Prabodhanm Weekly

Pages

Search

2021 ജൂണ്‍ 04

3204

1442 ശവ്വാല്‍ 23

ആഗോളവല്‍ക്കരണകാലത്തെ ഖുര്‍ആന്റെ ധാര്‍മിക  സമീപനങ്ങള്‍-2

ഖാലിദ് അബൂഫദ്ല്‍

ഖുര്‍ആന്‍ ചില മൂല്യങ്ങളെ സര്‍വകാലത്തേക്കും സര്‍വദേശത്തേക്കും യോജിക്കുന്നതായി പ്രഖ്യാപിക്കുന്നുണ്ട്. ഉദാഹരണത്തിന് സൂറത്തുത്തൗബ 108-ാം സൂക്തത്തില്‍ പറയുന്നു: 'ലോകര്‍ക്ക് അനീതിയുണ്ടാകാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല.' ഇത് എല്ലാറ്റിനെയും ഉള്‍ക്കൊള്ളിച്ചാണ് പറഞ്ഞിരിക്കുന്നത്. ഇതേ ആശയം മറ്റു സ്ഥലങ്ങളില്‍ കൂടുതല്‍ വ്യക്തതയോടെ വിവരിച്ചിട്ടുണ്ട്. സുറത്തുന്നിസാഅ് 135-ാം സൂക്തം കാണുക: 'വിശ്വസിച്ചവരേ, നിങ്ങള്‍ നീതി നടത്തി അല്ലാഹുവിനു വേണ്ടി സാക്ഷ്യം വഹിക്കുന്നവരാവുക. അത് നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ എതിരായിരുന്നാലും. കക്ഷി ധനികനോ ദരിദ്രനോ എന്നു നോക്കേണ്ടതില്ല. ഇരുകൂട്ടരോടും കൂടുതല്‍ അടുപ്പമുള്ളവന്‍ അല്ലാഹുവാണ്. അതിനാല്‍ നിങ്ങള്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ പേരില്‍ നീതി നടത്താതിരിക്കരുത്. വസ്തുതകള്‍ വളച്ചൊടിക്കുകയോ സത്യത്തില്‍നിന്ന് തെന്നിമാറുകയോ ചെയ്യുകയാണെങ്കില്‍ അറിയുക. തീര്‍ച്ചയായും, നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.'1 ഇത്തരം അധ്യാപനങ്ങളുടെ വെളിച്ചത്തില്‍ ഇസ്ലാം വിശ്വാസികളെ എല്ലാ കാലത്തും ദേശത്തും മനുഷ്യജീവിതത്തില്‍ പ്രസക്തമാകുന്ന മൂല്യങ്ങളാണ് പഠിപ്പിക്കുന്നതെന്നു മനസ്സിലാക്കാം. ഒരു വംശീയ-സാംസ്‌കാരിക-സാമൂഹിക വിഭാഗത്തെയും പുറംതള്ളാത്ത ഇത്തരം മൂല്യങ്ങള്‍ ഒരു ആഗോള ആദര്‍ശത്തിന് ആവശ്യമാണെന്ന് നമുക്ക് മനസ്സിലാക്കാം. ഇത് ലോകര്‍ക്കെല്ലാമുള്ള ഉദ്‌ബോധനമാണെന്ന് ഖുര്‍ആന്‍ അതിനെക്കുറിച്ച് പറയുന്നത് അതിനാലാണ് (സ്വാദ്- 88). അതുപോലെ ഖുര്‍ആന്‍ അവതരിച്ചതും മുഹമ്മദ് നബി നിയോഗിതനായതും ലോകര്‍ക്കാകമാനം കാരുണ്യവും അനുഗ്രഹവുമായാണെന്ന് ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ചില ആയത്തുകളില്‍ വിശ്വസിച്ചവരെ പ്രത്യേകം എടുത്തു പറയുന്നുമുണ്ട്. എന്നാല്‍ അവര്‍ മാത്രമല്ല, ലോകത്തെവിടെയുള്ളവരും അതില്‍ ഉള്‍പ്പെടും. (അല്‍അഅ്റാഫ്- 52, 203, അല്‍ഇസ്റാഅ്-17, അല്‍അമ്പിയാഅ്-107).
കാരുണ്യം അല്ലാഹുവിന്റെ അടിസ്ഥാന ഗുണമായി ഖുര്‍ആന്‍ എടുത്തു പറയുന്നുണ്ട് (അല്‍അന്‍ആം 54). അല്ലാഹുവിന്റെ ഈ ഗുണങ്ങള്‍ മനുഷ്യരിലുണ്ടാവുകയെന്നതും വിശ്വാസികള്‍ അത് ജീവിതരീതിയാക്കുകയെന്നതും ശരീഅത്ത് നിര്‍ബന്ധമാക്കുന്നു. ഇപ്രകാരം ദൈവികമായ ഗുണങ്ങള്‍ പരമാവധി ജീവിതത്തിന്റെ ഭാഗമാക്കുന്നതിനെയാണ് ഇഹ്സാന്‍ എന്ന് വിളിക്കുന്നത്. മറ്റുള്ളവരെ അറിയുക (തആറുഫ്), ആളുകള്‍ക്കിടയില്‍ യോജിപ്പുണ്ടാവുക (തആലുഫ്) എന്നിവ വലിയ ദൈവികാനുഗ്രഹങ്ങളായി പഠിപ്പിച്ചു. അതെല്ലാം ഇഹ്സാന്റെ പൂര്‍ണതയുടെ ഭാഗമാണ്. ആളുകള്‍ പരസ്പരമുള്ള പെരുമാറ്റത്തിലും ജീവിതത്തിലും ഒതുങ്ങുന്നതല്ല ഇതൊന്നും. ആഗോളവല്‍ക്കരണകാലത്ത് കോസ്മോപൊളിറ്റന്‍ രീതികളാണുള്ളത്. നഗരവാസികള്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലും പ്രദേശങ്ങള്‍ തമ്മിലും സമാനമായ തആറുഫും തആലുഫും ഇഹ്സാനോടെ സാക്ഷാല്‍ക്കരിക്കപ്പെടണം. അതിന് ശരീഅത്ത് വിധിയെന്നതിനപ്പുറം ശരീഅത്തിന്റെ ധാര്‍മിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്യേണ്ടത്. ഖുര്‍ആന്റെ മൂല്യവ്യവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കലാണ് ഇവിടെ അനിവാര്യമായിട്ടുള്ളത്.
ഖുര്‍ആനികാധ്യാപനങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ പരലോകത്ത് മാത്രമല്ല, ഇഹലോകത്തും ഉന്നതിയും സൗഭാഗ്യങ്ങളുമുണ്ടാകുമെന്നാണ് പഠിപ്പിക്കുന്നത്. മാത്രമല്ല ഇത്തരം മൂല്യങ്ങള്‍ ഇവിടെ നടപ്പായാല്‍ നീതി, സുരക്ഷ, സമാധാനം, നിര്‍ഭയത്വം, സാമ്പത്തിക വിജയങ്ങള്‍, വ്യാപാര വികാസം, പീഡനങ്ങള്‍ക്കും അനീതികള്‍ക്കും അറുതി എന്നിവ സാക്ഷാല്‍ക്കരിക്കപ്പെടുമെന്നും ഖുര്‍ആന്‍ പറയുന്നു. ഭൂമിയില്‍ നാശവും അക്രമവും ഇല്ലാതാക്കലാണ് വിശ്വാസിയുടെ അടിസ്ഥാന ചുമതല. അതാണ് ദൈവിക മാര്‍ഗം. ആ ദൈവിക മാര്‍ഗത്തിലേക്ക് യുക്തിഭദ്രമായി വിളിക്കണമെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു. മാത്രമല്ല, ആരാണ് നേര്‍മാര്‍ഗത്തിലെന്നും ആരാണ് വഴിതെറ്റിയതെന്നും നിങ്ങള്‍ വിധിക്കേണ്ടതില്ല. അത് അല്ലാഹുവാണ് അറിയുന്നതെന്നും ഉണര്‍ത്തുന്നു (അന്നഹ്ല്‍ 125).
ഇതുപോലെ വിപ്ലവകരമായ ധാരാളം ഖുര്‍ആനികാധ്യാപനങ്ങള്‍ കാണാനാകും. അതിനെ ശരിയായി ഉള്‍ക്കൊണ്ടാല്‍ ജ്ഞാനശാസ്ത്രപരമായ (എപിസ്റ്റമോളജിക്കല്‍) വലിയൊരു കുതിച്ചുചാട്ടം മുസ്ലിം സമൂഹത്തിന് സാധ്യമാകും. ഉദാഹരണത്തിന് അടിച്ചമര്‍ത്തപ്പെടല്‍ (ഇസ്തിള്ആഫ്) എന്നത് ഖുര്‍ആന്‍ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ്. ഒരാളും ഈ ലോകത്ത് അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് അനീതിക്കിരകളായി അടിച്ചമര്‍ത്തപ്പെടരുത് എന്നാണ് ഖുര്‍ആനികാധ്യാപനം. അത് വിശ്വാസികള്‍ ഹൃദയത്തില്‍ ഉറപ്പിക്കുന്നതോടെ തങ്ങള്‍ ദുര്‍ബലരും ന്യൂനപക്ഷവുമാണെന്ന പതിത്വചിന്ത അവരില്‍നിന്ന് പിഴുതെറിയപ്പെടും. അങ്ങനെ അവര്‍ അടിച്ചമര്‍ത്തുന്നവര്‍ക്കെതിരെ പോരാടാനുള്ള ദൈവികമായ ഊര്‍ജം  ആര്‍ജിച്ചെടുത്തവരായിത്തീരും. മാത്രമല്ല, അത്തരം അടിച്ചമര്‍ത്തലുകളില്‍ തങ്ങള്‍ ഏതെങ്കിലും വിധത്തില്‍ പങ്കാളികളാകുന്നുണ്ടോ എന്നവര്‍ ആലോചിക്കുകയും അങ്ങനെയുണ്ടെന്നു കണ്ടാല്‍ അവരതില്‍നിന്ന് പിന്തിരിയുകയും ചെയ്യും.
അടിച്ചമര്‍ത്തപ്പെടുന്നവര്‍ അതേ അവസ്ഥയില്‍ തന്നെ തുടരുകയെന്നത് അനീതിയും അക്രമവും ലോകത്ത് തുടരാന്‍ അനുവദിക്കലാണ്. അതിനാല്‍ ഇത്തരം അടിച്ചമര്‍ത്തല്‍ ശക്തികള്‍ക്കെതിരെ പോരാടല്‍ തങ്ങളുടെ ബാധ്യതയായി അവര്‍ മനസ്സിലാക്കുന്നു. അങ്ങനെയല്ലെങ്കില്‍ അവര്‍ അല്ലാഹുവിങ്കല്‍ കുറ്റക്കാരായി മാറുമെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു (അന്നിസാഅ് 97,98). ഇവിടെ പതിത്വം എന്നത് ഭൗതികമായ എന്തെങ്കിലും കുറവ് കൊണ്ട് സംഭവിക്കുന്ന കാര്യം മാത്രമല്ല. അത് മാനസികം കൂടിയാണ്. അതിനാല്‍ മാനസികാടിമത്തത്തെ ഇല്ലാതാക്കുന്ന മൂല്യങ്ങള്‍ ഉറപ്പിക്കുന്ന അധ്യാപനങ്ങള്‍ നല്‍കുന്നതിലൂടെ ഇസ്ലാമിക ശരീഅത്ത് അനീതിയോടും അക്രമത്തോടും പോരാടാനുള്ള കരുത്താണ് പകര്‍ന്നു നല്‍കുന്നത്.

ശരീഅത്തും ദൈവിക പ്രാതിനിധ്യവും 

മനുഷ്യനെ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുക എന്നതാണ് ശരീഅത്തിന്റെ ആഗ്രഹവും പ്രേരണയും. മനുഷ്യനിലെ ദൈവികമായ ഗുണങ്ങളാണ്, അല്ലെങ്കില്‍ ദൈവികമായ കാര്യങ്ങള്‍ ചെയ്യാനുള്ള അവന്റെ കഴിവാണ് ഈ ആദരവിന് കാരണം.2 മനുഷ്യനെ ഏറ്റവും സുന്ദരമായാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നതെന്ന് ഖുര്‍ആന്‍ പറയുന്നു. തന്റെ സൃഷ്ടിപ്പിലെ ഈ സൗന്ദര്യം തന്റെ മുഴു പ്രവൃത്തികളുടെയും ഭാഗമാക്കുകയെന്നത് മനുഷ്യന്റെ ബാധ്യതയാണ്. ഈ ആശയം കാല്‍പനികമായി ഇമാം ഗസ്സാലി വിവരിക്കുന്നുണ്ട്. അല്ലാഹു തന്റെ ഭാഗത്തുനിന്നുള്ള വലിയ ഉത്തരവാദിത്തം (അമാനത്ത്) ഏറ്റെടുക്കാന്‍ സര്‍വലോകത്തോടും ആവശ്യപ്പെട്ടപ്പോള്‍ മനുഷ്യനാണ് അത് ഏറ്റെടുത്തതെന്ന് ഖുര്‍ആന്‍ പറയുന്നു. തുടര്‍ന്ന് ആ ഉത്തരവാദിത്തം വലിയ പ്രയാസവും പ്രതിസന്ധിയും നിറഞ്ഞതാണ് എന്നുണര്‍ത്തുന്നുണ്ട് (അല്‍അഹ്സാബ് 72). ഈ ഉത്തരവാദിത്തം സാക്ഷാല്‍ക്കരിക്കുന്നതിലൂടെ ദൈവികമായ ചിലത്  മനുഷ്യന്‍ നേടുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഈ സൗന്ദര്യം ആവിഷ്‌കരിക്കുന്നതില്‍ അവന്‍ പരാജയപ്പെടുകയാണ്.3 ഇവിടെ ദൈവിക സൗന്ദര്യത്തെ പരിരക്ഷിക്കാനും ജീവിതത്തിലൂടെ അത് പ്രകാശിപ്പിക്കാനും മനുഷ്യന്‍ മുന്നോട്ടുവരുമ്പോള്‍ രാജകീയമായ ദൈവിക പ്രാതിനിധ്യമാണ് അവന്‍ ഏറ്റെടുക്കുന്നത്. എന്നാല്‍ അതില്‍നിന്ന് പിന്തിരിഞ്ഞ് വഴിമാറിപ്പോകുമ്പോള്‍ അവന്‍ ദൈവേതരന്മാരുടെ പ്രാതിനിധ്യം തെറ്റായി സ്വീകരിക്കുകയാണ്. അല്ലാഹു വെളിച്ചമാണ്, വെളിച്ചത്തിനു മേല്‍ വെളിച്ചമാണെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട് (അന്നൂര്‍ 35). ഈ ദൈവിക വെളിച്ചത്തെ ഉപയോഗപ്പെടുത്താതെ അന്ധകാരത്തിലേക്ക് പതിക്കുകയാണെങ്കില്‍ ദൈവിക പ്രാതിനിധ്യത്തിനു പകരം മനുഷ്യന്‍ ദൈവേതരമായ ഇരുട്ടിന്റെ പ്രതിനിധിയാവുകയാണ് ചെയ്യുന്നത്.4 
ദൈവികതയുടേതായ ഈ പ്രാതിനിധ്യത്തിന്റെ പൂര്‍ണതക്കുള്ള മാര്‍ഗമാണ് ശരീഅത്ത്.  മനുഷ്യത്വത്തിന്റെയും പ്രാതിനിധ്യത്തിന്റെയും പൂര്‍ണതയുമാണത്. അതുകൊണ്ടാണ് അല്ലാഹു ഏറ്റവും ഭംഗിയായി കാര്യങ്ങള്‍ ചെയ്യുന്നവരെ / മുഹ്സിനുകളെ ഇഷ്ടപ്പെടുന്നു എന്ന് ഖുര്‍ആന്‍  എടുത്തു പറയുന്നത് (അല്‍ബഖറ 195, ആലുഇംറാന്‍ 134).
നന്മയും സത്യവും അല്ലാഹുവിന്റെ ഗുണവിശേഷങ്ങളില്‍ ഉള്‍പ്പെട്ടതാണ്. അവന്റെ പ്രതിനിധികളെന്ന നിലയില്‍ അത്തരം ഗുണവിശേഷങ്ങളെ തങ്ങളുടെ ജീവിതഗുണമാക്കി മാറ്റുകയെന്നതാണ് പ്രാതിനിധ്യത്തിന്റെ താല്‍പര്യം. ഉദാഹരണത്തിന് ഒരു വിശ്വാസിക്കറിയാം; കാരുണ്യം, ദയ, നീതി, വിട്ടുവീഴ്ച എന്നിവയെല്ലാം അല്ലാഹുവിന്റെ ഗുണവിശേഷങ്ങളാണെന്ന്. ജീവിതത്തിന്റെ എല്ലാ സന്ദര്‍ഭങ്ങളിലും ഈ ഗുണങ്ങളെ കൃത്യമായി പ്രതിനിധീകരിക്കാനാകണം ഓരോ വിശ്വാസിയുടെയും ശ്രമം. ഇതാണ് ശരീഅത്ത് ലക്ഷ്യം വെക്കുന്നത്. അപ്പോള്‍ ശരീഅത്ത് കൃത്യമായി പാലിച്ചാല്‍ വിശ്വാസിയുടെ ധാര്‍മിക മൂല്യം വര്‍ധിക്കുക മാത്രമല്ല, ദൈവികമായ സൗന്ദര്യത്തിലേക്ക് ഉയര്‍ന്നുവരാനും അവന് സാധിക്കും. ശരീഅത്തിനെ പ്രകൃതിപരമായ മൂല്യമായി മനസ്സിലാക്കുകയും അതിനെ ജീവിതത്തില്‍ മാര്‍ഗദര്‍ശിയായി അംഗീകരിക്കുകയും ഇസ്ലാമിക പാരമ്പര്യത്തിന്റെ പ്രയോഗമായി അതിനെ ഉള്‍ക്കൊള്ളുകയും ചെയ്താല്‍ മനുഷ്യത്വത്തിന്റെ എല്ലാ പൂര്‍ണതയിലേക്കും വിശ്വാസിക്ക് എത്താനാകും.5
മുസ്ലിംകള്‍ ദൈവികാധ്യാപനങ്ങളെ പിന്‍പറ്റുന്നത് അതിലൂടെ അവര്‍ക്ക് ദൈവത്തിന്റെ അനുഗ്രഹങ്ങളും പ്രതിഫലവും ലഭിക്കുമെന്നതിനാലും ദൈവികവിധികള്‍ക്ക് കീഴടങ്ങുന്നതില്‍ അഭിമാനിക്കുന്നവരാണവര്‍ എന്നതിനാലുമാണ്. എന്നാല്‍ ഇതില്‍ മാത്രം ഒതുങ്ങാതെ മനുഷ്യരാശിയുടെ നന്മയെന്ന ശരീഅത്തിന്റെ താല്‍പര്യംകൂടി പരിഗണിക്കാന്‍ അവര്‍ക്കാവണം. ഖുര്‍ആനികാധ്യാപനങ്ങളും ശരീഅത്ത് മുന്നോട്ടുവെക്കുന്ന മൂല്യങ്ങളും പരിഗണിക്കുന്നതിലൂടെ മാത്രമേ ഇത് സാധ്യമാകൂ.
ധാര്‍മികതയും പ്രകൃതി മൂല്യങ്ങളും ശരീഅത്തിന്റെ പ്രധാന ഉള്ളടക്കവും താല്‍പര്യവുമാണ്. നന്മ, സൗന്ദര്യം, ഉപകാരം തുടങ്ങിയ ഇത്തരം മൂല്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഖുര്‍ആന്‍ ഊന്നി സംസാരിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ ജ്ഞാനശാസ്ത്രപരമായി ഇത്തരം സ്വാധീനങ്ങള്‍ തീര്‍ച്ചയായും ഇസ്ലാമിക നിയമവ്യവസ്ഥയില്‍ ഉണ്ടാവണം. അതില്ലാതെ വെറും വിധിവിലക്കുകളായും ശിക്ഷകളായും മാത്രം ഇസ്ലാമിക നിയമവ്യവസ്ഥയെ പരിചയപ്പെടുത്തിയാല്‍ ശരീഅത്തെന്നാല്‍ തലവെട്ടലും കൈവെട്ടലുമാണെന്ന തെറ്റായ ധാരണ ആളുകള്‍ക്കുണ്ടാകും. ശരീഅത്തിനെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് വിശ്വാസികളുടെ ശരീഅത്ത് സങ്കല്‍പനത്തിലുള്ള പരിമിതി വളമാവുകയും ചെയ്യും. അതിനാല്‍ ഓരോ വിധിവിലക്കിനും പിന്നിലുള്ള സ്വഭാവമൂല്യത്തിന്റെ (അഖ്ലാഖ്) ആശയം പ്രകാശിപ്പിക്കുന്ന തരത്തിലാകണം ശരീഅത്തിനെയും ഇസ്ലാമിക നിയമവ്യവസ്ഥയെയും പരിചയപ്പെടുത്തുന്നതും പ്രതിനിധാനം ചെയ്യുന്നതും. നമ്മുടെ ഖുര്‍ആനിക വായനകളിലും പഠനങ്ങളിലും ഈ മേഖലക്കുകൂടി വലിയ പ്രാധാന്യം നല്‍കണം.

കുറിപ്പുകള്‍:
1. സൂറത്തുല്‍ മാഇദ 8-ാം ആയത്തില്‍ പറയുന്നു: 'വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നേരാംവിധം നിലകൊള്ളുന്നവരാവുക. നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും. ഒരു ജനതയോടുള്ള വിരോധം നീതി നടത്താതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുക. അതാണ് ധര്‍മപാലനത്തോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്നത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഉറപ്പായും അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ്.' സൂറത്തുല്‍ അബസയുടെ തുടക്കത്തില്‍ പറയുന്ന സംഭവത്തിന്റെയും ഉള്ളടക്കത്തിന് ഇതുമായി ബന്ധമുണ്ട്. അന്ധനും സാധാരണക്കാരനുമായ അനുയായിയെ (അത് ഇബ്നു ഉമ്മിമക്തൂം ആണെന്ന് പറയപ്പെടുന്നു) പരിഗണിക്കാതെ മക്കയിലെ ഉന്നതരായ ചിലരെ നബി പരിഗണിച്ചപ്പോള്‍ അതിനെ തിരുത്തിക്കൊണ്ട് ഇറങ്ങിയ അധ്യായമാണിത്.
2. ഒരു രിവായത്തനുസരിച്ച് ആദമിനെ അല്ലാഹുവിന്റെ ഛായയിലാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ ആശയത്തില്‍ എനിക്ക് വ്യക്തിപരമായി ചില വിയോജിപ്പുകളുണ്ട്.
3. അല്ലാഹു സൗന്ദര്യമാണ്, അവന്‍ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു എന്ന് നബിവചനമുണ്ട്.
4. ഗസ്സാലി പറയുന്നു: അല്ലാഹുവിനോടും നബിയോടും അടുക്കുമ്പോള്‍ ധാര്‍മിക മൂല്യങ്ങളില്‍ പൂര്‍ണത സാധ്യമാകും. ധാര്‍മിക മൂല്യങ്ങളില്‍ കുറവുണ്ടാകുന്നതിനനുസരിച്ച് ഇരുട്ടിലേക്കും പൈശാചികതയിലേക്കും അടുക്കും.
5. സത്യവും മൂല്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ധാരാളം അക്കാദമിക പഠനങ്ങള്‍ ലഭ്യമാണ്. 

വിവ:  പി.പി ജന്ന

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (18-23)
ടി.കെ ഉബൈദ്‌