ഒരു മഹജ്ജീവിതത്തിന്റെ സ്മൃതിയും സുഗന്ധവും
അഭിനവ ഇന്ത്യന്‍ മുസ്‌ലിം നേതാക്കളിലെ ധിഷണാശാലിയായ കര്‍മയോഗി, വിടപറഞ്ഞ പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബിന്റെ ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങളും സന്ദേശങ്ങളും അദ്ദേഹത്തിന്റെ ജീവിതദൗത്യങ്ങളും ദര്‍ശനങ്ങളും അടയാളപ്പെടുത്തിയ, പ്രബോധനം 'അക്ഷരസ്മൃതി' നിസ്സംശയം ആ മഹാമനീഷിയെ യഥാവിധം വരച്ചുകാട്ടുന്ന ധന്യസ്മൃതികളുടെ അത്ഭുത കലവറ തന്നെ. വായനക്കിടെ പലപ്പോഴും കണ്ണ് നിറഞ്ഞു, തൊണ്ട വരണ്ടു. കാരണം, അതിലെ അക്ഷരമുത്തുകള്‍, വസ്തുതകളുടെ സത്യശുദ്ധമായ ആവിഷ്‌കാരവും ഒട്ടും അതിശയോക്തി കലരാത്തതും ചമല്‍ക്കാരങ്ങളുടെ കൃത്രിമ ചേരുവകളാല്‍ അശുദ്ധമാകാത്തതുമായ ഹൃദയ ഭാഷ്യങ്ങളും സാക്ഷ്യങ്ങളുമത്രെ.
ഒരു നേതാവിനെപ്പറ്റി സ്വന്തം നീതര്‍ മാത്രമല്ല, ജീവിതത്തിന്റെ വ്യത്യസ്ത തുറകളിലും വിവിധ ആശയപരിസരങ്ങളിലുമുള്ള ഒരു വലിയ സുഹൃദ് ജനാവലി, അങ്ങേയറ്റം വികാരഭരിതരായി അവരുടെ ഓര്‍മകളുടെ അറകള്‍ തുറന്നുവെച്ച ഇതുപോലൊരു വായനാനുഭവം ആദ്യമാണ്. ഒരു വ്യക്തി സമൂഹമായി മാറിയതിന്റെ, സ്വന്തത്തെ മറന്ന് മാനവതക്കു വേണ്ടി തന്നെത്താന്‍ സമര്‍പ്പിച്ചതിന്റെ, ചുറ്റുപാടിലും കട്ടപിടിച്ച ഇരുളകറ്റാന്‍ പ്രകാശം ചൊരിഞ്ഞ് മെഴുകുതിരി കണക്കെ സ്വയം ഉരുകിയൊലിച്ച് ജീവിച്ചൊടുങ്ങിയതിന്റെ ചേതോഹരമായ, രേഖീയ ചിത്രമാണല്ലോ, ജീവന്‍ തുടിക്കുന്ന ആ ഓര്‍മപ്പുസ്തകം.
എത്രമേല്‍ വിസ്മയാവഹമായ വികാരവായ്‌പോടെയാണ്, ഉമ്മത്തിന്റെ ഉന്നമനത്തെക്കുറിച്ച ഉന്നത സ്വപ്‌നങ്ങള്‍ നെയ്ത് അതിന്റെ സാഫല്യം ജീവിത വ്രതമാക്കിയതിന്റെ അപൂര്‍വ ചാരുത ഓളം വെട്ടുന്ന സ്മരണകളും സംഭവങ്ങളും അചുംബിതമായ അനുഭവശേഖരങ്ങളും, സിദ്ദീഖ് ഹസന്‍ സാഹിബിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഹൃദയസ്പര്‍ശിയായി കോറിയിട്ടിരിക്കുന്നത്!
സംശയമില്ല, മഞ്ഞുതുള്ളി പോലെ വിശുദ്ധവും നിര്‍മലവുമായ ആ തെളിജീവിതത്തിന്റെ സുകൃതം ആ സ്മൃതികുംഭത്തെ പൊതിഞ്ഞു നില്‍ക്കുന്നുണ്ട്.
ഈ വായനാസഞ്ചാരത്തിനിടെ വ്യക്തിനിഷ്ഠ ഓര്‍മകള്‍ പലതും മനസ്സിന്റെ സ്‌ക്രീനില്‍ വലിയ ഫ്രെയ്മില്‍ തെളിഞ്ഞു കത്തുന്നുണ്ടായിരുന്നു. ഒരു സായംസന്ധ്യയില്‍, സ്റ്റേഡിയം വ്യൂവിലെ ജമാഅത്ത് ആസ്ഥാനത്തിലേക്കുള്ള ഇടവഴിയിലെ ആദ്യ കാഴ്ചയില്‍, നിന്ന നില്‍പില്‍ തന്നെ എല്ലാം ചോദിച്ചറിഞ്ഞത്, റോട്ടിലൂടെ നടന്നു പോകുമ്പോള്‍ സമാന്തര ദിശയിലൂടെ വന്ന അംബാസഡര്‍ കാര്‍ അരികെ നിര്‍ത്തി കയറാന്‍ പറഞ്ഞത്, ലഖ്‌നൗ നദ്‌വത്തുല്‍ ഉലമായിലെ പഠനം കഴിഞ്ഞ ശേഷം, ഐ.പി.എച്ചിന്റെ ഇസ്‌ലാമിക വിജ്ഞാനകോശത്തില്‍നിന്നും പ്രബോധനത്തില്‍ നിന്നുമുള്ള എക്‌സിക്യൂട്ടീവ് എഡിറ്റര്‍മാരുടെ രണ്ട് പോസ്റ്റ്കാര്‍ഡുകളുമായി ചെന്ന് കണ്ടപ്പോള്‍, 'മോന്‍ പ്രബോധനത്തിലേക്ക് പോവലായിരിക്കും നല്ലത്' എന്ന് ചൊല്ലിയയച്ചത്, മെഡിക്കല്‍ കോളേജ് പള്ളിയില്‍ ഒരുനാള്‍ സ്വുബ്ഹ് നമസ്‌കാരത്തിന് അപ്രതീക്ഷിതമായി കണ്ടുമുട്ടിയപ്പോള്‍, കാര്യം തിരക്കി, കൂടെ വന്ന്, ബൈക്കപകടത്തില്‍ കിടപ്പിലായ ഭാര്യാപിതാവിന്റെ സമീപം ഏറെ നേരമിരുന്ന് സാന്ത്വനിപ്പിച്ചത്, ഖുത്വ്ബ നിര്‍വഹിക്കാന്‍ പള്ളിയില്‍ ചെന്നപ്പോള്‍, മുന്‍നിരയില്‍ അമീറിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് പരുങ്ങിയപ്പോള്‍ ധൈര്യം പകര്‍ന്നത്..... 'അക്ഷരസ്മൃതി' ഒഴുക്കിവിട്ട ഓര്‍മകളുടെ മഹാ പ്രപഞ്ചത്തിലേക്ക് എന്റെ കുഞ്ഞോര്‍മകള്‍ കൂടി വെച്ച് മനസ്സ് പ്രാര്‍ഥനാനിമഗ്നമായി: 'നാഥാ, നിന്റെ സ്വര്‍ഗലോകത്ത് ഒരു കാഴ്ച കൂടി നല്‍കേണമേ!'
ആ മഹാ മനുഷ്യന്റെ സാന്നിധ്യവും സുഗന്ധവും അനുഭവിക്കാനായതിന്റെ അഭിമാനബോധവും കൃതാര്‍ഥതയുമായിരുന്നു, സിരകളിലപ്പോള്‍ തിമര്‍ത്തു പെയ്തുകൊണ്ടേയിരുന്നത്.
Comments