അലി ബൂമിഞ്ചല്‍ ആത്മഹത്യ ചെയ്യുകയായിരുന്നില്ല
1962-ല്‍ അള്‍ജീരിയ ഫ്രഞ്ച് അധിനിവേശത്തില്‍നിന്ന് മുക്തമായതിനു ശേഷം രൂപീകരിക്കപ്പെട്ട ഏതാണ്ടെല്ലാ മന്ത്രിസഭകളിലും വസാറത്തുല്‍ മുജാഹിദീന്‍ (മുജാഹിദീന്‍ മന്ത്രാലയം) എന്നൊരു വകുപ്പുണ്ട്. വസാറതുല്‍ മുജാഹിദീന്‍ വ ദവില്‍ ഹുഖൂഖ് എന്നാണ് മുഴുവന്‍ പേര്. അത് ഇന്നുമുണ്ട്. വിചിത്രമെന്ന് തോന്നാവുന്ന ഇങ്ങനെയൊരു മന്ത്രാലയം മറ്റൊരു രാജ്യത്തും ഉണ്ടാകാന്‍ ഇടയില്ല. മുജാഹിദീന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഫ്രഞ്ച് അധിനിവേശത്തിനെതിരെ അടരാടിയ പോരാളികളെയാണ്. ആ സ്വാതന്ത്ര്യസമരസേനാനികളെക്കുറിച്ച് പഠിക്കാനും അവരില്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് അവകാശങ്ങള്‍ ലഭ്യമാക്കാനുമാണ് ഈ മന്ത്രാലയം. ഏഴ് പതിറ്റാണ്ട് കാലം ഇങ്ങനെയൊരു വകുപ്പ് നിലര്‍ത്തിപ്പോരേണ്ട കാര്യമെന്ത് എന്ന് ന്യായമായും ചോദിക്കാം. കാരണം അത്രക്ക് ഭീകരമായിരുന്നു അള്‍ജീരിയയിലെ ഫ്രഞ്ച് കൊളോണിയലിസം. അതിനെതിരെയുള്ള പോരാട്ടത്തില്‍ ഇരുപത് ലക്ഷം അള്‍ജീരിയക്കാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാവുമെന്നാണ് ഏകദേശ കണക്ക്. പരിക്കേറ്റ ലക്ഷങ്ങള്‍ വേറെയും. കാണാതായ ധാരാളം പേരെക്കുറിച്ച് ഇന്നും യാതൊരു വിവരവുമില്ല. ഇവരെക്കുറിച്ച അന്വേഷണം മന്ത്രാലയത്തിന്റെ ഒരു പ്രധാന ചുമതലയാണ്. ഈ വകുപ്പിന്റെ മന്ത്രി ത്വയ്യിബ് സൈത്തൂനി 2018-ല്‍ നടത്തിയ ഒരു പ്രസ്താവനയില്‍ 2100 രക്തസാക്ഷികളെക്കുറിച്ച് ഇപ്പോഴും ഒരു വിവരവുമില്ലെന്നും അവരെ മറമാടിയ സ്ഥലം കണ്ടെത്താനായിട്ടില്ലെന്നും പറഞ്ഞിരുന്നു.
ഇതെല്ലാം വീണ്ടും ഓര്‍ക്കാന്‍ കാരണം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഈയിടെ നടത്തിയ ഒരു കുറ്റസമ്മതമാണ്. അള്‍ജീരിയന്‍ സ്വാതന്ത്ര്യസമര നായകരിലൊരാളും സമര പോരാളികള്‍ക്ക് വേണ്ടി അള്‍ജീരിയക്കകത്തും പുറത്തും നിയമപോരാട്ടം നടത്തിയ മികച്ച അഭിഭാഷകനുമായിരുന്ന അലി ബൂമിഞ്ചല്‍ ആത്മഹത്യ ചെയ്യുകയായിരുന്നില്ല, അദ്ദേഹത്തെ ഫ്രഞ്ച് സേന പീഡിപ്പിച്ചു കൊല്ലുകയായിരുന്നു എന്നാണ് മാക്രോണ്‍ പറഞ്ഞത്. ബൂമിഞ്ചലിന്റെ പേരക്കുട്ടികളെ തന്റെ ഔദ്യോഗിക വസതിയില്‍ വിളിച്ചു വരുത്തിയായിരുന്നു കുറ്റസമ്മതം. ഈ വിവരം നേരത്തേ പുറത്തു വന്നതാണ്. ഔദ്യോഗികമായി പുറത്തുവിട്ടത് ഇപ്പോഴാണെന്നു മാത്രം. അധിനിവേശ കൊടും ക്രൂരതകള്‍ക്ക് നേതൃത്വം നല്‍കിയ ജനറല്‍ പോള്‍ ഒസാരീസ് (Paul Aussaresses) 2000-ല്‍ തന്റെ ആത്മകഥ പ്രസിദ്ധീകരിച്ചപ്പോള്‍ ഇത് വെളിപ്പെടുത്തിയിരുന്നു. അതുവരെ ഉണ്ടായിരുന്ന ഫ്രഞ്ച് ഭാഷ്യം ബൂമിഞ്ചല്‍ കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു എന്നായിരുന്നു. യഥാര്‍ഥത്തില്‍, 1955-ല്‍ സ്വാതന്ത്ര്യസമരപ്പോരാട്ടങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചു തുടങ്ങിയ ബൂമിഞ്ചലിനെ 1957-ല്‍ ഫ്രഞ്ച് സേന പിടികൂടുകയും ഒരു മാസം കഠിനമായി പീഡിപ്പിച്ച ശേഷം ആ വര്‍ഷം മാര്‍ച്ച് ഇരുപത്തിമൂന്നിന് ആറു നില കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേക്ക് എറിയുകയുമായിരുന്നു. ഇന്നും മാര്‍ച്ച് 23-നാണ് ബൂമിഞ്ചലിനെ അനുസ്മരിച്ച് അള്‍ജീരിയയില്‍ അഭിഭാഷകദിനം കൊണ്ടാടുന്നത്.
1957-ല്‍ തന്നെയാണ് ഫ്രഞ്ച് ഗണിതശാസ്ത്ര അധ്യാപകനും കമ്യൂണിസ്റ്റുകാരനുമായ മോറിസ് ഓഡിന്‍ (Maurice Audin) അള്‍ജീരിയന്‍ സമരം നടക്കുന്നതിനിടെ അപ്രത്യക്ഷനായത്. അദ്ദേഹത്തെയും ഇതുപോലെ പീഡിപ്പിച്ചു കൊല്ലുകയായിരുന്നു. പേക്ഷ ഫ്രഞ്ച് അധികൃതര്‍ മൗനം പാലിച്ചു. ഓഡിന്റെ വിധവ നിരവധി നിയമപോരാട്ടങ്ങള്‍ നടത്തി. അദ്ദേഹത്തിന്റെ മകള്‍ ഭരണകൂടം നല്‍കിയ ബഹുമതികള്‍ തിരസ്‌കരിച്ചു. ഒടുവില്‍ പതിറ്റാണ്ടുകള്‍ കഴിഞ്ഞ് 2018-ല്‍ മാക്രോണ്‍ തന്നെയാണ് ഓഡിനെ പീഡിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. കുടുംബത്തോട് മാപ്പു ചോദിക്കുകയും ചെയ്തു. ഇതും ഇതുപോലുള്ള യുദ്ധക്കുറ്റകൃത്യങ്ങളും കുടുംബങ്ങളോട് മാപ്പു ചോദിക്കേണ്ട വിഷയങ്ങളല്ല. ആ രാജ്യത്തോടാണ് ഫ്രാന്‍സ് മാപ്പു ചോദിക്കേണ്ടിയിരുന്നത്. അത് ഇതുവരെ ചെയ്തിട്ടുമില്ല.
'ഓറ' - സ്ത്രീത്വത്തിന്റെ തേജോവലയം
അൗൃമ എന്ന് പേരിട്ട ഇംഗ്ലീഷ് വനിതാ ഡിജിറ്റല്‍ മാഗസിന്‍ ആദ്യ ലക്കം മാര്‍ച്ച് ആദ്യവാരത്തില്‍ പുറത്തിറങ്ങി. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം പ്രവര്‍ത്തകരാണ് ഇതിന്റെ അണിയറയില്‍. പ്രമുഖ ആരോഗ്യ പ്രവര്‍ത്തക ഡോ. സില്‍വിയ കര്‍പഗം ഓണ്‍ലൈന്‍ സംഗമത്തില്‍ വെച്ച് മാഗസിന്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അധ്യക്ഷന്‍ സയ്യിദ് സആദത്തുല്ല ഹുസൈനി മാഗസിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിവരിച്ചു: ഈ മാഗസിന് സ്ത്രീ സമൂഹത്തില്‍ വലിയൊരു റോള്‍ നിര്‍വഹിക്കാനുണ്ട്. അതിന്റെ ആദ്യ ലക്കം തന്നെ അതിന് തെളിവാണ്. സ്ത്രീസമൂഹത്തെ ധാര്‍മികമായി സംസ്‌കരിക്കുന്നതോടൊപ്പം അവരുടെ മുഴുവന്‍ കഴിവുകളും സമൂഹത്തിന് പ്രയോജനകരമാംവിധം പുറത്തു കൊണ്ടു വരാനും ഈ സംരംഭത്തിന് കഴിയണം. ഓറ എന്ന പേര് സൂചിപ്പിക്കുന്നതു പോലെ സ്ത്രീക്കു ചുറ്റുമുള്ള മനോഹരമായ തേജോ വലയത്തിന്റെ പ്രകാശനവും പ്രതിനിധാനവുമാണിത്. സ്ത്രീയായിരിക്കുന്നതില്‍ പൂര്‍ണ ആത്മവിശ്വാസമുള്ള സ്ത്രീസമൂഹത്തിനാണ് ആ തേജോവലയമുണ്ടാവുക. പാരമ്പര്യ സമൂഹങ്ങളില്‍ സ്ത്രീക്ക് പ്രത്യേക റോളൊന്നും നിര്‍വഹിക്കാനില്ലെന്ന സ്ഥിതിയാണ്. അത്തരം സമൂഹങ്ങള്‍ അവളെ കീഴ്‌പ്പെടുത്തുകയും അവളുടെ വ്യക്തിത്വവും സ്വാതന്ത്ര്യവും കവര്‍ന്നെടുത്ത് അവളെ പുരുഷാധിപത്യത്തിന്റെ ഇരുണ്ട അറകളില്‍ തളച്ചിടുകയും ചെയ്യുന്നു. ആധുനികതയും മറ്റൊരു തരത്തില്‍ പുരുഷാധിപത്യ പ്രവണതകളെ അരക്കിട്ടുറപ്പിക്കുകയാണ് ചെയ്തത്. സ്ത്രീയെ വ്യാജ സ്വാതന്ത്ര്യത്തിന്റെ തടവിലിടുകയായിരുന്നു ആധുനികത. ഈ രണ്ടു തരം ചൂഷണങ്ങളില്‍നിന്നും അടിമത്തങ്ങളില്‍നിന്നും സ്ത്രീത്വത്തെ മോചിപ്പിച്ച് അവരെ യഥാര്‍ഥ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുക എന്നതായിരിക്കണം ഇത്തരം വനിതാ മാഗസിനുകളുടെ ലക്ഷ്യം.
മാസികയുടെ പ്രകാശനകര്‍മം നിര്‍വഹിച്ച ഡോ. സില്‍വിയ, മഹാമാരിക്കാലത്തു പോലും ആരോഗ്യമേഖല വര്‍ഗീയവത്കരിക്കപ്പെട്ടതും മീഡിയ അതേറ്റെടുത്തതും പരാമര്‍ശിച്ചുകൊണ്ട് അത്തരം മീഡിയാ പ്രവര്‍ത്തനത്തിന് തിരുത്താകാന്‍ ഓറക്ക് കഴിയട്ടെ എന്ന് ആശംസിച്ചു. ഗ്രന്ഥകാരിയും ജെ.എന്‍.യു അസി. പ്രഫസറുമായ ഗസാല ജമീല്‍ മുഖ്യ പ്രഭാഷണം നടത്തി. മുഖ്യധാരാ വനിതാ പ്രസിദ്ധീകരണങ്ങളെല്ലാം ഉപഭോഗ സംസ്‌കാരത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുമ്പോള്‍ യഥാര്‍ഥ സ്ത്രീ അജണ്ടകള്‍ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ഓറക്ക് കഴിയണം. ആദ്യ ലക്കം ഗംഭീരമായെന്നും അവര്‍ വിലയിരുത്തി. സ്ത്രീശക്തിയെ പുനരാനയിക്കുകയും അടിച്ചമര്‍ത്തപ്പെട്ട ശബ്ദങ്ങള്‍ കേള്‍പ്പിക്കുകയുമാണ് മാസികയുടെ ലക്ഷ്യമെന്ന് ചീഫ് എഡിറ്റര്‍ എ. റഹ്മത്തുന്നിസ പറഞ്ഞു. എഡിറ്റര്‍ ആഇശ സുല്‍ത്താന, സബ് എഡിറ്റര്‍ എസ്. ശൈമ സംബന്ധിച്ചു. തുടര്‍ന്ന് നടന്ന ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പാനല്‍ ചര്‍ച്ചയില്‍ ഡോ. ശര്‍നാസ് മുത്തു, ഹാമിദ റാശിദ്, ഈമാന്‍ ഫാത്വിമ എന്നിവര്‍ പങ്കാളികളായി (മാഗസിന്‍ സൈറ്റ് - www.auramag.in)
Comments