ദൈവദൂതന്‍ എന്ന മനുഷ്യന്‍
ദൈവികബോധനത്തിന്റെ സവിശേഷ സിദ്ധി ലഭിച്ച പ്രവാചകന്മാര്‍ക്ക് ദിവ്യത്വത്തിന്റെ പൊരുളിനെക്കുറിച്ചും ഇബാദത്തിനുള്ള ദൈവത്തിന്റെ അര്‍ഹതയെ സംബന്ധിച്ചും വ്യക്തമായ അറിവും ബോധ്യവുമുണ്ടായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. അല്ലാഹുവിന്റെ അവകാശം എന്തെന്നും പ്രവാചകന്റെ അവകാശം എന്തെന്നും വേര്‍തിരിച്ച് മനസ്സിലാക്കാനുള്ള കഴിവും അവര്‍ക്കുണ്ടായിരുന്നു. അല്ലാഹുവിനുള്ള ഇബാദത്തിന് പകരമായി തങ്ങള്‍ക്ക് ഇബാദത്ത് ചെയ്യാന്‍ ജനങ്ങളെ ആഹ്വാനം ചെയ്ത ഒരു പ്രവാചകനും ഉണ്ടായിട്ടില്ലെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. ''അല്ലാഹു ഒരാള്‍ക്ക് വേദവും തത്ത്വജ്ഞാനവും പ്രവാചകത്വവും നല്‍കുകയും എന്നിട്ട് അയാള്‍ ജനങ്ങളോട് നിങ്ങള്‍ അല്ലാഹുവിന്റെ അടിമകളാകുന്നതിനു പകരം എന്റെ അടിമകളായിരിക്കുക എന്ന് പറയുകയും ചെയ്യുക എന്നത് ഒരു മനുഷ്യനും ഭൂഷണമല്ല. പ്രത്യുത, നിങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വേദപുസ്തകം അനുശാസിക്കുംപടി നിഷ്‌കളങ്കരായ ദൈവഭക്തരായിരിക്കുക എന്നാണ് അയാള്‍ പറയുക. മലക്കുകളെയും ദൈവദൂതന്മാരെയും റബ്ബുകളായി വരിക്കാന്‍ അയാള്‍ ഒരിക്കലും ഉപദേശിക്കുകയില്ല. നിങ്ങള്‍ മുസ്‌ലിംകളായി കഴിഞ്ഞിരിക്കെ, ഒരു പ്രവാചകന്‍ നിങ്ങളോട് സത്യനിഷേധം കല്‍പിക്കുകയോ?'' (ആലുഇംറാന്‍ 79,80). ദൈവത്തിനും പ്രവാചകനും മനുഷ്യനും ഇടയിലുള്ള ബന്ധത്തിന്റെ സ്വഭാവം സുതരാം വ്യക്തമാണ് ഉപരി സൂചിത സൂക്തത്തില്‍. ക്രൈസ്തവതയുടെ ചരിത്രത്തില്‍ ഈസായുടെ സ്ഥാനത്തെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ക്ക് സമാനമായ ഒന്ന് ഇസ്‌ലാമിന്റെ യുഗദീര്‍ഘ ചരിത്രത്തില്‍ ചൂണ്ടിക്കാണിക്കാനാവില്ല. ഈസാ ദൈവമാണോ മനുഷ്യനാണോ, ഈസാ ദൈവിക -മാനുഷിക സംയുക്താസ്തിത്വമാണോ തുടങ്ങിയ വിവാദങ്ങളെ ചൊല്ലി വിവിധ വിഭാഗങ്ങളായി വേര്‍പിരിഞ്ഞു നില്‍ക്കുന്നതാണല്ലോ ക്രൈസ്തവ മതത്തിന്റെ ചരിത്രത്തില്‍ കണ്ടത്.
താന്‍ കേവലം ഒരു മനുഷ്യന്‍ മാത്രമാണെന്ന് മുസ്‌ലിം സമൂഹത്തോട് പ്രവാചകന്‍ അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്: ''പ്രവാചകന്‍ പറയുക: ഞാന്‍ നിങ്ങളെ പോലുള്ള ഒരു മനുഷ്യന്‍ തന്നെയാകുന്നു. നിങ്ങളുടെ ദൈവം ഏക ദൈവം മാത്രമാകുന്നു എന്ന് എനിക്ക് ദിവ്യബോധനം ലഭിക്കുന്നുണ്ട്'' (അല്‍ കഹ്ഫ് 110). സൃഷ്ടികളില്‍ ശ്രേഷ്ഠരായ പ്രവാചകന്മാര്‍ ഇബാദത്തിന് അര്‍ഹരല്ലെന്നിരിക്കെ, വലിയ വലിയ ചിന്തകന്മാരും നേതാക്കന്മാരും ഇബാദത്തിനര്‍ഹരാവില്ലെന്ന് പറയാനുണ്ടോ? മനുഷ്യന്‍ എത്ര ഉന്നതസ്ഥാനീയനാണെങ്കിലും ജനങ്ങളെ തങ്ങളെ പോലുള്ള മനുഷ്യരുടെ അടിമത്തത്തിലേക്ക് ക്ഷണിക്കുന്ന സര്‍വ വഴികളും ഇസ്‌ലാം അടച്ചിരിക്കുന്നു. ഇങ്ങനെ മനുഷ്യമഹത്വവും മനുഷ്യന്റെ സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ഇസ്‌ലാമിന് സാധിച്ചു. മറ്റു മനുഷ്യര്‍ക്ക് അന്ധമായി വണങ്ങിയും കീഴൊതുങ്ങി ജീവിച്ചും നാശത്തിന്റെ ഗര്‍ത്തങ്ങളില്‍ ആപതിക്കാന്‍ ഇസ്‌ലാം ഒരാളെയും അനുവദിച്ചില്ല. എന്നിട്ടല്ലേ പ്രകൃതി ശക്തിയെയും ജന്തുക്കളെയും നിര്‍ജീവ വസ്തുക്കളെയും ആരാധിക്കുന്ന പ്രവണതയെ പ്രോത്സാഹിപ്പിക്കുന്നത്!
ചിന്തകരായ നേതാക്കന്മാര്‍ ഒരുവേള ജനങ്ങളോട് തങ്ങള്‍ക്ക് ഇബാദത്ത് ചെയ്യണമെന്ന് ആവശ്യപ്പെടുന്നില്ലായിരിക്കാം. എന്നാല്‍ ദൈവിക വചനങ്ങളെ വളച്ചൊടിച്ചും ദൈവിക വിധികളെ മാറ്റിമറിച്ചും ദൈവത്തിനു മാത്രം അവകാശപ്പെട്ട നിയമനിര്‍മാണത്തില്‍ തങ്ങള്‍ക്കു കൂടി പങ്കുവേണം എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. തങ്ങളുടെ ചിന്തകള്‍ക്കും നിയമങ്ങള്‍ക്കും ജനങ്ങളെ വിധേയരാക്കാനുള്ള ശ്രമങ്ങളും തങ്ങള്‍ക്കുള്ള 'ഉബൂദിയ്യ'ത്തിലേക്കുള്ള ക്ഷണം തന്നെ. പൂര്‍വ സമുദായങ്ങള്‍ അകപ്പെട്ട ഈ വിപത്തിനെതിരെ നബി (സ) ശക്തമായ താക്കീത് നല്‍കിയിട്ടുണ്ട്. 'നിങ്ങള്‍ അല്ലാഹുവിന്റെ അടിമകളാകുന്നതിനു പകരം എന്റെ അടിമകളാവുക' (ആലുഇംറാന്‍ 79) എന്ന സൂക്തത്തിന്റെ വ്യാഖ്യാനം മുഫസ്സിര്‍ ഇബ്‌നു ജരീര്‍ രേഖപ്പെടുത്തുന്നു: ''ദൈവിക വചനങ്ങള്‍ തല്‍സ്ഥാനത്തു നിന്ന് തെറ്റിച്ചും ജനങ്ങള്‍ പാരായണം ചെയ്തുപോരുന്ന രീതിയില്‍നിന്ന് വ്യതിചലിപ്പിച്ചും ജൂതന്മാരില്‍ ചിലര്‍, ജനങ്ങളെ അല്ലാഹുവിനുള്ള അടിമത്തത്തിനു പകരം തങ്ങള്‍ക്കുള്ള അടിമത്തത്തിലേക്ക് നയിച്ചിരുന്നു. അദിയ്യുബ്‌നു ഹാതിം പറയുന്നു: ഞാന്‍ ഒരിക്കല്‍ റസൂലിന്റെ സന്നിധിയില്‍ ചെന്നു. എന്റെ കഴുത്തില്‍ സ്വര്‍ണ നിര്‍മിതമായ കുരിശ് തൂങ്ങുന്നത് ശ്രദ്ധയില്‍പെട്ട റസൂല്‍ എന്നോട്: അദിയ്യ്, 'നിങ്ങളുടെ കഴുത്തില്‍നിന്ന് ഈ വിഗ്രഹത്തെ ഒഴിവാക്കുക.' ഞാനത് തല്‍ക്ഷണം ഒഴിവാക്കി. അന്നേരം സൂറത്തു തൗബയിലെ സൂക്തം നബി ഓതുകയാണ്: 'അവര്‍ തങ്ങളിലെ മത പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അല്ലാഹുവിനെ കൂടാതെയുള്ള റബ്ബുകളായി വരിച്ചു. അപ്രകാരം തന്നെ മര്‍യമിന്റെ പുത്രന്‍ മിശിഹായെയും' (അത്തൗബ 31). അപ്പോള്‍ ഞാന്‍: റസൂലേ, ഞങ്ങള്‍ ആരും അവര്‍ക്ക് ഇബാദത്ത് ചെയ്യുന്നില്ലല്ലോ. അപ്പോള്‍ നബി: അല്ലാഹു നിഷിദ്ധമാക്കിയത് അവര്‍ അനുവദനീയമാക്കുന്നില്ലേ? അല്ലാഹു അനുവദനീയമാക്കിയത് അവര്‍ നിഷിദ്ധമാക്കുന്നില്ലേ? ഞാന്‍: ശരിയാണ്. അപ്പോള്‍ റസൂല്‍: അതുതന്നെയാണ് അവര്‍ക്കുള്ള ഇബാദത്ത്'' (തഫ്‌സീറുത്തബരി 10/114).
നിയമനിര്‍മാണാധികാരം അല്ലാഹുവിന് മാത്രമാണെന്ന് ഈ വിധം നബി വ്യക്തമാക്കിക്കൊടുത്തു. അതില്‍ ആരെങ്കിലും കൈ കടത്തിയാല്‍ അയാള്‍ തന്നെ ആരാധ്യനാക്കിത്തീര്‍ക്കുകയും അല്ലാഹുവിനല്ലാതെ തനിക്ക് ഇബാദത്ത് ചെയ്യാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്യുന്നതെന്നും നബി വിശദീകരിച്ചു. മാര്‍ഗഭ്രംശം സംഭവിച്ചവരുടെ കെണികളില്‍ ചെന്നുചാടാതിരിക്കാനുള്ള കരുതല്‍ നടപടികളുടെ ഭാഗമായി ഇത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ക്കും ഉപരിയായ അധ്യാപനങ്ങളാണ് ഇസ്‌ലാം കണിശമായി നല്‍കിയത്. വ്യക്തികള്‍ എത്ര സമുന്നത സ്ഥാനം അലങ്കരിക്കുന്നവരായാലും വ്യക്തികളോടല്ല ആദര്‍ശത്തോടായിരിക്കണം കൂറും പ്രതിബദ്ധതയും എന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിച്ചു. തന്നെ അതിരുവിട്ട് മഹത്വവത്കരിക്കുന്നതിനെതിരെ ഉറച്ച നിലപാട് വ്യക്തമാക്കിയത് കാണുക: ''മര്‍യമിന്റെ മകന്‍ ഈസായെ ക്രൈസ്തവര്‍ അതിരുവിട്ട് പ്രശംസിച്ചതു പോലെ നിങ്ങള്‍ എന്നെ പ്രശംസിക്കരുത്. ഞാന്‍ ഒരു ദാസനാണ്. നിങ്ങള്‍ പറയേണ്ടത് 'അല്ലാഹുവിന്റെ ദാസനും അവന്റെ ദൂതനും' എന്നാണ്'' (ബുഖാരി).
വ്യക്തികളുടെ ഹൃദയത്തില്‍ ആത്മരതിയും അഹംബോധവും കടന്നുകൂടരുതെന്ന് കരുതി മുഖസ്തുതി പോലും നബി വിലക്കി: 'നബിയുടെ അരികെ വെച്ച് ഒരാള്‍ അപരനെ അതിരുവിട്ട് വാഴ്ത്തിക്കൊണ്ടിരുന്നത് കേട്ടപ്പോള്‍, 'നിങ്ങള്‍ക്ക് നാശം. നിങ്ങള്‍ നിങ്ങളുടെ കൂട്ടുകാരന്റെ കഴുത്ത് അറുത്തുവല്ലോ. കൂട്ടുകാരന്റെ കഴുത്ത് അറുത്തുവല്ലോ' എന്ന് പല തവണ ആവര്‍ത്തിച്ചു'' (ബുഖാരി).
കാലത്തിന്റെ കുഴമറിച്ചില്‍
ഇതാണ് ഇസ്‌ലാമിന്റെ അധ്യാപനം. പക്ഷേ ഇന്ന് കാണുന്നതെന്താണ്? ഒരു മതബോധവുമില്ലാത്ത ജനങ്ങള്‍ നേതാക്കന്മാരുടെ മുന്നില്‍ സാഷ്ടാംഗത്തില്‍ വീഴുന്നു. അവര്‍ക്കു മുന്നില്‍ കുമ്പിടുന്നത് ശീലമാക്കി മാറ്റിയിരിക്കുന്നു. തേനൂറുന്ന വാക്കുകളിലൂടെയും പ്രശംസാ വചനങ്ങളിലൂടെയും അവരുടെ സാമീപ്യത്തിന് ഏതറ്റം വരെയും പോകാന്‍ അവര്‍ക്ക് മടിയില്ല. അവരെ അല്ലാഹുവിനോട് സാമ്യപ്പെടുത്തുന്നു. അല്ലാഹുവിന്റെ ഗുണഗണങ്ങള്‍ അവരില്‍ ആരോപിക്കുന്നു. ദേശീയാഘോഷ വേളകളിലും മറ്റു വിശേഷാവസരങ്ങളിലും അവരുടെ മരണാനന്തരം അവരുടെ ശ്മശാനങ്ങള്‍ സന്ദര്‍ശിക്കാനുള്ള നീണ്ട നിരകളില്‍ കാത്തുകെട്ടിക്കിടക്കുന്നു. അവര്‍ക്ക് ശവകുടീരങ്ങള്‍ പണിയാനും അവരുടെ കുഴിമാടങ്ങള്‍ അലങ്കരിക്കാനും ഭീമമായ സമ്പത്ത് വ്യയം ചെയ്യുന്നു. ദശകോടികള്‍ ചെലവിട്ടും ആയിരക്കണക്കില്‍ തൊഴിലാളികളെ കൊണ്ട് പണിചെയ്യിച്ചും പുരാതന കാലത്ത് ഫറോവാ ചക്രവര്‍ത്തിമാര്‍ തങ്ങളുടെ പിരമിഡുകള്‍ നിര്‍മിച്ചത് ഓര്‍ത്തു പോകുന്നു. മതത്തെ വലിച്ചെറിയാനും ജനങ്ങളെ അന്ധവിശ്വാസങ്ങളില്‍നിന്ന് മോചിപ്പിക്കാനും അവരെ ദൈവികാടിമത്തത്തില്‍നിന്ന് സ്വതന്ത്രരാക്കാനും പ്രതിജ്ഞാബദ്ധമെന്ന് വീരവാദം മുഴക്കുന്ന രാജ്യങ്ങളിലാണ് ഇന്നത്തെ കാലത്തു ഇത്തരം അപഹാസ്യമായ പ്രതിഭാസങ്ങളെന്ന് നാം തിരിച്ചറിയണം. നേതാക്കന്മാര്‍ക്ക് ജീവിതകാലത്ത് അവരുടെ മരണാനന്തരവും അടിമപ്പണി ചെയ്യുന്ന ജനസമൂഹത്തെ സൃഷ്ടിക്കുന്നതില്‍ ആ രാജ്യങ്ങള്‍ വിജയിച്ചിരിക്കുന്നു.
അനസ് (റ) ഒരു സന്ദര്‍ഭം ഓര്‍ക്കുന്നു: ഒരാള്‍ നബിയോട്: 'ദൈവദൂതരേ, ഒരാള്‍ അപരനെ കാണുമ്പോള്‍ കുനിഞ്ഞു നിന്ന്, നമ്രശിരസ്‌കനായി അഭിവാദ്യം ചെയ്യണമോ?' നബി: 'പാടില്ല.' 'അയാളെ കെട്ടിപ്പിടിച്ച് ചുംബിക്കണോ?' നബി: 'വേണ്ട.' അയാള്‍: 'ഹസ്തദാനം ചെയ്യുകയാണോ വേണ്ടത്?' നബി: അതേ'' (തിര്‍മിദി, സുനന്‍, 5/75, 2728).
റസൂലിന്റെ സദസ്സില്‍ കടന്നുവരുന്ന ഒരാള്‍ക്ക്, രൂപം മനസ്സിലാക്കിയോ ഇരിപ്പിടം കണ്ടോ മറ്റു സ്വഹാബിമാരില്‍നിന്ന് നബിയെ വേറിട്ട് മനസ്സിലാകുമായിരുന്നില്ല. അപരിചിതന് അന്വേഷിച്ചിട്ട് വേണം നബിയെ തിരിച്ചറിയാന്‍: അബ്ബാസ്: 'റസൂലേ, ജനങ്ങളുടെ സഞ്ചാരവും പോക്കുവരവും അതുയര്‍ത്തുന്ന പൊടിയും അങ്ങേക്ക് ശല്യം ചെയ്യുന്നതായി എനിക്ക് തോന്നുന്നു. ജനങ്ങളോട് സംസാരിക്കാന്‍ അങ്ങേക്ക് ഒരു കൂടാരം പണിതാലോ?' 'അവര്‍ എന്റെ പിരടയില്‍ കാല്‍ വെച്ച് ചവിട്ടി കടന്നുപോവുകയോ എന്റെ തട്ടം വലിക്കുകയോ എന്തു വേണമെങ്കിലും ചെയ്തുകൊള്ളട്ടെ, അല്ലാഹു എനിക്ക് ആശ്വാസം തന്നുകൊള്ളും' (അദ്ദാരിമി).
അബ്ദുല്ലാഹിബ്‌നു ജുബൈറുല്‍ ഖുസാഈ: നബി തന്റെ അനുചരന്മാര്‍ക്ക് മധ്യേ നടക്കുകയാണ്. ഒരു വസ്ത്രം കൊണ്ട് വെയില്‍ മറച്ചിരിക്കുന്നു റസൂല്‍. തണലില്‍ എത്തി നോക്കുമ്പോള്‍ നബി കാണുന്നത് ഒരു കൂട്ടം ആളുകള്‍ തങ്ങളുടെ വസ്ത്രം കൊണ്ട് തന്നെ വെയിലില്‍നിന്നും മറയ്ക്കുന്നതാണ്. നബി: 'ഇതൊന്നും വേണ്ട. ഞാനും നിങ്ങളെ പോലെ ഒരു മനുഷ്യന്‍ മാത്രമാണ്' (ത്വബറാനി).
റസൂല്‍ വീട്ടില്‍ ചെയ്യുന്ന ജോലിയെക്കുറിച്ച അന്വേഷണത്തിന് പത്‌നി ആഇശ (റ) നല്‍കിയ മറുപടി: 'പാദരക്ഷ മിനുക്കും, കീറിയ വസ്ത്രം തുന്നും, നിങ്ങളൊക്കെ നിങ്ങളുടെ വീടുകളില്‍ ചെയ്യുന്ന ജോലിയൊക്കെ നബിയും ചെയ്യും' (ഹൈതമി).
അപ്പോള്‍, ഇതാണ് ഇസ്‌ലാമിലെ നബിയുടെ രേഖാ ചിത്രം. മനുഷ്യരില്‍ അതിശ്രേഷ്ഠ സ്ഥാനത്ത് വാണരുളിയ പ്രവാചകന് എല്ലാ ആദരവും സ്‌നേഹവും പ്രാര്‍ഥനയും ജനം ഉദാരമായി നല്‍കി. പക്ഷേ അവയൊന്നും അല്ലാഹുവിനോടുള്ള അടിമത്തത്തിന്റെയും അവനുള്ള അനുസരണത്തിന്റെയും സീമകള്‍ ഉല്ലംഘിച്ചില്ല. ദിവ്യത്വത്തിന്റെ വേഷം അദ്ദേഹം സ്വയം എടുത്തണിഞ്ഞില്ല. തന്നെ ആരാധിക്കാന്‍ ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടില്ല. അല്ലാഹുവിനെ മാത്രം ആരാധിക്കാനാണ് ആഹ്വാനം ചെയ്തത്. അല്ലാഹുവിനോടുള്ള അനുസരണത്തിന്റെയും അടിമത്തത്തിന്റെയും വിഷയത്തില്‍ അത്യുദാത്ത മാതൃകയായി അദ്ദേഹം ജനമധ്യത്തില്‍ ജീവിച്ചു. 'നിങ്ങള്‍ നിഷ്‌കളങ്കരായ ദൈവഭക്തരാകുവിന്‍' എന്നതായിരുന്നു അദ്ദേഹം ഉയര്‍ത്തിയ മുദ്രാവാക്യം.
ദൈവമല്ല, മനുഷ്യന്‍ മാത്രം
ദിവ്യത്വത്തിനും പ്രവാചകത്വത്തിനുമിടയില്‍ വ്യക്തമായ അതിര്‍രേഖ വേണമെന്നും രണ്ടും രണ്ടായി വ്യക്തിരിക്തമായി കാണണമെന്നും നബി ശഠിച്ചു. പൂര്‍വ സമുദായങ്ങള്‍ തങ്ങളുടെ പ്രവാചകന്മാരെ ആരാധ്യരാക്കിയ ചരിത്രമുള്ളപ്പോള്‍ ശക്തമായ ഈ നിലപാട് ആവശ്യമായിരുന്നു. ജൂതന്മാരുടെ വാദം ഉസൈര്‍ അല്ലാഹുവിന്റെ പുത്രനാണെന്നായിരുന്നു. ക്രിസ്ത്യാനികള്‍ അവകാശപ്പെട്ടത് ഈസാ അല്ലാഹുവിന്റെ പുത്രനാണെന്നാണ്. പ്രവാചകന്മാര്‍ ജീവിച്ച കാലത്തായിരുന്നില്ല അവരെ ആരാധ്യരാക്കി പ്രതിഷ്ഠിച്ചത്. അവരുടെ കാലശേഷം അവരുടെ ചരിത്രത്തിലേക്ക് അത്ഭുതകഥകളും വ്യാജേതിഹാസങ്ങളും കടത്തിവിട്ടാണ് പൂര്‍വവേദക്കാര്‍ ഇപ്പണി ഒപ്പിച്ചത്. അങ്ങനെ പ്രവാചകന്മാരെ അവര്‍ ദിവ്യത്വ പദവിയിലേക്ക് ഉയര്‍ത്തി. അവരെ ആരാധിച്ചു. അല്ലെങ്കില്‍ ഇബാദത്തില്‍ അവരെയും പങ്കാളികളാക്കി. തന്നെ ആരാധ്യനാക്കരുതെന്നും താന്‍ മനുഷ്യന്‍ മാത്രമാണെന്നും അനുയായികളെ നബി പേര്‍ത്തും പേര്‍ത്തും ഉണര്‍ത്തിക്കൊണ്ടിരുന്നു. മക്കാ വിജയവേള. ഒരാള്‍ നബിയുടെ അരികത്ത് വന്നു. അയാള്‍ സംസാരിച്ചു തുടങ്ങി. ഭയന്നു വിറച്ചാണ് നില്‍പ്. ഇത് മനസ്സിലാക്കിയ റസൂല്‍: 'പരിഭ്രമിക്കാതെ നില്‍ക്കൂ. ഞാന്‍ രാജാവൊന്നുമല്ല. മക്കയിലെ അങ്ങാടിയില്‍ പലഹാരം തിന്നു നടന്നു നീങ്ങിയ സ്ത്രീ ആമിനയുടെ മകനാണ് ഞാന്‍' (ഇബ്‌നുമാജ). ഇതായിരുന്നു നബിയുടെ എളിമയും വിനയവും.
തന്റെ ഉയര്‍ന്ന പദവിയും വിശിഷ്ട സ്വഭാവവും തന്റെ സംസ്‌കാര വൈശിഷ്ട്യത്തെക്കുറിച്ച ഖുര്‍ആനിന്റെ വിളംബരവും എല്ലാമുണ്ടായിട്ടും മാനുഷിക ഭാവത്തിന്റെ അതിരുകള്‍ അദ്ദേഹം ഭേദിച്ചില്ല. സാധാരണ മനുഷ്യന്‍ വേദനിക്കുന്നതു പോലെ അദ്ദേഹവും വേദനിച്ചു. അല്ല ചില സന്ദര്‍ഭങ്ങളില്‍ അവരേക്കാള്‍ വേദന അനുഭവിച്ചു. 'നിങ്ങളിലെ രണ്ടാള്‍ക്കുള്ള പനിയാണ് എനിക്കിപ്പോള്‍' (ബുഖാരി) എന്ന് തന്റെ രോഗാവസ്ഥ നബി വിവരിച്ചു. മരണവേളയില്‍ രോഗം മൂര്‍ഛിച്ച സന്ദര്‍ഭത്തില്‍, നബി മോഹാലസ്യത്തിലേക്ക് വീഴുന്ന കാഴ്ച കണ്ട മകള്‍ ഫാത്വിമ: 'എന്തൊരു വേദനയാണ് എന്റെ പ്രിയ പിതാവ് അനുഭവിക്കുന്നത്!' മകളെ സാന്ത്വനിപ്പിച്ച് നബി: 'ഇന്നത്തെ ദിവസം കഴിഞ്ഞാല്‍ പിന്നെ നിന്റെ പിതാവിന് വേദന അനുഭവിക്കേണ്ടിവരില്ല' (ബുഖാരി). 'ഞങ്ങള്‍ പ്രവാചകന്മാര്‍ക്ക് ഇരട്ടി പരീക്ഷണങ്ങളാണ്' (അഹ്മദ്).
മനുഷ്യനാണ് താന്‍ എന്ന ബോധം അനുചരന്മാരില്‍ അരക്കിട്ടുറപ്പിക്കാന്‍ ലഭിക്കുന്ന ഒരു സന്ദര്‍ഭവും നബി വിട്ടുകളഞ്ഞില്ല. അബൂഹുറയ്‌റ ഓര്‍ക്കുന്നു: 'നബി ഒരിക്കല്‍ പ്രാര്‍ഥിക്കുന്നത് ഞാന്‍ കേട്ടു; 'അല്ലാഹുവേ, മുഹമ്മദ് ഒരു മനുഷ്യന്‍ മാത്രമാണ്. മനുഷ്യര്‍ കോപിക്കുന്നതു പോലെ മുഹമ്മദും കോപിക്കും. ഞാന്‍ നീയുമായി ഒരു കരാറില്‍ ഏര്‍പ്പെടുകയാണ്. അത് നീ നിറവേറ്റിത്തരണം. ഏതെങ്കിലും ഒരു സത്യവിശ്വാസിയെ ഞാന്‍ ഉപദ്രവിക്കുകയോ പ്രഹരിക്കുകയോ ശകാരിക്കുകയോ ചെയ്താല്‍ അത് അയാള്‍ക്ക് പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തമായും നിന്റെ സാമീപ്യം കരസ്ഥമാക്കാനുള്ള ഉപാധിയായും നീ സ്വീകരിച്ചരുളേണമേ, അന്ത്യനാളില്‍ അയാള്‍ക്ക് അതുമൂലം നിന്റെ സമീപ്യം ലഭിക്കുമാറാകേണമേ!' (മുസ്‌ലിം).
കോപം ഉണ്ടാകുന്നതു പോലെ മറവിയും നബിക്ക് സംഭവിക്കുമായിരുന്നു. ചില നമസ്‌കാരങ്ങളില്‍ റക്അത്തുകളുടെ എണ്ണം മറക്കും. അനുചരന്മാര്‍ ഓര്‍മിപ്പിക്കും.
ബുഖാരി ഉദ്ധരിച്ച ഒരു ഹദീസില്‍, സ്വഹാബിവര്യന്മാര്‍ക്ക് ഇമാമായി നബി നമസ്‌കരിച്ചു. റക്അത്തുകളുടെ എണ്ണം കുറഞ്ഞത് ശ്രദ്ധയില്‍പെട്ട ദുല്‍യദൈന്‍: 'തിരുദൂതരേ, അങ്ങ് മറന്നതാണോ അതോ നമസ്‌കാരം ഖസ്വ്ര്‍ ആക്കിയതാണോ?' നബി: 'ഞാന്‍ മറന്നിട്ടില്ല, ഖസ്വ്ര്‍ ആക്കിയിട്ടുമില്ല.' അനുചരന്മാര്‍ക്കു നേരെ തിരിഞ്ഞ് റസൂല്‍: 'ദുല്‍യദൈന്‍ പറയുന്നത് പോലെയാണോ കാര്യം?' അവര്‍: 'അതേ.' നബി മുന്നോട്ടുവന്ന് വിട്ടുപോയ റക്അത്ത് പൂര്‍ത്തീകരിച്ച് സലാം വീട്ടി (ബുഖാരി).
തന്റെ പ്രവാചകത്വപദവിയോ ഔന്നത്യമോ അനുചരന്മാരോട് കാര്യം തിരക്കാനും തിരുത്താനും മനുഷ്യനായ ആ നബിക്ക് തടസ്സമായില്ല.
മറ്റൊരു സംഭവം: ഹുദൈബിയ്യാ സന്ധി സന്ദര്‍ഭം. ഉടമ്പടിയുടെ ഉപാധികളെ കുറിച്ച് നബി അനുചരന്മാരുമായി ചര്‍ച്ച നടത്തിയപ്പോള്‍ ഉണ്ടായ വിയോജിപ്പ് ഉമര്‍ വിശദീകരിക്കുന്നു: ഞാന്‍ നബിയെ സമീപിച്ചു ചോദിച്ചു: 'താങ്കള്‍ സത്യമായും അല്ലാഹുവിന്റെ ദൂതനല്ലേ?' നബി: 'അതേ'. ഞാന്‍: 'പിന്നെ നാം എന്തിന് ഈ ദീനിന്റെ കാര്യത്തില്‍ താഴ്ന്നുകൊടുക്കണം?' നബി: 'ഞാന്‍ അല്ലാഹുവിന്റെ ദൂതനാണ്. ഞാന്‍ അവനെ ധിക്കരിക്കില്ല. അവന്‍ തീര്‍ച്ചയായും എന്നെ സഹായിക്കും.' ഞാന്‍: 'നാം കഅ്ബയില്‍ ചെന്ന് ത്വവാഫ് ചെയ്യുമെന്ന് അങ്ങ് ഞങ്ങളോട് പറഞ്ഞിരുന്നില്ലേ?' നബി: 'ശരിയാണ്. ഈ വര്‍ഷമെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നോ?' ഞാന്‍: 'ഇല്ല.' നബി: 'നിങ്ങള്‍ കഅ്ബയില്‍ ചെല്ലും, ത്വവാഫും ചെയ്യും' (ബുഖാരി).
നബിയുടെ ഉറ്റ സുഹൃത്തുക്കളും സമൂഹത്തിലെ ഉന്നതസ്ഥാനീയരും മാത്രമല്ല നബിയോട് ചര്‍ച്ചകളിലും സംവാദങ്ങളിലും ഏര്‍പ്പെട്ടത്. സ്ത്രീകളും നബിയുടെ സമീപത്ത് വന്ന് പല കാര്യങ്ങളും അന്വേഷിക്കുകയും ചര്‍ച്ച നടത്തുകയും പതിവായിരുന്നു. ഉമറുബ്‌നുല്‍ ഖത്ത്വാബ് അനുസ്മരിക്കുന്നു: 'ഞങ്ങള്‍ ഖുറൈശികള്‍. ഞങ്ങള്‍ക്കായിരുന്നു എല്ലാ കാര്യത്തിലും മേല്‍ക്കൈ. സ്ത്രീകള്‍ക്കായിരുന്നില്ല. ഞങ്ങള്‍ മദീനയില്‍ വന്നപ്പോള്‍ കഥ മാറി. അവിടെ സ്ത്രീകള്‍ക്കായിരുന്നു മേല്‍ക്കൈ. അങ്ങനെ ഞങ്ങളുടെ സ്ത്രീകളും അന്‍സ്വാരി സ്ത്രീകളുടെ സ്വഭാവം പഠിച്ചു തുടങ്ങി. ഞാന്‍ ഒരു കാര്യം പറഞ്ഞപ്പോള്‍ എന്റെ ഭാര്യ എന്നോട് വിയോജിച്ചു തറുതല പറഞ്ഞു. എനിക്ക് അത് ഇഷ്ടപ്പെട്ടില്ല. അവള്‍: 'എന്റെ വിയോജിപ്പും എതിരഭിപ്രായവും നിങ്ങള്‍ക്കെന്താണ് രുചിക്കാത്തത്? നബിയുടെ ഭാര്യമാര്‍ പല കാര്യങ്ങളിലും നബിയെ എതിര്‍ക്കാറുണ്ടല്ലോ? നബിയുടെ ഭാര്യമാരില്‍ ചിലര്‍ പകലന്തിയോളം നബിയോട് പിണങ്ങി കഴിയുന്നത് എനിക്കറിയാം.' ഞാന്‍: 'ഗുരുതര കുറ്റമാണ് അവര്‍ ചെയ്യുന്നത്.' അങ്ങനെ ഞാന്‍ ധൃതിപ്പെട്ട് വസ്ത്രമണിഞ്ഞ് മകള്‍ ഹഫ്‌സയുടെ അടുത്തു ചെന്നു: 'ഹഫ്‌സാ, നിങ്ങളിലാരെങ്കിലും റസൂലിനോട് രാത്രി വരെ ദേഷ്യപ്പെട്ട് പിണങ്ങി നില്‍ക്കാറുണ്ടോ?' ഹഫ്‌സ: 'ഉണ്ട്.' ഞാന്‍: 'എങ്കില്‍ നിനക്ക് നാശം. റസൂല്‍ കോപിച്ചാല്‍ അല്ലാഹുവും കോപിക്കില്ലെന്നാണോ നിന്റെ വിചാരം? നീ റസൂലിനെ ദ്വേഷ്യം പിടിപ്പിക്കരുത്. റസൂലിനോട് പിണങ്ങരുത്. നിനക്ക് വല്ലതും വേണമെങ്കില്‍ എന്നോട് ചോദിച്ചുകൊള്ളുക' (ബുഖാരി).
മനുഷ്യന്‍ മാത്രമാണ് താനെന്നും നുബുവ്വത്തിന്റെ സവിശേഷത മാത്രമേ തനിക്കുള്ളൂവെന്നും അനുയായികളെ നിരന്തരം നബി ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു.
മുഗീറത്തുബ്‌നു ശുഅ്ബ: കാലില്‍ നീര്‍ക്കെട്ടി വീര്‍ക്കുന്നതു വരെ നബി നിന്ന് നമസ്‌കരിച്ചപ്പോള്‍ ഞങ്ങള്‍: 'റസൂലേ, അങ്ങ് എന്തിനാണ് ഇങ്ങനെ ക്ലേശിക്കുന്നത്? അങ്ങയുടെ തെറ്റുകളെല്ലാം അല്ലാഹു പൊറുത്തുതന്നിട്ടുണ്ടല്ലോ?' നബി: 'ഞാന്‍ ഒരു നന്ദിയുള്ള ദാസനാവേണ്ടേ?' (ബുഖാരി, മുസ്‌ലിം).
മഹത്തായ ദൈവികാനുഗ്രഹത്തെക്കുറിച്ച ഉറച്ച ബോധ്യമാണ് ഇങ്ങനെയുള്ള ഇബാദത്തിന് നബിയെ പ്രേരിപ്പിച്ചത്. ലോകാന്ത്യം വരെയുള്ള ജനങ്ങള്‍ക്ക് ഈ ദൈവിക സന്ദേശമെത്തിക്കാനുള്ള ചുമതല തന്നില്‍ അര്‍പ്പിതമായത് മഹാ ഭാഗ്യമായും അനുഗ്രഹമായും പ്രവാചകന്‍ ധരിച്ചു. ഇഹ-പര സൗഭാഗ്യങ്ങള്‍ക്ക് നിദാനമായ വിശ്വാസത്തിന്റെ വാഹകരാകാന്‍ കഴിയുന്നതിനേക്കാള്‍ മഹത്തായ ഭാഗ്യം ലഭിക്കാനില്ല എന്ന ദൃഢബോധ്യം ആ പ്രവാചകനെ നയിച്ചു.
തന്റെ മാനുഷിക ഭാവത്തിന്റെ അസ്തിവാരത്തില്‍ നിലയുറപ്പിച്ചാണ് പ്രവാചകന്‍ സ്വയം ജീവിച്ചതും സമൂഹത്തില്‍ ഇടപഴകിയതും. സമസൃഷ്ടികളില്‍നിന്ന് ഭിന്നമായ ഒരവസ്ഥ തനിക്കുണ്ടെന്ന് ജനങ്ങള്‍ ധരിക്കുന്നത് പൂര്‍വ സമുദായത്തിന്റെ ദുരവസ്ഥയിലേക്ക് തന്റെ അനുചരന്മാരെ നയിച്ചേക്കാമെന്ന ആശങ്കയായിരുന്നു അനുനിമിഷം ആ ജീവിതത്തിലെ നിരവധി ദൃശ്യങ്ങളില്‍ പ്രകടമായത്. അതിനാല്‍ തന്നെ മുഹമ്മദ് മനുഷ്യനായി പിറന്നു, മനുഷ്യനായി ജീവിച്ചു, മനുഷ്യനായി മരിച്ചു. ഇന്നും ജനമനസ്സുകളില്‍ മനുഷ്യനായി ആ പ്രവാചകന്‍ (സ) വാണരുളുന്നു.
(ഇറാഖീ പണ്ഡിതനായ അക്‌റം ളിയാഉല്‍ ഉമരി എഴുതിയ 'അസ്സീറത്തുന്നബവിയ്യത്തുസ്സ്വഹീഹ' എന്ന ഗ്രന്ഥത്തില്‍നിന്ന്)
വിവ: പി.കെ ജമാല്‍
Comments