പ്രവാചകന്റെ സ്ട്രാറ്റജിക് രീതിയുടെ അടിസ്ഥാന തത്ത്വങ്ങള്‍
പ്രവാചക നിയോഗം നിര്‍ണിത സ്ഥല-കാലങ്ങളെ കേന്ദ്രീകരിച്ചായിരുന്നല്ലോ. ക്രി. 610-ല്‍ മക്കയിലാണ് നിയോഗം സംഭവിച്ചത്. ദിവ്യബോധനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ തിരുമേനിയുടെ നിയോഗവ്യാപ്തിയോടുള്ള ഖുര്‍ആനിക സമീപനം പ്രകാശിതമായിരുന്നു. അവിടുന്ന് അന്ത്യനാള്‍ വരെയുള്ള മനുഷ്യര്‍ക്കു മുഴുവനായുള്ള നിയോഗമായിരുന്നു. തിരുസന്ദേശം ലോകര്‍ക്കുള്ള അനുഗ്രഹം മാത്രമാണെന്ന് തിരുമേനിയുടെ നിയോഗലക്ഷ്യം വിശദീകരിച്ച് ഖുര്‍ആന്‍ എടുത്തുപറഞ്ഞു. ഇപ്പറഞ്ഞ ഇരട്ട മാനങ്ങള്‍ നിയോഗത്തിന്റെ പ്രാഥമിക പ്രകൃതത്തില്‍ തന്നെ ഉള്‍ച്ചേര്‍ന്നതിനാല്‍ അവിടുന്ന് കര്‍മഗോദയില്‍ നിലയുറപ്പിച്ചത് രണ്ടിനെയും മുറുകെ പിടിച്ചാണ്. ആ ഇരട്ട ബിന്ദുക്കളില്‍നിന്നാണ് പ്രവര്‍ത്തനം തുടങ്ങിയത്. തന്റെ സര്‍വ വാക്കിലും നോക്കിലും പ്രവ്യത്തിയിലും ആ ഇരട്ട മാനങ്ങളെ അരച്ചുചേര്‍ത്തു. ഇല്ലെങ്കില്‍ തന്റെ ദൗത്യം പൂര്‍ണ രൂപത്തില്‍ നിര്‍വഹിക്കാന്‍ തിരുമേനിക്കു കഴിയുമായിരുന്നില്ല.
ദൗത്യനിര്‍വഹണത്തിനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി, സംഭവങ്ങളോടും യാഥാര്‍ഥ്യങ്ങളോടും സംവദിച്ചുകൊണ്ടുള്ള തന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും അതിരറ്റ ഭാവിയിലേക്കു നീണ്ടുപോകുന്ന സാധ്യതകള്‍ക്കുമിടയില്‍ കോര്‍വയുണ്ടാക്കുകയെന്നതായിരുന്നു. ദൈനംദിന പ്രവര്‍ത്തനങ്ങളെ നിര്‍ണയിക്കുന്നത് സ്ഥല-കാലങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന അനിവാര്യതകളാണല്ലോ. കാലിക യാഥാര്‍ഥ്യത്തോടു പ്രതികരിക്കുന്ന താന്‍ യഥാര്‍ഥത്തില്‍ നിര്‍വഹിക്കുന്നത് ഭാവിയിലേക്കുള്ള നിയമനിര്‍മാണമാണെന്നു തിരുമേനിക്കു അറിയാമായിരുന്നു. താന്‍ ആദ്യമായും അവസാനമായും ദൈവത്തിന്റെ പ്രവാചകനാണല്ലോ. അതാണ് തന്റെ ദൗത്യം, തന്റെ ലക്ഷ്യം. താന്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനവും ഈ അടിസ്ഥാനത്തില്‍നിന്നാണ് പ്രഭവിക്കുന്നത്. നിയമവും ചര്യയുമാകാനിരിക്കുന്ന കാലിക പ്രവര്‍ത്തനങ്ങളും ഭാവി പ്രതിഫലനങ്ങളും തമ്മില്‍ യോജിപ്പുണ്ടാക്കുകയെന്നത് വല്ലാത്തൊരു ഭാരമാണ്. അതിരറ്റ യുക്തിബോധവും ആഘാത-പ്രത്യാഘാതങ്ങളെ സംബന്ധിച്ച ദൂരക്കാഴ്ചയുമുള്ളവര്‍ക്കേ അത് താങ്ങാനാവൂ.
നബിചരിത്രത്തിലെ സ്ട്രാറ്റജിക് പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനങ്ങള്‍ പുറത്തെടുക്കാന്‍ ഈ ഗ്രന്ഥത്തില്‍ നാം ശ്രമിക്കുമ്പോള്‍ പ്രവാചകനിയോഗത്തിന്റെ വ്യാപ്തിയും ലക്ഷ്യവും സദാ കണ്‍മുന്നില്‍ നിര്‍ത്തും. ആ ദ്വന്ദ്വത്തിനു അവിടുത്തെ മനസ്സിലും ചിന്തയിലും പിന്നെ പ്രവര്‍ത്തനങ്ങളിലും വ്യവഹാരങ്ങളിലുമുള്ള നിലക്കാത്ത സ്വാധീനമാണ് കാരണം.
ഒന്ന്: തിരുചരിതത്തിന്റെ മുഖ്യപാതയില്‍ നാം സ്ഥിരസാന്നിധ്യമനുഭവിക്കുന്ന പ്രഥമ തത്ത്വം പ്രവാചകന്റെ സ്ട്രാറ്റജിക് രീതി സംസ്‌കരണത്വരയുറ്റതും ധാര്‍മികവുമായിരുന്നുവെന്നതാണ്. അത് പൈതൃക നന്മയെ പുണരുന്നു. തിന്മയുടെ പുകമറ പൊളിക്കുന്നു. നിലനില്‍ക്കുന്ന ഉത്തമ സ്വഭാവഗുണങ്ങള്‍ പൂര്‍ണതയോടെ സാക്ഷാല്‍ക്കരിക്കുന്നു. നല്ല നാട്ടുനടപ്പുകളെ പുനരാവിഷ്‌കരിക്കുന്നു. നല്ല പൈത്യകം കൈവിടുന്നില്ലെന്നു മാത്രമല്ല, അതു കൈവശമാക്കുകയും മുറുകെ പിടിക്കുകയും ചെയ്യുന്ന രീതിശാസ്ത്രം! അത് മുന്‍ പ്രവാചകന്മാരിലൂടെ കൈവന്നതാവാം, അല്ലെങ്കില്‍ ജനങ്ങള്‍ ആവിഷ്‌കരിച്ചതാവാം. ഏതു കാലത്തുള്ളതാവട്ടെ, ഏതു സമുദായം ആവിഷ്‌കരിച്ചതാവട്ടെ, തിരുചരിതം ഇത്തരം ഉള്ളടക്കങ്ങളാല്‍ സമ്പന്നമാണ്. കൂട്ടത്തില്‍ ചിലത് ഈ കൃതിയില്‍ നാം അവതരിപ്പിക്കുന്നുണ്ട്. ജാഹിലിയ്യാ കാലത്ത് അബ്ദുല്ലാഹിബ്‌നു ജദ്ആന്റെ വീട്ടില്‍, സമൂഹത്തിലെ ദുര്‍ബലരുടെ സംരക്ഷണം ലക്ഷ്യമാക്കി ഒപ്പുവെച്ച 'ഫുദൂല്‍ സഖ്യം' അതിന്റെ മികച്ച സാക്ഷ്യപത്രമാണ്. ബഹുദൈവാരാധകര്‍ക്കിടയിലാണ് സഖ്യം രൂപപ്പെട്ടതെങ്കിലും അതിന്റെ ലക്ഷ്യം ഉദാത്തമായിരുന്നു. പ്രവാചകനതില്‍ നന്മ ദര്‍ശിച്ചു. അത്തരമൊരു സഖ്യത്തിനു തന്റെ ഇസ്‌ലാമിക ദൗത്യകാലത്ത് ക്ഷണിക്കപ്പെട്ടാല്‍ മടിച്ചുനില്‍ക്കില്ലെന്നു തുറന്നുപറഞ്ഞു.
രണ്ട്: തിരുമേനിയുടെ സ്ട്രാറ്റജിക് പ്രവര്‍ത്തനത്തിന്റെ രീതി പിഴുതെടുക്കല്‍ രീതിയായിരുന്നില്ല. ചരിത്രം നിത്യസ്മൃതിയേകിയ, ശത്രുവിനു മേല്‍ എന്തു വിലകൊടുത്തും വിജയം വരിച്ച് ലോകഭൂപടത്തില്‍ മാറ്റങ്ങള്‍ വരുത്തിയ ഇതര വീരനായകരുടെ ചരിത്രങ്ങളില്‍ സാധാരണ നാം കാണാറുള്ളത് തിരുചരിതത്തില്‍ കാണുകയില്ല.
ശരിയാണ്, പ്രവാചകന്‍ ലോകത്തെ യഥാര്‍ഥത്തില്‍ തന്നെ മാറ്റിയെടുത്തു. പക്ഷേയത് മൗലികമായ വ്യത്യാസത്തോടെയാണ്. അവിടുന്ന് ലോകത്തെ മാറ്റിയത് ഒരു ആദര്‍ശത്തിനും സന്ദേശത്തിനും വേണ്ടിയാണ്. കേവല അധികാരത്തിനോ അധീശത്വത്തിനോ വേണ്ടിയല്ല. പ്രതികാര ചോദനകളോ അധികാര പ്രവണതകളോ സാമ്പത്തിക കുത്തകത്വരയോ തീണ്ടാതെ, ആദര്‍ശപരമായ മാറ്റം എന്ന തത്ത്വത്തില്‍ അവിടുന്ന് ഉറച്ചുനിന്നു. ഖുറൈശികളുമായും ഇതര അറബ് ഗോത്രങ്ങളുമായുമുള്ള സമ്പര്‍ക്കത്തിലുടനീളം അവരെ തന്റെ ദൗത്യനിര്‍വഹണത്തില്‍ പങ്കാളികളാക്കാനാണ് അവിടുന്ന് ആഗ്രഹിച്ചത്. അവരെ പരാജിതരും മാനസികമായി തകര്‍ന്നവരുമാക്കാനല്ല. തന്റെ സ്ട്രാറ്റജിയില്‍ അവിടുന്ന് ലക്ഷ്യമിട്ടത് അവരുടെ മഹത്വമുയര്‍ത്താനാണ്, അവരുടെ അഭിമാനം സംരക്ഷിക്കാനാണ്, ചിന്താപരവും വിശ്വാസപരവുമായ ചങ്ങലക്കെട്ടുകളില്‍നിന്ന് അവരെ മോചിപ്പിക്കാനാണ്. അവിടുന്ന് അവരുടെ വംശനാശവും അസ്തിത്വനാശവും ഒരിക്കലും കൊതിച്ചില്ല. നിരവധി സന്ദര്‍ഭങ്ങളില്‍ തിരുമേനി ആവര്‍ത്തിച്ച വചനപ്പൊരുള്‍ ആ വസ്തുതക്ക് അടിവരയിടുന്നു. 'അല്ലാഹുവേ, എന്റെ ജനതക്കു പൊറുത്തുകൊടുക്കേണമേ; അവര്‍ അജ്ഞരാണ്' എന്ന് ത്വാഇഫ് പലായന ദൗത്യം പരാജയത്തില്‍ കലാശിച്ച് പരിഹാസങ്ങള്‍ക്കിരയായി തിരിച്ചുപോരവെ തിരുമേനി പ്രാര്‍ഥിച്ചതിന്റെ പൊരുള്‍ അതാണല്ലോ.
മൃദുത്വവും പക്വതയും തുളുമ്പുന്ന ഈ സമീപനം തിരുമേനിയുടെ എല്ലാ സ്ട്രാറ്റജികളിലും പദ്ധതികളിലും തെളിഞ്ഞുകത്തിയിരുന്നു.
പ്രവാചക പത്‌നി ആഇശ(റ)യില്‍നിന്ന് നിവേദനം ചെയ്യപ്പെടുകയും ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുകയും ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം വായിക്കാം: ''ഉഹുദ് ദിനത്തേക്കാള്‍ പ്രയാസകരമായൊരു സന്ദര്‍ഭം അങ്ങേക്കുണ്ടായിട്ടുണ്ടോ?'' ആഇശ തിരുമേനിയോട് ചോദിച്ചു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ''ഉണ്ട്, നിന്റെ ജനതയില്‍നിന്ന് ഞാനനുഭവിച്ചിട്ടുണ്ട്. അത് അഖബ ദിനത്തില്‍ അവരില്‍നിന്നനുഭവിച്ചതിനേക്കാള്‍ കടുത്തതായിരുന്നു. അന്ന് ഞാന്‍ ഇബ്‌നു അബ്ദുയാലീലുബ്‌നു അബ്ദു കുലാലിന്റെ പക്കല്‍ അഭയമര്‍ഥിച്ചു. പക്ഷേ അയാള്‍ അഭയമേകിയില്ല. അങ്ങനെ ദുഃഖമുഖിയായി ഞാന്‍ പുറപ്പെട്ടു. ഖര്‍നുസ്സആലിബ് പ്രദേശത്തെത്തിയപ്പോഴാണ് സുബോധം വീണ്ടുകിട്ടിയത്. അന്നേരം ഞാന്‍ ആകാശത്തേക്കു നോക്കി. ഒരു കാര്‍മേഘപാളി എനിക്കുമേല്‍ നിഴല്‍ വിരിച്ചിരിക്കുന്നു. നോക്കിയപ്പോള്‍ ജിബ്‌രീല്‍ മാലാഖ അതിനകത്തുണ്ട്. ജിബ്‌രീല്‍ എന്നെ വിളിച്ചുകൊണ്ട് പറഞ്ഞു: 'താങ്കളുടെ ജനത താങ്കളോടു പറഞ്ഞതും പ്രതികരിച്ചതും അല്ലാഹു കേട്ടിരിക്കുന്നു. അവന്‍ താങ്കളുടെ അടുത്തേക്ക് പര്‍വതങ്ങളുടെ ചുമതലയുള്ള മാലാഖയെ അയച്ചിരിക്കുകയാണ്. അവരെ എന്തു ചെയ്യാനാണ് താങ്കള്‍ ആഗ്രഹിക്കുന്നതെന്ന് പര്‍വത മാലാഖയോടു പറഞ്ഞാലും.' അന്നേരം പര്‍വത മാലാഖ എന്നെ വിളിച്ചു. എന്നെ അഭിവാദ്യം ചെയ്ത ശേഷം പറഞ്ഞു: 'മുഹമ്മദേ, താങ്കളുടെ ജനത താങ്കളോടു പറഞ്ഞത് അല്ലാഹു കേട്ടിരിക്കുന്നു. താങ്കളാഗ്രഹിക്കുന്ന കല്‍പ്പന എനിക്കു നല്‍കാനാണ് അല്ലാഹു എന്നെ അയച്ചിട്ടുള്ളത്. അതുകൊണ്ട് എന്താണ് താങ്കളാഗ്രഹിക്കുന്നത്? ഇക്കാണുന്ന രണ്ട് കൂറ്റന്‍ പര്‍വതങ്ങളെക്കൊണ്ട് അവരെ മൂടണമെങ്കില്‍ പറഞ്ഞാലും.' (അപ്പോള്‍ തിരുമേനി) പ്രതിവചിച്ചു: 'വേണ്ട. അല്ലാഹു അവരുടെ ഉദരത്തില്‍നിന്ന് അവനെ മാത്രം ആരാധിക്കുകയും അവനില്‍ മറ്റാരെയും പങ്കുചേര്‍ക്കുകയും ചെയ്യാത്ത തലമുറകളെ സൃഷ്ടിക്കേണമേ എന്നാണ് എന്റെ ആഗ്രഹം.''
മൂന്ന്: അത്തരം ക്ലേശകരമായൊരു സന്ദര്‍ഭത്തില്‍ പ്രവാചകന്‍ ഏകദൈവവിശ്വാസികളും മുസ്‌ലിംകളുമായൊരു തലമുറ പിറക്കട്ടേയെന്ന പ്രതീക്ഷയുടെ പക്ഷം ചേരുമ്പോള്‍ അവിടുന്ന് യഥാര്‍ഥത്തില്‍ ചേരുന്നത് സുപ്രധാനമായൊരു തത്ത്വത്തിന്റെ പക്ഷമാണ്. അതിവേഗ ആകസ്മിക തീര്‍പ്പുകള്‍ക്കു പകരം ക്രമപ്രവൃദ്ധതയും സുദീര്‍ഘ ഇടപഴക്കവുമെന്നതാണ് ആ തത്ത്വം. മക്കയിലെ ഇരുണ്ടതും കൈപ്പുറ്റതും സാധ്യതകളടഞ്ഞതുമായ സാഹചര്യം നിലനില്‍ക്കെ ദുര്‍ഘട-സുദീര്‍ഘ പാതയില്‍ മുന്നോട്ടുഗമിക്കാന്‍ തന്നെ അവിടുന്ന് തീരുമാനിക്കുന്നു. അതിവേഗ പരിഹാരമെന്ന തത്ത്വത്തെ തിരസ്‌കരിക്കുന്നു.
സുദീര്‍ഘമായ ആദാനപ്രദാനം സ്വാഭാവികമായും ദീര്‍ഘകാലം നിലനില്‍ക്കുന്നതും സമര്‍ഥവുമായ പരിവര്‍ത്തന സ്ട്രാറ്റജി ആവശ്യപ്പെടുന്നു. ഒടുക്കം ബഹുദൈവാരാധകരുടെ മക്കളില്‍നിന്ന് ഏകദൈവത്തെ ആരാധിക്കുന്ന ഒരു തലമുറയുടെ നിര്‍മാണം ഉറപ്പാക്കുന്ന സ്ട്രാറ്റജിയാണത്.
നാല്: 23 വര്‍ഷം നീണ്ട തന്റെ ദൗത്യയാത്രയില്‍ തിരുമേനി പിന്തുടര്‍ന്ന സ്ട്രാറ്റജിക് വിഷന്‍ ഇനി പറയുന്ന ഗുണങ്ങളാല്‍ വേറിട്ടുനില്‍ക്കുന്നു:
ഇളകാത്ത ശുഭപ്രതീക്ഷ. കണ്‍മുമ്പിലെ നിമിഷത്തിന്റെ കുടുസ്സില്‍ കുടുങ്ങിക്കിടക്കാതെയും അതിന്റെ വിശദാംശങ്ങളില്‍ മുങ്ങിത്താവാതെയും ഭാവിയിലെ വിശാലതക്കു നേരെയുള്ള സ്ഥിരമായ ഉറ്റുനോട്ടം. അതാണ് തിരുമേനിക്കു തന്ത്രജന്യമായ ക്ഷമയും അതിന്റെ ഭാഗമായ അവധാനതയും ദീര്‍ഘവീക്ഷണവും പകര്‍ന്നുനല്‍കിയത്.
ബഹുദൈവാരാധകരുടെ ഉദരത്തില്‍നിന്ന് അല്ലാഹുവിനെ ആരാധിക്കുന്നവരെ പുറത്തുകൊണ്ടുവരാന്‍ പ്രാര്‍ഥിക്കുമ്പോള്‍ പുതിയൊരു തലമുറയെയാണ് അവിടുന്ന് ഉറ്റുനോക്കുന്നത്. അഹങ്കാരികളായ ഖുറൈശീ നേതാക്കളുടെ മക്കളില്‍നിന്നുള്ള യുവതലമുറ! യുവ തലമുറയെ ലക്ഷ്യമാക്കിയുള്ള ശ്രമം സഫലമാകണമെങ്കില്‍ സദാ ഭാവിയിലേക്ക് ഉറ്റുനോക്കി സാധ്യതകള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കണം. ഭാവിയുടെ ആവശ്യങ്ങളും വെല്ലുവിളികളും മുന്‍നിര്‍ത്തി പദ്ധതികളുടെ ആസൂത്രണം നടക്കണം. ഭാവിയെ സംബന്ധിച്ച് സദാ സ്വയമുണര്‍ത്തിക്കൊണ്ടിരിക്കണം. വര്‍ത്തമാന നിമിഷത്തില്‍ മാനസികമായി അഭിരമിക്കുന്നതില്‍നിന്ന് തുടര്‍ച്ചയായി പുറത്തുകടക്കണം. പ്രവാചകഭാഷ്യത്തിലുള്ള ഇസ്‌ലാം കുടിയുറപ്പിക്കുന്നത് ഭാവിയിലാണ്. ഭാവിതലമുറകള്‍ ആ ഇസ്‌ലാമിനെ പുണരും. അതിനാല്‍ പുതുമയിലേക്ക് ഉറ്റുനോക്കാനും പ്രപിതാക്കകളെ അന്ധമായി പിന്തുടരുന്നതില്‍നിന്ന് കുതറിച്ചാടാനുമുള്ള തലമുറകളുടെ മോഹം സഫലമാകേണ്ടതുണ്ട്. മൃതശീലങ്ങളും നിശ്ചലതയും തളര്‍ത്തിയ തലമുറകള്‍, തങ്ങള്‍ക്കു മുമ്പില്‍ ചക്രവാളങ്ങള്‍ തുറന്നുതരാന്‍ ശേഷിയുള്ള അവസരം തേടിയലയുന്ന തലമുറകള്‍, ഉയര്‍ന്ന നീക്കുപോക്കുക്ഷമതയുള്ള തലമുറകള്‍, പഠനത്തോടും സാഹസികതയോടും തുറന്ന സമീപനം പുലര്‍ത്തുന്ന തലമുറകള്‍.. അവരുമായി സംവദിക്കുന്ന രീതിശാസ്ത്രമാണത്.
എല്ലാ സ്ട്രാറ്റജിക് സന്ധികളിലും പ്രവാചകന്‍ എങ്ങനെയാണ് ഈ ശൈലിയോട് അക്ഷരത്തിലും അര്‍ഥത്തിലും പ്രതിബദ്ധത പുലര്‍ത്തിയതെന്നു നാം ഈ ഗ്രന്ഥത്തില്‍ പരിശോധിക്കാന്‍ പോവുകയാണ്. സംശയലേശമന്യേയുള്ള, എന്തു വിലയൊടുക്കേണ്ടി വന്നാലും കൂസാത്ത പ്രതിബദ്ധതയായിരുന്നു അത്. ഉഹുദ് യുദ്ധ സന്ദര്‍ഭത്തില്‍ അവിടുന്ന് യുവാക്കളുടെ അഭിപ്രായത്തിന് പരിഗണന നല്‍കുകയുണ്ടായി. ശത്രുവിനെ മദീനക്കു പുറത്തുപോയി നേരിടുന്നതിനു പകരം അകത്തു വെച്ചു നേരിടാം എന്ന അഭിപ്രായമായിരുന്നു വ്യക്തിപരമായി അദ്ദേഹത്തിനുണ്ടായിരുന്നത്. തന്റെ മുതിര്‍ന്ന അനുചരന്മാരില്‍ പലര്‍ക്കും അതേ നിലപാടായിരുന്നു. യുവാക്കളെ പരിഗണിച്ചുകൊണ്ടുള്ള അവിടുത്തെ തീരുമാനത്തിനു നേര്‍ക്കുനേരെയുള്ള സുരക്ഷാപരമായ പ്രത്യാഘാതങ്ങളുണ്ടായിരുന്നു. ആ സംഭവത്തെ കപടവിശ്വാസികളുടെ തലവന്‍ അബ്ദുല്ലാഹിബ്‌നു ഉബയ്യ് ഒരു കാരണമായി ദുരുപയോഗം ചെയ്യുകയും പോരാട്ടത്തിനു തൊട്ടുമുമ്പ് സൈന്യത്തിന്റെ മൂന്നിലൊരു ഭാഗവുമായി പിന്‍വാങ്ങുകയും ചെയ്തു. 'അയാള്‍ (പ്രവാചകന്‍) തന്നെ ധിക്കരിച്ച് ചിന്താഭദ്രതയില്ലാത്ത രണ്ട് കുട്ടികളുടെ അഭിപ്രായത്തിനു പരിഗണനയേകി' എന്നാണ് അയാള്‍ കാരണം പറഞ്ഞത്.
അഞ്ച്: പ്രവാചകന്റെ സ്ട്രാറ്റജി നിലയുറപ്പിച്ചിരുന്നത് മുന്നേറ്റത്തിലും ചടുലതയിലുമാണ്. പ്രതിയോഗികള്‍ നിശ്ചയിക്കുന്ന കള്ളിക്കകത്ത് കിടന്നു കളിക്കാന്‍ അവിടുന്ന് തയാറായില്ല. അവിടുന്ന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അടുത്ത ചുവട് വെക്കുമായിരുന്നു. ആ ചുവടുവെപ്പ് രംഗവേദിയെ ആശയക്കുഴപ്പത്തിലാക്കുന്നു, പ്രതിയോഗികളെ പ്രതിരോധത്തിലാക്കുന്നു. ഉദാഹരണങ്ങള്‍ നിരവധിയാണ്. ഖുറൈശീ നേതാക്കള്‍ തങ്ങളുടെ നിലപാടില്‍ വിട്ടുവീഴ്ചക്ക് തയാറാകാതെ അഹങ്കരിക്കുന്നതായും തന്റെ സന്ദേശത്തെ വ്യാജീകരിക്കുന്നതില്‍ ഉറച്ചുനില്‍ക്കുന്നതായും തിരുമേനിക്ക് ബോധ്യമായപ്പോള്‍ അവിടുന്ന് ഖുറൈശീ കള്ളിയുടെ പുറത്തേക്കു ചിന്തിക്കാന്‍ ആരംഭിച്ചു. അങ്ങനെ ഹിജാസില്‍ മക്കക്കു ശേഷം ഏറ്റവും വലിയ രണ്ടാമത്തെ പട്ടണത്തിലേക്ക് ദൃഷ്ടി പാഞ്ഞു. അവിടുത്തെ ത്വാഇഫ് സന്ദര്‍ശനം പുതിയ അവസരങ്ങള്‍ തേടിയുള്ള അന്വേഷണയാത്രയായിരുന്നു. ത്വാഇഫിലെ ഥഖീഫ് ഗോത്രനേതാക്കളുമായുള്ള സംഭാഷണം പരാജയത്തില്‍ കലാശിച്ചപ്പോള്‍ അവിടുന്ന് തന്റെ ദൗത്യത്തില്‍നിന്ന് പിന്തിരിയുകയോ പരാജിതമനസ്‌കനാവുകയോ ചെയ്തില്ല. പകരം, മുത്ഇമുബ്‌നു അദിയ്യ് എന്ന ഖുറൈശീ പ്രമാണിയുടെ അഭയം സ്വീകരിച്ച് മക്കയില്‍ അഭിമാനബോധത്തോടെ തിരിച്ചെത്തി. പുതിയ സഖ്യകക്ഷികള്‍ക്കായുള്ള അന്വേഷണം പുനരാരംഭിച്ചു. അങ്ങനെ മക്കയില്‍ ഹജ്ജിനെത്തുന്ന ഗോത്രനേതാക്കളുമായി സംവദിച്ചു. സംഭാഷണം ഒന്നാം അഖബാ ഉടമ്പടിയിലേക്കും ശേഷം രണ്ടാം അഖബാ ഉടമ്പടിയിലേക്കും തുടര്‍ന്ന് മദീനാ പലായനത്തിലേക്കുമെത്തി.
മദീനയിലെത്തിയ ഉടനെ തന്നെ അതിഥികള്‍ക്കും (മുഹാജിറുകള്‍) ആതിഥേയര്‍ക്കും (അന്‍സാറുകള്‍) ഇടയില്‍ സാഹോദര്യബന്ധം പ്രഖ്യാപിച്ച് മുസ്‌ലിംഅണി ക്രമീകരിക്കാനും ഭദ്രമാക്കാനും ഒരുമ്പെട്ടു. തുടര്‍ന്ന് ഐക്യകരാറിലൂടെ ജൂതന്മാരുമുള്‍പ്പെടുന്ന മദീനാ നിവാസികളുടെ മൊത്തം അണി ഭദ്രമാക്കി. തന്റെ പുതിയ തലസ്ഥാനത്ത് സ്ഥിരത കൈവരിച്ചതോടെ ഖുറൈശീ കച്ചവട സംഘങ്ങളുടെ മദീനാ പരിസരത്തുകൂടെയുള്ള പോക്കുവരവ് തടസ്സപ്പെടുത്താന്‍ തുടങ്ങി. അവരെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന വാണിജ്യപാതകള്‍ അടഞ്ഞുപോകുമെന്ന ഭീതി ഖുറൈശീ മനസ്സില്‍ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. മദീനയിലെ സാമൂഹികാന്തരീക്ഷം ശുദ്ധീകരിക്കേണ്ടിവന്നപ്പോള്‍ അവിടുന്ന് ബനുന്നദീര്‍, ബനുഖൈനുഖാഅ് ഗോത്രങ്ങളെ കുടിയൊഴിപ്പിക്കുന്നതില്‍ അമാന്തിച്ചില്ല. ഉഹുദ് പോര്‍ക്കളത്തില്‍ തന്റെ സൈന്യത്തിനു തിരിച്ചടിയേറ്റ നാളില്‍ ആ മുറിവുണങ്ങും മുമ്പേ വീണ്ടും ഖുറൈശീപടയെ പിന്തുടരുന്നതിനായി ഇറങ്ങിത്തിരിച്ചു.
ഖന്ദഖ് യുദ്ധനാളില്‍ ഖുറൈശികള്‍ മുസ്‌ലിം സമൂഹത്തെ ഭൂമിയില്‍നിന്ന് പിഴുതെറിയാനായി അക്കാലത്തെ ഏറ്റവും വലിയ സൈന്യം സജ്ജീകരിച്ചെത്തിയപ്പോള്‍ കിടങ്ങ് കീറി അവരെ ഞെട്ടിക്കുകയും അവരുടെ സൈനികാസൂത്രണത്തെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തു. കാട്ടറബി ഗോത്രങ്ങളെ ഇങ്ങോട്ട് ആക്രമിക്കാന്‍ ഇടകൊടുക്കാതെ സൈനികമായി പൊടുന്നനെ നേരിട്ട് ആശയക്കുഴപ്പത്തിലാക്കി. ഖന്ദഖ് യുദ്ധത്തില്‍ ഖുറൈശികള്‍ക്കേറ്റ ദയനീയ പരാജയത്തെ തുടര്‍ന്ന് അവരുടെ സൈനിക സാധ്യതകള്‍ക്ക് മങ്ങലേറ്റപ്പോള്‍ അവിടുന്ന് ഹുദൈബിയ്യ സന്ധിയിലൂടെ വന്‍ മുന്നേറ്റത്തിനൊരുമ്പെട്ടു. അങ്ങനെ രാഷ്ട്രീയ ഗെയ്മിന്റെ പതിവുശീലങ്ങള്‍ അവിടുന്ന് പൊളിച്ചടുക്കി. അപ്രതീക്ഷിത രീതിയില്‍ ഖുറൈശികളെ ആശ്ചര്യപ്പെടുത്തി. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അസ്തിത്വം സമ്പൂര്‍ണമായി അംഗീകരിച്ചുകൊണ്ടുള്ള കരാറിലേക്ക് അവരെയെത്തിച്ചു. തുടര്‍ന്ന് അക്കാലത്തെ രാജാക്കന്മാരുടെ അടുത്തേക്ക് സന്ദേശവാഹകരെ അയച്ച് പുറംലോക ശക്തികളുമായി സംവദിച്ചു തുടങ്ങി. അത്യാവശ്യ ഘട്ടങ്ങളില്‍ സൈനികമായ സന്ദേശങ്ങളും നല്‍കി. റോമന്‍ പട്ടാളവുമായി ഏറ്റുമുട്ടിയ മുഅ്ത യുദ്ധം ഉദാഹരണം.
ആറ്: അവിടുന്ന് തന്റെ ആഭ്യന്തര അണിയെ ചിതറാനും ഭിന്നിക്കാനും അനുവദിച്ചില്ല, ഒരിക്കലും. അണിയുടെ സുഭദ്രത നിലനിര്‍ത്തുന്നതിലും സഖ്യങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിലും കൂട്ടുമുന്നണികള്‍ രൂപപ്പെടുത്തുന്നതിലും അവിടുന്ന് സദാ ശ്രദ്ധിച്ചു. അത് മുസ്‌ലിംകളില്‍ പരിമിതമായില്ല. മറിച്ച് മുസ്‌ലിംകളല്ലാത്ത മദീനാവാസികളെയും സ്വദേശ പങ്കാളികളെയും ഉള്‍ക്കൊള്ളുംവിധം ആവിഷ്‌കരിച്ചു. മേല്‍സമീപനം പ്രവാചകന്‍ ഒറ്റ വാചകത്തില്‍ ചുരുക്കിപ്പറഞ്ഞിട്ടുണ്ട്. ബനൂ മുസ്ത്വലഖ് ഗോത്രവുമായി യുദ്ധം നടന്ന നാളില്‍ കപടവിശ്വാസികളുടെ നേതാവിനെ വധിക്കണമെന്ന ഉമറിന്റെ നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു പ്രവാചകന്‍. മുഹാജിറുകളില്‍ പെട്ട ജഹ്ജാഹ് എന്ന വ്യക്തിയും അന്‍സാറുകളില്‍ പെട്ട സിനാന്‍ എന്നയാളും വെള്ളം കോരുന്നതുമായി ബന്ധപ്പെട്ടുണ്ടായ കശപിശയുടെ വൃത്തം വികസിക്കുകയും കപടവിശ്വാസിയായ അബ്ദുല്ലാഹിബ്‌നു ഉബയ്യ് വിഷയം കത്തിച്ച് ആഭ്യന്തര കലഹത്തിന് കോപ്പുകൂട്ടുകയും ചെയ്തതാണ് സന്ദര്‍ഭം. 'മുഹമ്മദ് സ്വന്തം അനുയായികളെ വകവരുത്തിത്തുടങ്ങിയെന്ന് ആളുകള്‍ പറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ?!' എന്നാണ് പ്രവാചകന്‍ ഉമറിനോട് തിരിച്ചു ചോദിച്ചത്.
ഏഴ്: വിവിധ തലത്തിലുള്ള ശത്രുക്കളെ ഒന്നിച്ച് നേരിടുന്നതില്‍ തിരുമേനി തല്‍പ്പരനായിരുന്നില്ല. അവരുടെ സഖ്യങ്ങള്‍ ഭിന്നിപ്പിക്കുന്നതിനും ഐക്യം പൊളിക്കുന്നതിനുമായി അവിടുന്ന് പ്രവര്‍ത്തിച്ചു. ആ വഴിയില്‍ അവരില്‍ ചിലരുമായി താല്‍ക്കാലിക സഖ്യം ഉണ്ടാക്കേണ്ടതുണ്ടെങ്കില്‍ അതും ചെയ്തു. ഖന്ദഖ് യുദ്ധവേളയില്‍ ഗത്ഫാന്‍ ഗോത്രത്തലവന്മാരായ ഉയയ്‌ന ബ്‌നു ഹിസ്വ്ന്‍, അല്‍ ഹാരിസുബ്‌നു ഔഫ് എന്നിവരുമായി ചര്‍ച്ച നടത്തിയത് ഉദാഹരണം. ഇരുവരും അവരുടെ അനുയായികള്‍ക്കൊപ്പം യുദ്ധമുന്നണിയില്‍നിന്ന് പിന്മാറുന്നതിനു പകരമായി മദീനയിലെ കാര്‍ഷിക വിളവിന്റെ മൂന്നിലൊന്ന് അവര്‍ക്കു നല്‍കാമെന്ന് തിരുമേനി വാഗ്ദാനം ചെയ്യുകയുണ്ടായി. മദീനയില്‍ ഔസ്-ഖസ്‌റജ് ഗോത്രങ്ങളുടെ നേതാക്കളായ സഅ്ദുബ്‌നു ഉബാദയോടും സഅ്ദുബ്‌നു മുആദിനോടും അതിനുള്ള കാരണം തിരുമേനി വിശദീകരിച്ചതിങ്ങനെ: 'അറബികള്‍ ഒന്നാകെ വന്ന് ഒറ്റ വില്ലില്‍നിന്ന് നിങ്ങള്‍ക്കു നേരെ അമ്പ് തൊടുക്കുന്നതായി ഞാന്‍ കണ്ടു. എല്ലാ ഭാഗത്തുനിന്നുമായി അവര്‍ നിങ്ങള്‍ക്കുമേല്‍ ചാടിവീണു. അപ്പോള്‍ അവരുടെ പ്രഹരശേഷി പൊളിക്കാന്‍ ഞാനാഗ്രഹിച്ചു.'
ഒരു പോരാട്ടത്തില്‍ രണ്ടു ശത്രുക്കളോട് യുദ്ധം ചെയ്യാന്‍ അവിടുന്ന് ആഗ്രഹിച്ചില്ല. ഒരു കക്ഷിയുമായുള്ള പോര് കഴിഞ്ഞ ശേഷം മാത്രം അടുത്തതിലേക്ക് നീങ്ങി. ഹി. ഒന്നാം വര്‍ഷം മദീനാ കരാര്‍ വഴി യഹൂദരുമായി സഖ്യത്തിലായ ശേഷം ഖുറൈശി കച്ചവട സംഘങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചു. ദംറ, ജുഹൈന, ഗിഫാര്‍ ഗോത്രങ്ങളുമായി സഖ്യത്തിലായ ശേഷം ബദ്ര്‍ യുദ്ധത്തില്‍ ഖുറൈശികളെ നേരിട്ടു. ഖന്ദഖ് യുദ്ധത്തില്‍ സഖ്യകക്ഷികളുടെ കാര്യം തീരുമാനമാവുകയും ഖുറൈശികളുടെ ശക്തി ഒതുങ്ങുകയും ചെയ്ത ശേഷം മാത്രമാണ് ബനൂ ഖുറൈള ഗോത്രത്തെ പുറത്താക്കിയത്. ശേഷം നജ്ദിലെ ഗോത്രങ്ങളിലേക്ക് സൈനിക സംഘങ്ങളെ നിയോഗിച്ച് അവരെ മദീനയില്‍നിന്ന് അകറ്റുകയും അവരുടെ ശല്യം ഒതുക്കുകയും ചെയ്തു. അന്നേരം തിരുമേനി ഹുദൈബിയ്യ യാത്രക്കൊരുങ്ങുകയായിരുന്നു. ഹുദൈബിയ്യ സന്ധിയിലൂടെ ഖുറൈശികളെ നിരായുധരാക്കിയ ശേഷം ഖൈബര്‍ യുദ്ധത്തിനൊരുങ്ങി.
എട്ട്: തിരുമേനിയുടെ സ്ട്രാറ്റജി നീക്കുപോക്കുക്ഷമതയുള്ളതും വിവിധോന്മുഖവുമായിരുന്നു. അതില്‍ അവിടുന്ന് കടുശക്തിയും (Hard Power) മൃദുശക്തിയും (Soft Power) സമുചിത സമയ-സന്ദര്‍ഭങ്ങളില്‍ ഉപയോഗിച്ചു. ഹിജ്‌റയുടെ തൊട്ടുടനെ മദീനയില്‍ മുസ്‌ലിംകളുടെ സുരക്ഷാപരമായ സ്വാധീനം വിളംബരം ചെയ്യേണ്ടത് അവരുടെ താല്‍പ്പര്യത്തിന് അനിവാര്യമായിരുന്നതിനാല്‍ യുദ്ധങ്ങളും ഇതര സൈനിക നീക്കങ്ങളും കേന്ദ്രീകരിച്ചുള്ള കടുശക്തി പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍ഗണനയേകി. അങ്ങനെ പൂര്‍ണമായൊരു വര്‍ഷം യുദ്ധമില്ലാതെ തന്നെ ഖുറൈശികളെ ശല്യപ്പെടുത്തുകയും അവരുടെ കച്ചവട സംഘങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഖുറൈശികളുടെ സാമ്പത്തിക ആഘാതത്തിന് ശക്തി കൂട്ടുന്നതിനും മരുഭൂമിയിലൂടെ കടന്നുപോകുന്ന അവരുടെ വാണിജ്യത്തെ ആശയക്കുഴപ്പത്തിലകപ്പെടുത്തുന്നതിനുമായി ജുഹൈന, ദംറ, ഗിഫാര്‍ ഗോത്രങ്ങളുമായി സഖ്യമുണ്ടാക്കി. നേര്‍ക്കുനേരെയുള്ള സൈനിക ഏറ്റുമുട്ടല്‍ ആവശ്യമായപ്പോള്‍ അവിടുന്ന് മുസ്‌ലിംകളെ ബദ്‌റിലേക്കു നയിച്ചു. പിന്നീട് ഉഹുദ് പോര്‍ക്കളത്തില്‍ ചെന്ന് മദീനയെ പ്രതിരോധിച്ചു. ഖന്ദഖ് യുദ്ധത്തെ തുടര്‍ന്ന് ഖുറൈശികളുടെ സൈനിക സാധ്യതകള്‍ മങ്ങിയപ്പോള്‍ അവിടുത്തെ സ്ട്രാറ്റജി പ്രതിരോധത്തില്‍നിന്ന് കടന്നാക്രമണത്തിലേക്ക് മാറുകയും അതിന് മൃദുശക്തി അകമ്പടി സേവിക്കുകയും ചെയ്തു. ഹുദൈബിയ്യ സന്ധി അതുവരെ ഖുറൈശികള്‍ ശീലിക്കുകയും അവര്‍ തങ്ങളുടെ സ്ട്രാറ്റജി പടുത്തുയര്‍ത്തുകയും ചെയ്തതില്‍നിന്ന് വ്യത്യസ്തമായൊരു മാതൃകയായിരുന്നു. പ്രവാചകന്‍ ലക്ഷ്യ-ലക്ഷണങ്ങള്‍ ആവിഷ്‌കരിച്ച സുപ്രധാനമായൊരു വഴിത്തിരിവായിരുന്നു അത്. അതിലൂടെ അവിടുന്ന് ഖുറൈശികളെ പ്രതിസന്ധിയിലാക്കി. ഇസ്‌ലാമിക സാന്നിധ്യം ഔദ്യോഗികമായി അംഗീകരിച്ചുകൊണ്ട് കരാര്‍ ഒപ്പുവെച്ച ശേഷമല്ലാതെ അവര്‍ക്ക് ആ പ്രതിസന്ധിയില്‍നിന്ന് പുറത്തുകടക്കാനായില്ല.
ഇതെല്ലാം അരങ്ങേറിയത് ആറ് വര്‍ഷത്തിനുള്ളിലാണ്. സൈനികവും നയതന്ത്രപരവുമായ ഈ ശ്രമങ്ങള്‍ക്കൊപ്പം മൃദുശക്തി അതിനെല്ലാം പൂരകമായി വര്‍ത്തിച്ചു. ഹസ്സാനുബ്‌നു സാബിത്, അബ്ദുല്ലാഹിബ്‌നു റവാഹ തുടങ്ങിയവരെപ്പോലെയുള്ള പ്രവാചകന്റെ കവികള്‍ മദീനയുടെ ഔദ്യോഗിക വക്താക്കളായി പ്രവര്‍ത്തിച്ചത് ഉദാഹരണം. അവര്‍ സംഭവങ്ങളുമായി സംവദിച്ചു. ഉപദ്വീപിലെ പൊതുജനാഭിപ്രായത്തിന് ആശയങ്ങളും നിലപാടുകളും സമീപനങ്ങളും പകര്‍ന്നുനല്‍കിയത് മറ്റൊരു ഉദാഹരണം. പ്രവാചകന്‍ ഖുറൈശീ നേതാക്കളോടും കാര്യപ്രാപ്തരോടും ഏറ്റുമുട്ടുമ്പോള്‍ തന്നെ മക്കാനിവാസികളുടെ കൂട്ടത്തിലെ ദുര്‍ബലരോട് ഹൃദയഹാരിയായ ഭാഷയില്‍ പ്രഭാഷണങ്ങള്‍ നിര്‍വഹിച്ചിരുന്നതും ആ ഗണത്തില്‍ വരുന്നു. യമാമയിലെ രാജാവും ബനൂ ഹനീഫ ഗോത്രത്തലവനുമായ സുമാമത്തുബ്‌നു ഉസ്സാലിന്റെ ഇസ്‌ലാം സ്വീകരണശേഷമുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്ന് ഖുറൈശികള്‍ പ്രവാചകനോട് നടത്തിയ സഹായാഭ്യര്‍ഥനപ്രകാരം അവിടുന്ന് മക്കക്കും യമാമക്കുമിടയില്‍ ഗോതമ്പ് വ്യാപാരം ആരംഭിക്കാന്‍ അംഗീകാരം നല്‍കിയത് വേറൊരു ഉദാഹരണം. മുസ്‌ലിംകള്‍ ബദ്ര്‍ യുദ്ധത്തില്‍ പിടിച്ച തടവുകാരോടുള്ള പെരുമാറ്റത്തില്‍ പുലര്‍ത്തിയ ഉന്നതമായ സ്വഭാവമഹിമയും ബഹുദൈവാരാധകരില്‍നിന്ന് കൊല്ലപ്പെടുന്നവരെ പകരത്തിനു പകരമായിപ്പോലും അംഗഭംഗം വരുത്തുന്നത് നിരോധിച്ചതും മൃദുശക്തി ഗണത്തില്‍ വരുന്നതാണ്.
വിവ: ഹുസൈന്‍ കടന്നമണ്ണ
(അവസാനിച്ചു)
Comments