Prabodhanm Weekly

Pages

Search

021 മാര്‍ച്ച് 19

3194

1442 ശഅ്ബാന്‍ 05

ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ചിന്താ മാതൃകകളും ബൈനറികളും പുനഃപരിശോധിക്കണം

അശ്‌റഫ് കീഴുപറമ്പ്

പ്രമുഖ മൊറോക്കന്‍ ചിന്തകനും ദാര്‍ശനികനുമായ ത്വാഹാ അബ്ദുര്‍റഹ്മാന്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെക്കുറിച്ച് നടത്തിയ ഒരു നിരൂപണമുണ്ട്. രാഷ്ട്രീയ ആക്ടിവിസം (തസ്‌യീസ്) കൂടുന്നതും മാനവിക ആക്ടിവിസം (തഅ്‌നീസ്) കുറയുന്നതുമാണ് പലപ്പോഴും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് വിനയായിത്തീരുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. അതായത് രാഷ്ട്രത്തിന് നല്‍കുന്ന മുന്‍ഗണന സമൂഹത്തിന് നല്‍കുന്നില്ല. രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനാണ്  പ്രാധാന്യം;  ഒരു ധാര്‍മിക മൂല്യവ്യവസ്ഥ പൊതുജനസമക്ഷം സമര്‍പ്പിക്കുന്നതിനല്ല. ഭരണകേന്ദ്രീകൃതമായാണ് ഇസ്‌ലാമിനെ വായിക്കുന്നത്. അധികാരത്തിന്റെയും ആധിപത്യത്തിന്റെയും പക്ഷത്തു നിന്നു കൊണ്ട് ഇസ്‌ലാമിനെ നോക്കിക്കാണുന്ന ഓറിയന്റലിസ്റ്റ് വായനയാണിത്. ഭരണവും ഭരണാധികാരിയുമാണ് സര്‍വപ്രധാനം എന്ന ധാരണ ഇത് സൃഷ്ടിക്കുന്നു. ആധുനിക രാഷ്ട്രവും ആധുനികപൂര്‍വ രാഷ്ട്രവും തമ്മിലുള്ള ചരിത്രപരമായ വ്യത്യാസങ്ങള്‍ മനസ്സിലാക്കാത്തതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇങ്ങനെ പോകുന്നു ത്വാഹാ അബ്ദുര്‍റഹ്മാന്റെ നിരൂപണങ്ങള്‍. അറബ് ലോകത്തെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ മുന്നില്‍ കണ്ടുകൊണ്ടായിരിക്കണം ഇത്തരമൊരു വിലയിരുത്തല്‍. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പുനരാലോചന നടത്തി പുതിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ മുന്‍ഗണനാക്രമങ്ങള്‍ പുനഃപരിശോധിക്കണമെന്ന അഭിപ്രായമാണ് അദ്ദേഹം മുന്നോട്ടു വെക്കുന്നത്. ഇതിനെതിരെ മറുവിമര്‍ശനവും ഉയരുന്നുണ്ട്. ത്വാഹാ അബ്ദുര്‍റഹ്മാന്റെ സ്വൂഫീ ആഭിമുഖ്യമാണ് ദൈനംദിന രാഷ്ട്രീയത്തോടുള്ള ഈ വിമുഖതക്ക് കാരണം എന്നാണ് ഇസ്‌ലാമിക പ്രസ്ഥാന പക്ഷത്തുള്ളവര്‍ വാദിക്കുന്നത്.
ഏതായാലും ഇസ്‌ലാമിക പ്രസ്ഥാനങ്ങളെക്കുറിച്ച ഇത്തരം രാഷ്ട്രീയ സംവാദങ്ങളാല്‍ മുഖരിതമാണ് ഇന്ന് പശ്ചിമേഷ്യ. ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ ഒരു കാരണവശാലും പൊറുപ്പിക്കില്ല, അവയെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയേ അടങ്ങൂ എന്ന് വാശി പിടിക്കുന്ന ഏകാധിപത്യ ഭരണകൂടങ്ങളുടെയും അവയുടെ പിണിയാളുകളുടെയും ഹിംസാത്മക നിലപാടുകള്‍ നാമിവിടെ ചര്‍ച്ചക്കെടുക്കുന്നില്ല. കള്ളങ്ങളുടെ പെരുമഴ തീര്‍ത്ത് ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ വേരോടെ പിഴുതുമാറ്റാനാണ് ആ ശക്തികളുടെ ശ്രമം. അറബ് വസന്തത്തിനു ശേഷം ഈ പ്രസ്ഥാനങ്ങള്‍ നേടിക്കൊണ്ടിരിക്കുന്ന ജനസ്വീകാര്യതയാണ് അവരുടെ ഉറക്കം കെടുത്തുന്നത്. അറബ് വസന്ത വിപ്ലവങ്ങള്‍ക്കു മുമ്പ് തദ്ദേശീയ രാഷ്ട്രീയത്തില്‍ പ്രാന്തങ്ങളില്‍ കഴിഞ്ഞിരുന്ന, അല്ലെങ്കില്‍ പ്രവാസ ജീവിതം വിധിക്കപ്പെട്ടിരുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ 2011-നു ശേഷം മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നതാണ് നാം കാണുന്നത്. ഈജിപ്തിലും തുനീഷ്യയിലും മൊറോക്കോയിലും അവര്‍ അധികാരത്തിലെത്തി. തെരഞ്ഞെടുപ്പ് നടന്നാല്‍ മറ്റിടങ്ങളിലും സ്ഥിതി ഭിന്നമായിരിക്കില്ല. സിറിയയില്‍ ഏകാധിപതി ബശ്ശാറിനെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്നതും, സാമ്രാജ്യത്വ ശക്തികളും മേഖലയിലെ സ്വേഛാധിപതികളും കെട്ടിയിറക്കിയ ഖലീഫ ഹഫ്തര്‍ എന്ന മുന്‍ ജനറലിന്റെ കീഴിലുള്ള കൊലയാളി സംഘത്തെ ലിബിയയില്‍ വിജയകരമായി ചെറുക്കുന്നതും ഇസ്‌ലാമിസ്റ്റുകളാണ് എന്നതു തന്നെയാണ് അവര്‍ക്കെതിരെയുള്ള പല തരത്തിലുള്ള കടന്നാക്രമണങ്ങള്‍ക്കും കാരണം.
അറബ് വസന്തത്തിനു ശേഷം പ്രാന്തങ്ങളില്‍ കഴിഞ്ഞിരുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അധികാരത്തിലെത്തുകയോ അധികാരത്തില്‍ പങ്കാളികളാവുകയോ രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി വളരുകയോ ഒക്കെ ചെയ്തതാണ് ഇപ്പോള്‍ അവയെ ചുറ്റിപ്പറ്റി ഉയരുന്ന വിവാദങ്ങളുടെയും വിമര്‍ശനങ്ങളുടെയും മര്‍മം. ഒരു ഭാഗത്ത്, അവയെ അടിച്ചമര്‍ത്താന്‍ സ്വേഛാധിപതികളും പ്രതിവിപ്ലവ ശക്തികളും സര്‍വ സന്നാഹങ്ങളുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു. ഈജിപ്തിലും ബംഗ്ലാദേശിലും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഭരണകൂട ഭീകരതക്കു മുമ്പില്‍ അസ്തിത്വ പ്രതിസന്ധി തന്നെയാണ് അഭിമുഖീകരിക്കുന്നത്. ആ വിഷയത്തിലേക്ക് നാമിവിടെ കടക്കുന്നില്ല. മാറിയ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ വിജയിച്ചുവോ എന്നും പ്രതിസന്ധികളെ മറികടക്കാന്‍ അവ സ്വീകരിക്കുന്ന സ്ട്രാറ്റജികള്‍ ഫലപ്രദമാണോ എന്നും മാത്രമേ ഇവിടെ അന്വേഷിക്കുന്നുള്ളൂ.
പ്രതിപക്ഷത്തിരുന്നവര്‍ ഭരണപക്ഷത്തായപ്പോള്‍ സ്വാഭാവികമായും ഉണ്ടായ നിവൃത്തികേടുകളാണ് ഒരു പ്രധാന പ്രതിസന്ധി. ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് മൊറോക്കോ. ഇസ്‌ലാമിസ്റ്റ് കക്ഷിയായ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റിന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയാണ് അവിടെ ഭരണം നടത്തുന്നത്. പാര്‍ട്ടിയുടെ സെക്രട്ടറി ജനറല്‍ കൂടിയായ സഅ്ദുദ്ദീന്‍ ഉസ്മാനിയാണ് പ്രധാനമന്ത്രി. തെരഞ്ഞെടുപ്പും മന്ത്രിസഭയുമൊക്കെ ഉണ്ടെങ്കിലും മൊറോക്കോയുടെ യഥാര്‍ഥ അധികാരം രാജാവില്‍ നിക്ഷിപ്തമാണ്. ആഭ്യന്തരവും രാജ്യരക്ഷയും വിദേശകാര്യവും രാജാവിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍. ഇസ്രയേലുമായി ഏതാനും അറബ് രാഷ്ട്രങ്ങള്‍ ബന്ധങ്ങള്‍ സാധാരണ നിലയിലാക്കാന്‍ തീരുമാനിച്ചപ്പോള്‍, മൊറോക്കന്‍ രാജാവും അതേ വഴി തെരഞ്ഞെടുത്തു. രാജാവിനെ തിരുത്താന്‍ ഭരണത്തിലിരിക്കുന്ന ഇസ്‌ലാമിസ്റ്റുകള്‍ക്ക് കഴിയില്ല. അവര്‍ക്ക് വേണമെങ്കില്‍ പ്രതിഷേധിച്ച് രാജിവെച്ച് ഇറങ്ങിപ്പോരാം. പക്ഷേ ഇസ്രയേലുമായി ബന്ധം സാധാരണ നിലയിലാക്കിയതിന്റെ പേരില്‍ അവര്‍ ഭരണം വിട്ടിറങ്ങിയില്ല. അതിരൂക്ഷമായ എതിര്‍പ്പുകളാണ് അതിന്റെ പേരില്‍ അവര്‍ക്ക് നേരിടേണ്ടി വന്നത്. ഫലസ്ത്വീന്‍ പോരാട്ടത്തെ പിറകില്‍ നിന്ന് കുത്തിയവരായി അവര്‍ അധിക്ഷേപിക്കപ്പെട്ടു. അനിവാര്യ സാഹചര്യങ്ങളാലാണ് (ളറൂറത്ത് ) ഇങ്ങനെയൊരു നിലപാട് എടുക്കേണ്ടിവന്നത് എന്നതാണ് ഇസ്‌ലാമിസ്റ്റ് കക്ഷിയുടെ വിശദീകരണം. കൈ കൊണ്ട് വെള്ളം കോരുന്നതും തീക്കനല്‍ കോരുന്നതും ഒരുപോലെയല്ല എന്നും വിശദീകരിക്കുന്നു. ഭരണത്തിലേറിയപ്പോള്‍ തീക്കനല്‍ കൈ കൊണ്ട് പിടിച്ച അവസ്ഥയിലാണ് തങ്ങള്‍ എത്തിപ്പെട്ടിരിക്കുന്നതെന്ന് സാരം. ഏതായാലും തങ്ങളുടെ നിലപാട് അണികളെ ഏറക്കുറെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ പാര്‍ട്ടി നേതൃത്വത്തിനായിട്ടുണ്ട്. അതുകൊണ്ടുതന്നെയാവാം ഇതിന്റെ പേരില്‍ ഒരു പിളര്‍പ്പൊഴിവാക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞത്.
പ്രതിപക്ഷത്തിരിക്കുമ്പോഴുള്ള മുന്‍ഗണനകളും ഭരണത്തിലിരിക്കുമ്പോഴുള്ള മുന്‍ഗണനകളും രണ്ടും രണ്ടാണെന്ന് അനുഭവങ്ങളിലൂടെ ഇസ്‌ലാമിസ്റ്റുകള്‍ തിരിച്ചറിഞ്ഞതാണ് നിലപാടുമാറ്റങ്ങള്‍ക്ക് കാരണമെന്നാണ് ഖത്തറിലെ ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക പഠന വിഭാഗത്തില്‍ അധ്യാപകനായ മുഅ്തസ്സുല്‍ ഖത്വീബ് വാദിക്കുന്നത്. സ്വാതന്ത്ര്യം, ജനാധിപത്യം, മനുഷ്യാവകാശങ്ങള്‍ ഇവയെല്ലാം ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ആദ്യ പരിഗണനകളില്‍ വരുന്നവയാണെങ്കിലും, അധികാരത്തിലിരിക്കുമ്പോള്‍ ആഗോള - മേഖലാ ശക്തികളുടെ സമ്മര്‍ദത്തിനു വഴങ്ങി നിര്‍ബന്ധിതാവസ്ഥയില്‍ മറ്റു പലതിനും മുന്‍ഗണന നല്‍കേണ്ടി വരുന്നു. അവിടെ ഭരണതലത്തില്‍ കളി നിയന്ത്രിക്കുന്നത് അമേരിക്കയാണ്. അതാകട്ടെ മുഖ്യമായും മേഖലയില്‍ ഇസ്രയേലിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയും. ഇവിടെയൊന്നും ഇരു രാഷ്ട്രങ്ങള്‍ക്കും ജനാധിപത്യമോ മനുഷ്യാവകാശങ്ങളോ പ്രശ്‌നമേയല്ല. സ്വന്തം ജനതയെ അറുകൊല ചെയ്യുന്ന ബശ്ശാറുല്‍ അസദ് സിറിയയില്‍ ഭരണത്തില്‍ തുടരട്ടെ എന്നാണല്ലോ ഇസ്രയേലും അമേരിക്കയും അവരുടെ ശിങ്കിടികളും രഹസ്യ ധാരണയിലെത്തിയിരിക്കുന്നത്. ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും കശാപ്പ് ചെയ്യുന്ന ഈജിപ്തിലെ അബ്ദുല്‍ ഫത്താഹ് സീസിയുടെ ഏറ്റവുമടുത്ത സുഹൃത്താണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. മേഖലയിലെ ഏതൊരു ഭരണകൂടവും ഈ ദൂഷിതവലയത്തില്‍ വന്നു വീഴാതിരിക്കില്ല. ചെറുക്കാനാണ് ശ്രമമെങ്കില്‍ ഗസ്സയില്‍ ഹമാസിനുണ്ടായ അനുഭവം ആവര്‍ത്തിക്കപ്പെടും. സകല ഭാഗത്തു നിന്നും അവര്‍ ഉപരോധിക്കപ്പെടും. ഉപരോധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഗസ്സയിലെ ജനത വര്‍ഷങ്ങളായി തീരാ ദുരിതത്തിലാണ്. ഗസ്സയില്‍ അടുത്ത് നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ഒരുപക്ഷേ വോട്ടര്‍മാര്‍ ഹമാസിന് ഭരണത്തില്‍ വീണ്ടുമൊരു അവസരം നല്‍കിക്കൊള്ളണമെന്നില്ല. ഹമാസിനെ അവര്‍ക്ക് ഇഷ്ടമാണ്. അതേസമയം വീണ്ടും ഹമാസിനെ തെരഞ്ഞെടുത്താല്‍ ഉപരോധം അനിശ്ചിതമായി നീളുമെന്നതും അവരെ ഭയപ്പെടുത്തുന്നു. മുന്‍ തുനീഷ്യന്‍ പ്രസിഡന്റ് മുന്‍സിഫ് മര്‍സൂഖി 'ആഗോള ഉപജാപക സംഘം' എന്ന് വിശേഷിപ്പിക്കുന്ന ഈ അധോലോക മാഫിയയുടെ ശക്തിയും കുതന്ത്രങ്ങളും തിരിച്ചറിയാന്‍ കഴിയാതെ പോയതാണ് ഈജിപ്തില്‍ മുഹമ്മദ് മുര്‍സി ഭരണകൂടം അട്ടിമറിക്കപ്പെടാന്‍ ഒരു പ്രധാന കാരണം. ഈ രണ്ട് അനുഭവങ്ങളും മുമ്പിലുണ്ടായിരിക്കെ ഭരണം അട്ടിമറിക്കപ്പെടാതിരിക്കാന്‍ തന്ത്രപരമായ സമീപനങ്ങള്‍ സ്വീകരിക്കേണ്ടിവരും. മുന്‍ നിലപാടുകളില്‍ നിന്നുള്ള മാറിനടത്തമായതിനാല്‍ അത് കടുത്ത വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്യും. മൊറോക്കോയില്‍ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടിക്ക് സംഭവിച്ചത് അതാണ്. അവരുടെ മുമ്പിലുള്ളത് രണ്ട് പ്രശ്‌നങ്ങളാണ്. ഒന്ന് ഫലസ്തീന്‍ പ്രശ്‌നം. എത്രയോ കാലമായി ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ അജണ്ടയില്‍ അത് ആദ്യ ഇടം തന്നെ പിടിക്കുന്നുണ്ട്. 'വെസ്റ്റേണ്‍ സഹാറ ' പ്രശ്‌നമാണ് രണ്ടാമത്തേത്. അത് മൊറോക്കോയുടെ ആഭ്യന്തര പ്രശ്‌നമാണ്. വെസ്റ്റേണ്‍ സഹാറ മേഖലയില്‍ വിഘടനവാദം ശക്തമാണ്. പല രാഷ്ട്രങ്ങളും വിഘടനവാദത്തെ രഹസ്യമായി പിന്തുണക്കുന്നുമുണ്ട്. ഈ ഘട്ടത്തിലാണ് വെസ്റ്റേണ്‍ സഹാറ പ്രശ്‌നത്തില്‍ മൊറോക്കോക്ക് ഒപ്പം നില്‍ക്കാമെന്ന് അമേരിക്ക വാക്കാല്‍ ഉറപ്പു കൊടുക്കുന്നത്. പ്രത്യുപകാരമായി ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കണം. ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി അവരുടെ ഒരു പ്രസ്താവനയില്‍, 'ഇരു പ്രശ്‌നങ്ങളെയും ഞങ്ങള്‍ തുല്യ പ്രാധാന്യത്തോടെ കാണുന്നു ' എന്ന് പറയുന്നുണ്ട്. എങ്കിലും ഒന്ന് ദേശീയ പ്രശ്‌നമായതുകൊണ്ട് അത് മുന്‍ഗണനയില്‍ ആദ്യം വന്നു. ഇങ്ങനെയൊക്കെയാണ് കടുത്ത വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയ ആ നിലപാട് ഔദ്യോഗികമായി വിശദീകരിക്കപ്പെടുന്നത്.
ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയും ദേശരാഷ്ട്ര പരിധിയിലേക്ക് (ഖുത്വ്‌രിയ്യ) അവയുടെ പ്രവര്‍ത്തനം ചുരുക്കുകയും ചെയ്യുന്നതുകൊണ്ട് മുന്‍ നിലപാടുകളുമായി ഏറ്റുമുട്ടലുണ്ടാവുക സ്വാഭാവികമാണ്. ആഗോള ഖിലാഫത്ത് പോലുള്ള ആശയങ്ങള്‍ ദേശരാഷ്ട്രങ്ങള്‍ ശക്തമായി നില നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രായോഗികമാവില്ലെന്ന തിരിച്ചറിവ് പൊതുവെ എല്ലാ പ്രസ്ഥാനങ്ങള്‍ക്കുമുണ്ട്. അതിനാല്‍ ഓരോ നാട്ടിലെയും രാഷ്ട്രീയ സാഹചര്യങ്ങള്‍ നോക്കിയാണ് നിലപാടെടുക്കുക. അത് മറ്റു നാടുകളിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ നിലപാടുകളുമായി ഒത്തുപോകുന്നുണ്ടോ എന്ന് നോട്ടമില്ല. 'ഇസ്‌ലാമിന്റെ തുനീഷ്യന്‍വല്‍ക്കരണം' എന്നാണ് തുനീഷ്യന്‍ പാര്‍ലമെന്റ് സ്പീക്കര്‍ റാശിദുല്‍ ഗന്നൂശി ദേശരാഷ്ട്രത്തിനകത്തെ ഈ നയരൂപവത്കരണത്തെ ഒരിക്കല്‍ വിശേഷിപ്പിച്ചത്. അതുകൊണ്ട് അയല്‍നാടുകളിലെ രണ്ട് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഒരേ പ്രശ്‌നത്തില്‍ തീര്‍ത്തും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചാല്‍ അതിനെ വൈരുധ്യമായി കാണേണ്ടതില്ല. നേരത്തേ സൂചിപ്പിച്ച വെസ്റ്റേണ്‍ സഹാറാ പ്രശ്‌നത്തില്‍ മൊറോക്കോ ദേശീയ നിലപാടിനോടൊപ്പമാണ് അവിടത്തെ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി. എന്നാല്‍ അയല്‍നാടായ അള്‍ജീരിയയുടെ ദേശീയ നിലപാട്, സ്വഹ്‌റാവി ജനതക്ക് ഹിതപരിശോധനക്ക് അവസരം നല്‍കണമെന്നും അത് സ്വതന്ത്ര രാഷ്ട്രത്തിന് അനുകൂലമാണെങ്കില്‍ അത് അംഗീകരിക്കണമെന്നുമാണ്. അള്‍ജീരിയയിലെ ഇസ്‌ലാമിക പ്രസ്ഥാനമായ 'ഹിംസി' നും ഇതേ നിലപാടാണ്. ഇതില്‍ വൈരുധ്യം കാണേണ്ട കാര്യമില്ല. ഓരോ നാട്ടിലെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ തീര്‍ത്തും സ്വതന്ത്രമാണ് എന്നേ ഇതിനര്‍ഥമുള്ളൂ.

ചിന്താമാതൃകകളും ബൈനറികളും പുനഃപരിശോധിക്കേണ്ട കാലം
അതിവേഗം മാറുന്ന കാലത്ത് ഇസ്‌ലാമിക വ്യവഹാര (ഖിത്വാബ് ഇസ്‌ലാമി) മാതൃകകളും മാറേണ്ടതുണ്ട്. നിലനിര്‍ത്തിപ്പോരുന്ന ചിന്താ മാതൃകകള്‍ പുതിയ കാലത്ത് പ്രസക്തമാണോ എന്ന് കാര്യ ഗൗരവത്തോടെ പുനഃപരിശോധിക്കണം. ഭൂതകാല പ്രേമം ഇതിന് തടസ്സമാവരുത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകം മുതല്‍ ഇന്നു വരെയുള്ള കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയില്‍ അമ്പരപ്പിക്കുന്ന മാറ്റങ്ങളാണ് ലോകത്ത് ഉണ്ടായിരിക്കുന്നത്. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയും ശീതയുദ്ധത്തിന്റെ അന്ത്യവുമാണ് അതിന് പ്രത്യക്ഷ നിമിത്തമായത് എന്നു പറയാം. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക ചുറ്റുപാടുകള്‍ അടിമുടി മാറി. ആ മാറ്റങ്ങള്‍ മനുഷ്യരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് അനുഗുണമാണോ അല്ലേ എന്നത് മറ്റൊരു വിഷയമാണ്. ഏതായാലും മാറ്റങ്ങള്‍ സംഭവിച്ചുകഴിഞ്ഞ സ്ഥിതിക്ക് അവയെ ആഴത്തില്‍ പഠിച്ചാണ് പ്രസ്ഥാനങ്ങളും പാര്‍ട്ടികളും, പുതിയ ചിന്താ മാതൃകകളും നിലപാടുകളും രൂപവത്കരിക്കേണ്ടത്. ജീവിക്കുന്ന ഒരു പ്രസ്ഥാനം അതത് കാലഘട്ടവുമായി നടത്തുന്ന എന്‍ഗേജ്‌മെന്റില്‍നിന്ന് ഉരുത്തിരിയുന്നതാണല്ലോ അതിന്റെ നിലപാടുകള്‍. ആ കാലം മാറുമ്പോള്‍ ആ നിലപാടുകളും മാറ്റേണ്ടിവരും എന്നത് ആര്‍ക്കും മനസ്സിലാകുന്ന ലളിതയുക്തി മാത്രം.
അതേസമയം ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഒരു പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളായതുകൊണ്ട് അടിസ്ഥാന ആശയങ്ങള്‍ക്ക് മാറ്റമുണ്ടാവില്ല; അവയുടെ പ്രയോഗവല്‍ക്കരണ രീതികള്‍ മാറിയേക്കാമെങ്കിലും. ഈ അടിസ്ഥാന ആശയങ്ങളെ 'സവാബിത്' (ഇളക്കമില്ലാത്തവ) എന്നാണ് പറയുക. സംഘടനാ ചട്ടക്കൂടുകള്‍, നയനിലപാടുകള്‍, പ്രവര്‍ത്തന രീതികള്‍ ഇവയെല്ലാം മാറ്റത്തിന് വിധേയമാണ്. ഇവയെ മാറുന്നവ (മുതഗയ്യിറാത്ത്) എന്നും പറയുന്നു. പൊതുവെ ലോകത്ത് എല്ലായിടത്തുമുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രധാന ആഭ്യന്തര വെല്ലുവിളി ഇതുമായി ബന്ധപ്പെട്ടതാണ്. അതായത് കാലത്തിനനുസരിച്ച് മാറ്റേണ്ട സംഘടനാ ചട്ടക്കൂടുകളെയും നയനിലപാടുകളെയും പ്രവര്‍ത്തന രീതികളെയും അവര്‍ ഇളക്കമില്ലാത്തവ (സവാബിത്) ആയി കാണുന്നു. പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കള്‍ രൂപകല്‍പ്പന ചെയ്ത ഒന്നും അവര്‍ മാറ്റാന്‍ തയാറാവില്ല. എന്നല്ല ആ രീതികളെയൊക്കെയും പവിത്രീകരിക്കുക(തഖ്ദീസ്)യും ചെയ്യുന്നു. പ്രസ്ഥാന നായകര്‍ അവര്‍ ജീവിക്കുന്ന കാലത്തെ മുമ്പില്‍ കണ്ടുകൊണ്ടാണ്, നാം ജീവിക്കുന്ന കാലത്തെ ദീര്‍ഘദര്‍ശനം ചെയ്തുകൊണ്ടല്ല ഇതൊന്നും ആവിഷ്‌കരിച്ചതെന്ന ലളിതസത്യം ഇതിനിടെ വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. ഇക്കാര്യത്തിലുള്ള ഭിന്നിപ്പാണ് പലപ്പോഴും പ്രസ്ഥാനങ്ങളുടെ പിളര്‍പ്പിനും ഒരു വിഭാഗത്തിന്റെ വഴിപിരിഞ്ഞുപോക്കിനുമൊക്കെ കാരണമാകാറുള്ളത്.
   ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ആശയപരമായും സംഘടനാപരമായും പ്രബല സാന്നിധ്യമായ പശ്ചിമേഷ്യയില്‍ ഇത്തരം ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമാകാറുണ്ട്. ഇടക്കാലത്ത് സംഭവിച്ച വലിയ രാഷ്ട്രീയ, സാമൂഹിക മാറ്റങ്ങളാണ് അതിന് കാരണം. പ്രത്യേകിച്ച് അറബ് വസന്തത്തിനു ശേഷം നിലവിലുള്ള ചിന്താധാരകളിലും അവയുടെ നിലപാടുകളിലും വലിയ മാറ്റങ്ങളാണ് കാണാനാവുക. അറബ് ലോകത്ത് പലതരം ചിന്താഗതികളുണ്ടെങ്കിലും അവയെ നാല് വിശാല ഗ്രൂപ്പുകളായി വര്‍ഗീകരിക്കാമെന്ന് തോന്നുന്നു; ഇസ്‌ലാമിസ്റ്റ്, ലെഫ്റ്റിസ്റ്റ്, നാസിറിസ്റ്റ്, ലിബറലിസ്റ്റ് എന്നിങ്ങനെ. ഈ പ്രയോഗങ്ങളൊക്കെ അവയുടെ വിശാലമായ അര്‍ഥത്തില്‍ കാണണം. ഇസ്‌ലാമിസ്റ്റ് എന്ന് പറയുമ്പോള്‍ പരമ്പരാഗത ഇസ്‌ലാമിസ്റ്റ് പ്രസ്ഥാനങ്ങള്‍ മാത്രമല്ല അതില്‍ പെടുക. ഏതെങ്കിലും അര്‍ഥത്തില്‍ ഇസ്‌ലാം പ്രചോദനമായ സംഘടനകളും വ്യക്തികളുമൊക്കെ അതില്‍ പെടും. ആ പ്രചോദനവും പ്രതിനിധാനവും ചിലപ്പോള്‍ അപൂര്‍ണമോ ഭാഗികമോ ആകാം; മറ്റു ചിലപ്പോള്‍ തീവ്രത കൂടുതലുള്ളതുമാകാം. ഈ ചിന്താധാരകളില്‍ പഴയ നാസിറിസ്റ്റുകള്‍ ഇന്നില്ല. വളരെയധികം രൂപമാറ്റം വന്ന് ഇസ്‌ലാമിനോട് കുറേയൊക്കെ അടുപ്പം പുലര്‍ത്തുന്ന ഒന്നായി നാസിറിസം മാറിയിരിക്കുന്നു. സോവിയറ്റ് യൂനിയന്റ തകര്‍ച്ചയോടെ ആശയപരമായി പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ് ഇടതുപക്ഷം. ലിബറലുകളും വലിയ പ്രതിസന്ധിയിലാണ്; ലിബറല്‍ സങ്കല്‍പ്പങ്ങളെ തച്ചുടച്ച് മഹാമാരി ആഞ്ഞടിച്ചതിനു ശേഷം പ്രത്യേകിച്ചും. ഈ ചിന്താധാരകളിലൊക്കെ ദേശീയത പല രീതിയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
  ഈ ചിന്താധാരകളില്‍പെട്ടവരും അവക്ക് പുറത്തുള്ളവരുമൊക്കെ അണിചേര്‍ന്നിരുന്നു അറബ് വസന്ത പ്രക്ഷോഭങ്ങളില്‍. സോഷ്യലിസമോ കമ്യൂണിസമോ അറബ് ദേശീയതയോ ലിബറലിസമോ ഒന്നുമായിരുന്നില്ല, അനീതിക്കും ഏകാധിപത്യത്തിനും അതിക്രമങ്ങള്‍ക്കുമെതിരെ അവരെ തെരുവിലിറക്കിയത് എന്നും വ്യക്തം. അവരുടെ ആശയ പ്രചോദനം ഇസ്‌ലാമായിരുന്നു. ഇതൊരു തര്‍ക്കവിഷയമല്ല. അറബ് വസന്തത്തെക്കുറിച്ച് പഠിച്ച എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞിട്ടുള്ളതാണ്. മുന്‍കാലങ്ങളിലും ഇപ്പോഴും ഇപ്പറഞ്ഞ മൂന്ന് മുഖ്യധാരകളെയും അനുബന്ധ ധാരകളെയും കുറിക്കാന്‍ ഇസ്‌ലാമിസ്റ്റുകള്‍ 'അല്‍മാനിയ്യ' എന്നാണ് പ്രയോഗിച്ചിരുന്നത്. മതവിരുദ്ധരായ തീവ്ര സെക്യുലറിസ്റ്റുകള്‍ എന്നാണ് അതുകൊണ്ട് അര്‍ഥമാക്കുന്നത്. സോഷ്യലിസവും കമ്യൂണിസവും കത്തിനിന്ന കാലത്തെ ശക്തമായ ഇസ്‌ലാംവിരുദ്ധ ചേരി തന്നെയായിരുന്നു അല്‍മാനിയ്യ. അതിനാല്‍ അല്‍മാനിയ്യ / ഇസ്‌ലാമിയ്യ ദ്വന്ദ്വ കല്‍പ്പന ഏറക്കുറെ ശരിയുമായിരുന്നു. അറബ് വസന്താനന്തരവും മറ്റും അല്‍മാനിയ്യ വിഭാഗങ്ങളിലുണ്ടായ ആശയ - നിലപാടു മാറ്റങ്ങളെപ്പറ്റിയാണ് നാം നേരത്തേ സൂചിപ്പിച്ചത്. അതിനാലാണ്, അല്‍മാനിയ്യ വിഭാഗങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്താതെ അവരുമായി ക്രിയാത്മകമായി സംവദിക്കണമെന്നും പൊതു വെല്ലുവിളികളെ അവരുമായി ചേര്‍ന്ന് നേരിടണമെന്നും സാധ്യമെങ്കില്‍ രാഷ്ട്രീയ സഖ്യങ്ങള്‍ ഉണ്ടാക്കണമെന്നും റാശിദ് ഗന്നൂശിയെപ്പോലുള്ള ഇസ്‌ലാമിക ദാര്‍ശനികര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. തുനീഷ്യയില്‍ അതിന് അദ്ദേഹം മാതൃക കാണിക്കുകയും ചെയ്തു. ഇത്തരം അല്‍മാനിയ്യ കക്ഷികളെ കൂടെ നിര്‍ത്തിയാണ് മൊറോക്കോയിലും ഇസ്‌ലാമിസ്റ്റുകള്‍ മന്ത്രിസഭ ഉണ്ടാക്കിയിരിക്കുന്നത്. തുര്‍ക്കിയില്‍ അക് പാര്‍ട്ടിയുടെ ഒറ്റകക്ഷി ഭരണമല്ല നടക്കുന്നത്. അവിടെ നാഷ്‌നലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടിയുമായി അവര്‍ സഖ്യത്തിലാണ്.
    ചുരുക്കിപ്പറഞ്ഞാല്‍, മേല്‍പ്പറഞ്ഞ എല്ലാ പ്രമുഖ ചിന്താധാരകളും തങ്ങളുടെ 'സുസമ്മത നിലപാടുകള്‍' (മുസല്ലമാത്ത്) തിരുത്തിക്കൊണ്ടിരിക്കുകയാണ്. പശ്ചിമേഷ്യയെ സര്‍വാധിപത്യത്തില്‍നിന്നും തജ്ജന്യമായ പിന്നാക്കാവസ്ഥകളില്‍നിന്നും മോചിപ്പിക്കാനും മനുഷ്യന്റെ ആദരണീയത സംരക്ഷിക്കാനും മനുഷ്യാവകാശങ്ങള്‍ ഉറപ്പു വരുത്താനും ഈ എല്ലാ ധാരകളും ഒന്നിച്ചു നിന്നേ പറ്റൂ എന്ന പൊതുധാരണയിലേക്ക് അവര്‍ എത്തിക്കൊണ്ടിരിക്കുന്നു. അതിനാല്‍ ഇരുപതാം നൂറ്റാണ്ടില്‍ രൂപപ്പെടുത്തിയ പല ബൈനറികളെയും / എതിര്‍പക്ഷ സങ്കല്‍പ്പനങ്ങളെയും ഉപേക്ഷിക്കേണ്ടി വരും. നാമും പാശ്ചാത്യരും, നാമും ആധുനികതയും, ഇസ്‌ലാമിസ്റ്റുകളും സെക്യുലറിസ്റ്റുകളും അല്ലെങ്കില്‍ ദേശീയ വാദികളും തുടങ്ങിയ ദ്വന്ദ്വ കല്‍പ്പനകള്‍. പോലീസിന്റെ അതിക്രമങ്ങള്‍, വന്‍ അഴിമതിയും സ്വജനപക്ഷപാതവും, ചങ്ങാത്ത മുതലാളിത്തം, ഭരണകൂട ഭീകരത, രാഷ്ട്രീയ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തല്‍, അധികാരത്തില്‍ പങ്കാളിത്തം നല്‍കാതെ പൊതുസമൂഹത്തെ അരികിലേക്ക് തള്ളിമാറ്റല്‍, അതിഭീമമായ സാമ്പത്തിക അസമത്വങ്ങള്‍.... ഈ പട്ടിക എത്രയും നീട്ടാവുന്നതാണ്. ഇതെല്ലാം പശ്ചിമേഷ്യന്‍ ജനത നേരിടുന്ന പൊതു പ്രശ്‌നങ്ങളാണ്. എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തു നിര്‍ത്തി ഈ നീതിനിഷേധങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കാന്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ആശയപരമായും സംഘടനാപരമായും സജ്ജമാണോ എന്നതാണ് അവ അഭിമുഖീകരിക്കുന്ന ഏറ്റവും കാതലായ ചോദ്യം.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (103-113)
ടി.കെ ഉബൈദ്‌