Prabodhanm Weekly

Pages

Search

2021 നവംബര്‍ 05

3225

1443 റബീഉല്‍ അവ്വല്‍ 29

നബിക്കൊരു ഭാവഗീതം

പി.എം.എ ഖാദര്‍

എത്ര ചുണ്ടുകള്‍ നിന്റെ സുന്ദര
നാമമോതുന്നു നബീ
എത്ര നെഞ്ചുകള്‍ നിന്റെയോര്‍മയില്‍
ഹര്‍ഷമാകുന്നു യാ ഹബീബ്

പൂര്‍വ വേദങ്ങളാകെയും നിന്റെ
ആഗമം ചൊല്ലിയാര്‍ത്തിടേ
പൂര്‍വ പശ്ചിമ മധ്യ ഭൂമിയാം
മക്കയില്‍ നീ പിറന്നിടേ,

മാനത്തേറിയ ചന്ദ്രബിംബമാ
ശക്തിയില്‍ നേര്‍ പിളര്‍ന്നിടേ
വാനലോകങ്ങള്‍ ആകെയും നിന്റെ
പേരു മന്ത്രിച്ചു നിന്നിടെ,

മക്ക തന്‍ കണ്ണിലുണ്ണിയായി നീ
പിച്ചവെച്ചു നടന്നിടെ
ബാല്യ കൗമാര യാവനങ്ങളില്‍
അല്‍ അമീനായ് വളര്‍ന്നിടേ,

വിണ്ണില്‍ നിന്നും  പറന്നു വന്നൊരു
സത്യമാലാഖ ചൊല്ലിടെ
മണ്ണിനായ് ദൈവമേകിയ വാക്യം
ചൊല്ലിടു യാ മുഹമ്മദേ

ഏകനാണല്ലാഹു എന്നു നീ
ധീരമായ് മൊഴിഞ്ഞീടവെ
മൂകനായി നീ പീഡനങ്ങളെ
വീരനായി സഹിക്കവെ,
ജന്മഭൂമിയില്‍നിന്ന് നീ
പരിത്യാഗിയായ് യാത്രയാകവേ
തിന്മയില്‍ ഭൂമി വാഴും സാമ്രാജ്യ
വീഴ്ച നീ പ്രവചിച്ചിടേ,

കാത്തുനിന്ന മദീനയില്‍ നിന്റെ
പാദസ്പര്‍ശം കൊതിച്ചിടെ
പാര്‍ത്തു നിന്ന നിവാസികള്‍ നിന്റെ
ദര്‍ശനം ചൊല്ലിയാര്‍ത്തിടേ,

വിശ്വ ഭാഗധേയത്തിന്‍ അന്ത്യമാം
രൂപരേഖ വിടര്‍ന്നിടേ
നശ്വരം ഈ പ്രപഞ്ചമെന്ന നിന്‍
സത്യസാക്ഷ്യം തികഞ്ഞിടേ,

യാത്രയായി നീ റബ്ബിലേക്കു യാ
ഖാതമുല്‍ അംബിയായോരെ
ബാക്കിയാക്കി നീ ദൈവ കാരുണ്യ
ഗ്രന്ഥവും നിന്റെ ചര്യയും.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 43-48
ടി.കെ ഉബൈദ്‌

ഹദീസ്‌

അമിത പ്രശംസയുടെ അപകടം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്