മലബാര്‍ സമരത്തെ വായിക്കുമ്പോള്‍
ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സമാനതകളില്ലാത്ത അധ്യായങ്ങളിലൊന്നാണ് 1921-ലെ മലബാര്‍ സമരം. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം മാത്രമാണ് മലബാര്‍ സമരത്തോട് കിടപിടിക്കാവുന്ന മറ്റൊന്നായുള്ളത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ 1947-ല്‍ ഇന്ത്യ സ്വതന്ത്രമാകുന്നതു വരെ മലബാര്‍ സമരമല്ലാത്ത വേറെയും ധാരാളം സമരങ്ങള്‍ ഇന്ത്യയിലെ ബ്രിട്ടീഷ് അധിവേശത്തിനെതിരെ നടന്നിട്ടുണ്ട്. എന്നാല്‍ അവയില്‍ പലതും ഒത്തുതീര്‍പ്പ് സമരങ്ങളായിരുന്നു. മലബാര്‍ സമരമാകട്ടെ യാതൊരുവിധ ഒത്തുതീര്‍പ്പിനും വഴങ്ങാത്ത ഒന്നായിരുന്നു. മാത്രമല്ല ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍പെട്ട നൂറുകണക്കിന് വില്ലേജുകളില്‍ ആറു മാസക്കാലം കൊളോണിയല്‍ ഭരണത്തെ അസന്നിഹിതമാക്കിയ ഈ സമരം പില്‍ക്കാലത്ത് കേരളത്തില്‍ നടന്ന ഭൂപരിഷ്‌കരണം, അയിത്തോച്ചാടനം തുടങ്ങിയ വിപ്ലവകരമായ പല സാമൂഹിക മാറ്റങ്ങളുടെയും രാസത്വരകം കൂടിയായിരുന്നു. ഭിന്നവിരുദ്ധങ്ങളായ പലതരം വായനകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും വിധേയമായ സമരം കൂടിയാണത്.
മലബാര്‍ സമരത്തെ കുറിച്ച ആദ്യത്തെ ആഖ്യാനം സ്വാഭാവികമായും സമരത്തെ അടിച്ചമര്‍ത്തിയ കൊളോണിയല്‍ ഭരണകൂടത്തിലെ ഉദ്യോഗസ്ഥന്മാരുടേതായിരുന്നു. ഇതില്‍ മലബാര്‍ സമര കാലത്തെ ഡി.വൈ.എസ്.പിയായിരുന്ന ഹിച്ച്‌കോക്കിന്റെ A History of the Malabar Rebellion 1921 എടുത്തു പറയേണ്ടതാണ്. തങ്ങള്‍ ക്രൂരമായി അടിച്ചമര്‍ത്തിയ ഒരു സമരത്തെ പൈശാചികവല്‍ക്കരിക്കാന്‍ അവര്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. കാരണം അപ്പോള്‍ മാത്രമേ തങ്ങളുടെ ചെയ്തികള്‍ ന്യായീകരിക്കപ്പെടുകയുള്ളൂ. അങ്ങനെയാണ് മലബാര്‍ സമരത്തെ വിശേഷിപ്പിക്കാന്‍ വര്‍ഗീയ ലഹള, മാപ്പിളമാരുടെ മതഭ്രാന്ത് തുടങ്ങിയ ആഖ്യാനങ്ങള്‍ അവര്‍ രൂപപ്പെടുത്തിയത്. മാപ്പിളമാരുടെ ജന്മിത്വവിരുദ്ധ സമരത്തെ അടിച്ചമര്‍ത്താനായി മാപ്പിള ഔട്ട്‌റേജസ് ആക്ട് എന്ന കരിനിയമം പാസ്സാക്കിയെടുക്കാനായി 1854-ല്‍ കൊളോണിയല്‍ ഭരണകൂടം നിയമിച്ച സ്ട്രയിഞ്ച് കമീഷനാണ് മാപ്പിളമാരുടെ മതഭ്രാന്ത് എന്ന ആഖ്യാനം ആദ്യമായി അവതരിപ്പിച്ചത്. ഹിച്ച്‌കോക്ക് 1921-ലെ മലബാര്‍ സമരത്തിനും അതേ ആഖ്യാനം ഉപയോഗിച്ചു. കൊളോണിയല്‍ ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ അയക്കുന്ന ഔദ്യോഗിക രേഖകളെ ആസ്പദമാക്കി രചിക്കപ്പെട്ട ഏതാണ്ട് എല്ലാ കൊളോണിയല്‍ ചരിത്രങ്ങളിലും ഇതേ ആഖ്യാനങ്ങള്‍ സ്ഥലം പിടിക്കുക സ്വാഭാവികമാണ്.
വര്‍ഗീയ ലഹള, മാപ്പിള മതഭ്രാന്ത് തുടങ്ങിയ കൊളോണിയല്‍ ആഖ്യാനങ്ങള്‍ മലബാര്‍ സമരത്തെ കുറിച്ച ദേശീയവാദപരമായ ചരിത്രരചനയിലും സ്ഥാനം പിടിച്ചു. പ്രസ്തുത ആഖ്യാനങ്ങള്‍ക്ക് ചട്ടക്കൂട് നിര്‍ണയിച്ചത് നിര്‍ഭാഗ്യവശാല്‍ സമരത്തെ കുറിച്ച് യംഗ് ഇന്ത്യയിലും മറ്റും ഗാന്ധിജി നടത്തിയ ചില നിരീക്ഷണങ്ങളിലൂടെയാണ്. മലബാര്‍ സമരത്തെ വര്‍ഗീയ ലഹള എന്നും വിവരം കുറഞ്ഞ മാപ്പിളമാരുടെ മതഭ്രാന്ത് എന്നുമെല്ലാം വിശേഷിപ്പിച്ച ഗാന്ധിജി അതിനോട് യതൊരുവിധ അനുഭാവവും പ്രകടിപ്പിക്കുകയുണ്ടായില്ല. അതിനുള്ള ഒന്നാമത്തെ കാരണം ഗാന്ധിജിയുടെ അഹിംസയില്‍നിന്ന് സമരക്കാര്‍ വ്യതിചലിച്ചതാണ്. മാത്രമല്ല, മലബാര്‍ സമരത്തില്‍ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലെ ഖിലാഫത്ത് പ്രക്ഷോഭത്തില്‍നിന്ന് വ്യത്യസ്തമായി ജന്മിത്വവിരുദ്ധത കൂടി ഉള്ളടങ്ങിയിരുന്നതിനാല്‍ ഗാന്ധിജിയോ ദേശീയ പ്രസ്ഥാനമോ അതിനെ തള്ളിപ്പറഞ്ഞതില്‍ അത്ഭുതമില്ല. കാരണം ദേശീയ പ്രസ്ഥാനത്തില്‍ ജന്മിത്വം ഒരു പ്രധാന ഘടകമായിരുന്നല്ലോ.
വര്‍ഗീയവാദികളായ ഹിന്ദു മഹാസഭയുടെ വക്താക്കള്‍ സമരത്തെ കുറിച്ച് ഉത്തരേന്ത്യയില്‍ നടത്തിയ തെറ്റായ പ്രചാരണവും ഗാന്ധിജിയെ സ്വാധീനിച്ചിട്ടുണ്ടാകാം. സര്‍വോപരി, ഖിലാഫത്ത് സമരത്തിന് തിരികൊളുത്താന്‍ മുന്നില്‍ നില്‍ക്കുകയും എന്നാല്‍ പിന്നീട് സമരം സായുധ പാതയിലേക്ക് വഴുതിമാറിയപ്പോള്‍ അതിനെ തള്ളിപ്പറയുകയും ചെയ്ത കോണ്‍ഗ്രസ് നേതാക്കളായ കെ.പി കേശവമേനോന്‍, കെ. മാധവന്‍ നായര്‍ തുടങ്ങിയവരായിരുന്നു സമരത്തെ കുറിച്ച ഗാന്ധിജിയുടെ പ്രധാന റഫറന്‍സ്. ഇതില്‍ കെ. മാധവന്‍ നായര്‍ സമരത്തെ പല രീതിയില്‍ അപകീര്‍ത്തിപ്പെടുത്തിയ 'മലബാര്‍ കലാപം' എന്ന കൃതിയുടെ കര്‍ത്താവുമാണ്. മലബാര്‍ സമരം വര്‍ഗീയ ലഹളയാണെന്ന ദേശീയവാദപരമായ ചരിത്രാഖ്യാനങ്ങള്‍ക്ക് ചട്ടക്കൂട് പ്രദാനം ചെയ്യുന്നതില്‍ വലിയ പങ്കു വഹിച്ച ഗ്രന്ഥമാണ് കെ. മാധവന്‍ നായരുടെ 'മലബാര്‍ കലാപം.' എന്നാല്‍ കോണ്‍ഗ്രസ് ഖിലാഫത്ത് സമരത്തില്‍ പങ്കെടുത്ത് 14 വര്‍ഷം ജയിലില്‍ കിടന്ന കോണ്‍ഗ്രസ് നേതാവായ എം പി നാരായണ മേനോനും രണ്ടു വര്‍ഷം ജയിലില്‍ കിടന്ന ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടും മലബാര്‍ സമരത്തെ കുറിച്ച ഈ ദേശീയവാദപരമായ ചരിത്രാഖ്യാനത്തെ പിന്തുണക്കുന്നില്ല. എം.പി നാരായണ മേനോന്‍ സ്വാതന്ത്ര്യ സമരം ('എം.പി നാരായണ മേനോനും സഹപ്രവര്‍ത്തകരും' - എം.പി.എസ് മേനോന്‍) എന്നും ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് ഖിലാഫത്ത് വിപ്ലവം ('ഖിലാഫത്ത് സമരണകള്‍') എന്നുമാണ് സമരത്തെ വിശേഷിപ്പിക്കുന്നത്. വര്‍ഗീയ ലഹളയാണെന്ന ചരിത്രാഖ്യാനത്തെ രണ്ടു പേരും തള്ളിക്കളയുകയും ചെയ്യുന്നു.
മലബാര്‍ സമരത്തെ കുറിച്ച പ്രധാന മാര്‍ക്‌സിസ്റ്റ് ആഖ്യാനം അത് വര്‍ഗീയ ലഹള അല്ലെന്നും മറിച്ച്, ജന്മിത്വത്തിനും അതിനെ താങ്ങിനിര്‍ത്തുന്ന സാമ്രാജ്യത്വത്തിനും എതിരായ കലാപം ആയിരുന്നുവെന്നുമാണ്. 1932-ല്‍ രചിക്കപ്പെട്ട ബംഗാളി എഴുത്തുകാരനായ സൗമ്യേന്ദ്രനാഥ ടാഗോറിന്റെ Peasent's Revolt in Malabar, 1936-ല്‍ ലഘുലേഖയായി പുറത്തിറങ്ങിയ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ 'ആഹ്വാനവും താക്കീതും' എന്നീ കൃതികളാണ് ഈ മാര്‍ക്സിസ്റ്റ് ആഖ്യാനം മുന്നോട്ടു വെച്ചത്. എന്നാല്‍ മലബാര്‍ സമരത്തെ മൊത്തത്തില്‍ വര്‍ഗീയ ലഹള എന്ന് വിശേഷിപ്പിക്കാതിരിക്കുക എന്ന തത്ത്വാധിഷ്ഠിത നിലപാട് ഉയര്‍ത്തിപ്പിടിക്കുമ്പോഴും, ഇസ്‌ലാം സമരത്തിന് വലിയ പ്രചോദനമായി വര്‍ത്തിച്ചതിനാല്‍ അതില്‍ ചില ഘട്ടങ്ങളില്‍ മതഭ്രാന്തോ വര്‍ഗീയതയോ പ്രവര്‍ത്തിച്ചതായുള്ള ആശങ്ക ഇ.എം.എസ് പ്രകടിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും മലബാര്‍ സമരത്തെ കുറിച്ച കൊളോണിയല്‍, ദേശീയവാദ ആഖ്യാനത്തെ പൊളിക്കുന്ന വളരെ ശക്തമായ ഒരു ഇടപെടല്‍ തന്നെയാണ് മാര്‍ക്സിസ്റ്റ് ആഖ്യാനം എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഗ്രാംഷിയന്‍ ചിന്തകളെ കൂടി ഉള്‍ക്കൊണ്ട് മാര്‍ക്സിസ്റ്റ് വായനയെ നവീകരിച്ച കെ. എന്‍ പണിക്കര്‍ ജന്മിത്വവിരുദ്ധവും കൊളോണിയല്‍വിരുദ്ധവുമായ മലബാര്‍ സമരത്തിലെ മതത്തിന്റെ സാന്നിധ്യത്തെ കുറേകൂടി പോസിറ്റീവായാണ് കാണുന്നത് (Against Lord and State).
എന്നാല്‍ ഖിലാഫത്ത് സമരത്തില്‍ നേതൃപരമായ പങ്കു വഹിച്ച ഇ. മൊയ്തു മൗലവി, കെ.എം മൗലവി, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് തുടങ്ങിയവര്‍ അവരുടെ ഇടപെടലുകളിലൂടെയും ഓര്‍മക്കുറിപ്പുകളിലൂടെയും മലബാര്‍ സമരം സ്വാതന്ത്ര്യ സമരമായിരുന്നുവെന്ന് സംശയമില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. 1990-നു ശേഷം ശക്തിപ്പെട്ട മലബാര്‍ സമരത്തെ കുറിച്ച കീഴാള പഠനങ്ങളും ഈ വസ്തുതക്കാണ് അടിവരയിടുന്നത്. അതിനാല്‍ സാമ്രാജ്യത്വവിരുദ്ധത, ജന്മിത്വവിരുദ്ധത, സ്വാതന്ത്ര്യത്തെക്കുറിച്ചും വിമോചനത്തെക്കുറിച്ചുമുള്ള മതാധിഷ്ഠിതമായ പ്രത്യയശാസ്ത്രബോധം, ദേശീയ സ്വാതന്ത്ര്യവാഞ്ഛ തുടങ്ങി സാമ്രാജ്യത്വവിരുദ്ധമായ ഒരു ബഹുജന വിമോചന പോരാട്ടത്തിനാവശ്യമായ എല്ലാ ഘടകങ്ങളും ഉള്ളടങ്ങിയ അതിശക്തമായ ഒരധിനിവേശ വിരുദ്ധ പോരാട്ടമായിരുന്നു മലബാര്‍ സമരം എന്ന വസ്തുത സമരത്തെയും അതിലേക്ക് നയിച്ച സംഭവ പരമ്പരകളെയും നിഷ്പക്ഷമായി പഠിക്കുന്ന ഒരാള്‍ക്കും സമ്മതിക്കാതിരിക്കാനാവില്ല
1921-ലെ കൊളോണിയല്‍വിരുദ്ധ സായുധ പ്രക്ഷോഭം പെട്ടെന്നുണ്ടായ ഏതെങ്കിലും സംഭവത്തിന്റെ പ്രതികരണമായി സംഭവിച്ചതല്ല. മറിച്ച് 1792-ലെ ശ്രീരംഗപട്ടണം ഉടമ്പടിയിലൂടെ ടിപ്പു സുല്‍ത്താനെ അടിയറവു പറയിച്ച് മലബാറില്‍ ആധിപത്യം സ്ഥാപിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും അവര്‍ താങ്ങിനിര്‍ത്തിയ ജന്മിത്വത്തിനും എതിരെ 19-ാം നൂറ്റാണ്ടിലുടനീളം മാപ്പിള കുടിയാന്മാര്‍ നടത്തിയ പോരാട്ടത്തിന്റെ തുടര്‍ച്ചയും ചരിത്രപരമായ വികാസവുമായിരുന്നു അത്. മമ്പുറം തങ്ങന്മാര്‍ രൂപപ്പെടുത്തിയ പ്രത്യയശാസ്ത്ര അടിത്തറയില്‍ വികസിച്ച 19-ാം നൂറ്റാണ്ടിലെ മാപ്പിള ലഹളകളിലെ സാമ്രാജ്യത്വവിരുദ്ധവും ജന്മിത്വവിരുദ്ധവുമായ ഉള്ളടക്കം എല്ലാ അക്കാദമിക ചരിത്രകാരന്മാരും സമ്മതിച്ചിട്ടുള്ളതാണ്. ഈ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയാണെന്നതുകൊണ്ടുതന്നെ 1921-ലെ സമരത്തിലെ സാമ്രാജ്യത്വ-നാടുവാഴിത്വ വിരുദ്ധ ഉള്ളടക്കത്തിന് വേറെ തെളിവുകളൊന്നും ആവശ്യമില്ല. കൂടാതെ 1920-ല്‍ മഞ്ചേരിയില്‍ നടന്ന കോണ്‍ഗ്രസ് മലബാര്‍ ജില്ലാ സമ്മേളനത്തില്‍ കുടിയാന്‍ പ്രശ്നം കോണ്‍ഗ്രസിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് മുസ്ലിംകള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതും തദ്വാരാ കോണ്‍ഗ്രസ് ഒരു ബഹുജന സംഘടനയായി മാറിയതും. മലബാറിലെ കുടിയാന്‍ പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായിരുന്ന എം.പി നാരായണമേനോന്‍ മലബാര്‍ സമരത്തെ ആദ്യാവസാനം പിന്തുണക്കുകയും അതിന്റെ പേരില്‍ ജയിലില്‍ പോവുകയും ചെയ്തിരുന്നു.
ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ആവിഷ്‌കരിച്ച നിസ്സഹകരണ പ്രസ്ഥാനമാണ് മലബാര്‍ സമരത്തിന് തിരികൊളുത്തിയത് എന്ന വസ്തുത ദേശീയ സ്വാതന്ത്ര്യ സമരവുമായി അതിനെ കണ്ണിചേര്‍ക്കാനുള്ള മതിയായ ന്യായമാണ്. ഒരു പ്രത്യേക ഘട്ടത്തില്‍ ഒഴിവാക്കാനാവാത്ത ചില കാരണങ്ങളാല്‍, കോണ്‍ഗ്രസ്സിന്റെ നയമായ അഹിംസയില്‍നിന്ന് സമരം വ്യതിചലിച്ചുവെന്ന ഒറ്റക്കാരണത്താല്‍ ദേശീയ സ്വാതന്ത്ര്യസമരത്തില്‍നിന്ന് അതിനെ പുറംതള്ളുന്നതിന് ഒരു നീതീകരണവുമില്ല. അങ്ങനെ ചെയ്യുകയാണെങ്കില്‍ രാജ്യത്തിന്റെ വിമോചനത്തിനു വേണ്ടി സായുധ സമരത്തിന്റെ പാത തെരഞ്ഞെടുത്ത സുഭാഷ് ചന്ദ്രബോസിനെയും ഭഗത്സിംഗിനെയും പോലുള്ള ധീരദേശാഭിമാനികളെ സ്വാതന്ത്ര്യസമര സേനാനികളുടെ കള്ളിയില്‍നിന്ന് നമുക്ക് പുറത്ത് നിര്‍ത്തേണ്ടിവരും. എന്തിനേറെ അഹിംസയിലും അക്രമരാഹിത്യത്തിലും ഊന്നിയ ഗാന്ധിജിയുടെ മിക്കവാറും സത്യഗ്രഹങ്ങളും സമരങ്ങളുമെല്ലാം അക്രമത്തിലാണ് അവസാനിച്ചിട്ടുള്ളത്. നിസ്സഹകരണ സമരം പോലും അവസാനിച്ചത് ചൗരിചൗരയിലെ ദാരുണമായ പോലീസ് ഹത്യയിലായിരുന്നുവല്ലോ. ക്വിറ്റ് ഇന്ത്യാ സമരമാകട്ടെ വലിയ കലാപമായി മാറുകയും ചെയ്തു. അക്രമപരമായ അവസാനമുണ്ടായി എന്നതുകൊണ്ടു മാത്രം ഗാന്ധിജിയുടെ ഈ സമരങ്ങളെ ആരെങ്കിലും തള്ളിപ്പറയുകയോ അതിനെ സ്വാതന്ത്ര്യസമരത്തിന്റെ കള്ളിയില്‍നിന്ന് പുറത്താക്കുകയോ ചെയ്യുമോ?
1921-ലെ മലബാര്‍ സമരത്തിന്റെ ഏറ്റവും വലിയ പ്രത്യയശാസ്ത്ര അടിത്തറ, അത് ഇന്ത്യയിലുടനീളം ആഞ്ഞടിച്ച ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നുവെന്നതാണ്. ലോക മുസ്ലിംകളെ ഒന്നിച്ചു നിര്‍ത്തുന്ന ഏറ്റവും വലിയ ഘടകമായി നൂറ്റാണ്ടുകളോളം വര്‍ത്തിച്ച ഉസ്മാനീ ഖിലാഫത്തിനോട് ഒന്നാംലോക യുദ്ധാനന്തരം ബ്രിട്ടന്‍ സ്വീകരിച്ച വഞ്ചനാ നയത്തില്‍ പ്രതിഷേധിച്ച് അബുല്‍ കലാം ആസാദും അലി സഹോദരന്മാരും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിലെ മതപണ്ഡിതന്മാരും നേതൃത്വം നല്‍കിയ പ്രക്ഷോഭമായിരുന്നു ഖിലാഫത്ത് സമരം. ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ താത്ത്വികാടിത്തറ 'ഖിലാഫത്ത് ഔര്‍ ജസീറത്തുല്‍ അറബ്' എന്ന പേരിലും 'തര്‍കെ മുവാലാത്ത്' (നിസ്സഹകരണം) എന്ന പേരിലും അബുല്‍ കലാം ആസാദ് തന്റെ അല്‍ ഹിലാല്‍ പത്രത്തിലെഴുതിയ രണ്ട് ലേഖനങ്ങളാണ്. ആഗോള മുസ്ലിം ഐക്യത്തെയും ഇന്ത്യന്‍ മുസ്ലിംകളുടെ രാഷ്ട്രീയ ഭാഗധേയത്തെയും കൂട്ടിയിണക്കി ഖിലാഫത്ത് പ്രസ്ഥാനത്തിലും തദ്വാരാ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും അണിനിരക്കാനുള്ള ആഹ്വാനമാണ് ആദ്യ ലേഖനത്തിന്റെ ഉള്ളടക്കം. മുസ്ലിംകള്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരുന്നത് ഹറാമാണെന്നും ഗവണ്‍മെന്റ് ജോലി സ്വീകരിക്കുകയോ നികുതി അടക്കുകയോ ചെയ്യരുതെന്നും ഗവണ്‍മെന്റ് വിദ്യാലയങ്ങള്‍ ബഹിഷ്‌കരിക്കണമെന്നുമൊക്കെയായിരുന്നു രണ്ടാം ലേഖനത്തിന്റെ ഉള്ളടക്കം. രണ്ടാമത്തെ ലേഖനം മലബാറിലെ സെന്‍ട്രല്‍ ഖിലാഫത്ത് കമ്മിറ്റി മലയാളത്തിലാക്കി വിതരണം ചെയ്തിരുന്നു. അലീഗഢില്‍ വിദ്യാര്‍ഥിയായിരിക്കെ പഠനം ഉപേക്ഷിച്ച് ഖിലാഫത്ത് പ്രക്ഷോഭത്തില്‍ സജീവമാകാന്‍ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിനെ പ്രചോദിപ്പിച്ചത് ആസാദിന്റെ ആദ്യ ലേഖനമായിരുന്നു. ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ പ്രത്യയശാസ്ത്രത്തെ കുറിച്ച തികഞ്ഞ ധാരണയോടുകൂടിത്തന്നെയാണ് മലബാറിലെ മാപ്പിളമാര്‍ അതില്‍ അണിനിരന്നതെന്ന് സൂചിപ്പിക്കാനാണ് ഇത് ഇവിടെ എടുത്തുപറഞ്ഞത്.
മുസ്‌ലിംകളോട് ബ്രിട്ടീഷുകാര്‍ക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്യുന്ന ഒരു ലഘുലേഖ 'മുഹിമ്മാത്തുല്‍ മുഅ്മിനീന്‍' എന്ന് പേരില്‍ മതപണ്ഡിതനായ ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്ലിയാര്‍ അക്കാലത്ത് എഴുതി പ്രസിദ്ധീകരിച്ചിരുന്നു.
മലബാര്‍ സമരത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറ ഉറപ്പിക്കുന്ന മറ്റൊരു പ്രധാന ഘടകം അക്കാലത്ത് വ്യാപകമായി പ്രചരിച്ച പടപ്പാട്ടുകളാണ്. മാപ്പിളമാരില്‍ സമരാവേശം കുത്തിവെക്കുന്നതില്‍ മറ്റെന്തിനേക്കാളും കൂടുതല്‍ പങ്കുവഹിച്ചത് പടപ്പാട്ടുകളാണെന്ന കാര്യത്തില്‍ സംശയമില്ല. ഒരാശയത്തിനു വേണ്ടി രക്തസാക്ഷ്യം വരിക്കുന്നതിന്റെ മഹത്വം വിവരിക്കുന്ന മഹാകവി മോയിന്‍കുട്ടി വൈദ്യരടക്കമുള്ളവരുടെ പടപ്പാട്ടുകള്‍ കലാമൂല്യമുള്ള സൃഷ്ടികളായതോടൊപ്പംതന്നെ സോദ്ദേശ്യരചനകള്‍ കൂടിയായിരുന്നു. വൈദ്യരുടെ ബദ്ര്‍ പടപ്പാട്ടിലും ഉഹുദ് പടപ്പാട്ടിലും അറേബ്യന്‍ പശ്ചാത്തലവും ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വിമോചന പോരാട്ടങ്ങളുമാണ് വിഷയീഭവിക്കുന്നത്. ഈ വിമോചന പോരാട്ടങ്ങളെക്കുറിച്ച വൈദ്യരുടെ ഹൃദയഹാരിയായ വര്‍ണനകള്‍ ബ്രിട്ടീഷ് രാജിനെതിരെ പൊരുതിയ മാപ്പിളമാരെ പ്രചോദിപ്പിച്ചതില്‍ അത്ഭുതമില്ല.
ഇന്ത്യന്‍ മുസ്ലിംകളെ ദേശീയ പ്രസ്ഥാനവുമായി അടുപ്പിക്കാനുള്ള ഫലപ്രദമായ ഉപാധിയെന്ന നിലയില്‍ ഖിലാഫത്ത് പ്രക്ഷോഭത്തെ ഗാന്ധിജിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പിന്തുണക്കുക കൂടി ചെയ്തതോടെ ഖിലാഫത്ത് പ്രക്ഷോഭം ഹിന്ദു-മുസ്ലിം സഹവര്‍ത്തിത്വത്തിന്റെ ഉജ്ജ്വല മാതൃകയായി മാറുകയും ചെയ്തു. ഖിലാഫത്ത് പ്രക്ഷോഭത്തെ പിന്തുണച്ചത് ഇന്ത്യയില്‍ കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ ഗുണം ചെയ്തത് മലബാറിലാണ്. കാരണം അതുവരെ ഏതാനും ജന്മിമാരുടെയും വക്കീലുമാരുടെയും സംഘടന മാത്രമായിരുന്ന കോണ്‍ഗ്രസ് ജനകീയ സംഘടനയായി മാറിയത് ഈ പിന്തുണക്കു ശേഷമാണ്. മുസ്ലിംകളുടെ പിന്തുണയോടെ കോണ്‍ഗ്രസ് ജനകീയ സംഘടനയായി മാറുന്നതിന് സാക്ഷ്യം വഹിച്ചത് 1920-ല്‍ മഞ്ചേരിയില്‍ ചേര്‍ന്ന മലബാര്‍ ജില്ലാ കോണ്‍ഫറന്‍സില്‍ വെച്ചാണ്. 'ജന്മിമാരും കുടിയാന്മാരും കുലീനരും കൂലിക്കാരും ഹിന്ദുക്കളും മുസ്ലിംകളും തടിച്ചുകൂടിയിരുന്ന ആ കോണ്‍ഫറന്‍സ് പന്തല്‍ ആവേശജനകമായ കാഴ്ചയായിരുന്നു' എന്നാണ് സമ്മേളനത്തിലെ ജനബാഹുല്യത്തെക്കുറിച്ച് കെ.പി. കേശവമേനോന്‍ 'കഴിഞ്ഞ കാല'ത്തില്‍ എഴുതിയത്. കോണ്‍ഗ്രസിനെ ജനകീയ സംഘടനയാക്കി മാറ്റുന്നതിന് ഏറ്റവും വലിയ തടസ്സമായിനിന്ന അതിലെ ജന്മിമേധാവിത്വം തകര്‍ക്കപ്പെടാന്‍ നിമിത്തമായത് സമ്മേളനത്തിലെ ഈ വന്‍ മുസ്ലിം സാന്നിധ്യമായിരുന്നു. ജന്മി-കുടിയാന്‍ ബന്ധം വ്യവസ്ഥപ്പെടുത്തണമെന്ന പ്രമേയം സമ്മേളനം അംഗീകരിക്കാന്‍ കാരണവും സമ്മേളനത്തിലെ വമ്പിച്ച മുസ്ലിം സാന്നിധ്യമാണ്. അതുവരെയുള്ള കോണ്‍ഗ്രസ് സമ്മേളനങ്ങളിലൊന്നും കാണാത്ത മുസ്ലിം പങ്കാളിത്തമാണ് മഞ്ചേരി സമ്മേളനത്തില്‍ ദൃശ്യമായത്. അതിനു കാരണം കുടിയാന്‍ പ്രശ്നം കോണ്‍ഗ്രസ് ഏറ്റെടുത്തതോടൊപ്പം ഖിലാഫത്ത് പ്രക്ഷോഭത്തെ കോണ്‍ഗ്രസ് പിന്തുണക്കുകയും ചെയ്തു എന്നതാണ്.
ഖിലാഫത്ത് പ്രസ്ഥാനം കേരളത്തിലും സമാധാനപരമായി തന്നെയാണ് തുടക്കത്തില്‍ നടന്നത്. ഗാന്ധിജിയുടെ അഹിംസയും അക്രമരാഹിത്യവും മലബാര്‍ സമര നായകന്മാരായ ആലി മുസ്ലിയാര്‍, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവര്‍ക്ക് സ്വീകാര്യമായിരുന്നു. ബ്രിട്ടീഷ് ഭരണത്തെ സായുധമായി നേരിട്ട് ഇവിടെ ഖിലാഫത്ത് ഭരണം സ്ഥാപിക്കണമെന്ന ലക്ഷ്യത്തോടെയല്ല അവര്‍ ഖിലാഫത്ത് പ്രസ്ഥാനത്തില്‍ ചേര്‍ന്നത്. ഖിലാഫത്ത് അവര്‍ക്ക് കൊളോണിയല്‍ ഭരണത്തിനെതിരെ ബഹുജനരോഷം ഉയര്‍ത്താനുള്ള മതപരവും രാഷ്ട്രീയവുമായ ഒരും സിംബല്‍ മാത്രമായിരുന്നു. മാത്രമല്ല, സമരത്തെ തുടര്‍ന്ന് ബ്രിട്ടീഷ് ഭരണയന്ത്രം താല്‍ക്കാലികമായി മലബാറില്‍ ഇല്ലാതായപ്പോള്‍ ആലി മുസ്ലിയാര്‍ തിരൂരങ്ങാടിയിലും വാരിയംകുന്നത്ത് ഏറനാട്ടിലും സ്ഥാപിച്ച ഭരണത്തെ അവര്‍ രണ്ടു പേരും ഖിലാഫത്ത് ഭരണം എന്ന് വിശേഷിപ്പിച്ചതിന് എവിടെയും രേഖകളില്ല. ഗവണ്‍മെന്റ് അവരുടെ പേരില്‍ തയാറാക്കിയ കുറ്റപത്രത്തിലാണ് അതുള്ളത്. അതിനാല്‍ തീര്‍ത്തും സമാധാനപരമായി മുന്നേറിയ ഖിലാഫത്ത് പ്രക്ഷോഭം സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള വന്‍ ജനകീയ പ്രക്ഷോഭമായി മാറുന്നതില്‍ വിറളിപൂണ്ട ഭരണകൂടം സമരത്തെ തകര്‍ക്കാന്‍ നടത്തിയ ആസൂത്രിതമായ ഗൂഢനീക്കങ്ങള്‍ അതിനെ സായുധ സമരത്തിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.
കോണ്‍ഗ്രസിനെ ഖിലാഫത്ത് പ്രക്ഷോഭത്തില്‍നിന്ന് അകറ്റി അതിനെ ഒറ്റതിരിച്ച് അടിച്ചമര്‍ത്താനുള്ള നീക്കമാണ് അധികൃതര്‍ ആസൂത്രണം ചെയ്തത്. ഖിലാഫത്ത് പ്രക്ഷോഭം അക്രമപ്രവര്‍ത്തനങ്ങളിലേക്ക് വഴിമാറുന്നതോടെ കോണ്‍ഗ്രസ് അതിനെ തള്ളിപ്പറയുമെന്ന് അധികൃതര്‍ക്ക് ഉറപ്പായിരുന്നു. അതിനാല്‍ കോണ്‍ഗ്രസ് കമ്മിറ്റി യോഗങ്ങളെയും പ്രവര്‍ത്തകരെയും ഒന്നും ചെയ്യാതെ ഖിലാഫത്ത് കമ്മിറ്റി യോഗങ്ങള്‍ മുടക്കുകയും പ്രവര്‍ത്തകരെ അകാരണമായി മര്‍ദിക്കുകയും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്യുന്നത് അധികൃതര്‍ സ്ഥിരം പരിപാടിയാക്കി. ഖിലാഫത്ത് പ്രവര്‍ത്തകരെ കരുതിക്കൂട്ടി പ്രകോപിപ്പിച്ച് അവരെ തിരിച്ചടിക്ക് നിര്‍ബന്ധിക്കുകയും അതിലൂടെ ഖിലാഫത്ത് പ്രക്ഷോഭത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ വഴികണ്ടെത്തുകയുമായിരുന്നു അധികൃതരുടെ ലക്ഷ്യം. കലക്ടര്‍ തോമസും ഡി.വൈഎസ്.പി ഹിച്ച്കോക്കുമായിരുന്നു ഈ തന്ത്രത്തിന്റെ സൂത്രധാരന്മാര്‍. മാപ്പിളമാരെ പ്രകോപിപ്പിക്കാന്‍ അധികൃതര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് കെ. മാധവന്‍ നായര്‍ ഇങ്ങനെ എഴുതുന്നു: ''വളരെ അധ്വാനിച്ചും പല ചെലവ് ചെയ്തും വിളിച്ചുകൂട്ടുന്ന യോഗങ്ങള്‍ പൊടുന്നനവെ മുടക്കുന്നതുകൊണ്ട് മാപ്പിളമാരുടെ ഇടയില്‍ വര്‍ധിച്ച ക്ഷോഭം അസാമാന്യമായിരുന്നു. 'കല്‍പനകള്‍ എല്ലാം അനുസരിക്കണം' എന്ന് ഞങ്ങളാല്‍ ചിലര്‍ ചെയ്ത ഉപദേശം അവരനുസരിച്ചിരുന്നുവെങ്കിലും അത് പൂര്‍ണ മനസ്സോടെയായിരുന്നില്ല. എന്ന് മാത്രമല്ല, ഇങ്ങനെ ഞങ്ങള്‍ ഉപദേശിച്ചിരുന്നത് ഞങ്ങളുടെ ഭീരുത്വം കൊണ്ടാണെന്ന് കൂടി ചിലര്‍ വ്യാഖ്യാനിച്ചിരുന്നു.... 144-ാം വകുപ്പിനു പുറമെ ഖിലാഫത്ത് പ്രസ്ഥാനത്തെ ഉടയ്ക്കുവാനായി പോലീസുദ്യോഗസ്ഥന്മാര്‍ പ്രയോഗിച്ച മറ്റൊരു നയം ഭീഷണിയും പ്രഹരവുമായിരുന്നു. തിരൂരങ്ങാടിയിലും മലപ്പുറത്തും വെച്ച് നടത്തിയ പ്രഹരങ്ങള്‍ ഒരുവിധം കുപ്രസിദ്ധമാണ്'' (മലബാര്‍ കലാപം, പേ. 71,78,79).
1921 ആഗസ്റ്റ് 20-ന് തിരൂരങ്ങാടിയിലാണ് സമരത്തിന്റെ ആദ്യ വെടി പൊട്ടിയത്. ആലി മുസ്ലിയാരെ പിടികൂടാന്‍ പോലീസ് തീരൂരങ്ങാടി പള്ളി വളഞ്ഞതിനെ തുടര്‍ന്ന് പള്ളി തകര്‍ക്കപ്പെട്ടു എന്ന കിംവദന്തി തിരൂരങ്ങാടിയിലും പരിസരത്തും പരന്നതോടെ ജനം അവിടേക്ക് ഓടിക്കൂടി എന്നത് നേരാണ്. എന്നാല്‍ അവര്‍ അപ്പോള്‍ പോലീസിനെ നേരിട്ടിരുന്നില്ല. അതിനുള്ള ആയുധവും അവരുടെ കൈവശം ഉണ്ടായിരുന്നില്ല. എന്നാല്‍ ആലി മുസ്ലിയാരെ കിട്ടാതെ വന്നപ്പോള്‍ പോലീസ് പിടികൂടിയ ഖിലാഫത്ത് പ്രവര്‍ത്തകരുടെ മോചനകാര്യം സംസാരിക്കാനായി അനുയായിളോടൊപ്പം പോലീസ് സ്റ്റേഷനില്‍ എത്തിയ ആലി മുസ്ലിയാരെയും സംഘത്തെയും അനുനയത്തില്‍ അവിടെ ഇരുത്തിയതിനു ശേഷം അവര്‍ക്കു നേരെ തുരുതുരാ വെടിവെക്കുകയായിരുന്നു പോലീസ്. അപ്പോള്‍ പിന്നെ കൈയില്‍ കിട്ടിയ ആയുധവുമായി അവര്‍ പോലീസിനെയും നേരിട്ടു. ഇതാണ് മലബാര്‍ സമരത്തിന്റെ തുടക്കം. ഇതില്‍ ഇരു ഭാഗത്തും ആള്‍നാശമുണ്ടായി. അപ്രതീക്ഷിതമായ തിരിച്ചടിയില്‍ പതറിപ്പോയ പോലീസും സംഘവും അന്ന് രാത്രി പോലീസ് സ്റ്റേഷനില്‍ ഒളിച്ചു പാര്‍ത്ത് പിറ്റേ ദിവസം പരപ്പനങ്ങാടിയില്‍നിന്ന് റെയില്‍ മാര്‍ഗം കോഴിക്കോട്ടേക്ക് പോകാനാണ് തുനിഞ്ഞത്. പക്ഷേ അപ്പോഴേക്കും തിരൂരങ്ങാടിയില്‍നിന്ന് തിരിച്ചുപോയ സമരപോരാളികള്‍ പരപ്പനങ്ങാടി മുതല്‍ ഫറോക്ക് വരെ റെയില്‍പ്പാളം തകര്‍ത്തിരുന്നു. കോഴിക്കോട്ടു നിന്നുള്ള കൂടുതല്‍ സൈന്യം എത്തുന്നത് തടയുന്നതിനുള്ള പോരാളികളുടെ ആസൂത്രിത നീക്കമായിരുന്നു ഈ റെയില്‍ തകര്‍ക്കല്‍.
പോലീസ് സംഘവും തിരൂരങ്ങാടി വിട്ടപ്പോള്‍ ആലി മുസ്‌ലിയാര്‍ ഖിലാഫത്ത് ഭരണം സ്ഥാപിച്ചുവെന്നാണ് അദ്ദേഹത്തിന്റെ കുറ്റപത്രത്തില്‍ ഉള്ളതെങ്കിലും അത് സംശയാസ്പദമാണ്. എങ്കിലും പട്ടാളവും പോലീസും രംഗം വിട്ടത്തോടെ നാട്ടില്‍ അരാജകത്വം ഇല്ലാതാക്കാനും കൊള്ളയും അക്രമവും തടയാനും അദ്ദേഹം ചില വ്യവസ്ഥകള്‍ ഉണ്ടാക്കി എന്നതു നേരാണ്. കുടിയാന്മാരുടെ പ്രതികാര നടപടികളില്‍ ഹിന്ദു ജന്മിമാരെ രക്ഷപ്പെടുത്താന്‍ അവരുടെ വീടുകളില്‍ തന്റെ മാപ്പിള സേനാനികളെ കാവല്‍ നിര്‍ത്തുക പോലും ചെയ്തു ആലി മുസ്‌ലിയാര്‍. ആലി മുസ്‌ലിയാരുടെ ഭരണകാലത്ത് അദ്ദേഹത്തിന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍ അക്രമം തീരെ ഉണ്ടായിട്ടില്ലെന്ന് കെ.പി കേശവമേനോന്‍ 'കഴിഞ്ഞ കാല'ത്തില്‍ എഴുതിയിട്ടുണ്ട്. മാപ്പിള കുടിയാന്മാരെ ബ്രിട്ടീഷുകാരോടൊപ്പം ചേര്‍ന്ന് മര്‍ദിച്ചിരുന്ന ഹിന്ദുക്കളും മുസ്‌ലിംകളുമായ ജന്മികളെ പ്രതികാര നടപടികളില്‍നിന്ന് സംരക്ഷണം നല്‍കുന്ന നടപടികളാണ് ആലി മുസ്ലിയാര്‍ സ്വീകരിച്ചത്. തിരൂരങ്ങാടിയിലെ അധികാരിയായിരുന്ന മൂസക്കുട്ടിയെയും ഇങ്ങനെ ആലി മുസ്‌ലിയാര്‍ സംരക്ഷിച്ചതായി കെ. മാധവന്‍ നായരും പറയുന്നുണ്ട്.
(തുടരും)
Comments