ഗസ്സാ മുനമ്പിലെ പുതിയ പാട്ട്
പട്ടാളക്കാരാ!
നീ
മരണത്തെ വല്ലാതെ ഭയക്കുന്നു.
നിന്റെ മെഷീന്‍ ഗണ്ണിലെ
കണ്ണുകളില്‍
പേടി തീ പറക്കുന്നത്
ഞാന്‍ കാണുന്നു.
പട്ടാളക്കാരാ!
ഞാന്‍
മരണത്തെ പ്രണയിക്കുന്നു.
ആറടി മണ്ണിലെ ശാദ്വലതയില്‍
നക്ഷത്രാങ്കിതമായ ഒരാകാശവും
ബലിഷ്ഠമായ ഒരു ഭൂമിയും
ഞാന്‍ പണിയുകതന്നെ ചെയ്യും.
എന്റെ ഞരമ്പുകളില്‍ പൂക്കുന്നത്
മാലാഖമാരുടെ
കുളിരിളം സ്പര്‍ശം.
ഞാന്‍ കോറിയിടുന്ന
കഥകളില്‍,
കവിതകളില്‍
നിന്റെ ഉരസ്സ് ഞാന്‍ കോര്‍ത്തുവെക്കും.
നിന്റെ പ്രഭാതങ്ങളിലെ
ആവി പറക്കുന്ന ക്രോധങ്ങളില്‍,
വസന്തത്തിന്റെ തുരുത്തുകളില്‍
നീ
കെട്ടഴിച്ചുവിട്ട തീ പടര്‍ച്ചയില്‍
ഇനി
ഇതു കൂടി ചേര്‍ത്തു വായിക്കുക:
ഗസ്സാ, തെരുവോരങ്ങളില്‍
തെഴുക്കുന്ന
കൗമാര കൗതുകങ്ങള്‍,
രക്തസാക്ഷ്യത്തിന്റെ പനിനീര്‍ മടക്കുകളില്‍
ഉരുവം കൊള്ളുന്ന മന്ദസ്മിതങ്ങള്‍,
പടിഞ്ഞാറേ കരകളില്‍
ഖബ്‌റടക്കം ചെയ്യപ്പെട്ട
സ്വപ്‌ന ശതങ്ങളുടെ
മുരശൊലി....
ഞാനൊരു ഫലസ്ത്വീനി;
കാരിരുമ്പ് കാതലില്‍
കൊത്തിയെടുക്കപ്പെട്ട
ചിരഞ്ജീവി!
സ്വബ്‌റാ - ശാത്തീലാ -ദേര്‍ യാസീന്‍
ചോരച്ചാലുകളില്‍
ഒലിവു തോട്ടങ്ങള്‍ക്ക്
ഞരമ്പ് പാകിയവന്‍..
കൊട്ടാരക്കെട്ടുകളില്‍ കച്ചേരി കൊഴുക്കട്ടെ,
ഡിപ്ലോമസിയുടെ കസവുകച്ചകളില്‍
തമ്പുരാക്കന്മാര്‍ ഉന്മാദം കൊള്ളട്ടെ...
പട്ടാളക്കാരാ!
വിഹായസ്സിനപ്പുറത്ത്
പച്ച പനന്തത്തകളോടൊപ്പം
രമിക്കുമ്പോഴും
ഞാന്‍ കൊതിച്ചുപോകുന്നു,
ഒരു തവണ കൂടി
നിന്റെ
തോക്കിന്‍ കുഴലില്‍ വന്നുനില്‍ക്കാന്‍,
ഒന്നുകൂടി ഭ്രമിപ്പിക്കാന്‍;
പട്ടാളക്കാരാ,
നിന്നെയും
എന്നെയും!
Comments