Prabodhanm Weekly

Pages

Search

2021 നവംബര്‍ 05

3225

1443 റബീഉല്‍ അവ്വല്‍ 29

കേരളത്തില്‍ സച്ചാര്‍ പദ്ധതികള്‍ അട്ടിമറിക്കപ്പെട്ടതിന്റെ നാള്‍വഴികള്‍

ബഷീര്‍ തൃപ്പനച്ചി

സച്ചാര്‍ കമീഷന്‍ പദ്ധതികള്‍ കേരളത്തില്‍ അട്ടിമറിക്കപ്പെട്ടതിന്റെ നാള്‍വഴികള്‍ അടയാളപ്പെടുത്തുന്നതാണ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എഴുതിയ '80:20 വിവാദവും വസ്തുതയും' എന്ന പുസ്തകം. ന്യൂനപക്ഷ പദവിയോ മതമോ മാനദണ്ഡമാക്കിയല്ല സച്ചാര്‍ കമ്മിറ്റി മുസ്‌ലിംകള്‍ക്ക് പ്രത്യേക ശിപാര്‍ശകള്‍ സമര്‍പ്പിച്ചത്. എല്ലാ മേഖലകളിലും ദേശീയ ശരാശരിയേക്കാള്‍ കാലങ്ങളായി പിറകില്‍ നില്‍ക്കുന്ന പിന്നാക്ക സാമൂഹിക വിഭാഗം എന്നതായിരുന്നു സച്ചാര്‍ പദ്ധതികളുടെ മാനദണ്ഡം. ഒരു പ്രത്യേക വിഭാഗത്തിന് സ്‌കോളര്‍ഷിപ്പുകളും വികസനപദ്ധതികളും അനുവദിക്കുന്നത് വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി സച്ചാര്‍ കമീഷന്റെ സാധുത തന്നെ ചോദ്യം ചെയ്ത് അലഹാബാദ്, ബോംബെ ഹൈക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. അടിസ്ഥാന ജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട, പ്രത്യേക പ്രതിബന്ധങ്ങള്‍ അനുഭവിക്കുന്ന ഒരു വിഭാഗം എന്ന നിലയിലാണ് സച്ചാര്‍ കമീഷന്‍ പദ്ധതികള്‍ എന്നാണ് കോടതി അന്ന് കണ്ടെത്തിയത്. അതിനാല്‍ മുസ്‌ലിം സമൂഹത്തിന് മാത്രമായുള്ള സച്ചാര്‍ ശിപാര്‍ശകള്‍ വിവേചനപരമല്ല; മറിച്ച് വിവേചന പരിഹാരമാര്‍ഗമാണെന്നാണ് പ്രസ്തുത കേസിന്റെ വിധിപ്രസ്തവനയില്‍ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മൊഹിത് എസ്. ഷാ  കൃത്യമായി രേഖപ്പെടുത്തിയത്.
പിന്നാക്ക വിഭാഗം എന്ന നിലക്ക് മുസ്‌ലിംകള്‍ക്ക് മാത്രമായി ആവിഷ്‌കരിക്കപ്പെട്ട, കോടതികളടക്കം സാധുത അംഗീകരിച്ച പദ്ധതിയാണ് സച്ചാര്‍ കമീഷന്‍ ശിപാര്‍ശകള്‍. കേരളത്തില്‍ അതേ പദ്ധതികള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിവേചനം ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതി അത് റദ്ദു ചെയതതെങ്ങനെ? ഈ വിചിത്രമായ കോടതിവിധിക്ക് വഴിയൊരുക്കിയ കേരള സര്‍ക്കാറിന്റെ അലംഭാവം നിറഞ്ഞ നടപടികള്‍ വിശദമായി  സര്‍ക്കാര്‍ രേഖകള്‍ സഹിതം ഈ പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്. അതിനാല്‍ സച്ചാര്‍ പദ്ധതികള്‍ കേരളത്തില്‍ അട്ടിമറിച്ചതിന്റെ ഡോക്യുമെന്റേഷന്‍ കൂടിയായി ഈ പുസ്തകത്തെ അടയാളപ്പെടുത്താം.
സച്ചാര്‍ കമീഷന്റെ പശ്ചാത്തലത്തില്‍ ആ ശിപാര്‍ശകള്‍ എങ്ങനെയെല്ലാം കേരളത്തില്‍ നടപ്പിലാക്കാമെന്ന് ആലോചിക്കാനാണ് പാലോളി കമ്മിറ്റി രൂപപ്പെടുന്നത്. കേരളത്തിലും മുസ്‌ലിംകള്‍ എല്ലാ നിലക്കും പിന്നാക്കമാണെന്നാണ് പാലോളി കമ്മിറ്റിയുടെ പഠനത്തിലും കണ്ടെത്തുന്നത്. അത് പരിഹരിക്കാന്‍ സച്ചാര്‍ കമീഷന്‍ ശിപാര്‍ശ പ്രകാരമുള്ള ചില പദ്ധതികള്‍ കേരള മുസ്‌ലിംകളുടെ ഉന്നമനത്തിനായി നടപ്പിലാക്കാന്‍ പാലോളി കമ്മിറ്റി കേരള സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു. അവ നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍  ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കുകയായിരുന്നു ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യേണ്ടിരുന്നത്. അതുണ്ടായില്ല എന്നിടത്താണ് കേരളത്തിലെ സച്ചാര്‍ കമീഷന്‍ പദ്ധതികള്‍ അട്ടിമറിക്കപ്പെടാന്‍ തുടങ്ങുന്നത്. പാലോളി കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ 2008-ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ ന്യൂനപക്ഷ സെല്‍ രൂപീകരിക്കുകയാണ് ചെയ്തത്. അതിനു കീഴിലായിരുന്നു സച്ചാര്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ച പദ്ധതികള്‍ ആവിഷ്‌കരിച്ചത്. ന്യൂനപക്ഷ സെല്‍ പിന്നീട്  2011-ല്‍ ന്യൂനപക്ഷ വകുപ്പാക്കി മാറ്റുകയും ചെയ്തു. സച്ചാര്‍ കമീഷന്‍ പ്രോജക്ടുകള്‍ നടപ്പിലാക്കിയ മറ്റു സംസ്ഥാനങ്ങളിലൊന്നുമില്ലാത്ത വിവാദങ്ങളും അവകാശവാദങ്ങളും കേരളത്തില്‍ ഉയര്‍ന്നുവരാന്‍ അത് നടപ്പിലാക്കാന്‍ രൂപീകരിച്ച ഈ വകുപ്പിന്റെ പേരാണ് കാരണമായത്. അങ്ങനെ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ അവസാന വര്‍ഷമായ 2011-ല്‍ പാലോളി കമ്മിറ്റി പദ്ധതികളില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളില്‍നിന്നുള്ള ചിലര്‍ അവകാശവാദമുന്നയിച്ചു. പദ്ധതി ലക്ഷ്യം വ്യക്തമാക്കുന്നതിനു പകരം 20 ശതമാനം ക്രിസ്ത്യന്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കും നല്‍കുകയാണന്ന് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തത്. ഇതിലേക്ക് നയിച്ച സംഭവവികാസങ്ങള്‍ അന്നത്തെ ഗവണ്‍മെന്റ് ഓര്‍ഡറുകളുടെ കോപ്പികള്‍ സഹിതം പുസ്തകം രേഖപ്പെടുത്തുന്നുണ്ട്. തുടര്‍ന്നു വന്ന യു.ഡി.എഫ് സര്‍ക്കാരും ന്യൂനപക്ഷ വകുപ്പിനു കീഴില്‍ സച്ചാര്‍ കമീഷന്‍ ശിപാര്‍ശകളുടെ ഭാഗമായി പുതുതായി നടപ്പിലാക്കിയ പദ്ധതികളില്‍ ഈ 80:20 അനുപാതം തുടര്‍ന്നു.
ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതോടെയാണ് അട്ടിമറിയുടെ രണ്ടാം അധ്യായം ആരംഭിക്കുന്നത്. അതുവരെ ഉണ്ടായിരുന്ന പദ്ധതികളിലെ  മുസ്‌ലിം നാമങ്ങളെല്ലാം മാറ്റുകയും പുതുതായി ആരംഭിച്ച സ്‌കോളര്‍ഷിപ്പുകള്‍ക്ക് സെക്യുലര്‍ പശ്ചാത്തലം ലഭിക്കാന്‍ ക്രിസ്ത്യന്‍ സമുദായത്തിലെ പ്രമുഖരുടെയടക്കം നാമങ്ങള്‍ ചാര്‍ത്തുകയും ചെയ്തു. കോച്ചിംഗ് സെന്റര്‍ ഫോര്‍ മുസ്‌ലിം യൂത്ത് എന്നത് മൈനോറിറ്റി യൂത്ത് ആയി മാറി. മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ്, ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ് എന്നിവ പുതുതായി ആരംഭിക്കുകയും ചെയ്തു. ന്യൂനപക്ഷ വകുപ്പിനു കീഴിലെ ക്രിസ്ത്യന്‍ പേരിലുള്ള സ്‌കോളര്‍ഷിപ്പുകള്‍ പോലും എണ്‍പതു ശതമാനം മുസ്‌ലിംകള്‍ കൈയടക്കുന്നുവെന്ന വ്യാപക പ്രചാരണത്തിന് ഈ നാമങ്ങള്‍ തല്‍പ്പരകക്ഷികള്‍ക്ക് സഹായകമായി. പാലോളി കമ്മിറ്റി പദ്ധതികള്‍ ന്യൂനപക്ഷ വകുപ്പിനു കീഴില്‍ ആയതിനാല്‍ കേരളത്തിലെ മൈനോറിറ്റി പദ്ധതികളെല്ലാം അന്യായമായി മുസ്‌ലിംകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തീറെഴുതിനല്‍കുന്നൂവെന്ന പ്രചാരണവുമുണ്ടായി. ഈ കുപ്രചാരണങ്ങള്‍ക്കിടയിലാണ് റോമന്‍ കത്തോലിക്കാ വിഭാഗക്കാരനായ ജസ്റ്റിന്‍ പള്ളിവാതുക്കല്‍ കേരളത്തില്‍ നടക്കുന്ന ഈ 'ന്യൂനപക്ഷ വിവേചനം' ഭരണഘടനക്ക് എതിരാണെന്ന വാദമുയര്‍ത്തി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നത്. കോടതി 80:20 അനുപാതം റദ്ദാക്കുകയും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ജനസംഖ്യാനുപാതികമായി പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉത്തരവിടുകയും ചെയ്തു.
കേസിലെ വാദങ്ങളും വിധിയും സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാടുകളുമെല്ലാം സവിസ്തരം പുസ്തകം പരിശോധിക്കുന്നുണ്ട്. ന്യൂനപക്ഷമെന്ന നിലക്കല്ല പിന്നാക്ക വിഭാഗമെന്ന അടിസ്ഥാനത്തില്‍ സച്ചാര്‍ റിപ്പോര്‍ട്ടിന്റെ  ഭാഗമായാണ് ഈ പദ്ധതികള്‍ എന്ന് സമര്‍ഥിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ തയാറായിരുന്നുവെങ്കില്‍ കോടതിവിധി മറ്റൊന്നാകുമായിരുന്നൂവെന്നാണ് ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നത്. കോടതിവിധി നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ കാണിച്ച ധൃതിയും  അതുവഴി  സംസ്ഥാനത്ത് അട്ടിമറിക്കപ്പെട്ട സച്ചാര്‍ കമീഷന്റെ ഭാവിയും മുസ്‌ലിം കൂട്ടായ്മകള്‍ അടിയന്തരമായി സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ വെക്കേണ്ട നിര്‍ദേശങ്ങളും പുസ്തകം ചര്‍ച്ചക്ക് വെക്കുന്നുണ്ട്.
മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ വേണ്ടി മാത്രം രൂപീകരിക്കപ്പെട്ട സച്ചാര്‍ കമീഷനും പാലോളി കമ്മിറ്റിയും ഭരണഘടനാനുസൃതമായി ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ആ പദ്ധതികള്‍ നടപ്പിലാക്കാന്‍ പ്രത്യേക വകുപ്പ് രൂപീകരിക്കണമെന്നാണ് മുസ്‌ലിം സമുദായ സംഘടനകളുടെ ആവശ്യം. കോടതിവിധി ഉണ്ടാക്കിയ സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് അതോടെ പരിഹാരമാകും. ക്രിസ്ത്യന്‍ സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിശ്ചയിക്കപ്പെട്ട ജെ.ബി കോശി ചെയര്‍മാനായ സമിതി  റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറക്ക് അതിലെ ശിപാര്‍ശകള്‍ ക്രിസ്ത്യന്‍ സമുദായത്തിനിടയില്‍ നടപ്പാക്കാന്‍ പ്രത്യേക വകുപ്പും ഉണ്ടാവട്ടെ. ഇങ്ങനെ സാമുദായിക സൗഹാര്‍ദം നിലനിര്‍ത്തി തന്നെ പ്രശ്‌നം പരിഹരിച്ച് മുസ്‌ലിംകള്‍ക്കായുള്ള സച്ചാര്‍ കമീഷന്‍ പദ്ധതികളും പാലോളി കമ്മിറ്റി പദ്ധതികളും തുടര്‍ന്നും നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ തയാറാകുമെന്ന പ്രത്യാശയാണ് പുസ്തകം പങ്കുവെക്കുന്നത്. സച്ചാര്‍ കമീഷന്‍ വരച്ചുകാട്ടിയ ഇന്ത്യന്‍ മുസ്‌ലിം സാമൂഹികാവസ്ഥയുടെ രത്‌നച്ചുരുക്കവും പാലോളി കമ്മിറ്റി കണ്ടെത്തിയ കേരള മുസ്‌ലിം പിന്നാക്കാവസ്ഥയുടെ കണക്കുകളും പുസ്തകം പകര്‍ത്തിവെച്ചിട്ടുണ്ട്. സംസ്ഥാന ന്യൂനപക്ഷ വകുപ്പിനു കീഴില്‍ ലഭ്യമായ പദ്ധതികളും സ്‌കോളര്‍ഷിപ്പുകളും പുസ്തകത്തില്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.
പ്രസാധനം: എസ്.വൈ.എസ് മലപ്പുറം ജില്ലാ കമ്മിറ്റി. പേജ് 92, വില: 40.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 43-48
ടി.കെ ഉബൈദ്‌

ഹദീസ്‌

അമിത പ്രശംസയുടെ അപകടം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്