ഒരു ജമാഅത്തെ ഇസ്‌ലാമിക്കാരന്റെ ജീവിതം
മലപ്പുറം ജില്ലയിലെ മമ്പുറം സ്വദേശി പറമ്പില്‍ കുഞ്ഞലവി സാഹിബിന്റെ വേര്‍പാടോടെ, നിസ്വാര്‍ഥനായ ഒരു പ്രബോധകനെയും സമര്‍പ്പിതമനസ്‌കനായ ഒരു മുഴുസമയ പ്രവര്‍ത്തകനെയുമാണ് കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന് വിനഷ്ടമായത്.
1989-ന്റെ അവസാന പാതിയിലാണ് കുഞ്ഞലവി സാഹിബുമായുള്ള അനവദ്യ സൗഹൃദം ആരംഭിക്കുന്നത്. ജിദ്ദയില്‍, റുവൈസില്‍, ശര്‍ബ്ബത്തലി വില്ലാ കോമ്പൗണ്ടിലെ അല്‍പം പഴക്കം ചെന്ന വില്ലകളിലൊന്നില്‍ ഞങ്ങള്‍ ഏതാനും ജമാഅത്ത് പ്രവര്‍ത്തകര്‍, പ്രാസ്ഥാനിക ലക്ഷ്യങ്ങളോടെ ഹൃദ്യമായ കൂട്ടുജീവിതം ആരംഭിച്ച കാലം. പടര്‍ന്നുപന്തലിച്ച വേപ്പുമരങ്ങള്‍ തണലിട്ട, ശാന്തജീവിതത്തിനും ഗൃഹ പഠനങ്ങള്‍ക്കും പരിമിത വിനോദങ്ങള്‍ക്കും പറ്റിയ നല്ലൊരു ഇടം.
1970-ല്‍ വീട്ടുതടങ്കലില്‍ നിര്യാതനായ, ഇന്തോനേഷ്യയുടെ പ്രഥമ പ്രസിഡന്റ് സുകാര്‍ണോ, തന്റെ അധികാരാഹ്ലാദത്തിന്റെ ആദ്യവേളയില്‍, അന്നു സുഊദി തലസ്ഥാനമായിരുന്ന ജിദ്ദ സന്ദര്‍ശിച്ചപ്പോള്‍ സമ്മാനിച്ചതായിരുന്നത്രെ ഇലത്തഴപ്പുള്ള ഈ വേപ്പുമരത്തൈകള്‍.
ഞങ്ങളുടെ വില്ലയുടെ എതിര്‍വശത്തുള്ള വില്ലയിലായിരുന്നു ഏതാനും സഹജോലിക്കാരോടൊപ്പം കുഞ്ഞലവി സാഹിബിന്റെ താമസം. ജോലികഴിഞ്ഞെത്തുന്നതോടെ, കുളിച്ചു വൃത്തിയായി, വരാന്തയിലേക്ക് ഇറങ്ങിയിരുന്നു കുറേ നേരം ഖുര്‍ആന്‍ പാരായണത്തിലും മാലമൗലിദുകള്‍ ചൊല്ലുന്നതിലും വ്യാപൃതനായിരുന്ന ആ സാധാരണ മനുഷ്യന്‍ ഞങ്ങള്‍ക്ക് പതിവുകാഴ്ചയായിരുന്നു. അദ്ദേഹത്തെ മുന്‍പരിചയമുള്ളവര്‍ ആരും ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ റമദാന്‍ കാലം വന്നെത്തി. എല്ലാ ദിവസവും വ്രതഭഞ്ജനത്തിനു തൊട്ടുമുമ്പുള്ള ഏതാനും സമയം, വില്ലയില്‍ ഖുര്‍ആന്‍ പഠന-പാരായണ സദസ്സ് സംഘടിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അദ്ദേഹത്തെയും ക്ഷണിച്ചു. നിത്യവും അദ്ദേഹം സദസ്സില്‍ ഭക്തിപൂര്‍വം പങ്കെടുത്തു. മമ്പുറം മഖാമിലെ ഖുര്‍ആന്‍ ഓത്തുകാരില്‍ ഒരാളായിരുന്നു തന്റെ പിതാവ് എന്ന് പരേതന്‍ പറഞ്ഞതായി ഓര്‍ക്കുന്നു. വില്ലയില്‍ നടക്കുന്ന പ്രാസ്ഥാനിക പരിപാടികളെ കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. അവയിലെല്ലാം അന്വേഷണ തൃഷ്ണയോടെ പങ്കെടുക്കാന്‍ തുടങ്ങി. പ്രത്യേകിച്ചും വിഷയാധിഷ്ഠിതമായ ദൈ്വവാര ക്ലാസുകളില്‍.
റബീഉല്‍ അവ്വല്‍ മാസം കടന്നുവന്നു. അദ്ദേഹം എന്നോട് പറഞ്ഞു:
'നമുക്ക് റസൂലിനെ അനുസ്മരിക്കുന്ന ഒരു നല്ല ആഘോഷ പരിപാടി വേണം.'
ഞാന്‍ അദ്ദേഹത്തെ അടുത്തിരുത്തിക്കൊണ്ട് ചോദിച്ചു: 'താങ്കള്‍ക്ക് ഓര്‍മയില്ലായിരിക്കാം, എങ്കിലും ജനിച്ചു വീണപ്പോള്‍ താങ്കളുടെ ഇരു കാതുകളിലും കേള്‍പ്പിക്കപ്പെട്ട ആദ്യ മനുഷ്യനാമം ഏതായിരുന്നു?'
'മുത്ത് റസൂലിന്റെ.'
'അഞ്ചു നേരത്തെ നമസ്‌കാരങ്ങള്‍ക്ക് വേണ്ടിയുള്ള ബാങ്കുകളിലും പിന്നെയുള്ള പ്രാര്‍ഥനയിലും, ഇഖാമത്തിലും തുടര്‍ന്നുള്ള നമസ്‌കാരത്തിനകത്തും, ഏത് മനുഷ്യനാമമാണ് താങ്കള്‍ ഭക്തിപൂര്‍വം ഉച്ചരിക്കാറുള്ളത്?'
'മുത്ത് റസൂലിന്റെ.'
'ദിനംതോറും നിര്‍ബന്ധ നമസ്‌കാരങ്ങള്‍ മാത്രം നിര്‍വഹിക്കുന്ന ഒരാള്‍ എത്ര തവണ പ്രവാചക നാമം ഉച്ചരിക്കുന്നുണ്ടെന്ന് താങ്കള്‍ എണ്ണിനോക്കിയിട്ടുണ്ടോ? തിരക്കുപിടിച്ച ജീവിതത്തിലൊരു വേളയിലും റസൂലിനെ വിസ്മരിക്കാതിരിക്കാന്‍ ഇസ്‌ലാം പഠിപ്പിച്ച നടപടികള്‍ ആണിതെല്ലാം. അതുകൊണ്ട് 'റസൂലിനെ ഓര്‍ക്കാന്‍' എന്ന് താങ്കള്‍ പറയരുത്. പകരം ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന മേഖലകളില്‍, റസൂല്‍ എന്ത് മാതൃകകളാണ് കാഴ്ചവെച്ചിട്ടുള്ളത് എന്ന് ഓരോന്നായി നമുക്ക് പഠിച്ചുകൊണ്ടേയിരിക്കാം. അത് നബിദിനാഘോഷവേളയില്‍ മാത്രമല്ല. എന്നുവെച്ച് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയിലും പ്രവാചകന്‍ വന്നുനിറയുന്ന ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ആരും ഒരു അനുസ്മരണ പരിപാടിയും നടത്തിക്കൂടാ എന്നുമല്ല പറഞ്ഞതിനര്‍ഥം.' അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
'എനിക്ക് കൂടുതല്‍ പഠിക്കണം, എന്താണ് വഴി?'
'വായന.'
വില്ലയില്‍ സംവിധാനിച്ചിരുന്ന കൊച്ചു ലൈബ്രറിയിലെ പുസ്തകങ്ങള്‍ അദ്ദേഹം വായിച്ചു തുടങ്ങി. ഒരു ദിവസം എന്നോട് പറഞ്ഞു: 'ഐ.പി.എച്ച് ഇന്നു വരെ പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളും നാട്ടിലുള്ള എന്റെ വീട്ടില്‍ എത്തിച്ചുതരാന്‍ വല്ല വഴിയും ഉണ്ടോ?' പ്രസ്തുത ആവശ്യം ഗൗരവത്തില്‍ എടുത്ത് താമസിയാതെ പുസ്തകങ്ങള്‍ എത്തിച്ചുകൊടുത്തു.
സഹോദര സമുദായാംഗങ്ങളുമായി മൈത്രീബന്ധം സ്ഥാപിക്കുന്നതും, അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതും, അവര്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതും ഒരു മുസ്‌ലിമിന്റെ മുഖ്യ ചുമതലയാണ് എന്നദ്ദേഹം ആവര്‍ത്തിച്ചു പറയുമായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ ക്ഷണമനുസരിച്ച് സകുടുംബം വീട്ടില്‍ ചെന്നപ്പോള്‍ പറഞ്ഞു; 'എന്റെ ഈ വീടിനു ചുറ്റും നടന്നെത്താവുന്ന ദൂരെയുള്ള എല്ലാ സഹോദര സമുദായാംഗങ്ങളുടെ വീടുകളിലും ഞാന്‍ കയറിച്ചെന്നു. അവരോട് നന്നായി സംസാരിച്ചു. ഇസ്‌ലാമിനെക്കുറിച്ച് പറഞ്ഞു. എന്തൊരു സന്തോഷകരമായ അനുഭവം ആയിരുന്നെന്നോ! അവര്‍ വീണ്ടും വീണ്ടും എന്നെ വീട്ടിലേക്ക് ക്ഷണിച്ചു.'
ജിദ്ദാ സീ പോര്‍ട്ടിലെ ഒരു കാന്റീനില്‍ ആയിരുന്നു അദ്ദേഹത്തിന് ജോലി. ഒരു ദിവസം ഒരു എഴുത്ത് അറബിയിലേക്ക് പരിഭാഷപ്പെടുത്താന്‍ കൊണ്ടുവന്നു:
'ആദരണീയനായ കഫീല്‍ അവര്‍കള്‍ക്ക്.
താങ്കളുടെ ജോലിക്കാരനായ കുഞ്ഞലവി എഴുത്ത്.
കാന്റീനില്‍ ജോലിചെയ്യവെ, ഭക്ഷണ വേളകളില്‍ അവിടെനിന്ന് ചിലതെല്ലാം എടുത്തു കഴിക്കാറുണ്ട്. അതിനു എനിക്ക് താങ്കള്‍ അനുവാദം തന്ന ഒരു രേഖയും എന്റെ പക്കലില്ല. താങ്കള്‍ക്കത് ഇഷ്ടമല്ലെങ്കില്‍ ഉടനെ അറിയിക്കണം. ഇതുവരെയുള്ളത് പൊറുത്തുതരികയും വേണം.'
സമാനമായ സംഭവങ്ങള്‍ ഇനിയുമെത്രയോ മനതാരില്‍ തെളിഞ്ഞുവരുന്നു. എന്നാല്‍ കുഞ്ഞലവി സാഹിബ് പ്രസ്ഥാനത്തിന് അകത്തോ പുറത്തോ എന്തെങ്കിലും സ്ഥാനമാനങ്ങള്‍ വഹിച്ചിരുന്നില്ല. തനി സാധാരണക്കാരന്‍. പക്ഷേ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഒട്ടനേകം പേരുടെ ഹൃദയാന്തരാളങ്ങളില്‍ നിത്യഭാസുരമായ പദവി അദ്ദേഹം നേടിയെടുത്തിരുന്നു. കേരള ജമാഅത്ത് നേതാക്കള്‍ക്ക് അദ്ദേഹത്തോട് അടുത്ത ബന്ധമുണ്ടായിരുന്നു. ഇത്രയും എഴുതിയത് കുഞ്ഞലവി സാഹിബിനെ പക്ഷപാതിത്വത്തോടെ പൊലിപ്പിച്ചുകാണിക്കാനല്ല. മറിച്ച്, ഈ ജനുസ്സിലുള്ള അനേകായിരം സാധാരണ പ്രവര്‍ത്തകരുടെ സംഘാതമാണ് ജമാഅത്തെ ഇസ്‌ലാമി എന്ന് പറയാനാണ്. അവര്‍ എല്ലാ തരത്തിലുമുള്ള വര്‍ഗീയ വിഭാഗീയതകള്‍ക്കും അതീതരായി വളര്‍ത്തപ്പെട്ടവരാണ്. പ്രചരിപ്പിക്കപ്പെടുന്നതുപോലെ മൊത്തമായോ ചില്ലറയായോ ആരെയെങ്കിലും ഏറ്റെടുത്ത് നാടിനെ ജനാധിപത്യ മതേതര വിരുദ്ധതയിലേക്ക് നയിക്കാന്‍ ഒളിയജണ്ട തീര്‍ത്തവരാരും അവരുടെ കൂട്ടത്തില്‍ ഇല്ല. ഉറച്ച ദൈവവിശ്വാസികളായ ജമാഅത്തുകാര്‍ ഇന്ന് ജാഗ്രതയോടെ കാവലിരിക്കുന്നത്, താല്‍ക്കാലിക ലാഭങ്ങള്‍ക്ക് വേണ്ടി, ആരെങ്കിലും ബഹുസ്വര സൗഹൃദത്തിന്റെ കണ്ണി തകര്‍ക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണ് എന്നു പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കുന്നത് കുഞ്ഞലവി സാഹിബിനോടുള്ള ആദരവ് കൂടിയാണെന്ന് കരുതുന്നു.
എം.വി മുഹമ്മദ്
എന്റെ സഹോദരന്‍ എം.വി മുഹമ്മദ് (മമ്മദ് സാര്‍) പെരുമ്പാവൂരിലെ സാമൂഹിക രംഗത്ത് സജീവമായിരുന്നു. പുളിയനം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച മുഹമ്മദ് സാര്‍ വാഴമ്പാലൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍, വാഴക്കുളം തന്റെ മാതൃസ്ഥാപനമായ പെരുമ്പാവൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍, വാഴക്കുളം എച്ച്.എസ് ഓടക്കാലി, മുടിക്കല്‍, കണ്ടന്തറ പെരിങ്ങാല ഐ.ടി.സി എന്നിവിടങ്ങളില്‍ ജോലി ചെയ്തു. എം.എം.എച്ച്.എസ് കൊച്ചി അല്‍ മജ്ദ് സ്‌കൂള്‍ ദുബൈ എന്നിവിടങ്ങളില്‍ ഡെപ്യൂട്ടേഷനില്‍ സേവനം ചെയ്ത ശേഷം തിരിച്ചു വന്ന് വടാട്ടുപാറ എച്ച്.എസില്‍നിന്നും റിട്ടയര്‍ ചെയ്തു. പെരുമ്പാവൂരിലെ തന്റെ വസതിയില്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ട്യൂഷന്‍ നല്‍കിയിരുന്നു. പെരുമ്പാവൂര്‍ മക്കാ ട്രസ്റ്റ്, പെരുമ്പാവൂര്‍ ഫ്രൈഡേ ക്ലബ്, മൂര്‍ക്കടാ ഫാമിലി വെല്‍ഫെയര്‍ ട്രസ്റ്റ് എന്നിവയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ധാരാളം ശിഷ്യഗണങ്ങളുണ്ടായിരുന്ന അദ്ദേഹം ജമാഅത്തെ ഇസ്‌ലാമി പെരുമ്പാവൂര്‍ കാര്‍കുന്‍ ഹല്‍ഖാ അംഗമാണ്.
എം.വി മൊയ്തീന്‍
മൈതീന്‍ കുഞ്ഞ് ഉസ്താദ്
കുളത്തൂപ്പുഴക്കാരുടെ പ്രിയങ്കരനായിരുന്നു മൈതീന്‍ കുഞ്ഞ് ഉസ്താദ്. നാട്ടിലെ മൂന്ന് തലമുറക്ക് ദീനീവിജ്ഞാനം പകര്‍ന്നുനല്‍കിയ അദ്ദേഹം പ്രദേശത്തെ മുതിര്‍ന്ന ഇസ്‌ലാമിക പ്രവര്‍ത്തകരില്‍ മിക്കവരുടെയും ഗുരുവാണ്.
ജന്മം കൊണ്ട് അദ്ദേഹം തിരുവനന്തപുരം ജില്ലയിലെ ചുള്ളിമാനൂര്‍ വഞ്ചുവം സ്വദേശിയാണ്. കര്‍മം കൊണ്ട് കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിലും കടയ്ക്കലിലും നിറഞ്ഞുനിന്നു. പള്ളിദര്‍സ് വിദ്യാഭ്യാസത്തിനു ശേഷം മുസ്‌ലിം ജമാഅത്ത് മദ്റസയിലെ അധ്യാപകനായിട്ടാണ് 1960-കളില്‍ അദ്ദേഹം കുളത്തൂപ്പുഴയില്‍ വന്നത്. പല വിഷയങ്ങളിലും ഉല്‍പതിഷ്ണുവായിരുന്ന അദ്ദേഹം നാലു വര്‍ഷത്തോളം നീണ്ട മദ്റസാ അധ്യാപനം മതിയാക്കി നാട്ടിലേക്ക് പോയി.
പില്‍ക്കാലത്ത് കടയ്ക്കലില്‍നിന്ന് വിവാഹം ചെയ്ത് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. കടയ്ക്കല്‍ ടൗണില്‍ ഷാജി ഹോട്ടല്‍ എന്ന പേരില്‍ റസ്റ്റോറന്റ് നടത്തിവന്നു.
ഡോ. എം.എസ് മൗലവിയുടെ നേതൃത്വത്തില്‍ കടയ്ക്കലില്‍ ജമാഅത്ത് ഘടകം രൂപീകരിക്കപ്പെട്ടപ്പോള്‍ എം.എസിന്റെ വലംകൈയായി. സംഘാടകനും പ്രവര്‍ത്തകനുമായി മുന്‍നിരയില്‍ നിലയുറപ്പിച്ചു. 35 വര്‍ഷം അധ്യാപനരംഗത്തില്ലായിരുന്ന അദ്ദേഹം, ജമാഅത്ത് ഫുള്‍ടൈം പ്രവര്‍ത്തകനായിരുന്ന ഈയുള്ളവന്റെ സ്നേഹപൂര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പ്രസ്ഥാനത്തിന്റെ മേഖലാ കേന്ദ്രമായിരുന്ന ടൗണ്‍ മസ്ജിദില്‍ ഇമാമും മദ്റസാ അധ്യാപകനുമായി വീണ്ടും കുളത്തൂപ്പുഴയില്‍ വന്നത്.
1995 മുതല്‍ 2006 വരെ പള്ളിയിലും മദ്റസയിലും ഫീല്‍ഡിലും ദീനീ- പ്രാസ്ഥാനിക സേവനങ്ങളില്‍ നിറഞ്ഞുനിന്നു. ഞങ്ങള്‍ ഒന്നിച്ച് കിഴക്കന്‍ മലയോരപ്രദേശങ്ങളില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
പാലോടിനടുത്തുള്ള ജവഹര്‍ കോളനിയിലെ മസ്ജിദില്‍ അദ്ദേഹം ജുമുഅ ഖുത്വ്ബയും നിര്‍വഹിച്ചിരുന്നു. കുളത്തൂപ്പുഴയിലെ സേവനത്തിനു ശേഷം മുള്ളിക്കാട് മരുക്കുമണ്‍, കടയ്ക്കല്‍ എന്നിവിടങ്ങളില്‍ അദ്ദേഹം മദ്റസ നടത്തിയിരുന്നു. മകള്‍ക്കു വേണ്ടി അദ്ദേഹം തുടങ്ങിക്കൊടുത്ത മദ്റസ മകള്‍ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നു. മദ്റസയില്‍ പഠിപ്പിച്ചുകൊണ്ടിരിക്കെ പക്ഷാഘാതം വന്നാണ് അദ്ദേഹം കിടപ്പിലായത്. തനിക്ക് ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങള്‍ ആരുടെ മുന്നിലും ധീരമായി അവതരിപ്പിച്ചു.
ഭാര്യ പരേതയായ ജമീല. മക്കള്‍: ഷാജി (മാധ്യമം), റജുല, നിജാം, നുജൂം. മക്കളും കുടുംബവും പ്രസ്ഥാന പാതയിലുണ്ട്.
എം.എം ഇല്‍യാസ് കുളത്തൂപ്പുഴ
Comments