'കൃഷിയിടം' അശ്ലീല പ്രയോഗമോ?
വിശുദ്ധ ഖുര്‍ആന് രണ്ടു പഴിയും മുഹമ്മദ് നബി തിരുമേനിക്കു നേരെ നാലു ശകാരവും ചൊരിയാന്‍ അവസരം കിട്ടിയാല്‍ ആനന്ദലബ്ധിക്കിനിയെന്തു വേണമെന്ന മട്ടില്‍ സാമൂഹിക മാധ്യമങ്ങളില്‍ അഭിരമിക്കുന്ന ചില സ്വതന്ത്ര ചിന്തകരെ കാണുമ്പോള്‍ വല്ലാത്ത സഹതാപം തോന്നുന്നു. കൃഷിയിടത്തോട് ഖുര്‍ആന്‍ സ്ത്രീകളെ ഉപമിച്ചതിലാണ് അവരുടെ കലിപ്പ്. അത്തരമൊരു പ്രയോഗം തനി അശ്ലീലമായിപ്പോയത്രെ! അല്ലാഹു എത്ര സ്ത്രീവിരോധി! മുഹമ്മദ് എത്ര സ്ത്രീവിരുദ്ധന്‍!
ഖുര്‍ആന്‍ രണ്ടാം അധ്യായത്തിലെ 223-മത്തെ സൂക്തമാണ് ഉള്ളടക്ക ജ്ഞാനമില്ലാത്തതുകൊണ്ടോ ഭാഷാ ധാരണകള്‍ ഇല്ലാത്തതു കൊണ്ടോ സ്വതന്ത്ര ചിന്തകരെ വിളറിപിടിപ്പിച്ചിട്ടുള്ളത്. സൂക്തത്തിന്റെ സാരം ഇതാണ്: ''നിങ്ങളുടെ സ്ത്രീകള്‍ നിങ്ങളുടെ കൃഷിയിടങ്ങളാണ്. നിങ്ങള്‍ ഉദ്ദേശിക്കുന്ന വിധം നിങ്ങളുടെ കൃഷിയിടത്ത് നിങ്ങള്‍ക്ക് ചെല്ലാം. നിങ്ങളുടെ ഭാവിയെ നിങ്ങള്‍ കരുതലോടെ കാണണം. അല്ലാഹുവില്‍ ഭക്തി പുലര്‍ത്തണം. അവനെ കണ്ടുമുട്ടേണ്ടവരാണ് എന്ന ബോധ്യവും നിങ്ങള്‍ക്കുണ്ടാവണം. വിശ്വാസികള്‍ക്ക് ശുഭവാര്‍ത്ത അറിയിക്കുക.'' ഈ സൂക്തത്തില്‍ എവിടെയാണാവോ അശ്ലീലം? സ്ത്രീനിന്ദ?
പുരുഷന് തോന്നുംവിധം മേയാനും സുഖിക്കാനും അനുഭവിക്കാനും ആസ്വദിക്കാനും ഖുര്‍ആന്‍ സ്ത്രീയെ കാഴ്ചവെച്ചിരിക്കുന്നു എന്ന മട്ടിലാണ് സ്വതന്ത്ര ചിന്തകര്‍ പരിതപിക്കുന്നത്.
കൃഷിയിടം എന്നതിന് 'ഹര്‍സ്'(حرث) എന്ന വാക്കാണ് ഖുര്‍ആന്‍ പ്രയോഗിച്ചത്. വേറെ പതിനൊന്നിടങ്ങളിലും ഇതോ ഇതിനോട് ബന്ധപ്പെട്ടതോ ആയ വാക്കുകള്‍ ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുണ്ട്.
യഥാര്‍ഥത്തില്‍ എന്താണ് കൃഷിയിടം? മണ്ണും മനുഷ്യനും കൃഷിയും തമ്മിലുള്ള പാരസ്പര്യത്തിന്റെ യുക്തിയറിയാത്തവരാണോ നമ്മള്‍? കൃഷിയിടങ്ങളും കൃഷിയുമില്ലായിരുന്നെങ്കില്‍ മനുഷ്യന്റെ ജൈവപരമായ നിലനില്‍പ്പ് എന്താകുമായിരുന്നു?
ഒരു കര്‍ഷകന്നേ കൃഷിയിടത്തിന്റെ പൊരുളറിയൂ; നന്മകളും മേന്മകളുമറിയൂ; പ്രാധാന്യവും പ്രത്യേകതകളുമറിയൂ. കര്‍ഷകന് അവന്റെ കൃഷിയിടം ജീവനാണ്, ജീവിതമാണ്, അതിജീവനമാണ്. കൃഷിയിടത്തോടുള്ള അവന്റെ പ്രതിബദ്ധതയുടെ ആഴവും പരപ്പും എത്ര വലുതാണ്! എത്ര നിര്‍വ്യാജമാണ്! അതിന്റെ സുരക്ഷയിലായിരിക്കും എപ്പോഴുമവന്റെ കണ്ണ്. അതിന്റെ പരിചരണത്തെക്കുറിച്ചായിരിക്കും എപ്പോഴുമവന്റെ ചിന്ത.
കൃഷിയിടങ്ങളെ ഒരു കര്‍ഷകനും വേട്ടക്കാരനെ പോലെ കാണാറില്ല, ചൂഷകനെ പോലെ സമീപിക്കാറുമില്ല. അവസരോചിതം, സൂക്ഷ്മതയോടെ കൃഷിക്കായി അവനതിനെ അനുയോജ്യമാക്കും. കരുതലോടെ അതില്‍ വിത്തിറക്കും. കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസംരക്ഷിക്കും. വിത്ത് വളര്‍ന്നു വലുതാകുന്നതും വിളവെടുപ്പാകുന്നതും നോക്കി പ്രതീക്ഷയോടെ കാത്തിരിക്കും. മഴ കിട്ടാന്‍ വൈകിയാല്‍ കര്‍ഷകന്റെ ചങ്കിടിപ്പ് കൂടുമെന്ന് നമുക്കറിയാം. വേനല്‍ ചൂട് കൂടിയാല്‍ അവന്റെ ഉള്ളം കിടന്നു കത്തുമെന്നും നമുക്കറിയാം. കാലാവസ്ഥ പ്രതികൂലമായാല്‍ അവന്റെ ആധി വര്‍ധിക്കും.
കര്‍ഷകന്‍ ഭൂമിയെ കൃഷിയോഗ്യമാക്കുന്നതുകൊണ്ടാണ് പശിമയും പച്ചപ്പും മണ്ണിനുള്ളത്. കൃഷിയോഗ്യമാക്കിക്കൊണ്ടാണ് അനുഭവജ്ഞാനമുള്ള കര്‍ഷകന്‍ ഭൂമിയില്‍ കൃഷി ചെയ്യുന്നത്. കൃഷിയിടങ്ങളും കര്‍ഷകനും കൃഷിയുമില്ലെങ്കില്‍ ഭൂമിയില്‍ എവിടെനിന്ന് ആഹാരം? അപ്പോള്‍ പ്രകൃതിനിയമമാണ് കൃഷി. പ്രാപഞ്ചിക വ്യവസ്ഥയുടെ ഭാഗമാണ് കൃഷിയിടങ്ങള്‍. കൃഷി ഒരു സംസ്‌കാരമാണ്. സ്ത്രീയുടെ ജൈവപരമായ സവിശേഷതകളെ കൃഷിയിടത്തോട് ചേര്‍ത്തുവെച്ച് ചിന്തിച്ചാല്‍ ഖുര്‍ആനിക പ്രയോഗത്തിന്റെ അതിസൂക്ഷ്മതലം ബോധ്യപ്പെടും.
ഭൂമിയില്‍ മനുഷ്യവംശത്തിന്റെ സ്ഥായിത്വം കിടക്കുന്നത് പ്രജനനം എന്ന പ്രക്രിയയിലാണ്. ലോകാവസാനം വരെ അനുസ്യൂതം തുടരേണ്ട ഈ പ്രക്രിയയില്‍ സ്ത്രീക്ക് പ്രകൃതി നിശ്ചയിച്ചുകൊടുത്തിട്ടുള്ള പങ്ക് വലുതാണ്.
ഗര്‍ഭധാരണം, പ്രസവം, മുലയൂട്ടല്‍, ശിശു പരിപാലനം തുടങ്ങിയ ശ്രമകരവും സങ്കീര്‍ണവുമായ പ്രക്രിയകള്‍ സ്ത്രീകള്‍ക്കേ നിര്‍വഹിക്കാന്‍ കഴിയു. അതിനു യോജിച്ച ശരീരപ്രകൃതവും ജൈവഘടനയും ഉദാത്ത ഗുണങ്ങളും ദൈവം സ്ത്രീകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഈയൊരു മഹാ യാഥാര്‍ഥ്യത്തെയാണ് കൃഷിയിടം എന്ന പ്രയോഗത്തിലൂടെ ഖുര്‍ആന്‍ ആവിഷ്‌കരിക്കുന്നത്. ഉപര്യുക്ത സൂക്തത്തില്‍ കൃഷിയിടത്തില്‍ ചെല്ലുന്നതിനെക്കുറിച്ച് മാത്രമല്ല പറഞ്ഞത്. കരുതല്‍ , ഭക്തി, ബോധ്യം, ശുഭ വാര്‍ത്ത എന്നീ വാക്കുകളും പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. കര്‍ഷകന്റെ ജീവിതവും കൃഷിയിടവും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളത കരുതല്‍, ഭക്തി, ബോധ്യം, ശുഭ വാര്‍ത്ത എന്നീ വാക്കുകളില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്.
ഇത് സ്ത്രീയെ മഹത്വപ്പെടുത്തലാണ്. അവളുടെ വിലയും നിലയും ഉയര്‍ത്തിപ്പിടിക്കലാണ്. ഉപമയും അലങ്കാരവും ഗൂഢാര്‍ഥ പ്രയോഗവും ചൊല്ലും ശീലുമൊക്കെ ഏതു ഭാഷയിലുമുണ്ട്. പകരം വെക്കാനാവാത്ത വിധമുള്ള സാഹിത്യ- സംഗീത- സൗന്ദര്യ സമന്വയമാണ് വിശുദ്ധ ഖുര്‍ആന്‍. അതിന്റെ ദൈവികത തിരിച്ചറിയാതെ കൈയടി കിട്ടാന്‍ അബദ്ധങ്ങള്‍ എഴുന്നള്ളിക്കുന്നത് ശുദ്ധ ഭോഷ്‌ക്കാണ്.
പ്രവാചകന്റെ മുന്നില്‍ സ്ത്രീകള്‍ ചോദ്യങ്ങള്‍ ചോദിച്ചു വന്നിരുന്നു, തര്‍ക്കിക്കാന്‍ ചെന്നിരുന്നു. പരാതി പറയാനും പരിഭവങ്ങള്‍ പങ്കു വെക്കാനും എത്തിയിരുന്നു. അതിനുള്ള സ്വാതന്ത്ര്യവും അവര്‍ക്കുണ്ടായിരുന്നു.
അവരില്‍ ഒരാള്‍ പോലും തങ്ങളെ കൃഷിയിടം എന്ന് ഖുര്‍ആന്‍ വിളിച്ചതില്‍ പ്രതിഷേധിച്ചതായി ചരിത്രത്തില്‍ കാണുന്നില്ല. പിന്നീടിങ്ങോട്ട് പതിനഞ്ച് നൂറ്റാണ്ടിന്റെ ചരിത്ര കാലയളവിലൊരിടത്തും ഇത്തരമൊരു വിമര്‍ശനം സ്ത്രീകളാരും ഉന്നയിച്ചിട്ടില്ല.
എങ്കില്‍ പിന്നെ സ്വതന്ത്ര ചിന്തകര്‍ക്ക് എന്താണിത്ര കലിപ്പ്? അതാണ് മനസ്സിലാകാത്തത്. വഴിയേ പോകുന്ന പെണ്ണുങ്ങളെയൊക്കെ പുരുഷന് തോന്നും പോലെ ഉപയോഗിക്കാന്‍ ഖുര്‍ആന്‍ ലൈസന്‍സ് കൊടുത്ത മട്ടിലാണ് ഇവരുടെ ശകാരവര്‍ഷം.
നിയമപരമായി വിവാഹം ചെയ്തു ജിവിതത്തോട് ചേര്‍ത്തു നിര്‍ത്തിയ പങ്കാളികളോട് എങ്ങനെ വര്‍ത്തിക്കണമെന്ന് മനോഹരമായി പഠിപ്പിക്കുന്ന ഒരു സൂക്തമാണിത്. നിങ്ങള്‍ ഉദ്ദേശിക്കുന്ന വിധം നിങ്ങളുടെ കൃഷിയിടത്ത് ചെല്ലാം എന്ന ഭാഗത്ത് മാത്രം കിടന്ന് അര്‍മാദിച്ചാല്‍ ഇതിലപ്പുറവും ഇവര്‍ പറഞ്ഞെന്നു വരും. ആശയാവിഷ്‌കാരത്തിലെ മര്‍മം പിടികിട്ടാന്‍ കുറച്ചെങ്കിലും സൗന്ദര്യബോധം വേണ്ടതുണ്ട്.
ഭാഷാ പ്രയോഗങ്ങളെ സ്ഥാനവും സന്ദര്‍ഭവും നോക്കി വിശകലനം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ വിവരക്കേട് വിളിച്ചു പറയും. സഹതപിക്കുകയേ നിര്‍വാഹമുള്ളൂ.
Comments