മലബാര്‍ സമരം നൂറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍
ഇന്ത്യന്‍ സ്വാതന്ത്ര്യപ്പോരാട്ടത്തിലെ ഒരു സുപ്രധാന അധ്യായമായ മലബാര്‍ സമരത്തിന് ഒരു നൂറ്റാണ്ട് തികയുന്ന ഈ സന്ദര്‍ഭത്തില്‍, ജീവന്‍ ബലി നല്‍കിയും അന്യദേശത്തേക്ക് നാട് കടത്തപ്പെട്ടും വലിയ ത്യാഗങ്ങള്‍ക്ക് തയാറായ ആ പോരാളികളെ യഥോചിതം ആദരിക്കുകയെങ്കിലും ചെയ്യുക എന്നത് ഏതൊരു ഭരണകൂടവും അനുവര്‍ത്തിക്കേണ്ട സാമാന്യ മര്യാദയാണ്. പക്ഷേ കേന്ദ്ര ഭരണകൂടവും അതിനെ നയിക്കുന്ന സംഘ് പരിവാറും പോരാട്ടത്തില്‍ പങ്കെടുത്ത വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ ഉള്‍പ്പെടെ 387 സമരപോരാളികളെ രക്തസാക്ഷികളുടെ പട്ടികയില്‍നിന്നു തന്നെ വെട്ടിമാറ്റാനുള്ള കുത്സിത ശ്രമത്തിലാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക് റിസര്‍ച്ച് (ഐ.സി.എച്ച്.ആര്‍) പുറത്തിറക്കുന്ന നിഘണ്ടുവിന്റെ അഞ്ചാം വാള്യത്തില്‍നിന്നാണ് അവരുടെ പേരുകള്‍ നീക്കം ചെയ്യുക. ഇതിനുള്ള ശ്രമങ്ങള്‍ നേരത്തേ തുടങ്ങിയിരുന്നുവെങ്കിലും പോരാട്ടത്തിന് നൂറ് വര്‍ഷം തികയുന്ന ഈ വേളയില്‍ അതു സംബന്ധമായ അണിയറ നീക്കങ്ങള്‍ വളരെ തകൃതിയാണ്. ആര്‍.എസ്.എസിന്റെ നിയന്ത്രണത്തിലുള്ള ഭാരതീയ വിചാര കേന്ദ്രത്തിന്റെ ഉപാധ്യക്ഷനായിരിക്കെ ഐ.സി.എച്ച്.ആറിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സി.ഐ ഐസക്കിനെ മുന്നില്‍ നിര്‍ത്തിയാണ് ചരടുവലികള്‍. ഐസക്ക് ഉള്‍പ്പെടുന്ന ഒരു മൂന്നംഗ സമിതിയെയും തട്ടിക്കൂട്ടിയിട്ടുണ്ട്. ആര്‍.എസ്.എസ് എഴുതിക്കൊടുത്തതൊക്കെ 'റിപ്പോര്‍ട്ട്' ആയും ഈ സമിതി ചരിത്ര കൗണ്‍സിലിന് സമര്‍പ്പിച്ചിട്ടുണ്ട്. അത്യന്തം ചരിത്രവിരുദ്ധവും ജുഗുപ്‌സാവഹവും പരിഹാസ്യവുമാണ് സമിതിയുടെ 'കണ്ടെത്തലുകള്‍.'
1921-ലെ മലബാര്‍ സമരത്തെക്കുറിച്ച ബ്രിട്ടീഷ് കൊളോണിയല്‍ ആഖ്യാനം ഇവിടെ നിലവിലുണ്ട്. അതെന്തായിരിക്കുമെന്ന് ബ്രിട്ടീഷുകാര്‍ പടച്ചുണ്ടാക്കിയ രേഖകള്‍ പരിശോധിക്കാതെ തന്നെ നമുക്ക് പറയാന്‍ പറ്റും. കൊളോണിയല്‍ ശക്തികളെ സംബന്ധിച്ചേടത്തോളം, അവര്‍ക്കെതിരെ ഉയരുന്ന തദ്ദേശീയരുടെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളെല്ലാം ദേശദ്രോഹമല്ലാതെ മറ്റൊന്നുമല്ല. ഗാന്ധിജി വരെ അറസ്റ്റ് ചെയ്യപ്പെടുന്നത് ദേശദ്രോഹക്കുറ്റം ആരോപിക്കപ്പെട്ടാണല്ലോ. അത്തരം പ്രക്ഷോഭങ്ങളെ ഇകഴ്ത്താനും താറടിക്കാനും വേണ്ടതെല്ലാം അവര്‍ ചെയ്യും. ആ ചെറുത്തുനില്‍പ്പിനെ ഭീകര പ്രവര്‍ത്തനവും വര്‍ഗീയ ലഹളയുമാക്കി ചിത്രീകരിക്കാനും അവര്‍ മടിക്കുകയില്ല. മലബാര്‍ സമരത്തിന്റെ കാര്യത്തിലും സംഭവിച്ചത് അതാണ്. ഇന്ത്യയില്‍ മറ്റു ഭാഗങ്ങളിലുണ്ടായ സ്വാതന്ത്ര്യ പോരാട്ടങ്ങളെക്കുറിച്ചും, ഗാന്ധിജി നയിച്ച സമരങ്ങളെക്കുറിച്ച് വരെ ഇത്തരം കൊളോണിയല്‍ ആഖ്യാനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവയെ മറികടക്കുന്ന ദേശീയ ആഖ്യാനങ്ങള്‍ ഉണ്ടായി. മലബാര്‍ പ്രക്ഷോഭത്തിന്റെ കാര്യത്തില്‍ അത്തരമൊരു ദേശീയ ആഖ്യാനം ഉണ്ടായില്ലെന്ന് മാത്രമല്ല, കൊളോണിയല്‍ ആഖ്യാനവുമായി സമരസപ്പെടുന്ന ഒന്നായി അത് മാറുകയും ചെയ്തു. കെ. മാധവന്‍ നായര്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ കോണ്‍ഗ്രസിന്റെ അന്നത്തെ സമുന്നത നേതാക്കളില്‍ പലരും തെളിവൊന്നുമില്ലാതെ കൊളോണിയല്‍ ആഖ്യാനം ഏറ്റുപിടിക്കുകയാണ് ചെയ്തത്. ഗാന്ധിജിയെയും ഇത് സ്വാധീനിച്ചു. അതേസമയം എന്താണ് സംഭവിച്ചത് എന്ന് എം.പി നാരായണ മേനോന്‍, ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് തുടങ്ങിയ പ്രമുഖര്‍ വിശദമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണച്ചതുകൊണ്ട് വ്യാജചരിത്രം ചരിത്രമാവുകയില്ലല്ലോ. സംഘ് പരിവാറിന്റെ പിടിവള്ളിയും ഇതാണ്. പക്ഷേ മുമ്പത്തെ സ്ഥിതിയല്ല ഇന്ന്. ചരിത്രത്തിന്റെ വെള്ളി വെളിച്ചത്തില്‍ തന്നെയാണ് ഇന്ന് മലബാര്‍ സമരം നില്‍ക്കുന്നത്. എന്തൊക്കെ പരിമിതികളുണ്ടെങ്കിലും ഇടതുപക്ഷ ചരിത്രകാരന്മാര്‍ ഏറക്കുറെ നിഷ്പക്ഷമായിത്തന്നെയാണ് ഈ സമരത്തെ വിലയിരുത്തിയത്. പുതുതലമുറയിലെ ചരിത്രകാരന്മാര്‍ പലവിധ ഉപാദാനങ്ങള്‍ മുന്‍നിര്‍ത്തി അതിനെ സമഗ്രമായി വായിച്ചിട്ടുണ്ട്.
അതിനാല്‍ അധികാരത്തിന്റെ തിണ്ണബലത്തില്‍ കൊളോണിയല്‍ നുണകളെ പുനരാനയിക്കാനുള്ള സംഘ് പരിവാര്‍ നീക്കങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ല. മലബാര്‍ രക്തസാക്ഷികളുടെ പേരുകള്‍ ഔദ്യോഗിക രേഖകളില്‍നിന്ന് അവര്‍ വെട്ടിമാറ്റിയെന്നിരിക്കും. അതുകൊണ്ടാന്നും ചരിത്രം തിരുത്തപ്പെടുകയോ മായ്ക്കപ്പെടുകയോ ചെയ്യില്ല. സംഘ് പരിവാര്‍ ഭരണകാലത്തെ ഔദ്യോഗിക രേഖകള്‍ ഭാവിയിലെ നിഷ്പക്ഷ ചരിത്രകാരന്മാര്‍ അവലംബിക്കാനും പോകുന്നില്ല. എങ്കിലും ഒരു ജനാധിപത്യ രാഷ്ട്രത്തിലെ ഭരണകൂടം ഈ വിധം ചരിത്ര വസ്തുതകളെ വെട്ടിമാറ്റുമ്പോള്‍ നമുക്ക് മൗനികളായിരിക്കാന്‍ കഴിയില്ല. വസ്തുതകളെ വസ്തുതകളായി തന്നെ അവതരിപ്പിക്കണം. പാളിച്ചകളും വ്യതിയാനങ്ങളും ഉണ്ടായിട്ടുണ്ടെങ്കില്‍ അതും തുറന്നെഴുതണം. ന്യായീകരിക്കേണ്ട കാര്യമില്ല. അത്തരം പാളിച്ചകളില്‍നിന്ന് പാഠമുള്‍ക്കൊണ്ടാണ് കേരളത്തിലെ മുസ്‌ലിം സമുദായം കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ തങ്ങളുടെ ഭാഗധേയം രൂപപ്പെടുത്തിയത് എന്ന നിരീക്ഷണവും പ്രസക്തമാണ്. ഇതൊരു സമുദായത്തിന്റെ പ്രശ്‌നമായി ചുരുക്കിക്കാണരുത്. തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത സംഭവങ്ങളെയും വ്യക്തികളെയും മാത്രമല്ല, തങ്ങളുടെ ശ്രേണീബദ്ധമായ ജാതിഘടനക്ക് കനത്ത വെല്ലുവിളികള്‍ ഉയര്‍ത്തിയ ആശയധാരകള്‍ പ്രാമുഖ്യം നേടിയ ചരിത്രഘട്ടങ്ങളെ വരെ ഫാഷിസ്റ്റ് ശക്തികള്‍ വെട്ടിമാറ്റും; അല്ലെങ്കില്‍ ദുര്‍വ്യാഖ്യാനം ചെയ്യും.
തങ്ങളുടെ കുത്സിത നീക്കങ്ങള്‍ക്ക് മണ്ണൊരുക്കാനായി പുസ്തക പരമ്പരകള്‍ തന്നെ കേരളത്തില്‍ സംഘ് പരിവാര്‍ പടച്ചുവിടുന്നുണ്ട്. അവയുടെ പൊള്ളത്തരം തുറന്നുകാട്ടാനും നിഷ്പക്ഷ ചരിത്രകാരന്മാര്‍ രംഗത്തു വരണം. ഈ ലക്കം പ്രബോധനം അത്തരം പഠനങ്ങളാല്‍ സമ്പന്നമാണ്. ഇനിയുള്ള ലക്കങ്ങളിലും മലബാര്‍ സമരസംബന്ധിയായ പഠന ലേഖനങ്ങള്‍ ഉള്‍ക്കൊള്ളിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്.
Comments