Prabodhanm Weekly

Pages

Search

2021 ഫെബ്രുവരി 19

3190

1442 റജബ് 07

അല്ലാഹുവിനു കടം കൊടുക്കുന്നവര്‍

സലാം കരുവമ്പൊയില്‍

മനുഷ്യന്റെ  ധൈഷണിക തലങ്ങളെ, അഥവാ അവന്റെ വൈചാരിക -വൈകാരിക ഭാവങ്ങളെ ത്വരിപ്പിക്കുമാറാണ് വിശുദ്ധ ഖുര്‍ആന്റെ ഉള്ളടക്കം മൊത്തത്തില്‍. അവന്റെ ഭാവനയെ ജ്വലിപ്പിക്കുന്ന വാങ്മയങ്ങള്‍ കൊണ്ടു സമൃദ്ധമാണ് വിശുദ്ധവേദം. പ്രതീകങ്ങള്‍  (Symbols), ബിംബകല്‍പന (Imagery),  ഭാവന (Imagination) പോലെയുള്ള മാധ്യമങ്ങള്‍ കൊണ്ടോ  ഭാവുകത്വ( Sensibility)ത്തിന്റെ പ്രായോഗികമായ  ഭാവങ്ങള്‍ കൊണ്ടോ  ദൈവബോധത്തിന്റെ അര്‍ഥാന്തരങ്ങളിലേക്കു അത് മനുഷ്യനെ കൈപ്പിടിച്ചുകൊണ്ടുപോകുന്നു. ജീവിതത്തിന്റെ കര്‍തൃത്വവും സ്വര്‍ഗനരകങ്ങളുടെ അനിവാര്യതയും മനുഷ്യനും ദൈവവും തമ്മിലുള്ള നിയതവും നിയാമകവുമായ പാരസ്പര്യവും തേജോമയമായ ഇത്തരം ആവിഷ്‌കരണങ്ങളിലൂടെ അനുവാചകന്റെ മുമ്പില്‍ ഇതള്‍വിരിയുന്നു. പ്രകാശാതീതമായ പ്രകാശത്തെക്കുറിച്ച് നൂര്‍ അധ്യായത്തിലും ബലിഷ്ടമായ താഴ്‌വേരുകളില്‍ തഴച്ചുവളരുന്ന വടവൃക്ഷ സദൃശമായ വിശുദ്ധ വാക്യത്തെ ഇബ്‌റാഹീം അധ്യായത്തിലും വായിക്കുമ്പോള്‍ പരംപൊരുളിന്റെ  അഭൗമിക ചമല്‍ക്കാര വിശേഷത്തിലേക്ക് നമ്മള്‍ അറിയാതെ നടന്നടുക്കുന്നു. നിഷേധികളുടെ  നാടകീയ ആത്മഗതങ്ങള്‍ (Dramatic Monologue), പുനരെഴുന്നേല്‍പിനെക്കുറിച്ച ഇബ്‌റാഹീം  പ്രവാചകനും ദൈവവും തമ്മിലുള്ള സംവാദം (dialogue) തുടങ്ങി ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ ദൈവാസ്തിക്യത്തിന്റെ അനിഷേധ്യതയിലേക്കുള്ള  ശക്തമായ വിരല്‍ചൂണ്ടിയാകുന്നു. 

കച്ചവടത്തിന്റെ വിശാലഭാവം

ആത്യന്തികമായി മനുഷ്യന്റെ  നിയോഗം എന്താണെന്നു തെര്യപ്പെടുത്തുന്ന ഒരു സങ്കല്‍പ്പം 'കച്ചവടം' (തിജാറത്ത്)  എന്ന അതിമനോഹരമായ രൂപക(Metaphor)ത്തിലൂടെ ഖുര്‍ആന്‍ അവതരിപ്പിക്കുന്നുണ്ട്. കച്ചവടം എന്ന് പറയുന്നത് സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഒരു ആശയമല്ല. എടുക്കലിന്റെയും കൊടുക്കലിന്റെയും രസതന്ത്രമാണത്. ബൗദ്ധികമായ വിനിമയത്തിന്റെയും വിപണനത്തിന്റെയും ആദാനപ്രദാനങ്ങളുടെയും വ്യവഹാരങ്ങളുടെയും പ്രതിനിധാനം കൂടി ഇതിന്റെ കീഴില്‍ വരുന്നു. പ്രവിശാലമായ ഒരു തുരുത്ത്  അടയാളപ്പെടുത്തുന്നു ഈയൊരു പദം എന്ന് ചുരുക്കം. 
മനുഷ്യജീവിതത്തെ ഇത്രയും ആഴത്തിലും പരപ്പിലും ചൂഴ്ന്നുനില്‍ക്കുന്ന ഒരു സിദ്ധാന്തം എന്ന അര്‍ഥത്തില്‍ അല്ലാഹു പ്രഖ്യാപിക്കുന്നു: ''ഞാന്‍ ഒരു കച്ചവടത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെയോ?'' (ഖുര്‍ആന്‍ 61:10). ഇവിടെ സമാരംഭിക്കാന്‍ പോകുന്ന ഈ സംരംഭത്തിന്റെ സ്വഭാവത്തെക്കുറിച്ചു പിന്നീട് സംസാരിക്കുന്നു. ''കഠിന ശിക്ഷയില്‍നിന്ന് അത് നിങ്ങളെ രക്ഷപ്പെടുത്തുന്നു.'' അതിഘോരമായ നരകത്തില്‍നിന്ന് മാനവരാശി ആത്യന്തികമായി  വിമോചിതമാവുന്നു  എന്നതാണ് അതിന്റെ അന്തിമ ലാഭം. 'ഒരിക്കലും ക്ഷയോന്മുഖമല്ലാത്ത' (35: 29) ഈ  കൂട്ടുകച്ചവട(Share holding)ത്തിന്റെ മൂലധനം എന്താണ്?
'നിങ്ങള്‍ അല്ലാഹുവിലും അവന്റെ പ്രവാചകനിലും വിശ്വസിക്കുകയും ദൈവമാര്‍ഗത്തില്‍ നിങ്ങളുടെ സമ്പത്തു കൊണ്ടും ശരീരം കൊണ്ടും  ധര്‍മസമരം  നടത്തുകയും' (61:11) ചെയ്യുകയാണ് ഈ കൂട്ടായ്മയുടെ മൂലധനം (Capital). ഈ ബാധ്യത നിര്‍വഹിക്കുമ്പോള്‍ സ്വാഭാവികമായും ഉരുത്തിരിയുന്ന ഫലം അര്‍ഥശങ്കക്കിടയില്ലാത്ത വിധമുള്ള വമ്പന്‍ ലാഭം (Bumper Profit)  ആണ്. 'നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും നിങ്ങളെ താഴ്ഭാഗത്തുകൂടെ ആറുകള്‍ ഒഴുകുന്ന ആരാമങ്ങളില്‍ പ്രവേശിപ്പിക്കുകയും  സ്ഥിരവാസത്തിനുള്ള വിശിഷ്ട സൗധങ്ങള്‍ സമ്മാനിക്കപ്പെടുകയും  ചെയ്യുന്നു' (61:12) എന്ന ഓഫര്‍ നിലനില്‍ക്കെ പിന്നെ എന്തിന് മുതല്‍മുടക്കി(Investment )ന്റെ വിഷയത്തില്‍ ആശങ്കപ്പെടണം? വിശ്വാസിയെ സംബന്ധിച്ചേടത്തോളം ഇതിനേക്കാള്‍ ആഹ്ലാദകരമായ എന്തു നേട്ടമാണ് സ്വപ്‌നം കാണാനുള്ളത്? എന്നുമാത്രമല്ല, വ്യവസായ സംരംഭകന്‍ (Business Enterpreneur) വാഗ്ദാനം നല്‍കുന്ന അനിതരസാധാരണവും വിപണിയില്‍ മറ്റാര്‍ക്കും നല്‍കാന്‍ കഴിയാത്തതുമായ ഒരു 'സഹായവും സമീപസ്ഥമായ വിജയവും' (61:13) ആരെയാണ് ആനന്ദതുന്ദിലനാക്കാത്തത്! ആര്‍ക്കാണ് ഈ സംഭരംഭകത്വത്തിലേക്കു  മുന്നിട്ടിറങ്ങാനുള്ള പ്രചോദകമാവാത്തത്?
കൊള്ളക്കൊടുക്കയുടെ അഥവാ, വാങ്ങല്‍കൊടുക്കലിന്റെ അചുംബിതമോ ദാര്‍ശനികമോ ആയ പരിസരം ഉല്‍പാദിപ്പിക്കുന്ന ഒരു ആശയം ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. സച്ചരിതരായ  ദാസന്മാരുമായി  ദൈവം ഒരു വാണിജ്യബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. നടേ പറഞ്ഞതുപോലെ ആവേശദായകവും പ്രലോഭനീയവുമായ ചില ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ സ്രഷ്ടാവ് ഒരു വാങ്ങല്‍ പ്രക്രിയ (Purchasing) നടത്തിയിട്ടുണ്ട്. അതാണ് വിശുദ്ധ ഖുര്‍ആനില്‍ ഒമ്പതാം അധ്യായത്തിലെ നൂറ്റിപ്പതിനൊന്നാം വചനം അടിവരയിടുന്നത്:  'സ്വര്‍ഗത്തിന് ബദലായി അല്ലാഹു വിശ്വാസികളില്‍നിന്നും അവരുടെ ശരീരവും ധനവും വിലയ്ക്കു വാങ്ങിയിരിക്കുന്നു.'' ഇത് സാമ്പത്തിക മേഖലയിലെ നേരത്തേ പ്രചാരത്തിലുണ്ടായിരുന്ന ചരക്കുകൈമാറ്റ കച്ചവടത്തെ (Barter System)  ഓര്‍മിപ്പിക്കുന്നു.
അലംഘനീയമായ ഒരു സഹായത്തെക്കുറിച്ചു  സൂചിപ്പിച്ചുവല്ലോ. അത് സാധിതമാകണമെങ്കില്‍ പ്രാഥമിക നിബന്ധനയെന്താണ്? മനുഷ്യര്‍ സൃഷ്ടികര്‍ത്താവിനെ സഹായിക്കുക. തന്റെ നിയമനിര്‍മാണ-കൈകാര്യങ്ങളിലോ  മറ്റേതെങ്കിലും അധികാരാവകാശങ്ങളിലോ ഒരു പങ്കുകാരനുമില്ലാത്ത,  ഒന്നിലും ഒരു ശക്തിയുടെയും ആശ്രയമോ ആനുകൂല്യമോ ആവശ്യമില്ലാത്ത സര്‍വാധിനാഥനെ കേവല സൃഷ്ടിയായ മനുഷ്യന്‍ എങ്ങനെ, എന്തിന് സഹായിക്കണം? അല്ലാഹുവിനെ  പിന്തുണക്കാനും സഹായിക്കാനുമുള്ള ആഹ്വാനത്തിന്റെ തേട്ടം പിന്നെ എന്തായിരിക്കും?
അസ്സ്വഫ്ഫ്: 14, ആലുഇംറാന്‍: 52, അല്‍ഹജ്ജ്: 40, മുഹമ്മദ്: 7, അല്‍ ഹദീദ്: 25, അല്‍ ഹശ്ര്‍: 8 എന്നീ സൂക്തങ്ങളില്‍ ഈയൊരു സങ്കല്പത്തെക്കുറിച്ച പരാമര്‍ശമുണ്ട്. ഇവിടെയൊക്കെയും സര്‍വാധീശാധികാരിയും സര്‍വോന്നതനുമായ ദൈവം തമ്പുരാനെ നെഞ്ചോടു ചേര്‍ക്കുകയും അവന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസൃതമായി ജീവിതത്തെ സമ്പൂര്‍ണമായും സമര്‍പ്പിക്കുകയും ചെയ്യുക എന്നതാണ്  ഇപ്പറഞ്ഞതിന്റെ വിവക്ഷ. അത്തരക്കാര്‍ക്കു മാത്രം അവകാശപ്പെട്ട അപൂര്‍വ നാമധേയമാണ് ദൈവസഹായി എന്നത്. കാരിരുമ്പിന്റെ ദൃഢതയില്‍ ഉരുവംകൊള്ളുന്ന ഈമാനിക ഉള്‍ക്കാമ്പാണ് ഇവ്വിധമൊരു വ്യക്തിപ്രഭാവം പിറവിയെടുക്കുന്നതിന്റെ ഭൂമിക. 

കടം ചോദിക്കുന്നു

സഹായത്തിന്റെ അനുപൂരകമായ വായ്പയുമായി ബന്ധപ്പെട്ട്  ചിലത് ചേര്‍ത്തുവായിക്കേണ്ടതുണ്ട്.  ആരാണ് തനിക്ക് കൈയഴിച്ച് വായ്പ (Loan)  തരികയെന്ന് അല്ലാഹു ഖുര്‍ആനില്‍ രണ്ടുമൂന്നിടത്തായി ചോദിക്കുന്ന സന്ദര്‍ഭം സ്മരണീയമാണ്. 'അല്ലാഹുവിനു ഉത്തമമായ കടം നല്‍കാന്‍ ആരുണ്ട്? അല്ലാഹു അതവന് ഇരട്ടിയായി കൂട്ടിക്കൊടുക്കും' എന്ന അല്‍ ബഖറ അധ്യായത്തിലെ വാക്യം (245) ചുറ്റുവട്ടങ്ങളിലെ ഏതെങ്കിലും അനാഥര്‍ക്കോ അഗതികള്‍ക്കോ എറിഞ്ഞുകൊടുക്കുന്ന നാണയത്തുട്ടുകളല്ല അര്‍ഥമാക്കുന്നത്. ഇനി ദൈവമാര്‍ഗത്തില്‍ അര്‍പ്പിക്കുന്നത് സാമ്പത്തിക വ്യയം മാത്രമാണോ? സത്യത്തില്‍ അതിനുമപ്പുറത്ത്, അവന്റെ പക്കല്‍നിന്നുള്ള സുനിര്‍ണിതമായ സഹായവും സുഖണ്ഡിതമായ വിജയവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വിശ്വാസിയിടെ മുഴുവന്‍ ഭാഗഭാഗിത്വവും പ്രാതിനിധ്യവും കൂടിയാണെന്ന വിശാലമായ അറിവിന്റെ തുരുത്തിലേക്കു ഇത് നമ്മെ ആനയിക്കുന്നില്ലേ? അങ്ങനെ വരുമ്പോള്‍ ചോരയും നീരും ജീവന്റെ അവസാനത്തെ സ്പന്ദവും അല്ലാഹുവിനു നല്‍കേണ്ട വായ്പാ പ്രമാണങ്ങളോ (Documents)  ഉരുപ്പടികളോ (Assets) ആണെന്ന് വരുന്നു. ഇവ്വിധം വായ്പയായി നല്‍കപ്പെടുന്നവ 'ഏഴ് കതിരുകളില്‍ വിളഞ്ഞ് ഓരോ കതിരിലും നൂറു ധാന്യമണികള്‍ മുളച്ച്' (അല്‍ ബഖറ 261 ) സമൃദ്ധമായി ഫലമൂലാദികള്‍ ഉല്‍പാദിപ്പിക്കപ്പെട്ട്  അന്ത്യനാളില്‍ നന്മയുടെ വന്‍ശേഖരമായി മാറുന്നു.

എന്തുകൊണ്ട്?

അല്ലാഹുവിനെ സഹായിക്കുന്നതിന്റെ ഒന്നുകൂടി മൂര്‍ത്തമായ ചിത്രത്തിലേക്ക്  ഇനി നമുക്ക് കടക്കാം. 
സര്‍വ ചരാചരങ്ങളുടെയും  വിധാതാവും നിയന്താവും, മനുഷ്യനടക്കം സമസ്ത ജീവജാലങ്ങളുടെയും അന്നദാതാവും രക്ഷകനും ആരാണ്?  വായു,  വെള്ളം തുടങ്ങി ഭൂമിയില്‍ മനുഷ്യന്‍ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന  സൗകര്യങ്ങളുടെയും  സംവിധാനങ്ങളുടെയും  പരമമായ ഉടമസ്ഥാവകാശി ആര്?  ഇക്കാണുന്ന മഹാപ്രപഞ്ചവും അതിലെ മുഴുവന്‍ പ്രതിഭാസങ്ങളും നിയന്ത്രിച്ചു ഭരിക്കുന്ന പരാശക്തിയുടെ പേരെന്താണ്? ഇതിന്റെ ഉത്തരം 'അല്ലാഹു' എന്നാണെങ്കില്‍ ആ മഹശ്ശക്തിയെ സര്‍വാത്മനാ അംഗീകരിക്കുകയും അതിനെ മുക്തിയുടെ ഏകകമായി ചേര്‍ത്തുവെക്കുകയും ചെയ്യുന്നത് തന്നെയാണ് ബുദ്ധി. പിന്നെ, ജീവിതത്തെ ഖണ്ഡങ്ങളായും തട്ടുകളായും വിവേചിച്ചും വേര്‍തിരിച്ചും ഓരോന്നിനും വെവ്വേറെ ദൈവങ്ങളെ പ്രതിഷ്ഠിക്കുന്നത്  ബുദ്ധിപരമായ സത്യസന്ധത ആയിരിക്കില്ല എന്നുമാത്രമല്ല, തികഞ്ഞ അസംബന്ധമോ ധിക്കാരമോ ആയിരിക്കും. 
ജീവിതത്തിന്റെ ബഹിരന്തര്‍ഭാവങ്ങളെ സമ്യക്കായി സംയോജിപ്പിക്കുകയും  കര്‍മധര്‍മങ്ങളെ അടിമുടി പൊലിപ്പിച്ചുനിര്‍ത്തുകയും ചെയ്യുന്ന ശക്തിവിശേഷം എന്ന തലത്തില്‍  ദൈവത്തെ കാണുക എന്നതാണ് പരമപ്രധാനം. ഭാഗികമായോ ഉപരിതലസ്പര്‍ശിയായോ അതിവൈകാരികമായോ സമീപിക്കേണ്ട വിഷയവുമല്ല ഇത്. സമ്പൂര്‍ണവും സമഗ്രവുമായ ഒരു ഏകീഭാവത്തെയാണ് അത് പ്രതിനിധാനം ചെയ്യുന്നത്. 'സത്യവിശ്വാസികളേ, നിങ്ങള്‍ ഇസ്‌ലാമില്‍ പൂര്‍ണമായും പ്രവേശിക്കുക. പിശാചിന്റെ കാല്‍പ്പാടുകള്‍ പിന്തുടരുത്' (അല്‍ ബഖറ 208) എന്ന ആഹ്വാനം ഈ വസ്തുതയെ അരക്കിട്ടുറപ്പിക്കുന്നു. അപഭ്രംശത്തിന്റെയും അരാജകത്വത്തിന്റെയും വഴിയിലേക്കായിരിക്കും അര്‍ധ- അപക്വ ഇസ്‌ലാം മനുഷ്യനെ കൊണ്ടെത്തിക്കുക. 'തന്റെ ദാസന് അല്ലാഹു  പോരേ' (39: 36) എന്ന അര്‍ഥഗര്‍ഭമായ ചോദ്യം ദൈവബഹുത്വത്തിന്റെ അര്‍ഥരാഹിത്യത്തിലേക്കുള്ള ചൂണ്ടുപലകയാണ്.  നിലപാടുതറകളും നിരീക്ഷണങ്ങളും കുറ്റമറ്റതാകണമെങ്കില്‍ യുക്തിഭദ്രവും അന്യൂനവുമായൊരു മൂശയില്‍നിന്നായിരിക്കണം അത് സ്വാംശീകരിക്കുന്നത്.  ഖിബ്ലക്ക് മുന്നിട്ട് ദൈവത്തോട് നമ്മള്‍ നടത്തുന്ന പ്രാരംഭ പ്രാര്‍ഥനയുടെ സാരാംശം അതാണ്. എന്റെ മുഖത്തെ ആകാശഭൂമികളെ പടച്ച അല്ലാഹുവിന്റെ നേരെ ശുദ്ധമാനസനായി തിരിച്ചിരിക്കുന്നു എന്ന് ആരംഭിക്കുന്ന വാചകം,  എന്റെ നമസ്‌കാരവും ബലിയും ജനിമൃത്യുവും സര്‍വലോക രക്ഷിതാവായ അല്ലാഹുവിനാണ് എന്ന ശപഥത്തോടെ പര്യവസാനിക്കുമ്പോള്‍ ദൈവാസ്തിക്യത്തിന്റെ സമോദത്തവും സക്രിയവുമായ സാക്ഷീകരണമാണ് സംഭവിക്കുന്നത്. സമര്‍പ്പണത്തിന്റെ ഏറ്റവും സമ്പന്നമായ മുദ്രണം. ജീവന്റെ മുഴുവന്‍ അടരുകളിലും പന്തികളിലും അല്ലാഹുവിന്റെ അഭീഷ്ടങ്ങളേ വാഴൂ എന്ന ദൃഢതരമായ തീരുമാനം. 
'ഋജുമാനസനായി ദൈവാര്‍പ്പണം നടത്തിയ മഹാ പ്രസ്ഥാനമായിരുന്നു' ഖലീലുല്ലാഹി ഇബ്‌റാഹീം എന്ന് വിശേഷിപ്പിക്കപ്പെടാന്‍ തക്കതായ കാരണം എന്തായിരുന്നു? 'നീ പൂര്‍ണമായും ദൈവത്തിന് കീഴടങ്ങൂ എന്ന് അല്ലാഹു ആവശ്യപ്പെട്ടപ്പോള്‍ ഞാനിതാ സര്‍വലോക രക്ഷിതാവായ നാഥന് കീഴ്‌പ്പെട്ടിരിക്കുന്നു' എന്ന് ഇബ്‌റാഹീം പ്രവാചകന്‍ ജീവിതം കൊണ്ട് പ്രത്യുത്തരം നല്‍കി എന്നതാണ് കാതലായ കാര്യം. ആദര്‍ശത്തിന്റെ  ചുഴികളും ചുരങ്ങളും ഒട്ടേറെ താണ്ടിക്കടന്നതുകൊണ്ടുതന്നെയാണ് ഹസ്രത്ത് ഇബ്‌റാഹീം ദൈവത്തിന്റെ അരുമയായ കൂട്ടുകാരനായത്. പിതൃ-പുതൃ -ഭാര്യാ ബന്ധത്തിന്റെ മുഴുവന്‍ വൈകാരിക വിക്ഷുബ്ധതകളെയും ഭേദിച്ച് ഇബ്‌റാഹീം ദൈവത്തിന്റെ വിളിയാളത്തില്‍ പൂണ്ടുപുതഞ്ഞു. 
ദൈവത്തെ എങ്ങനെ സഹായിക്കാം എന്നതിന്റെ പ്രായോഗിക പരിസരത്തെയാണ് നാം അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. 'ആര്‍ അല്ലാഹുവിനു വേണ്ടി ഇഷ്ടപ്പെടുകയും വെറുക്കുകയും കൊടുക്കുകയും തടയുകയും ചെയ്‌തോ അവന്‍ ഈമാന്‍ പൂര്‍ത്തീകരിച്ചു' (അബൂദാവൂദ്) എന്ന നബിവചനം ദൈവാര്‍പ്പണത്തിന്റെ ആഴവും അര്‍ഥവും നമ്മുടെ മുമ്പില്‍ തുറന്നിടുന്നു. നമ്മുടെ തെരഞ്ഞെടുപ്പും തിരസ്‌കാരവും നിര്‍ണയിക്കുന്ന ഉരകല്ല് ദൈവത്തിന്റെ ഇഷ്ടാനിഷ്ടമായി വരുന്നു. 'തന്റെ പിതാവിനേക്കാളും പുത്രനേക്കാളും മുഴുവന്‍ മനുഷ്യരേക്കാളും സ്നേഹപ്പെട്ടവന്‍ ഞാന്‍ ആയിത്തീരുംവരെ നിങ്ങളിലാരും വിശ്വാസിയാവുകയില്ല' (ബുഖാരി, മുസ്‌ലിം)  എന്ന പ്രവാചകന്റെ മുന്നറിയിപ്പ് ഈ ആശയത്തെ ശാക്തീകരിക്കുന്നു.

സഹായിക്കാതിരിക്കാന്‍ എന്തു ന്യായം?

ഈ അര്‍ഥതലത്തില്‍ എന്തുകൊണ്ട് മനുഷ്യന്‍ തന്നെ സഹായിക്കുന്നില്ല എന്ന് അല്ലാഹു ചോദിക്കുന്നുണ്ട്. ''ആകാശഭൂമികളുടെ അനന്തരാവകാശം അല്ലാഹുവിനായിരിക്കെ അവന്റെ മാര്‍ഗത്തില്‍  ചിലവഴിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് എന്താണ് ന്യായം?'' (അല്‍ ഹദീദ്: 10). ഒട്ടും അപചയം സംഭവിക്കാതെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വമ്പന്‍ ലാഭം ഉപഭോക്താവിന് (Customer) ഓഫര്‍ നല്‍കുന്ന വണിക് കെട്ടുപാടുകളുടെ ഭാഗമായി നില്‍ക്കാന്‍ എന്താണ് വൈമുഖ്യം? മണ്ണിന്റെയും വിണ്ണിന്റെയും ഖജനാവ് അവയുടെയൊക്ക അധിപതിയായ അല്ലാഹുവിന് അവകാശപ്പെട്ടതാണെന്ന് അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിരിക്കെ പിന്നെ നിങ്ങള്‍ക്ക് ഇതിന്റെ സാധ്യത(Prospect)യിലും സാധുത(Validity)യിലും വ്യാപ്തി(Scope)യിലും എന്ത് സന്ദേഹം?
ദുന്‍യാവിലെ ആസക്തികളില്‍ ആണ്ടുപൂണ്ടുപോയതുകൊണ്ടാണോ അല്ലാഹു ഉറപ്പുനല്‍കുന്ന ഏറ്റം ഗുണസമ്പന്നമായ വിഭവത്തെ കൈയൊഴിക്കാന്‍  മനുഷ്യന്‍ ഉദ്യുക്തനാകുന്നത്? ഭൗതിക ജീവിതത്തിന്റെ വര്‍ണാഭമായ പിത്തലാട്ടങ്ങളില്‍ കണ്ണ് മഞ്ഞളിച്ചുപോയതുകൊണ്ടാണോ അവന്‍ ഭൂമിയെ വല്ലാതെ വരിഞ്ഞുമുറുക്കുന്നത്? 'നിങ്ങള്‍ക്കെന്തു പറ്റി! ദൈവവഴിയില്‍ (ധര്‍മസമരത്തിന്) ഇറങ്ങിപ്പുറപ്പെടൂ എന്നു പറയപ്പെട്ടാല്‍ നിങ്ങള്‍ ഭൂമിയിലേക്ക് തൂങ്ങിക്കളയുന്നോ? നിങ്ങള്‍ ഐഹിക ജീവിതത്തെ പരലോകത്തേക്കാള്‍ തൃപ്തിപ്പെട്ടുകളഞ്ഞോ?' (9:38) എന്ന ചോദ്യം പ്രസക്തമാകുന്നത് ദൈവത്തെ സഹായിക്കുന്നതില്‍നിന്നും മനുഷ്യന്‍ പിറകോട്ട് പൊയ്ക്കളഞ്ഞ പശ്ചാത്തലത്തിലാണ്. കാരണം, ദൈവം ആരംഭിച്ചിരിക്കുന്ന കൂട്ടുസംരംഭത്തിനോട് അഹമഹമികയാ സഹകരിക്കാന്‍ ബാധ്യസ്ഥനാണ് മനുഷ്യന്‍. അന്ത്യനാളില്‍ ലഭ്യമാകാന്‍ പോകുന്ന ഐശ്വര്യത്തേക്കാള്‍ തുലോം തുഛമാണിതെന്ന് അസന്ദിഗ്ധമായ ഭാഷയില്‍ പടച്ചവന്‍ പറയുന്നുണ്ട്.

ദൈവസഹായം സുനിശ്ചിതം

ദൈവത്തെ കൈമെയ് മറന്ന് സഹായിക്കുമ്പോള്‍ മറിച്ചും സഹായമുണ്ടാകുമെന്ന് ഉറപ്പ്. 'സഹായം പ്രതാപശാലിയും യുക്തിജ്ഞനുമായ ദൈവത്തില്‍നിന്നുമാത്രമേ ഉണ്ടാവുകയുള്ളൂ'  (ആലു ഇംറാന്‍ 126) എന്നതാണ് ഇതിന്റെ മര്‍മം. 'നിങ്ങള്‍ അല്ലാഹുവിനെ സഹായിക്കുന്ന പക്ഷം  അവന്‍ നിങ്ങളെയും സഹായിക്കും. നിങ്ങളുടെ കാല്‍പ്പാദങ്ങള്‍  അവന്‍ ഉറപ്പിച്ചുനിര്‍ത്തും' (മുഹമ്മദ്: 7), 'തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു  സഹായിക്കും' (അല്‍ ഹജ്ജ്: 40) തുടങ്ങിയ ആയത്തുകള്‍ ഇക്കാര്യം അടിവരയിടുന്നു.   
അല്ലാഹുവിനെ  യഥാവിധി ഭയപ്പെട്ടും വിരലറ്റം വരെ സ്‌നേഹിച്ചും ജീവിതം നയിക്കുന്നവര്‍ക്ക് അവന്‍ ഒരു തുറസ്സ് തുറന്നുകൊടുക്കുമന്നും തങ്ങള്‍ നിനക്കാത്ത രൂപേണ  അന്നം നല്‍കുമെന്നും പറഞ്ഞതിന്റെ പൊരുള്‍ ഇതുതന്നെ. ജീവിതത്തെ ആപാദചൂഢം ചുറ്റിപ്പിണഞ്ഞുനില്‍ക്കുന്ന ദൈവാനുരാഗം വളര്‍ന്നു പന്തലിച്ചു പരംപൊരുളായ പരാപരനില്‍ വിലയം പ്രാപിക്കുന്ന പരിവ്രാജകനായ മനുഷ്യന്റെ കണ്ണും കാതും കൈകാലുകളും ഒടുവില്‍ ദൈവത്തിന്റേതായി മാറുന്ന അപൂര്‍വസുന്ദരമായ ഒരു അവസ്ഥാന്തരമുണ്ട്. ഇവിടെ അത്തരമൊരു അത്യുന്നത വിതാനത്തെത്തുന്ന അടിമ ചോദിക്കുന്ന എല്ലാ സഹായവും അല്ലാഹു നല്‍കുകതന്നെ ചെയ്യും.
അതീവ സന്ദിഗ്ധമായ ഒരു സാഹചര്യത്തില്‍ ദൈവസഹായം പെയ്തിറങ്ങിയതിനെക്കുറിച്ച് അന്‍ഫാല്‍ അധ്യായത്തിലുണ്ട്: ''നിങ്ങള്‍ ഭൂമിയില്‍ ദുര്‍ബലരായി ഗണിക്കപ്പെട്ടു തുഛ ആള്‍ക്കാരായിരുന്ന സന്ദര്‍ഭം ഓര്‍ക്കുക. ജനങ്ങള്‍  റാഞ്ചിക്കൊണ്ടുപോകുമോ എന്ന് നിങ്ങള്‍ ഭയപ്പെട്ടിരുന്നു. പിന്നീട് അല്ലാഹു നിങ്ങള്‍ക്ക് അഭയസ്ഥാനമൊരുക്കുകയും തന്റെ സഹായത്താല്‍ നിങ്ങളുടെ കരങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്തു'' (8:26). ഖുറൈശി ശത്രുക്കളുടെ കൊടിയ മര്‍ദനം ഒരുഭാഗത്തും പേര്‍ഷ്യന്‍-റോമാ സാമ്രാജ്യങ്ങളുടെ ഭീഷണികള്‍ മറുഭാഗത്തുമായി മുസ്ലിം ന്യൂനപക്ഷം ഏറെ പരീക്ഷിക്കപ്പെട്ട സങ്കീര്‍ണമായ അവസ്ഥാവിശേഷവും അല്ലാഹു അവരെ സംരക്ഷിച്ച കാര്യവുമാണ് ഇതിലെ പരാമര്‍ശം. ''നിങ്ങള്‍ ദുര്‍ബലരായിരിക്കെ ബദ്റില്‍ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്'' (2: 123). ആളും അര്‍ഥവും അത്യന്തം പരിതാപകരമായ ഒരു ചെറുപറ്റം. ആയിരത്തോളം വരുന്ന സര്‍വായുധ വിഭൂഷിതരായ യോദ്ധാക്കളും തട്ടുപൊളിപ്പന്‍  യുദ്ധസന്നാഹങ്ങളുമായി ആര്‍ത്തലച്ചുവരുന്ന എതിരാളികളുടെ രാക്ഷസീയ സഖ്യം. അന്‍ഫാല്‍ അധ്യായത്തിലെ ഒമ്പതാം വാക്യം ഇങ്ങനെ വായിക്കാം: ''നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം അഭ്യര്‍ഥിച്ച സന്ദര്‍ഭം. തുടരെത്തുടരെ ആയിരം മാലാഖമാരെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്ക് മറുപടി നല്‍കി.'' കൊടും ഭീതിയുടെ നടുക്കടലിലകപ്പെട്ട വിശ്വാസിസമൂഹത്തിന് അപ്രതീക്ഷിതമായ സഹായവും സമാശ്വാസവും അല്ലാഹുവിങ്കല്‍നിന്നും വന്നണയുന്നു. കാരണം അവര്‍ അല്ലാഹുവിന്റെ സഹായികളാണല്ലോ.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (50-68)
ടി.കെ ഉബൈദ്‌

ഹദീസ്‌

നീതിബോധത്തിന്റെ സമുന്നത മാതൃക
നൗഷാദ് ചേനപ്പാടി