ദിനാരംഭം സന്ധ്യയോടെയോ?
പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടിയുടെ 'ഹിജ്റ നല്‍കുന്ന തിരിച്ചറിവുകള്‍' എന്ന ലേഖനമാണ് (പ്രബോധനം 2021 ആഗസ്റ്റ് 13) ഈ കുറിപ്പിന് ആധാരം. ലേഖനത്തില്‍ പറയുന്നു: ''ചന്ദ്രപ്പിറവിയെ ആസ്പദിച്ച് തീയതി നിര്‍ണയിക്കുന്ന ഹിജ്റാബ്ദ കലണ്ടറില്‍ സന്ധ്യയോടെയാണ് ദിവസം ആരംഭിക്കുന്നത്. ഖുര്‍ആനില്‍ ലൈല്‍, നഹാര്‍ (രാവ്, പകല്‍) എന്ന ക്രമത്തിലാണല്ലോ പ്രയോഗിച്ചിരിക്കുന്നത്. ഒരിടത്തു പോലും പകലും രാവും എന്ന പ്രയോഗമില്ല (മലയാളത്തില്‍ രാവും പകലുമെന്നോ രാപ്പകല്‍ എന്നോ ആണല്ലോ സാധാരണ പ്രയോഗം). ജൂതന്മാരുടെ കലണ്ടറിലും ദിനാരംഭം സന്ധ്യയോടെയാണ്.''
ലേഖനത്തില്‍ പറയുന്നതുപോലെയാണ് മുസ്‌ലിം ഭൂരിപക്ഷവും വിശ്വസിക്കുന്നത് എന്നത് യാഥാര്‍ഥ്യമാണ്. പക്ഷേ, അതിന് എന്തെങ്കിലും പ്രമാണപരമായ തെളിവുകള്‍ ഉണ്ടോ? കേവലം നാട്ടുനടപ്പ് എന്നതില്‍ കൂടുതല്‍ വല്ല പിന്‍ബലവും അതിനുണ്ടോ?
- ഒരു ദിവസത്തെ അവസാന നമസ്‌കാരം വിത്വ്ര്‍ ആണ്. അത് എപ്പോഴാണ്? രാത്രിയുടെ അന്ത്യയാമത്തില്‍!
- മധ്യ നമസ്‌കാരം എന്ന് ഖുര്‍ആന്‍ പറഞ്ഞത്, അസ്വ്ര്‍ ആണ്. ദിവസം രാത്രിയാണ് തുടങ്ങുന്നതെങ്കില്‍ ഇത് എങ്ങനെ ശരിയാകും?
- ഹജ്ജില്‍ മിനായില്‍ രാപ്പാര്‍ക്കുന്നത് ദുല്‍ഹിജ്ജ എട്ടിനാണ്. പിറ്റേന്ന് (ഒമ്പതാം തീയതി) അറഫിയിലേക്ക് പോകുന്നു. രാത്രി ദിവസം തുടങ്ങിയാല്‍ ദുല്‍ഹിജ്ജ 8 വെറും 12 മണിക്കൂര്‍ മാത്രമാകില്ലേ? ഇതുപോലെ തന്നെയാകും മുസ്ദലിഫയുടെ കാര്യവും. അത് ഒമ്പതാം തീയതിയാണല്ലോ!
- നബി (സ) ഇഅ്തികാഫ് തുടങ്ങിയത് ഫജ്‌റിനു ശേഷമാണെന്ന് ഹദീസുകളില്‍ കാണുന്നു. അപ്പോള്‍ അതല്ലേ ദിവസത്തിന്റെ തുടക്കം?
- നമ്മുടെ ഏറ്റവും വലിയ തെളിവ് ഖുര്‍ആനാണ്. സൂറഃ യാസീനില്‍ 37-40 നോക്കുക. അതില്‍ 40-ാം ആയത്തില്‍ പറയുന്നു: ''രാത്രിക്ക് പകലിനെ കവച്ചു കടക്കാനാവുകയുമില്ല.'' മുമ്പേ ഉള്ളതിനെയല്ലേ കവച്ചു കടക്കുക? പിന്നില്‍ വരുന്നതിനെ പറ്റി അങ്ങനെ പറയില്ലല്ലോ!
ലേഖനത്തില്‍ പറഞ്ഞ ഭാഷാപ്രയോഗങ്ങള്‍ തെളിവാക്കുന്നത് ശരിയല്ല എന്നാണ് പറഞ്ഞു വരുന്നത്. മലയാളത്തില്‍ 'ദിനരാത്രങ്ങള്‍' എന്നു പറയാറില്ലേ? അപ്പോള്‍ ഏതാണ് ആദ്യം? ഇംഗ്ലീഷില്‍ Day Night എന്നല്ലാതെ തിരിച്ചു പ്രയോഗം ഇല്ല തന്നെ. ഭാഷാ ശൈലികള്‍ രൂപപ്പെടുന്നത് ഉച്ചാരണ സൗകര്യവും പ്രാസഭംഗിയുമൊക്കെ നോക്കിയാണ്. കാര്യങ്ങളുടെ ക്രമം അങ്ങനെത്തന്നെ എന്ന് ഉറപ്പിച്ചു പറയാന്‍ അത് മതിയാവുകയില്ല. മാതാപിതാക്കള്‍ എന്നതുപോലെ അഛനമ്മമാര്‍ എന്നും പറയാമല്ലോ.
ഖുര്‍ആനില്‍ ലൈല്‍, നഹാര്‍ എന്ന ക്രമത്തില്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എന്നത് മുഴുവന്‍ ശരിയാണെന്ന് പറയാനാവില്ല. ബുക്റത്തന്‍ വ അശിയ്യ (19:11, 19:62), ബുക്റത്തന്‍ വ അസ്വീല (25:5, 3342, 48:9, 76:25) എന്നീ പ്രയോഗങ്ങള്‍ നേരെ തിരിച്ചുള്ള ക്രമത്തിലല്ലേ?
'ജൂതന്മാരുടെ കലണ്ടറിലും ദിനാരംഭം സന്ധ്യയോടെയാണ്' എന്നും ലേഖനത്തില്‍ പറയുന്നുണ്ട്. ജൂതന്മാര്‍ക്ക് അങ്ങനെയായതുകൊണ്ട് നമുക്കും അങ്ങനെ ആകണമെന്നുണ്ടോ? 'ആരെല്ലാം മറ്റുള്ളവരില്‍നിന്ന് ആചാരങ്ങള്‍ പകര്‍ത്തുന്നുവോ അവര്‍ അവരില്‍പെട്ടവവരാണ്' (തിര്‍മിദി, ഹദീസ് നമ്പര്‍ 4649) എന്നും നബി (സ) പറഞ്ഞിട്ടില്ലേ?
ഇസ്‌ലാമിനെ കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കുന്ന ഒരു സാധാരണക്കാരന്റെ ചിന്തകളും നിഗമനങ്ങളുമാണിത്. കൂടുതല്‍ അറിയുന്നവര്‍ തെളിവിന്റെ അടിസ്ഥാനത്തില്‍ (നാട്ടുനടപ്പോ കേട്ടുകേള്‍വിയോ അല്ല) ചര്‍ച്ച ചെയ്ത് തെറ്റും ശരിയും വേര്‍തിരിച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു.
കണ്ണീര്‍ സ്മൃതി
വി.ടി സൂപ്പി, നിടുവാല്‍
304 പേജുകളില്‍ 150-ഓളം പേരുടെ രചനകളുമായി പ്രബോധനം പ്രസിദ്ധീകരിച്ച 'പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ അക്ഷരസ്മൃതി' പ്രബോധനം വിശേഷാല്‍ പതിപ്പുകളുടെ ചരിത്രത്തില്‍ വേറിട്ടുനില്‍ക്കുന്നു. കണ്ണു നനയാതെ ഒരു പേജ് പോലും വായിച്ചു തീര്‍ക്കാന്‍ കഴിയാത്ത വിധം മനസ്സില്‍ തറക്കുന്നതാണ് ഓരോ കുറിപ്പും. ആര്‍ക്കാണ് സിദ്ദീഖ് ഹസന്‍ സാഹിബില്‍ മാതൃകയില്ലാത്തത്? താന്‍ തുടങ്ങിവെച്ച ഒരു സംരംഭവും തനിക്കു ശേഷം വാടുകയോ കൊഴിയുകയോ ചെയ്യാത്ത വിധം യോഗ്യരായവരുടെ കൈകളിലേല്‍പിച്ചാണ് അദ്ദേഹം വിടവാങ്ങിയത്. 'അക്ഷരസ്മൃതി'യുടെ വേറൊരു പ്രത്യേകത, നമ്മുടെ ശ്രദ്ധയില്‍ പെടാതെ പോകുമായിരുന്ന അനേകം വ്യക്തിത്വങ്ങളെയും അവരുടെ വ്യതിരിക്തമായ പ്രവര്‍ത്തനങ്ങളെയും നമ്മുടെ മുന്നില്‍ കൊണ്ടുവന്നു എന്നത് കൂടിയാണ്. സിദ്ദീഖ് ഹസന്‍ സാഹിബിന്റെ പരിശ്രമങ്ങള്‍ക്ക് തുടര്‍ച്ച നഷ്ടപ്പെടുകയില്ല എന്ന് അത് നമ്മെ ബോധ്യപ്പെടുത്തുന്നു.
Comments