ലക്ഷദ്വീപിനെ തകര്‍ക്കാനുള്ള നീക്കം ചെറുക്കുക
ലക്ഷദ്വീപില്‍ പുതുതായി ചുമതലയേറ്റ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോദ പട്ടേല്‍ തുടക്കം മുതലേ ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ തല്‍പ്പരനായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ വിശ്വസ്തന്‍ ദ്വീപില്‍ സംഘ് പരിവാര്‍ അജണ്ടകളുടെ നടത്തിപ്പുകാരന്‍ മാത്രമായിരുന്നു. സാധാരണ ഗതിയില്‍ ഐ.എ.എസ് ഓഫീസര്‍മാരോ റിട്ടയേര്‍ഡ് ഐ.പി.എസ് ഓഫീസര്‍മാരോ ആണ് ഇവിടെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിക്കപ്പെടുക. തൊട്ട് മുമ്പ് മുന്‍ ഇന്റലിജന്‍സ് ബ്യൂറോ തലവന്‍ ദിനേശ്വര്‍ ശര്‍മയായിരുന്നു ഇവിടെ അഡ്മിനിസ്‌ട്രേറ്റര്‍. അദ്ദേഹം കഴിഞ്ഞ ഡിസംബറില്‍ മരണപ്പെട്ടപ്പോള്‍ ദാമന്‍ -ദിയു അഡ്മിനിസ്‌ട്രേറ്ററായ പ്രഫുല്‍ പട്ടേലിന് ലക്ഷദ്വീപിന്റെ അധികച്ചുമതല കൂടി നല്‍കുകയായിരുന്നു. ദാമന്‍ - ദിയുവില്‍ ചെയ്തതെന്തോ അതു തന്നെയായിരിക്കും പ്രഫുല്‍ പട്ടേല്‍ ഇവിടെയും ചെയ്യുക. ആ കേന്ദ്രഭരണ പ്രദേശത്ത് മത്സ്യത്തൊഴിലാളികളെ കുടിയിറക്കി അവരുടെ വീടുകള്‍ ഇടിച്ചു തകര്‍ത്ത് ചൗധരി ഗ്രൂപ്പിന് റിസോര്‍ട്ടുകള്‍ പണിയാന്‍ സൗകര്യമൊരുക്കി കൊടുക്കുകയായിരുന്നു. ആ ഇറക്കിവിടലും ഭൂമി പിടിച്ചെടുക്കലും മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയേ ആയില്ല. ഈ അതിക്രമത്തിനെതിരെ തന്നാലാവും വിധം പൊരുതി നോക്കി, അവിടെ നിന്ന് ദീര്‍ഘകാലം പാര്‍ലമെന്റ് അംഗമായിരുന്ന മോഹന്‍ ദേല്‍ക്കര്‍. ഇദ്ദേഹം ഒരു ഘട്ടത്തില്‍ ബി.ജെ.പിയില്‍ വരെ പ്രവര്‍ത്തിച്ചിരുന്നു. തന്റെ പോരാട്ടങ്ങള്‍ പരാജയപ്പെട്ടു പോകുന്നതിലെ നിരാശകൊണ്ടാവാം ഒടുവില്‍ അദ്ദേഹം സ്വയം ജീവനൊടുക്കുകയായിരുന്നു. ഇതിന് കാരണക്കാരന്‍ പ്രഫുല്‍ പട്ടേലാണെന്ന് ആത്മഹത്യാ കുറിപ്പും അദ്ദേഹം എഴുതി വെക്കുകയുണ്ടായി.
ഇതേ അജണ്ട തന്നെയാണ് തന്റെ യജമാനന്മാര്‍ക്കു വേണ്ടി പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലും നടപ്പാക്കുന്നത്. സകല ഭരണഘടനാ തത്ത്വങ്ങളും കാറ്റില്‍ പറത്തി ഇനിയും പേരുകള്‍ വെളിപ്പെട്ടിട്ടില്ലാത്ത ശതകോടീശ്വരന്മാര്‍ക്കു വേണ്ടി ലക്ഷദ്വീപിനെ അടിമുടി പൊളിച്ചടുക്കുകയാണ് പട്ടേലിന്റെ ലക്ഷ്യമെന്ന് അയാളുടെ ഓരോ നീക്കവും വിളിച്ചു പറയുന്നുണ്ട്. ലക്ഷദ്വീപ് നിവാസികളില്‍ ഭൂരിപക്ഷവും മുസ്ലിംകളായതിനാല്‍ 'ഭീകരവാദ' കഥകളും സംഘ് പരിവാര്‍ നുണ ഫാക്ടറികള്‍ മെനഞ്ഞു തുടങ്ങിയിട്ടുണ്ട്. വളരെ സമാധാനപ്രിയരാണ് ദ്വീപ് വാസികളെന്ന് എല്ലാവര്‍ക്കുമറിയാം. കുറ്റകൃത്യങ്ങള്‍ അത്യപൂര്‍വമായ പ്രദേശങ്ങളിലൊന്നാണത്. മോഷണമോ പിടിച്ചുപറിയോ കൈയേറ്റമോ ഭയക്കാതെ ജനവാസമുള്ള പത്ത് ദ്വീപുകളിലും സഞ്ചരിക്കാം. ഇവിടെയാണ് ഗുണ്ടാ ആക്ട് കൊണ്ടു വന്നിരിക്കുന്നത്! അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തില്‍ ഭൂമി പിടിച്ചെടുക്കാനും വീടുകള്‍ തകര്‍ക്കാനും വരുമ്പോള്‍ പ്രതിഷേധിക്കുന്ന ദ്വീപുവാസികളെ കൈകാര്യം ചെയ്യാനാണ് ഇത് കൊണ്ടു വന്നിരിക്കുന്നതെന്ന് വ്യക്തം. ദ്വീപുകാരുടെ സാംസ്‌കാരിക സവിശേഷതകള്‍ തകര്‍ക്കാന്‍ വേണ്ടിയാണ് മദ്യത്തിന് അനുമതി നല്‍കിയിരിക്കുന്നത്. സ്‌കൂളില്‍ മാംസമെന്നല്ല കോഴിമുട്ട പോലും പാടില്ലെന്ന തിട്ടൂരങ്ങള്‍ക്കു പിന്നിലെ സംഘ് പരിവാര്‍ അജണ്ട ആര്‍ക്കും അവ്യക്തമല്ല.
നിയമവിദഗ്ധന്‍ അഡ്വ. കാളീശ്വരം രാജ് ചൂണ്ടിക്കാണിക്കുന്നതു പോലെ ഭരണഘടനാപരമായി പ്രത്യേക പരിരക്ഷ ലഭിക്കേണ്ട പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ പെടുന്നവരാണ് ദ്വീപ് നിവാസികള്‍. ഇപ്പോള്‍ അഡ്മിനിസ്‌ട്രേറ്റര്‍ കൊണ്ടുവന്നിട്ടുള്ള ഓരോ കാര്യവും കോടതിയില്‍ ചോദ്യം ചെയ്യാമെന്ന് അദ്ദേഹം പറയുന്നു. ആ നിലക്കുള്ള നീക്കങ്ങള്‍ വളരെ അടിയന്തരമായി നടക്കേണ്ടിയിരിക്കുന്നു. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി ഭരണഘടനാ ചട്ടങ്ങള്‍ മറികടക്കാമെന്ന് സംഘ് പരിവാര്‍ കണക്കു കൂട്ടുന്നുണ്ടാകും. അതിനെ കൂട്ടായി ചെറുക്കുകയാണ് വേണ്ടത്. സി.പി.എം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ കക്ഷികളെല്ലാം ലക്ഷദ്വീപിനെ തകര്‍ക്കാനുള്ള സംഘ് പരിവാര്‍ അജണ്ടക്കെതിരെ വളരെ ശക്തമായി രംഗത്തു വന്നത് അഭിനന്ദനാര്‍ഹമാണ്. കേരളവുമായുള്ള ലക്ഷദ്വീപിന്റെ പൊക്കിള്‍കൊടി ബന്ധം അറുത്തുമാറ്റാനുള്ള ഗൂഢനീക്കത്തിനെതിരെയും ജാഗ്രതയോടെ നിലകൊള്ളണം. കേരളവുമായുള്ള, മലയാളവുമായുള്ള ബന്ധമാണ് ദ്വീപിന്റെ സാംസ്‌കാരികത്തനിമ സംരക്ഷിച്ചു നിര്‍ത്തുന്ന ഒരു പ്രധാന ഘടകം. ദ്വീപിന്റെ എല്ലാ ബന്ധങ്ങളും കര്‍ണാടകയുമായിട്ടാക്കുന്നത് എന്തിനാണെന്ന് എല്ലാവര്‍ക്കുമറിയാം. ഈ നീക്കങ്ങളെ എന്തു വില കൊടുത്തും ചെറുത്തേ മതിയാവൂ.
Comments