'കളിയല്ല കല്യാണം'
(ജീവിതം - 14 )
ആലത്തൂരിലെ 'ഇശാഅത്തുല്‍ ഇസ്ലാം മസ്ജിദി'ലെ ഏതാണ്ട് ഒരു മാസക്കാലത്തെ ജീവിതം മറക്കാനാവാത്ത അനുഭവമായിരുന്നു. ഭക്ഷണം വിവിധ വീടുകളില്‍നിന്നായിരുന്നു. അതതിന്റെ സമയത്തു തന്നെ എത്തിക്കൊണ്ടിരുന്നു. ശരിക്കും 'സല്‍ക്കാരം' തന്നെയായിരുന്നു. 'സുന്നത്ത്' ഒരു കല്യാണം തന്നെയാണെന്ന് തോന്നിപ്പോയി.
ഹൃദ്യമായ പരിചരണമാണ് ലഭിച്ചത്. ഇസ്‌ലാം പഠിപ്പിക്കുന്ന സാഹോദര്യത്തിന്റെ മധുരം അവിടെയും അനുഭവിച്ചു. ശരീരം 'നന്നാവാത്തത്' ഭക്ഷണം കഴിക്കാത്തതു കൊണ്ടല്ല, പടച്ചവന്‍ അങ്ങനെ പടച്ചതുകൊണ്ടാണ് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. തമാശയായി ആരോ അത് പറയുകയും ചെയ്തു.
ഏതായാലും വൃത്തിയുമായി ബന്ധപ്പെട്ട ഒരു പ്രവാചകചര്യയാണല്ലോ ചേലാകര്‍മം. അതിന്റെ പ്രസക്തി പറഞ്ഞാലല്ല, അനുഭവിച്ചാലാണ് അറിയുക. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ ചെയ്യാവുന്ന ലളിതമായ ഒന്നാണത്. എന്നാല്‍, ഒരാള്‍ സത്യവിശ്വാസം സ്വീകരിക്കാന്‍ ആഗ്രഹിക്കുകയും ചേലാകര്‍മം ചെയ്യാന്‍ ഭയപ്പെടുകയും ചെയ്യുന്നുവെങ്കിലോ? പ്രായാധിക്യമോ മറ്റോ കാരണങ്ങളാല്‍ ഭയപ്പെടുന്നവരുണ്ടാവാം. ഈ അന്വേഷണത്തിനു കിട്ടിയ ഉത്തരം, സത്യവിശ്വാസം സ്വീകരിക്കാന്‍ തടസ്സമാകുമാറ് ഭയമുണ്ടെങ്കില്‍ അതിലൊരു ഇളവൊക്കെ ആവാം എന്നാണ്. യൂസുഫുല്‍ ഖറദാവിയെപ്പോലുള്ള പണ്ഡിതന്മാര്‍ക്ക് ഇങ്ങനെ അഭിപ്രായമുണ്ട് എന്നാണറിഞ്ഞത്. അതിനര്‍ഥം, ഒരു സുന്നത്ത് ഒരാളുടെ സന്മാര്‍ഗത്തില്‍ 'വിലങ്ങുതടി'യാവാന്‍ പാടില്ല എന്നാണല്ലോ. ഇസ്‌ലാമിന്റെ ഇത്തരം മുന്‍ഗണനാക്രമങ്ങള്‍ പാലിക്കുന്നിടത്ത് പല വിഷയങ്ങളിലും മുസ്‌ലിം സമൂഹത്തില്‍ അപാകതകളുണ്ടെന്ന് നേരത്തേ തോന്നിയിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്കു മുമ്പ് എസ്.ഐ.ഒ സംസ്ഥാന തലത്തില്‍ 'മതം മതജീര്‍ണതക്കെതിരെ' എന്നൊരു കാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു. അതിനോടനുബന്ധിച്ച് വി.ടി അബ്ദുല്ലക്കോയ തങ്ങള്‍ നടത്തിയ ഒരു പ്രസംഗം ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്ന പോലെയുണ്ട്. മുസ്‌ലിം സമുദായത്തിന്റെ അവസ്ഥയും ഇസ്‌ലാമിന്റെ യാഥാര്‍ഥ്യവും വളരെ മനോഹരമായി അതില്‍ അവതരിപ്പിക്കുന്നുണ്ട്. 'ഫര്‍ദായ' (നിര്‍ബന്ധമായ) കാര്യങ്ങള്‍ മറന്ന് ഐഛികവും അല്ലാത്തതുമായ കാര്യങ്ങളില്‍ 'കെട്ടിമറിയുന്ന' സമുദായത്തെ നന്നായി ബോധവത്കരിക്കാന്‍ അതില്‍ ശ്രമിക്കുന്നുണ്ട്.
'തലമറയ്ക്കുന്ന പണ്ഡിതന്റെ തല മറയ്ക്കാത്ത ഭാര്യ, തല മറയ്ക്കുന്ന പണ്ഡിതന്റെ തല മറയ്ക്കാത്ത ഉമ്മ, തലമറയ്ക്കുന്ന പണ്ഡിതന്റെ തല മറയ്ക്കാത്ത സഹോദരി' എന്നിങ്ങനെ കത്തിക്കയറുന്ന ആ പ്രസംഗം പലതവണ കേട്ട് കോരിത്തരിച്ചിട്ടുണ്ട്.
പുരുഷന്‍ തല മറയ്ക്കല്‍ ഏറിപ്പോയാല്‍ സുന്നത്താ(ഐഛികം)ണല്ലോ. സ്ത്രീ പുറത്തിറങ്ങുമ്പോള്‍ തലമറയ്ക്കലോ? നിര്‍ബന്ധവും. അന്ന് പക്ഷേ, ഇസ്‌ലാം പറയുന്ന പ്രകാരം മര്യാദക്ക് വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ കുറവായിരുന്നു. പഴയ ഓര്‍മവെച്ചു പറഞ്ഞാല്‍, എടത്തനാട്ടുകര ചുണ്ടോട്ടുകുന്ന് ഭാഗങ്ങളില്‍ രണ്ടോ മൂന്നോ കുടുംബങ്ങളിലെ സ്ത്രീകള്‍ മാത്രമാണ് പുറത്തിറങ്ങുമ്പോള്‍ പര്‍ദയും മഫ്തയുമൊക്കെ ധരിച്ചിരുന്നത്. അവര്‍ ഇസ്‌ലാമിക പ്രവര്‍ത്തകരുമായിരുന്നു. അതായിരുന്നു മുസ്‌ലിം സമുദായത്തിന്റെ പൊതു അവസ്ഥ. അങ്ങനെയുള്ള അവസ്ഥയുടെ ഭാഗമായിട്ടാണ് ഒരു സത്യവിശ്വാസിയെ വേര്‍തിരിക്കുന്ന അടയാളം നമസ്‌കാരത്തിനു പകരം ചേലാകര്‍മവും പേരുമൊക്കെ ആയി മാറിയത് എന്നാണ് തോന്നിയിട്ടുള്ളത്.
ഇസ്ലാമിന്റെ പേരില്‍ നിലനില്‍ക്കുന്ന ഒരു സമുദായത്തിന്റെ എണ്ണം (Quantity) കൂടുകയും ഗുണം (Quality) കറയുകയും ചെയ്യുക എന്നത് ദുര്‍ലക്ഷണമാണ്. ഇഹ-പര പരാജയത്തിനും ദൈവത്തിന്റെ ശിക്ഷ ഇറങ്ങാനും അത് കാരണമാകും. പല സമൂഹങ്ങളെയും ഉദാഹരിച്ച് ഇത് ബോധ്യപ്പെടുത്തുന്നുണ്ട് ഖുര്‍ആന്‍. അതിനാല്‍ എണ്ണത്തിനാണോ ഗുണത്തിനാണോ പ്രാമുഖ്യം നല്‍കേണ്ടത്? വിശ്വാസികളുടെ എണ്ണം കുറവുള്ള 'പോരാട്ട'മായിരുന്നല്ലോ ബദ്‌റില്‍ നടന്നത്. അവിടെ വിജയിച്ച ചരിത്രമുണ്ട്. വിശ്വാസികളുടെ എണ്ണം കൂടുതലുണ്ടായിരുന്ന 'പോരാട്ട' മായിരുന്നല്ലോ ഉഹുദില്‍ നടന്നത്. അതില്‍ പരാജയപ്പെട്ട ചരിത്രവുമുണ്ട്. ബദ്‌റില്‍ എണ്ണം കുറവാണെങ്കിലും പടച്ചവന്‍ 'വിജയിപ്പിച്ചു.' ഉഹുദില്‍ എണ്ണം കൂടുതലുണ്ടായിരുന്നെങ്കിലും പടച്ചവന്‍ 'പരാജയപ്പെടുത്തി.'
കാരണം, ബദ്‌റില്‍ ഗുണത്തില്‍ ഒരു കുറവുമുണ്ടായിരുന്നില്ല. ഉഹുദില്‍ എണ്ണം കൂടിയെങ്കിലും ഗുണം അല്‍പം കുറഞ്ഞുപോയി. പ്രവാചകന്‍ കൂടെ ഉണ്ടായിട്ടുപോലും പടച്ചവന്‍ വിശ്വാസികളെ സഹായിച്ചില്ല! ഈ രണ്ട് ചരിത്രപാഠങ്ങള്‍ വളരെയധികം ചിന്തിപ്പിച്ചിട്ടുണ്ട്.
ഏതായാലും എല്ലാം സുഖപ്പെട്ടതിനു ശേഷം ഐ.ആര്‍.എസിലേക്ക് തന്നെ തിരിച്ചു. അതിനിടയിലാണ് എസ്.ഐ.ഒവിന്റെ വളാഞ്ചേരി ഏരിയാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. അക്കാലത്ത് എസ്.ഐ.ഒ വിദ്യാര്‍ഥി-യുവജന പ്രസ്ഥാനമായിരുന്നു. കെ.ടി ജലീലിന്റെ അനിയന്‍ കെ.ടി ഇബ്‌റാഹീം ആയിരുന്നു സെക്രട്ടറി. ചുറുചുറുക്കുള്ള സെക്രട്ടറി. സെക്രട്ടറി എന്ന നിലക്ക് മാത്രമായിരുന്നില്ല അദ്ദേഹവുമായുള്ള ബന്ധം. അതിനപ്പുറമായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട ആലോചനയിലും 'പെണ്ണു കാണാന്‍' പോയപ്പോള്‍ കൂടെയും അദ്ദേഹമുായിരുന്നു.
ചില വ്യക്തികളുമായി ബന്ധപ്പെട്ട് പ്രത്യേകം ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന ചില കാര്യങ്ങളുണ്ടാവും. കെ.ടി ഇബ്‌റാഹീമുമായി ബന്ധപ്പെട്ട് മറക്കാനാവാത്ത ഒരു കാര്യം അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പാരായണമാണ്.
വളാഞ്ചേരി പള്ളിയില്‍ വെച്ചാണ് അദ്ദേഹം ഇമാമായി നിന്നുകൊണ്ടുള്ള നമസ്‌കാരത്തില്‍ ആദ്യമായി പങ്കെടുത്തത്. നല്ല മുഴങ്ങുന്ന ശബ്ദത്തില്‍ ഈണത്തിലുള്ള ആ പാരായണം ഹൃദയത്തെ സ്പര്‍ശിച്ച ഖുര്‍ആന്‍ പാരായണങ്ങളില്‍ ഒന്നാണ്.
സംഘടിത നമസ്‌കാരത്തില്‍ ഖുര്‍ആന്‍ പാരായണം വളരെ പ്രധാനമാണല്ലോ. ഹൃദ്യമായ ഖുര്‍ആന്‍ പാരായണമാണെങ്കില്‍ നമസ്‌കാരം നീണ്ടുപോയാലും ശ്രദ്ധ കിട്ടാറുണ്ട്. ഭൗതികലോകത്തെത്തന്നെ മറന്നുപോകും. ആകാശാരോഹണം പോലെ തോന്നും. ഹൃദയം തരളിതമായി കണ്ണുകള്‍ നിറയും. ദൈവസാമീപ്യം അനുഭവപ്പെടുന്നപോലെ തോന്നും.
മനുഷ്യന്റെ ബുദ്ധി കൊണ്ടുണ്ടാക്കിയ ഭാഷ അതിനെ വര്‍ണിക്കാന്‍ പര്യാപ്തമല്ല.
ഈ യാഥാര്‍ഥ്യം ബുദ്ധിയുടെ ബോധ്യമല്ല; ആത്മാവിന്റെ അനുഭവമാണ്. അതിന്റെ കുളിര്‍മ തലച്ചോറിനെയല്ല സ്വാധീനിക്കുന്നത്; ഹൃദയത്തെയാണ്. അതുകൊണ്ടായിരിക്കാം തലച്ചോറു കൊണ്ടുണ്ടാക്കിയ ഭാഷക്ക് അത് വഴങ്ങാതെ പോകുന്നത്. ഹൃദയത്തിന്റെ ഭാഷക്കാകട്ടെ, അക്ഷരങ്ങളില്ലല്ലോ. പിന്നെങ്ങനെ പറഞ്ഞറിയിക്കും?
ഹൃദയത്തിനു ഭാഷയോ?
ഹൃദയം കൊണ്ട് ചിന്തിക്കുകയോ? ഇതൊന്നും ഭൗതികവാദപ്രകാരമുള്ള യുക്തിക്ക് മനസ്സിലാവുകയില്ല.
ഇത്തരം ചോദ്യങ്ങള്‍ നേരത്തേതന്നെ ചിന്തയിലേക്ക് വന്നിട്ടുണ്ട്. മുമ്പ് സൂചിപ്പിച്ച, യുക്തിവാദത്തിലേക്ക് നയിച്ച സയന്‍സ് അധ്യാപകന്‍ ഒരു ക്ലാസ്സില്‍ പറഞ്ഞത്, 'അന്ധവിശ്വാസികള്‍ പറയുന്നത് ഹൃദയം കൊണ്ടാണ് മനുഷ്യന്‍ ചിന്തിക്കുന്നത് എന്നാണ്. എന്നാല്‍ നമ്മുടെ ശാസ്ത്രം പറയുന്നത് തലച്ചോറു കൊണ്ടാണ് മനുഷ്യന്‍ ചിന്തിക്കുന്നത് എന്നാണ്.' വിശ്വാസികളെ കളിയാക്കിക്കൊണ്ടായിരുന്നു അത് പറഞ്ഞത്. അന്നും, ഇസ്‌ലാം സ്വീകരിച്ചതിനു ശേഷം ഈ അടുത്ത കാലം വരെയും ആ വാദത്തെ ശരിവെക്കാനാണ് തോന്നിയിട്ടുള്ളത്. പ്രവാചക വചനങ്ങളിലും മറ്റും കാണുന്ന ചില പ്രയോഗങ്ങള്‍ ആലങ്കാരികമായിരിക്കും എന്നാണ് വിശ്വസിച്ചിരുന്നത്. ഒരുപക്ഷേ, അങ്ങനെത്തന്നെ ആവാം. ആ സ്വഭാവത്തിലുള്ള ഒരു പ്രവാചക വചനം ഇങ്ങനെയാണ്: 'അറിഞ്ഞുകൊള്ളുക, നിശ്ചയം ശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. അത് ദുഷിച്ചാല്‍ ശരീരം മുഴുവന്‍ ദുഷിച്ചു. അറിഞ്ഞുകൊള്ളുക, അതാണ് ഹൃദയം.'
ആധുനിക ശാസ്ത്രത്തിന്റെ പുതിയ ചില കണ്ടെത്തലുകള്‍ അറിഞ്ഞപ്പോള്‍ വല്ലാതെ അത്ഭുതം തോന്നിപ്പോയി.
ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച പി. കേശവന്‍ നായരുടെ 'പ്രപഞ്ച നൃത്തം' എന്ന പുസ്തകത്തിലെ 84, 85 പേജില്‍ ഇങ്ങനെ കാണാം:
''മനുഷ്യബോധത്തിന്റെ കേന്ദ്രം ഹൃദയമാണെന്നാണ് ആധുനിക ഹൃദയ നാഡീ ശാസ്ത്രത്തിലും തന്മാത്രാ ജീവശാസ്ത്രത്തിലും നടന്നുകൊണ്ടിരിക്കുന്ന ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. തന്മാത്രാ ജീവശാസ്ത്രജ്ഞന്മാര്‍ (Molecular Biologists) ഹൃദയമാണ് മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അന്തഃസ്രാവ ഗ്രന്ഥി(Endocrine Gland) എന്ന് കണ്ടുപിടിച്ചു. അന്തഃസ്രാവ ഗ്രന്ഥികള്‍ ശരീരത്തിലെ ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്ന ഗ്രന്ഥികളാണ്. ഹൃദയം ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ മസ്തിഷ്‌കത്തിലെ വികാരവിചാരങ്ങളെ നിയന്ത്രിക്കുന്ന കേന്ദ്രങ്ങളെയും ശരീരത്തിലെ മറ്റു ഹോര്‍മോണ്‍ വ്യൂഹങ്ങളെയും നിയന്ത്രിക്കുന്നു. ഹൃദയത്തിലെ 60 മുതല്‍ 65 ശതമാനം കോശങ്ങള്‍ നാഡീകോശങ്ങള്‍ (Neurons) ആണെന്ന് ഹൃദയ നാഡീ വിദഗ്ധര്‍ (Neuro Cardiologists) അഭിപ്രായപ്പെടുന്നു. അടുത്തകാലം വരെ ഹൃദയകോശങ്ങള്‍ മുഴുവനും പേശി കോശങ്ങള്‍ കൊണ്ട് നിര്‍മിതമാണ് എന്നായിരുന്നു വിശ്വസിച്ചിരുന്നത്. ഹൃദയത്തിലെ നാഡീകോശങ്ങള്‍ മസ്തിഷ്‌കത്തിലെ നാഡീകോശങ്ങളെപ്പോലെ തന്നെയാണ്. ഹൃദയത്തിനും മസ്തിഷ്‌കമുണ്ടെന്നാണ് ഹൃദയനാഡി ശാസ്ത്രത്തിലെ ഈ കണ്ടുപിടിത്തം വ്യക്തമാക്കുന്നത്. ഹൃദയത്തിലെ ഗാംഗ്ലിയോണ്‍ (Ganglion) ശരീരത്തിലെ എല്ലാ പ്രധാനപ്പെട്ട അവയവങ്ങളെയും എല്ലാ പേശീവ്യൂഹങ്ങളെയും ബന്ധിപ്പിക്കുന്നു. മനുഷ്യന്റെ കേന്ദ്രനാഡീവ്യൂഹത്തിലും ഹൃദയത്തിലും കാണുന്ന നാഡീകോശങ്ങള്‍ ചേര്‍ന്ന് രൂപപ്പെട്ടിട്ടുള്ള നാഡീ പിണ്ഡമാണ് ഗാംഗ്ലിയോണ്‍...''
ഒരു ചര്‍ച്ചക്കു വേണ്ടി ഒരിക്കല്‍ കേശവന്‍ നായരുടെ വീട്ടില്‍ പോയിരുന്നു. കമ്യൂണിസത്തിന്റെ അപ്രായോഗികതയുമായി ബന്ധപ്പെട്ട ചര്‍ച്ച ഒടുവില്‍ ഇത്തരം വിഷയങ്ങളിലേക്ക് കടന്നു. ഇത് തികച്ചും പുതിയ ഒരറിവായിരുന്നു.
മനുഷ്യന്‍ ഇനിയും എന്തെല്ലാം കണ്ടെത്താന്‍ കിടക്കുന്നു. എന്തായാലും തലച്ചോറിനോടൊപ്പം ഹൃദയത്തിനും ചിന്തയില്‍ പങ്കുണ്ടെന്നാണല്ലോ ഇത് വ്യക്തമാക്കുന്നത്. എന്നിട്ടും തലച്ചോറു കൊണ്ടു മാത്രമേ ചിന്തിക്കൂ എന്ന് വാശി പിടിക്കുന്നതാണ് ഭൗതികവാദത്തിന്റെ ഒരു പരിമിതി.
ശരിയായ മനുഷ്യനാഗരികത കെട്ടിപ്പടുക്കണമെങ്കില്‍ മൂന്ന് 'H'കളുടെ സന്തുലിതമായ വികാസം ആവശ്യമാണെന്ന് വായനയില്‍ ശ്രദ്ധയില്‍പെട്ടത് ഇത്തരം ചിന്തകള്‍ നടക്കുമ്പോഴാണ്. മൂന്ന് 'H'കളില്‍ ഒന്ന് Head അഥവാ ബുദ്ധിപരമായ വികാസമാണ്. രണ്ടാമത്തേത്, Heart അഥവാ കരകൗശല നിര്‍മാണ രംഗത്തെ വികാസം. ഇത് രണ്ടും മനുഷ്യനാഗരികതയുടെ ഭൗതിക വളര്‍ച്ചക്ക് അനിവാര്യമാണ്. മൂന്നാമത്തേത്, ഒലമൃ േഅഥവാ ആത്മീയ (ധാര്‍മിക) രംഗത്തെ വികാസമാണ്. ബൗദ്ധിക രംഗത്തും നിര്‍മാണ രംഗത്തും ധാര്‍മിക രംഗത്തും മനുഷ്യന്‍ ഒരുപോലെ വികസിക്കുമ്പോഴാണ് യഥാര്‍ഥ മനുഷ്യനാഗരികത സൃഷ്ടിക്കപ്പെടുക എന്നര്‍ഥം. പ്രവാചകന്മാരിലൂടെ സാധ്യമായത് അതാണ്. ധാര്‍മികതയെ അവഗണിച്ച് മനുഷ്യന്‍ ഭൗതികമായി എത്ര പുരോഗമിച്ചാലും സംഭവിക്കുക ഇതായിരിക്കും; 'അറിവില്ലാത്തവര്‍ തേങ്ങ മോഷ്ടിക്കുമ്പോള്‍ അറിവുള്ളവര്‍ തെങ്ങിന്‍ തോപ്പുകള്‍ മോഷ്ടിച്ചുകൊണ്ടേയിരിക്കും.'
പറഞ്ഞുവന്നത് ഹൃദ്യമായ ഖുര്‍ആന്‍ പാരായണം കേട്ടുകൊണ്ടുള്ള നമസ്‌കാരം ആത്മാവിലുണ്ടാക്കുന്ന അനുഭൂതിയെക്കുറിച്ചായിരുന്നു. ആത്മാവിനെ ദൈവത്തിലേക്ക് കേന്ദ്രീകരിച്ച് അഭൗതിക ലോകത്തെ ഒന്നു 'സ്പര്‍ശിക്കാന്‍' ശ്രമിച്ചാല്‍ ഇത്രക്ക് 'അനുഭൂതി'യുണ്ടെങ്കില്‍, അവിടേക്ക് പൂര്‍ണമായി പ്രവേശിച്ചാല്‍ എന്തായിരിക്കും അവസ്ഥ! അത്തരം 'തേനൂറും ചിന്തകള്‍' സന്മാര്‍ഗത്തില്‍ ഉറച്ചു നില്‍ക്കാനും അതിനായി പണിയെടുക്കാനും വലിയ പ്രചോദനമായിട്ടുണ്ട്. സ്വര്‍ഗത്തെക്കുറിച്ച് പ്രവാചകന്‍ പറഞ്ഞത്, 'ഒരു കണ്ണും കാണാത്ത, ഒരു കാതും കേള്‍ക്കാത്ത, ഒരു മനുഷ്യഹൃദയത്തിലും ഉദിക്കാത്ത' എന്നാണല്ലോ. മാത്രമല്ല, 'ഭൂമിയിലുള്ള ഒന്നും സ്വര്‍ഗത്തില്‍ ലഭിക്കുകയില്ല, പേരിലല്ലാതെ' എന്നും പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ഭൂമിയിലുള്ള വിഭവങ്ങളല്ല സ്വര്‍ഗത്തിലുള്ളത് എന്നര്‍ഥം. കണ്ടിട്ടില്ലാത്തതിനെ പരിചയപ്പെടുത്താന്‍ കണ്ടതിനെ ഉദാഹരിക്കേണ്ടിവരുമല്ലോ. ഇത് പറയുമ്പോള്‍ ഓര്‍മയില്‍ വരുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കല്‍പനാ ചൗളയുടെ കൊളംബിയ ബഹിരാകാശ യാത്രയാണ്.
ആകാശത്തു വച്ച് ആ ദൗത്യം പരാജയപ്പെട്ടു. കല്‍പനാ ചൗള മരണമടഞ്ഞു. പിറ്റേ ദിവസത്തെ ദേശാഭിമാനി പത്രത്തിലെ എഡിറ്റോറിയല്‍ വായിച്ചപ്പോള്‍ നേരത്തേ സൂചിപ്പിച്ച പ്രവാചക വചനമാണ് ഓര്‍മയില്‍ വന്നത്.
കൊളംബിയാ യാത്രക്ക് വിവിധ ഉദ്ദേശ്യങ്ങളുണ്ടായിരുന്നു. സുഗന്ധദ്രവ്യ നിര്‍മാണ കമ്പനികളും അതില്‍ പങ്കാളികളായിരുന്നുവത്രെ. അവരുടെ ആവശ്യം ഭൂമിയിലുണ്ടാക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട സുഗന്ധദ്രവ്യ നിര്‍മാണം ബഹിരാകാശത്തു വെച്ച് സാധ്യമാണോ എന്ന പരീക്ഷണമായിരുന്നു. കാരണം, ഭൂമിയിലുള്ള ഒരു പനിനീര്‍ പുഷ്പത്തിന് ബഹിരാകാശത്ത് പത്തിരട്ടി സുഗന്ധമുണ്ടാവും എന്നതാണ്!
ഇത് സൂചിപ്പിക്കുന്നത് ഭൂമിയിലുള്ളതിനേക്കാള്‍ മെച്ചപ്പെട്ടത് സാധ്യമാണ് എന്ന യാഥാര്‍ഥ്യമാണല്ലോ. ഈ കാണുന്നത് മാത്രമല്ല ലോകം എന്നതും വ്യക്തം. അതിനര്‍ഥം ബഹിരാകാശത്താണ് സ്വര്‍ഗം എന്നല്ല. വിശുദ്ധ ഖുര്‍ആന്‍ മറ്റൊരു രീതിയില്‍ ഇതു സംബന്ധമായി മുപ്പത്തിരണ്ടാം അധ്യായം പതിനേഴാം സൂക്തത്തില്‍ പറഞ്ഞിട്ടുള്ളത് 'അവര്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ പ്രതിഫലം, അവര്‍ക്കു വേണ്ടി കരുതിവെച്ചിട്ടുള്ള കണ്‍കുളിര്‍ക്കുന്ന സൗഭാഗ്യങ്ങള്‍ എന്തൊക്കെയാണെന്ന് ആര്‍ക്കുമറിയില്ല' എന്നാണ്. ഭൗതികലോകത്തെ ഉദാഹരണങ്ങള്‍ പറഞ്ഞുകൊണ്ട് അഭൗതിക ലോകത്തെ വിവരിക്കാനാവില്ല എന്നാണല്ലോ ഇതിന്റെയൊക്കെ ചുരുക്കം.
ഇതിനിടയില്‍ വിവാഹത്തെക്കുറിച്ച് ചില വര്‍ത്തമാനങ്ങളൊക്കെ സമദ് മാഷ് പറഞ്ഞിരുന്നു. അപ്പോഴൊക്കെ, അത് നടക്കുമോ, മനസ്സിനിണങ്ങുന്ന പെണ്ണായിരിക്കുമോ എന്നൊക്കെ വെറുതെ ചിന്തിച്ചുപോയിട്ടുണ്ട്.
'മര്യാദക്കൊരു പെണ്ണ് വരെ കിട്ടൂല' എന്ന് മുമ്പൊരു ബന്ധു പറഞ്ഞത് ചിലപ്പോള്‍ തികട്ടിവരും. ഈ സമയത്താണ് കൊണ്ടോട്ടിയില്‍നിന്ന് ഒരു വിവാഹാലോചന വരുന്നത്. മുഹമ്മദ് ഷബീര്‍ അന്ന് ആലുവ അസ്ഹറുല്‍ ഉലൂം അറബിക് കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ആരുമായുള്ള വിവാഹം എന്ന വിശദാംശങ്ങളൊന്നും പറയാതെയാണ് വിവാഹത്തെ സംബന്ധിച്ച് ഷബീര്‍ അന്ന് സംസാരിച്ചത്. വിയോജിപ്പുകളൊന്നും പ്രകടിപ്പിച്ചില്ല. ആലോചിക്കാം എന്ന നിലപാടാണ് അറിയിച്ചത്.
ഇസ്‌ലാമിന്റെ അധ്യാപനമനുസരിച്ച് വിവാഹം ഒരു പുണ്യകര്‍മവും കുടുംബം ഒരു ദൈവിക സ്ഥാപനവുമാണല്ലോ. ഇസ്‌ലാമിലെ കുടുംബ സങ്കല്‍പം വളരെ ആകര്‍ഷണീയമായി തോന്നിയിട്ടുണ്ട്. 'കുടുംബം' എന്ന സ്ഥാപനത്തെ ഏതെങ്കിലും ഭരണകൂടങ്ങള്‍ രൂപകല്‍പന ചെയ്തതല്ല. കുടുംബ ഘടന ഏതെങ്കിലും ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കപ്പെട്ടതുമല്ല. കുടുംബത്തിന്റെ ഘടന ദൈവനിശ്ചിതമാണ്. അതു കൊണ്ടുതന്നെ അതൊരു ദൈവിക സ്ഥാപനമാണ്. അതിനെ നിലനിര്‍ത്തലും പരിപോഷിപ്പിക്കലും ഓരോ മനുഷ്യന്റെയും ധര്‍മമാണ്.
ഇസ്ലാം പരസ്പര ബന്ധങ്ങള്‍ക്ക് കല്‍പിക്കുന്ന വില മാനവികതയുടെതന്നെ അടിത്തറയാണെന്നാണ് തോന്നിയിട്ടുള്ളത്. അത് മുളപൊട്ടുന്നത് കുടുംബത്തില്‍നിന്നാണ്. സ്‌നേഹം, കാരുണ്യം, ദയ, പരസ്പര ബഹുമാനം, ആദരവ്, സഹകരണം, പങ്കുവെപ്പ് തുടങ്ങിയവയെല്ലാം കുടുംബത്തില്‍നിന്ന് കൂമ്പെടുക്കുന്ന മാനവിക മൂല്യങ്ങളാണ്. അങ്ങനെ, പ്രേമത്തില്‍നിന്ന് തുടങ്ങുന്ന ദാമ്പത്യം വളര്‍ന്നു വികസിച്ച് കുടുംബം എന്ന പൂന്തോട്ടമായി പരിണമിക്കുന്നത് എത്ര മനോഹരമായിട്ടാണ്! വിശുദ്ധ ഖുര്‍ആന്‍ ദൈവിക ദൃഷ്ടാന്തമായിട്ടാണിതിനെ അവതരിപ്പിക്കുന്നത്. മുപ്പതാം അധ്യായം ഇരുപത്തി ഒന്നാം സൂക്തത്തില്‍ പറയുന്നത്, 'ദൈവം നിങ്ങളുടെ വര്‍ഗത്തില്‍നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു; അവരിലൂടെ ശാന്തി നേടാന്‍. നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവുമുണ്ടാക്കി. ഇതൊക്കെ ദൈവിക ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. സംശയമില്ല; ചിന്തിക്കുന്നവര്‍ക്ക് ഇതിലെല്ലാം ധാരാളം തെളിവുകളുണ്ട്' എന്നാണ്.
ഇണകളായി സൃഷ്ടിച്ച കാര്യം ഒരു സന്ദര്‍ഭത്തില്‍ ചിന്തക്ക് തീ പിടിപ്പിച്ചിട്ടുണ്ട്. പരിണാമ സിദ്ധാന്തത്തെ നിരൂപണവിധേയമാക്കുന്ന സന്ദര്‍ഭത്തിലാണത്. ആ സിദ്ധാന്തത്തിനു വേണ്ടി കുറേ സമയം ചെലവഴിച്ചതാണ്. അതിന്റെ അപൂര്‍ണത വെളിവാക്കിത്തന്ന പല കാര്യങ്ങളിലൊന്ന് ഖുര്‍ആന്‍ പറഞ്ഞ ഇണകളാക്കി സൃഷ്ടിച്ച ദൃഷ്ടാന്തമാണ്. ആണിനെക്കണ്ടുകൊണ്ട് പെണ്ണിനെയും പെണ്ണിനെക്കണ്ടുകൊണ്ട് ആണിനെയും എന്ന രീതിയിലാണല്ലോ സൃഷ്ടിപ്പ് നടക്കുന്നത്. അതില്‍ ഒരു 'പ്ലാനിംഗ്' പ്രകടമാണ്. ആണിനെ തേടുന്ന പെണ്‍വികാരവും പെണ്ണിനെ തേടുന്ന ആണ്‍വികാരവും. മാത്രമല്ല, പരസ്പരപൂരകമായ ശരീരപ്രകൃതവും. ഇതൊരു മഹാത്ഭുതമല്ലാതെ മറ്റെന്താണ്! ഇണ ചേരലിനെയും വംശ വര്‍ധനവിനെയും ഇവിടെ മുന്‍കൂട്ടി തീരുമാനിച്ചിരിക്കുകയാണല്ലോ. സൃഷ്ടിപ്പിലെ ഈ 'മുന്‍ തീരുമാനം' 'യാദൃഛിക'മായ പരിണാമ പ്രക്രിയയില്‍ എങ്ങനെ സാധ്യമാകും? പ്ലാന്‍ ചെയ്യാന്‍ ആളില്ലാതെ പ്ലാനിംഗ് നടക്കുന്നതെങ്ങനെ? ഇത് വിളിച്ചോതുന്നത് 'ഇണകളു'ടെ സൃഷ്ടിപ്പിന്റെ പിന്നിലെ സ്രഷ്ടാവിനെയാണെന്ന് വ്യക്തം. ഇതിന്റെ വിശദാംശങ്ങള്‍ വിടുകയാണ്.
ഇണചേരാനുള്ള പ്രവണത പക്ഷിമൃഗാദികള്‍ക്കെന്ന പോലെ മനുഷ്യനുമുണ്ട്. പക്ഷിമൃഗാദികള്‍ക്ക് അവയുടെ പ്രകൃതത്തില്‍തന്നെ ചില നിയന്ത്രണങ്ങള്‍ വെച്ചുകൊണ്ടാണ് ദൈവം അത് അനുവദിച്ചിട്ടുള്ളത്. ഓരോ ജീവിവര്‍ഗത്തിനും അവയുടെ പ്രകൃതമനുസരിച്ചാണ് ഇണ ചേരാനുള്ള 'നിയമങ്ങള്‍' വെച്ചിട്ടുള്ളത് എന്ന് അവയെ നിരീക്ഷിച്ചാല്‍ മനസ്സിലാവും. ചില ജീവികള്‍ക്ക് പ്രത്യേക 'സീസണ്‍' വരെ നിശ്ചയിച്ചതായി കാണാം. അതിനാല്‍, 'പാറി നടക്കും പറവകളൊന്നും വേളി കഴിക്കാറില്ല' എന്നു പറയുന്നത് ശരിയല്ല. വേളി കഴിക്കുക, അഥവാ വിവാഹം കഴിക്കുക എന്നാല്‍ ഒരു നിയമത്തിനു വിധേയമാവലാണ്. ഈ അര്‍ഥത്തില്‍ മറ്റു ജീവികള്‍ പൂര്‍ണമായും ദൈവികമായ നിയമത്തിനു വിധേയമാണ്. ഈ യാഥാര്‍ഥ്യം വിസ്മരിച്ചുകൊണ്ട് 'സ്വതന്ത്ര ചിന്തകരു'ടെ വലയില്‍പെട്ട് വഴികേടിലായ ധാരാളം പേരുമായി സംസാരിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. ഒരിക്കല്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചര്‍ച്ചക്ക് വന്നു. 'പക്ഷിമൃഗാദികള്‍ വിവാഹം കഴിക്കുന്നില്ലല്ലോ. അതല്ലേ പ്രകൃതിയിലെ നിയമം? വിവാഹം മനുഷ്യനുണ്ടാക്കിയ ഒരു അന്ധവിശ്വാസത്തിന്റെ ഭാഗമല്ലേ?'
'അല്ല. യഥാര്‍ഥത്തില്‍, മനുഷ്യര്‍ക്ക് ഇണ ചേരാന്‍ ദൈവം നിശ്ചയിച്ച നിയമമാണ് വിവാഹം. ഇണ ചേരാനുള്ള 'ലൈസന്‍സ്' ആണത്. ലൈസന്‍സില്ലാത്ത പോക്ക് അപകടം വര്‍ധിപ്പിക്കും. അതിനാല്‍ സ്വാഭാവികമായും അത് ശിക്ഷാര്‍ഹമാണ്.'
'എന്ത് അപകടമാണത് വരുത്തുക?'
'ഏറ്റവും മുഖ്യമായ അപകടം കുടുംബത്തകര്‍ച്ച തന്നെയാണ്. പക്ഷിമൃഗാദികളെ സംബന്ധിച്ചേടത്തോളം മനുഷ്യരെപ്പോലെ കുടുംബ ജീവിതമില്ല. അതിന്റെ ആവശ്യവുമില്ല. ജീവിതത്തില്‍ പരിമിതമായ ആവശ്യങ്ങളാണ് അവക്കുള്ളത്. ലക്ഷ്യങ്ങളും പരിമിതമാണ്. അവ ഇണചേരുമ്പോഴും അതില്‍ പരിമിതമായ ആവശ്യങ്ങളേ ഉള്ളൂ. അവക്ക് അത്ര മാത്രമേ ആവശ്യമുള്ളൂ. അതേസമയം മനുഷ്യന്റെ ആവശ്യങ്ങള്‍ പരിമിതമല്ല. ലക്ഷ്യങ്ങളും അങ്ങനെയാണ്. 'കടലിലെ ഓളങ്ങള്‍ക്കും കരളിലെ മോഹങ്ങള്‍ക്കും ഒടുക്കമില്ല' എന്നാണല്ലോ. പക്ഷിമൃഗാദികള്‍ക്ക് ഇണ ചേരാന്‍ ശരീരപ്പൊരുത്തം മാത്രം മതി. 'മനപ്പൊരുത്തം' എന്നൊന്ന് വേണ്ടതില്ല. മനുഷ്യന്‍ പക്ഷേ, അങ്ങനെയല്ല. അതിനാല്‍, പക്ഷിമൃഗാദികള്‍ ഇണകളാവുന്ന പരിമിതമായ തലത്തിലല്ല മനുഷ്യര്‍ ഇണകളാവേണ്ടതും ഇണചേരേണ്ടതും എന്ന് വ്യക്തമല്ലേ?'
'അതേ.'
'ഈ യാഥാര്‍ഥ്യത്തില്‍ നിന്നു കൊണ്ടാണ് ഇസ്‌ലാമിലെ ഈ വിഷയത്തിലുള്ള ഓരോ നിയമങ്ങളും. അത് നാം വേറെത്തന്നെ പഠിക്കണം.'
'പക്ഷിമൃഗാദികള്‍ പ്രകൃതിനിയമങ്ങള്‍ക്കനുസരിച്ചാണല്ലോ ജീവിക്കുന്നത്? മനുഷ്യനും അങ്ങനെ ജീവിച്ചാല്‍ പോരേ?'
'പോരാ. ഒരു ഉദാഹരണത്തിലൂടെ പറഞ്ഞാല്‍ വേഗത്തില്‍ മനസ്സിലാവും. പക്ഷിമൃഗാദികള്‍ ഇവിടെ 'സ്വതന്ത്രമായി' ഇണചേരുന്നു. അതിന്റെ പേരില്‍ ഗുണകരമല്ലാത്ത ഒന്നും അവക്കുണ്ടാവുന്നില്ലല്ലോ?'
'ഇല്ല.'
'അതിനര്‍ഥം അവയുടെ ജീവിതം ശരിയായ രീതിയിലാണ് എന്നാണല്ലോ. എന്നാല്‍, മനുഷ്യന്‍ ഒരു നിയന്ത്രണവുമില്ലാതെ 'സ്വതന്ത്രമായി' ലൈംഗിക വേഴ്ച നടത്തിയാലോ?'
'എയിഡ്‌സ് പോലെയുള്ള മാരക രോഗങ്ങള്‍ പിടിപെടുന്നു.'
'അതിനര്‍ഥം മനുഷ്യന്‍ അങ്ങനെ ജീവിക്കുന്നത് ശരിയല്ല എന്നല്ലേ?'
'അതേ.'
'അതിനാല്‍, മനുഷ്യന് പ്രകൃതിനിയമങ്ങള്‍ക്കപ്പുറം ചില 'സദാചാര നിയമങ്ങള്‍ ' ആവശ്യമാണെന്നല്ലേ ഇത് സൂചിപ്പിക്കുന്നത്? ഈ അര്‍ഥത്തിലുള്ള സാന്മാര്‍ഗിക, സദാചാര നിയമങ്ങള്‍ ജീവിതത്തിലുടനീളം മനുഷ്യന് ആവശ്യമാണ്. വേദങ്ങളിലൂടെയും പ്രവാചകന്മാരിലൂടെയുമാണ് അത് മനുഷ്യനെ പഠിപ്പിച്ചിരിക്കുന്നത്.
ലൈംഗിക സദാചാരം എന്നത് പ്രയോഗത്തില്‍ വരുന്നത് കുടുംബം ഒരു യാഥാര്‍ഥ്യമാവുമ്പോഴാണ്. കുടുംബം ശിഥിലമാകുമ്പോള്‍ വ്യഭിചാരം സംസ്‌കാരമായി മാറും. വ്യഭിചാരമാകട്ടെ ദൈവിക അധ്യാപന പ്രകാരം പാപവുമാണ്.'
'ബ്രഹ്മചര്യത്തെക്കുറിച്ച് ഇസ്‌ലാമിന്റെ നിലപാടെന്താണ്?'
'ലൈംഗികതയെ അവഗണിക്കുന്ന ബ്രഹ്മചര്യത്തെ ഇസ്ലാം അംഗീകരിക്കുന്നില്ല. വ്യഭിചാരത്തിനും ബ്രഹ്മചര്യത്തിനും മധ്യേ വിവാഹം കഴിച്ചുകൊണ്ടുള്ള കുടുംബ ജീവിതമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. കാരണം, ബ്രഹ്മചര്യം വംശനാശത്തിലേക്കും വ്യഭിചാരം കുടുംബ നാശത്തിലേക്കുമാണ് നയിക്കുക. കുടുംബത്തകര്‍ച്ച മനുഷ്യസംസ്‌കാരത്തെത്തന്നെയാണ് തകര്‍ക്കുക. അതിനാല്‍ 'ഭദ്രമായ കുടുംബം' എന്നത് ഇസ്ലാമിന്റെ ഒരു ലക്ഷ്യം കൂടിയാണ്. വിവാഹമാണ് കുടുംബത്തിലേക്കുള്ള പ്രവേശന കവാടം.'
ഇത്തരം ചര്‍ച്ചകള്‍ വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ പലപ്പോഴും സഹായകമായിട്ടുണ്ട്.
വിവാഹവുമായി ബന്ധപ്പെട്ട് സംസാരിച്ചുകൊണ്ടിരിക്കെ, ഒരിക്കല്‍ സാദിഖ് മൗലവി പറഞ്ഞത് ശ്രദ്ധേയമായി തോന്നി. അദ്ദേഹം പറഞ്ഞത്, 'പ്രവാചകന്‍ 'പുര നിറഞ്ഞിരിക്കുന്ന പെണ്ണുങ്ങളെ'ക്കുറിച്ചല്ല ആശങ്കപ്പെട്ടിരുന്നത്; 'പുര നിറഞ്ഞിരിക്കുന്ന ആണുങ്ങളെ' ക്കുറിച്ചായിരുന്നു' എന്നാണ്.
പിന്നെ അതിന്റെ കാരണം പറഞ്ഞുതന്നത്, 'ആണുങ്ങള്‍ വിവാഹത്തിനിറങ്ങിയാലേ പെണ്ണുങ്ങളുടെ വിവാഹം നടക്കൂ' എന്നാണ്. അതുകൊണ്ടു തന്നെ പ്രവാചകന്‍ വിവാഹപ്രായമായ പുരുഷന്മാരെ വിവാഹത്തിനു പ്രേരിപ്പിച്ചിരുന്നു.
പറഞ്ഞുവന്നത് വിവാഹാലോചനയുമായി ബന്ധപ്പെട്ടായിരുന്നു. ആ സമയത്താണ് ആലുവയിലേക്ക് ഒരു പ്രഭാഷണ പരിപാടിക്ക് ക്ഷണം ലഭിച്ചത്. ഐ.ആര്‍.എസിലെ സഹ അധ്യാപകനായിരുന്ന കമാല്‍ മാഷുടെ വീട്ടിലായിരുന്നു അന്ന് പരിപാടി കഴിഞ്ഞ് താമസിച്ചത്. മുഹമ്മദ് ഷബീറും അങ്ങോട്ട് വന്നിരുന്നു. ഭക്ഷണം കഴിച്ചതിനു ശേഷം പുറത്തിറങ്ങി, മുറ്റത്തുള്ള കിണറിന്റെ പടവില്‍ ചാരിനിന്നാണ് വിവാഹത്തെക്കുറിച്ച് സംസാരിച്ചത് എന്നാണ് ഓര്‍മ. സ്വന്തം പെങ്ങളാണെന്ന കാര്യം അറിയിച്ചത് അപ്പോഴാണ്. വളരെ സന്തോഷം തോന്നി. മുമ്പൊരിക്കല്‍ കൊണ്ടോട്ടിയില്‍ ഒരു പരിപാടി കഴിഞ്ഞതിനു ശേഷം തറവാട് വീട്ടിലേക്ക് ഷബീര്‍ കൂട്ടിക്കൊണ്ടു പോയിരുന്നു. വീട്ടില്‍നിന്ന് ചായ കുടിച്ചാണ് അന്ന് പിരിഞ്ഞത്. വിവാഹക്കാര്യം പറഞ്ഞപ്പോള്‍ ആ സംഭവമാണ് ഓര്‍മയില്‍ വന്നത്.
ഉപ്പയും ഉമ്മയും കൂടാതെ അഞ്ച് ആണുങ്ങളും ഒരു പെണ്ണുമാണ് കുടുംബത്തിലുള്ളത്. എന്നു പറഞ്ഞാല്‍ ഒരേയൊരു പെങ്ങള്‍! എന്നിരിക്കെ ഇങ്ങനെ ഒരാളെക്കൊണ്ടാണോ കല്യാണം കഴിപ്പിക്കേണ്ടത് എന്നൊക്കെ അന്ന് രാത്രി വെറുതെ ചിന്തിച്ചുപോയി. ഉപ്പ ഗള്‍ഫിലായിരുന്നു; സഹോദരന്മാര്‍ അഞ്ചു പേരും പഠിക്കുകയും.
രണ്ട് സാക്ഷികളോടെ ഒരു വെള്ളക്കടലാസ്സില്‍ ഒപ്പു ചാര്‍ത്തിയാല്‍ ചേരുന്നതും മറ്റൊരു വെള്ളക്കടലാസ്സില്‍ ഒപ്പു ചാര്‍ത്തിയാല്‍ പിരിയുന്നതുമാണ് 'വിവാഹബന്ധം' എന്ന് ആരോ പറഞ്ഞത് കേട്ടിട്ടുണ്ട്. ഇസ്ലാമില്‍ പക്ഷേ അത്ര നിസ്സാരമല്ലിത്. ഇസ്‌ലാമിന്റെ അധ്യാപനപ്രകാരം 'കളിയല്ല കല്യാണം' എന്ന് നേരത്തേ മനസ്സിലാക്കിയിട്ടുണ്ട്. കല്യാണം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ശൈഖ് മുഹമ്മദ് കാരകുന്ന് രചിച്ച 'വൈവാഹിക ജീവിതം ഇസ്‌ലാമില്‍' എന്ന പ്രസിദ്ധ പുസ്തകം വായിച്ചു തുടങ്ങിയിരുന്നു.
ഇസ്‌ലാമില്‍ കല്യാണം വലിയൊരു കാര്യമാണ്, അല്ല അതൊരു ബലിഷ്ഠമായ 'കരാറാ'ണ്. ആ കരാറിന്റെ ഗൗരവം മനസ്സിലായത് വിവാഹമോചനത്തെക്കുറിച്ചുള്ള ഇസ്‌ലാമികപാഠം മനസ്സിലാക്കിയപ്പോഴാണ്. 'ദൈവത്തിന്റെ സിംഹാസനത്തെ വിറപ്പിക്കുന്നത്' എന്താണോ അതാണ് വിവാഹമോചനം!
വിവാഹം എന്ന കരാറിന്റെ ഗൗരവം ബോധ്യപ്പെടാന്‍ ഇനി വേറെന്തു വേണം!
വിവാഹം കഴിഞ്ഞാലുണ്ടാകാവുന്ന കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഏതോ ഒരു പണ്ഡിതന്‍ പറഞ്ഞത് ആശ്ചര്യകരമായി തോന്നി. കുറേ ചിന്തിക്കാനും അത് കാരണമായി. അദ്ദേഹം പറഞ്ഞത്, 'ഇസ്‌ലാമിക ശരീഅത്തിന്റെ കാഴ്ചപ്പാടില്‍, ദമ്പതികള്‍ തമ്മില്‍ ഒരു പ്രശ്‌നവും ഉണ്ടാവുന്നില്ലെങ്കില്‍ അവര്‍ മന്ദബുദ്ധികളായിരിക്കും' എന്നാണ്. ആശക്കും ആശങ്കക്കും വക നല്‍കിയ ഒരറിവായിരുന്നു അത്.
കുടുംബ ജീവിതത്തില്‍ അല്ലറചില്ലറ പ്രശ്‌നങ്ങളൊക്കെ സ്വാഭാവികമാണ്. അത് പ്രശ്‌നമാക്കേണ്ടതില്ല എന്നാണ് ശരീഅത്തിന്റെ നിലപാട്. ഈ തോന്നലായിരുന്നു ആശ. ആകെ മൊത്തം പ്രശ്‌നങ്ങളാകുമോ എന്നതായിരുന്നു ആശങ്ക.
ഇതിന്റെ ഒരു വിശദീകരണമെന്നോണം ഒരു വിവാഹ ഖുത്വ്ബ കേള്‍ക്കാനിടയായി. 'വിവാഹം ജീവിതത്തിന്റെ ഒരു വഴിത്തിരിവാണ്. അതോടെയാണ് കുടുംബ ജീവിതം ആരംഭിക്കുന്നത്. അപരിചിതരായ രണ്ടാളുകളാണ് പെെട്ടന്നൊരു ദിവസം മുതല്‍ ഒന്നിച്ച് ജീവിക്കുന്നത്. വ്യത്യസ്ത പ്രകൃതക്കാരായ രണ്ടാളുകളാണ് ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നത്. വിരുദ്ധമായ പ്രകൃതങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടാനുള്ള സാധ്യത സ്വാഭാവികമാണ്. മുത്ത് നബിയുടെ കുടുംബ ജീവിതത്തില്‍ പോലും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ഖുര്‍ആന്‍ തന്നെ അത് എടുത്തു പറഞ്ഞിട്ടുമുണ്ട്. അടുക്കളക്കാര്യം കൂടി ചേര്‍ന്നതാണ് കുടുംബ ജീവിതം. പലജാതി പാത്രങ്ങളുണ്ടാവും. പൊട്ടുന്നതും പൊട്ടാത്തതും ഞെളുങ്ങുന്നതും കോടുന്നതുമൊക്കെ. തട്ടലും മുട്ടലും ഒച്ചയുമൊക്കെ സ്വാഭാവികം. പൊട്ടുന്നത് നോക്കണം, അതാണ് നോക്കേണ്ടത്; തട്ടുന്നതും മുട്ടുന്നതുമല്ല. ഈ ജാഗ്രത ഉണ്ടാവുമ്പോഴാണ് നാം കുടുംബ ജീവിതത്തില്‍ വിജയിക്കുക.' ഇതായിരുന്നു ആ പ്രസംഗത്തിന്റെ ചുരുക്കം.
ഇതില്‍നിന്നെല്ലാം ഒരു കാര്യം ശരിക്കും മനസ്സിലായി. സിനിമാക്കളിയിലും മറ്റും കാണുന്ന 'കളിയല്ല കല്യാണം.' വളരെയധികം സൂക്ഷ്മത വേണ്ട വലിയൊരു കാര്യമാണ്.
ആരും എല്ലാം തികഞ്ഞവരല്ല എന്ന ഓര്‍മപ്പെടുത്തല്‍ ഖുര്‍ആനും പ്രവാചകനും നിരന്തരമായി നടത്തുന്നുണ്ട്. അതിനാല്‍ ദമ്പതികള്‍ പരസ്പരം ക്ഷമിക്കാനും വിട്ടുവീഴ്ച ചെയ്യാനും ധാരാളമായി പഠിപ്പിക്കപ്പെട്ടതായി കാണാം.
'വിട്ടു വീഴ്ച' യഥാര്‍ഥത്തില്‍ ഒരു വീഴ്ചയല്ല, വീഴ്ചയെ തടുക്കുന്ന ഒരു 'താങ്ങാ'ണ്. പ്രവാചക ജീവിതത്തിലെ മനോഹരമായൊരു സംഭവം അതാണ് പറഞ്ഞുതന്നത്. ആരോ കൊടുത്തയച്ച കുറച്ച് പലഹാരങ്ങളുമായി പ്രവാചകന്‍ ഭാര്യ ആഇശയുടെ അടുത്തെത്തി. എന്തോ കാരണത്താല്‍ ദേഷ്യം വന്ന ആഇശ അത് തട്ടിത്തെറിപ്പിച്ചു. പലഹാരങ്ങള്‍ നിലത്തു വീണ് ചിതറിപ്പോയി. അക്ഷോഭ്യനായി പ്രവാചകന്‍ അതെല്ലാം മെല്ലെമെല്ലെ പെറുക്കിക്കൊണ്ടിരുന്നു. ഇതു കണ്ട ആഇശക്ക് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. പിന്നെ പ്രവാചകനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയാണ് ചെയ്തത്.
ഈ സംഭവം വായിച്ചപ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞു. പ്രവാചകനെ ഒന്ന് കെട്ടിപ്പിടിക്കാന്‍ വെറുതെ മോഹിച്ചുപോയി. അങ്ങനെ എത്രയെത്ര സംഭവങ്ങള്‍. ഒരു ഭര്‍ത്താവ് ഭാര്യയോട് കാണിക്കേണ്ട വിട്ടുവീഴ്ചക്ക് ഇതിനേക്കാള്‍ മനോഹരമായ ഉദാഹരണം വേറെയുണ്ടോ എന്നറിയില്ല.
വിശുദ്ധ ഖുര്‍ആനും പ്രവാചകനും പച്ചയായ ജീവിതത്തിനാണ് വഴികാണിക്കുന്നത്; പൊള്ളയായ സങ്കല്‍പ ജീവിതത്തിനല്ല. അതിനാല്‍ ഭൂമിയില്‍ സ്വര്‍ഗം പ്രതീക്ഷിക്കരുത്. സങ്കല്‍പ ജീവിതത്തില്‍ സ്വര്‍ഗവും സ്വപ്‌നം കാണാം. യഥാര്‍ഥ ജീവിതത്തില്‍ അത് അസാധ്യമാണ്. കാരണം, ഈലോക ജീവിതം പരലോക ജീവിതത്തിലേക്കുള്ള കൃഷിയിടമാണ്. ഇതൊരു പരീക്ഷണമാണ്.
ഇത്തരം ബോധ്യങ്ങളോടെ ഏതായാലും പെണ്ണുകാണാന്‍ തീരുമാനിച്ചു. കെ.ടി ഇബ്‌റാഹീമും കൂടെയുായിരുന്നു. കണ്ണൂരിലോ മറ്റോ ഒരു പരിപാടി കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കടുത്ത് കോഹിനൂരില്‍ വണ്ടിയിറങ്ങി. അവളുടെ ഉമ്മയുടെ കോഹിനൂരിലെ വീട്ടിലാണവള്‍ ഉണ്ടായിരുന്നത്. പെണ്ണുകാണല്‍ 'ചടങ്ങ്' നടന്നു. ഇഷ്ടപ്പെട്ടു; തിരിച്ചും.
(തുടരും)
Comments