Prabodhanm Weekly

Pages

Search

2021 നവംബര്‍ 05

3225

1443 റബീഉല്‍ അവ്വല്‍ 29

പുതിയ ചിറയ്ക്കല്‍ ഹസന്‍ ഹാജി

പി. ഹാമിദലി

കുടുംബമാകെ ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ അണിചേരുക; നേതൃതലത്തിലടക്കം, വിവിധ മേഖലകളില്‍ സേവനം ചെയ്ത്, ബന്ധപ്പെടുന്ന എല്ലാവരുടെയും മനസ്സില്‍ മായാത്ത മുദ്രകള്‍ പതിപ്പിക്കുക, അല്ലാഹു കനിഞ്ഞേകിയ സമ്പത്ത് ലോപമേതുമില്ലാതെ ലക്ഷ്യബോധത്തോടെ ഉപയോഗിക്കുകയും നാടിനും നാട്ടാര്‍ക്കും തലമുറകളോളം ഉപകരിക്കുന്ന 'സ്വദഖ ജാരിയ' ആക്കി മാറ്റുക, അവസാനം ബന്ധുമിത്രാദികളുടെ സ്‌നേഹവലയത്തില്‍ നിന്നുകൊണ്ട് സംതൃപ്തിയോടെ ഈ ലോകത്തോട് യാത്ര പറയുക. അങ്ങനെയൊരു സൗഭാഗ്യത്തിന്  ഉടമയായിരുന്നു 89-ാം വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞ പുതിയ ചിറക്കല്‍ ഹസന്‍ഹാജി എന്ന പുതിയറ ഹസ്സനാജി. 
നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത്, തൊണ്ടിയില്‍നിന്ന് കുടുംബ സ്വത്തായി കിട്ടിയ സ്ഥലത്ത്  കൃഷി ചെയ്യാനാണ് 60 വര്‍ഷം മുമ്പ് അദ്ദേഹം ചുങ്കത്തറ പുന്നപ്പുഴ പള്ളിക്കുത്തില്‍ എത്തുന്നത്. ദാരിദ്ര്യവും കഷ്ടപ്പാടും കൊടികുത്തി വാഴുന്ന കാലം. ആകെയുള്ളത് അല്‍പം കൃഷിപ്പണിയാണ്. കൃഷിയിറക്കി കഴിഞ്ഞാല്‍ ഇടവേളകളില്‍ ആര്‍ക്കും തൊഴിലില്ല. ഇതിന് പരിഹാരമായി വിവിധ സമയങ്ങളില്‍ കൃഷിയിറക്കാനും വിളവെടുക്കാനും പറ്റുന്ന വ്യത്യസ്ത വിഭവങ്ങള്‍ കണ്ടെത്തി ആ ചെറുപ്പക്കാരന്‍ കൃഷിയിറക്കി. കിട്ടാവുന്നവരില്‍നിന്നെല്ലാം കടവും വായ്പയും എടുത്ത് വ്യത്യസ്ത രീതിയില്‍ നടപ്പാക്കിയ ആ കൃഷി വിജയിച്ചു. നാട്ടില്‍ ഒരുപാട്  പേര്‍ക്ക് അതുവഴി തൊഴില്‍ നല്‍കാനായി. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഹാജിയുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന കൃഷിപ്പണിയില്‍ ബുദ്ധിപൂര്‍വം മുതലിറക്കിയാണ് തന്റെ സാമ്പത്തിക അടിത്തറ കെട്ടിപ്പൊക്കിയത്. ചെറുപ്പത്തില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ടിരുന്നെങ്കിലും വൈകാതെ ആ ബന്ധങ്ങള്‍ ഉപേക്ഷിച്ചു.
ഇതിനിടയില്‍ ചുങ്കത്തറയിലെ വിരലിലെണ്ണാവുന്ന ഇസ്‌ലാമിക പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു. ദ്വൈവാരികയായി ഇറങ്ങിയിരുന്ന പ്രബോധനത്തിന്റെ സ്ഥിരം വായനക്കാരനാകുന്നത് അങ്ങനെയാണ്. ആദ്യകാല പ്രവര്‍ത്തകനായിരുന്ന മര്‍ഹൂം ടി.പി. അലവി സാഹിബുമായുള്ള ഹൃദ്യമായ ബന്ധമായിരുന്നു ഈ മാറ്റങ്ങള്‍ക്ക് കാരണം. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതോടെ അദ്ദേഹത്തിന്റെ ഉദാരത ബന്ധപ്പെടുന്ന എല്ലാവരിലേക്കും ഒഴുകിത്തുടങ്ങി. തന്റെ നാട്ടിലും പരിസരങ്ങളിലും ഇസ്‌ലാമിക സ്ഥാപനങ്ങള്‍ ഉണ്ടാക്കി ആവശ്യമായ പരിചരണങ്ങള്‍ നല്‍കി നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കാളിയായി. 1995-ല്‍ സ്ഥാപിച്ച ചുങ്കത്തറ ഇസ്‌ലാമിക് ട്രസ്റ്റിന്റെ പ്രഥമ പ്രസിഡന്റായിരുന്നു. കഴിഞ്ഞ വര്‍ഷം വരെ അദ്ദേഹത്തിന്റെ പേരിലാണ് പളളിയുടെ കെട്ടിട നികുതി അടച്ചിരുന്നത്. പണ്ഡിതന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും ഭൂമി നല്‍കുകയും വീട് ഉണ്ടാക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. 
ജാതിമതഭേദമന്യേ ആരുമായും ഹൃദ്യമായ ബന്ധം വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിനായി. 53 വര്‍ഷം മുമ്പ് ആലപ്പുഴ കുട്ടനാട്ടില്‍നിന്ന് മലബാറിലേക്ക് കുടിയേറിയ വലിയ പറമ്പില്‍ ശശി,  ഹാജിയെ വിട്ടു പിരിയാതെ വീട്ടിലെ ഒരംഗമായി  കൂടെനിന്നത് ഉദാഹരണം. ഓണ്‍ലൈന്‍, ടെലഗ്രാം ട്രാന്‍സ്ഫര്‍ ഒന്നും ഇല്ലാതിരുന്ന കാലത്ത് ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടിന് ഹാജി പ്രധാനമായും ആശ്രയിച്ചിരുന്നത് ശശിയുടെ സേവനമായിരുന്നു. ഇന്നോളം പരസ്പര വിശ്വാസങ്ങള്‍ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല. യാത്രകള്‍ നടത്തുമ്പോള്‍ അവര്‍ക്കിടയിലുണ്ടായ സംസാരം, വീടും ഉപജീവനമാര്‍ഗവും ഇല്ലാത്ത നാട്ടുകാരെ എങ്ങനെ സഹായിക്കാം എന്നതിനെക്കുറിച്ചായിരുന്നു.  
പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ആവിഷ്‌കരിച്ച പീപ്പ്ള്‍സ് വില്ലേജ് പദ്ധതിയുടെ ഭാഗമായുള്ള ആദ്യത്തെ ഹൗസിംഗ്  പ്രോജക്ട്  പൂര്‍ത്തീകരിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചവരിലൊരാള്‍ സന്തോഷ് മാത്യു ആയിരുന്നു. 1962-ല്‍ കോട്ടയം പാലായില്‍നിന്ന്  കക്കാടംപൊയിലില്‍ കുടിയേറിയതാണ് സന്തോഷിന്റെ കുടുംബം. 2009-ല്‍ ഒരു സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ടാണ് യുവാവായ സന്തോഷ് ഹാജിയുമായി അടുക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കകം ആ ബന്ധം ഊഷ്മളമായി വളര്‍ന്നു. ഇനി മറ്റ് ഏര്‍പ്പാടുകള്‍ക്ക്  ഒന്നും പോകാതെ തന്റെ കൂടെ നില്‍ക്കാന്‍ ഹാജി ആവശ്യപ്പെട്ടു. സ്വന്തം മക്കളും പേരക്കുട്ടികളും വിളിക്കുന്നതു പോലെ ബാപ്പ എന്നാണ് സന്തോഷും ഹാജിയെ വിളിച്ചിരുന്നത്. തനിച്ചുള്ള യാത്രകളില്‍ കച്ചവടവും കൃഷിയും വളരെ കുറച്ചേ ചര്‍ച്ചക്ക് വന്നിരുന്നുള്ളു. ചുറ്റുപാടും കാണുന്ന പാവങ്ങള്‍ക്ക്  സഹായം നല്‍കുന്നതിനെക്കുറിച്ചും അവരുടെ പ്രയാസങ്ങള്‍ ദൂരീകരിക്കുന്നതിനെക്കുറിച്ചുമായിരുന്നു ഹാജിയുടെ സംസാരം. അങ്ങനെയാണ്  ഇസ്‌ലാമിലെ സകാത്ത്, സ്വദഖ സംവിധാനങ്ങളെക്കുറിച്ച് സന്തോഷ് മനസ്സിലാക്കുന്നത്. ഹസന്‍ ഹാജി സകാത്ത് സ്വദഖകള്‍ വിനിയോഗിച്ച് ഭവനനിര്‍മാണത്തിന് മുന്നിട്ടിറങ്ങിയപ്പോള്‍ പ്രായോഗിക രംഗത്ത് നേതൃത്വം നല്‍കാന്‍ സന്തോഷിന് അവസരം ലഭിച്ചു. പീപ്പ്ള്‍സ്  ഫൗണ്ടേഷന്റെ കീഴില്‍ 'പീപ്പ്ള്‍സ് വില്ലേജ്' എന്ന ആശയം രൂപംകൊപ്പോള്‍ അതിന്റെ ആദ്യ പ്രോജക്ട് ഹസന്‍ ഹാജി സംഭാവന ചെയ്തു.
കക്കാടംപൊയിലില്‍ തന്റെ കൈവശമുണ്ടായിരുന്ന ഒരേക്കര്‍ 10 സെന്റ്  സ്ഥലവും, 10 വീട് വെക്കാനുള്ള 55 ലക്ഷം രൂപയും ഹാജി നീക്കിവെച്ചു. അതിന്റെ മേല്‍നോട്ട ചുമതല സന്തോഷിനായിരുന്നു. പണി പൂര്‍ത്തീകരിച്ച് അര്‍ഹതപ്പെട്ട താമസക്കാരെയും കണ്ടെത്തി ഉത്തരവാദപ്പെട്ടവര്‍ക്ക് പ്രോജക്ട്  ഏല്‍പ്പിച്ചുകൊടുക്കാനായതില്‍ സന്തോഷ് എന്തെന്നില്ലാത്ത സംതൃപ്തിയിലാണ്. നാലു വര്‍ഷം മുമ്പ് അഛന്‍ മരണപ്പെട്ട സന്തോഷ്, മാതാവും ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം കക്കാടംപൊയിലിലാണ് താമസം. ഇങ്ങനെ ഒരുപാട് മനുഷ്യര്‍ക്ക് തണലായി, ഒത്തിരി സ്ഥാപനങ്ങള്‍ക്ക് അടിത്തറ പാകി ജനസേവന രംഗത്ത് അദ്ദേഹം നിറഞ്ഞുനിന്നു. ഇതിനിടയില്‍ അകാലത്തില്‍ വിടപറഞ്ഞ മൂത്ത മകന്റെ വേര്‍പാട് ഹാജി ക്ഷമയോടെ തരണം ചെയ്തു.
തന്റെ പ്രസ്ഥാന വീക്ഷണങ്ങള്‍ക്കനുസരിച്ച് കുടുംബത്തെയും മറ്റും കൂടെ കൂട്ടാന്‍ സാധിച്ചുവെന്നതാണ് ഹാജിയുടെ മറ്റൊരു വിജയം. മക്കളെല്ലാം ഇസ്‌ലാമിക പ്രസ്ഥാനത്തിന്  മുതല്‍ക്കൂട്ടായി തങ്ങളുടെ ചുറ്റുപാടുകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ജമാഅത്തെ ഇസ്‌ലാമി കേരള അസി. അമീറായ പി. മുജീബുര്‍റഹ്മാന്‍ സാഹിബ്  ഹാജിയുടെ സഹോദര പുത്രനാണ്. തന്നെ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ ചേര്‍ത്ത് പഠിപ്പിക്കാനും മുന്നോട്ടുള്ള വളര്‍ച്ചയില്‍ താല്‍പര്യപൂര്‍വം നിര്‍ദേശങ്ങള്‍ നല്‍കാനും മൂത്താപ്പ കാണിച്ച താല്‍പര്യം അദ്ദേഹം പ്രാര്‍ഥനാപൂര്‍വം ഓര്‍ക്കുന്നു.
ഭാര്യമാര്‍: ഫാത്വിമ, പരേതയായ ആമിന. മക്കള്‍: ആസിയ, ഫാത്വിമ, മുഹമ്മദ്, ശൗക്കത്തലി, അബ്ദുല്‍ അസീസ്, സഫിയ്യ, അബ്ദുല്‍ ഗഫൂര്‍. മരുമക്കള്‍: ഹസ്സനാലി, ഉമ്മര്‍, സുഹറ, നദീറ, അബ്ദുല്ല, ഹസീന, അബ്ദുര്‍റഹ്മാന്‍, ഖമറുന്നിസ.


പി.കെ ശൗക്കത്തലി ഹാജി


സൗമ്യതയുടെയും കരുണയുടെയും ആള്‍രൂപമായി കീഴുപറമ്പ് തൃക്കളയൂര്‍ പ്രദേശത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു പി.കെ ശൗക്കത്തലി ഹാജി (76). പ്രദേശത്തെ മത, സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു.
വളരെ നേരത്തേ തന്നെ കച്ചവടമാണ് തന്റെ കര്‍മരംഗമെന്ന് തിരിച്ചറിഞ്ഞ ഹാജി തൊട്ടടുത്ത പ്രദേശമായ വാലില്ലാപ്പുഴ കേന്ദ്രമാക്കി പലചരക്ക്, മലഞ്ചരക്ക്, വളക്കച്ചവട സ്ഥാപനം ആരംഭിച്ചു. കച്ചവടത്തിലൂടെ ലഭിച്ച സമ്പത്ത് നാട്ടിലെയും പരിസര പ്രദേശങ്ങളിലെയും മത, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോഭം ചെലവഴിക്കാന്‍ അദ്ദേഹത്തിന് യാതൊരു വൈമനസ്യവുമുണ്ടായിരുന്നില്ല.
തൃക്കളയൂര്‍ പ്രദേശത്തെ ആദ്യത്തെ സംഘടിത മഹല്ല് കൂട്ടായ്മയായ ഖാദിമുല്‍ ഇസ്‌ലാം സംഘത്തിന്റെ  പ്രസിഡന്റായിരുന്നു അദ്ദേഹം, ദീര്‍ഘകാലം. പ്രദേശത്തെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന തണല്‍ ജനസേവന കേന്ദ്രം രക്ഷാധികാരിയായും ദയ ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാനായും അല്‍ മദ്‌റസത്തുല്‍ ഇസലാമിയ മാനേജിംഗ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു.
ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചടുലമായ നേതൃത്വം നല്‍കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ഹാജി പട്ടിണിയുടെയും വറുതിയുടെയും കാലത്ത് ആവശ്യക്കാരന്റെ അത്താണിയായിരുന്നു.          
'ആലുംകണ്ടി' വീടിനെ മാറ്റിനിര്‍ത്തി ഇഫ്ത്വാര്‍ പരിപാടികള്‍ അചിന്ത്യമായിരുന്ന കാലത്ത് ധനിക, ദരിദ്ര വ്യത്യാസമില്ലാതെ ഒരേ പന്തിയില്‍ വിഭവസമൃദ്ധമായ ഭക്ഷണം നല്‍കാന്‍ അദ്ദേഹം കാണിച്ച മനസ്സ് സമാനതകളില്ലാത്തതായിരുന്നു.
തന്റെ വീട്ടിലെ ജീപ്പ്, ടെലഫോണ്‍ സൗകര്യങ്ങള്‍ ആവശ്യക്കാരന് കണ്ടറിഞ്ഞ് നല്‍കാന്‍ ശൗക്കത്തലി ഹാജി സദാ സന്നദ്ധനായിരുന്നു. മതസ്ഥാപനങ്ങളുടെയും യത്തീം ഖാനകളുടെയും പ്രവര്‍ത്തന ഫണ്ട് പുസ്തകത്തിന്റെ ആദ്യതാളുകളില്‍ തന്നെ തന്റെ പങ്ക് ഉറപ്പു വരുത്താന്‍ നാട്ടുകാര്‍ 'കാക്ക' എന്ന് വിളിക്കുന്ന ഹാജി സന്നദ്ധനായിരുന്നു.
പിതാവ് മരണമടഞ്ഞ ദിവസം, ആ വീട്ടിലെ ചെറിയ രണ്ട് കുട്ടികളെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി കുളിപ്പിച്ച്, സ്വന്തം മകന്റെ പുതിയ വസ്ത്രങ്ങള്‍ ധരിപ്പിച്ച് മരണവീട്ടില്‍ തിരിച്ചുകൊണ്ടുവന്ന് അദ്ദേഹം പകര്‍ന്നുനല്‍കിയ സ്‌നേഹം അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍, അന്ന് അനാഥനായിരുന്ന യുവാവ് പറഞ്ഞത് ഞങ്ങള്‍ കേട്ടത് നിറകണ്ണുകളോടെയായിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും സേവന പ്രവര്‍ത്തനങ്ങളുടെയും മേഖലയില്‍ സമ്പത്തും സമയവും ചെലവഴിക്കാന്‍ മടികാണിക്കാത്ത നാല് ആണ്‍മക്കളെ എല്ലാം ഏല്‍പ്പിച്ച് മനസ്സമാധാനത്തോടെയാണ് അദ്ദേഹം വിടവാങ്ങിയത്. താന്‍ വഴികാണിച്ച മേഖലയില്‍ കൂടുതല്‍ സേവനസന്നദ്ധരായി ജീവിക്കുന്ന മക്കള്‍ തന്നെയാണ് ആ മഹാനുഭാവന്റെ കൈമുതല്‍.
ഭാര്യ: ഫാത്വിമ. മക്കള്‍: പി.കെ മുഹമ്മദ് അസ്ലം (കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് മെമ്പര്‍), പി.കെ ജമാലുദ്ദീന്‍, പി.കെ ശിഹാബുദ്ദീന്‍, പി.കെ ഹസനുല്‍ ബന്ന (മൂവരും സുഊദി അറേബ്യ). മരുമക്കള്‍: ശരീഫ, സാജിദ, ബുശ്‌റ, ഖദീജാ ബാനു.


ശഹീദ് തൃക്കളയൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 43-48
ടി.കെ ഉബൈദ്‌

ഹദീസ്‌

അമിത പ്രശംസയുടെ അപകടം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്