Prabodhanm Weekly

Pages

Search

2021 ഫെബ്രുവരി 19

3190

1442 റജബ് 07

'പടച്ചവനെ പടച്ചത് ആരാണ് സാര്‍?'

ജി.കെ എടത്തനാട്ടുകര

[ജീവിതം - 10]

വളാഞ്ചേരിക്കടുത്ത് എടയൂരിലെ ഐ.ആര്‍.എസ്സില്‍ അധ്യാപകനായി ജോയിന്‍ ചെയ്തു. അധ്യാപനവൃത്തി മുമ്പും ചെയ്തിട്ടുണ്ട്. കോളേജില്‍ പഠിക്കുന്ന കാലത്ത് വീട് തന്നെ ഒരു ട്യൂഷന്‍ സെന്ററായിരുന്നു. സുഹൃത്തുക്കളെക്കൂട്ടിയാണ് ട്യൂഷന്‍ നടത്തിയിരുന്നത്. ആ പ്രദേശത്തുള്ള കുറേ വിദ്യാര്‍ഥികളുണ്ടായിരുന്നു.
സാക്ഷരതാ ക്ലാസ്സുകളിലും ട്യൂഷന്‍ ക്ലാസ്സുകളിലും പാഠങ്ങള്‍ പഠിപ്പിച്ചപ്പോള്‍ പച്ചയായ ചില 'ജീവിത പാഠങ്ങള്‍' വേറെത്തന്നെ പഠിക്കാന്‍ കഴിഞ്ഞു. ജീവിത സാഹചര്യം മോശമായതിനാല്‍, നല്ല കഴിവുണ്ടായിട്ടും പഠിക്കാന്‍ അവസരമില്ലാതെ പോയ എത്രയോ പേരുണ്ട് സമൂഹത്തില്‍. പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്‍ അതുപോലെ അപ്പോള്‍ തന്നെ പഠിക്കുന്ന ചിലര്‍. സാക്ഷരതാ ക്ലാസ്സിലെ ലക്ഷ്മിയും ട്യൂഷന്‍ ക്ലാസ്സിലെ ശശിയുമൊക്കെ അതില്‍ വരും. പക്ഷേ, മദ്യവും അതോടൊപ്പം ചില സാമൂഹിക സാഹചര്യങ്ങളും ഇങ്ങനെയുള്ള 'ബുദ്ധിജീവി'കളെ വളരാനോ ജീവിക്കാനോ സമ്മതിക്കുന്നില്ല. ശശി പിന്നീട് ആത്മഹത്യ ചെയ്തു എന്നാണറിഞ്ഞത്. അങ്ങനെ എത്രയെത്ര മിടുക്കന്മാരും മിടുക്കികളുമാണ് ഈ സാമൂഹിക വ്യവസ്ഥയുടെ ചളിക്കുണ്ടില്‍ അകാല ചരമം പ്രാപിക്കുന്നത്! 
മനുഷ്യന്റെ മനഃസ്ഥിതിയും ജീവിക്കുന്ന വ്യവസ്ഥിതിയും മാറിയാലേ മനുഷ്യനെ മനുഷ്യനാക്കാന്‍ പറ്റൂ എന്ന് അന്നേ തോന്നിത്തുടങ്ങിയിരുന്നു. നിലവിലുള്ള സാമൂഹിക വ്യവസ്ഥയോടുള്ള അമര്‍ഷം ഒരു പുതിയ വ്യവസ്ഥയെ സ്വപ്‌നം കാണാന്‍ നിമിത്തമായിട്ടുണ്ട്. സോഷ്യലിസം കമ്യൂണിസമായി പുഷ്പിക്കാതെ അകാല ചരമം പ്രാപിച്ച കാലമായിരുന്നു അത്. അടിച്ചമര്‍ത്തപ്പെട്ടവരുടെ കൂടെ നില്‍ക്കുന്ന ഒരു പ്രായോഗിക ബദല്‍ വ്യവസ്ഥയെ തേടാന്‍ അത് കാരണമായിട്ടുണ്ട്. പിന്നീടുണ്ടായ വ്യത്യസ്ത സംഭവങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും, ദൈവനിശ്ചയപ്രകാരം, 'തേടിയ വള്ളി കാലില്‍ ചുറ്റി'യ പോലെ ഇസ്‌ലാം കടന്നുവരികയായിരുന്നു.
ഐ.ആര്‍.എസ്സില്‍ ജോലി കിട്ടിയതോടെ താമസം അങ്ങോട്ട് മാറാന്‍ തീരുമാനിച്ചു. വീട്ടില്‍നിന്ന് വിട്ടുനില്‍ക്കുക എന്നത് മാനസികമായി വലിയ പ്രയാസമായിരുന്നു. പ്രത്യേകിച്ച് അമ്മയെ പിരിയല്‍. ഏതാണ്ട് എട്ടാം ക്ലാസ്സ് വരെയും രാത്രി അമ്മയുടെ കൂടെയാണ് കിടന്നുറങ്ങിയിരുന്നത്. അമ്മയുടെ മറു ഭാഗത്ത് ചെറിയ പെങ്ങളും കിടന്നുറങ്ങും. എന്തെങ്കിലും കാരണത്താല്‍ അമ്മയില്ലാത്ത സന്ദര്‍ഭങ്ങള്‍ വന്നാല്‍ അത് ഉറക്കമില്ലാത്ത രാത്രിയാവും. കുട്ടികളോട് എന്നും സ്‌നേഹമായിരുന്നു. അതുകൊണ്ടാവാം ജ്യേഷ്ഠന്മാരുടെ കുട്ടികളെ പിരിയാനും പ്രയാസം തോന്നി.
ഇതിനു മുമ്പ് നാടു വിട്ടു പോയത് ഏഴാം ക്ലാസ്സ് കഴിഞ്ഞുള്ള വെക്കേഷന്‍ കാലത്താണ്. ഒരു ഞായറാഴ്ച ബാല്യകാല സുഹൃത്തായിരുന്ന അപ്പുണ്ണിയുടെ വീട്ടിലിരുന്ന് സംസാരിച്ചുകൊണ്ടിരിക്കെ അവന്റെ അമ്മ പറഞ്ഞു: 'കുട്ട്യോളേ, മണ്ണാര്‍ക്കാട് മണിയറ കളിക്കുന്നുണ്ട്. നല്ല സിനിമേണത്രെ.' കൂടുതലൊന്നും ആലോചിച്ചില്ല, മോണിംഗ് ഷോക്ക് പോകാന്‍ തീരുമാനിച്ചു. വെക്കേഷന്‍ കാലത്ത് കടലക്കച്ചവടം ചെയ്യാറുണ്ട്. ആ വകയിലുള്ള കാശെടുത്താണ് സിനിമക്ക് പോയത്. മോഹനനുമുണ്ടായിരുന്നു കൂടെ. ടിക്കറ്റ് കിട്ടാത്തതിനാല്‍ 'മണിയറ' കാണാന്‍ കഴിഞ്ഞില്ല. വേറെ ഏതോ ഒരു സിനിമയാണ് കണ്ടത്. സിനിമക്ക് പോയ വിവരം അഛനും അമ്മയും അറിഞ്ഞിരുന്നില്ല. അഛനറിഞ്ഞാല്‍ സമ്മതിക്കില്ല. സിനിമ കഴിഞ്ഞ് തിരിച്ചു വന്നപ്പോള്‍ അഛന്‍ വീട്ടിലുണ്ട്. കൂടെ ഒരു വടിയും. പിന്നെ നടന്നത് അടിയാണ്. ചന്തിക്ക് കിട്ടിയ അടിയും വാങ്ങി ഓടി. അഛന്‍ പൊതുവെ കുട്ടികളെ തല്ലാറില്ല. ജീവിതത്തില്‍ രണ്ടോ മൂന്നോ അടിയാണ് ആകെ കിട്ടിയിട്ടുള്ളത്.
അപ്പുണ്ണിയുടെ വീട്ടില്‍ വെച്ച് 'ഗൂഢാലോചന' നടത്തി; നാടു വിടാന്‍. മോഹനനും റെഡി. പെരിന്തല്‍മണ്ണയായിരുന്നു ലക്ഷ്യം. ഏതാണ്ട് രാത്രി എട്ട് മണിയോടെ ലക്ഷ്യത്തിലെത്തി. പണി അന്വേഷിച്ച് ഹോട്ടലുകള്‍ കയറിയിറങ്ങി. കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റിന്റെ അടുത്തുണ്ടായിരുന്ന 'റസ്‌റ്റോറന്റ്' എന്ന ഹോട്ടലില്‍ പണി കിട്ടി. മോഹനന് 'ഭാവന' ഹോട്ടലിലും അപ്പുണ്ണിക്ക് 'ആരാധന' ഹോട്ടലിലുമാണ് പണി കിട്ടിയത്. പണി കിട്ടിയപ്പോള്‍ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. നാടും വീടും മറന്ന പോലെയായിരുന്നു. രാത്രി ഭക്ഷണം കഴിച്ചു. പാത്രം കഴുകുന്ന സ്ഥലത്ത് ചെന്നപ്പോള്‍ ഒരു മനംപിരട്ടല്‍. അതൊന്നും അത്ര കാര്യമാക്കാതെ തിന്ന പാത്രം കഴുകിവെച്ചു. പിറ്റേ ദിവസം രാവിലെ 6 മണിക്ക് ഡ്യൂട്ടിയില്‍ കയറണം. ഏതോ ഒരു പണിക്കാരന്‍ കാണിച്ചുതന്ന സ്ഥലത്ത് സുഖമായി കിടന്നുറങ്ങി.
രാവിലെ എഴുന്നേറ്റപ്പോള്‍ എന്തോ ഒരു വല്ലായ്മ. മനസ്സിലൊരു നീറ്റല്‍. അമ്മയെ കാണണം, അഛനെ കാണണം, വീട്ടിലെത്തണം, നാട്ടിലെത്തണം, എല്ലാവരെയും കാണണം... തിരിച്ചുപോകാന്‍ കാശുമില്ല.
എന്തു ചെയ്യണമെന്നറിയാതെ ആ നിസ്സഹായാവസ്ഥയില്‍ നിന്നു കൊണ്ട് പണി തുടങ്ങി. ആരൊക്കെയോ കുടിച്ചുവെച്ച ചായ ഗ്ലാസ്സുകളും തിന്നു വെച്ച ഭക്ഷണ പ്ലേറ്റുകളും പെറുക്കി, ടേബ്‌ളുകള്‍ തുടച്ചു വൃത്തിയാക്കിക്കൊണ്ടിരുന്നു. കണ്ണുകള്‍ ഇടക്കിടെ നിറയുന്നുണ്ട്. ആളുകള്‍ കയറിവരുമ്പോള്‍ അതിലൊരാള്‍ അഛനായിരുന്നെങ്കില്‍ എന്ന് അതിയായി ആഗ്രഹിച്ചു. പക്ഷേ, അഛന്‍ വന്നില്ല! സാങ്കേതികമായി അനാഥനല്ലെങ്കിലും അനാഥത്വത്തിന്റെ കയ്പറിഞ്ഞ സന്ദര്‍ഭമായിരുന്നു അത്. അനാഥത്വം എന്നത് ഒരവസ്ഥ എന്നതിനേക്കാള്‍ ഒരനുഭവമാണ്. സ്വന്തം എന്നു പറയാന്‍ ആരും ഇല്ലെങ്കിലും അനാഥത്വം അനുഭവിക്കാത്തവരുണ്ട്. എല്ലാ ബന്ധങ്ങളും ഉണ്ടായിട്ടും അനാഥത്വം അനുഭവിക്കുന്നവരുമുണ്ട്. എന്തായാലും അതൊരു വല്ലാത്ത നിസ്സഹായതയാണ്. ഇങ്ങനെ എന്നന്നേക്കുമായി ഒറ്റപ്പെട്ടുപോകുന്ന എത്രയെത്ര കുട്ടികള്‍! അനാഥര്‍, അഗതികള്‍, അഭയാര്‍ഥികള്‍...
മനുഷ്യന്റെ നിസ്സഹായതയുടെ ഏറ്റവും ആഴമുള്ള അവസ്ഥകളാണിത്. അനാഥ, അഗതി സംരക്ഷണത്തിന് ഇസ്ലാം നല്‍കുന്ന വമ്പിച്ച പരിഗണനയുടെ യുക്തി ആ ബാല്യകാല അനുഭവം മനസ്സിലാക്കിത്തന്നിട്ടുണ്ട്. പ്രവാചകന്റെ ചില സമീപനങ്ങള്‍ വായിക്കുമ്പോള്‍ ദുഃഖം കൊണ്ടോ സന്തോഷം കൊണ്ടോ അല്ലാതെയും കണ്ണുകള്‍ നനയാറുണ്ട്. അതിലൊന്ന്, പ്രവാചകന്‍ ഒരു അനാഥ ബാലന്റെ നെറുകയില്‍ ചുംബിച്ച് 'നീ അനാഥനല്ല' എന്നു പറഞ്ഞ് അവനെ ചേര്‍ത്തു പിടിക്കുന്ന രംഗമാണ്. അങ്ങനെ എത്രയെത്ര സംഭവങ്ങള്‍!
മോഹനനെയും അപ്പുണ്ണിയെയും ഒന്നു കാണാന്‍ കഴിഞ്ഞെങ്കില്‍ എന്നാഗ്രഹിച്ചു. ഒരു വഴിയുമില്ല. എന്തു ചെയ്യും? അങ്ങനെയിരിക്കെ ഒരു പണിക്കാരന്‍ പറഞ്ഞു: ''അഞ്ചു മണി മുതല്‍ ഏഴു മണി വരെ 'റെസ്റ്റാ'ണ്.'' 'റെസ്റ്റ്, എന്താണെന്ന് അറിയുമായിരുന്നില്ല. 'എന്താണത്' എന്ന് ചോദിച്ചപ്പോള്‍ 'അഞ്ചു മണി മുതല്‍ ഏഴു മണി വരെ എവിടെ വേണമെങ്കിലും പോവാം' എന്ന മറുപടി കിട്ടി. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ വിവരമറിഞ്ഞപ്പോള്‍ സ്വാതന്ത്ര്യ സമരസേനാനികള്‍ ഒരുപക്ഷേ ഇത്ര സന്തോഷിച്ചു കാണില്ല! അഞ്ചു മണി ആയതോടെ പുറത്തിറങ്ങി. ഹോട്ടല്‍ 'ഭാവന'യില്‍ പോയി നോക്കുമ്പോള്‍ മോഹനന്‍ നാട്ടില്‍ പോയിരിക്കുന്നു! ഹോട്ടല്‍ 'ആരാധന'യില്‍ പോയി നോക്കി. അപ്പുണ്ണി അവിടെയുണ്ട്. അവനെ കണ്ടപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം. മോഹനന്‍ വസ്ത്രങ്ങള്‍ എടുക്കാന്‍ പോയതാണെന്ന് അപ്പുണ്ണി പറഞ്ഞപ്പോഴാണറിഞ്ഞത്.
മോഹനന്‍ നാട്ടില്‍ പോയി ഡ്രസ്സുകളെടുത്ത് തിരിച്ചു വന്നു. അവന്റെ വീട്ടുകാര്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു.
വീട്ടിലെ വിവരങ്ങളറിഞ്ഞപ്പോള്‍ എല്ലാ നിയന്ത്രണങ്ങളും വിട്ട പോലെയായി. അമ്മ ഭക്ഷണം പോലും കഴിക്കുന്നില്ലത്രെ. എല്ലാവരും ദുഃഖത്തിലാണ്.
അക്കാലത്ത് ജോലി തേടി കുട്ടികളും മുതിര്‍ന്നവരുമൊക്കെ നാടുവിടല്‍ സാധാരണയാണ്. ചിലരൊക്കെ തിരിച്ചുവരും, അപൂര്‍വം ചിലര്‍ വരാറില്ല. പെരിന്തല്‍മണ്ണയിലുണ്ടെന്നറിഞ്ഞപ്പോള്‍ വീട്ടുകാര്‍ക്ക് ചെറിയ സമാധാനമായിട്ടുണ്ട്.
നാല് ദിവസം പിടിച്ചുനിന്നു. അഞ്ചാം നാള്‍ മാനേജറെ കണ്ട് തലവേദനയാണെന്നും പറഞ്ഞ് ചെയ്ത പണിയുടെ കണക്കു തീര്‍ത്ത് സ്ഥലം വിട്ടു.
സ്വന്തമായി അധ്വാനിച്ചു കിട്ടിയ കാശ് കീശയിലിട്ട് നടക്കുന്നതില്‍ അഭിമാനം തോന്നി; ചെറിയ സംഖ്യയാണെങ്കിലും. സംഖ്യ ഓര്‍ക്കുന്നില്ല. സ്‌കൂള്‍ പഠനം നിര്‍ത്തി ജോലിക്ക് പോയാലോ എന്ന് ചിന്തിക്കാന്‍ അത് കാരണമായി. പക്ഷേ, അഛന്‍ സമ്മതിച്ചില്ല. വിദ്യാഭ്യാസമില്ലാതായാല്‍ ഭാവി ജീവിതത്തില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള പ്രയാസങ്ങള്‍  ഓര്‍മപ്പെടുത്തി. അമ്മയും അതേ നിലപാടിലായിരുന്നു. അഛനന്ന് സ്‌കൂളില്‍ പോകാന്‍ നിര്‍ബന്ധിച്ചില്ലായിരുന്നുവെങ്കില്‍ എന്തായിരിക്കും ഇന്നത്തെ അവസ്ഥ എന്ന്  ചിന്തിക്കാറുണ്ട്.
ഒരു ചിത്രകാരനാക്കണമെന്നായിരുന്നു അഛന്റെ ആഗ്രഹം. ചെറുപ്പം മുതലേ ചെറിയ തോതില്‍ ചിത്രം വരക്കുമായിരുന്നു. പുരാണേതിഹാസങ്ങളിലെ കഥാപാത്രങ്ങളെയാണ് അധികവും വരയ്ക്കുക. യുക്തിവാദം പിടിപെട്ടതോടെ സിനിമാ നടന്മാരെയും രാഷ്ട്രീയ നേതാക്കളെയുമൊക്കെയാണ് വരച്ചിരുന്നത്. കോട്ടപ്പള്ള ഓറിയന്റല്‍ ഹൈസ്‌കൂളിലെ ചിത്രകലാ അധ്യാപകനായിരുന്ന ചന്ദ്രശേഖരന്‍ മാസ്റ്ററുടെ വീട്ടില്‍ പോയി അഛന്റെ നിര്‍ദേശപ്രകാരം ചിത്രകല പഠിച്ചു. അതിലൂടെയുള്ള ജോലിസാധ്യതയെക്കുറിച്ചും അഛന്‍ പറഞ്ഞു മനസ്സിലാക്കിത്തന്നിരുന്നു.
അനാഥനായി വളര്‍ന്ന അഛന്‍ കഠിനാധ്വാനിയായിരുന്നു. അതേ പ്രകൃതമായിരുന്നു അമ്മക്കും. എത്രത്തോളമെന്നാല്‍, ചെറിയ ജ്യേഷ്ഠനെ അമ്മ ഗര്‍ഭം ധരിച്ചിരിക്കുന്ന കാലം. അഛന്‍ ജോലി കഴിഞ്ഞ് വൈകുന്നേരമാണ് വീട്ടിലെത്തുക. അതിനു ശേഷം രാത്രികളില്‍ അഛനും അമ്മയും ചേര്‍ന്നാണത്രെ വെള്ളത്തിനു വേണ്ടി ഇപ്പോഴും ആശ്രയിക്കുന്ന വീട്ടിലെ കിണറ് കുഴിച്ചത്! ആ കിണറിലെ വെള്ളമാണ് വേനല്‍ക്കാലമായാല്‍ അയല്‍ വീട്ടുകാരെല്ലാം ഉപയോഗിച്ചിരുന്നത്.
വൈകുന്നേരങ്ങളില്‍ കുളിക്കുന്നതിനു വേണ്ടി സുഹൃത്തുക്കളോടൊപ്പം ഒരുമിച്ചു കൂടിയിരുന്നത് അവിടെയാണ്. മിക്കവാറും നാട്ടുവിശേഷങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത് അവിടെ വെച്ചാണ്. ഇസ്‌ലാമിനെക്കുറിച്ച പഠനമാരംഭിച്ചപ്പോള്‍ ഒരുപാട് ഇസ്ലാം ചര്‍ച്ചകള്‍ക്ക് സാക്ഷ്യം വഹിച്ച കിണറാണത്. സത്യപ്രതിജ്ഞ ചെയ്യാനുള്ള തീരുമാനമടക്കം പല നിര്‍ണായകമായ തീരുമാനങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട് ആ കിണര്‍.     
ജ്യേഷ്ഠന്റെ എതിര്‍പ്പു കാരണം വീട്ടില്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ പറ്റാതെ വന്ന കാര്യം മുമ്പ് സൂചിപ്പിച്ചിരുന്നല്ലോ. അതിനാല്‍, പലപ്പോഴും മഗ് രിബ്, ഇശാ നമസ്‌കാരങ്ങള്‍ ഒരുമിച്ച്, തെങ്ങിന്റെ ഓല വിരിച്ച്, ഈ കിണറിന്റെ സമീപത്താണ് നിര്‍വഹിച്ചിരുന്നത്. ഇരുട്ടത്തു നിന്നു കൊണ്ടുള്ള അന്നത്തെ ആ നമസ്‌കാരങ്ങളുടെ തെളിച്ചം വെളിച്ചത്തു നിന്നു കൊണ്ടുള്ള ഇന്നത്തെ നമസ്‌കാരങ്ങള്‍ക്ക് പലപ്പോഴും ഉണ്ടാവാറില്ല എന്നതില്‍ ആശങ്ക തോന്നാറുണ്ട്.
വിശ്വാസത്തിന് തെളിച്ചം കിട്ടുക സുഖങ്ങളിലും സൗകര്യങ്ങളിലുമല്ല; പ്രയാസങ്ങളിലും പ്രതിസന്ധികളിലുമാണ് എന്നതാണനുഭവം. വിശുദ്ധ ഖുര്‍ആനിലെ മൂന്നാം അധ്യായം നൂറ്റി എഴുപത്തിമൂന്നാം സൂക്തം ഈ യാഥാര്‍ഥ്യത്തിനാണ് അടിവരയിടുന്നത്. 'നിങ്ങള്‍ക്കെതിരെ ജനം സംഘടിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങളവരെ പേടിക്കണം' എന്ന് ജനങ്ങള്‍ അവരോടു പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണുണ്ടായത് എന്നാണല്ലോ ഖുര്‍ആന്‍ ഇവിടെ പറയുന്നത്. പ്രതിസന്ധികള്‍ വിശ്വാസത്തെ വര്‍ധിപ്പിക്കും എന്നൊരു പാഠം എന്തായാലും ഇതിലുണ്ട്. അനുഭവപാഠവും അതാണ്.
പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് അഛന്‍ മരിക്കുന്നത്. മരിച്ചതിന്റെ പിറ്റേന്നാള്‍ ഉണ്ടായ ഒരു സംഭവം പലപ്പോഴും ഓര്‍മയില്‍ വരാറുണ്ട്. അഛന്‍ ഛര്‍ദിച്ച രക്തം പുരണ്ട തോര്‍ത്തുമുണ്ട് അവിടെ കിടക്കുന്നുണ്ടായിരുന്നു. മുണ്ടില്‍ പുരണ്ട ആ രക്തക്കറയിലേക്ക് നോക്കി, എന്നന്നേക്കുമായി നഷ്ടപ്പെട്ട അഛനെക്കുറിച്ച് ഓര്‍ത്തോര്‍ത്ത് കരഞ്ഞ സംഭവമാണത്. കാരണം, ഒരു യുക്തിവാദിക്ക് മറ്റൊന്നും പ്രതീക്ഷിക്കാനില്ലല്ലോ. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു യുക്തിവാദി അനുഭവിക്കുന്ന നിസ്സഹായതയുടെ, നിരാശയുടെ ആഴം അന്ന് ശരിക്കും മനസ്സിലാക്കിയതാണ്. എന്നാല്‍, ഇസ്‌ലാം സ്വീകരിച്ചതിനു ശേഷമാണ് അമ്മ മരിക്കുന്നത്. അമ്മയുടെ മരണം പക്ഷേ, ഒരു തീരാ നഷ്ടമായി, എന്നന്നേക്കുമുള്ള ഒരു നഷ്ടമായി തോന്നിയതേയില്ല.
മരിച്ചു കിടക്കുന്ന അഛന്റെ മുഖം അവസാനമായി കണ്ടതും മരിച്ചു കിടക്കുന്ന അമ്മയുടെ മുഖം അവസാനമായി കണ്ടതും ഒരേ വികാരത്തോടെയായിരുന്നില്ല. അഛന്റെ മയ്യിത്ത് കാണുമ്പോള്‍ ആ കാണുന്നത് തന്നെയാണ് അഛന്‍; മറ്റൊരു സാധ്യതയുമില്ല. അമ്മയുടെ മയ്യിത്ത് കാണുമ്പോള്‍ ആ കാണുന്നതല്ല അമ്മ; യഥാര്‍ഥത്തില്‍ അമ്മ മറ്റൊരു ലോകത്തുണ്ട്! അഛന്റെ മയ്യിത്ത് കുഴിയിലിറക്കി മണ്ണിട്ടു മൂടുമ്പോഴുണ്ടായ മനോഭാവവും അമ്മയുടെ മയ്യിത്ത് കുഴിയിലിറക്കി മണ്ണിട്ടു മൂടുമ്പോഴുണ്ടായ മനോഭാവവും ഒരു പോലെയായിരുന്നില്ല. കാരണം, അഛന്റെ മയ്യിത്ത് കുഴിയിലെ മണ്ണില്‍ കിടന്ന് ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ ഇല്ലാതാവും. അതോടെ എന്നന്നേക്കുമായി എല്ലാം തീരും. അതാണ് യുക്തിവാദം പഠിപ്പിച്ചത്. അമ്മയുടെ മയ്യിത്തും കുഴിയിലെ മണ്ണില്‍ കിടന്ന് ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ ഇല്ലാതാവും. അതോടെ എന്നന്നേക്കുമായി എല്ലാം തീരുന്നില്ല. ഭൗതികലോകത്തെ അസ്തിത്വം മാത്രമാണ് തീരുന്നത്. ഇതാണ് ഇസ്ലാം പഠിപ്പിച്ചത്.
ഒരു കാര്യത്തില്‍ രണ്ട് ജീവിതവീക്ഷണങ്ങള്‍ പഠിപ്പിച്ചുതന്ന നിലപാടുകളാണിത്. അഛന്റെ മരണം മനസ്സിനെ തീരാനഷ്ടത്തിന്റെ, അങ്ങേയറ്റത്തെ നിരാശയുടെ ആഴിയിലേക്കാണ് തള്ളിവിട്ടത്. എന്നാല്‍, അമ്മയുടെ മരണം വിരഹ ദുഃഖമുണ്ടാക്കിയെങ്കിലും, മനസ്സിനെ ശുഭപ്രതീക്ഷയുടെ വിഹായസ്സിലേക്ക് പറത്തിവിടുകയാണ് ചെയ്തത്.
യുക്തിവാദവും സത്യവിശ്വാസവും, രാത്രിയും പകലും പോലെ വ്യത്യാസമുണ്ട്. ഈ രണ്ട് ജീവിതവീക്ഷണങ്ങളുടെയും വ്യത്യാസങ്ങള്‍ അനുഭവിച്ചറിഞ്ഞ ഒരു യാഥാര്‍ഥ്യമാണ്; വായിച്ചറിഞ്ഞ ഒരു സിദ്ധാന്തമല്ല. അതുകൊണ്ടാണ് ഈ താരതമ്യം പോലും സാധ്യമാകുന്നത്. ഈ വിഷയത്തില്‍ മാത്രമല്ല, ജീവിതത്തിന്റെ എല്ലാ നിര്‍ണായക ഘട്ടങ്ങളിലും ഈ വ്യത്യാസം അനുഭവപ്പെടാറുണ്ട്. ഇസ്‌ലാമിന്റെ മഹത്വത്തിന്റെ മാറ്റു കൂട്ടുന്നതില്‍ മുന്‍കാല അനുഭവങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നാണ് മനസ്സിലാക്കുന്നത്. 
കണ്ണുള്ളവര്‍ക്ക് കണ്ണിന്റെ വിലയറിയില്ല; കണ്ണില്ലാത്തവര്‍ക്ക് കണ്ണ് കിട്ടിയാല്‍ അതിന്റെ വില അറിയുന്ന പോലെ. മുസ്‌ലിം സമുദായത്തില്‍ പിറന്ന പലരും ഇസ്‌ലാമിനോട് കാണിക്കുന്ന അലംഭാവം കാണുമ്പോള്‍ ചിലപ്പോള്‍ ഇങ്ങനെ തോന്നാറുണ്ട്. ചിലരോടത് പറയാറുമുണ്ട്. അമ്മക്ക് സ്വര്‍ഗത്തിലേക്കുള്ള വഴി പറഞ്ഞുകൊടുക്കാന്‍ അവസരം കിട്ടി. ദൈവാനുഗ്രഹമുണ്ടെങ്കില്‍ അവിടെ വെച്ച് കണ്ടുമുട്ടാന്‍ കഴിയും. പക്ഷേ, അഛന് അത് പറഞ്ഞുകൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. മുത്തുമാല കഴുത്തിലണിഞ്ഞ് സ്വര്‍ഗത്തില്‍ അമ്മയെ പ്രതീക്ഷിക്കുന്ന പോലെ അമ്മയുടെ കൂടെ അഛനെ പ്രതീക്ഷിക്കാമോ? നേരത്തേ ഈ ചിന്ത ഉണ്ടായിരുന്നെങ്കിലും, അമ്മയുടെ മരണശേഷം അതൊരു അതിയായ ആഗ്രഹമായി മാറിയിട്ടുണ്ട്.
പക്ഷേ...
പ്രതീക്ഷ വെക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ?
'ആര്‍ നേര്‍വഴി സ്വീകരിക്കുന്നുവോ, അതിന്റെ ഗുണം അവനുതന്നെയാണ്. ആര്‍ വഴികേടിലാകുന്നുവോ അതിന്റെ ദോഷവും അവനുതന്നെ. ആരും മറ്റൊരുത്തന്റെ ഭാരം ചുമക്കുകയില്ല. ദൂതനെ നിയോഗിക്കും വരെ നാമാരെയും ശിക്ഷിക്കുകയുമില്ല' എന്ന് ഖുര്‍ആനിലുണ്ട്. പതിനേഴാം അധ്യായത്തില്‍ പതിനഞ്ചാം സൂക്തത്തിലൂടെ കാരുണ്യവാനായ നാഥന്‍ അറിയിച്ചതാണിത്. 'ദൂതനെ നിയോഗിക്കും വരെ നാമാരെയും ശിക്ഷിക്കുകയില്ല' എന്ന ഈ അറിയിപ്പ് ഒരു പ്രതീക്ഷ തരുന്ന പോലെ.
ഇങ്ങനെ സത്യവിശ്വാസത്തിന്റെ 'പ്ലാറ്റ്‌ഫോ'മില്‍ നിന്നു കൊണ്ട് ഖുര്‍ആന്‍ പരതി നോക്കിയാല്‍, ഏത് കൂരിരുട്ടിനെയും ഭേദിക്കുന്ന പ്രകാശകിരണങ്ങള്‍ അതില്‍ കണ്ടെത്താന്‍ കഴിയാറുണ്ട്. ഖുര്‍ആനിനെക്കുറിച്ച് ഖുര്‍ആന്‍ തന്നെ ഇതൊരു വെളിച്ചമാണെന്ന് പറയുന്നതിന്റെ വ്യാഖ്യാനം ഇങ്ങനെ അനുഭവിച്ചറിയുമ്പോള്‍ അതിന്റെ മഹത്വം കൂടുതലായി തോന്നാറുമുണ്ട്.
പറഞ്ഞുവന്നത് നാട്ടില്‍നിന്ന് എടയൂരിലേക്ക് മാറി താമസിക്കുന്നതിനെക്കുറിച്ചായിരുന്നു. ജനിച്ച നാട്ടില്‍നിന്ന് മാറിത്താമസിക്കുക എന്നാല്‍ അതൊരു 'പറിച്ചുനടലാ'ണ്. നടുന്നിടത്ത് വളക്കൂറില്ലെങ്കില്‍, വെള്ളവും വെളിച്ചവുമില്ലെങ്കില്‍; വാടിത്തളരും, കരിഞ്ഞുണങ്ങും.
അങ്ങനെ ഒന്നും സംഭവിച്ചില്ല. നല്ല വളക്കൂറുള്ള മണ്ണായിരുന്നു അത്. കേരളത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിനു തുടക്കം കുറിച്ച നാടാണത്. മര്‍ഹൂം ഹാജി സാഹിബിന്റെ നാട്! അബ്ദുല്‍ അഹദ് തങ്ങളുടെയും സ്വാദിഖ് മൗലവിയുടെയുമൊക്കെ നാടാണത്. വി.കെ അലി സാഹിബിനെപ്പോലുള്ള പണ്ഡിതന്മാരുടെ സാന്നിധ്യമുള്ള നാടാണ്. അബ്ദുസ്സമദ് വാണിയമ്പലമായിരുന്നു ഐ.ആര്‍.എസ്സിലെ  ഹെഡ്മാസ്റ്റര്‍. അസീസ് സാഹിബ് കഴിഞ്ഞാല്‍ 'മുറബ്ബി' സ്ഥാനത്തായിരുന്നു അദ്ദേഹം.
ഒരു ഹെഡ്മാസ്റ്ററാവാന്‍ പറ്റിയ പ്രകൃതം. ആദ്യകാഴ്ചയില്‍ തന്നെ അങ്ങനെയാണ് അദ്ദേഹത്തെ വിലയിരുത്തിയത്. ഒരു 'ഹെഡ്' മാസ്റ്റര്‍ക്ക് ഉണ്ടാവേണ്ടതാണെന്ന് പൊതുവില്‍ ധരിക്കുന്ന 'തല'ക്കനമില്ലാത്ത ഒരാള്‍. ഒരു ഹെഡ്മാസ്റ്റര്‍ എന്ന നിലക്ക് സഹ അധ്യാപകരോടും മറ്റും പാലിക്കേണ്ടതാണെന്ന് പൊതുവില്‍ കരുതുന്ന 'അകലം' പാലിക്കാത്ത ഒരു സുഹൃത്ത്. വ്യത്യസ്ത പ്രകൃതക്കാരായ സഹ അധ്യാപകരെ ഒരു കുടക്കീഴില്‍ ഒരുമിച്ചു നിര്‍ത്താന്‍ സാധിച്ച  സംഘാടകന്‍. ഓരോ വിദ്യാര്‍ഥിയുടെയും പേര് വിളിച്ച് വിശേഷങ്ങള്‍ ചോദിക്കുന്ന യഥാര്‍ഥ അധ്യാപകന്‍. ഇങ്ങനെ പല സവിശേഷതകളും സമ്മേളിച്ച വ്യക്തിത്വം.
'വീടു വിട്ടാല്‍ മറ്റൊരു വീട്' എന്ന പരസ്യവാചകത്തെ അര്‍ഥവത്താക്കിയ ജീവിതമായിരുന്നു അവിടെ. ഇസ്‌ലാമിന്റെ പുനരധിവാസ സങ്കല്‍പത്തിന്റെ പ്രായോഗിക രൂപം നേരിട്ടനുഭവിക്കുകയായിരുന്നു. മക്കയില്‍നിന്നു വന്ന മുഹാജിറുകളെ സ്വീകരിച്ച മദീനയിലെ അന്‍സ്വാറുകളെക്കുറിച്ച ബോധം നാടു വിടാന്‍ തീരുമാനിക്കുമ്പോള്‍ ഒരു പ്രതീക്ഷയായി ഉള്ളിലുണ്ടായിരുന്നു. സ്വര്‍ഗം ലക്ഷ്യം വെച്ചവര്‍, സ്വര്‍ഗം ലക്ഷ്യം വെച്ച് ഇറങ്ങിപ്പുറപ്പെടുന്നവരെ കൈയൊഴിക്കില്ല എന്നത് ദൈവവിശ്വാസം പോലെ ഒരു വിശ്വാസമായി കൂടെയുണ്ടായിരുന്നു. ദൈവസഹായം പ്രതീക്ഷിക്കുന്നതോടൊപ്പം ഇങ്ങനെയും ഒരു പ്രതീക്ഷ ഉള്ളില്‍ എങ്ങനെയോ കടന്നുകൂടിയിരുന്നു.
പ്രതീക്ഷക്കൊത്ത്, അല്ല അതിനേക്കാള്‍ നല്ല അവസ്ഥയിലായിരുന്നു കാര്യങ്ങള്‍. സഹപ്രവര്‍ത്തകരെയെല്ലാം സഹോദരീസഹോദരന്മാരായി തന്നെ അനുഭവപ്പെട്ടു. നഷ്ടപ്പെട്ട പലതും തിരിച്ചുകിട്ടിയ പോലെ. ഒരു ഓര്‍മക്കുറിപ്പില്‍ പ്രിയപ്പെട്ടവരുടെ പേരുകള്‍ പറയാന്‍ സ്വാഭാവികമായും ആഗ്രഹിക്കും. പക്ഷേ, സ്ഥലപരിമിതിയുണ്ട്. അതിനാല്‍ പേരുകള്‍ പറയാതെയാണ് ഓര്‍ക്കുന്നതും അവര്‍ക്കൊക്കെ വേണ്ടി പ്രാര്‍ഥിക്കുന്നതും.
ഒരു അധ്യാപകന്‍ എന്ന നിലക്കല്ലാത്ത ചില പ്രത്യേക പരിഗണനകള്‍ കിട്ടിയിരുന്നു എന്നു തോന്നിയിട്ടുണ്ട്. 'പുതുമുസ്‌ലിം' എന്ന 'ജാതി'യായിക്കണ്ട് അവഗണിക്കപ്പെടുമോ എന്ന ആശങ്ക അസ്ഥാനത്തായി. മനുഷ്യരെല്ലാം ഒരേ മാതാപിതാക്കളുടെ മക്കളാണെന്ന കാര്യം ഇസ്‌ലാമില്‍  കേവല വിശ്വാസമല്ല; ഒരു യാഥാര്‍ഥ്യമാണ്. ഈ യാഥാര്‍ഥ്യത്തിന് അടിവരയിടുന്ന അനുഭവങ്ങളാണ് ജീവിതത്തിലുടനീളം ഉണ്ടായത്.
മുസ്ലിം ആയതിനാല്‍ പഴയ പേര് വിളിക്കാന്‍ പലര്‍ക്കും മടിയുണ്ടായിരുന്നു. അതൊഴിവാക്കാന്‍ കൂടിയാണ് പേരിലെ രണ്ടക്ഷരങ്ങള്‍ ചേര്‍ത്ത് 'ജി.കെ' എന്ന ചുരുക്കപ്പേരില്‍ വിളി തുടങ്ങിയത്. ആ പേര് ആദ്യം വിളിച്ചത് സമദ് മാഷാണ് എന്നാണോര്‍ക്കുന്നത്.
വിദ്യാര്‍ഥികളില്‍നിന്നും പ്രത്യേക പരിഗണന കിട്ടിയിരുന്നു. പേരു മാറ്റാത്തതിനാല്‍ ആദ്യമൊക്കെ ഒരു 'കൗതുക ജീവി'യെപ്പോലെയാണവര്‍ കണ്ടിരുന്നത്. ക്ലാസ്സുകളില്‍ വെച്ചും അല്ലാതെയും 'കുട്ടി ചോദ്യങ്ങള്‍' മുതല്‍ ഗൗരവപ്പെട്ട ചോദ്യങ്ങള്‍ വരെ ഉണ്ടായിക്കൊണ്ടിരുന്നു. 'പേരു മാറ്റാത്തതെന്താണ് സാര്‍?' എന്ന ചോദ്യമാണ് തുടക്കത്തില്‍ ഏറ്റവും അധികം അഭിമുഖീകരിക്കേണ്ടി വന്നത്.
'ദൈവം ശരിക്കും ഉണ്ടോ സാര്‍?' എന്ന് വരെ ചോദിച്ചവരുണ്ട്.
'സ്രഷ്ടാവില്ലാതെ സൃഷ്ടികളുണ്ടാവുമോ?' എന്ന് തിരിച്ചുചോദിച്ചു കൊണ്ടാണ് ചില കാര്യങ്ങള്‍ വിശദീകരിച്ചത്.
'ഭൂമിയില്‍നിന്ന് സൂര്യനിലേക്ക് എത്ര കിലോമീറ്റര്‍ ദൂരമുണ്ട്?'
'പതിനഞ്ച് കോടി'
'ചന്ദ്രനിലേക്കോ?'
'നാല് ലക്ഷം'
'സൂര്യന്‍ ചന്ദ്രന്‍ നില്‍ക്കുന്ന അകലത്തിലായിരുന്നെങ്കിലോ?'
'എല്ലാം കത്തിക്കരിഞ്ഞു പോവും'
'സൂര്യന്‍ ഒരു നക്ഷത്രമാണല്ലോ?'
'അതേ'
'സൂര്യന്‍ മറ്റു നക്ഷത്രങ്ങളുടെ കൂട്ടത്തില്‍, അത്ര അകലെയായിരുന്നെങ്കിലോ?'
'സൂര്യപ്രകാശം ലഭിക്കില്ല.'
'അങ്ങനെ ആയിരുന്നെങ്കില്‍ ഭൂമിയില്‍ നമുക്ക് ജീവിക്കാന്‍ പറ്റുമോ?'
'ഇല്ല.'
'ഈ കാര്യങ്ങളൊക്കെ സൂര്യനറിയുമോ?'
'ഇല്ല'
'ഭൂമിക്കറിയുമോ?'
'ഇല്ല'
'എങ്കില്‍ പിന്നെ ആരാണ് ഇതൊക്കെ ഇങ്ങനെ ആസൂത്രണം ചെയ്തത്?'
'അല്ലാഹു' എന്ന മറുപടി ഏതാണ്ടെല്ലാവരും ഒന്നിച്ചാണ് പറഞ്ഞത്.
അതിനിടയില്‍ ഒരു കുഴക്കുന്ന ചോദ്യമുയര്‍ന്നു: 'പടച്ചവനെ പടച്ചത് ആരാണ് സാര്‍?'
ഒരു യുക്തിവാദി ആയിരുന്ന കാലത്ത് പലരോടും ചോദിച്ച ചോദ്യമാണിത്. ഇസ്‌ലാം സ്വീകരിച്ചതിനു ശേഷം പല യുക്തിവാദികളും തിരിച്ച് ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയ ശേഷമല്ല ദൈവവിശ്വാസിയായത്. ദൈവവിശ്വാസി ആയപ്പോള്‍ ആ ചോദ്യം ഇല്ലാതാവുകയാണ് ചെയ്തത്. വെളിച്ചം വരുമ്പോള്‍ ഇരുട്ട് ഇല്ലാതാവുന്നതു പോലെ, ജ്ഞാനം വരുമ്പോള്‍ അജ്ഞത ഇല്ലാതാവുന്ന പോലെ. അതുകൊണ്ടു തന്നെ ഒരു വിശ്വാസിക്ക് ഈ ചോദ്യം പ്രസക്തമല്ല. പക്ഷേ, ഒരു അവിശ്വാസിക്ക് ഇത് പ്രസക്തമാണ്. അതിനാല്‍, ഈ ചോദ്യത്തിന്റെ അപ്രസക്തി ബോധ്യപ്പെടുത്തലാണ് ആ ചോദ്യത്തിന്റെ ഉത്തരം.
തിരുവനന്തപുരത്തെ പാളയത്തുള്ള രക്തസാക്ഷി മണ്ഡപത്തിനടുത്തു വെച്ച് ഒരു യുക്തിവാദി സുഹൃത്തുമായി  സംസാരിച്ചുകൊണ്ടിരിക്കെ അദ്ദേഹം ഈ ചോദ്യം ഉന്നയിച്ചു. ഉത്തരം പറഞ്ഞു തുടങ്ങിയത്, ശഹീദ് ഹസനുല്‍ ബന്നാ ഈ ചോദ്യത്തിന് ഒരുദാഹരണത്തിലൂടെ നല്‍കിയ ഉത്തരത്തെ അവലംബിച്ചു കൊണ്ടാണ്. ശ്രദ്ധേയമായി തോന്നിയ ഒരുദാഹരണമാണത്. അദ്ദേഹം പറഞ്ഞ ഉദാഹരണത്തെ മറ്റൊരു രീതിയിലാണ് വിശദീകരിച്ചത്.
'ചിലതിനു ബാധകമായ ചില ചോദ്യങ്ങള്‍ മറ്റു ചിലതിനു ബാധകമാവണമെന്നില്ല.' ഈ തത്ത്വം കുട്ടികളെ പഠിപ്പിക്കാന്‍ ക്ലാസ്സിലെത്തിയ അധ്യാപകന്‍ കസേരയിലേക്ക് ചൂണ്ടിക്കൊണ്ട് വിദ്യാര്‍ഥികളോട് ചോദിച്ചു: 'ഈ കസേര  ആരാണിവിടെ കൊണ്ടുവന്ന് വെച്ചത്?'
'പ്യൂണ്‍' എന്ന് കുട്ടികളുടെ മറുപടി.
ക്ലാസ് ലീഡറെ ചൂണ്ടിക്കൊണ്ട് വീണ്ടും അധ്യാപകന്റെ ചോദ്യം: 'നിങ്ങളുടെ ക്ലാസ് ലീഡറെ ആരാണിവിടെ കൊണ്ടുവന്ന് വെച്ചത്?'
ഇതു കേട്ടപ്പോള്‍ കുട്ടികള്‍ ചിരിച്ചു.
അപ്പോള്‍ കുട്ടികളോട് അധ്യാപകന്‍ പറഞ്ഞു: 'ബുദ്ധിയും ബോധവുമില്ലാത്ത കസേരക്ക് ബാധകമായ ചോദ്യം ബുദ്ധിയും ബോധവുമുള്ള നിങ്ങളുടെ ക്ലാസ്സ് ലീഡര്‍ക്ക് ബാധകമല്ല. അതു കൊണ്ട് ക്ലാസ്സ് ലീഡറെ ആരാണിവിടെ കൊണ്ടുവന്നു വെച്ചത് എന്ന ചോദ്യം അപ്രസക്തമാണ്. ഇതുപോലെ, എങ്ങനെ ഉണ്ടായി എന്ന ചോദ്യം സൃഷ്ടികള്‍ക്ക് മാത്രം ബാധകമാണ്. അതിനാല്‍ സൃഷ്ടികള്‍ക്ക് മാത്രം ബാധകമായ ആ ചോദ്യം സ്രഷ്ടാവിന് ബാധകമല്ല.' ഇതായിരുന്നു ആ ഉദാഹരണം. ശ്രദ്ധിച്ചു കേട്ടുകൊണ്ടിരുന്ന യുക്തിവാദി സുഹൃത്തിന് വീണ്ടും ചില വിശദീകരണങ്ങള്‍ നല്‍കി.
ഉത്ഭവമില്ലാത്ത ഒന്നിന് കാരണമോ സ്രഷ്ടാവോ ആവശ്യമില്ലല്ലോ? ഈ ന്യായം തത്ത്വശാസ്ത്രത്തില്‍ അംഗീകരിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ കാരണമില്ലാത്ത ഒന്നിന്റെ കാരണം അന്വേഷിക്കല്‍ യുക്തിരഹിതമല്ലേ?
മനുഷ്യന്റെ ബുദ്ധിയുടെ പരിമിതി അംഗീകരിക്കലും ഈ ചര്‍ച്ചയില്‍ പ്രധാനമാണ്. സ്വന്തം മൂക്കിന്റെ തുമ്പത്ത് ഒരു കറുത്ത പുള്ളിയുണ്ടെങ്കില്‍ അത് കാണണമെങ്കില്‍ ഏതൊരു ബുദ്ധിജീവിക്കും ഒരു കണ്ണാടി നിര്‍ബന്ധമാണ്; കണ്ണിന്റെ തൊട്ടുതാഴെയാണ് മൂക്കെങ്കിലും. എന്നിരിക്കെ, പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളും മനസ്സിലാക്കാന്‍ മനുഷ്യന് കഴിയണമെന്നില്ലല്ലോ?
മറ്റൊന്ന്, സൃഷ്ടിക്കപ്പെട്ട ബുദ്ധിയില്‍ സൃഷ്ടിക്കപ്പെടാത്ത ഒന്നിനെ മനസ്സിലാകുന്നില്ല എന്നത് സ്വാഭാവികം മാത്രമാണ്. അതിനെ നിഷേധിക്കാന്‍ ഇത് ന്യായമാകുന്നില്ല. സ്വന്തം ബുദ്ധി എങ്ങനെയുണ്ടായി എന്ന് മനസ്സിലാവാത്തതിന്റെ പേരില്‍ ബുദ്ധിയെ നിഷേധിക്കാമോ? അങ്ങനെ ചെയ്താല്‍ അതിനെ ബുദ്ധിശൂന്യം എന്നല്ലേ പറയുക? എങ്കില്‍, ദൈവം ഉണ്ടായതെങ്ങനെ എന്ന് മനസ്സിലാകാത്തതിന്റെ പേരില്‍ ദൈവനിഷേധിയാകുന്നതും ബുദ്ധിശൂന്യമല്ലേ?
മാത്രമല്ല, എല്ലാ ചോദ്യങ്ങളും ഉത്തരം അര്‍ഹിക്കുന്നില്ല എന്നതും അംഗീകരിക്കപ്പെട്ട പൊതു തത്ത്വമാണ്.
അങ്ങേ അറ്റത്തിന്റെ അറ്റമേത്?
മുകളിന്റെ മുകള്‍ ഏത്?
ഒരു ഗോളത്തിന് എത്ര കോണുകളുണ്ടാവും? തുടങ്ങിയ ചോദ്യങ്ങള്‍ ഉദാഹരണങ്ങളാണ്.
ഈ ഉദാഹരണങ്ങളോടൊന്നും വിയോജിക്കാതെ, ഇടപെട്ടുകൊണ്ട് അദ്ദേഹം ചോദിച്ചു: 'പക്ഷേ, ഇത് ദൈവം ഉണ്ട് എന്നതിനു തെളിവല്ലല്ലോ?'
ഇതുമായി ബന്ധപ്പെട്ട ഒരു മൗലിക കാര്യം കൂടി വിശദീകരിച്ചപ്പോള്‍ അദ്ദേഹത്തിന് ഒരു ബോധ്യം വന്ന പോലെയായി.
'സൃഷ്ടിക്കപ്പെട്ടതല്ലാത്ത, തുടക്കമില്ലാത്ത ഒന്നിനെ അംഗീകരിക്കാന്‍ നമ്മള്‍ രണ്ടു കൂട്ടരും, അതായത് ദൈവവിശാസികളും ദൈവനിഷേധികളും നിര്‍ബന്ധിതരാണല്ലോ? കാരണം ശൂന്യതയില്‍നിന്ന് ഒന്നും ഉണ്ടാവുകയില്ല. പ്രപഞ്ചം എന്ന യാഥാര്‍ഥ്യം ഇവിടെയുണ്ട്.'
'ഓക്കെ.'
'അതിനാല്‍, സൃഷ്ടിക്കപ്പെട്ടതല്ലാത്ത പ്രസ്തുത ആദികാരണത്തിന് ബുദ്ധിയും യുക്തിയും ശക്തിയുമൊക്കെ ഉണ്ടായിരുന്നോ ഇല്ലേ എന്ന കാര്യം മാത്രമല്ലേ നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യേണ്ടതുള്ളൂ.അതല്ലേ ശരി?'
'അതേ.'
'വേദങ്ങളും പ്രവാചകന്മാരും പറഞ്ഞുതന്നത് സൃഷ്ടിക്കപ്പെട്ടതല്ലാത്ത, സൃഷ്ടികള്‍ക്ക് കാരണമായ ആദികാരണം ബുദ്ധിയും ബോധവും യുക്തിയും എല്ലാം ഉള്ള സര്‍വശക്തനും സര്‍വജ്ഞനുമായ ഒരു ശക്തിയാണ്. ഭൗതികവാദമനുസരിച്ച് അതൊരു അചേതന അസ്തിത്വമാണല്ലോ?'
'അതേ.'
'നോക്കൂ, ജീവിച്ചിരിക്കുന്നതും കഴിഞ്ഞുപോയതുമായ കോടാനുകോടി മനുഷ്യര്‍, അവര്‍ക്കൊക്കെയും ബുദ്ധിയും യുക്തിയും ശക്തിയും ബോധവും ഉണ്ടായിട്ടുണ്ടല്ലോ?'
'ഉണ്ട്.'
'എങ്കില്‍, ബുദ്ധിശൂന്യതയില്‍നിന്ന് ബുദ്ധി ഉണ്ടായതെങ്ങനെ? ബോധശൂന്യതയില്‍നിന്ന് ബോധമുണ്ടാകുന്നതെങ്ങനെയാണ്? യുക്തിശൂന്യതയില്‍നിന്ന് യുക്തി ഉണ്ടാവുന്നത് എങ്ങനെയാവും? അത് അസംഭവ്യമാണ്.
അതിനാല്‍, ആദികാരണം ബുദ്ധിയും ബോധവും യുക്തിയുമൊക്കെയുള്ള സര്‍വശക്തനും സര്‍വജ്ഞനുമായ ഒരു ശക്തിയാണെന്ന് പറയലല്ലേ യുക്തി? ആ ശക്തിയാണ് ദൈവം. ദൈവമുണ്ട് എന്നതിലേക്കല്ലേ ഈ വസ്തുതകള്‍ വിരല്‍ ചൂണ്ടുന്നത്?'
അദ്ദേഹത്തിന്റെ മൗനസമ്മതത്തിന് മേമ്പൊടിയായി ഒരു ചരിത്രസംഭവം കൂടി പറഞ്ഞാണ് ആ വിഷയത്തിലെ ചര്‍ച്ച അവസാനിപ്പിച്ചത്.
വായനക്കിടയില്‍, ഈ വിഷയവുമായി ബന്ധപ്പെട്ട്, ശ്രദ്ധേയമാണെന്നു തോന്നിയ ഒരു സംഭവമാണത്. ഇസ്‌ലാമിക പണ്ഡിതനായിരുന്ന ഇമാം അബൂഹനീഫയും യുക്തിവാദികളും തമ്മില്‍ ഒരു സംവാദം നടന്നു.
ഇമാം അബൂഹനീഫയോട് യുക്തിവാദികള്‍: 'ദൈവമുണ്ടായതെപ്പോള്‍?'
മറുപടി: 'ചരിത്രത്തിനും കാലങ്ങള്‍ക്കും മുമ്പവനുണ്ട്. മൂന്നിന് മുമ്പ് എന്താണ്?'
'രണ്ട്'
'രണ്ടിന് മുമ്പോ?'
'ഒന്ന്'
'ഒന്നിന് മുമ്പോ?'
'ഒന്നുമില്ല. പൂജ്യം എന്നൊക്കെ പറയും.'
'കണക്കിലുള്ള ഒന്നിന്റെ പിന്നില്‍ ഒന്നുമില്ലെങ്കില്‍ പിന്നെ ഒരേയൊരു യാഥാര്‍ഥ്യമായ ഏകനായ ദൈവത്തിനു പിന്നില്‍ എന്തുണ്ടാവാനാണ്?' 

(തുടരും)

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (50-68)
ടി.കെ ഉബൈദ്‌

ഹദീസ്‌

നീതിബോധത്തിന്റെ സമുന്നത മാതൃക
നൗഷാദ് ചേനപ്പാടി