സക്കി യമാനി ജപമാലയും എണ്ണയും
എഴുപതുകളുടെ തിളച്ചുമറിയുന്ന എണ്ണ രാഷ്ട്രീയത്തിനിടെ വിയന്നയിലെ ഒപ്പെക് കോണ്‍ഫറന്‍സ് ഹാളിലെ കോറിഡോറിലൂടെ ജപമാലയുമുരുട്ടി നടക്കുന്ന ആ മുഖം ഓര്‍ക്കുന്നില്ലേ? മീഡിയയില്‍ സദാ നിറഞ്ഞുനിന്ന വ്യക്തിത്വം. അക്കാലത്ത് മധ്യപൗരസ്ത്യദേശത്ത് ഷട്ടില്‍ ഡിപ്ലോമസിയുമായി ഇറങ്ങിക്കളിച്ച കിസിന്‍ജറുടെ സമശീര്‍ഷന്‍. ലോക സമ്പദ്‌വ്യവസ്ഥ തന്നെ അയാളുടെ കക്ഷത്തായിരുന്നു. പെട്രോളിയം രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപ്പെകിന്റെ ചെയര്‍മാനെന്ന നിലയില്‍ അയാളെടുക്കുന്ന തീരുമാനങ്ങള്‍ക്ക് രാഷ്ട്രാന്തരീയ സാമ്പത്തിക മേഖലയില്‍ ആന്ദോളനങ്ങള്‍ സൃഷ്ടിക്കാനുള്ള കെല്‍പുണ്ടായിരുന്നു. സംഭവബഹുലമായ ആ കാലഘട്ടത്തിന് തിരശ്ശീല താഴ്ത്തി, 24 ദീര്‍ഘവത്സരം സുഊദി അറേബ്യയിലെ പെട്രോളിയം മന്ത്രിയായിരുന്ന ആ കരിസ്മാറ്റിക് വ്യക്തിത്വം, ഡോ. സക്കി യമാനി എത്ര നിശ്ശബ്ദമായാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 23-ന് ലണ്ടനിലെ ആശുപത്രി കിടക്കയില്‍ ലോകത്തോട് വിടവാങ്ങിയത്. സുഊദ്, ഫൈസല്‍, ഖാലിദ്, ഫഹ്ദ് എന്നീ നാല് രാജാക്കന്മാരുടെയും കാലത്ത് പെട്രോളിയം മന്ത്രിപദത്തില്‍ തുടര്‍ന്ന യമാനി 1986-ല്‍ സ്ഥാനമൊഴിഞ്ഞതില്‍ പിന്നെ 35 വര്‍ഷവും പൂര്‍ണ മൗനത്തിലായിരുന്നു. അതിനിടെ 2003-ല്‍ കയ്‌റോ പുസ്തകോത്സവത്തില്‍ മുഖ്യാതിഥിയായി പ്രഭാഷണം നടത്തവെ ഇറാഖ് അധിനിവേശത്തെ പരസ്യമായി എതിര്‍ത്തതായിരിക്കും ഒരപവാദം. ഇറാഖിനെതിരെയുള്ള ആക്രമണം നൂറു ബിന്‍ലാദന്മാരെ സൃഷ്ടിക്കുമെന്ന് അദ്ദേഹം നല്‍കിയ മുന്നറിയിപ്പ് പില്‍ക്കാലത്ത് 'ദാഇശി'ലൂടെയും മറ്റും അക്ഷരാര്‍ഥത്തില്‍തന്നെ പുലരുകയും ചെയ്തു. പിന്നീടദ്ദേഹം മൗനം ഭഞ്ജിച്ചത് അല്‍ജസീറക്കു വേണ്ടി സാമി കുലൈബ് നടത്തിയ അഭിമുഖത്തിലാണ്. തന്റെ സ്വകാര്യ ജീവിതത്തിലെയും സാമൂഹിക ജീവിതത്തിലെയും ഒരുപാട് മുഹൂര്‍ത്തങ്ങള്‍ അതിലദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി.
മന്ത്രിസ്ഥാനമൊഴിഞ്ഞതില്‍ പിന്നെ 91-ാം വയസ്സില്‍ ലോകത്തോട് വിടപറയുന്നതു വരെ ലണ്ടനിലെ കൊട്ടാരസദൃശമായ ചിരപുരാതന വിന്‍ഡല്‍ഷെം ഹോമിലായിരുന്നു യമാനിയുടെ താമസം. കാന്റര്‍ബെറി ആര്‍ച്ച് ബിഷപ്പിന്റേതായിരുന്നു ഈ കൊട്ടാരം. ബിഷപ്പില്‍നിന്ന് ഉദ്ദിഷ്ട മതവിധി കിട്ടാത്തതിനെ തുടര്‍ന്ന് ഹെന്റി എട്ടാമന്‍ രാജാവ് അദ്ദേഹത്തെ വധിക്കുകയും കൊട്ടാരം രാജകുമാരിമാരിലൊരുത്തിക്ക് കൈമാറുകയും ചെയ്യുകയായിരുന്നുവത്രെ. ഒടുവിലത് വിന്‍ഡല്‍െഷം പ്രഭുവിന്റെ കൈയിലെത്തുകയും അദ്ദേഹത്തില്‍നിന്ന് സക്കി യമാനി വിലയ്ക്കു വാങ്ങി പരിഷ്‌കരിക്കുകയുമായിരുന്നു.
മതപശ്ചാത്തലം
പാശ്ചാത്യാഭിമുഖ്യമുള്ള ഒരു ലിബറലായിട്ടാണ് പൊതുവെ യമാനി അറിയപ്പെടുന്നത്. എന്നാല്‍ മക്കയിലെ ഹറമില്‍ പാരമ്പര്യ ഓത്തു പള്ളിക്കൂടത്തില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷമാണ് കയ്‌റോയിലും ഹാര്‍വാര്‍ഡിലും കേംബ്രിഡ്ജിലും മറ്റും അദ്ദേഹം ഉപരിപഠനം നടത്തിയതെന്നത് പലര്‍ക്കും അജ്ഞാതമായിരിക്കും. പിതാവ് ശാഫിഈ നിയമസരണി പിന്തുടരുന്ന ജഡ്ജായിരുന്നു. മസ്ജിദുല്‍ ഹറാമിലെ അറിയപ്പെട്ട പണ്ഡിതനായിരുന്നു അദ്ദേഹം. എന്നാല്‍ പിതാവിനേക്കാള്‍ മാതാവാണ് തന്നെ ഏറെ സ്വാധീനിച്ചതെന്നാണ് യമാനി പറയുന്നത്. സത്യവതിയും വളരെ മതനിഷ്ഠയുള്ളവളുമായ അവര്‍ക്ക് ഖുര്‍ആന്‍ ഹൃദിസ്ഥമായിരുന്നു. 103-ാം വയസ്സില്‍ മരിച്ച അവര്‍ അവസാന കാലത്ത് ഒന്നരാടം ദിവസങ്ങളിലായി ഖുര്‍ആന്‍ ഓതിത്തീര്‍ക്കുമായിരുന്നുവത്രെ. പില്‍ക്കാലത്ത് ഭൂമിക്കടിയിലെ ഒഴുകുന്ന കറുത്ത പൊന്നു കൊണ്ട് അമ്മാനമാടിക്കളിച്ച യമാനി അക്കാലത്തെ മരുഭൂമിയിലെ കഠിന ജീവിതവും പരിചയിച്ചിട്ടുണ്ടായിരുന്നു. ഹിജാസിലെ പര്‍വത പ്രാന്തങ്ങളിലൂടെ ദിവസങ്ങളോളം കഴുതപ്പുറത്ത് സഞ്ചരിച്ചതും വെറും നിലത്ത് കിടന്നുറങ്ങിയതും സാമി കുലൈബുമായുള്ള അഭിമുഖത്തില്‍ യമാനി പങ്കിടുന്നുണ്ട്. ആലു സുഊദ് ഭരണം പിടിച്ചടക്കിയ ആദ്യകാലത്തെ പ്രക്ഷുബ്ധ ഘട്ടത്തില്‍ യമാനി കുടുംബം ഒന്നാകെ ഇന്തോനേഷ്യയിലേക്ക് പലായനം ചെയ്യുകയുണ്ടായി. സ്ഥിതിഗതികള്‍ ശാന്തമായപ്പോഴാണ് വീണ്ടും തിരിച്ചുവന്നത്. ഫൈസല്‍ രാജാവുമായി പിതാവിന് ഉറ്റബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു.
ക്ലാസ്സിക്കല്‍ ഫിഖ്ഹു(നിയമം)മായൊക്കെ പരിചയപ്പെടാന്‍ യമാനിക്ക് കുടുംബ സാഹചര്യം അവസരം നല്‍കി. പില്‍ക്കാലത്ത് മന്ത്രിയായിരിക്കെ പ്രിന്‍സ്റ്റണ്‍ യൂനിവേഴ്‌സിറ്റിയില്‍ ശരീഅത്തിനെക്കുറിച്ച് അദ്ദേഹം പ്രഭാഷണ പരമ്പര നടത്തുന്നുണ്ട്. 'ഇസ്‌ലാമിക ലോ ആന്റ് കണ്ടംപററി ഇഷ്യൂസ്' എന്ന ശീര്‍ഷകത്തില്‍ പിന്നീടത് പുസ്തകരൂപത്തില്‍ പുറത്തിറങ്ങുകയുണ്ടായി. ഈ ലേഖകന്റെ 'ഇസ്‌ലാമിലെ രാഷ്ട്ര സങ്കല്‍പം' എന്ന പുസ്തകത്തില്‍ അതില്‍നിന്ന് ഉദ്ധരിക്കുന്നുണ്ട്. ആ പുസ്തകം തന്നെ പരിഭാഷപ്പെടുത്താന്‍ അന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും പുനരാലോചനയില്‍ വേണ്ടെന്നു വെക്കുകയായിരുന്നു. അതില്‍ ഒരു ഗുപ്ത രാഷ്ട്രീയം മണത്തതാണ് കാരണം. കമ്യൂണിസത്തിന്റെ വേലിയേറ്റം തടയാന്‍ ഇസ്‌ലാമാണ് നല്ല പരിച എന്ന് വരികള്‍ക്കിടയിലൂടെ ബോധ്യപ്പെടുത്താന്‍ ഗ്രന്ഥകര്‍ത്താവ് ശ്രമിക്കുന്നതായി കാണാം. അമേരിക്കന്‍ പ്രീണനമെന്നാണ് അതിന്റെ മറുവായന. എന്നാല്‍ യമാനിക്ക് ഒരു കമ്യൂണിസ്റ്റ് ചായ്‌വുണ്ട് എന്നൊരു പരദൂഷണവും അന്തരീക്ഷത്തില്‍ പാറിനടന്നിരുന്നുവെന്നതാണ് കൗതുകകരമായ മറ്റൊരു സംഗതി!
കമ്യൂണിസ്റ്റ്, ഇഖ്‌വാനി, സൂഫി
കമ്യൂണിസ്റ്റ് എന്നു മാത്രമല്ല, ഇഖ്‌വാനീ, സൂഫി എന്നീ മുദ്രകളും അദ്ദേഹത്തിന് സൗജന്യമായി പതിച്ചുകിട്ടിയിരുന്നു. കയ്‌റോയിലെ നിയമപഠനകാലത്ത് ബന്ധപ്പെടാനിടയായ, കമ്യൂണിസ്റ്റുകാരന്റെ സഹോദരിയുമായി പ്രണയത്തിലായിരുന്നുവെന്നും വര്‍ത്തമാനമുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയൊന്നുമുണ്ടായിട്ടില്ലെന്നാണ് സാമി കുലൈബിന്റെ ചോദ്യത്തെ യമാനി ചിരിച്ചു തള്ളിയത്. കയ്‌റോയിലെ നിയമപഠനകാലത്ത് എല്ലാ വിഭാഗങ്ങളുമായും ഇടപഴകിയിരുന്നു. ത്വാഹാ ഹുസൈന്‍, അഖാദ്, ശല്‍ത്തൂത്ത്, ബന്നാ തുടങ്ങിയവരെയൊക്കെ കേള്‍ക്കാറുണ്ടായിരുന്നു. അക്കൂട്ടത്തില്‍ കമ്യൂണിസ്റ്റുകാരുമുണ്ടായിരുന്നു. കമ്യൂണിസ്റ്റ് സുഹൃത്തിന്റെ സഹോദരിയെ സ്വന്തം പെങ്ങളെപ്പോലെയേ കരുതിയിരുന്നുള്ളൂ. ജിജ്ഞാസ മാത്രമേ ഇവരുടെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ പോകുമ്പോള്‍ ഉണ്ടായിരുന്നുള്ളൂ. അസ്ഹര്‍ റെക്ടര്‍ ഡോ. ശല്‍ത്തൂത്തിന്റെ ജുമുഅ പ്രസംഗം കേള്‍ക്കാന്‍ ഒരു ത്വര്‍ബൂശ് കടം വാങ്ങി തലയിലണിഞ്ഞാണ് പോയിരുന്നത്. അതുപോലെ ഓപറേക്ക് പോകുമ്പോള്‍ സൂട്ടും കടംവാങ്ങി അണിഞ്ഞു. ഇഖ്‌വാന്‍കാരുടെ ക്യാമ്പിലും പങ്കെടുത്തിരുന്നു. അവിടെ വെച്ച് ആയോധനമുറകളും പരിശീലിക്കുകയുണ്ടായി. ഒക്കെ, ഒരു കൗതുകത്തിന്റെ പുറത്ത് നടന്നതായിരുന്നു. അതിനപ്പുറം ഒരു പാര്‍ട്ടിയുമായും ഔപചാരികമായി ബന്ധമൊന്നുമുണ്ടായിരുന്നില്ലെന്നാണ് യമാനി പറയുന്നത്.
മതപരമായ കുടുംബപശ്ചാത്തലം കാരണം കമ്യൂണിസത്തോട് സഹജമായ വെറുപ്പായിരുന്നുവെന്നും കുലൈബിയോട് യമാനി പറയുകയുണ്ടായി. മക്കക്കാര്‍ ആളുകളെ കുറിച്ച് പലതും പറയും. പണ്ടേ അതവരുടെ പതിവാണെന്നാണ് സൂഫി പട്ടം നല്‍കിയതിനെക്കുറിച്ച് യമാനി ചിരിച്ചത്. എന്നാലും ഒരു സൂഫിയുടെ 'ദറജ'യിലേക്കെത്തണമെന്നാണ് ആഗ്രഹം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താരോദയം
1962-ലാണ് സക്കി യമാനി പെട്രോളിയം മന്ത്രിപദവിയില്‍ ഉപവിഷ്ടനാകുന്നത്. അന്ന് അദ്ദേഹത്തിന് മുപ്പത് വയസ്സ് മാത്രം. അപ്പോള്‍ അരാംകോയുടെ കൈപിടിയില്‍ നിക്ഷിപ്തമായിരുന്നു സുഊദിയുടെ എണ്ണസമ്പത്ത് അത്രയും. രാഷ്ട്രത്തിനകത്ത് മറ്റൊരു രാഷ്ട്രം- അതായിരുന്നു അരാംകോ എന്ന് പറയുന്നത് യമാനി തന്നെയാണ്. അദ്ദേഹം ആദ്യം പെട്രോമിന്‍ ഉണ്ടാക്കി. 1944-ല്‍ നിലവില്‍ വന്ന അമേരിക്കന്‍ കമ്പനി അരാംകോയുടെ കുത്തക നിയന്ത്രണത്തില്‍നിന്ന് സുഊദി പെട്രോളിയം സമ്പത്തിനെ പതുക്കെ പതുക്കെ യമാനി മോചിപ്പിച്ചു. 1973-ല്‍ ഫൈസല്‍ രാജാവിന്റെ കാലമായപ്പോഴേക്ക് പെട്രോളിയം വിലനിര്‍ണയാധികാരം സുഊദിയുടെ കരങ്ങളില്‍ നിക്ഷിപ്തമായി. ഒപ്പെക് രൂപീകരണത്തിലും യമാനിയുടെ പങ്ക് പ്രധാനമാണ്. 1973-ല്‍ എണ്ണയുല്‍പാദനം കുറച്ച് ഫലസ്ത്വീന്‍ പ്രശ്‌നപരിഹാരത്തിനായി ഫൈസല്‍ രാജാവ് എണ്ണയെ രാഷ്ട്രീയായുധമായി ഉപയോഗിച്ചപ്പോള്‍ അദ്ദേഹത്തിനു പിന്നില്‍ യമാനി ഉറച്ചുനിന്നു.
വിയന്നയിലെ റാഞ്ചല്‍
1975-ല്‍ വിയന്നയില്‍ ഒപ്പെക് സമ്മേളനം നടക്കുന്നതിനിടയില്‍ യമാനിയുടെ ജീവന്‍ അപകടത്തിലായത് ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവമായിരുന്നു. വെനിസ്വലക്കാരനായ കാര്‍ലോസിന്റെ നേതൃത്വത്തിലുള്ള സായുധ ഗ്രൂപ്പ് അദ്ദേഹത്തെയും ഇതര മന്ത്രിമാരെയും അടച്ചിട്ട മുറിയില്‍ ഡയ്‌നാമിറ്റുകളുടെ ദയക്ക് മുന്നില്‍ കൊണ്ടുനിര്‍ത്തി. അള്‍ജീരിയന്‍ പ്രസിഡന്റ്് ഹുവാരി ബൂമെദീന്റെ ഇടപെടലാണ് അവരുടെ ജീവന്‍ രക്ഷിച്ചത്. ബന്ദികളെയുമായി സായുധ സംഘം ആദ്യം അള്‍ജീരിയയിലേക്കും അവിടെ അവരെ വിട്ടയച്ച ശേഷം പിന്നീട് ലിബിയയിലേക്കും പറന്നു. ഏറെ കാലത്തിനു ശേഷം കാര്‍ലോസ് സുഡാനിലെത്തി. കാര്‍ലോസിനെ ഫ്രഞ്ച് ഗവണ്‍മെന്റിന് പിടിച്ചുകൊടുക്കാന്‍ വിധിയുണ്ടായത് പട്ടാള ഭരണാധികാരിയായിരുന്ന ഉമറുല്‍ ബശീറിനായിരുന്നു. അമേരിക്കയുടെ കരിമ്പട്ടികയില്‍നിന്ന് രക്ഷപ്പെടാമെന്നായിരുന്നു ഉമറുല്‍ ബശീര്‍ കരുതിയത്. അതൊരു മിഥ്യാഭിലാഷമായി കലാശിച്ചതേയുള്ളൂ. വിചാരണ ചെയ്ത ഫ്രഞ്ച് കോടതിക്കു മുന്നില്‍ കാര്‍ലോസ് മണിക്കൂറുകളോളം ഫലസ്ത്വീന്‍ ചരിത്രം വിസ്തരിച്ച് ജയിലിലേക്ക് പോയി. അത് മറ്റൊരു കഥ. എന്നാല്‍ യമാനി മരിക്കുന്ന അതേ ദിവസം തന്നെയാണ് അദ്ദേഹത്തെ ബന്ദിയാക്കുന്നതില്‍ കാര്‍ലോസിനോടൊപ്പം നിന്ന അനീസ് നഖാശും (70) ജീവിതത്തിന്റെ അരങ്ങൊഴിയുന്നതെന്നത് മറ്റൊരു യാദൃഛികത.
ഉദാര വീക്ഷണങ്ങള്‍
സലഫിസത്തിന്റെ മുരട്ടുവാദങ്ങളില്‍നിന്ന് വ്യത്യസ്തമായ ഉദാര നിലപാടുകാരനായിരുന്നു യമാനി. കയ്‌റോയിലെ പഠനകാലത്തിന്റെ സ്വാധീനമാകാം അത്. എല്ലാ ചൊവ്വാഴ്ച രാത്രികളിലും അദ്ദേഹത്തിന്റെ മജ്‌ലിസില്‍ സമാന മനസ്‌കര്‍ ഒത്തുകൂടും. അവിടെ സ്വതന്ത്രമായ ചര്‍ച്ചകള്‍ നടക്കും. നാല് ചുവരുകള്‍ക്കു പുറത്തും അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ അദ്ദേഹം മടിച്ചിരുന്നില്ല. നബിദിനാഘോഷം, സംഗീതം തുടങ്ങിയ വിഷയങ്ങളില്‍ സ്വന്തം നിലപാട് റേഡിയോ പരിപാടികളിലൂടെയും മറ്റും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.
രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അഭാവം യമാനിയെയും അലട്ടിയിരുന്നു. മാന്യന്മാരായ അനേകം ബുദ്ധിജീവികള്‍ യാത്രാ വിലക്കില്‍ കഷ്ടപ്പെടുന്നതില്‍ അല്‍ജസീറയുമായുള്ള അഭിമുഖത്തില്‍ ഖിന്നത പ്രകടിപ്പിക്കുന്നുണ്ട് അദ്ദേഹം. സര്‍വതന്ത്ര സ്വാതന്ത്ര്യമെന്നല്ല അതിനര്‍ഥം എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയല്ല, ശക്തിപ്പെടുത്തുകയാണ് ചെയ്യുക. 16-ാം വയസ്സില്‍ നടന്ന ഒരു സംഭവം അദ്ദേഹം ഓര്‍ക്കുന്നു. സെക്കന്ററി സ്‌കൂളിലെ വാര്‍ഷിക പരിപാടിയിലായിരുന്നു അത്. അന്ന് ചെയ്ത ഒരു പ്രസംഗത്തില്‍ പല കാര്യങ്ങളും വെട്ടിത്തുറന്നു പറഞ്ഞു. നാലു കാലില്‍ നടക്കുന്ന നായക്കാണ് മനുഷ്യനേക്കാളൊക്കെ സുഖമെന്നൊക്കെ പ്രസംഗത്തില്‍ തുറന്നടിച്ചു. രാജാവിന്റെ പ്രതിനിധി അബ്ദുല്ല ഫൈസല്‍ സദസ്സിലുണ്ടായിരുന്നു. ആ പ്രസംഗത്തിന്റെ പേരില്‍ കുറേ ദിവസം വീട്ടുതടങ്കലില്‍ കഴിയേണ്ടിവന്നു. പിന്നീട് മന്ത്രിയായപ്പോള്‍ എല്ലാ വെള്ളിയാഴ്ചയുമുള്ള റേഡിയോ പ്രഭാഷണവും കാര്യങ്ങള്‍ വെട്ടിതുറന്നു പറയാന്‍ ഉപയോഗപ്പെടുത്തി. ഫൈസല്‍ രാജാവ് രക്ഷാകവചമായുണ്ടായതിനാല്‍ മതപോലീസുകാര്‍ക്ക് തൊടാന്‍ കഴിഞ്ഞിരുന്നില്ല.
യമാനിയുടെ ആര്‍ക്കേവില്‍ എണ്ണ രാഷ്ട്രീയത്തിന്റെ ഒരുപാട് രഹസ്യങ്ങളുണ്ട്. വാഷിംഗ്ടണിനെ രിയാദിന് എതിര്‍ക്കാന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍ അതില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുമെന്ന് സാമി കുലൈബ് പറയുന്നു. അമേരിക്കയെ പോലെത്തന്നെ അറബികളും പല തെറ്റുകളും ചെയ്തിട്ടുണ്ട്. ഇറാഖിനും ലിബിയക്കും ഇറാന്നുമെല്ലാമെതിരെ അമേരിക്ക അടിച്ചേല്‍പിച്ച ഉപരോധം ഉദാഹരണം. സദ്ദാം ഹുസൈന്റെ ഇറാന്‍ ആക്രമണം, കുവൈത്ത് അധിനിവേശം, അമേരിക്കന്‍ സേനക്ക് ഗള്‍ഫില്‍ താവളമനുവദിച്ചത് തുടങ്ങിയതൊക്കെ തെറ്റായിരുന്നുവെന്നാണ് യമാനിയുടെ അഭിപ്രായം.
നബിയുടെ വീട്
ഹിജാസിലെ പുരാതന ഇസ്‌ലാമിക അവശിഷ്ടങ്ങള്‍ തുടച്ചുമാറ്റപ്പെട്ടതില്‍ ഖിന്നനാണ് സക്കി യമാനി. അതില്‍ ഒരു ഭാഗത്ത് സലഫീ തീവ്രതയാണ് പങ്കുവഹിച്ചതെങ്കില്‍ മറ്റൊരു ഭാഗത്ത് അത്യുന്നതങ്ങളില്‍ വിരാജിക്കുന്നവരുടെ ധനമോഹമായിരുന്നു. ഹറം വികസനത്തിന്റെ മേല്‍വിലാസത്തില്‍ ആഡംബര ഹോട്ടലുകള്‍ പണിയാന്‍ മക്കയിലെ എത്രയെത്ര പുരാതനാവശിഷ്ടങ്ങളാണ് തകര്‍ക്കപ്പെട്ടത്! നബിയും ബീവി ഖദീജയും താമസിച്ച വീടും അതില്‍ പെടും. അതിന്റെ ഫോട്ടോ യമാനി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. 24 മണിക്കൂര്‍ ജോലിക്കാരെ വെച്ച് പണിയെടുപ്പിച്ചാണ് യമാനി അത് കണ്ടെടുത്തത്. നബി വുദൂ ചെയ്ത ഹൗള്, ഫാത്വിമ ബീവി ഗോതമ്പ് പൊടിച്ചിരുന്ന ആസ് കല്ല് തുടങ്ങിയവയൊക്കെ യമാനി കണ്ടെടുക്കുകയുണ്ടായി. അതില്‍ പാതിഭാഗം എടുത്ത് സൂക്ഷിക്കുകയും കാമറയില്‍ പകര്‍ത്തിവെക്കുകയും ചെയ്യുകയുണ്ടായി. എല്ലാ റമദാനിലും ആശംസകളയക്കുന്ന പതിവുണ്ടായിരുന്നു അദ്ദേഹത്തിന്. അതില്‍ തകര്‍ത്തതും തകര്‍ക്കാനിരിക്കുന്നതുമായ ഇസ്‌ലാമിക പൈതൃകാവശിഷ്ടങ്ങളായിരിക്കും വിഷയം. ഹിജാസില്‍ ഹാശിമീ രാജാക്കന്മാര്‍ താമസിച്ചിരുന്ന ഒരു വീട് ഉടമപ്പെടുത്താന്‍ യമാനിക്ക് കഴിഞ്ഞിരുന്നു. ഫൈസല്‍ രാജകുമാരന്‍ മുമ്പവിടെ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ഖാലിദ് ജനിച്ചത് ഈ വീട്ടിലായിരുന്നു. അതിപ്പോള്‍ തകര്‍ക്കല്‍ ഭീഷണിയിലാണെന്ന് കേള്‍ക്കുന്നതായി അല്‍ജസീറയുമായുള്ള അഭിമുഖത്തില്‍ യമാനി പറയുകയുണ്ടായി.
9/11 സംഭവത്തിനു ശേഷമുള്ള ചില വര്‍ത്തമാനങ്ങള്‍ കാരണം യമാനി സുഊദി വിമതനായി സംശയിക്കപ്പെട്ടിരുന്നു. എന്നാല്‍ അതൊക്കെ വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങള്‍ മാത്രമാണെന്നും ആരോടും തനിക്ക് കന്മഷമൊന്നുമില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ച ശേഷം ലണ്ടനില്‍ അദ്ദേഹം രണ്ട് കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയുണ്ടായി; അന്താരാഷ്ട്ര ഊര്‍ജ പഠന കേന്ദ്രവും (മര്‍കസു ദിറാസാത്തിത്ത്വാഖത്തില്‍ ആലമി) അല്‍ഫുര്‍ഖാന്‍ ഇസ്‌ലാമിക പൈതൃക കേന്ദ്രവും (മര്‍കസുല്‍ ഫുര്‍ഖാന്‍ അല്‍ ഇസ്‌ലാമി ലിത്തുറാസ്). അവയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയാണ് പിന്നീടദ്ദേഹം നിശ്ശബ്ദ ജീവിതം നയിച്ചത്.
Comments