Prabodhanm Weekly

Pages

Search

2021 ഫെബ്രുവരി 19

3190

1442 റജബ് 07

വിശ്വാസി മക്കയെ കനവില്‍ കാണുമ്പോള്‍

പി.ടി കുഞ്ഞാലി

ഒരു തരത്തിലുമുള്ള ഭൂമിശാസ്ത്ര കൗതുകവും ഉല്‍പാദിപ്പിക്കാത്ത ദേശം. കല്ലുമലകള്‍ എഴുന്നുനില്‍ക്കുന്ന നിമ്‌നോന്നതയാര്‍ന്ന പരുഷ ഭൂമി. സാമാന്യമായ ഏതൊരു സൗമ്യജീവിതത്തെയും ചതിച്ചു തോല്‍പ്പിക്കാന്‍ മാത്രം നിരാര്‍ദ്രമായ ഊഷരത. അവിടെ ചരിത്രത്തിന്റെ വിധിയെന്നോണം നാലായിരത്താണ്ടുകള്‍ക്കപ്പുറം തന്നെ ജീവിതം തുഴഞ്ഞ മാനവതയുടെ സുദീര്‍ഘമായൊരു ചങ്ങലത്തുരട്. ഇതാണ് സാമാന്യ കാഴ്ചയിലെ മക്ക. എന്നാല്‍ വിശ്വാസികളുടെ ദൃശ്യത്തില്‍ തെളിയുന്ന മക്ക മറ്റൊരു വിതാനത്തിലെ 'ബക്ക.' സ്രഷ്ടാവിന്റെ നിയോഗം ഏറ്റുവാങ്ങി സ്വര്‍ഗലോകത്തു നിന്നും ഭൂമിയിലേക്കെത്തിയ ആദിദമ്പതികള്‍ ജീവിതം മുളപ്പിച്ച ദേശപ്രാന്തമാണത്. സത്യപരീക്ഷകളൊക്കെയും ജയിച്ച് സ്രഷ്ടാവിന്റെ ആത്മസൗഹൃദം സ്വന്തമാക്കിയ ഇബ്‌റാഹീം പ്രവാചകന്‍ തന്റെ കുഞ്ഞു കുടുംബത്തെ പാര്‍പ്പിച്ച വീടും പറമ്പും. അവിടെ അവസാന പരീക്ഷയും ജയിക്കാന്‍ മൂര്‍ച്ച തിളക്കുന്ന പിച്ചാത്തിയും കാരിരുമ്പ് തോല്‍ക്കുന്ന വിശ്വാസദാര്‍ഢ്യവുമായി തന്റെ വല്‍സലപുത്രനെ യാഗമാക്കാന്‍ പോയ ദേശം. ആത്മസുഹൃത്തിനെ ആദരിച്ചനുസരിക്കാന്‍ ഈ ഭൂഗോളത്തിലാദ്യമായി ഇബ്‌റാഹീം കല്ലു പെറുക്കി മണിമന്ദിരം പണിത ദേശം.
ആ വൃദ്ധ ജീവിതത്തിന് സമ്മാനമായി കിട്ടിയ ആരോമല്‍ തിടമ്പ് പിച്ചനടന്ന മണ്ണ്. ആ കല്ലു മലകളിലെ ഏകാന്തവിഹ്വലതയില്‍ കുഞ്ഞു കിടാവിന് കുടിജലം തേടി ഒരു മാതൃത്വം ഇടനെഞ്ച് പൊട്ടിയോടിയ മലമടക്കുകള്‍. ആ പാല്‍പതത്തുടര്‍ച്ചയിലൂടെ ഒഴുകിപ്പരന്ന മഹാ ജനപദങ്ങള്‍. ഇബ്‌റാഹീമിന്റെ താവഴിയില്‍ മുഹമ്മദിന് ജനനം നല്‍കിയ ഗ്രാമം. അനാഥനായിപ്പോയ ആ ശൈശവം ജീവിത സംഘര്‍ഷങ്ങള്‍ ഏറ്റുവാങ്ങിയ ദേശം. സത്യസന്ധതയുടെ ദീപ്തസാന്നിധ്യമായി ആ ജീവിതം നാല്‍പതാണ്ട് നടന്നുപോയ മണ്ണും മലകളും. താമസിച്ച വീടും കുടിയും. കാലി നോക്കിയ താഴ്വരകളും വാണിഭം നടത്തിയ ചന്തകളും, കയറിക്കടന്ന മാമലകളും ധ്യാനമിരുന്ന കല്‍പൊത്തുകളും, മാലാഖമാര്‍ പറന്നിറങ്ങിയ ആകാശവും ഭൂമിയും, സത്യസന്ദേശ പ്രചാരണത്തിലെ വിഘ്‌നങ്ങളും പീഡാനുഭവങ്ങളും. ഈ ദേശം ഏത് വിശ്വാസിയെയാണ് നിത്യമായും പ്രചോദിപ്പിക്കാതിരിക്കുക!
പ്രവാചകന് അഭയം നല്‍കിയ യസ്‌രിബ്. ആ നിര്‍മലമായ പാദാരവിന്ദങ്ങള്‍ പതിഞ്ഞ് പുളകം കോരിയ യസ്‌രിബ്. സ്രഷ്ടാവിന്റെ ജീവിത സരണിയെ തരിപ്പണമാക്കാന്‍ കുതറിയ മനുഷ്യവിരോധികള്‍ തീര്‍ത്ത സര്‍വ പ്രതിലോമതകളേയും ഒടിച്ചെറിഞ്ഞ പ്രവാചകന്റെ പ്രിയനഗരം മദീന. ആ  മണ്ണും അവിടെ തെഴുത്ത പുതുദേശവും. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പള്ളി. ഒടുവില്‍ തന്റെ നിയോഗദൗത്യം മഹാവിജയത്തില്‍ സമാപിച്ച് മരിച്ച് കിടന്ന കൊച്ചുമുറിയും പ്രാന്തങ്ങളും.  ഇതൊക്കെയും നേര്‍ക്കണ്ണില്‍ കാണാനും അനുഭൂതിദായകമായ ശൈലങ്ങളും സമതലങ്ങളും തൊട്ടനുഭവിക്കുവാനും മനസ്സില്‍ കൊതിക്കാത്ത വിശ്വാസികളുണ്ടാവില്ല. അതുകൊണ്ടുതന്നെയാണ് ജീവിതത്തിലൊരിക്കലെങ്കിലും ആ പവിത്രഭൂമിയിലെത്താനും കേട്ടറിഞ്ഞ പുണ്യകാലത്തെ പുണര്‍ന്ന് വിശ്വാസസാഹോദര്യത്തിന്റെ ആദി സാന്നിധ്യത്തിലേക്ക് പടരാനുമുള്ള അടങ്ങാത്ത ആഗ്രഹം വിശ്വാസിയുടെ ലക്ഷ്യമായി മാറുന്നതും. അത്രക്ക് തീക്ഷ്ണമാണാ വൈകാരികോര്‍ജം.
ആ മണ്ണുപാതകളിലൂടെ ആദിചരിത്ര സൂക്ഷ്മതകളിലേക്ക് ലയിക്കാനുള്ള വിശ്വാസിയുടെ കിതപ്പ്, അയാളെ ആ ദേശം കണ്‍കുളിര്‍ക്കെ നോക്കി നടക്കുന്ന ഒരു സഞ്ചാരിയാക്കും.
ജീവിതത്തിലൊരിക്കലെങ്കിലും തന്റെ വിശ്വാസത്തിന്റെ പിതൃഭൂമിയിലെത്തി ആത്മവിചാരണയിലൂടെ സ്ഫുടം വരുത്തി ഇബ്‌റാഹീമീസരണി പ്രഖ്യാപിക്കണമെന്നൊരു ശാസന അല്ലാഹുവിന്റേതു തന്നെയാണ്.  അതു പക്ഷേ, കണിശതയാര്‍ന്ന കാലസമയ ചതുരത്തിലാണ്. എന്നിട്ടും ഇതൊന്നും അത്രയങ്ങ് സാധ്യമാക്കാന്‍ പാങ്ങ് പോരാത്തവരും ഈ പുണ്യദേശം അനുഭവിക്കാനും തന്റെ പാരമ്പര്യത്തിന്റെ പോരിമകള്‍ തോറ്റിയെടുക്കാനും കൊതിക്കുന്നത് സ്വാഭാവികം. അങ്ങനെ വിറ്റും പെറുക്കിയും, കാല്‍നടയായി ദീര്‍ഘസഞ്ചാരത്തിനിറങ്ങിയും മലമടക്കുകള്‍ താണ്ടി ദൈവഗേഹ ദേശത്തെത്താന്‍ വിശ്വാസികള്‍ കുതറിയ കഥകള്‍ ചരിത്രത്തിലെമ്പാടും നമുക്ക് കാണാം. അവര്‍ പാതിവഴിയില്‍ മരിച്ചുവീണതും, മരുഭൂമിയിലെ ബദുക്കൂട്ടങ്ങള്‍ കൊള്ളയടിച്ചതും, എന്നിട്ടും ഇഛാശേഷിയുടെ കൊടിപ്പടം വീശി ആ തീര്‍ഥാടന 'ഖാഫില' മുന്നോട്ടു തന്നെ പോയതുമൊക്കെ പാട്ടായും കഥയായും സഞ്ചാരക്കുറിപ്പുകളായും എന്നേ മലയാളത്തിലുണ്ട്. ഈ എഴുത്തുരാശിയില്‍ ഉള്‍പ്പെടുന്നതാണ് ജലീല്‍ ഒതളൂരിന്റെ 'ഓര്‍മകളിലെ ഉംറകള്‍ അവസാനിക്കുന്നില്ല' എന്ന കൊച്ചുകൃതി.
ഒരു ഹജ്ജ് അനുഭൂതി സ്വന്തമാക്കാന്‍ ദ്രവ്യപരമായ കടുത്ത പരിമിതി ഉണ്ടായിരുന്ന ജലീലിന് ആ പെരുംമോഹം മനസ്സിന്റെ കല്ലറയില്‍ മണ്ണിട്ടു മൂടേണ്ടി വന്നു. ഒരു ഉംറയെങ്കിലും സ്വപ്‌നമായി അപ്പോഴും ആ മനസ്സിന്റെ ആകാശത്ത് മഴവില്ലായി കൊതിപ്പിച്ചു. അതും അസാധ്യതയുടെ കരിമേഘക്കാട്ടില്‍ അദൃശ്യപ്പെട്ടപ്പോഴാണ് പ്രതീക്ഷയുടെ അമ്പിളിക്കീറായി, വിവാഹസമ്മാനമായ ഇത്തിരി സ്വര്‍ണപ്പൊട്ടുകളുമായി ജീവിതപങ്കാളി പിന്തുണക്കെത്തിയത്. അതോടെ പ്രതീക്ഷയുടെ ആകാശത്ത് മസ്ജിദുല്‍ ഹറാം നിന്ന് ചിരിച്ചു. സ്വര്‍ണവളകളൊക്കെയും ഊരിപ്പൊതിഞ്ഞ് വില്‍ക്കാന്‍ പോയെങ്കിലും ആ സ്വര്‍ണപ്പൊതി യാത്രയിലെവിടെയോ നഷ്ടപ്പെട്ടുപോകുന്നു. പ്രതീക്ഷയുടെ വര്‍ണസൂനങ്ങള്‍ വാടിക്കഴിഞ്ഞു. അന്നിവര്‍ അനുഭവിച്ച അന്തഃസംഘര്‍ഷങ്ങള്‍ എഴുതിത്തീര്‍ക്കാവതല്ല. പക്ഷേ അപ്പോഴും കഅ്ബയും പ്രാന്തദേശങ്ങളും ഇവരുടെ സഞ്ചാരലക്ഷ്യമായി തുടിച്ചുനിന്നു. അതുകൊണ്ടുതന്നെ ഇതിവരൊരു പരീക്ഷണമായെടുത്തു. ജീവിതത്തിലെ നിത്യനിദാനങ്ങള്‍ കര്‍ശനമായവര്‍ വെട്ടിച്ചുരുക്കി. അതിനോട് വീടാസകലം സഹകരിച്ചു. അത് ഏറെ അനുഗ്രഹമായെന്ന് ജലീല്‍ അനുസ്മരിക്കുന്നു. ആ മോഹസാന്ദ്രതയും ഉത്സാഹവും തീര്‍ച്ചയായും അല്ലാഹു കാണുക തന്നെ ചെയ്തു. ഉള്ള ഇത്തിരിയില്‍ അവന്‍ അവര്‍ക്ക് ഐശ്വര്യം നിറച്ചു. കാണെക്കാണെ അത് പൊലിച്ചു വന്നു. ആ ദ്രവ്യക്കിഴിയുമായവര്‍ പ്രവാചകന്റെ നാട്ടിലേക്ക്, ഇബ്‌റാഹീമിന്റെ മില്ലത്തിലേക്ക്, അല്ലാഹുവിന്റെ സ്വന്തം വീട്ടിലേക്ക്..... ആ യാത്രക്കൊരു മധുരമുണ്ട്. ആ മധുരമാണീ പുസ്തകം. മനസ്സിലിരമ്പിയ പെരുംമോഹം തീര്‍ത്ത് സംസം കുടിച്ചിറങ്ങുമ്പോള്‍ മനസ്സുകള്‍ വിശ്രാന്തമായി. ആ വിശ്രാന്തിയാണീ പുസ്തകം.  

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (50-68)
ടി.കെ ഉബൈദ്‌

ഹദീസ്‌

നീതിബോധത്തിന്റെ സമുന്നത മാതൃക
നൗഷാദ് ചേനപ്പാടി