Prabodhanm Weekly

Pages

Search

2021 ജൂണ്‍ 04

3204

1442 ശവ്വാല്‍ 23

ഇസ്രയേലീ കടന്നാക്രമണത്തില്‍ തകര്‍ന്നത് ഒരുപാട് കെട്ടുകഥകള്‍

ഇമാദുദ്ദീന്‍ ഹുസൈന്‍

റുബ്ബ ളാര്‍റത്തിന്‍ നാഫിഅ (ഉര്‍വശീ ശാപം ഉപകാരം) എന്നൊരു ചൊല്ലുണ്ട് അറബിയില്‍. ഫലസ്ത്വീനില്‍, പ്രത്യേകിച്ച് ഗസ്സയില്‍ ഇസ്രയേല്‍ നടത്തിയ കടന്നാക്രമണങ്ങളില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിരവധി ജീവനുകള്‍ പൊലിഞ്ഞു. പാര്‍പ്പിടങ്ങളും അടിസ്ഥാന  സൗകര്യങ്ങളും തകര്‍ക്കപ്പെട്ടു. പക്ഷേ ഈ അതിക്രമത്തിനെതിരെ ഫലസ്ത്വീനികള്‍ നടത്തിയ ധീരമായ ചെറുത്തുനില്‍പ്പില്‍ തകര്‍ന്നുവീണത് ഒരുപാട് കെട്ടുകഥകളും മിഥ്യകളുമാണ്. അതിലൊന്നാമത്തെ കെട്ടുകഥ 'നൂറ്റാണ്ടിന്റെ കരാര്‍'  (Deal of the Century) തന്നെയാണ്. സ്വതന്ത്ര ഫലസ്ത്വീന്‍ എന്ന ആശയം തന്നെ കുഴിച്ചുമൂടാന്‍ വേണ്ടിയുള്ളതായിരുന്നു അത്.
അത്യന്തം നിഷ്ഠുരവും പ്രാകൃതവും വംശീയവുമായിരുന്നു ഇസ്രയേലീ അതിക്രമം. പക്ഷേ അതിന് ഇസ്രയേല്‍ കൊടുക്കേണ്ടി വന്ന വില വളരെ വലുതാണ്. ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമാകും ആ നഷ്ടങ്ങള്‍. കടന്നാക്രമണം തുടങ്ങുന്നതിനു മുമ്പ് ഇസ്രയേലിനൊപ്പമായിരുന്നു നിരവധി അറബ് ഭരണകൂടങ്ങളും സാംസ്‌കാരിക വരേണ്യവര്‍ഗങ്ങളുമെല്ലാം. അവര്‍ വിശ്വസിച്ചതും പ്രചരിപ്പിച്ചതും എന്തായിരുന്നു? ഫലസ്ത്വീന്‍ പ്രശ്‌നം ഇതാ എന്നന്നേക്കുമായി അവസാനിച്ചിരിക്കുന്നു. ഇനിയത് തിരിച്ചുകൊണ്ടു വരാനേ സാധ്യമല്ല. ഇരു രാഷ്ട്ര ഫോര്‍മുല പൂര്‍ണമായും ഇല്ലാതായിരിക്കുന്നു എന്ന് ഇനിയെങ്കിലും ഫലസ്ത്വീനികള്‍ തിരിച്ചറിയണം. തങ്ങളുടെ ഭാഗധേയം അവര്‍ അംഗീകരിക്കേണ്ടിയിരിക്കുന്നു. അധിനിവേശകരുടെ രാഷ്ട്രത്തില്‍ സ്വയം ഇല്ലാതാവുകയല്ലാതെ അവര്‍ക്ക് വേറെ മാര്‍ഗമില്ല. ട്രംപിന്റെയും അയാളുടെ മകളുടെ ഭര്‍ത്താവ്  കുഷ്‌നറുടെയും ട്രംപ് ഭരണകൂടത്തിലെ തീവ്ര സയണിസ്റ്റുകളുടെയും പിന്നെ നെതന്യാഹുവിന്റെയും ഭാവനകളും മിഥ്യാധാരണകളും സത്യമായി പുലരുമെന്ന് സകലരും വിശ്വസിച്ചു. ട്രംപ് തെരഞ്ഞെടുപ്പ് തോറ്റ് വൈറ്റ് ഹൗസ് വിട്ടാലും ഇതിലൊന്നും ഒരു മാറ്റവുമുണ്ടാകില്ലെന്ന് അവര്‍ കരുതി. പക്ഷേ ഇസ്രയേല്‍ അതിക്രൂരമായി കടന്നാക്രമണം കടുപ്പിച്ചപ്പോഴും ഫലസ്ത്വീനികള്‍ അധിനിവേശകരോടും ലോകത്തോടും ഒരു കാര്യം ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു: ഫലസ്ത്വീന്‍ പ്രശ്‌നം കുഴിച്ചുമൂടപ്പെടുകയില്ല; അത് നിലനില്‍ക്കുക തന്നെ ചെയ്യും.
തകര്‍ന്നുവീണ രണ്ടാമത്തെ കെട്ടുകഥ ചില അറബ് രാഷ്ട്രങ്ങള്‍ കഴിഞ്ഞ മാസങ്ങളില്‍ ഇസ്രയേലുമായി ഉണ്ടാക്കിയെടുത്ത ബന്ധങ്ങളാണ്. ഫലസ്ത്വീനികളെ പെരുവഴിയില്‍ ഉപേക്ഷിച്ചാല്‍ തന്നെ ഫലസ്ത്വീന്‍ പ്രശ്‌നവും താനേ ഇല്ലാതായിക്കൊള്ളും എന്ന പ്രതീക്ഷയിലായിരുന്നു ഇതെല്ലാം. ഇസ്രയേലീ അതിക്രമങ്ങള്‍ക്കു പോലും ഫലസ്ത്വീന്‍ ഇഷ്യു ഇല്ലാതാക്കാനാവില്ലെങ്കില്‍ ഇസ്രയേലുമായി ബന്ധം സാധാരണ നിലയിലാക്കിയതുകൊണ്ട് അതെങ്ങനെ സാധിക്കാനാണ്! അധിനിവേശ രാഷ്ട്രവുമായി ബന്ധം സാധാരണ നിലയിലാക്കാന്‍ മുന്നിട്ടിറങ്ങിയ രാഷ്ട്രങ്ങള്‍ അമേരിക്കയില്‍ നിന്നും മറ്റു പാശ്ചാത്യ രാഷ്ട്രങ്ങളില്‍ നിന്നും ഇസ്രയേലില്‍ നിന്നും സമ്മാനങ്ങളും സ്ഥാനമാനങ്ങളും പ്രതീക്ഷിച്ചിട്ടുണ്ടാവാം. പക്ഷേ ഇസ്രയേലിന്റെ കൊടൂരമായ അതിക്രമങ്ങള്‍ ആ രാഷ്ട്രങ്ങളെ തങ്ങളുടെ പൗരന്മാര്‍ക്കു മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ പറ്റാത്ത വിധത്തില്‍ വിഷമസന്ധിയിലെത്തിച്ചിരിക്കുന്നു. എന്നല്ല, സ്വന്തം മനസ്സാക്ഷിക്കു മുമ്പില്‍ അവര്‍ക്ക് പിടിച്ചുനില്‍ക്കാനാവുമോ?
തകര്‍ന്നുവീണ മൂന്നാമത്തെ മിത്ത്, അധിനിവിഷ്ട ഫലസ്ത്വീനിലും അല്ലാത്തിടത്തുമൊക്കെ തങ്ങള്‍ പറഞ്ഞതേ നടക്കൂ എന്ന ഇസ്രയേലിന്റെ ഹുങ്കാണ്. ലോകത്തിലെ മികച്ച സൈനിക ശക്തികളിലൊന്നാണ് ഇസ്രയേല്‍. ആ സൈനിക ശേഷി ഫലസ്ത്വീനികള്‍ക്കെതിരെ മാരകമായി പ്രയോഗിക്കാന്‍ അവര്‍ അറച്ചുനില്‍ക്കാറുമില്ല. അതിനാല്‍ തന്നെ നാശനഷ്ടങ്ങള്‍ക്ക് കൈയും കണക്കുമുണ്ടാകില്ല. പക്ഷേ തമാശയെന്താണെന്നു ചോദിച്ചാല്‍, ഫലസ്ത്വീനീ ചെറുത്തുനില്‍പ്പു സംഘങ്ങള്‍ തട്ടിക്കൂട്ടിയുണ്ടാക്കുന്ന റോക്കറ്റുകളെ തടയാനോ നിര്‍വീര്യമാക്കാനോ ഈ അത്യാധുനിക സൈനികോപകരണങ്ങള്‍ക്ക് കഴിയുന്നില്ല! ഇപ്പോഴത്തെ യുദ്ധത്തിനു മുമ്പ് ഗസ്സയിലെ ചെറുത്തുനില്‍പ്പു പ്രസ്ഥാനത്തിന്  അശ്ഖലന്‍, സദറോത്ത് പോലെ തൊട്ടടുത്തുള്ള ഇസ്രയേലീ നഗരങ്ങളിലേക്കു മാത്രമേ റോക്കറ്റ് തൊടുക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഇപ്പോഴവ സാക്ഷാല്‍ തെല്‍ അവീവില്‍ വരെ ചെന്നു വീഴുകയാണ്. അത് കാരണം അവിടത്തെ വിമാനത്താവളം വരെ അടച്ചിടേണ്ടി വന്നു. നഖബ് മരുഭൂമിയിലെ ബേര്‍ഷവാ നഗരത്തില്‍ വരെ ആ റോക്കറ്റുകള്‍ പതിച്ചു.
അറബ്  - '48 എന്നു വിളിക്കപ്പെടുന്ന ഇസ്രയേലിനകത്തെ ഫലസ്ത്വീനികള്‍  ഇസ്രയേലീ സമൂഹത്തില്‍ പൂര്‍ണമായി ലയിച്ചു ചേര്‍ന്നു എന്നതാണ് നാലാമതായി തകര്‍ന്നുവീണ കെട്ടുകഥ. ഈ ആക്രമണകാലത്ത് നാം ഇസ്രയേലിനകത്ത് കണ്ടത് ഇന്‍തിഫാദകളായിരുന്നു; ഖുദ്‌സിലും ഗസ്സയിലുമുള്ള തങ്ങളുടെ സഹോദരങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട്. ലോദ് പോലുള്ള നഗരങ്ങളില്‍ കണ്ടത് അധിനിവേശവിരുദ്ധ കലാപം തന്നെയായിരുന്നു. അധിനിവേശം 73 വര്‍ഷം പിന്നിടുമ്പോഴും ഫലസ്ത്വീനികള്‍ ഫലസ്ത്വീനികളായി തന്നെ നിലനില്‍ക്കുന്നു.
'അറേബ്യന്‍ സ്വേഛാധിപത്യ മരുപ്പറമ്പിലെ ഏക ജനാധിപത്യ മരുപ്പച്ചയാണ് ഇസ്രയേല്‍' എന്ന കള്ളവും ഇതോടൊപ്പം തകര്‍ന്നു വീഴുന്നുണ്ട്.
ഇസ്രയേല്‍ മികച്ച സൈനികശക്തിയായതിനാലും എല്ലാ തരത്തിലുമുള്ള വിഭവങ്ങളും പിന്തുണയും അതിന് കിട്ടിക്കൊണ്ടിരിക്കുന്നതിനാലും സയണിസ്റ്റ് പദ്ധതികളെ തടുക്കാനോ തകര്‍ക്കാനോ കഴിയില്ല എന്ന ധാരണയാണ് അഞ്ചാമതായി - ഇതാണ് ഏറ്റവും പ്രധാനം - തകര്‍ന്നു വീണ മിഥ്യ. സമാധാനപരമായി തന്നെ വ്യത്യസ്ത തരം ഇന്‍തിഫാദകളിലൂടെ സയണിസ്റ്റ് പദ്ധതികളെ തകിടം മറിക്കാനാകും; ഫലസ്ത്വീനികള്‍ ഒറ്റക്കെട്ടായി നില്‍ക്കുകയും അറബ് രാഷ്ട്രങ്ങള്‍  പരസ്പരമുള്ള വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ ഫലസ്ത്വീന്‍ പ്രശ്‌നത്തിന് പിന്തുണയും സഹായവും നല്‍കുകയും ചെയ്യുകയാണെങ്കില്‍. 

(ഈജിപ്ഷ്യന്‍ പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (18-23)
ടി.കെ ഉബൈദ്‌