മാലിക് ബദ്‌രി, അബുസ്സുഊദ്, മൗദൂദി
ഡോ. മുനീര്‍ മുഹമ്മദ് റഫീഖിന്റെ സുഡാനി മനഃശാസ്ത്ര പണ്ഡിതന്‍ മാലിക് ബദ്‌രിയെക്കുറിച്ചുള്ള അനുസ്മരണം (മാര്‍ച്ച് 5) അവസരോചിതവും പ്രയോജനപ്രദവുമായി. എന്നാല്‍ ലേഖനത്തിലുടനീളം ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിന്റെ പയനിയര്‍മാരിലൊരാളായ ഡോ. മഹ്മൂദ് അബുസ്സുഊദിനെ അബൂസുആദ് എന്നാണ് എഴുതിക്കണ്ടത്. തമന്ന മനോഹരമായി ഈയിടെ ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്ത മൗദൂദിയുടെ ബൗദ്ധിക വ്യവഹാരത്തെക്കുറിച്ചുള്ള ജമീല്‍ ശരീഫിന്റെ പേര് അച്ചടിച്ചുവന്നത് ജാമില്‍ ശരീഫ് എന്നായിരുന്നു. എഡ്വേര്‍ഡ് സഈദിനെ മലയാളികള്‍ പണ്ടേ സെയ്ദാക്കി പ്രതിഷ്ഠിച്ചു കഴിഞ്ഞതാണ്. ഇകാര ദീര്‍ഘത്തിന് ഇംഗ്ലീഷില്‍ ലലയാണ് പൊതുവെ ഉപയോഗിക്കാറെങ്കിലും മലയാളികളല്ലാത്തവര്‍ ശ-ഉം ഉപയോഗിക്കാറുണ്ട്. സമീര്‍ അമീന്‍ ഇംഗ്ലീഷില്‍ എഴുതുന്നത് മൊശൃ എന്നാണ്.
മുഅമ്മര്‍ ഖദ്ദാഫിയുടെ വിപ്ലവം നടക്കുന്നതു വരെ ലിബിയന്‍ രാജാവ് സനൂസിയുടെ ഉപദേഷ്ടാവ്, അറബ് ലീഗ് ഉപദേഷ്ടാവ് തുടങ്ങി പല ഉന്നത സ്ഥാനങ്ങളും വഹിച്ച അബുസ്സുഊദ് ഒരു അമേരിക്കന്‍ സര്‍വകലാശാലയിലെ അധ്യാപകനായിട്ടായിരുന്നു ജീവിതാന്ത്യം കഴിച്ചുകൂട്ടിയിരുന്നത്. സഈദ് റമദാന്റെ അല്‍ മുസ്‌ലിമൂനില്‍ ധാരാളം സാമ്പത്തികശാസ്ത്ര ലേഖനങ്ങള്‍ എഴുതിയ അദ്ദേഹം അനുഭവസമ്പത്തുള്ള പ്രബോധകന്‍ കൂടിയായിരുന്നു. ഒരു അമേരിക്കന്‍ സൂഫി ഹല്‍ഖയുടെ മുഖപത്രത്തില്‍ അദ്ദേഹത്തിന്റെ ഒരു പ്രഭാഷണം വായിച്ചതോര്‍ക്കുന്നു. അദ്ദേഹത്തെ അവര്‍ തങ്ങളുടെ ഒരു ഹല്‍ഖയില്‍ ക്ഷണിച്ചതായിരുന്നു. ഹസനുല്‍ ബന്നായുടെ ഹസ്വാഫിയ്യ സൂഫിസരണി അനുസ്മരിച്ച് ഒരു സൂഫി ഗുരുവിന്റെ ശിഷ്യനാണ് താനുമെന്ന് പരിചയപ്പെടുത്തിയാണ് അദ്ദേഹം പ്രഭാഷണം ആരംഭിക്കുന്നത്. എന്നിട്ട് ഹസനുല്‍ ബന്നാ 'സാഹോദര്യ കുടുംബം' ഉണ്ടാക്കുന്ന പ്രവര്‍ത്തന രീതി അവര്‍ക്ക് വിവരിച്ചുകൊടുത്തു. പ്രബോധനബന്ധം സ്ഥാപിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ ആളെ നിര്‍ണയിച്ചുകൊടുക്കുക ബന്നായുടെ ഒരു രീതിയായിരുന്നു. വിദൂരമായ ഒരു മലമടക്കിലെ ഒരാളെ ചെന്ന് കാണാനാണത്രെ ഒരിക്കല്‍ അബുസ്സുഊദിനോട് ബന്നാ നിര്‍ദേശിച്ചത്. ആ അപരിചിതനെ തേടി അവിടെ എത്തിയപ്പോഴാണത്രെ അയാളൊരു പെരും കൊള്ളക്കാരനായിരുന്നുവെന്ന കഥ അദ്ദേഹം അറിയുന്നത്. അയാളെ സംസ്‌കരിച്ചെടുക്കേണ്ട ദൗത്യമാണ് അബുസ്സുഊദിനെ ബന്നാ ഏല്‍പിച്ചത്. തന്റെ ഗുരു എവിടെയെല്ലാമാണ് എത്തുന്നതെന്ന് അദ്ദേഹം അപ്പോള്‍ അത്ഭുതപ്പെട്ടുപോയി.
ഹസനുല്‍ ബന്നായുടെ തര്‍ബിയത്തില്‍നിന്ന് എന്തുകൊണ്ട് മൗദൂദിയും മൗദൂദിയുടെ തര്‍ബിയത്തും മികച്ചുനില്‍ക്കുന്നു എന്നാണ് മൗദൂദിയെക്കുറിച്ച് ബദ്‌രി എഴുതിയതായി മുനീര്‍ റഫീഖ് പറയുന്ന ലേഖനത്തില്‍ എടുത്തു കാണിക്കുന്നത്. 40 പേജ് വരുന്ന ആ ലേഖനം മൗദൂദി സെന്റിനറിയോടനുബന്ധിച്ച് തര്‍ജുമാനുല്‍ ഖുര്‍ആന്‍ പ്രസിദ്ധീകരിച്ച വിശേഷാല്‍ പ്രതിയില്‍ അച്ചടിച്ചുവന്നിട്ടുണ്ട്. ചിശ്തി പരമ്പരയില്‍ ജനിച്ച ഒരു സയ്യിദായിട്ടും എന്തുകൊണ്ട് മൗദൂദി ഒരു ശൈഖ് പട്ടം അണിയാതെ, ശൈഖിനെ ചോദ്യം ചെയ്യാതെ അനുസരിക്കുന്ന 'കോന്തല'കളായ മുരീദന്മാരെ സൃഷ്ടിക്കാതെ, നേതാവിനെ ചോദ്യം ചെയ്യുന്ന അനുയായികളുള്ള ഒരു ജനാധിപത്യ സംഘടനാ ചട്ടക്കൂട് സൃഷ്ടിച്ചെടുത്തു എന്ന് ബദ്‌രി വിശകലനം ചെയ്യുന്നുണ്ട്. 'ആത്മീയ നേതൃഭ്രമത്തിന്റെ അവീനില്‍ ഉന്മത്തരായിപ്പോയ ഖൗമി'ന് ഒരു ഇലക്ട്രിക് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കുകയായിരുന്നു മൗദൂദി എന്നാണ് ബദ്‌രി പറയുന്നത്. എന്നിട്ടും 'ജീവെ ജീവെ പീര്‍ മൗദൂദി' എന്ന് മൗദൂദി 'ഇശ്ഖി'ല്‍ യുവജന വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിക്കുന്നത് കേട്ട്, ജീവിതകാലം മുഴുവന്‍ 'പീര്‍-മുരീദി'നെതിരെ പൊരുതിയിട്ടും തനിക്കും ഒരു പീര്‍ ആകാനുള്ള ഗതികേടാണല്ലോ എന്ന് പില്‍ക്കാലത്ത് മൗദൂദി ചിരിച്ചിട്ടുണ്ട്. ഇറാനിലെയും അഫ്ഗാനിസ്താനിലെയും ദുര്‍ഘട പാതകള്‍ കാര്‍ യാത്രയിലൂടെ താണ്ടിക്കടന്ന് പാകിസ്താനിലെത്തിയ ബദ്‌രിയുടെ സുദീര്‍ഘമായ അനുഭവ വിവരണത്തില്‍ കൗതുകകരമായ എത്രയോ മുഹൂര്‍ത്തങ്ങളുണ്ട്. അവ സംക്ഷേപിക്കാന്‍ പ്രയാസമാണ്. മൗദൂദിയെ വായിച്ചിട്ടില്ലാത്ത പുതിയ തലമുറക്ക് എത്രയോ പാഠങ്ങള്‍ അതിലുണ്ട്. കഴിഞ്ഞ നൂറ്റാണ്ടില്‍ മാത്രമല്ല, ഈ നൂറ്റാണ്ടിലും അദ്ദേഹത്തിന് സമശീര്‍ഷനില്ലെന്ന് അത് വായിച്ചാല്‍ ബോധ്യപ്പെടും.
'ആ ജാഹിലിയ്യത്തില്‍നിന്ന് സമുദായം ഇനിയും പൂര്‍ണമായി ഇസ്‌ലാമായിട്ടില്ല'
ജി.കെ എടത്തനാട്ടുകരയുടെ 'വിപ്ലവകാരികള്‍' എന്ന അനുഭവ കുറിപ്പില്‍ (ലക്കം 40) പരാമര്‍ശിച്ച ഒസ്സാനും തങ്ങളും വിഷയം കാലിക പ്രസക്തിയുള്ളതാണ്. കാലങ്ങളായി ഈയുള്ളവന്‍ ഉള്‍പ്പെടെ പലരും സമുദായ സംഘടനാ നേതൃത്വങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ഈ ജാഹിലിയ്യത്തിനെതിരെ ചുരുങ്ങിയ പക്ഷം പ്രവര്‍ത്തകരിലെങ്കിലും ബോധവത്കരണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തതാണ്. അത് നിങ്ങളുടെ അപകര്‍ഷബോധം മാത്രമാണെന്ന മറുപടിയാണ് കിട്ടിയിരുന്നത്. കാലങ്ങളായി സമുദായ സംഘടനാ നേതാക്കള്‍ കണ്ണടച്ചിരുട്ടാക്കിയിരുന്ന ഈ വിഷയത്തില്‍ അവരുടെ കണ്ണുതുറപ്പിക്കാന്‍ ഈ ലേഖനം കാരണമാകട്ടെ എന്ന് ആശിക്കുന്നു.
ലേഖനത്തില്‍ ഉദ്ധരിച്ച, അബൂദര്‍റിനോട് പ്രവാചകന്‍ (സ) ചോദിച്ച ആ ചോദ്യമുണ്ടല്ലോ; 'അബൂദര്‍റേ ആ ജാഹിലിയ്യത്തില്‍നിന്നും ഇനിയും പൂര്‍ണമായി ഇസ്‌ലാമില്‍ പ്രവേശിക്കാനായില്ലേ', ആ ചോദ്യം പണ്ഡിതന്‍, പാമരന്‍, നേതാവ്, പ്രവര്‍ത്തകന്‍ തുടങ്ങിയ വ്യത്യാസങ്ങളില്ലാതെ മുസ്‌ലിം സമുദായത്തിലെ ഓരോരുത്തരും സ്വയം ചോദിക്കേണ്ടതാണ്.
ജവാദ് ജമാല്‍, ഇലിപ്പക്കുളം
ചര്‍ച്ചകള്‍ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുമോ?
മൂന്ന് വര്‍ഷത്തിലേറെ നീണ്ട ഖത്തര്‍ ഉപരോധത്തിന് 2021 ജനുവരി അഞ്ചിനാണ് അന്ത്യം കുറിച്ചത്. രാജ്യാതിര്‍ത്തികള്‍ തുറന്ന് ഖത്തര്‍ പ്രതിസന്ധി ഇപ്പോള്‍ പരിഹരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉപരോധം പിന്‍വലിക്കുന്നതോടൊപ്പം പ്രതിസ്വരങ്ങളെ നിശ്ശബ്ദമാക്കാനുള്ള തയാറെടുപ്പുകള്‍ തുടരുന്നതായി കാണാം. ഈജിപ്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയില്ലെന്ന് ഈജിപ്ഷ്യന്‍-യു.എ.ഇ സുരക്ഷാ ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി രണ്ട് ഈജിപ്ഷ്യന്‍ രഹസ്യാന്വേഷണ വൃത്തങ്ങള്‍ 2021 ജനുവരി 20-ന് റോയിട്ടേഴ്സിനോട് വ്യക്തമാക്കിയിരുന്നു. ഖത്തര്‍ സാമ്പത്തിക സഹായമുള്ള അല്‍ജസീറ മാധ്യമ ശൃംഖലയും, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളും ഈജിപ്തിന് നേരെ പുതിയ നിലപാട് സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ഈജിപ്ഷ്യന്‍ രഹസ്യാന്വേഷണ വൃത്തങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. രാജ്യത്തുയരുന്ന പ്രതിഷേധ സ്വരങ്ങള്‍ ലോകം ചര്‍ച്ച ചെയ്യരുതെന്നാവും ഈജിപ്ത് ഇതിലൂടെ കണക്കു കൂട്ടുന്നത്. അറബ് വസന്തം പോലെ പടര്‍ന്ന വിമോചനാഹ്വാനങ്ങള്‍ക്ക് ഇനിയും ഭാവിയുണ്ടെന്നത്, വരാനിരിക്കുന്ന വസന്തത്തെ തടഞ്ഞുനിര്‍ത്താനാവില്ലന്നതുപോലെ സത്യമാണ്.
2021 ജനുവരി 18-ലാണ് ഖത്തര്‍-യു.എ.ഇ-ഈജിപ്ത് നേരിട്ടുള്ള ആദ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. അങ്ങനെ ഉപരോധാനന്തരമുള്ള ആദ്യ വാണിജ്യ വിമാനം ഖത്തറില്‍നിന്ന് ഈജിപ്തിലേക്ക് പറന്നു. യു.എ.ഇയിലെ ഷാര്‍ജയില്‍നിന്ന് എയര്‍ അറേബ്യ വിമാനം എത്തി തൊട്ടുടനെയാണ് ദോഹയില്‍നിന്ന് വമാനം ഈജിപ്തിലേക്ക് പറന്നത്. ജനുവരി 11-ന് ഖത്തര്‍-സുഊദി വിമാന സര്‍വീസുകളും പുനഃസ്ഥാപിച്ചിരുന്നു. നിലവില്‍ ഓരോ രാഷ്ട്രവും നയതന്ത്രബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. യു.എ.ഇ, ഖത്തര്‍ ഔദ്യോഗിക പ്രതിനിധികള്‍ 2021 ഫെബ്രുവരി 22-ന് കുവൈത്തില്‍ ആദ്യ കൂടിക്കാഴ്ച നടത്തിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അല്‍ഉല കരാര്‍ നടപ്പില്‍ വരുത്തുന്നതിന് സംയുക്തമായ നടപടിക്രമങ്ങളും സംവിധാനങ്ങളും കുവൈത്ത് കൂടിക്കാഴ്ചയില്‍ രാഷ്ട്രങ്ങള്‍ ചര്‍ച്ച ചെയ്തു. വ്യക്തിപരമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും രാഷ്ട്രങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഗള്‍ഫ് കൂട്ടായ്മ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യവും, രാഷ്ട്രങ്ങളുടെയും പൗരന്മാരുടെയും താല്‍പര്യം പരിഗണിച്ച് സംയുക്ത പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഊന്നിപറഞ്ഞതായി എമിറേറ്റ് ന്യൂസ് ഏജന്‍സി വ്യക്തമാക്കിയിരുന്നു.
ഖത്തറും ഈജിപ്തും തമ്മില്‍ ഉപരോധാനന്തരമുള്ള ആദ്യ ചര്‍ച്ചക്ക് 2021 ഫെബ്രുവരി 23-ന് കുവൈത്തില്‍ തുടക്കമിട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുവൈത്ത് ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് നിരന്തര ശ്രമങ്ങളുണ്ടായിട്ടും യു.എ.ഇ-ഖത്തര്‍ കൂടിക്കാഴ്ചയില്‍ നയതന്ത്ര പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ചര്‍ച്ചകള്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമെന്നതുപോല, അവസാനിക്കാത്ത സങ്കീര്‍ണതകള്‍ വരുത്തിവെക്കുന്നതുമാണ്. മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയുണ്ടായിരുന്നു ഉപരോധമേര്‍പ്പെടുത്തിയ രാഷ്ട്രങ്ങള്‍ക്ക്. പുതിയ യു.എസ് ഭരണകൂടത്തിന്റെ നിലപാട് ഇനിയും വ്യക്തമല്ല. ജോ ബൈഡന്‍ അധികാരത്തിലേറി ഇതുവരെ സംഭാഷണം നടത്തിയത് സുഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സുഊദുമായി മാത്രമാണ്. ഈയവസരത്തില്‍ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് യു.എസ് സ്വീകരിക്കുന്ന നിലപാടും രാഷ്ട്രങ്ങള്‍ക്കിടയില്‍ തുടരുന്ന ചര്‍ച്ചയോടൊപ്പം നിര്‍ണായകമാണ്.
അര്‍ശദ് കാരക്കാട്
തിരുത്ത്
ത്വാരിഖുല്‍ ബിശ്‌രിയെക്കുറിച്ച് കഴിഞ്ഞ ലക്കത്തില്‍ വി.എ കബീര്‍ എഴുതിയ ലേഖനത്തില്‍ '67 ജൂണില്‍ നടന്ന അറബ്-ഇസ്രയേല്‍ യുദ്ധത്തില്‍ നാസിറിന്റെ അറബ് ദേശീയത മുഖം കുത്തിവീണതില്‍ പിന്നെയാണ് ബിശ്‌രി 'ഇടതുലൈനിലേക്ക് മാറുന്നത്' എന്ന വാചകം 'ഇസ്‌ലാമിക ലൈനിലേക്ക് മാറുന്നത്' എന്ന് തിരുത്തി വായിക്കുക.
-എഡിറ്റര്‍
Comments