അധിനിവേശ കുടിലതയും ആര്യപ്രോക്ത ബ്രാഹ്മണ്യവും സഖ്യം ചേര്‍ന്നപ്പോള്‍ മലബാറില്‍ സംഭവിച്ചത്
ഇന്ത്യയിലേക്കുള്ള പടിഞ്ഞാറന്‍ അധിനിവേശത്തിന് പണ്ടുമുതലേ നിരവധിയായ മാനങ്ങളുണ്ടായിരുന്നു. ദ്രവ്യസമാഹരണം മാത്രമല്ല മൂറുകളെ / മുസ്‌ലിംകളെ തരിപ്പണമാക്കാനുള്ള കുരിശുയുദ്ധ കുടിലതയും ഇതിന്റെ ലക്ഷ്യം തന്നെയായി. ലോകജനതയെ ജ്ഞാനസ്നാനം ചെയ്യിക്കാനുള്ള തിട്ടൂരം പോപ്പില്‍നിന്ന് അന്നത്തെ പോര്‍ച്ചുഗീസ് രാജാവിന് ലഭിക്കുന്നുണ്ട്. അതിന്റെ രൂക്ഷമായ നടപ്പാക്കല്‍ കൂടിയായിരുന്നു വാസ്‌കോഡ ഗാമയുടെ ലക്ഷ്യം. കേരളതീരത്തെത്തിയ ഗാമയും കൂട്ടുകാരും കണ്ടതോ അവര്‍ക്കൊട്ടും താല്‍പര്യമില്ലാത്ത മൂറുകളുടെ വ്യാപാര മേല്‍ക്കൈകളും. അന്നീ ദേശത്തിന്റെ സുരക്ഷയും സംരക്ഷണവും സമ്പൂര്‍ണമായും ആശ്രയിച്ചുനിന്നത് മുസ്ലിം സമൂഹത്തിന്റെ വിശ്വസ്തതയെ മാത്രമായിരുന്നു. അവരീ നാടിന്റെ സാമൂഹികതയില്‍ അത്രമേല്‍ ഇഴുകിച്ചേര്‍ന്നവരായി. ഈ ദേശം പിടിക്കാന്‍ ആരെയാണ് തുരത്തേണ്ടതെന്ന് ഗാമക്കറിയാം. പിന്നീട് സംഭവിച്ചതൊക്കെയും ചരിത്രത്തിന്റെ നിറവെട്ടത്തിലുണ്ട്. നൂറ്റാണ്ടുകളിലേക്ക് ദീര്‍ഘിച്ച സ്വയം സമര്‍പ്പണവും ത്യാഗജീവിതവുമാണ് യൂറോപ്യന്‍ അധിനിവേശത്തെ ഇന്ത്യയില്‍നിന്ന് കെട്ടുകെട്ടിച്ചത്. ദേശസ്നേഹികളായ മുസ്ലിം ജനത ഏറ്റെടുത്ത ധീരമായ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളാണ് ഈ ലക്ഷ്യം സഫലമാക്കിയത്. ഈ ദീര്‍ഘചരിത്രത്തിലെ ത്യാഗസുരഭിലമായ ഒരു സുപ്രധാന ഘട്ടം തന്നെയാണ് തൊള്ളായിരത്തി ഇരുപത്തി ഒന്നിലെ മലബാര്‍ സമരപരമ്പരയും സ്വാതന്ത്ര്യപ്രഖ്യാനവും.
ഒരു ഭാഗത്ത് കുരിശുയുദ്ധ അധിനിവേശവും മറുഭാഗത്ത് ആര്യപ്രോക്ത ബ്രാഹ്മണ്യത്തിന്റെ കുടിലതകളും. അപ്പോള്‍ ദേശരക്ഷക്കും സ്വാതന്ത്ര്യത്തിനും മാപ്പിളമാര്‍ക്ക് നടത്തേണ്ടിവന്നത് കഠിനമായൊരു ചെറുത്തുനില്‍പ്പായിരുന്നു. കൊന്നും കൊലവിളിച്ചും തുരത്തിയോടിച്ചും നാടുകടത്തിയും കൂട്ടപ്പിഴയിട്ടും പരിഹസിച്ചും അധിനിവേശത്തിന്റെ തുപ്പാക്കി നിരന്തരം പ്രവര്‍ത്തിച്ചപ്പോള്‍ മാപ്പിളമാരുടെ ദേശജീവിതം അന്ന് ഏറെ കാതരമായി. അവര്‍ നോട്ടമിടപ്പെട്ടവരും ചകിതരുമായി. പിന്നെ അധിനിവേശ സംഘങ്ങള്‍ ചെയ്തത് സത്യങ്ങള്‍ക്ക് തീയിട്ടും അസത്യങ്ങള്‍ പനപോലെ വളര്‍ത്തിയും ദേശചരിത്രത്തിലേക്ക് പെരുംകള്ളങ്ങള്‍ തുരന്നു കയറ്റുകയായിരുന്നു. അതാകട്ടെ ഈ ദേശത്തിന്റെ വിമോചനത്തിനായി സ്വയം യാഗമായ ഒരഭിജാത ജനതയെ പൈശാചികവല്‍ക്കരിക്കും വിധമായതില്‍ അതിശയമില്ല.
അധിനിവേശക്കാരന്‍ ബ്രാഹ്മണ്യസംഘത്തിന്റെ കള്ളസാക്ഷ്യത്തില്‍ എഴുതിവെച്ച കളവിന്റെ ഓലക്കെട്ടുകളാണ് പുതിയ ദേശഭക്തര്‍ക്ക് ഒരു സമുദായത്തെ അപരമാക്കാന്‍ ഇന്ന് സാക്ഷ്യമാവുന്നത്. കെ. മാധവന്‍ നായരുടെ 'മലബാര്‍ കലാപം' മുതല്‍ 'കേസരി' വാരികയുടെ ഈ വര്‍ഷത്തെ ഓണപ്പതിപ്പ്‌വരെ പിന്നീട് വന്ന സര്‍വ കൊളോണിയല്‍ ദാസ്യരചനകളും ഈ കളവിന്റെ താളിയോലകള്‍ അങ്ങനെത്തന്നെ പകര്‍ത്തിയതാണ്.
കേരളത്തില്‍ മാത്രം പ്രഭാവം നിലനിര്‍ത്തിയ മനുപ്രോക്ത ഫ്യൂഡലിസത്തിന് (Theocratic Fudalism) നിലനില്‍ക്കാന്‍ ഇങ്ങനെയുള്ള വേതാള കള്ളങ്ങളെ ആശ്രയിക്കേണ്ടിവരും. അപ്പോള്‍ മുസ്ലിംകളുടെ സ്വാതന്ത്ര്യ പോരാട്ട സത്യത്തെ ചോദ്യം ചെയ്യുകയും അവരുടെ നിര്‍വഹണങ്ങളെ ആധാരത്തില്‍ നിരാകരിക്കുകയും ചെയ്യാം. ഈ ദുഷ്ടതയാണ് കൊളോണിയല്‍ ചരിത്ര രചനയും അതിന്റെ നിഴലില്‍ ബ്രാഹ്മണ്യത്തിന്റെ നാരായം വിളയാടിയ പുസ്തകക്കെട്ടുകളും നിരന്തരം ചെയ്തത്. തങ്ങള്‍ക്ക് ജീവിതം അളമുട്ടിയപ്പോഴാണ് അവര്‍ സമരത്തിനിറങ്ങിയത്. കാരണം അധിനിവേശം രണ്ട് താല്‍പര്യങ്ങള്‍ മാത്രമാണ് സംരക്ഷിച്ചിരുന്നത്. കോളനിയുടെ കുരിശ്, ധന താല്‍പര്യങ്ങള്‍; പിന്നെ മേല്‍ജാതിയുടെ ചൂഷണോപാധികള്‍.
പല രീതിയിലാണ് ഈ ക്ഷുദ്രത വികസിച്ചത്. ഇതില്‍ ഒന്ന് അധിനിവേശത്തിന്റെ തിരുവെഴുത്തുകളും ദിനസരി കുറിപ്പുകളും പിന്നെ അവരുടെ കള്ള കോടതി രേഖകളും. ഇതൊക്കെയും അത്രമേല്‍ അസത്യങ്ങളും പാഷാണ രചനകളുമായിരിക്കുമെന്നത് പറയേണ്ടതില്ല.
സ്വാതന്ത്ര്യസമരകാലത്തെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരായിരുന്ന ഹിച്ച്കോക്കിന്റെയും ടോട്ടന്‍ഹാമിന്റെയും തോമസിന്റെയും എഫ്.ബി ഇവാന്‍സിന്റെയും കൊളോണിയല്‍ എഴുത്തുകളാണിത്. അവര്‍ക്കെതിരെയാണ് വിമോചന പ്രസ്ഥാനം മലബാറില്‍ അന്ന് സമരത്തിനിറങ്ങിയത്. സ്വാഭാവികമായും വാര്‍ത്തകളും എഴുത്തുകളും മാപ്പിളമാരെയാസകലം കൊള്ളക്കാരും മതവെറിയന്മാരുമാക്കുകയുണ്ടായി. അവര്‍ ചെയ്യുന്ന സമരങ്ങളൊക്കെയും ഭീകര പ്രവര്‍ത്തനങ്ങളും. ഇരുപത്തിയൊന്നിലെ വിമോചനപ്പോരാട്ടത്തിന് അന്ത്യമായതോടെ മലബാറില്‍ നടന്ന സമാനതകളില്ലാത്ത ഒരു ഉന്മൂലന ഭീകരതയുണ്ട്. അത് ചരിത്രത്തില്‍ ഇടംപിടിക്കാതിരിക്കാന്‍ കൊളോണിയല്‍ ശക്തികള്‍ വേണ്ടത്ര ജാഗ്രത കാട്ടുകയും ചെയ്തു. മറ്റൊന്ന് ഇരുപത്തിയൊന്നിലെ വിമോചന സമരത്തെ ആദ്യത്തില്‍ ത്വരിപ്പിച്ചെടുക്കുകയും നിര്‍ണായകഘട്ടത്തില്‍ തള്ളിപ്പറയുകയും ചെയ്ത ദേശീയ പ്രസ്ഥാനത്തിന്റെ ഇരട്ടത്താപ്പാണ്. സമരകാലം പിന്നിട്ടപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്തത് മുസ്ലിംകളില്‍നിന്ന് ജാതി ഹിന്ദുക്കള്‍ക്കേറ്റ കഷ്ടനഷ്ടങ്ങള്‍ പരാതികളായി സ്വീകരിക്കാന്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കുകയായിരുന്നു. നിഷേധിക്കാനും പ്രതിഷേധിക്കാനും പാങ്ങില്ലാത്തവിധം തൂക്കിലും തടവിലും അന്തമാനിലും പെട്ടുപോയ ഒരു സമൂഹം എങ്ങനെ പ്രതിരോധിക്കും? ഇങ്ങനെ ഒരു പോറല്‍ പോലുമേല്‍ക്കാത്തവര്‍ പോലും തെളിവെടുപ്പ് കമ്മിറ്റിക്കു മുമ്പില്‍ കള്ളരേഖകളുമായി പ്രത്യക്ഷപ്പെട്ടു. ഈ രേഖകളൊക്കെയും പില്‍ക്കാലത്ത് 'മുസ്ലിം ക്രൂരതകളു'ടെ പ്രമാണങ്ങളായി.
മറ്റൊന്നായിരുന്നു അക്കാലത്തെ പത്രങ്ങള്‍ ചെയ്തുതന്ന മഹത്തായ 'സേവനം.' മലയാളത്തില്‍ ഇത് നിര്‍വഹിച്ചത് സി. കൃഷ്ണന്റെ 'മിതവാദി'യും ചെങ്കുളത്ത് കുഞ്ഞിരാമ മേനോന്റെ 'കേരള പത്രിക'യുമായിരുന്നു. സമരാനന്തരം ഇംഗ്ലീഷ് സൈന്യത്തിന്റെ സമ്പൂര്‍ണ സംരക്ഷണത്തില്‍ നഗരത്തിലെത്തിയ സവര്‍ണര്‍ പ്രധാനമായും ശ്രദ്ധിച്ചത് മുസ്ലിം മര്‍ദനത്തിന്റെ ഇല്ലാക്കഥകള്‍ സങ്കടഹരജികളായി കോണ്‍ഗ്രസ് ഓഫീസില്‍ എഴുതിക്കൊടുക്കാനും. ഇതില്‍ അന്നത്തെ സ്വാതന്ത്ര്യ സമരസേനാനികളാല്‍ സംരക്ഷണം ലഭിച്ചവരും അവര്‍ സഹായിച്ചവര്‍ പോലുമുണ്ടായിരുന്നു. ബ്രിട്ടീഷ് കോളനി ശക്തികളില്‍നിന്ന് സഹായം കിട്ടുമെന്ന പ്രതീക്ഷയില്‍ ഉത്തേജിതരായി നിഷ്‌കളങ്കരായ താണ ജാതിക്കാര്‍ പോലും എഴുതിനല്‍കിയ സര്‍വ കള്ളപ്പരാതികളും അന്ന് ചെങ്കുളത്ത് കുഞ്ഞിരാമ മേനോന്റെ 'കേരളപത്രിക' കൗശലപൂര്‍വം പ്രസിദ്ധീകരിക്കുകയും ചെയ്തു. കടുത്ത ബ്രിട്ടീഷ് പക്ഷപാതിയായിരുന്ന മിതവാദി കൃഷ്ണന്‍ സമരകാലത്തും ഭീകരതകളുടെ ഇല്ലാക്കഥകള്‍ തന്റെ മഞ്ഞക്കടലാസിലെഴുതി ദേശമെങ്ങും പ്രചരിപ്പിച്ചു.
ഇതുപോലെത്തന്നെയാണ് അക്കാലത്തെ ഇംഗ്ലീഷ് പത്രങ്ങളില്‍ വന്ന വാര്‍ത്തകളും ലേഖനങ്ങളും. സമരകാലങ്ങളില്‍ മുസ്ലിം ക്രൂരതകളെ പ്രതി തോമസും ഇവാന്‍സും എഴുതിയയച്ച സര്‍ക്കാര്‍ കുറിപ്പുകള്‍ തന്നെയാണ് കോളനി ഉദ്യോഗസ്ഥര്‍ പ്രസ് റിലീസായി നല്‍കിയിരുന്നതും. ഇതു മാത്രം ഉപദാനിച്ചാണ് അന്ന് മദ്രാസിലെയും ബോംബെയിലെയും ഇംഗ്ലീഷ് പത്രങ്ങള്‍ മലബാറിലെ 'ഭീകര' വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത്. നിഷേധിക്കാനും മറുപടി എഴുതാനും അന്നാരുമില്ലല്ലോ. പില്‍ക്കാലത്ത് മുസ്ലിംവിരുദ്ധ ചരിത്രരചനക്ക് ഇതും ഒന്നാംതരം ഉപാദാനമായി.
ബ്രിട്ടീഷ് കോളനി പക്ഷപാതികളുടെ പത്രങ്ങളില്‍ നിരന്തരം ഭീതി നിറഞ്ഞ വാര്‍ത്തകള്‍ വന്നു. നിഷേധിക്കാന്‍ പോലും ആളില്ലാതെ, കാട്ടിലും കൂട്ടിലും കഴിഞ്ഞ ഒരു സമൂഹത്തിനെതിരെ ഇങ്ങനെ നിരന്തരം കള്ളസാക്ഷ്യങ്ങള്‍ മാത്രം കുമിഞ്ഞുകൂടി. ഇതൊക്കെയും മഹത്തായ ചരിത്രരേഖകളായി മാറ്റാന്‍ പുതിയ ദേശസ്നേഹികള്‍ക്ക് എളുപ്പത്തില്‍ സാധിച്ചു. അന്നു തുടങ്ങി ഇന്നുവരെ സവര്‍ണ ഫാഷിസം പ്രസിദ്ധീകരിച്ച സര്‍വ പുസ്തകങ്ങളിലും ഉപാദാനങ്ങളായെത്തിയത് ഈ പരാതിക്കടലാസുകള്‍ മാത്രമാണ്. ഇത്തരം കള്ളരേഖകള്‍ കൊണ്ടുമാത്രം വിരചിതമാണ് കെ. മാധവന്‍ നായരുടെ പുസ്തകം പോലും എന്നു പറയുമ്പോഴാണ് സ്വന്തം ദേശത്ത് സ്വാതന്ത്ര്യത്തിനായി പിടഞ്ഞ ഒരു ജനതയും അവരുടെ ഇനിയും പിറക്കാനിരിക്കുന്ന തലമുറയും കൂടി എങ്ങനെയാണ് പിശാചുവത്കരിക്കപ്പെടുന്നത് എന്ന് നാം അറിയുന്നത്.
സാമാന്യേന നേരു പറയുമെന്ന് നാം വിശ്വസിക്കുന്ന ഒരാളായിരുന്നു മാധവന്‍ നായര്‍. കാരണം അദ്ദേഹം കെ.പി.സി.സി അധ്യക്ഷനും അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി അംഗവുമൊക്കെയായി പ്രവര്‍ത്തിച്ച ഒരാളാണ്.
മലബാര്‍ ദേശീയ പ്രസ്ഥാനം അതിന്റെ നിര്‍വഹണത്തില്‍ വഴുക്കിയിട്ടുണ്ടെങ്കില്‍ അതില്‍ കോണ്‍ഗ്രസ്സിനുള്ള പങ്ക് വലുതാണ്. കാരണം സ്വതവേ പാശ്ചാത്യ വിരുദ്ധരായ മുസ്ലിംകളെ ദേശീയ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കാന്‍ ഗാന്ധിജി കണ്ടെടുത്ത വഴിയായിരുന്നു ഖിലാഫത്ത് പ്രസ്ഥാനത്തെ ഏറ്റെടുക്കല്‍. കോഴിക്കോട്ട് വന്ന് ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രാധാന്യവും അതില്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ അനിവാര്യതയും അദ്ദേഹം തന്നെയാണ് മലബാറിലെ ജനതയെ പഠിപ്പിച്ചത്. അതിന് ഫലമുണ്ടായി. ആലി മുസ്‌ലിയാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ഇങ്ങനെയാണ് ദേശീയ പ്രസ്ഥാനത്തില്‍ എത്തിപ്പെട്ടത്. കാലംകൊണ്ട് ദേശീയ പ്രസ്ഥാനത്തില്‍ മാപ്പിളമാര്‍ തങ്ങളെ മറികടക്കുമോ എന്ന കലശലായ ആധി ദേശീയതയുടെ ഖദറിട്ടിറങ്ങിയ കോണ്‍ഗ്രസ്സിലെ സവര്‍ണര്‍ക്ക് കലശലായി. ഇതുകൊണ്ടാണ് ഇരുപത്തിയൊന്നിലെ സമരസന്ദര്‍ഭത്തില്‍ പൊടുന്നനെ 'നിസ്സഹകരണം' പ്രഖ്യാപിക്കാനും എല്ലാം കഴിഞ്ഞ് മുസ്ലിംകള്‍ക്കെതിരെയുള്ള പരാതിപ്പെട്ടിയുമായി സവര്‍ണ കോവിലുകളില്‍ കുത്തിയിരിക്കാനും ഇവര്‍ക്ക് കഴിഞ്ഞത്. എം.പി നാരായണ മേനോനെപ്പോലെ അപൂര്‍വം ദേശീയ നേതാക്കളേ അന്ന് സത്യങ്ങളോടൊപ്പം നില്‍ക്കാനുള്ള ഗാന്ധിമാര്‍ഗം കണ്ടെത്തിയുള്ളു. അതുകൊണ്ടാണ് മാപ്പിള ഔട്ട്റേജസ് നിയമമനുസരിച്ച് മേനോന്‍ 14 വര്‍ഷം തടവില്‍ കിടന്നത്. സത്യത്തില്‍ ഭൂരിപക്ഷം സവര്‍ണരും ദേശീയ പ്രസ്ഥാനത്തില്‍ ചേര്‍ന്നത് കോളനികാലം അറുതിയായാലും മനുവാദ ഫ്യൂഡലിസം നിലനിര്‍ത്താനും, മാപ്പിളമാര്‍ ദേശീയ പ്രസ്ഥാനത്തില്‍ ചേര്‍ന്നത് ഫ്യൂഡലിസത്തില്‍നിന്നും കൊളോണിയല്‍ ദുര്‍ഭരണത്തില്‍നിന്നും വിമോചിതരാവാനും വേണ്ടിയായിരുന്നു. ദേശീയ പ്രസ്ഥാനത്തില്‍ നിലനിന്നിരുന്ന ഈ ആന്തരവൈരുധ്യം മലബാറില്‍ അക്കാലത്ത് ഏറെ പ്രകടമായി.
ഏറനാട്ടിലെ മാപ്പിളമാരെ ഇംഗ്ലീഷുകാര്‍ വിളിച്ചിരുന്നത് കാട്ടുമാപ്പിളമാരെന്നായിരുന്നു. അവരുടെ വിമോചനപ്പോരാട്ടങ്ങളെ മതഭ്രാന്തായും ഹാലിളക്കമായും മാത്രം സംബോധന ചെയ്തു. അവര്‍ മനുഷ്യരേ അല്ല. അപ്പോള്‍ മനുഷ്യത്വം മാപ്പിളമാരോട് വേണ്ടതില്ല. കോളനിവിരുദ്ധ സമരകാലത്ത് മലബാറില്‍ വ്യാപകമായി ഉന്നയിക്കപ്പെട്ട ആക്ഷേപമാണ് നിര്‍ബന്ധിത മതംമാറ്റല്‍ പ്രശ്നം. മാധവന്‍ നായര്‍ തന്റെ 'മലബാര്‍ കലാപ'മെന്ന കൃതിയിലും ഇത് ഉന്നയിക്കുന്നുണ്ട്. ഏറനാട്ടിലെ മേല്‍മുറി ദേശത്തിലെ അംശം ഉദ്യോഗസ്ഥനോട് കോണ്‍ഗ്രസ് നേതാവായിരുന്ന കെ.പി കേശവമേനോന്‍ എഴുതി വാങ്ങിയ ഒരു പ്രസ്താവന മാത്രമാണ് ഈ ആക്ഷേപം. ഇയാളുടെ പേരുപോലും ആര്‍ക്കുമറിയില്ല. അതാണ് മാധവന്‍ നായര്‍ തന്റെ പുസ്തകത്തില്‍ മതംമാറ്റത്തിന് തെളിവായി ഉദ്ധരിക്കുന്നത്. ഒരു സാക്ഷ്യവുമില്ലാത്ത വെറും പ്രസ്താവനയാണ് കെ.പി.സി.സി പ്രസിഡന്റായ ഒരാള്‍ ഇവിടെ ഉദ്ധരിക്കുന്നത്. പൂക്കോട്ടൂര്‍ സമരത്തെപ്പറ്റിയുള്ള വിവരണം മാധവന്‍ നായര്‍ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: 'അഞ്ച് മണിക്കൂര്‍ കൊണ്ട് മാപ്പിളമാരുടെ ഊക്ക് നിലച്ചു. ബ്രിട്ടീഷ് ഗവണ്‍മെന്റിന് പട്ടാളമുണ്ടെന്ന് മാപ്പിളമാര്‍ക്ക് ബോധ്യമായി. ഇത്ര ഗംഭീരമായൊരു വിജയം നേടിയതിന് ക്യാപ്റ്റന്‍ മെക്കന്റോയിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.'
പുസ്തകത്തില്‍ ആലി മുസ്ലിയാരെ അവതരിപ്പിക്കുന്നതും ഇങ്ങനെ നീചഭാഷയില്‍ തന്നെയാണ്: '1922 ഫെബ്രുവരി 17-ന് കോയമ്പത്തൂര്‍ ജയിലില്‍ വെച്ച് മുസ്‌ലിയാരെ തൂക്കിക്കൊല്ലുകയും റോഡിനടുക്കെ അയാളെ മറവുചെയ്യുകയും ചെയ്തു.' കൊളോണിയല്‍ ഭീകരഭരണത്തിനെതിരെ ജീവിതംകൊണ്ട് യാഗമാകാന്‍ ഇറങ്ങിയ ദേശസ്നേഹിയെ പേരുപോലും പറയാതെ അയാള്‍ എന്ന് സംബോധന ചെയ്ത പുസ്തകത്തില്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെയൊക്കെയും സാഹിബ്, മദാമ്മ, മിസ്റ്റര്‍, അവര്‍കള്‍ എന്നീ ആദരവാക്യങ്ങള്‍ മാത്രം ചേര്‍ത്താണ് മാധവന്‍ നായര്‍ സംബോധന ചെയ്യുന്നത്.
സമരാനന്തരകാലം ഈ പുസ്തകത്തില്‍ ഒരു അധ്യായമായി വരുന്നത് 'ശാന്തത' എന്ന പേരിലാണ്. അന്ന് ബ്രിട്ടീഷുകാര്‍ ഇറക്കിയ നിരവധി ജനവിരുദ്ധ ഉത്തരവുകളെ പരസ്യമായി ന്യായീകരിച്ചശേഷം മാധവന്‍ നായര്‍ പറയുന്നത് 'അതോടെ മാപ്പിളമാര്‍ കൂട്ടിലടച്ച പോലെ കുടുങ്ങിപ്പോയി' എന്നാണ്. അധിനിവേശ യൂറോപ്പും അവരുടെ ഗൂര്‍ഖപ്പടയും ഒപ്പം സവര്‍ണ ബ്രാഹ്മണ്യവും ചേര്‍ന്ന് അന്ന് ഏറനാട്ടിലങ്ങോളം നടത്തിയ കൂട്ടക്കശാപ്പും മനുഷ്യനായാട്ടും സമരാനുഭവങ്ങളേക്കാള്‍ തീക്ഷ്ണമായിരുന്നു. ഈ കാലത്തെയാണ് പുസ്തകത്തില്‍ ശാന്തതയായി ദേശീയ നേതാവായ മാധവന്‍ നായര്‍ വിസ്തരിക്കുന്നത്!
കൊളോണിയല്‍ അധികാരകേന്ദ്രമായിരുന്ന ഹിച്ച്കോക്ക് സത്യത്തില്‍ ലക്ഷണമൊത്ത ഒരു ഭീകരന്‍ തന്നെയായിരുന്നു. കുപ്രസിദ്ധമായ വാഗണ്‍ ദുരന്തത്തില്‍ ഒന്നാം വില്ലന്‍ ഇയാളാണ്. ഇത്രയും ക്രൂരമായി മലബാറില്‍ പെരുമാറിയ ഒരു മൂരാച്ചിയെ നമുക്ക് വേറെ കാണാനാകില്ല. മലബാര്‍ സമരചരിത്രം ബ്രിട്ടീഷുകാര്‍ക്കു വേണ്ടി എഴുതിക്കൊടുത്തതും ഈ ഹിച്ച്കോക്ക് തന്നെയാണ്. ഹിച്ച്കോക്കിന്റെയും കലക്ടര്‍ തോമസിന്റെയും നിലപാടുകളാണ് മലബാര്‍ സമരത്തിനു തന്നെ കാരണമെന്ന് ചരിത്രകാരനായ ഡോ. എം. ഗംഗാധരന്‍ നിരീക്ഷിച്ചിട്ടുള്ളത് വെറുതെയല്ല. മലബാറിലെത്തിയ ദേശീയ നേതാവ് യാഖൂബ് ഹസനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്ത വാര്‍ത്ത ഹിച്ച്കോക്ക് റിപ്പോര്‍ട്ട് ചെയ്തത് 'യാഖൂബ് ഹസനെയും രണ്ട് നായര്‍മാരെയും ഒരു മാപ്പിളയെയും ശിക്ഷിച്ചു' എന്നാണ്. ഈ ഹിച്ച്കോക്കിനെയാണ് മാധവന്‍ നായര്‍ തന്റെ പുസ്തകത്തില്‍ വേണ്ടത്ര ആദരിച്ചെഴുതുന്നത്. സമരസേനാനികളെ മുസ്ലിംകള്‍ എന്നുപോലും മാധവന്‍ നായര്‍ പറയുന്നില്ല. പകരം മുഹമ്മദ് മതക്കാര്‍ എന്നും ഇസ്ലാമിനെ മുഹമ്മദ് മതം എന്നുമാണ് അദ്ദേഹം എഴുതുന്നത്. അതേസമയം കൊളോണിയല്‍ അധിനിവേശത്തെ 'സര്‍ക്കാര്‍' എന്നും അതിനോട് എതിര്‍ക്കുന്നത് 'രാജ്യദ്രോഹം' എന്നുമാണ് ഇദ്ദേഹം പറയുന്നത്.
ഈ പുസ്തകത്തിന് തിലകമെന്നോണം രണ്ട് കുറിപ്പുകളുമുണ്ട്. ഒന്ന്, കെ. കേളപ്പന്റേതാണ്. മറ്റൊന്ന് കെ.പി കേശവമേനോന്റേതും. മഹത്തായൊരു ദേശീയ പ്രസ്ഥാനത്തില്‍ സ്വന്തത്തെ ബലിയര്‍പ്പിച്ച ഒരു സമൂഹത്തെ പരിഹസിച്ച ഈയൊരു കൃതിയെ വാഴ്ത്താന്‍ ഇവര്‍ രണ്ടു പേര്‍ക്കും എങ്ങനെ സാധ്യമായി എന്നത് നമുക്കിന്നും ദുരൂഹമാണ്. സ്വന്തം ആത്മകഥയില്‍ കേശവമേനോന്‍ എഴുതുന്നത് മറ്റൊരു വിധത്തിലാണു താനും: 'പോലീസിന്റെ ദ്രോഹം സഹിക്കാന്‍ പറ്റാതായപ്പോള്‍ അക്രമരാഹിത്യം വെടിഞ്ഞ് അക്രമത്തെ അക്രമം കൊണ്ട് നേരിടാന്‍ നാട്ടുകാര്‍ ഉറച്ചു' (കഴിഞ്ഞ കാലം, പുറം. 119). പക്ഷേ ഈ ദേശീയ നേതാക്കളുടെയൊക്കെ കള്ളസാക്ഷ്യങ്ങള്‍ കൊണ്ട് ഗുണമുണ്ടായത് സവര്‍ണ ഫാഷിസത്തിനാണ്. പിന്നീട് വന്ന സര്‍വമാന സംഘി കള്ള കഥാരചനകള്‍ക്കും പ്രധാന ഉപാദാനമായി ഈ ക്ഷുദ്രകൃതികള്‍ ഉപയോഗിച്ചുതുടങ്ങി.
Comments