Prabodhanm Weekly

Pages

Search

2021 ജൂണ്‍ 04

3204

1442 ശവ്വാല്‍ 23

അഴിച്ചുപണിയുടെ നാന്ദികുറിച്ച് കോണ്‍ഗ്രസ്

എ.ആര്‍

ദശവത്സരക്കാലം പ്രതിപക്ഷത്തിരിക്കാനുള്ള ജനവിധി കേരളത്തിലെ ഐക്യജനാധിപത്യ മുന്നണിയുടെ കാര്യത്തില്‍ ചരിത്രത്തിലാദ്യമാണ്; അതിനാല്‍ തന്നെ അങ്കലാപ്പിനും വിഭ്രാന്തിക്കും കാരണവും. മാസങ്ങള്‍ക്കു മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടി നേരിട്ടതാണെങ്കിലും നിയമസഭാ ഇലക്ഷന്‍ വ്യത്യസ്തമാണെന്ന വിലയിരുത്തലില്‍, ലോക്സഭാ ഇലക്ഷനിലെ അഭൂതപൂര്‍വമായ വിജയത്തെ കുറിച്ച മധുരസ്മരണകളാണ് യു.ഡി.എഫിന് ശുഭപ്രതീക്ഷക്ക് വഴിവെച്ചത്. കോണ്‍ഗ്രസിന്റെ പതിവു ദൗര്‍ബല്യങ്ങളൊക്കെ ഇത്തവണയും ആവര്‍ത്തിച്ചെങ്കിലും കഷ്ടിച്ച് കേവല ഭൂരിപക്ഷം ലഭിക്കാതെ പോവില്ല എന്നു തന്നെ കോണ്‍ഗ്രസും മുസ്ലിം ലീഗും കണക്കു കൂട്ടി. അധികാരത്തിലിരിക്കുന്ന ഇടതു മുന്നണിക്കെതിരെ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നില്ലെന്ന സത്യമോ, രണ്ട് പ്രളയങ്ങളെയും രണ്ട് മഹാമാരികളെയും ഫലപ്രദമായി പ്രതിരോധിക്കാന്‍ പിണറായി സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ടെന്ന പൊതുബോധത്തെയോ യു.ഡി.എഫ് സാരമാക്കിയില്ല. മധ്യ കേരളത്തില്‍ സാമാന്യം ശക്തമായ വേരുകളുള്ള കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ മുന്നണിമാറ്റം ഏല്‍പിക്കാവുന്ന ആഘാതത്തെയും അവര്‍ ലഘുവായി കണ്ടു. പക്ഷേ, ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ പച്ചയായ യാഥാര്‍ഥ്യങ്ങള്‍ക്കു മുമ്പില്‍ യു.ഡി.എഫ് നേതൃത്വം പതറുകയും നിരാശരാവുകയും ചെയ്തു എന്നാണ് പ്രത്യക്ഷത്തില്‍ തന്നെ പ്രകടമാവുന്നത്. ആകെക്കൂടി പുറത്തു വന്നുകൊണ്ടിരിക്കുന്ന പ്രതികരണം കോണ്‍ഗ്രസില്‍ സമൂലമായും മുസ്ലിം ലീഗില്‍ ഭാഗികമായും അഴിച്ചുപണി വേണമെന്നുള്ളതാണ്. അക്കാര്യം ബന്ധപ്പെട്ടവരൊക്കെ തുറന്നു പറയുന്നതോടൊപ്പം, അഴിച്ചുപണി എന്റെ കാര്യത്തിലൊഴികെ മതി എന്നതാണ് നേതൃസ്ഥാനത്തിലിരിക്കുന്ന പലരുടെയും മനോഭാവം എന്ന് തോന്നുന്നു. പിണറായി വിജയന്‍ തന്റെ 21 അംഗ മന്ത്രിസഭയിലാകെ പുതുമുഖങ്ങളെ അണിനിരത്തി  അധികാരത്തിലേറിയ ശേഷവും നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് വൈകിയതിന്റെ പിന്നിലെ അന്തര്‍നാടകങ്ങള്‍ക്ക് ഒരൊറ്റ ന്യായീകരണമേയുള്ളൂ; ഇത് കോണ്‍ഗ്രസ്സാണ്! ഹൈക്കമാന്റിന്റെ പ്രതിനിധികള്‍ കേരളത്തിലെത്തി പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭാ സാമാജികരെ ഒറ്റക്കൊറ്റക്ക് കണ്ട് നേരില്‍ സംസാരിക്കുകയും ഗ്രൂപ്പ് മാനേജര്‍മാരുമായി ചര്‍ച്ചകള്‍ നടത്തുകയുമൊക്കെ ചെയ്ത്, എ.ഐ.സി.സി ആസ്ഥാനത്തേക്ക് തിരിച്ചു പറന്ന് ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമൊക്കെ ചെയ്ത ശേഷവും തീരുമാനം നീണ്ടുപോയെങ്കില്‍ കാര്യം വ്യക്തമാണ്; കോണ്‍ഗ്രസ്സുകാര്‍ ഒരു പാഠവും പഠിച്ചില്ല, പഴയ പടക്കുതിരകള്‍ പുതിയവര്‍ക്കായി സ്ഥാനം ഒഴിഞ്ഞുകൊടുക്കാന്‍ സന്നദ്ധരുമല്ല.
ഒടുവില്‍ രാഹുല്‍ ഗാന്ധിക്ക് അറ്റകൈ പ്രയോഗിക്കേണ്ടി വന്നു. തല്‍സ്ഥിതി തുടരാനുള്ള നീക്കത്തിന് അദ്ദേഹം നിഷ്‌കരുണം തടയിട്ടു. ഗ്രൂപ്പിനതീതമായി ചിന്തിക്കുന്നവരും യുവവിഭാഗവും മുന്നോട്ടു വെച്ച നിര്‍ദേശത്തെ രാഹുല്‍ പിന്തുണച്ചു. അങ്ങനെ വി.ഡി സതീശന്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായും തദ്വാരാ പ്രതിപക്ഷ നേതാവായും നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ഇത്തവണ മുഖ്യമന്ത്രിപദം സ്വപ്നം കണ്ട രമേശ് ചെന്നിത്തലക്ക് ഭാവിയിലും അതിനുള്ള സാധ്യതയാണ് മിക്കവാറും നഷ്ടമായിരിക്കുന്നത്. പോയ അഞ്ചു വര്‍ഷക്കാലത്തെ തന്റെ പ്രകടനം മോശമായതുകൊണ്ടല്ല താന്‍ മാറിനില്‍ക്കേണ്ടി വന്നതെന്ന് അദ്ദേഹത്തിന് ന്യായമായും തോന്നാം. യഥാര്‍ഥത്തില്‍ പ്രതിപക്ഷ നേതാവിന്റെ റോളില്‍ ചെന്നിത്തല പരാജയമായിരുന്നില്ല താനും. പിണറായി സര്‍ക്കാരിന്റെ പാളിച്ചകളും വീഴ്ചകളും തുറന്നുകാട്ടുന്നതില്‍ രമേശ് മിടുക്ക് കാട്ടിയിട്ടുണ്ടെന്ന് സമ്മതിക്കുന്നതാണ് ശരി. പക്ഷേ, തോമസ് ഐസക്, എ.കെ ബാലന്‍, ജി. സുധാകരന്‍, ശൈലജ ടീച്ചര്‍, എം.എം മണി തുടങ്ങിയ പ്രഗത്ഭരെയടക്കം സി.പി.എം വെട്ടിമാറ്റി തീര്‍ത്തും പുതിയൊരു ടീമിനെ കളരിയിലിറക്കിയതോടെ തലമുറമാറ്റം കേരള രാഷ്ട്രീയത്തില്‍ ഒരനിവാര്യതയായി ഭവിച്ചിരിക്കുന്നു. പഴയ പടക്കുതിരകളെ തന്നെ മുന്നില്‍ നിര്‍ത്തിയുള്ള പോരാട്ടം പിടിച്ചുനില്‍ക്കാന്‍ പോലും യു.ഡി.എഫിനെ പ്രാപ്തമാക്കുകയില്ലെന്നു വ്യക്തം. എന്നിരിക്കെ കെ.പി.സി.സി പ്രസിഡന്റ്, യു.ഡി.എഫ് കണ്‍വീനര്‍ പദവികളില്‍ പുതുരക്തം അനിവാര്യമാണെന്ന് ചിന്തിക്കുന്നവരാണ് യു.ഡി.എഫ് പക്ഷത്ത് ബഹുഭൂരിഭാഗവും. അതിനാല്‍ തന്നെയാണ് പ്രഗത്ഭനായ നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ സല്‍കീര്‍ത്തി നിലനിര്‍ത്തുന്ന വി.ഡി സതീശന്റെ പ്രതിപക്ഷ നേതൃപദവി പരക്കെ സ്വാഗതം ചെയ്യപ്പെട്ടിരിക്കുന്നതും.
ഇതോടൊപ്പം ഗ്രൂപ്പ് സമവാക്യങ്ങള്‍ വലിയ അളവില്‍ അപ്രസക്തമാവുന്നതും കാണാതിരുന്നുകൂടാ. ഇനി കെ.പി.സി.സി സാരഥ്യം കൂടി മാറ്റത്തിന് വിധേയമാവാതെ തരമില്ല. ഇക്കാലമത്രയും എം. പിയും മന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമൊക്കെയായി രംഗത്തുണ്ടായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് ഇനിയുള്ള കാലം പദവികളില്ലാതെ പാര്‍ട്ടിയെ സേവിക്കാമെന്നു വെച്ചാലും പാര്‍ട്ടിക്കൊന്നും നഷ്ടപ്പെടാനില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞേ മതിയാവൂ. ഈ മാറ്റങ്ങള്‍ക്കൊപ്പം ബൂത്ത് തലം തൊട്ട് കെ.പി.സി.സി പ്രസിഡന്റ് തലം വരെ സ്ഥാനമാനങ്ങളില്‍ മാത്രം അഭിരമിക്കുന്നവരെ മാറ്റിനിര്‍ത്തി അര്‍ധ പ്രാണനായിക്കഴിഞ്ഞ പാര്‍ട്ടിക്ക് പുതുജീവന്‍ നല്‍കുന്നവരെ കണ്ടെത്തി സംഘടനാ സംവിധാനം അവരെ ഏല്‍പിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നതിനെ ആശ്രയിച്ചിരിക്കുന്നു അതിന്റെ ഭാവി.
ജംബോ കമ്മിറ്റികളാണ് പാര്‍ട്ടിയുടെ വലിയ ശാപം എന്ന് നേതാക്കള്‍ തന്നെ പരിതപിക്കുന്ന സാഹചര്യത്തില്‍, കേഡര്‍ പാര്‍ട്ടികളായ സി.പി.എമ്മിനോടും ബി.ജെ.പിയോടുമാണ് മത്സരിക്കേണ്ടതെന്ന സത്യം മനസ്സിലാക്കി ഒരു വക വ്യവസ്ഥയും 'വെള്ളിയാഴ്ച'യും പുലരുന്ന വിധത്തില്‍ കോണ്‍ഗ്രസിനെ മാറ്റിയെടുക്കേണ്ടിവരും. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന രാഷ്ട്രീയ സദാചാരത്തെ തത്ത്വത്തിലെങ്കിലും അംഗീകരിക്കുന്ന കോണ്‍ഗ്രസിന്റെ പാരമ്പര്യം പുനരുജ്ജീവിപ്പിക്കുക എന്ന ശ്രമകരമായ വെല്ലുവിളി ഏറ്റെടുക്കാന്‍ അനുയായികള്‍ തയാറുണ്ടെങ്കില്‍ ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന് പ്രതീക്ഷിക്കാവുന്നതേയുള്ളൂ. ഇല്ലെങ്കിലോ? ബംഗാളിലും ബിഹാറിലും യു.പിയിലും ഗുജറാത്തിലും ദല്‍ഹിയിലും ഒഡിഷയിലും ആന്ധ്രയിലുമൊക്കെ നേരിടേണ്ടി വന്ന ദുര്‍ഗതി തന്നെയാണ് കേരളത്തിലും കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്.
കൂട്ടത്തില്‍ സൂചിപ്പിക്കട്ടെ, ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും തുല്യമായി നേരിട്ട് മതനിരപേക്ഷത ശക്തമായി ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ടു നീങ്ങും എന്ന് വി.ഡി സതീശന്‍ ഇതിനകം ആവര്‍ത്തിച്ചു വ്യക്തമാക്കിയത് പൊതുവെ സ്വാഗതം ചെയ്യപ്പെടും. പക്ഷേ രാജ്യത്തും കേരളത്തിലും നിലനില്‍ക്കുന്ന യാഥാര്‍ഥ്യങ്ങളെന്തെന്ന് ഭരണ മുന്നണിയും പ്രതിപക്ഷ മുന്നണിയും ഒരുപോലെ വിശദീകരിക്കുകയും വ്യക്തമാക്കുകയും ചെയ്യേണ്ടത് ജനങ്ങളുടെ ആശയക്കുഴപ്പം ദൂരീകരിക്കാന്‍ അനിവാര്യമാണ്. രാജ്യം നേരിടുന്ന ഏറ്റവും വലിയ ആപത്ത് ഭൂരിപക്ഷ വംശീയത / വര്‍ഗീയതയില്‍നിന്നോ അതോ ന്യൂനപക്ഷ വര്‍ഗീയത എന്ന് വിവരിക്കപ്പെടുന്ന പ്രതിഭാസത്തില്‍ നിന്നോ? തെളിയിച്ചു പറഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷം വര്‍ഗീയമായി ചിന്തിക്കുകയും സംഘടിക്കുകയും, ഫാഷിസ്റ്റ് ശൈലിയില്‍ രാജ്യഭരണം നടത്തുന്ന ശക്തിയെ തുല്യരീതിയില്‍ നേരിടാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടോ? ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ പ്രവര്‍ത്തിക്കുന്ന 'മുസ്ലിം ഫാഷിസ്റ്റ് കൂട്ടായ്മ' യാഥാര്‍ഥ്യമോ അതോ ഭാവനാ സൃഷ്ടിയോ? ന്യൂനപക്ഷ വര്‍ഗീയതയാണ് രാജ്യത്ത് ഭൂരിപക്ഷ വര്‍ഗീയ ഫാഷിസത്തെ വളര്‍ത്തുന്നത് എന്ന സ്ഥിരം പല്ലവിക്ക് വസ്തുതയുടെ പിന്‍ബലമുണ്ടോ? മതേതരമെന്ന് അവകാശപ്പെടുന്ന മുന്നണികളും പാര്‍ട്ടികളും അവസരവാദപരമായ സഖ്യങ്ങളോ ധാരണകളോ രൂപപ്പെടുത്തുമ്പോള്‍ ചിലര്‍ക്ക് വര്‍ഗീയപട്ടം പതിച്ചുനല്‍കുന്നു,  ചിലര്‍ക്ക് വര്‍ഗീയമുക്തി കല്‍പിച്ചരുളുന്നു എന്നതല്ലേ ശരി? സുസ്ഥിര മാനദണ്ഡം നിര്‍ണയിച്ച് തദ്വിഷയകമായി വ്യക്തത വരുത്തേണ്ടത് രാഷ്ട്രീയ സദാചാരത്തിന്റെ പ്രാഥമിക താല്‍പര്യം മാത്രമാണെന്ന് ചൂണ്ടിക്കാണിക്കട്ടെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (18-23)
ടി.കെ ഉബൈദ്‌