Prabodhanm Weekly

Pages

Search

2021 ജൂണ്‍ 04

3204

1442 ശവ്വാല്‍ 23

എന്‍.എ മുഹമ്മദ്

ഡോ. ടി.വി മുഹമ്മദലി

ദഅ്വാ-പ്രാസ്ഥാനിക തലങ്ങളില്‍ സംസ്ഥാനത്തും വിവിധ ജില്ലകളിലും സജീവ സാന്നിധ്യവും തൃശൂരിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ എല്ലാ സംരംഭങ്ങളിലും  പങ്കാളിയുമായിരുന്നു കഴിഞ്ഞ മെയ് 15-ന് അല്ലാഹുവിലേക്ക് യാത്രയായ എന്‍.എ മുഹമ്മദ് സാഹിബ്. വിദ്യാര്‍ഥികാലം മുതല്‍ ജീവിതാന്ത്യം വരെ കര്‍മമണ്ഡലത്തില്‍ അദ്ദേഹം സജീവമായിരുന്നു.
സിലോണ്‍ പ്രവാസികളായിരുന്ന തളിക്കുളം അബു, കരുവന്നൂര്‍ക്കാരനായ സെയ്തു, അബ്ദുല്ല എന്നിവരുടെ ശ്രമഫലമായി 1960-കളുടെ ആദ്യത്തിലാണ് തൃശൂരില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഘടകം രൂപീകൃതമായത്. തൃശൂര്‍ക്കാരായ പി.കെ റഹീം സാഹിബ്, ഹുസൈന്‍ ഭായ്, വഹാബണ്ണന്‍, തൃശൂരിലെ കച്ചവടക്കാരായ കൊടുങ്ങല്ലൂരുകാരായ കുഞ്ഞുമൊയ്തീന്‍ സാഹിബ്, ഹൈദ്രോസ് സാഹിബ് എന്നിവരായിരുന്നു ഹല്‍ഖയിലുണ്ടായിരുന്നത്. ഇവരുടെ പ്രവര്‍ത്തനഫലമായി പ്രസ്ഥാനത്തിലേക്കാകര്‍ഷിക്കപ്പെട്ട ആദ്യ വ്യക്തിയാണ് എന്‍.എ.
സാമ്പത്തികമായും സാംസ്‌കാരികമായും വളരെ പിറകിലായിരുന്നു അന്ന് തൃശൂരിലെ മുസ്ലിംകള്‍. റെയില്‍വേ സ്റ്റേഷനടുത്ത കൊക്കാലയിലായിരുന്നു അവര്‍ ധാരാളമായി താമസിച്ചിരുന്നത്. കുട്ടികളുടെ ചേലാകര്‍മം പോലും നടത്താന്‍ കഴിഞ്ഞിരുന്നില്ല. വര്‍ഷംതോറും ചേലാകര്‍മ സ്‌ക്വാഡുകള്‍ സംഘടിപ്പിച്ചാണ്, ജമാഅത്തിന്റെ ആദ്യ സാമൂഹിക ഇടപെടല്‍. വെക്കേഷന്‍ കാലത്ത് നടക്കുന്ന പരിപാടിയില്‍ സൗജന്യമായി കുട്ടികളുടെ ചേലാകര്‍മം നടത്തിക്കൊടുക്കുമായിരുന്നു. പിന്നീട് സംഘടിപ്പിച്ച സകാത്ത് കമ്മിറ്റി ശേഖരണ - വിതരണം കൊണ്ട് വലിയ ജനകീയത നേടി. ഇന്നും അത് കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നു. മനോരോഗ - ജില്ലാ ആശുപത്രികളിലെ അനാഥ മയ്യിത്തുകള്‍ സംസ്‌കരിക്കാന്‍ മയ്യിത്ത് പരിപാലന സംഘവും രൂപീകൃതമായി. ഈ തലങ്ങളിലൊക്കെയും സഹപ്രവര്‍ത്തകരായ യുവാക്കള്‍ക്കിടയില്‍ ഉസ്താദിന്റെ സ്ഥാനമായിരുന്നു എന്‍.എക്ക്. അദ്ദേഹത്തിന്റെ പിതാവ് അലി ഉസ്താദും കൊക്കാല ഹിദായത്തുല്‍  ഇസ്‌ലാം സ്‌കൂള്‍ കേന്ദ്രമാക്കി ഒരു തലമുറയെ ഇസ്ലാമിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിപ്പിച്ച വ്യക്തിയാണ്.
മുസ്ലിം വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും തെറ്റിദ്ധാരണ മൂലം ഇതര മതസ്ഥരായ ഉടമകള്‍ വീടോ റൂമോ വാടകക്ക് നല്‍കിയിരുന്നില്ല. അക്കാലത്താണ് കൊക്കാലയില്‍ ജമാഅത്തിന്റെ മേല്‍നോട്ടത്തില്‍ ഒരു ഹോസ്റ്റല്‍ സ്ഥാപിതമാകുന്നത്. ഒരു വലിയ കെട്ടിടം കൊടുങ്ങല്ലൂര്‍ എം.ഐ.ടി വിലയ്ക്കു വാങ്ങുകയായിരുന്നു. ഈ ഹോസ്റ്റലില്‍  മുസ്ലിംകള്‍ മാത്രമല്ല, അമുസ്‌ലിംകളും അന്തേവാസികളായി. ജമാഅത്ത് പ്രവര്‍ത്തനങ്ങളുടെ മാത്രമല്ല, സാംസ്‌കാരിക കൂട്ടായ്മകളുടെയും കേന്ദ്രമായി മാറി ഈ സ്ഥാപനം. കൊക്കാലക്കാരനായ എന്‍.എയുടെ സദാ സാന്നിധ്യമുണ്ടാവും ഇവിടെ. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച 'ഇസ്‌ലാമിക ദര്‍ശന'മെന്ന ബൃഹദ് ഗ്രന്ഥത്തിന്റെ ഓഫീസ് ഇവിടെയാണ് പ്രവര്‍ത്തിച്ചത്. ടിറ്റ് ഫോര്‍ ടാറ്റ് മാസിക ഓഫീസ്, മാധ്യമം ന്യൂസ് ബ്യൂറോ എന്നിവയും ഇവിടെ പ്രവര്‍ത്തിച്ചു വന്നു. ധിഷണ ഗ്രന്ഥവേദി, സ്പിരറ്റഡ് യൂത്ത് ഫ്രണ്ട്, നാടകവേദി, യൂത്ത് ഫോര്‍ ജസ്റ്റിസ് എന്നീ കൂട്ടായ്മകള്‍ക്കും ആലോചനകള്‍ക്കും ഇടമായി മാറി ഈ ഹോസ്റ്റല്‍. ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമിതി രൂപം നല്‍കിയതാണ് സ്പിരറ്റഡ് യൂത്ത് ഫ്രണ്ട്. സി.ടി സാദിഖ് മൗലവി, പി.കെ റഹീം, ടി.എം അബ്ദുര്‍റഹ്മാന്‍, പി.എം സിദ്ദീഖ്, ഖാദിര്‍കുട്ടി മാരേക്കാട്, എന്‍.എ, ഈ ലേഖകന്‍ തുടങ്ങിയവരായിരുന്നു അംഗങ്ങള്‍. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരായ ആരോപണ-കുപ്രചാരണങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കുന്ന ടിറ്റ് ഫോര്‍ ടാറ്റ് മാസിക പ്രസിദ്ധീകരിച്ചിരുന്നത് ഈ ടീമായിരുന്നു. 'ഖുര്‍ആന്‍ വിമര്‍ശകര്‍ക്ക് മറുപടി' എന്ന ഗ്രന്ഥവും പ്രസിദ്ധീകരിച്ചു. ജമാഅത്ത്- എസ്.ഐ.ഒ പ്രവര്‍ത്തകരും, പാഠഭേദം മാസിക പുറത്തിറക്കിയിരുന്ന സിവിക് ചന്ദ്രന്‍, ശ്രീധരന്‍ തേറമ്പില്‍ തുടങ്ങിയവരുള്‍പ്പെട്ട പ്രതികരണ വേദി പ്രവര്‍ത്തകരും ചേര്‍ന്ന കൂട്ടായ്മയായിരുന്നു യൂത്ത് ഫോര്‍ ജസ്റ്റിസ്. തൃശൂരിലെ നക്ഷത്ര ഹോട്ടലുകളിലെ കാബറെ, അന്യായമായ ഭക്ഷ്യ വില - ബസ് ചാര്‍ജ് വര്‍ധന എന്നിവക്കെല്ലാമെതിരെ ശ്രദ്ധേയമായ സമരങ്ങള്‍ നടത്തിയിട്ടുണ്ട് ഈ സംഘം. ഈ ആക്ടിവിസങ്ങളിലെല്ലാം എന്‍.എയുടെ സജീവ പങ്കാളിത്തമുണ്ടായിരിക്കും.
തൃശൂരിലെ ഇസ്‌ലാമിക് ഡ്രാമാ ഗ്രൂപ്പില്‍ രചനയും സംവിധാനവുമൊക്കെ ഞാന്‍ നിര്‍വഹിക്കുമ്പോള്‍ എന്‍.എ രംഗത്ത് അഭിനേതാവാകും. കേരളത്തില്‍ പലയിടത്തും ഞങ്ങള്‍ നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 'സത്യം, സമരം, സമാധാനം' എന്ന തീം പ്രമേയമാക്കി ഫറോക്കില്‍ 1985-ല്‍ നടന്ന എസ്.ഐ.ഒ പ്രഥമ സംസ്ഥാന സമ്മേളനത്തില്‍ എക്സിബിഷന്റെ ചുമതലയുള്ളപ്പോള്‍ തന്നെ എന്‍.എ കലാപരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി. സമ്മേളനം മൂന്ന് ദിവസമായിരുന്നു. പ്രസംഗങ്ങള്‍ക്കും കലാപരിപാടികള്‍ക്കും വ്യത്യസ്ത വേദികളായിരുന്നു. തുല്യമായിത്തന്നെ സമയവും വീതിച്ചിരുന്നു. കലാവകുപ്പന്റെ അധ്യക്ഷന്‍ ഞാനായിരുന്നു. അഹ്മദ് കൊടിയത്തൂര്‍, കെ.സി മുഹമ്മദലി എന്നിവര്‍ എന്റെ സഹായികളും. തൃശൂര്‍ ടീമിന്റെ നാടകത്തിലും പങ്കെടുത്തു എന്‍.എ. അദ്ദേഹം രചിച്ച കുട്ടികളുടെ നാടകം അവതരിപ്പിക്കുകയും ചെയ്തു.
തൃശൂരില്‍ 1980-കളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇസ്‌ലാമിക് പ്രീച്ചിംഗ് സെന്ററിന്റെ കീഴിലെ നഴ്സറി ടീച്ചേഴ്സ് ട്രെയ്നിംഗ് കോഴ്സ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥിനികളെ ആകര്‍ഷിച്ച സംരംഭമാണ്. എന്‍.എ ഉള്‍പ്പെടെ ഞങ്ങള്‍ അതിന്റെ നടത്തിപ്പുകാരെന്നതു പോലെ അധ്യാപകരുമായിരുന്നു. പഠിതാക്കള്‍ക്ക് ഇസ് ലാമിനെ പരിചയപ്പെടാനും ഈ കോഴ്സ് ഉപകരിച്ചിട്ടുണ്ട്. ചിലര്‍ ഹിദായത്തിലാവുകയും ചെയ്തു.
കേരളത്തില്‍ ഫ്രൈഡേ ക്ലബ്ബിന്റെ ഉപജ്ഞാതാവായ പ്രഫ. സയ്യിദ് മുഹ്‌യിദ്ദീന്‍ ഷാ തന്നെയാണ് തൃശൂരിലും ക്ലബ്ബിന് തുടക്കമിട്ടത്. തൃശൂരിലെ ഫ്രൈഡേ ക്ലബ്ബിലെ ജമാഅത്ത് പ്രവര്‍ത്തകരാണ് അയ്യന്തോള്‍ സിവില്‍ സ്റ്റേഷനടുത്ത് പള്ളി നിര്‍മിച്ചത്. ചേറൂരില്‍ എഞ്ചിനീയറിംഗ് കോളേജിനടുത്ത് പള്ളിയും ഹോസ്റ്റലും സ്ഥാപിച്ച എം.ഇ.എയും ജമാഅത്തിന്റെ സംരംഭമാണ്. ജമാഅത്തിന്റെ തന്നെ വി.എം.വി ഓര്‍ഫനേജ്, ഹിറാ മസ്ജിദ് എന്നിവയുടെ നടത്തിപ്പിലും എന്‍.എക്ക് ചുമതലകളുണ്ടായിരുന്നു. ഹിറാ മസ്ജിദിനരികിലെ ടി.സി.സിയുടെ സ്ഥാപനത്തിന് അദ്ദേഹത്തിന്റെ അധ്വാനമുണ്ട്. തൃശൂര്‍ സൗഹൃദവേദിയുടെ സംഘാടകനുമായിരുന്നു. ആര്‍ട്ടിസ്റ്റ് കൂടിയായിരുന്ന എന്‍.എ 'ടിറ്റ് ഫോര്‍ ടാറ്റ്' മാസികയില്‍ കാര്‍ട്ടൂണ്‍ വരക്കുമായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ എംബ്ലം അദ്ദേഹം വരച്ചതാണ്.
ദഅ്വത്താണ് എന്‍.എയുടെ ഇഷ്ടവിഷയം. കിമ്മിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജമാഅത്തിന്റെ സംസ്ഥാന അസി. സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ജില്ലാ നാസിമായും മേഖലാ നാസിമായും തൃശൂര്‍, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ പ്രവര്‍ത്തിച്ചു. ജമാഅത്തിന്റെ സംസ്ഥാന സമ്മേളനങ്ങളിലെ എക്സിബിഷനുകള്‍ സാധാരണ റഹീം സാഹിബ്-എന്‍.എ കൂട്ടുകെട്ടിന്റെ നേതൃത്വത്തിലായിരുന്നു. ദഅ്വാ വകുപ്പിന്റെ കീഴില്‍ നടത്തപ്പെട്ട 'ദിശ' എക്സിബിഷനുകളുടെ പൂര്‍ണ ചുമതല എന്‍.എക്കായിരുന്നു.
കേരള അമീറായിരുന്ന കെ.സി അബ്ദുല്ല മൗലവിയുടെ അധ്യക്ഷതയില്‍ നടത്തിയിരുന്ന ഏരിയാ ഓര്‍ഗനൈസര്‍മാരുടെ യോഗങ്ങള്‍ ഞങ്ങള്‍ക്ക് മറക്കാനാവില്ല. കാലത്ത് മുതല്‍ രാത്രി വൈകുന്നത് വരെ അത് നീളും. ഒടുവില്‍ കെ.സിയുടെ വിജ്ഞാനപ്രദമായ സമാപനം. ഓര്‍ഗനൈസര്‍മാരുടെ ഒരു മാസക്കാലത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, നിരൂപണം, അവലോകനം. യോഗം കഴിഞ്ഞ് പെരിന്തല്‍മണ്ണയില്‍ ബസിന് കാത്തുനില്‍പ്പ്. വൈകി വരുന്ന തൃശൂര്‍ ബസ് കണ്ടാല്‍ എന്‍.എക്ക് സന്തോഷം. തൃശൂരിലെത്തിയാല്‍ അദ്ദേഹത്തിന്റെ യാത്ര അവസാനിച്ചു. ഞാനും ടി.എ മുഹമ്മദ് മൗലവി, പി.ഡി അബ്ദുര്‍റസാഖ് മൗലവി, വി.എം ഹംസ മാരേക്കാട് എന്നിവരും രാത്രി ബസ് കാത്ത് തൃശൂരില്‍ കാത്തുനില്‍പ്പു തുടരും.
മേഖലാ നാസിമായിരുന്ന കെ. അബ്ദുസ്സലാം മൗലവി അധ്യക്ഷനായുള്ള ജമാഅത്തെ ഇസ്‌ലാമി പ്രഥമ ജില്ലാ സമിതി മുതല്‍ എന്‍.എയും ഞാനും സഹപ്രവര്‍ത്തകരായിരുന്നു. ജില്ലാ സമിതികളില്‍ ഞങ്ങള്‍ക്ക് കൂട്ടുത്തരവാദിത്തങ്ങളും നല്‍കാറുണ്ട്. റുക്നുകളുടെ ഘടകമായ തൃശൂര്‍ പ്രാദേശിക ജമാഅത്തിലും ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചു. അങ്ങനെ നാലഞ്ച് ദശകത്തിലേറെ ദൈര്‍ഘ്യമുണ്ട് ഞങ്ങളുടെ ആത്മബന്ധത്തിന്. എന്‍.എയുടെ കുടുംബവും പ്രസ്ഥാനമാര്‍ഗത്തിലുണ്ട്. ഭാര്യ ജമീല ജമാഅത്ത് അംഗമാണ്. മക്കളായ സവ്വാബ്, സുഹൈബ്, സാബിറ, നുസൈബ എന്നിവരും ജമാഅത്ത് പ്രവര്‍ത്തകരാണ്. സഹോദരി അസൂറ അലി ജമാഅത്ത് അംഗവും വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറിയുമാണ്. അല്ലാഹു അദ്ദേഹത്തെ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (18-23)
ടി.കെ ഉബൈദ്‌