Prabodhanm Weekly

Pages

Search

021 മാര്‍ച്ച് 19

3194

1442 ശഅ്ബാന്‍ 05

സ്വര്‍ഗ-നരകങ്ങള്‍

വി.എസ് സലീം

സ്വര്‍ഗവും നരകവും ഇതിനകം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവ എവിടെ സ്ഥിതിചെയ്യുന്നു? ചിലരുടെ സംശയങ്ങളാണ്. ആദ്യത്തെ ചോദ്യം കാലവുമായും, രണ്ടാമത്തേത് സ്ഥലവുമായും ബന്ധപ്പെട്ടതാണല്ലോ. രണ്ടും നാം ജീവിക്കുന്ന ഈ പദാര്‍ഥലോകവുമായും ബന്ധപ്പെട്ടിരിക്കുന്നു.
സ്ഥലവും കാലവും തന്നെയും മിഥ്യയാണെന്ന് നാം മുമ്പൊരിക്കല്‍ സൂചിപ്പിച്ചിട്ടുണ്ട്. പദാര്‍ഥലോകം നശിച്ചതിനു ശേഷമാണല്ലോ പരലോകം ഉണ്ടാവുക. അവിടത്തെ ഘടന എങ്ങനെയായിരിക്കുമെന്ന് വേദങ്ങള്‍ നമുക്ക് പറഞ്ഞുതന്നിട്ടില്ല. അത് മുന്‍കൂട്ടി കാണാനുള്ള ഭാവനാശേഷിയും നമുക്കില്ല.
ലക്ഷക്കണക്കായ ഗ്രഹങ്ങള്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഈ മഹാപ്രപഞ്ചത്തില്‍ അവയുമായി താരതമ്യം ചെയ്താല്‍ ഒരു മണ്‍തരിയോളം പോലും വലിപ്പമില്ലാത്ത ഭൂമിയും, കോടിക്കണക്കായ നക്ഷത്രങ്ങള്‍ക്കിടയിലെ ഒരു കൊച്ചുനക്ഷത്രമായ സൂര്യനുമില്ലെങ്കില്‍ സ്ഥലത്തിനും കാലത്തിനും ഇവിടെ അസ്തിത്വമോ പ്രസക്തിയോ ഇല്ല. ഭൂമിയും സൂര്യനുമല്ലാത്ത ഗ്രഹങ്ങളെയും ഉപഗ്രഹങ്ങളെയും നക്ഷത്രവ്യൂഹങ്ങളെയുമൊക്കെ ദൈവം എന്തിനു സൃഷ്ടിച്ചുവെന്നും നമുക്കറിയില്ല. ഭൗതികലോകത്ത് അവയുടെ ധര്‍മമെന്തെന്ന് ശാസ്ത്രവും ഇന്നുവരെ കൃത്യമായി നിര്‍വചിച്ചിട്ടില്ല. എന്നിരിക്കെ സ്ഥലവും കാലവുമില്ലാത്ത ആ ലോകത്തെക്കുറിച്ച് എങ്ങനെയാണ് നമുക്ക് വിഭാവനം ചെയ്യാനാവുക?
ഏകമാനമോ ദ്വിമാനമോ ത്രിമാനമോ ആയ വസ്തുക്കളുടെയും പ്രതിഭാസങ്ങളുടെയും ലോകമാണ് പദാര്‍ഥലോകമെന്ന് സാമാന്യമായി പറയാമെങ്കിലും, അവ മൂന്നുമല്ലാത്ത ചിലതുകൂടി ഇവിടെയുണ്ടെന്ന യാഥാര്‍ഥ്യം ആര്‍ക്കും നിഷേധിക്കാനാവില്ല.  മലക്കുകളും ജിന്നുകളും ആ ഗണത്തില്‍ പെട്ടവയാണല്ലോ. സ്ഥൂലവും ചലനക്ഷമവുമായ ത്രിമാന വസ്തുക്കളേക്കാള്‍ ഒരു മാനം കൂടി അധികമുള്ളവയാവാം ഒരുപക്ഷേ ആ സൃഷ്ടികള്‍. അതുകൊണ്ടാവാം മനുഷ്യദൃഷ്ടിയില്‍നിന്ന് അവ മറഞ്ഞിരിക്കുന്നതും, മനുഷ്യസാധ്യമല്ലാത്ത വേഗതയില്‍ സഞ്ചരിക്കുന്നതും. ബല്‍ഖീസ് റാണിയുടെ സിംഹാസനം ക്ഷണനേരം കൊണ്ട് സോളമന്റെ മുന്നില്‍ കൊണ്ടുവന്ന ഇഫ്‌രീത്തും, ഒരേസമയം ലോകത്തെവിടെയുമുള്ള മനുഷ്യരുടെ ആത്മാക്കളെ പിടിച്ചുകൊണ്ടുപോകുന്ന അസ്രാഈലും നമ്മെ അത്ഭുതപ്പെടുത്തേണ്ടതില്ലെന്നു പറയുന്നത് അതുകൊണ്ടാണ്.
മനുഷ്യന് ഇന്നുവരെ അര്‍ഥം കണ്ടെത്താനാവാത്ത മറ്റൊരു പ്രതിഭാസമാണ് ആത്മാവ്. ശാസ്ത്രത്തിന്റെ പരീക്ഷണോപാധികള്‍ക്കോ, മനുഷ്യരുടെ ഗവേഷണ ധിഷണകള്‍ക്കോ പിടിതരാതെ ഇന്നും കാണാമറയത്ത് നില്‍ക്കുകയാണ് ആത്മാവ്. ആത്മാവിന്റെ യാഥാര്‍ഥ്യത്തെക്കുറിച്ച് ചോദിച്ച പൗരാണിക മനുഷ്യരോട് വേദഗ്രന്ഥം പറഞ്ഞ മറുപടി മാത്രമേ ആധുനിക മനുഷ്യനോടും ഇക്കാര്യത്തില്‍ നമുക്ക് പറയാനാവൂ; അത് തികച്ചും ദൈവികമായ ഒരു കാര്യമാണ്! ദൈവം നമ്മുടെ പരീക്ഷണശാലകള്‍ക്കും, നിരീക്ഷണ ധിഷണകള്‍ക്കും എത്രമാത്രം അതീതനാണോ അത്രതന്നെ അതീതമാണ് ആത്മാവും. മനുഷ്യനെ ജീവാത്മാവെന്നും, ദൈവത്തെ പരമാത്മാവെന്നും ഭാരതീയ വേദാന്തം നിര്‍വചിച്ചിട്ടുണ്ട്. ജൂത-ക്രൈസ്തവ-ഇസ്‌ലാമിക ദര്‍ശനങ്ങളും ആദിമനുഷ്യനെ സൃഷ്ടിച്ചശേഷം ദൈവം അവനില്‍ നിക്ഷേപിച്ച 'ആത്മാവി'നെക്കുറിച്ച് സംസാരിക്കുന്നു.
ഇതര ജീവഗണങ്ങളില്‍നിന്ന് വ്യത്യസ്തമായി മനുഷ്യനെ സവിശേഷമാക്കുന്നത് ഈയൊരു പ്രതിഭാസമാണെന്ന് മതപരവും മതേതരവുമായ എല്ലാ പ്രത്യയശാസ്ത്രങ്ങളും ഇന്ന് ഏറക്കുറെ അംഗീകരിച്ചുകഴിഞ്ഞിട്ടുണ്ട്. മരണശേഷമുള്ള അതിന്റെ പരിണതിയെക്കുറിച്ച് മാത്രമേ അവക്കിടയില്‍ തര്‍ക്കങ്ങളുള്ളൂ. ചിലര്‍ ഭൗതികശരീരം ഉപേക്ഷിച്ചയുടന്‍തന്നെ അവയെ സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ പറഞ്ഞയക്കുമ്പോള്‍, മറ്റുചിലര്‍ പദാര്‍ഥലോകം അവസാനിച്ച് എല്ലാവരും വിചാരണ ചെയ്യപ്പെടുകയും രക്ഷാ-ശിക്ഷകള്‍ നല്‍കപ്പെടുകയും ചെയ്യുന്ന നാള്‍ വരെ അവ ഏതോ അജ്ഞാതലോകത്ത് കഴിഞ്ഞുകൂടുമെന്ന് അഭിപ്രായപ്പെടുന്നു. തനി ഭൗതികവാദികളില്‍ ചിലര്‍ ഇക്കാര്യത്തില്‍ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയുമാണ്!
ദൈവം സ്ത്രീയോ പുരുഷനോ അല്ലാത്ത പോലെ ആത്മാവിനും ലിംഗവ്യത്യാസങ്ങളില്ല. ആദമിലും ഹവ്വയിലും, തുടര്‍ന്ന് മുഴുവന്‍ മനുഷ്യരിലും ദൈവം നിക്ഷേപി-ച്ചത് ഒരേ ആത്മാവിനെയാണ്. ശരീരം നശിച്ചതോടെ ലിംഗഭേദം അവസാനിച്ചു. പരലോകത്ത് പ്രത്യുല്‍പ്പാദനമോ പ്രജനനമോ ഇല്ലാത്ത സ്ഥിതിക്ക് ലിംഗവ്യത്യാസങ്ങള്‍ക്ക് പ്രസക്തിയുമില്ലല്ലോ.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (103-113)
ടി.കെ ഉബൈദ്‌