Prabodhanm Weekly

Pages

Search

2021 ജൂണ്‍ 04

3204

1442 ശവ്വാല്‍ 23

കോവിഡ് രണ്ടാം തരംഗം രാജ്യം ശ്മശാനമായി കത്തുന്നു

ഫസല്‍ കാതിക്കോട്

അത്യസാധാരണമായ  ചരിത്ര സന്ദര്‍ഭങ്ങള്‍ ഹീറോകളെ സൃഷ്ടിക്കുമെന്ന് പറയാറുണ്ട്.  അത്തരം സന്ദര്‍ഭങ്ങളില്‍ സാധാരണക്കാര്‍ പോലും വീരനായകന്മാരുടെ  ഉന്നതമായ  ഗുണവിശേഷങ്ങള്‍ പ്രകടിപ്പിക്കുന്നതിന് കാലം  സാക്ഷിയാണ്. കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചപ്പോള്‍  ലോകമെമ്പാടും രാഷ്ട്രനേതൃത്വങ്ങള്‍  ഉണര്‍ന്നു പ്രവര്‍ത്തിച്ച് ഹീറോകളായപ്പോള്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ തീര്‍ത്തും   നിഷ്‌ക്രിയരായി ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ ഇടം നേടുന്ന വെറും  സീറോകളായി  മാറിയെന്ന് ലോകം   വിലയിരുത്തിക്കൊണ്ടിരിക്കുന്നു. കേന്ദ്ര സര്‍ക്കാറിന്റെ മാസങ്ങള്‍ നീണ്ട നിസ്സംഗതയുടെയും ലാഘവ ബുദ്ധിയുടെയും ഫലമായി രാജ്യം തന്നെ ശ്മശാനത്തിലേക്ക് ഊഴം കാത്ത് കിടക്കുന്ന അവസ്ഥയിലാണ്.
ഓക്‌സിജനു വേണ്ടി ആളുകള്‍ നെട്ടോട്ടമോടുന്നു. സെലിബ്രിറ്റികള്‍ പോലും സ്വന്തക്കാര്‍ക്ക് ഓക്‌സിജനും ബെഡും കിട്ടാന്‍ സോഷ്യല്‍ മീഡിയയില്‍ യാചിക്കുന്നു. സിലിണ്ടറുകളും മരുന്നുകളും കരിഞ്ചന്തയില്‍ നൂറിരട്ടി വിലയ്ക്ക് വില്‍ക്കുന്നു. ആശുപത്രിപ്പടികളില്‍ നിരന്നു കിടക്കുന്ന ആംബുലന്‍സുകളില്‍ തന്നെ ആളുകള്‍ മരിച്ചുവീഴുന്നു.  ഇലക് ഷന്‍ ഡ്യൂട്ടിക്കു പോയ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ മരിക്കുന്നു.
നദികളില്‍ നിരവധി ശവങ്ങള്‍ ഒഴുകി നടക്കുന്നു. കണക്കുകള്‍ മറച്ചുവെക്കപ്പെടുന്നു. മുപ്പതിരട്ടി വരെ ആളുകള്‍ മരിച്ചതായി അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. ഭരണാധികാരികള്‍, പരാതിപ്പെടുന്നവര്‍ക്കെതിരെ പോലും  കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു.
കോവിഡ് മഹാമാരിയെ നേരിടുന്നതില്‍ സംഘ് പരിവാറിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടതായി ഇന്ത്യന്‍ സമൂഹം മാത്രമല്ല, ലോകം തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. കോവിഡ് മഹാമാരിയെ നേരിടുന്നതിന് മോദി സര്‍ക്കാര്‍ എന്തു ചെയ്തു എന്ന് പരിശോധിക്കുമ്പോള്‍ രാജ്യത്തിനാകെ അപമാനകരമായ  ദയനീയ ചിത്രമാണ് ലഭിക്കുന്നത്.  കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയെപ്പോലെ ഇത്രയും കടുത്ത ആഘാതമേല്‍ക്കേണ്ടി വന്ന  മറ്റൊരു രാജ്യവും ലോകത്തില്ല.

നേരിടാന്‍ പ്രചാരണ തന്ത്രങ്ങള്‍ മാത്രം 

മഹാഭാരത യുദ്ധം 18 ദിവസം കൊണ്ട് വിജയിച്ചെങ്കില്‍ ഇന്ത്യ കോവിഡിനെതിരായ യുദ്ധം 21 ദിവസം കൊണ്ട് വിജയിക്കും എന്ന് പറഞ്ഞുകൊണ്ടാണ് മോദി തുടങ്ങിയത്. അതീവ ലാഘവത്തോടെ ടോര്‍ച്ച് തെളിക്കല്‍, പാത്രം കൊട്ടല്‍ തുടങ്ങിയ വിചിത്ര നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ലോകത്തിനു മുന്നില്‍ ഇന്ത്യ പരിഹാസ്യമായി. ജനങ്ങളാവട്ടെ മൈതാനങ്ങളിലേക്കിറങ്ങി കൂട്ടമായി പാത്രം കൊട്ടുന്ന സംഭവങ്ങള്‍ വരെയുണ്ടായി. മറ്റു രാജ്യങ്ങള്‍ ജനങ്ങള്‍ക്ക് വിദഗ്ധരില്‍ നിന്നുള്ള  ശാസ്ത്രീയ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നപ്പോഴാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ഈ കോമാളിക്കളികള്‍ നടത്തിക്കൊണ്ടിരുന്നത്.
ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ പകര്‍ച്ചവ്യാധി നിയമത്തിന്റെ നിഷ്ഠുരമായ വകുപ്പുകള്‍ വിവേചനമില്ലാതെ  എടുത്തുപയോഗിച്ച് നാലു മണിക്കൂര്‍ മാത്രം സാവകാശം നല്‍കി വിഭജനത്തിനു ശേഷം ഇന്ത്യാ രാജ്യം ദര്‍ശിച്ച ഏറ്റവും ദയനീയമായ അഭയാര്‍ഥി പ്രവാഹത്തിനാണ് മോദി സര്‍ക്കാര്‍ വഴിതുറന്നത്. 3 കോടി അതിഥി തൊഴിലാളികള്‍ റോഡുകളില്‍ കാല്‍നടയായി സ്വന്തം നാട്ടിലേക്ക് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി.  സംസ്ഥാന സര്‍ക്കാരുകളോട് ആലോചിക്കുക പോലും ചെയ്യാതെ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ ഫലമായി 50 ലക്ഷം ചെറുകിട ഉല്‍പാദന കച്ചവട സ്ഥാപനങ്ങളാണ് പൂട്ടിപ്പോയത്. ഇരുനൂറോളം പേര്‍ ആ യാത്രക്കിടയില്‍ തന്നെ മരിച്ചുവീണു. ജനങ്ങളെയോ സംസ്ഥാന സര്‍ക്കാറുകളെയോ പരിഗണിക്കാതെയുള്ള കേന്ദ്രത്തിന്റെ  ഏകാധിപത്യ പ്രകടനം തന്നെയായിരുന്നു അത്.  ഇന്ത്യയിലാകമാനം 618  കോവിഡ് പോസിറ്റീവ് കേസുകളും 16 മരണങ്ങളും മാത്രമുള്ളപ്പോഴായിരുന്നു ഈ ഒന്നാം ലോക്ക് ഡൗണ്‍. അതേസമയം 2.67 ലക്ഷം പുതിയ കേസുകളടക്കം മൊത്തം 2.54 കോടി കേസുകളും 4529 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോഴും രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനു പകരം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്.
ഏപ്രില്‍ മാസം രണ്ടാം വാരത്തിലാരംഭിച്ച  ഈ രണ്ടാം തരംഗത്തെക്കുറിച്ച മുന്നറിയിപ്പുകള്‍  ഫെബ്രുവരിയില്‍ തന്നെ കേന്ദ്ര സര്‍ക്കാറിന് നല്‍കിയിരുന്നു എന്ന് അനേകം വിദഗ്ധര്‍ വെളിപ്പെടുത്തുകയുണ്ടായി.

വിദഗ്ധാഭിപ്രായങ്ങള്‍ക്ക് പകരം മുന്‍വിധികള്‍ 

കോവിഡ് രണ്ടാം വരവ് സംബന്ധിച്ച വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ പൂര്‍ണമായി അവഗണിക്കപ്പെട്ടു. 2020 ഡിസംബറോടെ എല്ലാ  നിയന്ത്രണങ്ങളും ഇല്ലാതായി. മെഗാ രാഷ്ട്രീയ റാലികള്‍, ഇലക്ഷന്‍ കാമ്പയിനുകള്‍, ഒന്നര ലക്ഷത്തോളം പേര്‍ പങ്കെടുത്ത ക്രിക്കറ്റ് മാച്ചും മറ്റു കായിക മേളകളും,  കുംഭമേള പോലുള്ള മത പരിപാടികള്‍ ഇതൊക്കെ വ്യാപകമായി നടന്നു.
ആ.1.617 എന്ന കോവിഡിന്റെ ഇന്ത്യന്‍ വകദേദം വ്യാപകമാവാന്‍ പോവുന്നു എന്ന് സര്‍ക്കാര്‍ തന്നെ രൂപം കൊടുത്ത വിദഗ്ധ സമിതി  കിറശമി ടഅഞടഇീഢ2 ഏലിലശേര െഇീിീെൃശtuാ (കചടഅഇഛഏ) കഴിഞ്ഞ ഫെബ്രുവരിയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഋ484ഝ, ഘ452ഞ എന്നീ രണ്ട് വകഭേദങ്ങള്‍ കൂടി  ഇന്ത്യയില്‍ അതിവേഗം വ്യാപിക്കുമെന്ന്  മാര്‍ച്ച് ആദ്യവാരത്തിലും മുന്നറിയിപ്പ് നല്‍കി. ഇതെല്ലാം സര്‍ക്കാര്‍ അവഗണിച്ചു. ഇതേ സമയത്തു തന്നെയാണ് ഇലക്ഷന്‍ പ്രചാരണങ്ങളും കുംഭമേള പോലുള്ള പരിപാടികളും  നടന്നത്.  ബി.ജെ.പിയുടെ വലിയ ഇലക്ഷന്‍ റാലികളില്‍ രാജ്യത്തെ എല്ലാ ഉന്നത ഭരണാധികാരികളും  നിരന്തരം പങ്കെടുത്തു കൊണ്ടിരുന്നു.
രാകേഷ് മിശ്ര, ശാന്ത ദത്ത, അനുരാഗ് അഗര്‍വാള്‍, വി.കെ പോള്‍, സുജിത് കുമാര്‍ സിംഗ്, ശാഹിദ് ജമീല്‍ തുടങ്ങി സര്‍ക്കാര്‍ സമിതികളില്‍ അംഗങ്ങളായ അനേകം  ശാസ്ത്രജ്ഞന്മാര്‍ സര്‍ക്കാര്‍ തങ്ങളുടെ മുന്നറിയിപ്പുകള്‍ അവഗണിക്കുകയായിരുന്നു എന്ന് മാധ്യമങ്ങളോട് പരാതിപ്പെടുകയുണ്ടായി. തങ്ങളുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നയങ്ങള്‍ രൂപീകരിക്കാന്‍ തയാറാവുന്നില്ല എന്ന് വെളിപ്പെടുത്തിയ ശേഷം ലോകപ്രശസ്ത ജനിതക ശാസ്ത്രജ്ഞനായ ശാഹിദ് ജമീല്‍  കചടഅഇഛഏ-ല്‍ നിന്ന് രാജിവെക്കുകയുണ്ടായി.
കോവിഡിന്റെ രണ്ടാം വരവിനെക്കുറിച്ച് നേരത്തേ തന്നെ  മുന്നറിയിപ്പ് ലഭിച്ചിട്ടും സര്‍ക്കാര്‍ യാതൊരു മുന്നൊരുക്കങ്ങളും നടത്തിയില്ല. വ്യാപക വാക്‌സിനൈസേഷന്‍,  ആശുപത്രികളുടെയും ബെഡുകളുടെയും എണ്ണം വര്‍ധിപ്പിക്കല്‍ അടക്കമുള്ള ആരോഗ്യ സംവിധാനങ്ങള്‍ വികസിപ്പിക്കല്‍,  ഓക്‌സിജന്‍, വെന്റിലേറ്ററുകള്‍, കോവിഡ് ചികിത്സക്കാവശ്യമായ മരുന്നുകള്‍  ഇവയുടെ ഉല്‍പാദനവും  വിതരണവും  തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്കു  വേണ്ടി  ഒന്നും ചെയ്യാതെ അനേകം  മാസങ്ങള്‍ സര്‍ക്കാര്‍ പാഴാക്കി.  മെയ് രണ്ടാം വാരത്തില്‍ സുപ്രീം കോടതിയാണ് രാജ്യമെമ്പാടും ഓക്‌സിജന്‍ ലഭ്യത ഉറപ്പു വരുത്താന്‍ പന്ത്രണ്ടംഗ ദേശീയ കര്‍മ സമിതി രൂപീകരിച്ചത്.

ദുരന്തമായി മാറിയ വാക്‌സിന്‍ നയംമാറ്റം 

ലോകത്തിലെ 60 ശതമാനം വാക്‌സിനുകളും  ഉല്‍പാദിപ്പിക്കുന്ന രാജ്യം എന്ന് അവകാശപ്പെടുന്ന ഇന്ത്യയില്‍ ഏറ്റവും അത്യാവശ്യമുള്ള സമയത്ത് ഏറ്റവും അനിവാര്യമായ കോവിഡ് വാക്‌സിന്‍ ആവശ്യത്തിന് ലഭ്യമായില്ല എന്നത് കേന്ദ്ര സര്‍ക്കാറിന്റെ വലിയ പരാജയമാണ്. മറ്റു രാജ്യങ്ങളേക്കാള്‍ നേരത്തേ വികസിപ്പിച്ചുവെങ്കിലും  ഇന്ത്യക്കാവശ്യമുളള വാക്‌സിന് കമ്പനികള്‍ക്ക് സമയത്തിന് ഓര്‍ഡര്‍ നല്‍കിയില്ല. വാക്‌സിന്‍ സ്വന്തം രാജ്യത്ത് വിതരണം ചെയ്യുന്നതിനു പകരം  95-ഓളം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കി. വാക്‌സിന്‍ മൈത്രി എന്ന പേരില്‍ ഇതിന് സര്‍ക്കാര്‍ തന്നെ പ്രചാരവും നല്‍കി.  ഇതേ സര്‍ക്കാര്‍ തന്നെയാണ് ഇപ്പോള്‍ വിദേശ കമ്പനികളില്‍ നിന്ന് വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാറുകള്‍ക്കും സ്വകാര്യ മേഖലക്കും അനുമതി നല്‍കിയിരിക്കുന്നത്. വാക്‌സിന്‍ മാത്രമല്ല, ഓക്‌സിജനും  ഇന്ത്യ കയറ്റുമതി ചെയ്തു കൊണ്ടിരുന്നു.  2021 ജനുവരിയില്‍ അവസാനിക്കുന്ന ഒരു കോവിഡ്  വര്‍ഷം 9294 മെട്രിക് ടണ്‍ ഓക്‌സിജനാണ് കയറ്റുമതി ചെയ്തത്. ഇതാവട്ടെ കോവിഡില്ലാത്ത മുന്‍ വര്‍ഷത്തെ കയറ്റുമതിയുടെ ഇരട്ടിയാണ്.  ഇതില്‍ നിന്നൊക്കെ വ്യക്തമാകുന്നത്, തങ്ങളുടെ പേരിനും പ്രശസ്തിക്കും വേണ്ടി  ജനങ്ങളെ മരണത്തിനു വിട്ടുകൊടുക്കാന്‍ ഭരണാധികാരികള്‍  തയാറാണ് എന്നാണ്.
പുതിയ വാക്‌സിന്‍ ഉല്‍പാദന കമ്പനികള്‍ സ്ഥാപിക്കുകയോ നിലവിലുള്ളവയുടെ സൗകര്യങ്ങള്‍ വികസിപ്പിക്കുകയോ ചെയ്യുകയുണ്ടായില്ല. 2021 ഏപ്രില്‍  ആയപ്പോള്‍ മുന്‍ഗണനാ വിഭാഗമായ  ആരോഗ്യ പ്രവര്‍ത്തകരില്‍ പോലും 34 ശതമാനത്തിന് മാത്രമാണ് വാക്‌സിനേഷന്‍ നടത്താന്‍ സാധിച്ചത്. 135 കോടി ജനങ്ങളില്‍ 1.3 ശതമാനത്തിനു മാത്രവും.
കൊളോണിയല്‍ ബ്രിട്ടീഷ് സര്‍ക്കാറും ശേഷം സ്വതന്ത്ര ഇന്ത്യന്‍ സര്‍ക്കാറുകളും പിന്തുടര്‍ന്നുപോന്ന സാര്‍വത്രികവും സൗജന്യവുമായ വാക്‌സിനേഷന്‍ എന്ന നയത്തില്‍ നിന്ന് ഭിന്നമായി  വാക്‌സിന്‍ വില കൊടുത്ത് വാങ്ങുന്നതിന് സംസ്ഥാന സര്‍ക്കാറുകള്‍ക്കും സ്വകാര്യ മേഖലക്കും അനുവാദം നല്‍കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. നോട്ട് പിന്‍വലിക്കല്‍ പോലെ ആരോടുമാലോചിക്കാതെ നടപ്പിലാക്കിയ വലിയൊരു നയവ്യതിയാനമാണിത്. കേന്ദ്ര സര്‍ക്കാര്‍ കരസ്ഥമാക്കുന്ന 50 ശതമാനം വാക്‌സിന്‍  സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കാന്‍ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ സമ്മതിക്കുകയായിരുന്നു എന്നതാണ് ശരി.

വാഗ്ദാനമായൊടുങ്ങിയ കോവിഡ് സാമ്പത്തിക പാക്കേജ് 

20 ലക്ഷം കോടിയുടെ കോവിഡ് പുനരധിവാസ പാക്കേജുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷമായി. പി.എം കെയേഴ്‌സ് എന്ന പേരില്‍ കോവിഡ് ഫണ്ട് പിരിവും സര്‍ക്കാര്‍ നടത്തിയിരുന്നു. ഇതില്‍ എത്ര തുക വന്നിട്ടുണ്ടെന്നും എന്തിന്, എത്ര ചെലവാക്കിയിട്ടുണ്ടെന്നും ഇതുവരെ  ആര്‍ക്കുമറിയില്ല. സംസ്ഥാന സര്‍ക്കാറുകള്‍ ആവശ്യത്തിന് ആശുപത്രികള്‍ അടക്കമുള്ള ആരോഗ്യ  അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കാന്‍ ഫണ്ടില്ലാതെ പ്രയാസപ്പെടുകയാണ്.  ഇത്ര വലിയ ഫണ്ടിംഗ് പ്രഖ്യാപനത്തിനു ശേഷവും  ഓക്‌സിജനും  വെന്റിലേറ്ററുകളും ടെസ്റ്റിംഗ് സൗകര്യങ്ങളും വ്യക്തിഗത സംരക്ഷണ സംവിധാനങ്ങളും മരുന്നുല്‍പാദനവുമെല്ലാം വര്‍ധിപ്പിക്കേണ്ട കാലം ഒന്നും ചെയ്യാതെ കടന്നുപോയിരിക്കുന്നു. ലോക്ക് ഡൗണില്‍  തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ജോലി നല്‍കുന്നതിനുള്ള പദ്ധതികള്‍ ഈ ഫണ്ടുപയോഗിച്ച്  തയാറാക്കുമെന്നായിരുന്നു മറ്റൊരു പ്രധാന വാഗ്ദാനം.  ചെറുകിട കടങ്ങള്‍ എഴുതിത്തള്ളുക, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം തുടങ്ങി ഈ തുക ചെലവഴിക്കാനുദ്ദേശിച്ചിരുന്ന മറ്റു മേഖലകളിലെ പദ്ധതികളൊന്നും  എവിടെയുമെത്തിയിട്ടില്ല. പിന്നെ എന്തിനാണ് ഈ വായില്‍ കൊള്ളാത്ത വലിയ തുക ഉപയോഗിച്ചത് എന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരം പറയേണ്ടതുണ്ട്.  ഈ ഫണ്ടില്‍ ഭൂരിഭാഗവും വെറും പ്രഖ്യാപനം മാത്രമായി മാറി. ബാക്കി തുക  പതിവു പോലെ കോര്‍പറേറ്റുകളുടെ കൈയില്‍  തന്നെ എത്തിച്ചേരുമെന്ന് കരുതേണ്ടിയിരിക്കുന്നു.
മറുവശത്ത് ധൂര്‍ത്തിന്റെ മകുടോദാഹരണമായി 20000 കോടി ചെലവാക്കി   സെന്‍ട്രല്‍ വിസ്ത എന്ന പാര്‍ലമെന്റ് മന്ദിരവും മോദിയുടെ വസതിയും അണ്ടര്‍ ഗ്രൗണ്ട് പാതകളുമെല്ലാം  യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മിക്കുകയാണ്. ജനങ്ങള്‍ ഓക്‌സിജനു വേണ്ടി നെട്ടോട്ടമോടുമ്പോള്‍ കേന്ദ്ര ഭരണാധികാരികള്‍ ധൂര്‍ത്തിന്റെ പുതിയ കഥകള്‍ രചിക്കുകയാണ്. കോവിഡ്  മൂലം ജോലിയും കൂലിയുമില്ലാതായ ഇന്ത്യയിലെ തൊഴിലാളികള്‍ക്കും  ചെറുകിട കര്‍ഷകര്‍ക്കും  നേരിട്ട് പണം ലഭ്യമാക്കണമെന്ന് അനേകം സാമ്പത്തിക ശാസ്ത്രജ്ഞന്മാരും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും  സര്‍ക്കാറിനോടാവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെ വന്‍കിട പണക്കാരില്‍ നിന്ന് കൂടുതല്‍ നികുതി ഈടാക്കി സര്‍ക്കാരിന് കൂടുതല്‍ പണം കണ്ടെത്താമെന്ന് അവര്‍ നിര്‍ദേശിക്കുകയുണ്ടായി. യോഗേന്ദ്ര യാദവ് എഴുതുന്നു: 'ഇന്ത്യയിലെ ഒരു ശതമാനം വരുന്ന സൂപ്പര്‍ റിച്ചിന്റെ കൈയില്‍ 300 ലക്ഷം കോടി രൂപക്കും 400 ലക്ഷം കോടി രൂപക്കുമിടയില്‍ പണമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ പണത്തിനു മേല്‍ രണ്ടു ശതമാനം നികുതി ചുമത്തിയാല്‍ എട്ട് ലക്ഷം കോടി രൂപയോളം സര്‍ക്കാരിന് കിട്ടും. കേന്ദ്ര ധനമന്ത്രി ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള പാക്കേജിന്റെ അഞ്ചിരട്ടിയെങ്കിലും വരുമിത്.  ഇന്ത്യന്‍ റവന്യൂ സര്‍വീസിലെ അമ്പതോളം ഉദ്യോഗസ്ഥര്‍ ഇത്തരമൊരു നടപടിയുടെ രൂപരേഖ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. പക്ഷേ, അവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്.'

എല്ലാം സര്‍ക്കാറിന്റെ  ജനിതക വൈകല്യങ്ങള്‍ 

കേന്ദ്ര സര്‍ക്കാറിന് കാര്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്തതുകൊണ്ടല്ല, എല്ലാം കൃത്യമായി ബോധ്യമുള്ള ഉന്നത ഉദ്യോഗസ്ഥ വിഭാഗം കേന്ദ്രത്തിനുണ്ട്.  സാമ്പത്തിക ശാസ്ത്രമോ വൈദ്യശാസ്ത്രമോ ഏതാവട്ടെ, ഓരോ മേഖലയിലെയും വിദഗ്ധ  സംഘങ്ങള്‍ സഹായിക്കാനുണ്ട്. ഇവരുടെയെല്ലാം നിര്‍ദേശങ്ങള്‍ കൃത്യമായി ലഭിക്കുന്നുമുണ്ട്. കൂടാതെ അകത്തു നിന്നും പുറത്തു നിന്നും രാജ്യത്തോട് ഗുണകാംക്ഷ പുലര്‍ത്തുന്ന ഗവേഷകരും എഴുത്തുകാരും മാധ്യമങ്ങളുമൊക്കെ സര്‍ക്കാറിനെ നേര്‍വഴിക്ക് നയിക്കാന്‍ ശ്രമിക്കുന്നുണ്ട്.
എന്നാല്‍ ഒരു രാജ്യത്തെയാകമാനം നയിക്കുമ്പോഴും മുന്‍വിധികളും  താല്‍ക്കാലിക താല്‍പര്യങ്ങളും മാത്രമാണ്  സര്‍ക്കാര്‍ തീരുമാനങ്ങളെ സ്വാധീനിക്കുന്നത്. വിദഗ്ധരുടെ ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ അഭിപ്രായങ്ങളെ മുഖവിലക്കെടുക്കാന്‍ മോദി സര്‍ക്കാര്‍ താല്‍പര്യം പ്രകടിപ്പിക്കാറില്ല. നോട്ട് നിരോധനത്തില്‍  ഇതു തന്നെയാണ് സംഭവിച്ചത്.  സാമ്പത്തിക വിദഗ്ധരുടെ നിര്‍ദേശപ്രകാരമായിരുന്നില്ല നോട്ട് നിരോധനം. ചില സംഘ് പരിവാര്‍ കേന്ദ്രങ്ങളുടെ മുന്‍വിധികള്‍ മാത്രമായിരുന്നു അതിനു പിന്നില്‍.
ഇതുപോലെ  കോവിഡിന്റെ രണ്ടാം വരവിനെക്കുറിച്ചുള്ള വിദഗ്ധരുടെ കണ്ടെത്തലുകളെയെല്ലാം തിരസ്‌കരിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. മഹാമാരിയുടെ രണ്ടാം വരവ് തൊട്ടു മുന്നില്‍ നില്‍ക്കെ കഴിഞ്ഞ മാര്‍ച്ചിലാണ് ഇന്ത്യ കോവിഡുമായുള്ള അവസാന കളിയിലാണ് എന്ന്  കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പ്രസ്താവിക്കുന്നത്. തൊട്ടു മുമ്പ് ജനുവരി അവസാനം ലാവോസില്‍ ചേര്‍ന്ന വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ സമ്മേളനത്തില്‍ മോദി പ്രഖ്യാപിച്ചത്, ഇന്ത്യ കോവിഡിനെ അതിജയിച്ച ലോക രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നുവെന്നും കോവിഡ് പ്രതിരോധ അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യം മുഴുവന്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞെന്നും അതിനാവശ്യമായ പരിശീലനം ലഭിച്ച മനുഷ്യവിഭവശേഷി നേടിക്കഴിഞ്ഞെന്നുമൊക്കെയാണ്. ഈ  പൊങ്ങച്ച പ്രകടനങ്ങളൊക്കെ കഴിഞ്ഞ് രണ്ടു മാസത്തിനുള്ളിലാണ് ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവുമധികം കോവിഡ് പോസിറ്റീവ് കേസുകളുള്ള രാജ്യമായി മാറിയത്. വിദഗ്ധരുടെ പഠന റിപ്പോര്‍ട്ടുകള്‍ മുഴുവന്‍ തിരസ്‌കരിച്ച് മുന്‍വിധികളില്‍ മാത്രം വിശ്വസിച്ച് മുന്നോട്ടുപോവുന്ന  ഈ ഭരണകൂടം സ്വന്തം രാജ്യത്തെക്കുറിച്ച് എത്ര വലിയ അജ്ഞതയിലാണുള്ളത്  എന്നത്  പേടിപ്പെടുത്തുന്ന യാഥാര്‍ഥ്യമാണ്.
അരുന്ധതി റോയിയെയും യോഗേന്ദ്ര യാദവിനെയും  പോലുള്ളവര്‍ ചൂണ്ടിക്കാട്ടിയ പോലെ ഇന്ത്യന്‍ സമൂഹത്തിലെ ഭൂരിഭാഗം വരുന്ന സാധാരണ ജനങ്ങളെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് താല്‍പര്യമില്ല എന്നതാണ് വസ്തുത. അസംഘടിതരും ശബ്ദമില്ലാത്തവരുമായ  അവരുടെ അവകാശങ്ങള്‍ മുഴുവന്‍ നിഷേധിക്കപ്പെട്ടാലും ഒന്നും സംഭവിക്കില്ല എന്ന് സംഘ് പരിവാര്‍ കണക്കുകൂട്ടുന്നു. വല്ല പ്രതിഷേധവും ഉയരുകയാണെങ്കില്‍ വര്‍ഗീയത ഊതിക്കത്തിച്ച്, സുരക്ഷാഭീതിയുണ്ടാക്കി രക്ഷപ്പെടാന്‍ മാത്രമല്ല, പിന്തുണ കൂടുതല്‍ ഭദ്രമാക്കാനും  സാധിക്കുമെന്ന്  അവര്‍ കരുതുന്നു. 
സംഘ് പരിവാറിന്റെ അടിസ്ഥാന ആശയങ്ങളും ഈ സമീപനത്തെ പിന്തുണക്കുന്നുണ്ട്. എല്ലാ പരിഗണനകളും ലഭിക്കുന്ന ന്യൂനപക്ഷമായ ഉന്നത വിഭാഗം, തങ്ങളുടെ കര്‍മ ഫലം കൊണ്ടുതന്നെ  അവഗണിക്കപ്പെടാന്‍  അര്‍ഹരായ ഭൂരിപക്ഷ വിഭാഗം എന്ന തരത്തിലുള്ള ഒരു സാമൂഹിക വ്യവസ്ഥയാണ് സംഘ് പരിവാര്‍ വിഭാവനം ചെയ്യുന്നത്.  അവരുടെ ആശയപ്രകാരം, രാജ്യത്തിനും അതിന്റെ അതിര്‍ത്തിക്കും നിര്‍ജീവമായ മണ്ണിനും മറ്റു സ്ഥാവര വസ്തുക്കള്‍ക്കുമാണ് പരമ പ്രാധാന്യം. അതില്‍ ജീവിക്കുന്ന ജനങ്ങള്‍ രണ്ടാം സ്ഥാനത്തേ വരുന്നുള്ളൂ.  യൂറോപ്യന്‍  ആശയമായ തീവ്രദേശീയതയെ സ്വാംശീകരിച്ച വിഭാഗമാണ് സംഘ് പരിവാര്‍. യൂറോപ്പും മറ്റു വികസിത രാജ്യങ്ങളും തീവ്രദേശീയത വലിച്ചെറിഞ്ഞ് പൗരന്മാരുടെ സ്വാതന്ത്ര്യവും അവകാശങ്ങളും പരമപ്രധാനമായി കരുതുന്ന തലത്തിലേക്ക് ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. പാശ്ചാത്യ ലോകം നിര്‍മിക്കുകയും പിന്നീട്  വലിച്ചെറിയുകയും ചെയ്ത ഈ ആശയത്തിന്‍ മേലാണ് സംഘ് പരിവാര്‍ നിലനില്‍ക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ പിടിപ്പുകേട് മൂലമുണ്ടായ  കോവിഡ് കാല ദുരന്തങ്ങള്‍ സംഘ് പരിവാറിന്റെ ഇത്തരം ജന്മവൈകല്യങ്ങളില്‍ നിന്ന് കൂടിയുള്ളതാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (18-23)
ടി.കെ ഉബൈദ്‌