ഇസ്ലാമിസ്റ്റുകള്‍ മാറിച്ചിന്തിക്കേണ്ടി വരും
2016-ല്‍ ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ലോകപ്രശസ്ത പണ്ഡിതനും അന്താരാഷ്ട്ര മുസ്ലിം പണ്ഡിത വേദിയുടെ പ്രസിഡന്റും മൊറോക്കോയിലെ ഇസ്ലാമിക പ്രസ്ഥാനമായ ഹറകത്തു തൗഹീദി വല്‍ ഇസ്വ്ലാഹിന്റെ മുന്‍ അധ്യക്ഷനുമായ ഡോ. അഹ്മദ് റൈസൂനി പറഞ്ഞു: 'ഈജിപ്തില്‍ ഡോ. മുഹമ്മദ് മുര്‍സി പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കം ചെയ്യപ്പെട്ടപ്പോള്‍ എനിക്ക് വലിയ സമാധാനമാണ് തോന്നിയത്. കാരണം ആ പ്രസിഡന്റ് പദവി അസ്ഥാനത്തായിരുന്നു. ആ അട്ടിമറി കേവലം പട്ടാള അട്ടിമറിയല്ല, പകരം രക്തച്ചൊരിച്ചിലും വിപ്ലവത്തിന്റെ സകല നേട്ടങ്ങളെയും റദ്ദു ചെയ്യലുമായിരുന്നു എന്നതൊക്കെ ശരി. അതേയവസരം, പ്രസിഡന്റ് പദവിയിലേക്ക് ഇത്രയും വലിയ എടുത്തുചാട്ടം ഇഖ്വാന്‍ നടത്തിയത് അസാധാരണമായൊരു നീക്കമായിരുന്നു. പൊതുവെ, ഡെമോക്രസിയെ ആദരിക്കുന്ന ഏതെങ്കിലുമൊരാളെ പ്രസിഡന്റ് പദവിയിലേക്ക് പിന്തുണച്ചാല്‍ മതിയായിരുന്നു. കാരണം 80 വര്‍ഷമായി രാജ്യം ഇഖ്വാനോട് യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇഖ്വാനികള്‍ നേരിട്ടത് ജയിലും വധവും നാടുകടത്തലുമായിരുന്നു. സൈന്യം അവര്‍ക്കെതിര്. കോടതിയും മാധ്യമങ്ങളും കലാ പ്രവര്‍ത്തകരും സമ്പന്നരും അവരുടെ ശത്രുക്കള്‍. അത്തരക്കാരുടെ കൈയിലാണ് രാഷ്ട്രം. ആ രാഷ്ട്രത്തില്‍ പ്രസിഡന്റ് പദവിയിലിരുന്നിട്ട് എന്തു ചെയ്യാനാണ്?!'
ലോകത്ത് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ ഇസ്ലാമിസ്റ്റുകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു അന്തഃസംഘര്‍ഷത്തിലേക്കാണ് ഡോ. റൈസൂനി വിരല്‍ ചൂണ്ടുന്നത്. ജനങ്ങളുടെ പിന്തുണയുണ്ട്, പക്ഷേ ഭരണത്തിലെത്താന്‍ മാത്രം കഴിയുന്നില്ല. എത്തിയാലോ തുടരാനനുവദിക്കുന്നില്ല. 2010 ഡിസംബറില്‍ തുനീഷ്യയില്‍ തുടങ്ങിയ അറബ് വസന്തം ഈജിപ്ത് വഴി ലിബിയ, സിറിയ, യമന്‍, മൊറോക്കോ എന്നിവിടങ്ങളിലൊക്കെ ആഞ്ഞുവീശിയപ്പോള്‍ കടപുഴകിയ സ്വേഛാധിപതികള്‍ക്ക് ബദലായി, കിട്ടിയ ജനാധിപത്യത്തിന്റെ ആദ്യാവസരം തന്നെ മിക്കയിടങ്ങളിലും ഇസ്ലാമിസ്റ്റുകള്‍ക്ക് അനുകൂലമായാണ് ജനങ്ങള്‍ വിനിയോഗിച്ചത്. തുനീഷ്യ, ഈജിപ്ത്, മൊറോക്കോ എന്നിവിടങ്ങളില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ അധികാരത്തിലെത്തി. യമനിലും ലിബിയയിലും അവര്‍ക്ക് അധികാര പങ്കാളിത്തം ലഭിച്ചു. സിറിയയില്‍ വിപ്ലവം അടിച്ചമര്‍ത്തപ്പെട്ടെങ്കിലും ഇസ്ലാമിസ്റ്റുകള്‍ ജനങ്ങളുടെ ശക്തമായ പിന്തുണയോടെ പോരാട്ടം ഇന്നും തുടരുന്നു. കഴിഞ്ഞ 80 വര്‍ഷത്തില്‍ (1930-2010) ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ എന്തു നേടി എന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു അഭൂതപൂര്‍വമായ ആ ജനപിന്തുണ എന്നത് നിഷേധിക്കാനാവില്ല.
അവര്‍ പോലും പ്രതീക്ഷിക്കാത്ത വിധത്തിലാണ് ജനങ്ങള്‍ അവരെ അധികാരത്തിലെത്തിച്ചത്. ജയിലിലും ഒടുവില്‍ ബ്രിട്ടനില്‍ രാഷ്ട്രീയാഭയത്തിലും കഴിഞ്ഞിരുന്ന ശൈഖ് റാശിദുല്‍ ഗന്നൂശി എല്ലാ പ്രതീക്ഷയും അസ്തമിച്ച് ലണ്ടനില്‍ തനിക്കും ഭാര്യക്കും ഒരു ശ്മശാനം ലഭിക്കുമോ എന്നന്വേഷിച്ചുകൊണ്ടിരിക്കുമ്പോഴാണ് തുനീഷ്യയില്‍ മുല്ലപ്പൂ വിപ്ലവം അരങ്ങേറുന്നതും തന്നെ നാടുകടത്തിയ സ്വേഛാധിപതി ബിന്‍ അലി നാടുവിടേണ്ടിവന്ന തുനീഷ്യയിലേക്ക് വിപ്ലവ നായകനായി വമ്പിച്ച ബഹുജന വരവേല്‍പോടെ തിരിച്ചുവരുന്നതും. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ അന്നഹ്ദ ഏറ്റവും വലിയ കക്ഷിയായി. ഈജിപ്തിലാവട്ടെ വിപ്ലവത്തില്‍ പുറത്തായ ഏകാധിപതി ഹുസ്നി മുബാറക്കിന്റെ കൊട്ടാരത്തിലേക്ക് ജനങ്ങള്‍ ജനാധിപത്യ തെരഞ്ഞെടുപ്പിലൂടെ കയറ്റിയിരുത്തിയത് മുബാറക് ജയിലിലിട്ടിരുന്ന ഇഖ്വാന്‍ നേതാവ് ഡോ. മുഹമ്മദ് മുര്‍സിയെയാണ്.
ഇവിടങ്ങളിലൊക്കെ ഇസ്ലാമിക പ്രവര്‍ത്തകരുടെ വോട്ട് കൊണ്ട് മാത്രമായിരുന്നില്ല, പൊതുജനങ്ങളുടെ വ്യാപകമായ പിന്തുണ കൊണ്ടുകൂടിയാണ് ഇസ്ലാമിസ്റ്റുകള്‍ അധികാരത്തിലെത്തിയത്. അവരുടെ വിശ്വാസം പിടിച്ചുപറ്റുന്നതില്‍ അത്രയധികം ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ വിജയിച്ചിരുന്നുവെന്ന് വ്യക്തം. പ്രസ്ഥാനങ്ങളെ സംബന്ധിച്ചേടത്തോളം ചാരിതാര്‍ഥ്യത്തിന് എല്ലാ അര്‍ഹതയുമുള്ള ആരോഹണം തന്നെയായിരുന്നു അത് എന്ന കാര്യത്തില്‍ സംശയമില്ല.
പക്ഷേ, എന്നിട്ടെന്തുണ്ടായി എന്നതാണ് പ്രധാന ചോദ്യം. ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരാന്‍ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചുവോ? ഇല്ലെങ്കില്‍ ആരാണ് അതിനുത്തരവാദി? പ്രസ്ഥാനങ്ങളോ, പ്രസ്ഥാനങ്ങളുടെ ശത്രുക്കളോ? എന്താണ് പരിഹാരം?
അറബ് വസന്താനന്തരം എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാനുള്ള ജിജ്ഞാസയോടെ ഈ ലേഖകന്‍ തുനീഷ്യയും ഈജിപ്തും സന്ദര്‍ശിച്ചിരുന്നു. തുനീഷ്യയില്‍ ശൈഖ് റാശിദുല്‍ ഗന്നൂശി ഉള്‍പ്പെടെയും ഈജിപ്തില്‍ ഇഖ്വാന്റെ മുര്‍ശിദ് ഡോ. മുഹമ്മദ് ബദീഅ് ഉള്‍പ്പെടെയുമുള്ള നേതാക്കളുമായി സഹവസിക്കാനും ദീര്‍ഘനേരം സംസാരിക്കാനും നേതൃനിരയിലേയും താഴെത്തട്ടിലെയും സാധാരണ പ്രവര്‍ത്തകരെ കാണാനും അവസരം ലഭിച്ചിരുന്നു. പരമാവധി പൊതുജനാഭിപ്രായമറിയാനും ശ്രമിച്ചു. അറബ് വസന്തത്തിന്റെ കാരണക്കാരനായ, തുനീഷ്യയില്‍ തീകൊളുത്തി മരിച്ച ബൂഅസീസിയുടെ മാതാവും, സന്ദര്‍ശിച്ചവരില്‍ ഉള്‍പ്പെടും. ബൂഅസീസിയുടെ മാതാവും കുടുംബവുമുള്‍പ്പെടെ തുനീഷ്യയിലെ പൊതുജനം തീര്‍ത്തും അസ്വസ്ഥരും അങ്ങേയറ്റം ആശങ്കാകുലരുമായിരുന്നു. പഴയതു പോയെങ്കിലും പുതിയതില്‍ പ്രതീക്ഷയില്ലായ്മ. കാര്യങ്ങള്‍ പെട്ടെന്ന് ശരിയാകാത്തതിലുള്ള വലിയ പ്രതിഷേധം. പുതിയ രാഷ്ട്രീയ നേതൃത്വത്തിന്റെ കഴിവില്‍ വിശ്വാസമില്ലായ്മ. അധികാരത്തിലെത്തിയ അന്നഹ്ദ നേതാക്കളും അസ്വസ്ഥര്‍ തന്നെയായിരുന്നു. ശൈഖ് ഗന്നൂശി സംഭാഷണത്തില്‍ ഊന്നിപ്പറഞ്ഞത് ഫ്രഞ്ച് വിപ്ലവം പരാജയപ്പെട്ടതും അത് വിജയിക്കാന്‍ ദശകങ്ങളെടുത്തതുമായിരുന്നു. അറബ് വസന്തത്തിനും അത് സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. അതുതന്നെയാണ് പിന്നീട് സംഭവിച്ചത്. പുതിയ സാഹചര്യത്തില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ തത്ത്വങ്ങളും സാഹചര്യത്തിന്റെ തേട്ടങ്ങളും സമന്വയിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ ആശയപരമായി അടിത്തറയെക്കുറിച്ച് നേതൃത്വത്തിന് അവ്യക്തത. റാശിദുല്‍ ഗന്നൂശി ആ വഴിയില്‍ ചില കാഴ്ചപ്പാടുകള്‍ രൂപീകരിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഇപ്പോഴും തുനീഷ്യയില്‍ ഇസ്ലാമിക പ്രസ്ഥാനത്തിനകത്തും പുറത്തും അവ്യക്തതകള്‍ തുടരുക തന്നെയാണ്.
ഈജിപ്തിലെ അനുഭവവും ഒട്ടും വ്യത്യസ്തമായിരുന്നില്ല. ഹുസ്നി മുബാറക് ഏകാധിപതിയായിരുന്നെങ്കിലും അയാള്‍ക്കല്ലാതെ മറ്റൊരാള്‍ക്ക് ഈജിപ്ത് ഭരിക്കാനാവില്ലെന്ന് വിശ്വസിക്കുന്ന പൊതുജനം. തങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കാത്തതില്‍ അങ്ങേയറ്റം അസ്വസ്ഥര്‍. ഇഖ്വാന്‍ മുര്‍ശിദ് ഡോ. മുഹമ്മദ് ബദീഉമായി നടത്തിയ ദീര്‍ഘമായ കൂടിക്കാഴ്ചയില്‍ പ്രതിസന്ധികള്‍ നിറഞ്ഞ ഭാവിയെ ഇഖ്വാന്‍ എങ്ങനെയാണ് മറികടക്കാന്‍ ഉദ്ദേശിക്കുന്നത്, എന്താണ് സ്ട്രാറ്റജി എന്ന ചോദ്യത്തിന് വിപ്ലവം ഉണ്ടാക്കിയ അല്ലാഹു തന്നെ അതിനെ കാത്തുകൊള്ളും എന്ന തവക്കുലിന്റെ മറുപടി. വിപ്ലവത്തിന്റെ ഭാവിയെക്കുറിച്ച ആശങ്ക ശൈഖ് യൂസുഫുല്‍ ഖറദാവി പ്രസിഡന്റ് മുര്‍സിയോട് പങ്കു വെച്ചിരുന്നു എന്ന് അദ്ദേഹം പറയുകയുണ്ടായി. കൂടെയുള്ളവരെ വിശ്വസിക്കാനാവുമോ എന്ന ചോദ്യത്തിന് എല്ലാം ഭദ്രമാണ് എന്നായിരുന്നത്രെ മുര്‍സിയുടെ മറുപടി. പട്ടാള അട്ടിമറി നടത്തിയ അബ്ദുല്‍ ഫത്താഹ് അസ്സീസിയെ സേനാധിപതിയായി നിയമിച്ചത് മുര്‍സി. മുര്‍സി സുന്നത്ത് നോമ്പനുഷ്ഠിക്കുന്ന തിങ്കളാഴ്ചയും വ്യാഴാഴ്ചയും അദ്ദേഹത്തോടൊപ്പം നോമ്പ് തുറക്കുന്ന സീസി. തന്റെ 'തഖ്വ' ഇഖ്വാനികളെ വേണ്ടതുപോലെ ബോധ്യപ്പെടുത്തി അയാള്‍. പട്ടാള അട്ടിമറിയെപ്പറ്റി തുര്‍ക്കി ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരങ്ങള്‍ അട്ടിമറിക്ക് ഒരു മാസം മുമ്പ് താന്‍ മുര്‍സിയെ അറിയിച്ചെങ്കിലും ഗൗനിച്ചില്ലെന്ന് ഉര്‍ദുഗാനും പിന്നീട് വെളിപ്പെടുത്തിയിരുന്നു.
വിപ്ലവങ്ങള്‍ വിജയിച്ച ലിബിയയിലോ യമനിലോ കാര്യങ്ങള്‍ ഒട്ടും വ്യത്യസ്തമായിരുന്നില്ല. എല്ലായിടങ്ങളിലും തികഞ്ഞ അനിശ്ചിതത്വം.
ആരാണ് കാരണക്കാര്‍?
മുസ്ലിം ലോകത്ത് ഇസ്ലാമിസ്റ്റുകള്‍ക്ക് വമ്പിച്ച പൊതുജന പിന്തുണയുണ്ടെങ്കിലും രാഷ്ട്രങ്ങളെ ഭരിച്ച് മുന്നോട്ടു കൊണ്ടുപോകാന്‍ ഇന്നത്തെ സാഹചര്യത്തില്‍ മതിയായ ഗൃഹപാഠം ഇനിയും നടത്തേണ്ടതായി വരും എന്നാണ് വ്യക്തമാകുന്നത്. കാരണം രണ്ടാണ്.
ഒന്ന്: ഈ രാജ്യങ്ങളിലെ 'ഡീപ്പ് സ്റ്റേറ്റ്.' ദശകങ്ങളായി അധികാരത്തിന്റെ സകല ആനുകൂല്യങ്ങളും നുകര്‍ന്നുകൊണ്ടിരിക്കുന്ന പട്ടാളം, ഉദ്യോഗസ്ഥര്‍, ഇന്റലിജന്‍സ്, കോര്‍പ്പറേറ്റുകള്‍. അവരുടെയൊക്കെ താല്‍പര്യങ്ങള്‍ ഒരു നിലക്കും സംരക്ഷിക്കുന്നവരല്ല ഇസ്ലാമിസ്റ്റുകള്‍. അതുകൊണ്ടുതന്നെ, ഇസ്ലാമിസ്റ്റുകളെ ഒരു നിലക്കും അധികാരത്തില്‍ സഹിക്കാന്‍ അവര്‍ക്കും സാധ്യമല്ല. ഇസ്ലാമിസ്റ്റുകള്‍ക്കാവട്ടെ, ഇവരുടെ സഹായമില്ലാതെ രാജ്യം ഭരിക്കാനും സാധ്യമല്ല. കാരണം സ്വന്തമായി ഭരണപരിചയമുള്ള മനുഷ്യവിഭവശേഷി പ്രസ്ഥാനങ്ങള്‍ക്കില്ല. അതിനുള്ളൊരു മുന്നൊരുക്കം നടത്താന്‍ അവക്ക് അവസരം കിട്ടിയിട്ടില്ല. അതൊരാവശ്യമായി അവര്‍ക്ക് തോന്നിയിട്ടുണ്ടായിരുന്നില്ല എന്നു പറയുന്നതും ശരിയാവാം.
രണ്ട്: അമേരിക്കയും യൂറോപ്പും ഇസ്രയേലും ഗള്‍ഫ് സ്വേഛാധിപതികളും ഉള്‍പ്പെടുന്ന ആഗോള-മേഖലാ ശക്തികള്‍ക്ക് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് മേധാവിത്വമുള്ളൊരു ഭരണ സംവിധാനം മുസ്ലിം രാജ്യങ്ങളില്‍ അനുവദിക്കാനാവില്ല. കാരണം, അമേരിക്കക്കും യൂറോപ്പിനും തങ്ങളുടെ കറവപ്പശുവാണ് മുസ്ലിം ലോകം. ഇസ്രയേലിനെ സംബന്ധിച്ചേടത്തോളം അതിന്റെ നിലനില്‍പ്പിനാധാരം മുസ്ലിം ലോകത്തെ കഴിവുകെട്ട ഭരണാധികാരികളാണ്. ഗള്‍ഫ് സ്വേഛാധിപതികള്‍ക്കാവട്ടെ, അറബ്-മുസ്ലിം ലോകത്ത് ജനാധിപത്യം വന്നു കഴിഞ്ഞാല്‍ തങ്ങളുടെ രാജാധിപത്യത്തിന് തിരശ്ശീല വീഴുമെന്നറിയാം.
മേല്‍ കാരണങ്ങളാല്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് മേധാവിത്വം ലഭിച്ച അറബ് വസന്തം പ്രതിസന്ധികളെ നേരിടുക എന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. എന്നാല്‍ പ്രസക്തമായ ചോദ്യം, ഇത്തരം വെല്ലുവിളികള്‍ അഭിമുഖീകരിക്കാതെ മുന്നോട്ടു പോകാമെന്ന് കരുതി രൂപീകരിക്കപ്പെട്ടതല്ല ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ എന്നിരിക്കെ, ഈ വെല്ലുവിളികളെ നേരിടാന്‍ എന്തു സ്ട്രാറ്റജിയാണ് അവ രൂപപ്പെടുത്തിയിട്ടുള്ളത് എന്നതാണ്. അറബ് വസന്തത്തിനു മുമ്പ് സ്വേഛാധിപതികളുടെ കൊടിയ അതിക്രമങ്ങളെ അതിജീവിച്ച് അവ പിടിച്ചുനിന്നു. അത്ഭുതകരമായ അതിജീവനം എന്നതിനെ വിശേഷിപ്പിക്കണം. എന്നാല്‍, സ്വേഛാധിപത്യ ഭരണകൂടങ്ങള്‍ക്ക് ബദല്‍ തീര്‍ക്കുന്നതില്‍ അവ വിജയിക്കാതെ പോകുന്നതെന്തുകൊണ്ട്? ആദ്യവിജയം ഒരുപക്ഷേ, ത്യാഗങ്ങളിലൂടെയും രക്തസാക്ഷ്യത്തിലൂടെയും നേടിയെടുക്കാനാവുന്നതായിരിക്കാം. അതില്‍ ഇസ്ലാമിസ്റ്റുകള്‍ തങ്ങളുടെ യോഗ്യത തെളിയിച്ചു. മരിക്കാനുള്ള പരിശീലനം നല്‍കിയതിലുള്ള വിജയം കൂടിയായിരുന്നു അത്. എന്നാല്‍ രണ്ടാമത്തേത് ജീവിക്കാനുള്ള പരിശീലനം ആവശ്യമായി വരുന്നതാണ്. അവിടെ എന്തുകൊണ്ട് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് കാലിടറുന്നു?
പ്രതി 'പൊളിറ്റിക്കല്‍ ഇസ്ലാം'
ഈ പ്രശ്നം യഥാര്‍ഥത്തില്‍ അറബ് വസന്തം നടന്ന രാജ്യങ്ങളുടെയും അവിടത്തെ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെയും മാത്രം പ്രശ്നമല്ല. ലോകത്ത് ഏതാണ്ട് എല്ലാ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെയും വിഷയമാണ്. കാരണം, അവയുടെ രാഷ്ട്രീയവും അധികാരവുമാണ് ശത്രുക്കളുടെ പ്രശ്നം. അതുകൊണ്ടാണ് 'പൊളിറ്റിക്കല്‍ ഇസ്ലാം' എന്ന സംജ്ഞ രൂപപ്പെടുത്തുന്നതും അതിനു വ്യാപകമായ കുപ്രസിദ്ധി കൈവരുന്നതും. കേരളം പോലും അതില്‍നിന്ന് മുക്തമല്ല എന്ന് സമീപകാല വിവാദങ്ങള്‍ വ്യക്തമാക്കിയല്ലോ. യൂറോപ്പിലെ ഇസ്ലാമോഫോബിയ, ഗള്‍ഫ് രാഷ്ട്രങ്ങളിലെ ഇഖ്വാന്‍ വേട്ട, ബംഗ്ലാദേശില്‍ ഇസ്ലാമിസ്റ്റുകള്‍ക്കു നല്‍കിയ വധശിക്ഷ തുടങ്ങിയ സംഭവങ്ങളുടെയൊക്കെ കേന്ദ്രബിന്ദു 'പൊളിറ്റിക്കല്‍ ഇസ്ലാം' തന്നെയായിരുന്നു.
ശത്രുക്കള്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളെ രാഷ്ട്രീയവും മതരാഷ്ട്രവാദവും പറഞ്ഞ് തല്ലിക്കൊല്ലാന്‍ ശ്രമിക്കുന്നത് അപ്രതീക്ഷിതമോ അസ്വാഭാവികമോ അല്ല. കാരണം, മുമ്പു പറഞ്ഞതുപോലെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഏറ്റവും വലിയ വിലങ്ങുതടിയായിരിക്കും ആ പ്രസ്ഥാനങ്ങള്‍ എന്നവര്‍ക്ക് നന്നായറിയാം. എന്നാല്‍, ഈ പ്രശ്നം യഥാര്‍ഥത്തില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളുണ്ടാക്കിയതല്ല, ഇസ്ലാമിന്റെ തന്നെ പൊളിറ്റിക്കല്‍ കണ്ടന്റാണ് 'പ്രതി.' പ്രവാചകന്റെ കാലം മുതലേയുള്ള പ്രശ്നമാണല്ലോ ഇത്. ലാ ഇലാഹ ഇല്ലല്ലായെ പരിചയപ്പെടുത്തുമ്പോള്‍ പ്രവാചകന്‍ തന്നെയും അറബികളെയും അനറബികളെയും കീഴ്പ്പെടുത്തുന്ന ലാ ഇലാഹ ഇല്ലല്ലായെക്കുറിച്ച് പറഞ്ഞു. ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പ്രവാചകന്റെ കത്ത് കിട്ടുന്ന മാത്രയില്‍ തന്റെ അധികാരം നഷ്ടപ്പെടാന്‍ പോകുന്നു എന്ന് ദീര്‍ഘദര്‍ശനം ചെയ്ത രാജാക്കന്മാരുമുണ്ടായിരുന്നു. ചുരുക്കത്തില്‍, ഇസ്ലാമിന്റെ പ്രകൃതത്തിലുള്ള രാഷ്ട്രീയ ഉള്ളടക്കം എന്നും ശത്രുക്കളെ അലോസരപ്പെടുത്തിയിട്ടുണ്ട്.
വിഷയം അതല്ല. ഈ പൊളിറ്റിക്കല്‍ ഇസ്ലാം പ്രോപ്പഗണ്ട വിജയിപ്പിക്കാന്‍ ശത്രുക്കള്‍ക്ക് എളുപ്പം സാധിക്കുന്നു എന്നതാണ്. അതിന് പറ്റിയൊരു ലോക സാഹചര്യം ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. മതവിരുദ്ധമായ സെക്യുലര്‍ സാഹചര്യമാണത് എന്നതാണ് സങ്കല്‍പം. പക്ഷേ, പ്രകൃത്യാ ഒരു പൊളിറ്റിക്കല്‍ കണ്ടന്റുമില്ലാത്ത ക്രിസ്തു മതവും ജൂത മതവും ഹിന്ദു മതവും രാഷ്ട്രീയക്കുപ്പായമണിഞ്ഞ് അണിയറക്കു പിന്നില്‍ കൃത്യമായി രാഷ്ട്രീയം കളിക്കുന്ന ലോക സാഹചര്യത്തില്‍ തന്നെയാണ് ഈ മതവിരുദ്ധ രാഷ്ട്രീയ സങ്കല്‍പം എന്ന നാടകം അരങ്ങേറുന്നത്. ബൈബിള്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്യുന്ന യു.എസ് പ്രസിഡന്റും ജൂത വംശീയതയില്‍ കെട്ടിപ്പടുത്ത ഇസ്രയേലും കത്തോലിക്ക ഓര്‍ത്തഡോക്സ് പ്രൊട്ടസ്റ്റന്റ് യൂറോപ്പും ഹിന്ദുത്വ ഇന്ത്യയും സെക്യുലര്‍ കുപ്പായമണിഞ്ഞു നില്‍ക്കുകയും, മറുവശത്ത് സമഗ്ര ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നവര്‍ക്ക് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെയും അവരുടെ രാഷ്ട്രമീമാംസക്ക് മതരാഷ്ട്രത്തിന്റെയും ചാപ്പ വീഴുകയും ചെയ്യുന്നു!
എങ്ങനെ മറികടക്കും?
രൂപപ്പെട്ടുവന്ന മേല്‍ സാഹചര്യത്തെ പഴിപറഞ്ഞിരുന്നതുകൊണ്ടായില്ല. അതിനെ മറികടക്കാന്‍ ഇസ്ലാമിസ്റ്റുകള്‍ മറുതന്ത്രങ്ങള്‍ മെനയുകയാണു വേണ്ടത്.
പ്രായോഗിക രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചപ്പോള്‍ സംഭവിച്ച ആശയക്കുഴപ്പങ്ങളും സങ്കീര്‍ണതകളും ആഭ്യന്തര പ്രശ്നങ്ങളുമെല്ലാം നിലനില്‍ക്കെത്തന്നെ ഇപ്പോഴും ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ സാധ്യതകളെ തള്ളിക്കളയാന്‍ അവരുടെ ബദ്ധവൈരികള്‍ക്ക് പോലും സാധ്യമല്ല. ഇന്നും മുസ്ലിം ലോകത്ത് അവ ആഴത്തിലുള്ള വേരുകളോടെ ശക്തമായി നിലകൊള്ളുകയാണെന്നത് ആര്‍ക്കും നിഷേധിക്കാനോ അറബ് ലോകത്ത് വീണ്ടുമൊരു വസന്തം സൃഷ്ടിക്കാനുള്ള അവയുടെ ശേഷി ആര്‍ക്കും തള്ളിക്കളയാനോ ആവില്ല. അതാണ് ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ശക്തി. അവയുടെ സംശുദ്ധിയും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ആത്മാര്‍ഥതയുമാണ് അവയുടെ നിലനില്‍പ്പിന്റെ രഹസ്യം. അതിനെ സമര്‍ഥമായി പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. കാലത്തിനൊപ്പം സഞ്ചരിക്കുന്നതിനുള്ള സ്ട്രാറ്റജി രൂപീകരണത്തില്‍ വിജയിച്ചില്ലെങ്കില്‍ ആത്മാര്‍ഥത കൊണ്ടും സംശുദ്ധി കൊണ്ടും മാത്രം ഒരു പ്രസ്ഥാനം നിലനില്‍ക്കുമെന്നു കരുതാന്‍ ന്യായങ്ങളില്ല. ശത്രുക്കളുടെ ഗൂഢാലോചനയെപ്പറ്റി പരിതപിക്കുന്നതിനു പകരം അവ പ്രതീക്ഷിച്ചുകൊണ്ട് അവയെ മറികടക്കാനുള്ള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുകയാണ് നിലനില്‍ക്കുമെന്ന് പ്രതിജ്ഞയെടുത്ത പ്രസ്ഥാനങ്ങള്‍ ചെയ്യുക. ഇസ്ലാം സമഗ്ര ജീവിത വ്യവസ്ഥയാകുന്നു എന്ന പ്രഖ്യാപനത്തോടെയാണ് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ രംഗത്തു വന്നത്. തദടിസ്ഥാനത്തില്‍ വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലും രാഷ്ട്രത്തിലും ഇസ്ലാമികമായ മാറ്റങ്ങളാണ് അവ ലക്ഷ്യമിടുന്നത് എന്ന് വ്യക്തമാക്കപ്പെടുകയും ചെയ്തു. വ്യക്തിയില്‍നിന്നാരംഭിച്ച് ഒടുവില്‍ ഭരണത്തില്‍ വരെ ഇസ്ലാമിക മാറ്റമാണ് അവ സ്വപ്‌നം കണ്ടത്. അതിനനുസൃതമായ അജണ്ട സെറ്റ് ചെയ്താണ് അവ മുന്നോട്ടു പോയത്. ഇതില്‍ ഭരണം ഒഴികെ വ്യക്തി-കുടുംബ-സമൂഹ സംസ്‌കരണം അവയ്ക്ക് സ്‌കോപ്പുള്ള മേഖലകളായിരുന്നു. ആ മേഖലകളില്‍ അവ വലിയൊരളവോളം വിജയിക്കുകയും ചെയ്തു. പക്ഷേ, ഒടുവിലത്തെ ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് ലോകം മുഴുവന്‍ അതിന്റെ മുമ്പില്‍ വിലങ്ങു നിന്നത്. അതോടൊപ്പം ഭരണത്തിന്റെ പ്രായോഗികതകളെക്കുറിച്ച് പ്രസ്ഥാനങ്ങള്‍ തന്നെ ആശയക്കുഴപ്പത്തിലകപ്പെടുകയും ചെയ്തു.
സ്ട്രാറ്റജിയെക്കുറിച്ച ആശയക്കുഴപ്പങ്ങള്‍ പല ഇസ്ലാമിക പ്രസ്ഥാനങ്ങളിലും മുമ്പൊന്നുമില്ലാത്തവിധം ആഭ്യന്തര പ്രതിസന്ധികള്‍ സൃഷ്ടിച്ചതു തന്നെ അവയുടെ ആഴം വ്യക്തമാക്കുന്നുണ്ട്. പ്രസ്ഥാനത്തിലെ യുവാക്കള്‍ നേതൃത്വത്തിനെതിരെ തിരിയുന്നു. ഈജിപ്തില്‍ ഇഖ്വാനിലെ അഭ്യന്തര പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഖറദാവി ഉള്‍പ്പെടെയുള്ളവരുടെ ശ്രമങ്ങള്‍ വിജയിച്ചില്ല. അള്‍ജീരിയയിലും ജോര്‍ദാനിലും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ഏതാണ്ട് പിളരുകതന്നെ ചെയ്തു. അള്‍ജീരിയയില്‍ 1994 മുതല്‍ 2012 വരെ അധികാരത്തില്‍ പങ്കാളികളായിരുന്ന ഇസ്ലാമിക പ്രസ്ഥാനം ഹറകതു മുജ്തമഉസ്സില്‍മ് പിളര്‍ന്ന് മുന്‍ മന്ത്രി അമ്മാര്‍ ഗോലിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടിയുണ്ടായി. അബൂ ജര്‍റാ സുല്‍ത്താനിയുടെ നേതൃത്വത്തിലുള്ള ഹറകതു മുജ്തമഉസ്സില്‍മ് ഭരണസഖ്യം വിടാന്‍ തീരുമാനിച്ചതും പിളര്‍പ്പിന് കാരണമായിരുന്നു. ജോര്‍ദാനിലും അറബ് വസന്താനന്തരം സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ഇഖ്വാനെ പിളര്‍ത്തി. പഴയ ഇഖ്‌വാന്‍ നേതാക്കളുണ്ടാക്കിയ വ്യത്യസ്ത ദേശീയ പാര്‍ട്ടികളിലേക്ക് ഇഖ്‌വാന്‍ ചെറുപ്പക്കാര്‍ കൂടുമാറുന്നതാണ് കാണുന്നത്.
പ്രായോഗിക രാഷ്ട്രീയമാണ് ഇസ്ലാമിക പ്രസ്ഥാനങ്ങളെ ആശയക്കുഴപ്പത്തിലകപ്പെടുത്തുന്ന പ്രധാന പ്രഹേളിക. ഇസ്ലാമിക രാഷ്ട്രസ്ഥാപനം, അല്ലാഹുവിന്റെ പരമാധികാരം, ശരീഅത്ത് നടപ്പിലാക്കല്‍ എന്നിങ്ങനെയുള്ള ഇസ്ലാമിന്റെ രാഷ്ട്രീയ തത്ത്വങ്ങളെയും തേട്ടങ്ങളെയും അതിസങ്കീര്‍ണമായ പുതിയ ലോകത്ത് ഫിറ്റാക്കുന്നത് എങ്ങനെയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോഴും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍. ഡെമോക്രസി, സെക്യുലറിസം, സിവില്‍ രാഷ്ട്രം, മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ അവസാന തീര്‍പ്പുകളിലേക്ക് ഇനിയും എത്തിയിട്ടു വേണം. തത്ത്വങ്ങളെയും പ്രയോഗങ്ങളെയും സംയോജിപ്പിക്കുമ്പോള്‍ ഏച്ചുകെട്ടലുകളില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ തിരയുകയാണവര്‍. ഇമാം ഹസനുല്‍ ബന്നായോ ഇമാം മൗദൂദിയോ വരച്ചുവെച്ച വഴികളിലൂടെയല്ല പുതിയ ലോകം മുന്നോട്ടു പോകുന്നത് എന്നത് ആ വഴികളെ വികസിപ്പിക്കാന്‍ അവരെ നിര്‍ബന്ധിക്കുന്നു.
ഈ അന്വേഷണത്തില്‍ ഇസ്ലാമിനെ സ്രോതസ്സായും ജനാധിപത്യത്തെ ടൂളായും ഉപയോഗപ്പെടുത്തുന്ന തുര്‍ക്കി മോഡല്‍ പലരുടെയും ഓപ്ഷനാണ്. മതപരമായ അഭിസംബോധനക്ക് പകരം ജനങ്ങളെ തീര്‍ത്തും രാഷ്ട്രീയമായി മാത്രം അഡ്രസ്സ് ചെയ്യുന്ന തുര്‍ക്കി മോഡലിലേക്ക് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പലതും പ്രവേശിച്ചത് അങ്ങനെയാണ്. അതിനുവേണ്ടിയാണ് പ്രസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്തമായി അവ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിച്ചത്. ഈ ദിശയില്‍ വമ്പിച്ച പരിവര്‍ത്തനങ്ങള്‍ നടത്തിയത് തുനീഷ്യയിലെ അന്നഹ്ദയാണ്. 2016-ലെ പത്താം പാര്‍ട്ടി കോണ്‍ഫറന്‍സില്‍ മതത്തിന്റെ കുപ്പായം പൂര്‍ണമായും അഴിച്ചുവെച്ച്, തങ്ങളുടേത് ഒരു ദേശീയ രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് അവര്‍ പ്രഖ്യാപിച്ചു. 'ദഅ്വത്ത്' (പ്രബോധനം) അല്ല, 'സിയാസത്ത്' (രാഷ്ട്രീയം) ആണ് തങ്ങളുടെ അജണ്ടയെന്ന് പാര്‍ട്ടി ഊന്നിപ്പറഞ്ഞു. 'പൊളിറ്റിക്കല്‍ ഇസ്ലാമി'ന്റെ ഭാഗമായി ചിലര്‍ അന്നഹ്ദയെ കാണുന്നുണ്ട്. എന്നാല്‍ പ്രവര്‍ത്തനങ്ങളിലൂടെ അന്നഹ്ദ അതിനെ മറികടന്നിരിക്കുന്നു. പൊളിറ്റിക്കല്‍ ഇസ്ലാം എന്ന നാമകരണം അന്നഹ്ദയുടെ ഐഡന്റിറ്റിയെയോ ഭാവി പദ്ധതികളെയോ പ്രതിനിധീകരിക്കുന്നില്ല.... (അന്നഹ്ദ പത്താം കോണ്‍ഫറന്‍സിലെ പ്രമേയം, 2016 മെയ് 25). പൊളിറ്റിക്കല്‍ ഇസ്ലാമിനു പകരം 'ഡെമോക്രാറ്റിക് ഇസ്ലാമി'നെയാണ് അന്നഹ്ദ പ്രതിനിധീകരിക്കാന്‍ ഇഷ്ടപ്പെട്ടത്. മതത്തെയും രാഷ്ട്രത്തെയും വേര്‍പെടുത്തുന്നതിനോട് (ഫസ്വ്ല്‍) വിയോജിക്കുമ്പോള്‍ തന്നെ അവ രണ്ടിനുമിടില്‍ വേര്‍തിരിവ് (തമ്മീസ്) വേണമെന്ന നിലപാടിലേക്ക് അന്നഹ്ദ മാറി. രാഷ്ട്രീയത്തെ മതത്തില്‍നിന്ന് വേര്‍പ്പെടുത്തുകയല്ല, പകരം മത പ്രബോധന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്കതീതമായി പൊതു മുസ്ലിം സമൂഹത്തിന്റെ പ്ലാറ്റ്ഫോമുകളില്‍നിന്ന് നിര്‍വഹിക്കണം എന്നായിരുന്നു ഉദ്ദേശിച്ചത്. മൊറോക്കോയിലെ ജസ്റ്റിസ് ആന്റ് ഡെവലപ്മെന്റ് പാര്‍ട്ടി സമാന നിലപാടാണ് 2012 മുതല്‍ തന്നെ സ്വീകരിച്ചുപോരുന്നത്.
ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ മുന്‍കൈയെടുത്ത് രൂപീകരിച്ച പാര്‍ട്ടികള്‍ സ്വീകരിച്ച പേരുതന്നെ അവയുടെ നയംമാറ്റത്തിന്റെ സൂചനയായിരുന്നു. 1998-ല്‍ ജസ്റ്റിസ് ആന്റ് ഡെവലപ്മെന്റ് എന്ന പേര് സ്വീകരിച്ച മൊറോക്കോയിലെ ഇസ്ലാമിക പ്രസ്ഥാനമാണ് ഈ രംഗത്ത് വഴികാട്ടി. ഉര്‍ദുഗാന്റെ പാര്‍ട്ടി ആ പേര് സ്വീകരിച്ചത് 2001-ലാണ്. പക്ഷേ പ്രയോഗത്തില്‍ തുര്‍ക്കി ഇസ്ലാമിസ്റ്റുകള്‍ മൊറോക്കോയെ പിന്നിലാക്കി. ഈജിപ്തില്‍ ഫ്രീഡം ആന്റ് ജസ്റ്റിസും (2011), ലിബിയയില്‍ ജസ്റ്റിസ് ആന്റ് കണ്‍സ്ട്രക്ഷനും (2012) സമാനമായ ഉദാഹരണങ്ങളാണ്. ട്രോയ്ക്ക രൂപീകരിച്ച് സെക്യുലറിസ്റ്റുകളുമായി സഖ്യം ചേരാന്‍ ധൈര്യം കാണിച്ചതും അട്ടിമറിക്കപ്പെടുമെന്ന് തോന്നിയ സന്ദര്‍ഭത്തില്‍ ഭൂരിപക്ഷമുണ്ടായിരിക്കെത്തന്നെ അധികാരത്തില്‍നിന്ന് ഇറങ്ങിപ്പോന്നതും വഴി തുനീഷ്യയില്‍ പ്രതിവിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ അന്നഹ്ദക്ക് സാധിച്ചു. എപ്പോഴും ദേശീയ ഐക്യത്തെക്കുറിച്ചും ജനാധിപത്യപരമായ സഹവാസത്തെക്കുറിച്ചും അത് സംസാരിച്ചു. സെക്യുലറിസ്റ്റായ മുന്‍സിഫ് മര്‍സൂഖിയോടൊപ്പം മാത്രമല്ല, ഇസ്ലാംവിരുദ്ധനും ബിന്‍ അലി ഭരണകൂടത്തിന്റെ അവശിഷ്ടവുമായിരുന്ന സിബ്സിയുമായി വരെ ഭരണത്തില്‍ സഹകരിച്ചു.
തുനീഷ്യക്കു മുമ്പ് മതത്തെയും രാഷ്ട്രീയത്തെയും 'വേര്‍തിരിക്കുന്ന' നിലപാട് സ്വീകരിച്ചത് മൊറോക്കോയിലെ ഇസ്ലാമിക പ്രസ്ഥാനമാണ്. രാജവാഴ്ചയുമായി രാജിയായി പരമാവധി മുഖ്യധാരയില്‍ നിന്നുകൊണ്ട് ഭരണത്തിലെ സ്വാധീനത്തെ ഉപയോഗപ്പെടുത്താനാണ് ജസ്റ്റിസ് ആന്റ് ഡെവലപ്മെന്റ് പാര്‍ട്ടി പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.
സാഹചര്യങ്ങള്‍ ഇസ്ലാമിക രാഷ്ട്ര സ്ഥാപനം എന്ന ലക്ഷ്യത്തില്‍നിന്ന് ഇസ്ലാമിക പ്രസ്ഥാനങ്ങളെ ഒരു സിവില്‍ രാഷ്ട്ര സ്ഥാപനമെന്ന ലക്ഷ്യത്തിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചിട്ടുണ്ടെന്നതാണ് സത്യം. രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഇസ്ലാമികവല്‍ക്കരണം എന്നതില്‍നിന്ന് മാനുഷിക മൂല്യങ്ങളെയും ജനാധിപത്യത്തെയും ആദരിക്കുന്ന സിവില്‍ സൊസൈറ്റിയുടെയും സിവില്‍ രാഷ്ട്രത്തിന്റെയും രൂപീകരണം എന്ന ആശയത്തെ ഇസ്ലാമിസ്റ്റുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സംശയമില്ല, ഇത് ഒരു വികാസം തന്നെയാണ്. പക്ഷേ ഈ വികാസം കൊണ്ടും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളെ മറികടക്കാനാവുമെന്ന് ഉറപ്പു പറയാനായിട്ടില്ല. വലിയ അപ്ഡേഷനു വിധേയമായ അന്നഹ്ദ തന്നെ ഇപ്പോഴും അകത്തും പുറത്തും പ്രതിസന്ധികള്‍ നേരിടുന്നത് അതിന്റെ ഉദാഹരണമാണ്.
തുര്‍ക്കി മോഡലിന്റെ സ്വാധീനം
ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പുതിയ സ്ട്രാറ്റജിക്കു വേണ്ടിയുള്ള അന്വേഷണത്തില്‍, 2001-ല്‍ അര്‍ബകാന്റെ വെര്‍ച്യൂ പാര്‍ട്ടിയില്‍നിന്നും തെറ്റിപ്പിരിഞ്ഞ് ഉര്‍ദുഗാനും കൂട്ടരും സ്ഥാപിച്ച ജസ്റ്റിസ് ആന്റ് ഡെവലപ്മെന്റ് പാര്‍ട്ടിയിലേക്ക് ഉറ്റുനോക്കുന്ന സാഹചര്യം രൂപപ്പെട്ടുവരുന്നുണ്ട്. രൂപീകൃതമായതു മുതല്‍ ഇതേവരെ തുടര്‍ച്ചയായി ഏതാണ്ട് 20 വര്‍ഷം അധികാരത്തില്‍ തുടരാന്‍ സാധിച്ചതും രാജ്യത്ത് വമ്പിച്ച വികസനം കൊണ്ടുവരുന്നതില്‍ വിജയിച്ചതും ആഭ്യന്തരമായി മാത്രമല്ല, പുറത്തും അമേരിക്കയോടും റഷ്യയോടും യൂറോപ്പിനോടും അറബ് രാഷ്ട്രങ്ങളോടും ഇണങ്ങിയും പിണങ്ങിയും പിടിച്ചുനില്‍ക്കുന്നതും ഏറ്റവുമൊടുവില്‍ ഏവരും ഭയപ്പെടേണ്ട സൈനിക ശക്തിയായി രാജ്യത്തെ ഉയര്‍ത്തിക്കൊണ്ടുവന്നതുമൊക്കെ തുര്‍ക്കിയെ ഒരു മാതൃകയാക്കാന്‍ ഇസ്ലാമിസ്റ്റുകളെ പ്രേരിപ്പിക്കുന്നുണ്ടാകാം. പുറമെ, അറബ് വസന്തത്തില്‍ സ്വേഛാധിപതികള്‍ക്കെതിരെ നിലകൊണ്ടതും പ്രതിവിപ്ലവങ്ങളെ ശക്തമായി എതിര്‍ത്തതും പ്രതിവിപ്ലവം നടന്ന രാജ്യങ്ങളിലെ ഇസ്ലാമിസ്റ്റുകള്‍ക്ക് രാഷ്ട്രീയാഭയം നല്‍കിയതും ഉര്‍ദുഗാനെ അവര്‍ക്ക് പ്രിയങ്കരനാക്കിയിട്ടുണ്ട്.
രാഷ്ട്രത്തിന്റെ ആറ് അടിത്തറകളില്‍ പ്രധാനമായ സെക്യുലറിസത്തെ നിലനില്‍ത്തിക്കൊണ്ടും രാഷ്ട്രപിതാവായ ഖിലാഫത്തിന്റെ അന്തകന്‍ അത്താതുര്‍ക്കിന്റെ ശവകുടീരത്തില്‍ സല്യൂട്ട് ചെയ്തും അതേ അത്താതുര്‍ക്കിന്റെ ഫോട്ടോക്ക് താഴെയിരുന്ന് തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ കാണിച്ച സമാര്‍ഥ്യമാണ് തുര്‍ക്കിയിലെ ഇസ്ലാമിസ്റ്റുകള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കരുത്തായത്. നജ്മുദ്ദീന്‍ അര്‍ബകാനെ നിരന്തരം അട്ടിമറിച്ചുകൊണ്ടിരുന്ന, അദ്നാന്‍ മന്ദരീസ് എന്ന പ്രസിഡന്റിനെ ഇസ്ലാമിക ആഭിമുഖ്യമുണ്ടെന്ന ഒറ്റക്കാരണത്താല്‍ തൂക്കിലേറ്റിയ പട്ടാളത്തെ നിലക്കു നിര്‍ത്തുന്നതില്‍ കാണിച്ച മെയ്വഴക്കം അക് പാര്‍ട്ടിയെ അനിതരസാധാരണ മാതൃകയാക്കിയിട്ടുണ്ട്. പട്ടാളത്തിന്റെ 2016-ലെ ജൂലൈ അട്ടിമറി ശ്രമത്തെ ജനങ്ങളെയും കൊണ്ട് ഉര്‍ദുഗാന്‍ നേരിട്ടതും അതിനെ പരാജയപ്പെടുത്തിയതും ലോകത്തെ ഇസ്ലാമിസ്റ്റുകളില്‍ ആവേശമുണര്‍ത്തി.
എന്നാല്‍ തുര്‍ക്കി മോഡല്‍ പകര്‍ത്താന്‍ പറ്റുന്ന സാഹചര്യമല്ല ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ശക്തമായ മിക്ക രാജ്യങ്ങളിലുമുള്ളത്. തുര്‍ക്കിയിലെ ജനങ്ങള്‍ യൂറോപ്യന്‍ ജനാധിപത്യ സംസ്‌കാരത്തിന്റെ വായു ശ്വസിക്കുന്നവരും മിക്കവരും ഇസ്ലാമിക മൂല്യങ്ങളോട് പ്രതിബദ്ധതയുള്ളവരുമാണ്. പ്രകൃത്യാ ധൈര്യശാലികളും ഉസ്മാനീ സാമ്രാജ്യത്തിന്റെ പ്രഭാവകാലം തിരിച്ചുവരുന്നത് സ്വപ്‌നം കണ്ടു കഴിയുന്നവരുമാണ്. അധ്വാനശീലരും ബുദ്ധിശക്തിയില്‍ മുന്നില്‍ നില്‍ക്കുന്നവരുമായ പൗരന്മാര്‍. സാമ്പത്തിക, സൈനിക മേഖലകളില്‍ സ്വാശ്രയത്വം നേടിക്കൊണ്ടിരിക്കുന്നവര്‍. വിദേശ മേല്‍ക്കോയ്മകള്‍ക്ക് ഒരു നിലക്കും വഴങ്ങാത്തവരാണ് അവര്‍. അവര്‍ക്ക് ഉര്‍ദുഗാന്‍ എന്നൊരു നേതാവിനെ കൂടി കിട്ടിയപ്പോള്‍ അവരുടെ ആത്മവിശ്വാസം വര്‍ധിച്ചു. സര്‍വോപരി ശക്തമായ ജനാധിപത്യ സംവിധാനവും സുതാര്യമായ തെരഞ്ഞെടുപ്പുമുള്ള രാജ്യമാണ് തുര്‍ക്കി.
ഈ സാഹചര്യങ്ങള്‍ ഒന്നും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മിക്ക രാജ്യങ്ങളിലുമില്ല. അതുകൊണ്ട് തുര്‍ക്കി മോഡല്‍ സ്വീകരിച്ചതു കൊണ്ടുമാത്രം ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ വിജയിക്കാനായിക്കൊള്ളണമെന്നില്ല.
ഏതായാലും ഇസ്ലാമിക പ്രസ്ഥാനങ്ങളെ സംബന്ധിച്ചേടത്തോളം അവ ഒരു വഴിത്തിരിവിലാണ് എന്ന് പറയേണ്ടിവരും; പ്രത്യേകിച്ചും രാഷ്ട്രീയ രംഗത്ത്. പുതിയ കാലത്ത് അവയുടെ നിലനില്‍പ്പും വിജയവും അവ സ്വീകരിക്കുന്ന സ്ട്രാറ്റജിയെ ആസ്പദിച്ചാണ് നില്‍ക്കുന്നത്. ഏത് സ്ട്രാറ്റജിയാണ് വിജയിക്കുക എന്ന് പറയാറായിട്ടില്ല. ഏതായാലും സ്ട്രാറ്റജിയെക്കുറിച്ച് ലോകത്ത് എല്ലാ ഇസ്ലാമിക പ്രസ്ഥാനങ്ങളും ഗൗരവപൂര്‍വം ചിന്തിക്കേണ്ട സാഹചര്യമുണ്ട് എന്നത് നിഷേധിക്കാനാവില്ല. മുമ്പ് പറഞ്ഞതും എഴുതിയതും പ്രസ്ഥാനങ്ങള്‍ക്ക് ഒരു ഭാരമാകാതിരിക്കേണ്ടതുണ്ട്. അന്നു പറഞ്ഞത് അന്നത്തെ സാഹചര്യത്തില്‍ ഏറ്റവും പ്രസക്തമായത്, ഇന്നു പറയുന്നത് ഇന്നേറ്റവും പ്രസക്തമായത് എന്ന തത്ത്വത്തില്‍ നിന്നുകൊണ്ടേ നിലപാടുകള്‍ സ്വീകരിക്കാനാവൂ. പ്രസ്ഥാനങ്ങള്‍ അവയുടെ പ്രവര്‍ത്തനങ്ങള്‍ ഓഡിറ്റിംഗിന് വിധേയമാക്കുകയും പോരായ്മകള്‍ പരിഹരിച്ച് ശത്രുക്കളുടെ തന്ത്രങ്ങള്‍ മുമ്പില്‍വെച്ച് തങ്ങളുടെ തന്ത്രങ്ങള്‍ മെനയുകയും ചെയ്യണം. ''അവര്‍ തന്ത്രങ്ങള്‍ മെനയുന്നു; അല്ലാഹുവും തന്ത്രങ്ങള്‍ മെനയുന്നു. ഏറ്റവും നല്ല തന്ത്രം മെനയുന്നവന്‍ അല്ലാഹുവത്രെ'' (അല്‍ അന്‍ഫാല്‍ 30).
Comments