരുന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ സാമൂഹികതലത്തില്‍ സജീവമായി നിലനിന്നിരുന്നെങ്കില്‍ രാജ്യത്തിന്റെ സാമൂഹിക ഘടനയില്‍ അടിസ്ഥാനപരമായ മാറ്റത്തിന്റെ ഉറവിടമായി അവര്‍ക്ക് മാറാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ സോഷ്യലിസ്റ്റുകള്‍ സാമൂഹിക മാറ്റങ്ങള്‍ക്കു വേണ്ടി നിലകൊള്ളുക എന്ന ദൗത്യത്തില്‍നിന്ന് പിന്മാറുകയും രാഷ്ട്രീയ അധികാരത്തിനായുള്ള പോരാട്ടത്തില്‍ ഒതുങ്ങുകയുമായിരുന്നു. രാഷ്ട്രീയ കലഹങ്ങളും പോരാട്ടങ്ങളും തത്ത്വങ്ങളുടെ അടിസ്ഥാനത്തിലായിരുന്നില്ല, താല്‍ക്കാലിക രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ പേരില്‍ മാത്രമായിരുന്നു.
അതോടൊപ്പം മറുവശത്ത് സംഭവിച്ചത് മറ്റൊന്നായിരുന്നു. സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ ഈ പ്രസ്ഥാനത്തില്‍നിന്ന് ധാരാളം രാഷ്ട്രീയപാഠങ്ങള്‍ അഭ്യസിക്കുകയും സാമൂഹികമാറ്റത്തിന്റെ അജണ്ടയില്‍ ദീര്‍ഘകാലം ക്ഷമയോടെ പ്രവര്‍ത്തിക്കുകയും സമൂഹത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തുന്നതില്‍ വിജയിക്കുകയും ചെയ്തു. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളില്‍ അണിചേര്‍ന്ന സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ എതിരാളികളാല്‍ സ്വാധീനിക്കപ്പെടുന്ന സാഹചര്യമുണ്ടായിട്ടുണ്ട് എന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്. സംഘവുമായി അടുപ്പമുള്ള പലരും സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. അതിന്റെ കാരണം ലോഹ്യക്കും ജെ.പിക്കും നെഹ്റുവുമായി ശക്തമായ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു എന്നതു കൂടിയായിരുന്നു. ഈ വിയോജിപ്പ് വലതുപക്ഷത്തോടൊപ്പം നിന്നിരുന്ന പലരെയും പല നിലക്ക് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തോട് അടുപ്പിച്ചു. അത് സോഷ്യലിസ്റ്റുകളുടെ തകര്‍ച്ചക്ക് കാരണമായി.
സാമൂഹിക നീതിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിട്ടും, വിഭാഗീയ ശക്തികളെ സോഷ്യലിസ്റ്റുകള്‍ ന്യായീകരിക്കുന്ന സാഹചര്യമുണ്ടായി. അത് തങ്ങളുടെ അജണ്ടകള്‍ക്കെതിരെ ഉയര്‍ത്തുന്ന  ഭീഷണിയെ വിലയിരുത്താനും തിരിച്ചറിയാനും സോഷ്യലിസ്റ്റ് നേതാക്കള്‍ക്ക് സാധിക്കാതെ പോയി. പിന്നീട് ജനസംഘം മുഴുവനായും ജനതാ പാര്‍ട്ടിയുടെ ഭാഗമായി മാറുകയായിരുന്നു. ജോര്‍ജ് ഫെര്‍ണാണ്ടസിനെപ്പോലുള്ള സോഷ്യലിസ്റ്റുകള്‍ ആദ്യത്തെ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. കോണ്‍ഗ്രസ്സിന്റെ മുതലാളിത്ത, വരേണ്യ അജണ്ടയെ എതിര്‍ക്കുന്ന അവര്‍  ജനാധിപത്യ, സോഷ്യലിസ്റ്റ് അജണ്ടകള്‍ക്ക് കൂടുതല്‍  വലിയ ഭീഷണി സൃഷ്ടിക്കുന്ന ഒരു പ്രസ്ഥാനത്തെയാണ് തങ്ങള്‍ പാലൂട്ടുന്നതെന്ന യാഥാര്‍ഥ്യം തിരിച്ചറിയാതെ പോയി. 
(ദലിത് പ്രസ്ഥാനങ്ങളുടെ പരാജയത്തെക്കുറിച്ച് അടുത്ത ലക്കത്തില്‍)
വിവ: അബ്ദുല്‍ഹകീം നദ്‌വി

കുറിപ്പുകള്‍:
1. Election Commission of India; Statistical Report on General Elections 1951 Volume 1
2. Election Commission of India; Statistical Report on General Elections 1957 Volume 1 and Election Commission of India; Statistical Report on General Elections 1962 Volume 1
3. See LokSabha site
http://loksabhaph.nic.in/Members/partyar.aspx?lnso=14&tab=2 retrieved on 20-08-2021
4. വിശദാംശങ്ങള്‍ക്ക് ഇലക്ഷന്‍ കമീഷന്‍ സൈറ്റ് സന്ദര്‍ശിക്കുക.
https://eci.gov.in/files/file/13605-west-bengal-general-legislative-election-2021/
5. Suhas Chattopadhyay, Operation Barga: A comment, Economic and Political Weekly, Vol. 14, No. 49, 8 December 1979
6. See BBC report
https://www.bbc.com/news/world-south-asia-13374646 retrieved on 20-08-2021
7. Patnaik, Prabhat (2011): 'The Left in Decline,'Economic & Political Weekly, Vol 46, No 29, pp 12-16
8. Baisya, Arup (2011): 'The Left in Decline' : A Historical Perspective,' Economic & Political Weekly, Vol 46, No 47, pp 78-79,
9.  Prime Minister's High Level Committe (2006) Social, Economic and Educational Status of the Muslim Community of India.  Government of India; pages 295-299
10. https://www.aljazeera.com/opinions/2019/6/23/the-death-of-the-indian-left retrieved on 20-08-2021
11. K.T Husain, Islamophic Marxism: Saffron Spot on the Red Blog
https://www.newindianexpress.com/states/kerala/2021/apr/02/jamaat-book-accuses-cpm-of-islamophobia-2284647.html
12. https://www.counterview.net/2020/04/muslims-punished-though-tablighi-jamat.html
https://www.counterview.net/2020/04/left-wing-islamophobia-apolitical.html
13. സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളും അതിന്റെ ചരിത്രവും മനസ്സിലാക്കാന്‍ സഹായിക്കുന്ന വളരെ പ്രധാനപ്പെട്ട നാല് വാള്യങ്ങളുള്ള പുസ്തകമാണിത്.
Jay Prakash Narayan (1979), Towards Total Revolution; (Vol 1 to 4), PopulatPrakashan, Bombay
14. Ram Manohar Lohia (2013) 'Marx, Gandhi and Socialism', Centrum Press, New Delhi  p-531
15. Jayprakash Narayan  (2005) Jayprakash Narayan: A Centenary Volume. Mittal Publications. New Delhi pages 19-33
16. Bhattacharjea, Ajit, Jayprakash Narayan, Delhi: Vikas Publishing House,
1975. pp 89-90
17. Ram ManoharLohia, 'The Four-Pillar State', in Verinder Grover (Ed.),Ram Manohar Lohia - A Biography of His Vision and Ideas,NewDelhi: Deep & Deep Publications, 1998, p. 319  and also in Ram Manohar Lohia, Marx. Gandhi and Socialism,Nav Hind Prakashan. Hyderabad, 1963, p.286 
18. Yadav, Yogendra (2000), 'Understanding the Second Democratic Upsurge: Trends of Bahujan Participation in Electoral Politics in the 1990s' in Transforming India: Social and Political Dynamics of Democracy, edited by Balveer Arora & Francine R. Frankel Rajeev Bhargava, 120-145, New Delhi, Oxford University Press
19. Varshney, Ashutosh (2000), 'Is India Becoming More Democratic', The Journal of Asian Studies, Vol. 59 (No 1): 3-25
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 43-48
ടി.കെ ഉബൈദ്‌

ഹദീസ്‌

അമിത പ്രശംസയുടെ അപകടം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്