Prabodhanm Weekly

Pages

Search

2021 സെപ്റ്റംബര്‍ 03

3216

1443 മുഹര്‍റം 25

'താലിബാനി'യും ഇടത് ലിബറല്‍ ബോധനിര്‍മിതികളും

സുഫീറ എരമംഗലം 

ആഗോളതലത്തില്‍തന്നെ സ്ത്രീശാക്തീകരണവും സ്വയംനിര്‍ണയാവകാശവും വ്യക്തിസ്വാതന്ത്ര്യവുമൊക്കെ വിപ്ലവകരമായ രീതിയില്‍ പൊതുദൃശ്യത ആര്‍ജിച്ചുകൊണ്ടിരുന്ന കാലത്താണ് താലിബാന്‍ അഫ്ഗാനില്‍നിന്ന് പുറത്താക്കപ്പെടുന്നതും ഇരുപത് വര്‍ഷത്തിനു ശേഷം തിരിച്ചെത്തുന്നതും. സ്ത്രീസ്വാതന്ത്ര്യത്തിന്റെയും അടിച്ചമര്‍ത്തലുകളുടെയും മാനദണ്ഡമായി താലിബാന്‍ ക്രൂരതകള്‍ അടയാളപ്പെട്ടു. മലാല യൂസുഫ് സായി എന്ന പെണ്‍കുട്ടി ശാക്തീകരിക്കപ്പെട്ട,  അതിജീവനത്തിന്റെ സ്ത്രീമുഖമായി. എന്നാല്‍ സ്ത്രീസ്വാതന്ത്ര്യത്തോടും സ്വയംനിര്‍ണയാവകാശത്തോടും അഭിമുഖപ്പെടാതെ മുന്നോട്ടുപോകാന്‍ രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷമുള്ള താലിബാന് എളുപ്പമല്ല എന്നാണ് അവരുടെതന്നെ വാക്കുകള്‍ തെളിയിക്കുന്നത്.  
ഭരണ പങ്കാളിത്തത്തിലേക്ക് സ്ത്രീകള്‍ക്കുള്ള ക്ഷണവും സ്ത്രീശാക്തീകരണ വര്‍ത്തമാനങ്ങളും അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അത്യന്തം ഇസ്‌ലാമോഫോബിക്കായ ഒരു ലോകപശ്ചാത്തലത്തില്‍ അതിന് ആക്കംകൂട്ടുന്ന ഫോബിയകളെ പടച്ചുവിടാന്‍ കണ്ണുനട്ടിരിക്കുന്ന സംഘ് പരിവാര്‍ വംശീയതക്ക് വളമിട്ടുകൊടുക്കാന്‍ താലിബാന്‍ എന്ന ആയുധം കൂടി കിട്ടിയ സന്തോഷമാണ് നമ്മുടെ നാട്ടിലെ ചിലര്‍ക്ക്. ഭീകരവാദി, തീവ്രവാദി തുടങ്ങിയ ആക്ഷേപ പദാവലികളിലേക്ക് താലിബാനിയും വന്നുചേര്‍ന്നിരിക്കുന്നു. മാവോവാദി എന്ന് എല്ലാ കമ്യൂണിസ്റ്റുകളെയും വിളിക്കുന്നത്ര തന്നെ ബാലിശമാണ് താലിബാനി എന്ന് ഒരു സമുദായത്തെ മൊത്തമായി താറടിക്കുന്നത്. സംഘി എന്ന് മുഴുവന്‍ ഹിന്ദുമതവിശ്വാസികളും വിളിക്കപ്പെട്ടാലുള്ള മതവികാര വ്രണപ്പെടല്‍തന്നെയാണ്  മുസ്‌ലിമും അനുഭവിക്കുന്നത്. അമേരിക്കയും റഷ്യയും അഫ്ഗാനില്‍ അധിനിവേശം നടത്തി ഗോത്രമാത്സര്യങ്ങള്‍ക്ക് ആക്കംകൂട്ടിയതിനെയും അവര്‍ നടത്തിയ കൂട്ടക്കുരുതികളെയും വിശകലനം ചെയ്ത് താലിബാന്റെ അതിക്രമങ്ങളെ അവയുമായി താരതമ്യം ചെയ്യുന്നതു പോലും താലിബാനി ടാഗിംഗിന് കാരണമാകുന്ന പശ്ചാത്തലമാണുള്ളത്.  ദേശീയത സാക്ഷ്യപ്പെടുത്തണമെങ്കില്‍ താലിബാന്‍ വിമര്‍ശനം നടത്തേണ്ടത് ബാധ്യതയാകുന്ന ഒരു സാഹചര്യം കേരളത്തെ വീര്‍പ്പുമുട്ടിക്കുന്നതാണ്.
ഗോത്ര യാഥാസ്ഥിതികതയുടെ ഭൂതദുരന്തങ്ങളെ വര്‍ത്തമാന മുന്‍വിധികളാക്കിയാണ് ഇസ്‌ലാമോഫോബിയയുടെ താലിബാനിക് വേര്‍ഷന്‍ ചുട്ടെടുക്കുന്നത്. വ്യക്തിസ്വാതന്ത്ര്യവും ജനാധിപത്യ നീതികളുമാണ് വിഷയമെങ്കില്‍ അത് മതനിരപേക്ഷമായി വകവെച്ചുകൊടുക്കേണ്ടതായ പ്രാപഞ്ചിക മൂല്യങ്ങളാണ്.
വംശീയ ഫാഷിസത്തെ വെള്ളപൂശുന്ന മനോഭാവങ്ങള്‍ നിര്‍മിച്ചെടുക്കുന്ന അപഥ സഞ്ചാരങ്ങളുടെ കപടമുഖങ്ങള്‍ തുറന്നുകാട്ടുന്നതുപോലും ഭീകരതയും താലിബാനിസവുമായി ചിത്രീകരിക്കപ്പെടുകയാണ്.
ട്രോളുകളെ പോലും അസഹിഷ്ണുതാപരമായി അപനിര്‍മിക്കുകയും ട്രോള്‍ പോസ്റ്റിട്ട മുസ്‌ലിം രാഷ്ട്രീയ പ്രവര്‍ത്തകയെ വിഷംചീറ്റുന്നവളാക്കി ചിത്രീകരിച്ച് വെര്‍ബല്‍ അറ്റാക്ക് നടത്തുകയും ചെയ്യുന്ന സൈബര്‍ ആക്ടിവിസമാണ് പുതിയ ഇടതു യുവത്വത്തിന്റെ ധൈഷണിക മൂലധനമെന്നത്  കമ്യൂണിസ്റ്റ് ദര്‍ശനത്തിന്റെ അപചയത്തെയും കാലഹരണപ്പെടലിനെയും വെളിപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്.  ആര്‍.എസ്.എസിനോട് സമരസപ്പെടുന്നതിനെ സമര വീര്യമാക്കുന്നവര്‍ സംഘ് പരിവാര്‍ വംശീയതക്ക് അപകടകരമായ സാംസ്‌കാരിക പശ്ചാത്തലം ഒരുക്കുകയാണ്. സൈബര്‍ ഉപരിപ്ലവതകള്‍ വിധിപറയുന്ന, ജനാധിപത്യ ബോധങ്ങളും മൗലിക മനുഷ്യാവകാശങ്ങളും ഫാഷിസ്റ്റ്‌വല്‍ക്കരിക്കപ്പെടുന്ന പോസ്റ്റ് ട്രൂത്ത് കാലത്തിലാണ് നാമുള്ളത്. 
ബലാത്സംഗം ചെയ്യപ്പെടേണ്ടവരായി മുസ്‌ലിം സ്ത്രീകളെ അവതരിപ്പിച്ച് വില്‍പനക്കുവെച്ച സുള്ളി ഡീല്‍സ് ആപ്പ് വിഷയത്തില്‍ മനപ്പൂര്‍വം മൗനം അവലംബിച്ചവരാണ് ശിരോവസ്ത്ര സ്വാതന്ത്ര്യത്തെ റദ്ദ് ചെയ്യാനായി ചാടിപ്പുറപ്പെടുന്നത്. ദലിത്‌വിരുദ്ധവും സ്ത്രീവിരുദ്ധവും ന്യൂനപക്ഷവിരുദ്ധവുമായ സംഘ് പരിവാര്‍ ഫാഷിസത്തെയും ഹിജാബണിഞ്ഞ വനിതയെയും ഒരേ നിറത്തില്‍ കാണുന്നിടത്തോളം സത്യാനന്തരമാണിന്ന് ഇടതു ലിബറല്‍ ബോധനിര്‍മിതികള്‍. ബലാത്സംഗക്കൊലകളെ ആത്യന്തിക സ്ത്രീവിരുദ്ധ ഫാഷിസത്തിന് മുതല്‍ക്കൂട്ടാക്കി മാറ്റുന്ന, ദലിത്-മുസ്‌ലിം വംശീയ ഉന്മൂലന യത്‌നങ്ങളെ അപ്പാടെ തമസ്‌കരിക്കുന്ന ഇത്തരം ധൈഷണിക അട്ടിമറികളെയാണ് ഭീതിജനകമായി കാണേണ്ടത്.  ഫാഷിസ്റ്റ്‌വിരുദ്ധത എന്നത് പുതിയ നിര്‍വചനങ്ങളിലൂടെ കടഞ്ഞെടുക്കേണ്ടതായ രാഷ്ട്രീയ വീണ്ടെടുപ്പായി മാറിയ കാലസന്ധിയിലാണ് നാമുള്ളത്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ (04-06)
ടി.കെ ഉബൈദ്‌

ഹദീസ്‌

കുടുംബ ബന്ധം വിഛേദിക്കല്‍ അതീവ ഗുരുതരം
സഈദ് ഉമരി, മുത്തനൂര്‍