Prabodhanm Weekly

Pages

Search

2021 ജൂണ്‍ 04

3204

1442 ശവ്വാല്‍ 23

'കോവിഡ് പ്രതിരോധത്തിന്റെ മുന്നണിപ്പോരാളികളാവുക'

ടി. ആരിഫലി

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സെക്രട്ടറി ജനറല്‍ ടി. ആരിഫലി പ്രബോധനത്തിന് നല്‍കിയ അഭിമുഖം

-----------------------------------------------------------------------------------------------------------------------------------------

കോവിഡ് മഹാമാരി രൂക്ഷമായ സന്ദര്‍ഭത്തില്‍ താങ്കള്‍ ദല്‍ഹിയില്‍ ഉണ്ടായിരുന്നുവല്ലോ. എന്താണ് രാജ്യ തലസ്ഥാനത്തെയും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെയും അവസ്ഥ? ഒരു വര്‍ഷത്തിലധികമായി പടരുന്ന  ഈ മഹാമാരി വിതച്ച ദുരിത ദൃശ്യങ്ങള്‍ എന്തൊക്കെയാണ്?

കോവിഡ്  മഹാമാരിയുടെ ആദ്യ ഘട്ടത്തില്‍ ഞാന്‍ കേരളത്തിലായിരിക്കെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. മൂന്നു മാസത്തോളം നാട്ടില്‍ തന്നെ കഴിയേണ്ടി വന്നു. എന്നാല്‍ രണ്ടാം തരംഗത്തിന്റെ ആരംഭത്തില്‍ ഞാന്‍ ദല്‍ഹിയില്‍ ഉണ്ടായിരുന്നു. നേരത്തേ നിശ്ചയിച്ചിരുന്ന പരിപാടിയനുസരിച്ച് കേരളത്തില്‍ വന്നെങ്കിലും രണ്ടാം തരംഗത്തിന്റെ പ്രഹരം വളരെ രൂക്ഷമായിരിക്കും എന്ന് അറിഞ്ഞപ്പോള്‍ ദല്‍ഹിയിലേക്ക്  തിരിച്ചുപോയി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും അനുബന്ധ സേവനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന, ഇസ്ലാമിക പ്രസ്ഥാനവുമായി ബന്ധമുള്ള മുഴുവന്‍ എന്‍. ജി. ഒകളെയും സംവിധാനങ്ങളെയും ഏകോപിപ്പിക്കേണ്ടതുള്ളതുകൊണ്ടാണ്  പെട്ടെന്നു തന്നെ ദല്‍ഹിയിലേക്ക് തിരിച്ചു പോയത്. ജമാഅത്തെ ഇസ്ലാമിയുടെ ആസ്ഥാനത്തും 'വിഷന്‍ 2026 ' ഓഫീസിലും നിരവധി പേര്‍ രോഗബാധിതരായിക്കഴിഞ്ഞിരുന്നു. ദല്‍ഹിയില്‍ കെജ്രിവാള്‍ ഗവണ്‍മെന്റ് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരുന്നു.
കഴിഞ്ഞ വര്‍ഷം ഒരു വലിയ ദുരന്തത്തെ ദല്‍ഹി സംസ്ഥാനം പ്രത്യേകിച്ചും, ഉത്തരേന്ത്യ പൊതുവിലും അഭിമുഖീകരിച്ചതാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ കൂട്ട പലായനവും ഭക്ഷ്യക്ഷാമവുമായിരുന്നു അന്നത്തെ പ്രധാന പ്രതിസന്ധി. അപ്രതീക്ഷിതമായും മുന്നൊരുക്കമില്ലാതെയും പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണ്‍  ആയിരുന്നു കാരണം. അന്ന്  നിര്‍ബന്ധപൂര്‍വം അടച്ചിടുകയായിരുന്നു രാജ്യം. അങ്ങാടികള്‍ വിജനമായി,  ആശുപത്രികള്‍ ആളൊഴിഞ്ഞു. സ്വകാര്യ ആശുപത്രികള്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കാന്‍ നിര്‍ബന്ധിതമായി. എന്നാല്‍, രണ്ടാം തരംഗത്തില്‍ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. ജനങ്ങള്‍ ഭയന്ന് വീട്ടിലിരുന്നു. ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. റോഡുകള്‍ ചീറിപ്പായുന്ന ആംബുലന്‍സുകളാല്‍ മുഖരിതമായി. ജനനിബിഡമായ ഗല്ലികളിലും  ഇടവഴികളിലും  ഓക്സിജന്‍  സിലിണ്ടറുമായി ഓടുന്ന ചെറുവാഹനങ്ങളെയും  സിലിണ്ടറുകള്‍ തോളിലേന്തി നടക്കുന്ന വളന്റിയര്‍മാരെയും  മാത്രമേ കാണാമായിരുന്നുള്ളൂ. എങ്ങും ഭീതി നിറഞ്ഞ അന്തരീക്ഷം. ഇന്ത്യയിലെ ഏതാണ്ട് എല്ലാ സംസ്ഥാന തലസ്ഥാനങ്ങളും വലിയ പട്ടണങ്ങളും രണ്ടാം തരംഗത്തിന്റെ ആഘാതത്താല്‍ സ്തംഭിച്ചുപോയി.
ആശുപത്രികളിലേക്കും സന്നദ്ധ സംഘടനാ ആസ്ഥാനങ്ങളിലേക്കും ഗവണ്‍മെന്റ് ഓഫീസുകളിലേക്കും ഓക്സിജനു വേണ്ടിയും ആശുപത്രി ബെഡിനും വെന്റിലേറ്ററിനും വേണ്ടിയും യാചിച്ചുകൊണ്ടുള്ള ഫോണ്‍ കോളുകള്‍ നിരന്തരമായി വന്നുകൊണ്ടിരുന്നു. സ്വകാര്യ ആശുപത്രികളുടെ മുന്നില്‍ രോഗികളുമായെത്തിയ  വാഹനങ്ങള്‍ പ്രവേശനം ലഭിക്കാതെ തിരിച്ചുപോകേണ്ടിവന്നു. പല ആശുപത്രികളുടെ മുന്നിലും ഓക്സിജന്‍ ആവശ്യമായ രോഗികളുടെ ബന്ധുക്കള്‍ വാക്കേറ്റത്തിന് മുതിര്‍ന്നു. മനുഷ്യന് ഏറ്റവും ആവശ്യമായത് ഓക്സിജനാണ് എന്ന തിരിച്ചറിവുണ്ടാക്കിയ ദിനങ്ങള്‍.
വലിയ പട്ടണങ്ങളില്‍ നിന്ന് ചെറിയ പട്ടണങ്ങളിലേക്കും പിന്നീട് ഗ്രാമങ്ങളിലേക്കും ഈ തരംഗം പടര്‍ന്നു. ഔദ്യോഗിക കണക്കുകളേക്കാള്‍ അനേകമിരട്ടിവരും യഥാര്‍ഥത്തില്‍ രോഗബാധിതരുടെ എണ്ണം. ഓക്സിജന്‍  കിട്ടാതെ ആംബുലന്‍സുകളിലും റോഡരികുകളിലും ആശുപത്രി കോമ്പൗണ്ടിലും ആളുകള്‍ മരിച്ചു വീഴാന്‍ തുടങ്ങി. മൃതദേഹങ്ങള്‍ എടുത്തുമാറ്റാനും ശ്മശാനങ്ങളിലേക്ക് എത്തിക്കാനും ജനങ്ങള്‍ പാടുപെട്ടു. രോഗബാധിതരായി മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സമയവും സ്ഥലവുമില്ലെന്ന സ്ഥിതി വന്നു. മൃതദേഹങ്ങള്‍ വഴിയിലുപേക്ഷിച്ചു പോവാനും  കൂട്ടായി സംസ്‌കരിക്കാനും പുഴയിലേക്കോ അഴുക്കുചാലിലേക്കോ തള്ളാനും ബന്ധുക്കളും ആരോഗ്യപ്രവര്‍ത്തകരും നിര്‍ബന്ധിതരായി. മനസ്സാക്ഷിയുള്ള ആരെയും വേദനിപ്പിക്കുന്നതായിരുന്നു രണ്ടാം തരംഗം സൃഷ്ടിച്ച ഈ കാഴ്ചകള്‍.

കോവിഡ് 19 - ന്റെ ദുരിതമകറ്റുന്നതില്‍, രാജ്യത്ത് നിരവധി സന്നദ്ധ സംഘടനകള്‍ ജനങ്ങള്‍ക്ക് തണലായി വര്‍ത്തിക്കുന്നുണ്ടല്ലോ. എന്താണ് ഇത്തരം പ്രവര്‍ത്തനങ്ങളുടെ സ്വഭാവവും വ്യാപ്തിയും?
തീര്‍ച്ചയായും, ഗ്രാമങ്ങളിലും പട്ടണങ്ങളിലും നിരവധി വ്യക്തികളും സന്നദ്ധ സംഘടനകളും മരണഭയമില്ലാതെ സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഞങ്ങള്‍ താമസിക്കുന്ന ദല്‍ഹി അബുല്‍ ഫസല്‍ എന്‍ക്ലേവില്‍ നൂറുകണക്കിന് ആളുകളാണ്  നാലും അഞ്ചും ഓക്സിജന്‍ സിലിണ്ടറുകള്‍ വന്‍ വില കൊടുത്ത് സംഘടിപ്പിച്ചു വെക്കുകയും രോഗികള്‍ക്ക് വീടുകളിലെത്തി വിതരണം ചെയ്യുകയും ചെയ്തുകൊണ്ടിരുന്നത്. നിരവധി എന്‍. ജി. ഒകള്‍ ഇവര്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. ചുരുക്കം ചില പ്രദേശങ്ങളില്‍ ജനപ്രതിനിധികള്‍ എന്‍. ജി. ഒകളുടെയും  വ്യക്തികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ശ്രമം നടത്തുന്നതും കാണാം.
ഈ മഹാമാരി വന്നുകഴിഞ്ഞാല്‍  ആളുകളുടെ ആവശ്യം ഒന്നാമതായി ഓക്സിജനും  രണ്ടാമതായി മരുന്നും മൂന്നാമതായി പ്രതിരോധ ശേഷിയുണ്ടാക്കുന്ന ഭക്ഷണവും  നാലാമതായി സാന്ത്വനവും അഞ്ചാമതായി ഹോസ്പിറ്റല്‍ ബെഡും ആറാമതായി വെന്റിലേറ്ററുമാണ്. ആവശ്യക്കാര്‍ക്ക് ഇവ ലഭ്യമാക്കാനും ആവശ്യക്കാരെയും സേവന സന്നദ്ധരെയും പരസ്പരം  ബന്ധപെടുത്താനുമുള്ള പ്രവര്‍ത്തനങ്ങളാണ് എന്‍. ജി. ഒകള്‍ പ്രധാനമായും നിര്‍വഹിച്ചത്.

ഈ മഹാമാരിയെ നേരിടുന്നതില്‍ ഗവണ്‍മെന്റ് സംവിധാനങ്ങള്‍ വേണ്ട വിധം പ്രവര്‍ത്തിക്കാത്തതു കൊണ്ടല്ലേ ഇത്രയേറെ സന്നദ്ധ സംഘടനകള്‍ രംഗത്തു വരേണ്ടി വന്നത്? യു. പി ഉള്‍പ്പെടെ ചില സംസ്ഥാന ഭരണകൂടങ്ങളും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഗവണ്‍മെന്റും പരാജയപ്പെട്ടുവെന്ന വിമര്‍ശനം ശക്തമാണ്.  എന്തുകൊണ്ടാണ് ഈ ഗവണ്‍മെന്റുകള്‍ പരാജയപ്പെട്ടത്?

സര്‍ക്കാറുകളും ഔദ്യോഗിക സംവിധാനങ്ങളും എത്ര കാര്യക്ഷമമായി പ്രവര്‍ത്തിച്ചാലും ജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തമില്ലാതെ ഒരാപത്തിനെയും ഒരു രാജ്യത്തിനും നേരിടാന്‍ കഴിയില്ല. കേരളത്തിലുണ്ടായ രണ്ട് പ്രളയങ്ങളുടെ കഥയെടുത്തു നോക്കൂ. 2019 - ലെ പ്രളയത്തില്‍ എല്ലാ പുനരധിവാസ പ്രവര്‍ത്തങ്ങളും സര്‍ക്കാര്‍ ചെയ്യും എന്നായിരുന്നു കേരള ഗവണ്‍മെന്റിന്റെ നിലപാട്. ഏതെങ്കിലും വ്യക്തികളോ സന്നദ്ധ സംഘടനകളോ വല്ലതും ചെയ്യുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ മാത്രമേ അതാകാവൂ എന്ന ശാഠ്യവും പിടിച്ചു. ചുരുക്കം ചില സംഘടനകള്‍ മാത്രം സര്‍ക്കാരിനെ വിവരം അറിയിച്ചുകൊണ്ട് സ്വന്തമായി പ്രോജക്ടുകള്‍ നടപ്പാക്കി. കൃത്യമായ  ഓഡിറ്റ് നടത്തിയാല്‍ അറിയാം, ഗുണഭോക്താകള്‍ക്ക് കൂടുതല്‍ ഗുണമായത് ഏതാണെന്ന്. പൊടുന്നനെ വന്നു കയറുന്ന ഏതൊരു ദുരന്തത്തെയും  കൂട്ടായ്മയിലൂടെ മാത്രമേ നമുക്ക് അതിജയിക്കാന്‍ പറ്റൂ.
കൊറോണാ വൈറസ് ഇന്ത്യയില്‍ കടന്നുവന്നിട്ട് ഒന്നേകാല്‍ വര്‍ഷം കഴിഞ്ഞു. അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും രണ്ടാം തരംഗത്തെ കുറിച്ചുമുള്ള താക്കീതുകളും സൂചനകളും ലോകാരോഗ്യ സംഘടനയും ഇന്ത്യയിലെ തന്നെ ആരോഗ്യ പ്രവര്‍ത്തകരും നിരന്തരമായി നല്‍കിക്കൊണ്ടിരുന്നതാണ്. അത് മുഖവിലക്കെടുക്കാനോ മതിയായ സംവിധാനങ്ങള്‍ ഒരുക്കാനോ ഗവണ്‍മെന്റുകള്‍ക്കായില്ല. ആരോഗ്യ രംഗം മുഖ്യമായും സംസ്ഥാനങ്ങളുടെ ചുമതലയില്‍ വരുന്ന കാര്യമാണ്. എന്നാല്‍ രാജ്യത്തെ മുഴുവന്‍ പിടിച്ചുകുലുക്കുന്ന ഇത്തരമൊരു മഹാമാരി വരുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും അവയെ ഏകോപിപ്പിക്കുകയും ചെയ്യേണ്ട ചുമതല കേന്ദ്ര ഗവണ്‍മെന്റിനു തന്നെയാണ്. കേന്ദ്ര സര്‍ക്കാര്‍ ആ ഉത്തരവാദിത്തം നിര്‍വഹിച്ചില്ല. രോഗത്തിനുള്ള മരുന്നുകളുടെ വിതരണവും വാക്സിന്റെ നിര്‍മാണ-വിപണനങ്ങളും കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ കാണിച്ച താല്‍പര്യം രോഗ പ്രതിരോധ  പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ കണ്ടില്ല. രണ്ടാം തരംഗം ഉച്ചസ്ഥായിയിലെത്തിയപ്പോള്‍ ഓക്‌സിജന്റെയും മരുന്നുകളുടെയും മെഡിക്കല്‍ എക്യുപ്മെന്റുകളുടെയും മാര്‍ക്കറ്റില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞില്ല. ബ്ലാക്ക് മാര്‍ക്കറ്റ് ഇത്രയും ക്രൂരമായി രംഗം കൈയടക്കിയ ഒരു സന്ദര്‍ഭം എന്റെ ജീവിതകാലത്തുണ്ടായിട്ടില്ല. മേല്‍പ്പറഞ്ഞ മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും പത്തു മുതല്‍ ഇരുപത് ഇരട്ടി വരെ വില ചോദിച്ചു വാങ്ങുന്നത്  ഉല്‍പാദകരും വിതരണക്കാരും ഒരു സാധാരണ കാര്യമായേ കണ്ടുള്ളൂ. വ്യാജ ഏജന്‍സികള്‍  പ്രത്യക്ഷപ്പെടുകയും ആവശ്യക്കാരില്‍ നിന്ന് പണം തട്ടി മുങ്ങുകയും ചെയ്ത അനുഭവവും പലരും പങ്കുവെച്ചു. ഗവണ്‍മെന്റ് വിചാരിച്ചാല്‍  കരിഞ്ചന്ത തടയാന്‍ പലവഴികളും ഉണ്ടായിരുന്നു. ആ നിലക്ക് ചിന്തിക്കുന്നതിനു പകരം കുത്തക മരുന്നു കമ്പനികളെയും മെഡിക്കല്‍ ഉപകരണ വിതരണക്കാരെയും കൊള്ളലാഭമെടുക്കാന്‍ കയറൂരി വിടുകയാണ് ചെയ്തത്. കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റുകളും പരസ്പരം കലഹിക്കാനും  പഴിചാരാനുമുള്ള അവസരമാക്കി കോവിഡ് കാലത്തെ മാറ്റി.
ബി.ജെ.പി നേതൃത്വം നല്‍കുന്ന സര്‍ക്കാറുകള്‍ അക്ഷന്തവ്യമായ അനാസ്ഥയാണ് ഈ വിഷയങ്ങളിലൊക്കെ കാണിച്ചത്. ജനങ്ങളുടെ സുരക്ഷയോ ക്ഷേമമോ മുന്‍നിര്‍ത്തിയല്ലല്ലോ അവര്‍ മത്സരിച്ചതും ജനങ്ങള്‍ അവരെ അധികാരത്തിലേറ്റിയതും. സാമുദായിക ധ്രുവീകരണം മുഖ്യ അജണ്ട ആക്കിയവര്‍ക്ക് എങ്ങനെ ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍  പെര്‍ഫോം ചെയ്യാന്‍ കഴിയും? അവര്‍ രോഗികളുടെ വിവരങ്ങള്‍ മറച്ചുപിടിച്ചും ശവശരീരങ്ങള്‍ തോട്ടിലേക്കും പുഴയിലേക്കും വലിച്ചെറിഞ്ഞും പരസ്പരം പഴിചാരിയും ഇമേജ് സംരക്ഷിച്ചെടുക്കാനുള്ള തിടുക്കത്തിലാണ്. യാഥാര്‍ഥ്യ ബോധത്തോടെ കാര്യങ്ങള്‍ സമീപിക്കാന്‍ പോലും അവര്‍ക്ക് ആവുന്നില്ല.

രാജ്യത്തിനകത്തും പുറത്തുമുള്ള മുസ്ലിം സംഘടനകളും വേദികളും കോവിഡ് 19-നെ നേരിടുന്നതില്‍ വലിയ സഹായമാണ് ചെയ്യുന്നത്. ചില മുസ്ലിം രാഷ്ട്രങ്ങളും ഇന്ത്യയെ കാര്യമായി പിന്തുണക്കുകയുണ്ടായി. ഇതേക്കുറിച്ച്?

കഴിഞ്ഞ വര്‍ഷം കോവിഡിന്റെ തുടക്കത്തില്‍ മുസ്ലിം സമുദായം വലിയ പഴിയാണ് കേള്‍ക്കേണ്ടി വന്നത്. തബ്ലീഗ് മര്‍കസിനെ കുറിച്ചും മതപഠന കേന്ദ്രങ്ങളെ കുറിച്ചും ഭീതിജനകമായ കഥകള്‍ ഇന്ത്യന്‍ മീഡിയയില്‍ അന്ന് നിറഞ്ഞുനിന്നു. എന്നാല്‍ അധികം  താമസിയാതെ സ്ഥിതിയാകെ മാറി. രണ്ടു കാര്യങ്ങളാണ് സംഭവിച്ചത്: ഒന്ന്, കോവിഡ് പ്രോട്ടോക്കോളില്‍ പറയുന്ന ക്വാറന്റൈന്‍, ഫിസിക്കല്‍ ഡിസ്റ്റന്‍സിംഗ്, ഫേസ് മാസ്‌ക്, ഹസ്തദാനവും ആലിംഗനവും ഒഴിവാക്കല്‍ എന്നിവയെകുറിച്ചുള്ള പ്രവാചകാധ്യാപനങ്ങള്‍ മുസ്ലിം സമൂഹത്തില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിലുള്ള ശരീഅ: കൗണ്‍സില്‍ വലിയ  ദൗത്യമാണ് ഇതില്‍ നിര്‍വഹിച്ചത്. നബി (സ) അഭിമുഖീകരിച്ച വ്യത്യസ്ത പകര്‍ച്ചവ്യാധി സന്ദര്‍ഭങ്ങളില്‍ അദ്ദേഹം നല്‍കിയ നിര്‍ദേശങ്ങളും കാണിച്ച മാതൃകകളും എടുത്ത മുന്‍കരുതലുകളും മുന്നില്‍ വെച്ചുകൊണ്ട് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സമുദായത്തിലെ പണ്ഡിതന്മാര്‍ക്കും നേതാക്കള്‍ക്കും സാധാരണ ജനങ്ങള്‍ക്കുമിടയില്‍  വ്യാപകമായി പ്രചരിപ്പിക്കാനായി. ഇത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും നല്‍കിക്കൊണ്ടിരുന്നു. രണ്ട് റമദാനുകളിലും മൂന്ന് ഈദുകളിലും എങ്ങനെ പെരുമാറണം എന്നതിനെ കുറിച്ച് മുസ്ലിം സമുദായത്തിലെ വിവിധ പണ്ഡിതന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് സംയുക്ത പ്രസ്താവനകള്‍ പുറപ്പെടുവിച്ചു. സമുദായത്തിന്റെ ദിശ നിര്‍ണയിക്കുന്നതില്‍ ഈ പ്രവര്‍ത്തനങ്ങള്‍ വലിയ പങ്കു വഹിച്ചു.
രണ്ട്, ഇന്ത്യയിലുടനീളമുള്ള മുസ്ലിം  മഹല്ലുകളും സന്നദ്ധ സംഘടനകളും സേവനരംഗത്ത് സജീവമായി. പള്ളികളും മദ്‌റസകളും മുസ്ലിം സ്ഥാപനങ്ങളും ജാതിമതഭേദമന്യേ ആവശ്യക്കാര്‍ക്കു മുമ്പില്‍ അവയുടെ വാതിലുകള്‍ കാരുണ്യത്തോടെ തുറന്നുവെച്ചു. അവയില്‍ പലതും ക്വാറന്റൈന്‍ സെന്ററുകളും ഓക്സിജന്‍ പാര്‍ലറുകളും അവശ്യവസ്തുക്കളുടെ ശേഖരണ - വിതരണ കേന്ദ്രങ്ങളുമായി മാറി. സമുദായത്തെ കുറിച്ച് തല്‍പര കക്ഷികള്‍ സൃഷ്ടിച്ചെടുത്ത ചിത്രം മാറ്റിയെടുക്കുന്നതില്‍ ഇത് വലിയ പങ്കാണ് വഹിച്ചത്. രാജ്യത്തെ മീഡിയക്ക് കണ്ണടക്കാന്‍ കഴിയുന്ന അളവിലായിരുന്നില്ല ഇത്.
അതിനെല്ലാം പുറമെയാണ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള ഉദാരമായ സഹായങ്ങള്‍ വന്നുചേരുന്നത്. കോവിഡ് വാക്സിന്‍ ഉദാരമായി സംഭാവന ചെയ്തെന്ന് വീമ്പ് പറയുന്ന  തിരക്കില്‍ സ്വന്തം ജനതക്ക് ഓക്സിജന്‍ പോലും നല്‍കാന്‍ കഴിയാത്ത ഭരണാധികാരിയുള്ള രാജ്യത്തേക്കാണ് ലക്ഷക്കണക്കിന് ലിറ്റര്‍ ഓക്സിജന്‍ വ്യത്യസ്ത പോര്‍ട്ടുകളില്‍ വന്നിറങ്ങിയത്. എത്ര മൂടിയിട്ട് മറയ്ക്കാന്‍ ശ്രമിച്ചാലും ഈ ഉദാരതയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച മനുഷ്യസ്‌നേഹവും മായ്ച്ചുകളയാന്‍ കഴിയില്ല.

ജമാഅത്തെ ഇസ്ലാമി ഇന്ത്യയിലുടനീളം കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ചെയ്ത പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്? എവിടെയൊക്കെയാണ് കോവിഡ് ചികിത്സാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്?

കൊറോണാ വൈറസ് ഇന്ത്യന്‍ പട്ടണങ്ങളെ ആക്രമിച്ചു തുടങ്ങിയ ആദ്യ നാളുകളില്‍ അപ്രതീക്ഷിതമായി വന്ന ലോക്ക് ഡൗണ്‍ കാരണമായി പട്ടിണിയിലായ ജനങ്ങളെയും പലായനം ചെയ്തുകൊണ്ടിരുന്ന കുടിയേറ്റ തൊഴിലാളികളെയും സഹായിക്കുകയായിരുന്നു പ്രധാന പ്രവര്‍ത്തനം. നൂറു കോടിയിലധികം രൂപയുടെ സേവനപ്രവര്‍ത്തനങ്ങളാണ് അന്ന് ജമാഅത്തെ ഇസ്ലാമി വിവിധ സംസ്ഥാനങ്ങളില്‍ ചെയ്തിട്ടുള്ളത്. നമ്മുടെ പ്രവര്‍ത്തകരുടെയും വളന്റിയര്‍മാരുടെയും ആയിരക്കണക്കിന് പ്രവൃത്തി ദിനങ്ങളും ഇതിനായി ചെലവഴിച്ചു. എന്നാല്‍ രണ്ടാം തരംഗത്തില്‍ സേവന മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടായി. വിശദമായ കൂടിയാലോചനകളിലൂടെ എട്ട് മേഖലകളാണ് സേവനത്തിനായി നാം തെരഞ്ഞെടുത്തത്. പ്രസ്ഥാനവും അതിനോട് ചേര്‍ന്നു നില്‍ക്കുന്ന പോഷക സംവിധാനങ്ങളും എന്‍. ജി. ഒകളും എണ്ണയിട്ട യന്ത്രം പോലെ പരസ്പര ധാരണയോടെ പ്രവര്‍ത്തിച്ചത് ഈ ഒമ്പത് മേഖലകളിലായിരുന്നു.
ഒന്ന്, ചികിത്സാ സൗകര്യവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനുള്ള കേന്ദ്രങ്ങള്‍.
മഹാമാരിയുടെ ആഘാതം കടുക്കുമ്പോള്‍ ഓക്സിജന്‍, മരുന്ന്, ബെഡ്, വെന്റിലേറ്റര്‍ എന്നീ ആവശ്യങ്ങള്‍ ധാരാളമായി ഉയര്‍ന്നു വരും. സമാന്തരമായി ഇത്തരം സേവനങ്ങളും വസ്തുവകകളും ലഭിക്കുന്ന ഇടങ്ങളും ഉണ്ടാവും. ഇവയെ പരസ്പരം  ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനമാണ് ഇത്തരം സെന്ററുകള്‍ നടത്തുക. ചികിത്സാ സൗകര്യങ്ങള്‍ അന്വേഷിക്കുന്നവര്‍ക്ക് അവ ലഭ്യമാകുന്ന കേന്ദ്രങ്ങളിലേക്ക് എത്താനുള്ള സമയം ഓണ്‍ലൈന്‍ സേവനം വഴി പരമാവധി കുറക്കാന്‍ കഴിയുമെന്നതാണ് ഈ സേവനത്തിന്റെ ഗുണം. നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ ഇത്തരം സേവനങ്ങള്‍ക്കാവും. ആദ്യമായി ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ ഓഫീസില്‍ തന്നെ ഇത്തരം ഒരു സെന്റര്‍ സ്ഥാപിച്ചു. നാല്‍പ്പതിലധികം വളന്റിയര്‍മാരാണ് രാപ്പകലില്ലാതെ സേവനം ചെയ്തുകൊണ്ടിരുന്നത്. ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാനായതായി ഈ സെന്ററിന് നേതൃത്വം നല്‍കിയ എസ്.ഐ. ഒ അഖിലേന്ത്യ ഭാരവാഹികള്‍ പറയുന്നു. ഈ സെന്ററിന്റെ മാതൃകയില്‍ മിക്ക സംസ്ഥാനങ്ങളിലും  ഹെല്‍പ്പ് ഡെസ്‌കുകള്‍ സ്ഥാപിതമായിട്ടുണ്ട്.

രണ്ട്, ചികിത്സാ കേന്ദ്രങ്ങളുടെ നിര്‍മാണം.
ജമാഅത്തിനു കീഴില്‍ വിവിധ സംസ്ഥാനങ്ങളില്‍ ആശുപത്രികളും ക്ലിനിക്കുകളും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഈ സംവിധാനങ്ങളെ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാന്‍ പ്രാപ്തമാക്കുക എന്നതാണ് ഏറ്റവും പ്രധാനം. ബെഡുകള്‍, മരുന്നുകള്‍, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, സിലിണ്ടറുകള്‍, വെന്റിലേറ്ററുകള്‍, ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം എന്നിവ വര്‍ധിപ്പിക്കുകയാണ് ഇതിനുള്ള വഴി. നമ്മുടെ നേതൃത്വത്തിലല്ലാതെ നടക്കുന്ന ആതുര സേവന സ്ഥാപനങ്ങള്‍ക്കും ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. ആശുപത്രികളില്ലാത്തേടത്തും ഓക്സിജന്‍  പാര്‍ലറുകള്‍, ഫീല്‍ഡ് ആശുപത്രികള്‍, കോവിഡ് സെന്ററുകള്‍ എന്നിവ ആവശ്യവും സാധ്യതയുമനുസരിച്ച് സ്ഥാപിക്കാവുന്നതാണ്.
വിഷന്‍ 2026-ന്റെ നേതൃത്വത്തില്‍, ദല്‍ഹി ഓഖ്ലയില്‍ നടക്കുന്ന അല്‍ശിഫ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ നാല്‍പത് ബെഡുകളും അതിന് ആനുപാതികമായി ഐ. സി. യു, വെന്റിലേറ്റര്‍ സൗകര്യങ്ങളും കോവിഡ് രോഗികള്‍ക്കായി തയാറാക്കി. സൗകര്യം അപര്യാപ്തമായപ്പോള്‍ അമ്പത് ബെഡുള്ള ഒരു ഫീല്‍ഡ് ഹോസ്പിറ്റല്‍, ഡോ. ആസാദ് മൂപ്പന്‍ നേതൃത്വം നല്‍കുന്ന ആസ്റ്റര്‍ വളന്റിയേഴ്സിന്റെ സഹായത്തോടെ പ്രവര്‍ത്തനമാരംഭിച്ചു. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും സമാനമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു വരുന്നു. നാഗ്പൂരിലെ കോവിഡ് സെന്ററും ഹൈദറാബാദിലെ കോവിഡ് ആശുപത്രിയും ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ വന്‍ പദ്ധതികളാണ്.

മൂന്ന്, ഡോക്ടര്‍മാരുടെ ഹെല്‍പ്പ് ലൈന്‍  സംവിധാനം. 
മഹാമാരി ദുരിതം വിതറുമ്പോള്‍ അതിന് കീഴ്‌പ്പെടുന്നവര്‍ക്ക് മാത്രമല്ല, മറ്റു രോഗികള്‍ക്കും ആശുപത്രികളുമായും ഡോക്ടര്‍മാരുമായും നേരിട്ട് ബന്ധപ്പെടുക പ്രയാസമായിരിക്കും. അപ്പോള്‍ സേവനസന്നദ്ധരായ ഡോക്ടര്‍മാരുടെ ഒരു പൂള്‍ രൂപീകരിക്കുന്നു. നേരത്തേ പ്രസിദ്ധപ്പെടുത്തിയ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് രോഗികള്‍ വിളിക്കുന്നു. ഏത് ഡോക്ടറുടെ സേവനമാണോ ആവശ്യമുള്ളത് ആ ഡോക്ടര്‍ക്ക് കോള്‍ കണക്ട് ചെയ്യുകയോ ഡോക്ടറുടെ നമ്പര്‍ കൈമാറുകയോ ചെയ്യുന്നു. രോഗിയുമായോ ബന്ധുക്കളുമായോ ഡോക്ടര്‍ നേരില്‍ സംസാരിച്ച് ടെസ്റ്റ്, ചികിത്സ എന്നിവ നിര്‍ദേശിക്കുന്നു. പകര്‍ച്ചവ്യാധി പടരുന്നതു കാരണം ആശുപത്രിയിലെത്താന്‍ കഴിയാത്ത ആയിരക്കണക്കിന് രോഗികള്‍ക്ക് ഈ സേവനം പ്രയോജനപ്പെടും.  ടെലി കണ്‍സള്‍ട്ടിംഗ്, ഓണ്‍ലൈന്‍ ട്രീറ്റ്‌മെന്റ് തുടങ്ങിയവയുടെ വിശാല സാധ്യതകള്‍ ഈ സംവിധാനത്തിന് പ്രയോജനപ്പെടുത്താനാവും. ഇന്ത്യയില്‍ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും ഹെല്‍പ്പ് ലൈന്‍ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു.

നാല്, കൗണ്‍സലിംഗിനും സാന്ത്വനത്തിനുമുള്ള സംവിധാനം.
കോവിഡ് കാലത്ത് വളരെ അനിവാര്യമായ ഒരു സേവനമാണിത്. കോവിഡ് രോഗികളിലും അവരുടെ ബന്ധുക്കളിലും കണ്ടുവരുന്ന ആത്മവിശ്വാസമില്ലായ്മയാണ് വലിയ പ്രശ്നം. രോഗവും സാമ്പത്തികമായ തകര്‍ച്ചയും ബന്ധുക്കളുടെ അസാന്നിധ്യവും കാരണം അസാധാരണമായ ആകുലതകള്‍ പൊതുവെ സമൂഹത്തില്‍ പ്രകടമാണ്. ആത്മവിശ്വാസമില്ലായ്മ പ്രതിരോധ ശക്തിയെ പ്രതികൂലമായി ബാധിക്കും. പ്രതിരോധശക്തി കുറയുന്നതാകട്ടെ ഏതു രോഗവും ശരീരത്തിലേക്ക് കയറിവരാന്‍ വഴി കാണിക്കും. ഇന്ത്യയിലുടനീളം ഇത്തരം കൗണ്‍സലിംഗ് സെന്ററുകള്‍ ഓണ്‍ലൈന്‍ ആയും ഓഫ്ലൈന്‍ ആയും പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൗണ്‍സലിംഗ് നടത്തുന്നവര്‍ക്കായി സമഗ്രമായ ഒരു പരിശീലന പരിപാടി കഴിഞ്ഞ മാസം ജമാഅത്തെ ഇസ്ലാമിയുടെ ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്‌മെന്റ് വിഭാഗം സംഘടിപ്പിച്ചിരുന്നു.

അഞ്ച്, ബോധവത്കരണ കാമ്പയിന്‍.
കോവിഡ് പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ അകറ്റുക, അതു സംബന്ധമായ ഇസ്ലാമിക അധ്യാപനങ്ങള്‍ വ്യാപകമാക്കുക, പള്ളികളിലും മദ്‌റസകളിലും മറ്റു സാമൂഹിക സ്ഥാപനങ്ങളിലും  പാലിക്കേണ്ട മര്യാദകളെ കുറിച്ച് അറിവ് നല്‍കുക, രോഗലക്ഷണങ്ങള്‍ വരുമ്പോഴേക്കും ടെസ്റ്റ് നടത്താനും ചികിത്സ ഉറപ്പു വരുത്താനുമുള്ള പ്രേരണ നല്‍കുക തുടങ്ങിയ കാര്യങ്ങളിലാണ് ബോധവല്‍ക്കരണം ആവശ്യമുള്ളത്. ഈ ബോധവല്‍ക്കരണ ശ്രമങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളുമായി സഹകരിച്ച് തുടര്‍ന്നുകൊണ്ടിരിക്കേണ്ടതാണ്.

ആറ്, ഭക്ഷണത്തിന്റെയും മറ്റു അവശ്യ വസ്തുക്കളുടെയും ലഭ്യത ഉറപ്പു വരുത്താനുള്ള ശ്രമങ്ങള്‍. 
ഈ വിഷയത്തില്‍ വലിയ ട്രാക്ക് റെക്കോര്‍ഡുള്ള പ്രസ്ഥാനമാണ് നമ്മുടേത്. ജോലി നഷ്ടപ്പെട്ടവര്‍, ഉള്ള ജോലിക്കു തന്നെ പോകാന്‍ കഴിയാത്തവര്‍, ശമ്പളം വെട്ടിക്കുറക്കപ്പെട്ടവര്‍, പ്രവര്‍ത്തനം സ്തംഭിച്ചുപോയ വ്യവസായങ്ങളുടെ ഉടമകള്‍, രണ്ടും മൂന്നും താഴിട്ട് പൂട്ടിയ അങ്ങാടികളിലെ കച്ചവടക്കാര്‍, നിര്‍മാണ ജോലികള്‍ സ്തംഭിച്ചതു മൂലം പട്ടിണിയിലായ തൊഴിലാളികള്‍ ഇവരെല്ലാം മഹാമാരിയുടെ ആഘാതമേറ്റവരാണ്.

ഏഴ്, സര്‍ക്കാറുമായും സര്‍ക്കാര്‍ സംവിധാനങ്ങളുമായുമുള്ള ബന്ധം. 
ഈ ദുരന്തത്തെ നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വരെയുള്ള സംവിധാനങ്ങളുടെ ഉത്തരവാദിത്തത്തെ കുറിച്ച ഓര്‍മപ്പെടുത്തലുകള്‍, നമ്മുടെ സേവന സംരംഭങ്ങളെ പരിചയപെടുത്തല്‍, അതിനുള്ള നിയമപരവും സാമ്പത്തികവും ധാര്‍മികവുമായ പിന്തുണ ആവശ്യപ്പെടല്‍, സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തിന് നമ്മുടെ പിന്തുണയും സഹകരണവും ഉറപ്പുവരുത്തല്‍ എന്നിവ സാധിച്ചെടുക്കാന്‍ നിരന്തരമായ ബന്ധത്തിലൂടെ മാത്രമേ കഴിയൂ. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളോ സാമുദായിക വേര്‍തിരിവുകളോ ആദര്‍ശ സംഘര്‍ഷങ്ങളോ ഇങ്ങനെയുള്ള സഹകരണത്തിന് തടസ്സമാകാവതല്ല.

എട്ട്, രോഗികളെ സഹായിക്കാനുള്ള പ്രത്യേക സഹായനിധിയുടെ രൂപീകരണം. 
സാധ്യമായ സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും നിധികള്‍ സ്ഥാപിക്കണമെന്നും അവ കൃത്യമായി ഗുണഭോക്താക്കളിലേക്ക് എത്തിക്കാന്‍ ശ്രമിക്കണമെന്നും നിര്‍ദേശം നല്‍കിക്കഴിഞ്ഞിട്ടുണ്ട്. 

ഒമ്പത്, കോവിഡ് ബാധിതര്‍ മരണപ്പെട്ടാല്‍, മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള വിപുലമായ സംവിധാനങ്ങള്‍.
ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും ജമാഅത്തെ ഇസ്ലാമി ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ മത, ജാതി, സമുദായങ്ങളിലും പെട്ടവരുടെ മൃതദേഹങ്ങള്‍ കോവിഡ് പ്രൊട്ടോക്കോള്‍ അനുസരിച്ച്, അതത് മതാചാരപ്രകാരം തന്നെ സംസ്‌കരിക്കാന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ജമാഅത്ത് ചെയ്തിട്ടുള്ളത്. ഇതിന് ആവശ്യമായ പ്രത്യേക പരിശീലനം, ഈ രംഗത്ത് സേവനം ചെയ്യുന്ന ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഈ ദൗത്യം നിര്‍വഹിക്കുന്നത് ഐ.ആര്‍.ഡബ്ലിയു ആണ്. ഇതര സംസ്ഥാനങ്ങളില്‍ വിഷന്‍ 2026 - ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍ (എസ്.ബി.എഫ്) ഉള്‍പ്പെടെയുള്ള കൂട്ടായ്മകളാണ് ഈ രംഗത്ത് സേവനം ചെയ്യുന്നത്. ആയിരക്കണക്കിന് മൃതദേഹങ്ങളാണ് ഇങ്ങനെ ജമാഅത്ത് പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ സംസ്‌കരിച്ചിട്ടുള്ളത്.
കോവിഡ് കാലഘട്ടത്തെ അഭിമുഖീകരിക്കാനായി നാം രൂപപ്പെടുത്തിയിട്ടുള്ള ബൃഹദ് പദ്ധതിയുടെ സംക്ഷിപ്ത രൂപമാണ് മേല്‍ വിവരിച്ചത്. നമുക്ക് ചെന്നെത്താന്‍ കഴിയുന്ന എല്ലാ കോണുകളിലും ഇവ ഭംഗിയായി നടന്നുകൊണ്ടിരിക്കുന്നു.

ഈ മഹാമാരിയുടെ ദുരിതത്തില്‍ അകപ്പെട്ടു കഴിയുന്ന രാജ്യനിവാസികള്‍ക്ക് ജമാഅത്തെ ഇസ്ലാമിക്ക് നല്‍കാനുള്ള സന്ദേശം എന്താണ്?

കോവിഡിന്റെ രണ്ടാം തരംഗം ശക്തിപ്പെട്ടപ്പോള്‍ നമുക്കൊരു തിരിച്ചറിവുണ്ടായി. അതായത്, നമ്മുടെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും ആതുരശുശ്രൂഷാ സൗകര്യങ്ങളും വളരെ പരിമിതമാണ്. ഉള്ള സൗകര്യങ്ങള്‍ തന്നെ ലാഭക്കൊതിയന്മാരുടെ കച്ചവട കേന്ദ്രങ്ങളാണ്. പാവപ്പെട്ടവനില്‍ നിന്ന് ചികിത്സാ സൗകര്യങ്ങളിലേക്കുള്ള ദൂരം അനുദിനം വര്‍ധിച്ചുവരികയാണ്. അതിനാല്‍ തന്നെ നമ്മുടെ ആരോഗ്യ സംവിധാനം അടിമുടി ഉടച്ചുവാര്‍ക്കേണ്ടതുണ്ട്. സമൂഹത്തിലെ ഓരോ വ്യക്തിയെയും കുടുംബത്തെയും പ്രതിരോധ ശക്തിയുള്ളവരാക്കി മാറ്റാനുള്ള ജീവിതശൈലി പഠിപ്പിക്കേണ്ടതായിട്ടുണ്ട്. വര്‍ഗീയതയും സാമുദായിക ധ്രുവീകരണവും മാത്രം മതി അധികാരത്തിലേക്ക് കയറിപ്പറ്റാന്‍ എന്ന സ്ഥിതി മാറണം. രാജ്യത്തെ അവസാനത്തെ പൗരനും അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്ന ഒരു കാലത്തിനു വേണ്ടി, ഭയവും വിശപ്പും ഇല്ലാത്ത ഒരു ലോകത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരെയാണ് നാടിന്റെ നേതൃസ്ഥാനത്ത് പ്രതിഷ്ഠിക്കേണ്ടത്.
ഈ രോഗവും അത് സൃഷ്ടിച്ച പ്രതിസന്ധികളും മനുഷ്യന് അവന്റെ പരിമിതികളെ കുറിച്ച് ചിന്തിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. മനുഷ്യന് തന്റെ സ്രഷ്ടാവിനെ കുറിച്ച് ചിന്തിക്കാനും അവനിലേക്ക് കൂടുതല്‍ അടുക്കാനും ഇത് പ്രേരണയാകണം.  അവനെ സ്‌നേഹിക്കുകയും അവനില്‍ പ്രതീക്ഷയര്‍പ്പിക്കുകയും എല്ലാം അവനില്‍ ഭരമേല്‍പിക്കുകയും ചെയ്യുമ്പോഴേ നമുക്ക് ആശ്വാസവും സമാധാനവും കൈവരികയുള്ളൂ. ദൈവത്തിലേക്ക് മടങ്ങാനുള്ള ആഹ്വാനവും കൂടിയാണ് ഓരോ ദുരന്തവും.

ഇന്ത്യയിലെ, വിശേഷിച്ചും  കേരളത്തിലെ മുസ്ലിം സമൂഹത്തോട്, ജമാഅത്തിന് എന്താണ് പറയാനുള്ളത്? ഇസ്ലാമിക സമൂഹം ഇത്തരുണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?

ധാരാളം പാഠങ്ങള്‍ നല്‍കിയാണ് ഒന്നേകാല്‍ വര്‍ഷം കഴിഞ്ഞുപോയത്. ഇന്ത്യന്‍ സമൂഹത്തിന്റെ ശത്രുപക്ഷത്തേക്ക് മുസ്ലിം സമൂഹത്തെ മാറ്റിനിര്‍ത്താന്‍ ശ്രമിച്ച ഭരണാധികാരികളും മീഡിയയും പിന്നീട് സമുദായത്തിന്റെയും അതിന്റെ സംരംഭങ്ങളുടെയും സ്തുതിപാഠകരായി മാറുന്നത് നാം കണ്ടു. ഈ മാറ്റം കഠിനമായ പരിശ്രമത്തിലൂടെ ഉണ്ടാക്കിയെടുത്തിട്ടുള്ള മാറ്റമാണ്. ഇന്ത്യയിലെ ഭൂരിപക്ഷ സമൂഹം ഇനിയും വര്‍ഗീയവാദികളായി കഴിഞ്ഞിട്ടില്ല. ഭരണവര്‍ഗവും മീഡിയയും അടിച്ചേല്‍പ്പിക്കുന്ന വര്‍ഗീയ ബോധത്തെ മധുരമനോഹരങ്ങളായ അനുഭവങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് നമുക്ക് മറികടക്കാന്‍ കഴിയും.
നമ്മുടെ ചെറുപ്പക്കാര്‍ വൈറസിനെ കുറിച്ചും അതിന്റെ ഉല്‍പത്തിയെ കുറിച്ചും വ്യാപനത്തെ കുറിച്ചും കോവിഡ് പ്രോട്ടോക്കോളിലെ വിവേചനത്തെ കുറിച്ചും അവ നടപ്പാക്കുന്നതിലെ രാഷ്ട്രീയ - സാമുദായിക അജണ്ടകളെക്കുറിച്ചുമൊക്കെ നിരവധി ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. അവയെല്ലാം പ്രസക്തമായ ചോദ്യങ്ങളുമാണ്. ഉറക്കെയുറക്കെ ചോദിച്ചുകൊണ്ടിരിക്കേണ്ട ചോദ്യങ്ങള്‍. പക്ഷേ ആ ചോദ്യങ്ങളൊന്നും തന്നെ സൂക്ഷ്മത പാലിക്കാതിരിക്കാനുള്ള പ്രേരണയാകരുത്. പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ തടസ്സമാവുകയും അരുത്.
സമൂഹത്തില്‍ നിന്ന് മുസ്ലിംകളെ കുറിച്ച  വെറുപ്പും ഇസ്ലാമോഫോബിയയും നിഷ്‌കാസനം ചെയ്യാനുള്ള ഒരു സന്ദര്‍ഭവും നാം പാഴാക്കരുത്. അല്ലാഹുവിനെ കുറിച്ചും പ്രവാചകനെ കുറിച്ചും മധുരമായ അറിവുകളും അനുഭവങ്ങളും ജനങ്ങള്‍ക്ക് നല്‍കാനും സ്വയം അല്ലാഹുവില്‍ തവക്കുല്‍ ചെയ്യാനും നമുക്കാവണം. എങ്കിലേ നമുക്ക് അതിജയിക്കാന്‍ കഴിയുകയുള്ളൂ.
കോവിഡിന്റെ മൂന്നാം തരംഗവും വരുമെന്ന് കേള്‍ക്കുന്നു; അതിന്റെ ആഘാതം ഇതിലും കടുത്തതാകുമെന്നും. നമ്മുടെ കൊച്ചു കേരളം അത്തരമൊരു ആഘാതത്തെ നേരിടാന്‍ സജ്ജമായിട്ടുണ്ടോ എന്ന് നാം ആലോചിക്കണം. സര്‍ക്കാര്‍ പദ്ധതികളോടൊപ്പം തന്നെ കമ്മ്യൂണിറ്റി ഇനീഷ്യേറ്റീവിലൂടെ നാമും ഒരുങ്ങണം. എല്ലാ മുസ്ലിം സംഘടനകളും പരസ്പര ധാരണയോടു കൂടി വിഭവങ്ങള്‍ ശേഖരിക്കുകയും വിനിയോഗിക്കുകയും ചെയ്യുകയാണെങ്കില്‍ കേരളീയ സമൂഹത്തിന് നല്‍കുന്ന വലിയ ഒരാശ്വാസമായിരിക്കുമത്. കേരളത്തില്‍ വര്‍ധിച്ചുവരുന്ന സാമൂഹിക വിടവുകള്‍ നികത്താന്‍ ഏറെ സഹായകമാവുമത്. ഈ വിഷയത്തില്‍ പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ മുന്‍കൈയില്‍ നടക്കുന്ന ശ്രമങ്ങള്‍ വളരെ  ഫലപ്രദമായിരിക്കുമെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയാന്‍ കഴിയും. ഈ ഭൗതിക  സംവിധാനങ്ങളെല്ലാം പ്രശ്നത്തെ അഭിമുഖീകരിക്കുന്നതിന്റെ  ഒരു വശം മാത്രമാണ്. പ്രാര്‍ഥനയാണ് പ്രശ്നപരിഹാരത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം. നമുക്ക് പ്രാര്‍ഥിക്കാം; അല്ലാഹുവേ, ഞങ്ങളെയും ഞങ്ങളുടെ കുടുംബാംഗങ്ങളെയും രാജ്യനിവാസികളെയും, ലോകത്തെയും ഈ മഹാമാരിയില്‍നിന്ന് രക്ഷിക്കേണമേ - ആമീന്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (18-23)
ടി.കെ ഉബൈദ്‌