Prabodhanm Weekly

Pages

Search

2021 നവംബര്‍ 05

3225

1443 റബീഉല്‍ അവ്വല്‍ 29

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും...

കെ.സി ജലീല്‍ പുൡക്കല്‍

കേരളത്തില്‍ അപ്രതീക്ഷിതമായുണ്ടായ പ്രകൃതിദുരന്തങ്ങളുടെ കാഴ്ചകള്‍ ആരുടെയും കരളലിയിപ്പിക്കാന്‍ പോന്നതാണ്. വീട്ടിനകത്ത് ഉറങ്ങിക്കിടക്കുന്നവരുടെ മേല്‍ സ്വന്തം വീടിന്റെ മേല്‍ക്കൂരകളും ചുമരുകളും ഉരുള്‍പൊട്ടിവരുന്ന കൂറ്റന്‍ പാറകളും വന്നുവീഴുന്നു. മരണപ്പെട്ടവരുടേതിനേക്കാള്‍ കരളലിയിപ്പിക്കുന്നതായിരുന്നു മരണമുഖത്തുനിന്ന് ജീവനും കൊണ്ടോടിയവരുടെ കാഴ്ചകള്‍. ഉടുതുണിയല്ലാത്തതെല്ലാം ഉപേക്ഷിച്ച് ഓടിയവര്‍ തിരിച്ചെത്തി നോക്കുമ്പോള്‍ തങ്ങളുടെ വീടുകളും വീടുകളുണ്ടായിരുന്ന സ്ഥലവുമെല്ലാം അപ്രത്യക്ഷമായത് കണ്ട് 'ഇനി ഞങ്ങളെങ്ങോട്ട് പോകും?' എന്ന് പറഞ്ഞു വാവിട്ടു കരയുന്ന കാഴ്ച ഹൃദയഭേദകം.
എന്നാല്‍ സോഷ്യല്‍ മീഡിയയിലേക്ക് കണ്ണോടിച്ചാല്‍ ഇതൊന്നും കാണാത്ത ചിലരും ഇവിടെ ഉണ്ടെന്ന് കാണാം. പ്രത്യേക വിഭാഗക്കാരെയാണത്രെ വിനാശം ബാധിച്ചത്! പ്രസ്തുത വിഭാഗക്കാര്‍ ദൈവകോപത്തിനിരയായത്രെ! മരിച്ചവരുടെ പേരുവിവരം ഒന്നു നോക്കാനെങ്കിലും ഇവര്‍ തയാറാകേണ്ടതായിരുന്നു. എങ്ങനെയാണ് മനുഷ്യരുടെ സ്രഷ്ടാവായ ദൈവത്തോട് വിഭാഗീയത ചേര്‍ത്തു വെക്കാനാവുക! എല്ലാ മനുഷ്യരും ദൈവത്തിന്റെ കുടുംബാംഗങ്ങളാണെന്നല്ലേ ദൈവദൂതന്റെ പ്രഖ്യാപനം.
കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷങ്ങളിലുണ്ടായ പ്രകൃതിദുരന്തങ്ങള്‍ വിലയിരുത്തിയാല്‍ 'മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ദുരന്തങ്ങളുണ്ടാക്കി' എന്ന ദിവ്യവചനം യാഥാര്‍ഥ്യമായിത്തീര്‍ന്നതിനു എത്രയും ഉദാഹരണങ്ങള്‍ കത്തൊം. പരിസ്ഥിതിലോല പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമാണല്ലോ മിക്ക ദുരന്തങ്ങളും ഉണ്ടാക്കിയത്. ജലസംഭരണികളായ ഈ ലോലപ്രദേശങ്ങളില്‍ സ്രഷ്ടാവ് തന്നെ ഒരുക്കിയ സുരക്ഷിത സംവിധാനങ്ങള്‍ മനുഷ്യര്‍ നശിപ്പിച്ചതാണ് ദുരന്തങ്ങളിലേക്ക് നയിച്ചതെന്നു കാണാം.
കേരളത്തിലെ തെക്കന്‍ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ പ്രദേശങ്ങള്‍ ഏറക്കുറെ പരിസ്ഥിതിലോല പ്രദേശങ്ങളാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. പാറകളാണ് ഇവിടങ്ങളിലെ സംരക്ഷണ കവചങ്ങള്‍. ഖനനം അപകടമുണ്ടാക്കും എന്ന മുന്നറിയിപ്പുകളൊക്കെ അവഗണിക്കപ്പെട്ടു.  ക്വാറികള്‍ അപകടരഹിത മേഖലകളില്‍, പാറകളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിലായിക്കൂടേ?
പ്രളയം ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ പാവപ്പെട്ടവരുടെ വീടുകള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാന്‍ പറ്റിയ സര്‍ക്കാര്‍ ഭൂമികള്‍ ധാരാളമില്ലേ? പലതും വന്‍കിടക്കാരുടെ കൈവശമാണെന്ന് മാത്രം. അവ തിരിച്ചുപിടിച്ച് പാവങ്ങള്‍ക്ക് നല്‍കാനുള്ള ഇഛാശക്തി സര്‍ക്കാറിനുണ്ടോ? ദുരന്തങ്ങളില്‍ വിഭാഗീയത തെരയുന്ന 'വിശ്വാസികള്‍' ഇത്തരം ദൈവധിക്കാരങ്ങളുടെ പരിണതികള്‍ ജനങ്ങളെ ബോധ്യപ്പെടുത്തട്ടെ.


പ്രവാചക സ്‌നേഹത്തിന്റെ 
പൂര്‍ണത

അബ്ദുല്‍ മാലിക്, മുടിക്കല്‍

2021 ഒക്‌ടോബര്‍ 15 ലക്കത്തിലെ പ്രബോധനം മുഖവാക്ക്, 'ഇനിയും പുതുവായനകള്‍ നടത്തേണ്ട നബിജീവിതം' ഓരോ മുസ്ലിമും ശ്രദ്ധയോടെ വായിക്കേണ്ടതാണ്. ഒരു ദിവസത്തെ നബിദിനം ആഘോഷിക്കല്‍, അതില്‍ അറബിയിലും മലയാളത്തിലുമുള്ള ഗാനങ്ങള്‍, പ്രകീര്‍ത്തനങ്ങള്‍, പള്ളികളില്‍ മൗലിദ് പാരായണം, ഏതാനും ദിവസങ്ങളിലെ പ്രഭാഷണം, ഭക്ഷണ വിതരണം; തീര്‍ന്നു നബിയോടുള്ള നമ്മുടെ സ്‌നേഹം. എത്രയോ കാലമായി ഈ പ്രക്രിയ തുടരുന്നു, ഒരു മാറ്റവുമില്ലാതെ. എന്നാല്‍ നബിയുടെ ജീവിതം സമ്പൂര്‍ണമായി പിന്‍പറ്റുമ്പോഴേ ഒരാള്‍ പരിപൂര്‍ണ മുസ്ലിമാവുകയുള്ളൂ എന്ന യാഥാര്‍ഥ്യം മുസ്ലിം സമൂഹം മറക്കുകയാണ്. അല്ലെങ്കില്‍ അവരില്‍നിന്ന് ഈ സത്യം മറച്ചുവെച്ചക്കപ്പെടുന്നു.
വ്യക്തിജീവിതത്തിലും കുടുംബ - സാമൂഹിക-സാമ്പത്തിക ജീവിതത്തിലും സമ്പൂര്‍ണമായും പ്രവാചകനെ പിന്‍പറ്റലാണ് അവിടുത്തോടുള്ള സ്‌നേഹം.  സ്വന്തത്തിലുപരി നബിയെ നാം സ്‌നേഹിക്കുക.


പള്ളി പൊളിക്കുന്നവരോട്
നജീബ് കാഞ്ഞിരോട്

പള്ളി പൊളിക്കുന്നവര്‍ എന്ന് പറയുമ്പോള്‍ ബാബരി മസ്ജിദ് പൊളിച്ചവരെയോ അതുപോലെ മറ്റു പള്ളികളും പൊളിക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്നവരെയോ ആണ്  ഉദ്ദേശിച്ചതെന്ന് കരുതിയെങ്കില്‍ തെറ്റി. ഇത് നമ്മള്‍ സ്വയം പള്ളികള്‍ പൊളിക്കുന്നതിനെ കുറിച്ചാണ്. വ്യക്തമായി പറഞ്ഞാല്‍ നമ്മുടെ നാട്ടിലെ പഴയ പള്ളികള്‍ പൊളിച്ചുമാറ്റി ആധുനിക രീതിയില്‍ പുതുക്കിപ്പണിയുന്ന പ്രവണതക്കെതിരെയുള്ള കുറിപ്പാണ്. ആത്യന്തികമായി കൂടുതല്‍ സൗകര്യത്തിനു വേണ്ടിയാണ് പഴയ പള്ളികള്‍ പൊളിച്ച് വിശാലമായ കെട്ടിടങ്ങള്‍ പണിയുന്നത് എന്ന വസ്തുത അംഗീകരിച്ചുകൊണ്ടു തന്നെ പറയട്ടെ, ഒരു കാലത്തെ മനോഹരമായ വാസ്തു ശില്‍പ മാതൃകകളുടെ ചരിത്രം തന്നെയാണ് യഥാര്‍ഥത്തില്‍ നാം പൊളിച്ചു നീക്കുന്നത്. പഴമയുടെ ചൈതന്യം ഒളിഞ്ഞിരിക്കുന്ന, ഭംഗിയാര്‍ന്ന കൊത്തുപണികളാല്‍ അലംകൃതമായ വാതിലുകളും ജനാലകളുമുള്ള പുരാതന പള്ളികള്‍ പൊളിക്കുക എന്നതിനോട് യോജിക്കാന്‍ പറ്റുന്നില്ല.
ആളുകള്‍ കൂടുമ്പോള്‍ നമസ്‌കാരത്തിന് സൗകര്യം കൂടുതല്‍ വേണ്ടേ എന്ന ചോദ്യം പലരില്‍നിന്നും ഉയരുന്നത് കേള്‍ക്കുന്നുണ്ട്. തീര്‍ച്ചയായും വേണം, കൂടുതല്‍ ആളുകള്‍ ഉണ്ടാവുമ്പോള്‍ അതിനാവശ്യമായ സൗകര്യങ്ങള്‍ ഉണ്ടാവണം. അതോടൊപ്പം നഷ്ടപ്പെട്ടാല്‍ ഇനിയൊരിക്കലും തിരിച്ചുകിട്ടാന്‍ സാധ്യതയില്ലാത്ത പൈതൃകങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതും അനിവാര്യമാണ്. ആവശ്യത്തിന് പണം ഉണ്ടെങ്കില്‍ ആധുനിക രീതിയിലുള്ള പള്ളിക്കെട്ടിടങ്ങള്‍ നമുക്ക് എപ്പോള്‍ വേണമെങ്കിലും പണിയാവുന്നതാണ്. പക്ഷേ പൗരാണികതയുടെ സുഗന്ധങ്ങള്‍ പേറുന്ന പഴയകാല പള്ളികള്‍ പൊളിച്ചുകളഞ്ഞാല്‍ പിന്നീടൊരിക്കലും അത്തരത്തിലൊന്ന് പണിയാനാവില്ല എന്നതും ഓര്‍ക്കേണ്ടതാണ്. അത്യാധുനിക സൗകര്യങ്ങളില്‍ പുളഞ്ഞു ജീവിക്കുന്ന ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പോലും ഉള്‍പ്രദേശങ്ങളിലും ഗ്രാമങ്ങളിലും ഇപ്പോഴും പഴയ റാന്തല്‍ വിളക്കുകളും മങ്ങിയ അന്തരീക്ഷവുമുള്ള പള്ളികള്‍ കാണാം. അപ്പോഴാണ് ഇവിടെ കേരളത്തില്‍ മനോഹരമായ എത്രയോ പഴയ പള്ളികള്‍ മുഴുവനായിത്തന്നെ പൊളിച്ചുമാറ്റി എല്ലാ ഓര്‍മകളും തുടച്ചുനീക്കി  പുതിയ പള്ളികള്‍ ഉയര്‍ത്തുന്നത്. പഴയത് നിലനിര്‍ത്തി അതിനോട് കൂടുതല്‍ സംവിധാനങ്ങള്‍ കൂട്ടിച്ചേര്‍ത്ത് സൗകര്യമൊരുക്കുന്നതായിരിക്കും കരണീയമെന്ന് തോന്നുന്നു. ഏറ്റവും ചുരുങ്ങിയത് പള്ളിയുടെ മുന്‍ഭാഗമെങ്കിലും അങ്ങനെ തന്നെ നിലനിര്‍ത്തി അകമോ വശങ്ങളോ വിശാലമാക്കുക. പല സ്ഥലങ്ങളിലും പഴയ പള്ളി എന്ന പേരും പുതിയ കെട്ടിടങ്ങളുമാണ് കാണാന്‍ കഴിയുന്നത്. കെട്ടിടങ്ങള്‍ എന്ന വാക്ക് തന്നെ ഉപയോഗിക്കുന്നത്  ചില പള്ളികള്‍ വലിയ മാളുകള്‍ പോലെയാണ് അനുഭവപ്പെടുന്നത് എന്നതുകൊണ്ടാണ്. യഥാര്‍ഥ പള്ളിയുടെ ഫീല്‍ കിട്ടണമെങ്കില്‍ പഴയ രീതിയിലുള്ള പള്ളികളുടെ ആകൃതിയെങ്കിലും നിലനിര്‍ത്തണം എന്നാണ് പറയാനുള്ളത്. പൗരാണികതയുടെയും ആധുനികതയുടെയും സുന്ദരമായ ഇഴുകിച്ചേരലുകളാവട്ടെ നമ്മുടെ പള്ളികള്‍. ചരിത്രമുറങ്ങുന്ന പള്ളികളുടെ ശില്‍പ ഭംഗിയും സാംസ്‌കാരിക തനിമയും നിലനില്‍ക്കട്ടെ. 


വികാരനിര്‍ഭരമായ രണ്ട് പ്രോഗ്രാമുകള്‍
ടി.എസ് സിറാജ്

2021 ഒക്‌ടോബര്‍ 19,20 തീയതികളിലായി ചരിത്രം തുടിച്ചുനില്‍ക്കുന്ന കോഴിക്കോട് നഗരത്തില്‍ ഏറെ വൈകാരികമായ രണ്ടു പ്രോഗ്രാമുകള്‍ സംഘടിപ്പിക്കപ്പെട്ടു. കോവിഡിന്റെ രൂക്ഷത കുറഞ്ഞ കാലത്ത് കോഴിക്കോട്ടുകാര്‍ക്ക് നേരിട്ടും, ഒപ്പം ഓണ്‍ലൈന്‍ ശ്രോതാക്കള്‍ക്കും അതൊരു നവ്യാനുഭവമായിരിക്കും, തീര്‍ച്ച.
പരിപാടികളില്‍ ഒന്ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന ടി.കെ അബ്ദുല്ലാ സാഹിബ് അനുസ്മരണവും, രണ്ടാമത്തേത് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ഇ. അബൂബക്കര്‍ സാഹിബ് രചിച്ച ആത്മകഥ 'ശിശിര സന്ധ്യകള്‍ ഗ്രീഷ്മ മധ്യാഹ്നങ്ങള്‍' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവുമാണ്. മത - സാമൂഹിക- സാംസ്‌കാരിക മേഖലകളില്‍നിന്നുള്ള പ്രഗത്ഭരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു രണ്ടു പ്രോഗ്രാമുകളും. വ്യത്യസ്ത ആശയങ്ങളില്‍  പ്രവര്‍ത്തിക്കുന്നവരും വിവിധ വിഷയങ്ങളില്‍ പരസ്പരം വിയോജിക്കുന്നതോടൊപ്പം യോജിക്കുന്നവരുമായിരുന്നു അവര്‍.
ഒരു കാലത്തെ ഇസ്‌ലാമികാവേശമുള്ള യുവാക്കളെ ത്രസിപ്പിച്ച ചിന്തകള്‍ക്കും അവരുടെ ഈമാനിനും ഊര്‍ജം നല്‍കിയത് ടി.കെയുടെ അത്യുജ്ജലമായ പ്രഭാഷണങ്ങളും ചിന്തോദ്ദീപകമായ രചനകളുമാണെങ്കില്‍, ഫാഷിസത്തിന്റെ ഭയപ്പെടുത്തലുകള്‍ക്ക് മുന്നില്‍ മുട്ടുവിറക്കാതെ നിലകൊള്ളുന്നതിന് വലിയൊരു വിഭാഗത്തെ പ്രാപ്തമാക്കാന്‍ ഇ. അബൂബക്കര്‍ സാഹിബിന്റെ നേതൃത്വത്തിന് സാധിച്ചു.
ടി.കെ-സിദ്ദീഖ് ഹസന്മാര്‍ ദൗത്യം പൂര്‍ത്തിയാക്കി യാത്രയാകുമ്പോള്‍  ഉമ്മത്തില്‍  സംജാതമാകുന്ന ശൂന്യത ചെറുതല്ല. യോജിക്കാവുന്ന തലങ്ങളില്‍ യോജിച്ചും വിയോജിപ്പുകളില്‍ വിയോജിപ്പ് രേഖപ്പെടുത്തിയും വ്യത്യസ്ത മത സംഘടനാ കൂട്ടായ്മകളിലെ പണ്ഡിതന്മാരും വിദ്യാഭ്യാസ വിചക്ഷണരും ചിന്തകരും ചേര്‍ന്നുനിന്ന് മുന്നോട്ടുപോവുകയാണെങ്കില്‍, ഫാഷിസത്തിന്റെ ധാര്‍ഷ്ട്യത്തിന് തടയിടാനാകുന്നതോടൊപ്പം ഉമ്മത്തിനും സമൂഹത്തിനും അത് വലിയ ആത്മവിശ്വാസം നല്‍കുകയും ചെയ്യും. വിഷനും റിഹാബ് ഫൗണ്ടേഷനും ഉത്തരേന്ത്യന്‍ ജനതക്കും ഗ്രാമങ്ങള്‍ക്കും ഉത്തേജനം നല്‍കുന്നതുപോലെ.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 43-48
ടി.കെ ഉബൈദ്‌

ഹദീസ്‌

അമിത പ്രശംസയുടെ അപകടം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്