ഗാന്ധിജി, അംബേദ്കര്‍, ജാതി
തന്റെ കാലികപ്രസക്തിയെ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഇന്നും ഏറ്റവും ശക്തമായി അടയാളപ്പെടുത്തുന്നത് തന്റെ മരണം കൊണ്ട് തന്നെയാണ്. എന്തെന്നാല്‍, ഉന്മൂലനം ചെയ്യപ്പെടേണ്ട ഒരേയൊരു നേതാവേ ഹിന്ദുത്വശക്തികള്‍ക്ക് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നുള്ളൂ. ഹിന്ദുത്വ വംശീയ ഭ്രാന്ത് കൊണ്ട് സമനില തെറ്റിയ ഏതെങ്കിലും ക്രിമിനലിന്റെ കൈയാല്‍ താന്‍ കൊല്ലപ്പെടുമെന്ന് അദ്ദേഹം മുന്‍കൂട്ടി കണ്ടിരുന്നുവെന്ന് വേണം കരുതാന്‍. വെടിയേറ്റ് മരിക്കുന്നതിന്റെ തലേന്നാള്‍ മനുവിനോട്, താന്‍ ആശ്രമത്തിന്റെ സുരക്ഷിതത്വത്തിന് കീഴില്‍ കട്ടിലില്‍ കിടന്ന് സുഖമരണം വരിക്കുകയാണെങ്കില്‍, ഈ മഹാത്മാ വെറുമൊരു കപടനായിരുന്നെന്ന് ലോകത്തോട് നീ വിളിച്ചുപറയണം എന്ന് ഗാന്ധിജി പറഞ്ഞിരുന്നുവത്രെ.
ആ മൂന്ന് വെടിയുണ്ടകളുടെ പിന്നില്‍ ചലിച്ച വിരലുകളിലാണ് ഇന്ന് 'സ്വതന്ത്ര' ഇന്ത്യയുടെ നിയമ, നീതി വ്യവസ്ഥകളൊക്കെയും പപെറ്റ്രി (puppetry) കളിച്ചുകൊണ്ടിരിക്കുന്നത് എന്നതും മഹാത്മാ ഗാന്ധി എന്ന വിസ്മയത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു.
ദക്ഷിണാഫ്രിക്കയില്‍ വെച്ച് വര്‍ണവിവേചനത്തിന്റെ അപകടങ്ങള്‍ തിരിച്ചറിഞ്ഞ് അതിനോട് പ്രതികരിച്ചുകൊണ്ടാണ് എം.കെ ഗാന്ധി സാമൂഹിക-രാഷ്ട്രീയ രംഗത്തേക്ക് വരുന്നത്. ഇന്ത്യയില്‍ തിരിച്ചുവന്നപ്പോള്‍ താനിതുവരെ കണ്ട വര്‍ണവിവേചനത്തേക്കാള്‍ അപകടകരമാണ് ഇന്ത്യയിലെ ജാത്യാചാരങ്ങളും അയിത്തവും എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ശുദ്ധാശുദ്ധത്തിന്റെയും അനുഷ്ഠാനത്തിന്റെയും പേരിലുള്ള തീണ്ടലാചാരങ്ങള്‍ വര്‍ണവിവേചനത്തിന്റെ ഭാഗമായിരുന്നില്ല. സ്പര്‍ശനം കൊണ്ടോ ദര്‍ശനം കൊണ്ടോ അപകടപ്പെട്ടുപോകുന്ന ശുദ്ധിയെക്കുറിച്ചുള്ള വിചാരങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ മാത്രമല്ല, ലോകത്തൊരിടത്തും വെള്ളക്കാര്‍ ഒരുകാലത്തും വെച്ചുപുലര്‍ത്തിയിരുന്നുമില്ല.
അതേസമയം തന്നെ, ജാതീയതയുടെയും അയിത്തത്തിന്റെയും വിഷയത്തില്‍ അംബേദ്കറില്‍നിന്ന് വ്യത്യസ്തമായ സമീപനങ്ങളാണ് ഗാന്ധിജി വെച്ചു പുലര്‍ത്തിയിരുന്നത്. ജാതിനിര്‍മൂലനം (Annihilation of Caste‑) എന്ന, അംബേദ്കര്‍ ആശയത്തെ ആദ്യകാലത്ത് അദ്ദേഹം അംഗീകരിച്ചിരുന്നില്ല. പകരം മുന്നോട്ടു വെച്ചത് അയിത്തോച്ചാടനം എന്ന ആശയമായിരുന്നു. അതാകട്ടെ തൊഴില്‍, തൊഴില്‍ വൈദഗ്ധ്യം, തൊഴില്‍ വൈവിധ്യം, തൊഴില്‍ വിഭജനം തുടങ്ങിയവ സംബന്ധമായ അദ്ദേഹത്തിന്റെ സമീപനവുമായിക്കൂടി ബന്ധപ്പെട്ടതായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് ഈ നിലപാട് ഗാന്ധി തിരുത്തുന്നുണ്ട്. ജാതി പോകണം എന്നും ജാതി ഉള്ളിടത്തോളം കാലം ഈ സമൂഹത്തില്‍ സാമൂഹിക വിവേചനം അവസാനിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ജാതി പോകണം എന്ന ശീര്‍ഷകത്തില്‍തന്നെ അദ്ദേഹം അതെഴുതിയിട്ടുമുണ്ട്. Annihilation of Caste എന്ന അംബേദ്കറുടെ പ്രഭാഷണം പ്രസിദ്ധീകരിക്കപ്പെടുന്നത് 1936-ലാണ്. എന്നാല്‍ ഇതിന് രണ്ടു വര്‍ഷം മുമ്പ് തന്നെയും ഒരു സാമൂഹിക സമ്പ്രദായം എന്ന നിലക്ക് പോലും ഗാന്ധി ജാതിവ്യവസ്ഥയെ പൂര്‍ണമായും തള്ളിപ്പറഞ്ഞിട്ടുണ്ട്. 1935 നവംബര്‍ പതിനാറാം തീയതി The Removel of Untouchability എന്ന പരമ്പരയില്‍ ഹരിജനില്‍ അദ്ദേഹം എഴുതിയ ലേഖനത്തിന്റെ ശീര്‍ഷകം തന്നെ Caste Has to Go എന്നായിരുന്നു.
അസ്പൃശ്യത ഉള്‍പ്പെടെയുള്ള പല ആചാരങ്ങളെയും ഗാന്ധി ചെറുപ്രായം തൊട്ടേ ലംഘിക്കുകയും വെല്ലുവിളിക്കുകയും ചെയ്തിരുന്നതായി കാണാം. പന്ത്രണ്ടാം വയസ്സില്‍ അസ്പൃശ്യരായ അയല്‍ക്കാരുടെ വീടുകളിലെ ശൗചാലയങ്ങള്‍ വൃത്തിയാക്കാന്‍ അദ്ദേഹം തുനിഞ്ഞു. അവര്‍ണരായ ആളുകളെ സ്പര്‍ശിക്കരുത് എന്ന അമ്മയുടെ താക്കീതുകളെ അവഗണിക്കുകയും തൊട്ടുകൂടായ്മക്ക് ഹിന്ദു മതം അനുവാദം നല്‍കുന്നില്ല എന്ന് വെല്ലുവിളിക്കുകയും ചെയ്തു. വിദേശയാത്ര വിലക്കുന്ന ജാത്യാചാരത്തെ ലംഘിച്ച് പതിനെട്ടാം വയസ്സില്‍ ലണ്ടനിലേക്കും തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലേക്കും യാത്ര ചെയ്തു. എന്നാല്‍ ഈ യാത്രകളില്‍ സമുദായത്തില്‍ ചിലരുടെ പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു. മാവ്ജി ദേവ് ജോഷിജി എന്ന ബ്രാഹ്മണ പുരോഹിതന്റെ ഉപദേശമനുസരിച്ചാണ് ഗാന്ധി നിയമപഠനത്തിനായി ലണ്ടനിലേക്ക് പോയത്.
തത്ത്വങ്ങളേക്കാള്‍ പ്രയോഗത്തില്‍ വിശ്വസിച്ചിരുന്ന ഗാന്ധി ജീവിതകാലം മുഴുവന്‍ ഇത്തരം ആചാരലംഘനങ്ങളില്‍ പരസ്യമായി ഏര്‍പ്പെട്ടുകൊണ്ടിരുന്നു. തോട്ടിപ്പണിയെടുക്കുന്ന ഒരു തൊഴിലാളിയും, ധര്‍മോപദേശവും ആചാരങ്ങളിലുള്ള കൈകാര്യകര്‍തൃത്വവും നിര്‍വഹിക്കുന്ന പുരോഹിതനും തമ്മില്‍ പദവിയിലോ പരിഗണനയിലോ യാതൊരന്തരവും ഉണ്ടാവരുത് എന്ന് പഠിപ്പിച്ച ഗാന്ധി, പലപ്പോഴും ആശ്രമത്തിലെ തോട്ടിപ്പണി സ്വയം ചെയ്തിരുന്നു. നീചജാതിക്കാരായി വിശേഷിപ്പിക്കപ്പെടുന്ന ധാരാളമാളുകള്‍ ആശ്രമത്തില്‍ വരുന്നുണ്ടെന്നിരിക്കെ, അവരുടെ പാത്രങ്ങള്‍ കഴുകാനും ശൗചാലയങ്ങള്‍ വൃത്തിയാക്കാനും മടി കാണിച്ച കസ്തൂര്‍ബയെ അദ്ദേഹം ശകാരിക്കുകയും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു എന്നത് അവരുടെ നിര്‍ണയാവകാശത്തിനു മേലുള്ള കടന്നുകയറ്റമായി അപലപിക്കപ്പെട്ടേക്കാന്‍ ഇടയുണ്ടെങ്കിലും ജാതിബോധത്തെത്തന്നെ ഉന്മൂലനം ചെയ്യുന്നതില്‍ അദ്ദേഹത്തിനുള്ള ജാഗ്രതയെ കുറിക്കുന്നു.
ജാതിയില്‍ ഒരു ബനിയ വൈശ്യനായിരിക്കെ, ഒരു ഭാഗത്ത് തോട്ടിപ്പണി ഉള്‍പ്പെടെ അന്ന് അവര്‍ണര്‍ക്ക് വിധിക്കപ്പെട്ട തൊഴിലുകളിലേര്‍പ്പെട്ടുകൊണ്ടും മറുഭാഗത്ത് ബ്രാഹ്മണര്‍ക്ക് വിധിക്കപ്പെട്ട ആചാര്യവൃത്തികള്‍ സ്വയമേറ്റെടുത്തും ഗാന്ധി ജാതിവൈജാത്യങ്ങളെ അട്ടിമറിച്ചു. ജാതീയ ചിന്തകളുടെ വേരറുത്തു മാറ്റുന്നതിനു വേണ്ടി സ്വയം സ്വീകരിച്ച വ്രതങ്ങളിലൊന്ന്, വധു ഹരിജന്‍ പെണ്‍കുട്ടിയാണെങ്കിലല്ലാതെ ഒരു ബ്രാഹ്മണ യുവാവിന്റെ വിവാഹത്തിന് താന്‍ കാര്‍മികത്വം വഹിക്കുകയോ സന്നിഹിതനാവുക പോലുമോ ഇല്ല എന്നതായിരുന്നു.
നിര്‍മൂലനവും ഉച്ചാടനവും
1936 ജൂലൈ 11, 18 ലക്കങ്ങളിലെ ഹരിജനില്‍, അംബേദ്കറുടെ ജാതിനിര്‍മൂലന പ്രഭാഷണത്തോട് (Annihilation of Caste) മഹാത്മാ ഗാന്ധി പ്രതികരിക്കുന്നുണ്ട്. ഹിന്ദു സമൂഹത്തിനു മേല്‍ അംബേദ്കര്‍ മൂന്ന് കാര്യങ്ങളാണ് ആരോപിക്കുന്നതെന്ന് ഗാന്ധി പറയുന്നു. സ്വയമേവയുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങള്‍, ആ പെരുമാറ്റങ്ങളുടെ നിര്‍ലജ്ജമായ ന്യായീകരണം, ആ ന്യായീകരണത്തിന് പ്രാമാണികത്വം നല്‍കുന്ന മതവും മതഗ്രന്ഥങ്ങളും എന്നിവയാണവ. ഈ കുറ്റാരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്ന് ചോദ്യങ്ങള്‍ പ്രസക്തമാണെന്നും അദ്ദേഹം കരുതുന്നു.
ആ ചോദ്യങ്ങള്‍ ഇവയാണ്:
1) ഏതൊക്കെയാണ് വിശുദ്ധഗ്രന്ഥങ്ങള്‍ അഥവാ മതഗ്രന്ഥങ്ങള്‍?
2) വിശുദ്ധ ഗ്രന്ഥങ്ങളില്‍ ഇപ്പോള്‍ കാണുന്നതെല്ലാം അതിന്റെ അവിഭാജ്യഭാഗം തന്നെയാണോ അതോ അനധികൃതമായ കൂട്ടിച്ചേര്‍ക്കല്‍ എന്ന നിലയില്‍ ഏതെങ്കിലും ഭാഗം ഉപേക്ഷിക്കാന്‍ പറ്റുമോ?
3) അങ്ങനെ ശുദ്ധി ചെയ്യപ്പെട്ടതും സ്വീകാര്യവുമായ മതഗ്രന്ഥങ്ങള്‍ പദവികളിലെ അസമത്വം, ജാതിവ്യവസ്ഥ, തൊട്ടുകൂടായ്മ, മിശ്രഭോജനം, മിശ്രവിവാഹം തുടങ്ങിയ കാര്യങ്ങളില്‍ എന്ത് നിലപാടാണ് മുന്നോട്ടു വെക്കുന്നത്?
തുടര്‍ന്നുള്ള പരിശോധനകളിലെ ഗാന്ധിയുടെ നിലപാടനുസരിച്ച്, വേദങ്ങളും ഉപനിഷത്തുകളും സ്മൃതികളും പുരാണങ്ങളും ഹിന്ദുക്കള്‍ക്ക് വിശുദ്ധ ഗ്രന്ഥങ്ങളാണ്. എന്നു കരുതി അവയില്‍ അച്ചടിക്കപ്പെട്ടതോ എഴുതപ്പെട്ടതോ ആയ എല്ലാം വേദവാക്യങ്ങളോ യഥാര്‍ഥ വിശുദ്ധഗ്രന്ഥങ്ങളുടെ യഥാര്‍ഥ ഭാഗം പോലുമോ ആവണമെന്നില്ല. സ്മൃതിനിയമങ്ങളാകട്ടെ, പലതും ഒരിക്കലും ദൈവവചനമാണെന്നു പോലും കരുതാനേ പറ്റില്ല. അതിനാല്‍തന്നെ ഡോ. അംബേദ്കര്‍ വിമര്‍ശനത്തിന്റെ ഭാഗമായി സ്മൃതികളില്‍നിന്ന് ഉദ്ധരിക്കുന്ന പലതും ഗാന്ധിയുടെ അഭിപ്രായത്തില്‍ ഒട്ടും ആധികാരികതയില്ലാത്തവയാണ്.
ഗാന്ധിയുടെ വീക്ഷണത്തില്‍ മതവുമായി ജാതിക്ക് പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. അതൊരു സാമൂഹികാചാരമാണ്. അതിന്റെ ഉറവിടം ഏതുമായിക്കൊള്ളട്ടെ, ആത്മീയവും ദേശീയവുമായ വളര്‍ച്ചക്ക് ദോഷകരമാണ് ജാതി എന്ന് തനിക്കറിയാം. അതേസമയം വര്‍ണവും ആശ്രമവും ജാതിയുമായി ബന്ധമില്ലാത്ത സ്ഥാപനങ്ങളാണ്. വര്‍ണനിയമങ്ങള്‍ അവകാശങ്ങളേക്കാള്‍ കടമകളെയാണ് നിര്‍വചിക്കുന്നത്. മാനവക്ഷേമത്തിനിണങ്ങുന്ന പാരമ്പര്യത്തൊഴിലുകളെ തീര്‍ച്ചയായും വര്‍ണനിയമവും അംഗീകരിക്കുന്നുണ്ട്. അതേസമയം ഏറ്റവും താഴ്ന്നതോ ഏറ്റവും ഉയര്‍ന്നതോ ആയ തൊഴില്‍ എന്ന ഒന്നില്ല. ഒരു ആത്മീയ ഗുരുവിന്റെ തൊഴിലും ഒരു തോട്ടിയുടെ തൊഴിലും തുല്യമാണ്. ഓരോന്നിന്റെയും യഥാര്‍ഥ നിര്‍വഹണം ദൈവത്തിന് മുന്നില്‍ മേന്മയുള്ളതാണ്. പദവിയുടെ ഔന്നത്യം എന്ന സങ്കല്‍പത്തിന്റെ ബലത്തില്‍ ഒരു വര്‍ണം മറ്റൊന്നിന് മേല്‍ ആധിപത്യം പുലര്‍ത്തുന്നത് നിയമനിഷേധമാണെന്നും അയിത്തത്തിന് ആധികാരികത നല്‍കുന്ന യാതൊന്നും വര്‍ണനിയമത്തിലില്ലെന്നും ഗാന്ധി തറപ്പിച്ചു പറയുന്നു.
ചിലപ്പോഴെങ്കിലും ഗാന്ധി-അംബേദ്കര്‍ സംവാദം അല്‍പം ബാലിശമായ തലത്തിലേക്ക് താഴ്ന്നുപോകുന്നതും കാണാം. 'അനിഹിലേഷന്‍ ഒഫ് കാസ്റ്റി'ന് ഗാന്ധി ഹരിജനിലെഴുതിയ, മേല്‍ സൂചിപ്പിച്ച പ്രതികരണത്തിന് അംബേദ്കര്‍ ഒരു മറുപടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ നേരത്തേ ഉന്നയിച്ച ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നതിനപ്പുറം ഗാന്ധിയുടെ പ്രതികരണത്തെ പരിഗണനീയമായ ഒന്നായി അദ്ദേഹം അതില്‍ അംഗീകരിക്കുന്നു പോലുമില്ല. ജാതി പോകണം എന്ന തന്റെ നിലപാട് ഗാന്ധി ആവര്‍ത്തിക്കുന്നതു പോലും ഗൗനിക്കുന്നില്ല. വേദങ്ങളുടെ പ്രാമാണികത, നിലവിലുള്ള ടെക്സ്റ്റ് പൂര്‍ണമായും വേദത്തിന്റേതു തന്നെയാണോ എന്നത്, സ്മൃതികളുടെ സ്ഥാനം, മതത്തിന്റെ മോശവും മഹിതവുമായ മാതൃകകള്‍ തുടങ്ങി ഗാന്ധി ഉന്നയിക്കുന്ന വിഷയങ്ങളില്‍ ശാഠ്യം പുലര്‍ത്തുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്.
പാരമ്പര്യത്തൊഴിലുകളെപ്പറ്റിയുള്ള ഗാന്ധിയുടെ ആശയത്തോടുള്ള പ്രതികരണമാണ് ഇതില്‍ ഏറ്റവും വിചിത്രം. തന്റെ ചിന്ത പ്രാവര്‍ത്തികമാക്കാന്‍ ഗാന്ധിക്ക് പറ്റിയിട്ടില്ലെന്നാണ് അംബേദ്കര്‍ പറയുന്നത്. ബനിയ എന്ന സ്വസമുദായം കച്ചവടക്കാരായ വൈശ്യരാണെന്നിരിക്കെ, ബ്രാഹ്മണവൃത്തിയായ തന്ത്രിപ്പണി സ്വീകരിച്ചതും അതില്‍തന്നെ ഗാന്ധി സ്വയം അഭിഭാഷകനും പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തകനുമായതും ഇളയ മകന്‍ പത്രപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതും ആ മകന്‍ തന്നെ ഒരു ബ്രാഹ്മണയുവതിയെ വിവാഹം കഴിച്ചതുമൊക്കെയാണ് ഇതിന് ഉദാഹരണമായി പറയുന്നത്. പിന്നെ, മുത്തശ്ശന്‍ കൂട്ടിക്കൊടുപ്പുകാരനാണെങ്കില്‍ പേരക്കുട്ടിയും മുത്തശ്ശി വേശ്യയാണെങ്കില്‍ കൊച്ചുമോളും ഒക്കെ അതേ പാരമ്പര്യത്തൊഴില്‍ തന്നെ ചെയ്യണമെന്ന് പറയുന്നത് സാമൂഹികമായി അപ്രായോഗികവും ധാര്‍മികമായി അന്യായവുമാണെന്നും അംബേദ്കര്‍ പ്രസ്താവിക്കുന്നു.
യഥാര്‍ഥത്തില്‍ ജാതിവിവേചനത്തിന് കൈവന്ന അനുഷ്ഠാനാധിപത്യത്തിന്റെയും ശുദ്ധാശുദ്ധ നിയമങ്ങളുടെയും പിന്‍ബലത്തെ അവഗണിച്ചുകൊണ്ടാണ് ഗാന്ധിജി അതിനെ സമീപിക്കുന്നത്. മതനിയമമായോ പവിത്രീകരിക്കപ്പെടേണ്ട സമ്പ്രദായമായോ അദ്ദേഹം അതിനെ കാണുന്നേയില്ല. മാത്രവുമല്ല, തൊഴിലുമായി ബന്ധപ്പെട്ട തന്റെ സങ്കല്‍പങ്ങളുമായി ചേര്‍ത്തു നിര്‍ത്തി ജാതിവ്യവസ്ഥയെ ഒരു സാമൂഹിക സമ്പ്രദായം എന്ന നിലക്ക് മാത്രം പരിശോധിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. അത്ര സൂക്ഷ്മമായ ഒരു നിലപാടാണ് ഇത് എന്നു പറയാന്‍ പറ്റില്ലെന്ന് തോന്നുന്നു. വര്‍ണവും ശുദ്ധാശുദ്ധതയുമൊക്കെ ആരോപിക്കപ്പെടുന്നതിനു മുമ്പ് തന്നെയും ചരിത്രപരമായി ജാതിവിഭജനം നിലനിന്നിരുന്നുവെങ്കിലും സ്മൃതിനിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഇതിനെ മതപരം ആക്കി മാറ്റിയതോടെ കേവലം ഒരു സാമൂഹിക തൊഴില്‍ വിഭജന വ്യവസ്ഥ എന്ന നിലക്ക് മാത്രം ജാതിവ്യവസ്ഥയെ പരിഗണിക്കാന്‍ പറ്റാതായിത്തീര്‍ന്നിരുന്നു.
എന്തായാലും ഇത്തരം വീക്ഷണ വ്യത്യാസങ്ങളുടെ പേരില്‍ ഗാന്ധിയെയും അംബേദ്കറെയും രണ്ട് കോളത്തില്‍ നിര്‍ത്തുകയോ കറുപ്പ്-വെളുപ്പ് ദ്വന്ദ്വത്തിന്റെ അടയാളങ്ങളായി ചിത്രീകരിക്കുകയോ ചെയ്യുന്നതില്‍ അര്‍ഥമൊന്നുമില്ല. സങ്കുചിതരായ ചില ഗാന്ധിയന്മാര്‍ക്ക് അംബേദ്കര്‍ ഒരു കപട ദൈവമാണ്. അംബേദ്കറിസ്റ്റുകളില്‍ ചിലരാകട്ടെ, ഗാന്ധിയെ തനി പ്രതിലോമകാരിയും വ്യാജപ്രവാചകനുമായും മുദ്ര കുത്തുന്നു. അഭിപ്രായാന്തരങ്ങളുള്ളതോടൊപ്പം തന്നെ പരസ്പരാദരവിന്റെയും അംഗീകാരത്തിന്റെയും മാതൃകകള്‍ കൂടി ഇരുവരുടെയും ജീവിതത്തില്‍ കണ്ടെത്താന്‍ സാധിക്കും. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കാബിനറ്റില്‍ അംബേദ്കറെ അംഗമാക്കുന്നതും ഡോ. രാജേന്ദ്രപ്രസാദിന്റെ അധ്യക്ഷതയില്‍ ചുമതലയേറ്റ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിക്കു കീഴില്‍, കോണ്‍സ്റ്റിറ്റിറ്റിയൂഷന്‍ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണായി അദ്ദേഹത്തെ നിയോഗിക്കുന്നതുമെല്ലാം ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ്.
എല്ലാ ഇന്ത്യക്കാരെയും കൊളോണിയല്‍വിരുദ്ധ സമരങ്ങളില്‍ ഒരുമിപ്പിക്കുക എന്നതായിരുന്നു ഗാന്ധിയുടെ മുന്‍ഗണന. അതിനായുള്ള കഠിന യത്നങ്ങളിലാണ് അദ്ദേഹം ഏര്‍പ്പെട്ടത്. എന്നാല്‍ അംബേദ്കറെ സംബന്ധിച്ചേടത്തോളം മുഖ്യമായ ലക്ഷ്യം ദലിത് വിമോചനവും ജാതി നിര്‍മൂലനവും തന്നെയായിരുന്നു. മുന്‍ഗണനകളിലുള്ള ഈ അന്തരം സ്വാഭാവികമായും നയപരമായ അഭിപ്രായ വ്യത്യാസങ്ങളിലേക്ക് നയിക്കും. ഭരണകൂടം, നിയമം തുടങ്ങിയവയിലൂടെ ജാതിനിര്‍മാര്‍ജനം സാധിക്കുമെന്ന് അംബേദ്കര്‍ കരുതിയിരുന്നെങ്കില്‍ ഗാന്ധി തുടക്കം മുതലേ ഭരണകൂടത്തെ അത്രത്തോളം വിശ്വാസത്തിലെടുക്കുന്ന ഒരാളായിരുന്നില്ല. ഒരര്‍ഥത്തില്‍ കേന്ദ്രിതവും സംഘടിതവുമായ ഒരു രാഷ്ട്രത്തെയോ അധികാരവ്യവസ്ഥയെയോ അംഗീകരിക്കാന്‍ പറ്റുമായിരുന്നില്ല, ഹെന്റി ഡേവിഡ് തോറോയെ രാഷ്ട്രീയ ഗുരുവായി അംഗീകരിച്ചിട്ടുള്ള ഗാന്ധിജിക്ക്. അദ്ദേഹത്തിന്റെ അഹിംസാ സമരങ്ങള്‍ മുതല്‍ നിസ്സഹകരണ പ്രസ്ഥാനം വരെയുള്ള രാഷ്ട്രീയാശയങ്ങളുടെയെല്ലാം വേര് നീളുന്നത് തോറോയിലേക്കു തന്നെയാണ്.
എല്ലാ ഉച്ചനീചത്വങ്ങള്‍ക്കുമെതിരെ അടരാടിയ, ട്രാന്‍സെന്‍ഡെന്റലിസ്റ്റും അബോളിഷനിസ്റ്റുമായ ഹെന്റി ഡേവിഡ് തോറോ അറിയപ്പെട്ടതു തന്നെ ഒരു അരാജകവാദിയായിട്ടാണ്. കേന്ദ്രീകൃത വ്യവസ്ഥകള്‍ മനുഷ്യന്റെ ശുദ്ധപ്രകൃതത്തെ തകര്‍ക്കും എന്ന് തോറോ വിശ്വസിച്ചു. ഗാന്ധി മുന്നോട്ടുവെച്ച സ്വരാജും സര്‍വാധിപത്യ ഘടനയെ ഒരു നിലക്കും അംഗീകരിക്കുന്ന ഒന്നല്ല. 'രാജ്യത്തിന്റെ ജനങ്ങള്‍' എന്നതല്ല, മറിച്ച് 'ജനങ്ങളുടെ രാജ്യം' എന്നതാണ് സ്വരാജ് എന്നതിന്റെ അടിസ്ഥാനം.
ജനാഭിപ്രായം, ജനഹിതം, ജനസുഖം എന്നിവക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള ഒരു രാഷ്ട്രസങ്കല്‍പമാണത്. 'ബഹുജനഹിതായ, ബഹുജനസുഖായ' എന്ന് ബുദ്ധന്‍ പഠിപ്പിച്ചിട്ടുണ്ട്. 'സര്‍വഭൂതഹിതേരതഃ' എന്ന് മറ്റൊരു പ്രമാണം. ഹീറയില്‍നിന്ന് മക്കയിലേക്ക് ഒരു പെണ്‍കുട്ടി ഒറ്റക്ക് സഞ്ചരിക്കുമ്പോഴും കിസ്റയുടെ കൊട്ടാരം തകര്‍ന്നുവീഴുമ്പോഴും എല്ലാ ആശ്രിതത്വങ്ങളില്‍നിന്നും ജനം മുക്തരാകുമ്പോഴുമാണ് തന്റെ പ്രബോധനം പൂര്‍ത്തീകരണം നേടുക എന്ന പ്രവാചകപ്രഖ്യാപനവും ഇവിടെ ചേര്‍ത്തു വായിക്കാവുന്നതാണ്. തോമസ് ഹോബ്സിന്റെ സോഷ്യല്‍ കോണ്‍ട്രാക്റ്റ് സിദ്ധാന്തം (ലെവിയാത്തന്‍) ഇവിടെ നിരാകരിക്കപ്പെടുന്നു.
ഹിന്ദു മതം തന്നെയാണ് ഇന്ത്യയിലെ ജാതീയതയുടെ അടിത്തറ എന്ന കാര്യത്തില്‍ അംബേദ്കര്‍ യാതൊരു സന്ദേഹവും പുലര്‍ത്തിയില്ല. എന്നാല്‍ വ്യഷ്ടി, സമഷ്ടി തലങ്ങളിലുള്ള തിരുത്തലുകളിലൂടെ ഹിന്ദു മതത്തെ പരിഷ്‌കരിക്കാന്‍ കഴിയും എന്നതില്‍ ഗാന്ധിക്കുമുണ്ടായിരുന്നില്ല തെല്ലും സംശയം. അതോടൊപ്പം അയിത്തം നിലനിര്‍ത്തുക എന്നത് ഹിന്ദു മതത്തില്‍ അനിവാര്യമാണെന്ന് തെളിഞ്ഞാല്‍ ചീഞ്ഞ പഴം എടുത്ത് പുറത്തെറിയുന്ന അതേ വികാരത്തോടെ താന്‍ ഹിന്ദു മതത്തെ എടുത്തു ദൂരെക്കളയും എന്നും അദ്ദേഹം പ്രസ്താവിച്ചു.
ജാതി തന്നെ പോകണം എന്ന നിലപാടിലേക്ക് ഗാന്ധി എത്തിച്ചേരുന്നതിനു പിന്നില്‍ അംബേദ്കറുമായുള്ള സംവാദങ്ങള്‍ പങ്കു വഹിച്ചിട്ടുണ്ടാവാം. സത്യാന്വേഷണത്തിന്റെയും സംവാദത്തിന്റെയും കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ആളായിരുന്നു അദ്ദേഹം. ജാതിഹിന്ദുക്കളോടുള്ള സമീപനത്തില്‍ പില്‍ക്കാലത്ത് അംബേദ്കറും വിശാലമായ സമീപനം സ്വീകരിച്ചിട്ടുണ്ട്. ശാരദ കൃഷ്ണറാവു കബീര്‍ (സവിത അംബേദ്കര്‍ എന്ന് പിന്നീട് അറിയപ്പെട്ടു) എന്ന സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകയായ മറാത്ത ബ്രാഹ്മണ വനിതയെ തന്റെ ജീവിതപങ്കാളിയാക്കുവോളം വളരുന്നുണ്ട് അത്. അമ്മ എന്ന അര്‍ഥത്തില്‍ മായി എന്നും മായി സാഹെബ് എന്നുമൊക്കെയാണ് അംബേദ്കറുടെ ധാരയില്‍പെട്ട നിയോബുദ്ധിസ്റ്റുകള്‍ (നവയാനികള്‍) സവിത അംബേദ്കറെ വിളിക്കുന്നത്. സത്യത്തില്‍ ജാതിഹിന്ദുക്കളെ അവിശ്വസിക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന നിലപാട് സ്വീകരിക്കാന്‍ ബാബാ സാഹെബ് നിര്‍ബന്ധിതനായിരുന്നില്ല. കോലാപ്പൂരിലെ ഛത്രപതി ഷാഹു മഹാരാജ് എന്ന രാജര്‍ഷി ഷാഹു ആദ്യം ഫൂലെയുടെയും പിന്നീട് അംബേദ്കറുടെയും പ്രസ്ഥാനങ്ങളുടെ സഹയാത്രികനായിരുന്നല്ലോ. ഷാഹു ആകട്ടെ, സിസോദിയ രജപുത്രവിഭാഗത്തില്‍പെട്ട ഭോസ്ലെ രാജവംശത്തിലെ ഭരണാധികാരിയുമായിരുന്നു.
ഇവിടെ നാം മതത്തെക്കുറിച്ചുള്ള ഗാന്ധിയന്‍ സമീപനങ്ങളെയും വിശ്വാസങ്ങളെയും ചെറുതായി മനസ്സിലാക്കേണ്ടതുണ്ട്.
(തുടരും)
Comments