ധവളപത്രം പുറത്തിറക്കുക തന്നെ വേണം
കേരളത്തിലെ മുസ്ലിംകള്‍ മറ്റാരുടെയെങ്കിലും അവകാശങ്ങള്‍ അപഹരിക്കാന്‍ തുനിഞ്ഞിട്ടില്ല. മുസ്ലിംകള്‍ക്ക് നിഷേധിക്കപ്പെട്ട വളരെ ന്യായമായ അവകാശങ്ങള്‍ ഈ വൈകിയ ഘട്ടത്തിലെങ്കിലും നേടിയെടുക്കാന്‍ സൗകര്യം ഒരുക്കണമെന്നാണ് പാലോളി കമ്മിറ്റി കൃത്യമായും ന്യായമായും അഭിപ്രായപ്പെട്ടത്. ഉന്നത ഉദ്യോഗ തലങ്ങളില്‍ ഉള്‍പ്പെടെ മുസ്ലിംകള്‍ വളരെ പിന്നാക്കമാണ്. പിന്നാക്ക സമുദായമായ മുസ്ലിംകള്‍ എന്തു നേടി, എത്ര നേടി എന്നത് വെളിവാക്കും വിധം സര്‍ക്കാര്‍ ഒരു ധവളപത്രം ഉടനെ ഇറക്കുക തന്നെ വേണം. വര്‍ഗീയ കുപ്രചാരണങ്ങള്‍ തടയാന്‍ അത് വളരെ അത്യാവശ്യമാണ്. ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രി കെ. ടി ജലീലിന് അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത് പുറത്തുവരികയും തിരുത്തപ്പെടുകയും വേണം. ഒരു സമുദായത്തെ ഒന്നാകെ അപമാനിക്കാതിരിക്കാനുള്ള മര്യാദ സര്‍ക്കാര്‍ കാണിക്കണം. ന്യുനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല. അതിന്റെ പേരില്‍ ക്രിസ്ത്യന്‍ സഭകള്‍ ആഹ്ലാദിക്കുന്നതും നന്ദി കാണിക്കുന്നതും, അവര്‍ നേരത്തേ പല നിലക്കും പരക്കെ പറഞ്ഞു പരത്തിയ പരാതികളെ സാധൂകരിക്കുംവിധം സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതും സമൂഹത്തില്‍ തെറ്റിദ്ധാരണകള്‍ പരത്തും. അതുകൊണ്ട് സര്‍ക്കാര്‍ ഒരു ധവളപത്രം ഇറക്കാന്‍ വൈകരുത്. സര്‍ക്കാര്‍ രൂപീകരണത്തില്‍ സാമുദായിക സന്തുലിതത്വം പാലിക്കപ്പെട്ടിട്ടില്ലെന്ന് പരാതിയുള്ള ചുറ്റുപാടില്‍ സര്‍ക്കാര്‍ ഒരു സമുദായത്തോടും വിവേചനം കാണിക്കാതിരിക്കാനുള്ള ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
ഇപ്പോള്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പേരില്‍ നടക്കുന്ന പ്രചാരണങ്ങള്‍ നാട്ടില്‍ സുഖകരമല്ലാത്ത വിചാരവികാരങ്ങള്‍ ഉണ്ടാക്കും വിധത്തിലുള്ളതാണ്. ആകയാല്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി ചുറ്റിപ്പറ്റിയുള്ള ഈ കുപ്രചാരണത്തിന് തടയിടാന്‍ സര്‍ക്കാര്‍ സത്യാവസ്ഥ തുറന്നു പറയുകയാണ് വേണ്ടത്. മുസ്ലിം - ക്രിസ്ത്യന്‍ ബന്ധങ്ങള്‍ താറുമാറാക്കുന്ന ഒരു ചുറ്റുപാട് ഉണ്ടാകാന്‍ അനുവദിക്കരുത്. രണ്ട് ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലിംകളും ക്രിസ്ത്യാനികളും പരസ്പരം കലഹിക്കണമെന്ന് ഒരുപക്ഷേ ഇവിടത്തെ സവര്‍ണ ലോബി ആഗ്രഹിക്കുന്നുണ്ട്. അത്തരം ശക്തികളുടെ കുതന്ത്രങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തുക തന്നെ വേണം.
ഉദ്യോഗതലത്തില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ വിവിധ മേഖലകളില്‍ നല്ല സ്വാധീനമുള്ള ക്രിസ്ത്യന്‍ ലോബി ഉള്‍പ്പെടെ പല വിഭാഗങ്ങളുടെയും സമ്മര്‍ദങ്ങള്‍ക്ക്, അല്ലെങ്കില്‍ കുതന്ത്രങ്ങള്‍ക്ക് സര്‍ക്കാര്‍ വിധേയമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സര്‍ക്കാരിനെ പ്രതീക്ഷയോടെയാണ് എല്ലാവരും കാണുന്നത്. അതിന്റെ തുടക്കത്തില്‍ തന്നെ ഇങ്ങനെയൊരു പ്രചാരവേലക്ക് സര്‍ക്കാര്‍ ഇടം കൊടുക്കരുതായിരുന്നു. സര്‍ക്കാറിന്റെ ശോഭ കെടുത്തിക്കളയുന്ന നീക്കമായിപ്പോയി തുടക്കത്തില്‍തന്നെ സര്‍ക്കാരില്‍ നിന്നും ഉണ്ടായതെന്ന് ഖേദപൂര്‍വം പറയേണ്ടിവന്നിരിക്കുന്നു. ഏതായാലും കഴിയും വേഗം ഈ ദുരവസ്ഥക്ക് മാറ്റം ഉണ്ടാവാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മാത്രം പറയുന്നു.
മന്ത്രിസഭാ രൂപീകരണത്തില്‍ അസന്തുലിതത്വമുണ്ടെന്നും ചില വിഭാഗങ്ങള്‍ക്ക് വല്ലാത്ത മേല്‍ക്കൈയുണ്ടെന്നുമുള്ള പ്രചാരവേല പിന്നാക്ക വിഭാഗങ്ങളില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്. ആ ആശങ്കക്ക് ആക്കം കൂട്ടും വിധമായിപ്പോയി ന്യൂനപക്ഷ വകുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കാണിച്ച അപക്വമായ നടപടികള്‍. ഒരാള്‍ക്ക് നിശ്ചയിച്ചതിനു ശേഷം, അത് പരസ്യപ്പെടുത്തിയതിനു ശേഷം, മറ്റുള്ളവരുടെ സമ്മര്‍ദത്തിനു വഴങ്ങി അത് റദ്ദ് ചെയ്ത് തിരിച്ചെടുത്തു എന്നൊരു പ്രചാരവേലക്ക് ഇടം കൊടുക്കരുതായിരുന്നു. അത് സമൂഹത്തില്‍ മോശമായ പ്രതികരണങ്ങള്‍ ഉണ്ടാക്കിയേക്കാന്‍ ഇടയുണ്ട്. ഏതായാലും ഇനിയങ്ങോട്ട് മുസ്ലിം സമുദായം അനര്‍ഹമായത് വാരിക്കോരിയെടുത്തിരിക്കുന്നു എന്ന കുപ്രചാരണത്തിന് തടയിടുംവിധം, സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ ധവളപത്രം ഇറക്കുക തന്നെയാണ് ഇതിനുള്ള ഏക പരിഹാരം.
പുനരാലോചനകളുടെ പ്രേരകം
'റമദാന്‍ അതിജീവനത്തിന്റെ വിളംബരാഘോഷം' എന്ന വി.കെ ജലീലിന്റെ ലേഖനം (ലക്കം 3201) ശ്രദ്ധേയമായി. റമദാന് കരിക്കുന്നത് എന്ന് അര്‍ഥം പറയുന്നത് കേള്‍ക്കാറുണ്ട്. എങ്കിലും ഇപ്പോഴാണതിന്റെ യാഥാര്‍ഥ്യം മനസ്സിലായത്. ലേഖനത്തിന്റെ അവസാനം ബദ്‌റുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ നമ്മെ പുനരാലോചനക്ക് പ്രേരിപ്പിക്കേണ്ടതു തന്നെ. പുതിയ കാലത്തെ മര്‍ദകരില്‍നിന്ന് സമൂഹത്തെ മോചിപ്പിക്കാനൊരു ബദ്‌റും, അല്ലാഹുവിന്റെ സഹായം ലഭ്യമാവുന്ന ഒരു വിഭാഗവും ഇനിയും ഉണ്ടായിത്തീരും എന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം.
വി.ടി സൂപ്പി, നിടുവാല്‍
ഗസ്സ പകരുന്നത് അതിജീവന പാഠങ്ങള്‍
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം. ഇറ്റാലിയന്‍ കൊളോണിയലിസത്തില്‍ നിന്ന് മോചനം നേടാന്‍ ലിബിയക്കാര്‍ പോരാടുന്ന സന്ദര്‍ഭം. 'മരുഭൂമിയിലെ സിംഹം' എന്ന് വിശേഷിപ്പിക്കപ്പെട്ട ഉമര്‍ മുഖ്താറിനോട് ചിലര്‍ പറഞ്ഞു; 'ഇറ്റലിക്ക് പോര്‍വിമാനങ്ങളുണ്ട്, നമുക്കതില്ലല്ലോ!' ഉമര്‍ മുഖ്താറിന്റെ ചോദ്യം: 'അവ പറക്കുന്നത് ആകാശത്തിനു താഴെയോ മീതെയോ?' 'താഴെ തന്നെ' - അവര്‍ പറഞ്ഞു. 'ആകാശത്തിന് മുകളിലുളളവന്‍ നമ്മോടൊപ്പമുള്ളപ്പോള്‍ ആകാശത്തിനു താഴെയുള്ളവരെ നാമെന്തിന് ഭയക്കണം?' - അദ്ദേഹത്തിന്റെ മറുപടി.
ഉമര്‍ മുഖ്താറിന്റെ ഈ പ്രഖ്യാപനത്തില്‍ തുടിച്ച് നില്‍ക്കുന്ന ആത്മവിശ്വാസം, ലിബിയയില്‍ മാത്രമല്ല പതിറ്റാണ്ടുകളായി ഫലസ്ത്വീനിലും ചെറുത്തുനില്‍പ്പിന് ഊര്‍ജമായി മാറുന്നതാണ് ലോകം കാണുന്നത്. എഴുപതു വര്‍ഷത്തിലേറെയായി ഒരു ജനത, തുടര്‍ച്ചയായി ബോംബുകളോടും വെടിയുണ്ടകളോടും ഏറ്റുമുട്ടുന്നതിനെക്കുറിച്ച് ചിന്തിച്ചുനോക്കൂ. എഴുപതല്ല, ഏഴു വര്‍ഷങ്ങള്‍ ഇങ്ങനെ യുദ്ധമുഖത്ത് തുടരാന്‍ നമുക്ക് കഴിയുമോ?
1948-ലെ നക്ബക്ക് ശേഷം സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങള്‍ പില്‍ക്കാലത്ത് പല രീതിയിലുള്ള അപമാനകരമായ വിട്ടുവീഴ്ചകള്‍ക്ക് കീഴടങ്ങിയപ്പോഴാണ്, 1987-ല്‍ അഹ്മദ് യാസീന്റെ നേതൃത്വത്തില്‍ ഹമാസ് (ഹറകത്തുല്‍ മുഖാവമത്തില്‍ ഇസ്ലാമിയ്യ) എന്ന സംഘടനക്ക് രൂപം കൊടുക്കുന്നത്. ഫലസ്ത്വീനില്‍ സമാധാനം കൊണ്ടുവരാന്‍ നിരായുധ സമരങ്ങള്‍ക്ക് ആവില്ലെന്ന ഉത്തമ ബോധ്യത്തിലാണ് ഹമാസ് രൂപീകൃതമാവുന്നത്. ആ നിഗമനം ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുന്നു. ഏറ്റവുമൊടുവിലെ പോരാട്ടത്തില്‍ ഹമാസ് നേടിയ മേല്‍ക്കൈ ഇതിന്റെ തെളിവാണ്.
2007-ലെ ഫലസ്ത്വീന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 132 സീറ്റുകളില്‍ 74-ലും വിജയിച്ച് ഭരണത്തിലേറിയ ഹമാസിനെ അട്ടിമറിച്ചതിനു ശേഷം, ഗസ്സയില്‍ മാത്രം ഒതുങ്ങേണ്ടി വന്നെങ്കിലും ഇന്ന് ഹമാസ് ഫലസ്ത്വീനിന്റെ പ്രതീക്ഷയാണ്. മൊസാദടക്കം സര്‍വ സന്നാഹങ്ങളുമായി ചാരവൃത്തി നടത്തുന്ന ഇസ്രയേലിനെതിരെ ഇന്‍തിഫാദകള്‍ നയിക്കാനും ഹമാസ് തന്നെയാണ് മുമ്പിലുണ്ടായിരുന്നത്. 2008 - ലും 2012ലും 2014ലും തുടര്‍ന്ന് അല്‍പം നീണ്ട കാലയളവിനുശേഷം 2021-ലും ചെറുത്തുനില്‍പ്പുകള്‍ നടത്തുമ്പോഴും അതിജീവന സമരം നടത്തുന്നവര്‍ക്ക് വന്‍ ശക്തിയെ എങ്ങനെ തോല്‍പ്പിക്കാനാവുമെന്ന പാഠമാണ് ഫലസ്തീനികള്‍ ലോകത്തിന് നല്‍കുന്നത്. അതു തന്നെയാണ് ഇസ്രയേലിന്റെ ആശങ്കയും.
2014-നു ശേഷം ഏഴ് വര്‍ഷം ഹമാസ് പണിപ്പുരയിലായിരുന്നു. 2014-ലേറ്റ യുദ്ധസമാനമായ ആഘാതങ്ങള്‍ക്ക് പരിഹാരം കാണുന്നതോടൊപ്പം ഇനിയൊരു പരാജയം ഉണ്ടാകാതിരിക്കാനുള്ള കഠിന യത്‌നത്തിലുമായിരുന്നു അവര്‍. ഇസ്രയേല്‍ മിസൈലുകളും ബോംബുകളും ബാക്കിയാക്കിയ അവശിഷ്ടങ്ങളെടുത്ത് പഠിച്ച് അവയുടെ സാങ്കേതികവിദ്യകള്‍ മനസ്സിലാക്കുകയും അതേ അവശിഷ്ടങ്ങള്‍ കൊണ്ട് തന്നെ മിസൈലുകളും ബോംബുകളും നിര്‍മിച്ചെടുക്കുകയും ചെയ്യുക യായിരുന്നു. കേവലമൊരു സായുധസംഘം മാത്രമായി ഹമാസിനെ കാണുന്നത് ശരിയല്ല. ആരോഗ്യമേഖലയിലും മറ്റു സാമൂഹിക രംഗങ്ങളിലും സേവനം ചെയ്യുന്ന പ്രത്യേകം പ്രത്യേകം വിഭാഗങ്ങള്‍ തന്നെ അവര്‍ക്ക് ഉണ്ട്.
ഹമാസിന്റെ സായുധ സംഘമാണ് ഇസ്സുദ്ദീന്‍ അല്‍ഖസ്സാം. ഐ.ആര്‍.എസ് റോക്കറ്റുകള്‍ 16 നു പകരം 96 കിലോമീറ്റര്‍ താണ്ടാന്‍ മാത്രം ശേഷി നേടിയപ്പോഴും ഹമാസ് നിര്‍ത്തിയില്ല. ഒളിപ്പോരാട്ടം ആണെന്ന് ആരോപിക്കപ്പെടുമ്പോഴും റാമല്ല, വെസ്റ്റ് ബാങ്ക് തുടങ്ങിയ ഇടങ്ങളില്‍ നിന്നുമുള്ള അഭയാര്‍ഥികള്‍ കൂടി തിങ്ങിപ്പാര്‍ക്കുന്ന ഗസ്സന്‍ തെരുവുകള്‍ ഭൂമിശാസ്ത്രപരമായി ഒരു ഒളിപ്പോരാട്ടത്തിന് തീരെ അനുയോജ്യമല്ലാത്തതാണ്. കേവലം 40 കിലോമീറ്റര്‍ നീളവും 20 കിലോമീറ്റര്‍ വീതിയുമുള്ള ഗസ്സയില്‍ പിറന്നുവീഴുന്ന ഓരോ കുഞ്ഞുകരങ്ങളിലും പാല്‍ക്കുപ്പിയോടൊപ്പം നല്‍കപ്പെടുന്ന മറ്റൊരു വസ്തുവും കൂടിയുണ്ട്, കല്‍ചീളുകള്‍. ഇത്തരം പ്രതിസന്ധികള്‍ തരണം ചെയ്യുമ്പോഴും ഗസ്സ ലോകത്തിന് തന്നെ മാതൃകയാവുകയാണ്. സുന്ദരമായ തെരുവുകള്‍ ആക്രമണത്തിന്റെ ബാക്കിപത്രമായ അവശിഷ്ടങ്ങള്‍ കൊണ്ട് പൂന്തോട്ടം സൃഷ്ടിക്കുന്ന തിരക്കിലാണ്. അനന്തമായ പ്രതീക്ഷ മാത്രമാണ് എല്ലാറ്റിന്റെയും കാതല്‍.
അയണ്‍ ഡോമുകളില്‍ ദൈവത്തെ കണ്ടിരുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഹമാസിന്റെ അയ്യാശ് മിസൈലുകള്‍. നിലനില്‍പ്പിനുവേണ്ടി ചെറുത്തുനില്‍ക്കുന്ന ഫലസ്ത്വീന്‍ ജനതക്കു മുന്നില്‍ അധിനിവേശകര്‍ ശരിക്കും മുട്ടുകുത്തുകയായിരുന്നു. യുദ്ധമൊന്ന് അവസാനിച്ചു കിട്ടിയാല്‍ മതിയായിരുന്നു ഇസ്‌റായേലിന്. ഉപാധികളില്ലാത്ത വെടിനിര്‍ത്തല്‍ പ്രഖ്യാപനം അതിന് തെളിവാണ്. എല്ലാം ജാള്യം മറച്ചുവെക്കാന്‍ വേണ്ടി മാത്രം.
എം. എം സ്വദഖത്തുല്ല
Comments