കൃഷിയുടെ പരിപോഷണം ഇസ്‌ലാമിക നാഗരികതയില്‍
വാസയോഗ്യമായ ഭൂമി ദൈവത്തിന്റെ വരദാനമാണെന്ന് വേദഗ്രന്ഥം പ്രഖ്യാപിക്കുന്നു. സൃഷ്ടിപ്പ്, ഘടന, മണ്ണ്, മഴ, നദി, കാറ്റ്, കാലാവസ്ഥ തുടങ്ങിയവയിലെല്ലാം ഭൂമി സമ്പന്നമായൊരു ജൈവവ്യവസ്ഥ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. മനുഷ്യന്‍ ഉള്‍പ്പെടെ സര്‍വ ജീവജാലങ്ങളുടെയും സുരക്ഷിതവും സമാധാനപൂര്‍ണവുമായ നിലനില്‍പ്പും വളര്‍ച്ചയും ഉറപ്പുവരുത്തുന്ന ആവാസവ്യവസ്ഥ ഭൂമിയുടെ ഓരോ കോണിലും നിറഞ്ഞുനില്‍ക്കുന്നത് കാണാം. തലമുറകളുടെ അതിജീവനത്തിന് അനിവാര്യമായ വിഭവങ്ങളെല്ലാം ഉപരിതലത്തിലും അന്തഃരംഗത്തും സംവിധാനിച്ചുകൊണ്ടാണ് ദൈവം ഭൂമിയെ പടച്ചത്. പ്രകൃതിയോട് നീതിപൂര്‍വം ഇടപെടുകയും ഭൂമിയെ സൂക്ഷ്മമായി പരിപാലിക്കുകയും ചെയ്തുകൊണ്ട് ഈ ആവാസവ്യവസ്ഥയെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക മനുഷ്യരുടെ ബാധ്യതയാണ്. ഈ പരിപാലനത്തെക്കുറിച്ച് വേദപാഠങ്ങള്‍ മനുഷ്യനെ ആവര്‍ത്തിച്ച് ഉദ്‌ബോധിപ്പിക്കുന്നുണ്ട്. അതില്‍ പ്രധാനമാണ് കൃഷിയെന്ന് ഖുര്‍ആന്‍ വചനങ്ങള്‍ വ്യക്തമാക്കുന്നു.
മണ്ണും വിണ്ണും മനുഷ്യനും തമ്മിലുള്ള സഹവര്‍ത്തിത്വം സൗഹാര്‍ദപരമാകുമ്പോള്‍, പ്രകൃതി ഫലദായകമായി പ്രശോഭിക്കുന്നു. ദൈവം ഭൂമിയില്‍ മണ്ണൊരുക്കിയത് ഈ സഹവര്‍ത്തിത്വം സുസാധ്യമാകും വിധത്തിലാണ്. കുശവന്റെയും കര്‍ഷകന്റെയും കൈയില്‍ മണ്ണ് പരുവപ്പെടുന്നതിലെ അത്ഭുതത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ഈ ഖുര്‍ആന്‍ സൂക്തം വായിച്ചു നോക്കൂ; ''അവനാണ് ഭൂമിയെ നിങ്ങള്‍ക്കു മെരുക്കിത്തന്നത്. അതിന്റെ വശങ്ങളിലൂടെ നടന്നുകൊള്ളുവിന്‍. ദൈവം തന്ന വിഭവം ആഹരിച്ചുകൊള്ളുവിന്‍. അവന്റെ സമക്ഷത്തിലേക്ക് നിങ്ങള്‍ പുനര്‍ജീവിച്ച് ചെല്ലേണ്ടതുണ്ട്'' (അല്‍ മുല്‍ക് 15). മനുഷ്യര്‍ക്ക് മെരുങ്ങിയ മണ്ണ്, അതിനെ ഉല്‍പ്പാദനക്ഷമമാക്കാന്‍ നടത്തുന്ന അധ്വാന പരിശ്രമങ്ങള്‍, അതിലൂടെ ലഭ്യമാകുന്ന അമൂല്യമായ വിഭവങ്ങള്‍ എന്നിങ്ങനെ, ഭൂമിയിലെ ദൈവാനുഗ്രഹത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്ക് ഈ വചനം വെളിച്ചം വീശുന്നു. മണ്ണ് കൈയില്‍ മെരുങ്ങുകയും അതിനെ നന്നായി പരിപാലിക്കുകയും ചെയ്യുമ്പോഴാണല്ലോ നല്ല കര്‍ഷകന്‍ ജന്മമെടുക്കുന്നത്. അതുകൊണ്ട്, കൃഷിയെക്കുറിച്ച ഇസ്‌ലാമിക അധ്യാപനങ്ങളുടെ അടിയാധാരമായി പരിഗണിക്കേണ്ട വേദ വചനമാണിത്.
കൃഷി അനുഗ്രഹവും അടയാളവും
ദൈവവും പ്രകൃതിയും മനുഷ്യനും തമ്മില്‍ ചേതോഹരമായൊരു പാരസ്പര്യം അനിവാര്യമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍, അതാണല്ലോ സത്യവേദത്തിന്റെ അന്തസ്സത്ത തന്നെ. ദൈവത്തോട് നീതി ചെയ്ത്, സൃഷ്ടികള്‍ക്ക് സഹായവും സമാധാനവും നല്‍കുംവിധം പ്രകൃതിയെ പരിപാലിക്കുകയാണ് ഈ പാരസ്പര്യത്തില്‍ മനുഷ്യന്റെ ഭാഗധേയം. അതില്‍ പ്രഥമ സ്ഥാനത്താണ് കൃഷി. സത്യവേദത്തിന്റെ വചനങ്ങളില്‍ കൃഷി നിറഞ്ഞു നില്‍ക്കുന്നുണ്ട്. മൂന്ന് തലങ്ങളിലാണ് കൃഷിയെ വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്: ഒന്ന്, അല്ലാഹുവിന്റെ അനുഗ്രഹവും ഔദാര്യവുമാണ് കൃഷിക്ക് ഉപയുക്തമായ ഭൂമിയും പ്രകൃതിയും കാര്‍ഷിക ഉല്‍പ്പന്നങ്ങളും. രണ്ട്, ദൈവാസ്തിത്വത്തിന്റെ ഏറെ അനുഭവപരമായ ദൃഷ്ടാന്തമാണ് കാര്‍ഷിക പ്രക്രിയയുടെ ഓരോ തലവും. മൂന്ന്, മരണാനന്തര പുനരുജ്ജീവനത്തിന്റെ അടയാളം. മരിച്ച് മണ്ണില്‍ ലയിച്ച മനുഷ്യന്റെ, പുനരുത്ഥാനം എങ്ങനെ എന്നറിയാന്‍ മൃതമായിക്കിടന്ന ഭൂമിയില്‍നിന്ന് കാര്‍ഷിക വിളകള്‍ ഉല്‍പ്പാദിപ്പിക്കുന്നത് എങ്ങനെയെന്ന്, മണ്ണിലേക്ക് കുനിഞ്ഞിരുന്ന് നിരീക്ഷിച്ചാല്‍ മതിയാകും.
ആകാശം മഴയിലൂടെ ഭൂമിയെ ആലിംഗനം ചെയ്യുന്നു. തരളിതയാകുന്ന ഭൂമി, ജലകണങ്ങള്‍ ഉള്‍വഹിച്ച് ഉല്‍പ്പാദനക്ഷമമാകുന്നു. ഒരു തരത്തില്‍, സ്വാഭാവിക പ്രകൃതിയില്‍ പലവിധ സസ്യലതാദികള്‍ മുളച്ചുപൊങ്ങി, വളര്‍ന്നു പടരുന്നു. മറ്റൊരു തരത്തില്‍, മണ്ണിലിറങ്ങുന്ന കര്‍ഷകന്‍ സ്‌നേഹത്തോടെ അതിനെ പരിപാലിക്കുമ്പോള്‍, സമൃദ്ധമായ വിളകളാല്‍ അത് സ്‌നേഹം തിരിച്ചു നല്‍കുന്നു. ''അവനാണ് നിങ്ങള്‍ക്ക് ആകാശത്തുനിന്ന് ജലം വര്‍ഷിച്ചുതന്നത്. അതില്‍നിന്ന് നിങ്ങള്‍ കുടിക്കുന്നു. മൃഗങ്ങള്‍ക്ക് തീറ്റയുമുണ്ടാക്കുന്നു. അവന്‍ ആ ജലംകൊണ്ട് വിളകള്‍ മുളപ്പിക്കുന്നു. ഒലീവും ഈത്തപ്പഴവും മുന്തിരിയും മറ്റെല്ലാതരം ഫലങ്ങളും ഉല്‍പാദിപ്പിക്കുന്നു. ഇതില്‍ ചിന്തിക്കുന്ന ജനത്തിന് മഹത്തായ ദൃഷ്ടാന്തമുണ്ട്'' (അന്നഹ്ല്‍ 10). സ്വാഭാവികമോ, ബോധപൂര്‍വകമോ ആയ കാര്‍ഷിക ഉല്‍പ്പാദനങ്ങളെല്ലാം ദൈവത്തിന്റെ അനുഗ്രഹമാണെന്ന് വേദഗ്രന്ഥം ഉണര്‍ത്തുന്നു; ''വിണ്ണില്‍നിന്നു ജലം വര്‍ഷിക്കുന്നത് അവന്‍തന്നെയാകുന്നു. അങ്ങനെ അതുവഴി നാം സകല സസ്യവര്‍ഗങ്ങളെയും മുളപ്പിച്ചു. എന്നിട്ടതില്‍നിന്ന് പച്ചപിടിച്ച വയലുകളും വൃക്ഷങ്ങളും വളര്‍ത്തി. അനന്തരം അതില്‍ ധാന്യമണികള്‍ ഇടതിങ്ങിയ കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഈന്തപ്പനയുടെ കൊതുമ്പില്‍ ഭാരത്താല്‍ തൂങ്ങിക്കിടക്കുന്ന പഴക്കുലകള്‍ ഉല്‍പാദിപ്പിച്ചു. സദൃശങ്ങളും എന്നാല്‍, ഓരോന്നിനും വ്യതിരിക്തമായ സവിശേഷതകളുള്ളതുമായ ഫലങ്ങളുണ്ടാകുന്ന, മുന്തിരിയുടെയും ഒലിവിന്റെയും അനാറിന്റെയും തോട്ടങ്ങളുമുണ്ടാക്കി. ഈ ചെടികള്‍ കായ്ക്കുമ്പോള്‍, അതില്‍ കനികളുണ്ടാവുകയും അനന്തരം അവ പാകമാവുകയും ചെയ്യുന്ന പ്രക്രിയ തെല്ലു സൂക്ഷ്മദൃഷ്ടിയോടെ വീക്ഷിക്കുവിന്‍. ഈ സംഗതികളില്‍ തീര്‍ച്ചയായും, വിശ്വസിക്കുന്ന ജനത്തിനു ദൃഷ്ടാന്തങ്ങളുണ്ട്'' (അല്‍ അന്‍ആം 99). ഈ ദൈവാനുഗ്രഹം തേടിയാണ്, കര്‍ഷകന്‍ മണ്ണിലിറങ്ങുന്നതെങ്കില്‍, കൃഷി ഇസ്‌ലാമില്‍ എത്രമേല്‍ മഹത്തരമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.
കൃഷി അനുഗ്രഹം മാത്രമല്ല ദൈവത്തെ തിരിച്ചറിയാനുള്ള അടയാളവുമാണെന്ന് ചേര്‍ത്തു പറഞ്ഞതും വേദപാഠങ്ങളിലുണ്ട്; ''ഈ ജനത്തിനൊരു ദൃഷ്ടാന്തമത്രെ നിര്‍ജീവമായ ഭൂമി. നാം അതിനെ സജീവമാക്കുകയും അതില്‍നിന്ന് ധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്തു. അതാണ് ഇവര്‍ ആഹരിക്കുന്നത്. നാം അതില്‍ ഈന്തപ്പനയുടെയും മുന്തിരിയുടെയും തോട്ടങ്ങളുണ്ടാക്കി. അതിനടിയില്‍ നീരുറവകള്‍ പ്രവഹിപ്പിച്ചു, ഇവര്‍ അതിന്റെ ഫലം തിന്നാന്‍. ഇതൊന്നും ഇവര്‍ സ്വകരങ്ങളാല്‍ സൃഷ്ടിച്ചതല്ലല്ലോ. എന്നിരിക്കെ, ഇവര്‍ നന്ദി കാണിക്കാത്തതെന്ത്? ഭൂമിയില്‍ മുളക്കുന്ന സസ്യങ്ങളിലും ഇവരുടെ (മനുഷ്യരുടെ) തന്നെ വര്‍ഗത്തിലും ഇവര്‍ക്കറിഞ്ഞുകൂടാത്ത മറ്റെല്ലാ വര്‍ഗങ്ങളിലും ഇണകളെ സൃഷ്ടിച്ചവന്‍ എത്രയും പരിശുദ്ധനാകുന്നു'' (യാസീന്‍ 33-36). തീന്മേശയില്‍ നിറയുന്ന ആഹാരപദാര്‍ഥങ്ങളില്‍ കണ്ണുടക്കുമ്പോള്‍, മനസ്സ് ഒരു നിമിഷം അന്നദാതാവിലേക്ക് തിരിയട്ടെ എന്നാണ് ഈ ഉദ്‌ബോധനം. കാര്‍ഷിക പ്രക്രിയയുടെ ഓരോ ഘട്ടത്തിലും മനുഷ്യര്‍ക്ക് പഠിക്കാന്‍ ഏറെയുണ്ടെന്നര്‍ഥം.
വരണ്ടുണങ്ങി വിണ്ടുകീറി, മൃതമായിക്കിടക്കുന്ന ഭൂമി. ഉണങ്ങിയ ധാന്യവും എവിടെയോ മറഞ്ഞു കിടക്കുന്ന വേരിന്റെ ശകലവും. പുതുമഴയുടെ നനവില്‍ അതില്‍ നിന്ന് പുതിയ നാമ്പുകള്‍ മുളപൊട്ടുന്നു. മരിച്ചു കിടന്ന ഭൂമി, ജീവന്‍ വീണ്ടെടുത്ത് ഹരിതാഭമാകുന്നു. മൃതദേഹം മണ്ണില്‍ ലയിച്ചു ചേര്‍ന്നു കഴിഞ്ഞിരിക്കെ മനുഷ്യന്‍ എങ്ങനെ പുനരുജ്ജീവിപ്പിക്കപ്പെടും എന്ന ചോദ്യത്തിന് ഈ പ്രകൃതി പ്രതിഭാസം തന്നെ ഉത്തരം തരുന്നുണ്ട്. കാര്‍ഷിക ഉല്‍പ്പാദനത്തെക്കുറിച്ച വേദ വചനങ്ങള്‍ ഈ പാഠങ്ങള്‍ക്കൂടി ഉള്‍ക്കൊള്ളുന്നതാണ്. ''അല്ലാഹു ധാന്യങ്ങളെയും കുരുക്കളെയും പിളര്‍ക്കുന്നവനാകുന്നു. നിര്‍ജീവമായതില്‍നിന്നു സജീവമായതിനെ ഉല്‍പാദിപ്പിക്കുന്നതും അവന്‍തന്നെ. അവന്‍തന്നെയാണ് സജീവമായതില്‍നിന്നു നിര്‍ജീവമായതിനെ ഉല്‍പാദിപ്പിക്കുന്നതും. ഇതൊക്കെയും ചെയ്യുന്നവനാകുന്നു അല്ലാഹു. ഇനിയും നിങ്ങള്‍ എങ്ങോട്ടാണ് വ്യതിചലിച്ചുപോകുന്നത്?'' (അല്‍ അന്‍ആം 95-96).
ദൈവിക മൂല്യവും സാമൂഹിക ദൗത്യവും
ഭൗതികമാത്രമായ ജീവിത വൃത്തിയായല്ല, ദൈവിക മൂല്യങ്ങളിലൂന്നിയ മഹദ്കര്‍മവും സാമൂഹിക ഉത്തരവാദിത്വത്തിന്റെ നിര്‍വഹണവുമായാണ് ഇസ്‌ലാം കൃഷിയെ കാണുന്നത്. വിശപ്പിന്റെ ശമനവും ശാരീരിക ആരോഗ്യത്തിന്റെ സംരക്ഷണവും സാമ്പത്തിക വരുമാനവും നേടുന്നതോടോപ്പം, കര്‍ഷകന്‍ സമൂഹത്തോടുള്ള ബാധ്യത പൂര്‍ത്തീകരിച്ച് ദൈവത്തിന്റെ പ്രതിഫലത്തിനും അര്‍ഹനാകുന്നുവെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. വിളനാശത്തിന് പോലും, സര്‍ക്കാറില്‍ നിന്നുള്ള നഷ്ടപരിഹാരത്തിനപ്പുറം, സ്രഷ്ടാവില്‍ നിന്നുള്ള പാരിതോഷികമുണ്ട് എന്നാണ് പ്രവാചകന്റെ സുവിശേഷം. അപ്പോള്‍ ഇസ്‌ലാം കൃഷിയെ എത്രമേല്‍ പ്രാധാന്യത്തില്‍ പരിഗണിക്കുകയും കര്‍ഷകനെ എന്തുമാത്രം സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് ചിന്തിക്കാവുന്നതേയുള്ളൂ.
കൃഷി ദൈവികമായൊരു ശ്രേഷ്ഠകര്‍മമാണ്. പ്രകൃതി ദൈവസൃഷ്ടമായ സ്വാഭാവിക കൃഷിയില്‍ സമ്പന്നമാണ് എന്നതത്രെ ഇതിന്റെ ഒന്നാമത്തെ തെളിവ്. കാര്‍ഷിക വിളകള്‍ക്ക് തുല്യമായ പ്രതിഫലം ദൈവം കര്‍ഷകന് നല്‍കുന്നുവെന്ന പ്രവാചക പാഠമാണ് രണ്ടാമത്തേത്. നബി (സ) പറഞ്ഞു: 'ഒരാള്‍ കൃഷി ചെയ്താല്‍, അതില്‍നിന്ന് ലഭിക്കുന്ന വിളവുകളുടെ അത്ര തന്നെ പ്രതിഫലം അല്ലാഹു അയാള്‍ക്കായി രേഖപ്പെടുത്തും'. കര്‍ഷകന്റെ പരിശ്രമങ്ങളെ ദൈവം ഏറെ വിലമതിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് മറ്റൊരു നബിവചനം; 'ഒരാള്‍ കൃഷി ചെയ്തു. ക്ഷമാപൂര്‍വം അത് സംരക്ഷിക്കുകയും വിള ലഭിക്കുന്നതു വരെ അതിനെ പരിപാലിക്കുകയും ചെയ്തു. അതിന് ലഭിക്കുന്ന ഓരോ ഫലത്തിനും അല്ലാഹുവിങ്കല്‍ അവന് ധര്‍മമുണ്ട്.'
കൃഷി സ്വകാര്യ ഏര്‍പ്പാടല്ല, സാമൂഹിക ദൗത്യമാണ് എന്ന ഇസ്‌ലാമിക കാഴ്ചപ്പാട് കര്‍ഷകന്റെ മൂല്യം ഉയര്‍ത്തുന്നതാണ്. തന്റെ ആഹാരത്തിനും സാമ്പത്തിക നേട്ടത്തിനുമപ്പുറം മനുഷ്യന്റെയും ജീവജാലങ്ങളുടെയും നിലനില്‍പ്പും കര്‍ഷകന്‍ ഉറപ്പുവരുത്തുന്നുണ്ട്. ശ്രദ്ധേയമായ ഈ വശമാണ് മുഹമ്മദ് നബി ഒരിക്കല്‍ സൂചിപ്പിച്ചത്; 'ഒരു ദൈവദാസന്‍ കൃഷിയിറക്കുകയോ മരം നടുകയോ ചെയ്തു. അതിന്റെ ഫലം പക്ഷികളോ മനുഷ്യരോ മൃഗങ്ങളോ ആഹരിച്ചാല്‍, അതവന് ദാനധര്‍മമായി രേഖപ്പെടുത്തും.' കൃഷിയുടെ സാമൂഹികതയെക്കുറിച്ച്, കര്‍ഷകനെയും സമൂഹത്തെയും ഒരേസമയം പഠിപ്പിക്കുകയാണ് നബി ചെയ്യുന്നത്. തന്റെ അധ്വാനഫലത്തില്‍, ഉല്‍പ്പന്നങ്ങള്‍ വില കൊടുത്ത് വാങ്ങുന്ന മനുഷ്യര്‍ക്ക് മാത്രമല്ല, വാങ്ങല്‍ ശേഷിയില്ലാത്ത പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമെല്ലാം ഒരു ഓഹരിയുണ്ടെന്ന് കര്‍ഷകനെ ഉദ്‌ബോധിപ്പിക്കുന്നു. ജീവജാലങ്ങളുടെ നിലനില്‍പ്പിന്, ജീവവായുവായും ആഹാരമായും കര്‍ഷകര്‍ ഏറെ സംഭാവനകള്‍ അര്‍പ്പിക്കുന്നുണ്ടെന്നും, അതിന്റേതായ പരിഗണനയും സംരക്ഷണവും അവര്‍ക്ക് നല്‍കണമെന്നും സമൂഹത്തെയും നബി(സ) ഉപദേശിക്കുന്നു.
കൃഷിനാശം സംഭവിച്ചാല്‍ കര്‍ഷകന്‍ ദുഃഖിക്കേണ്ടതില്ല. നശിച്ചുപോയ അവന്റെ വിളകള്‍ക്കു പകരം ദൈവത്തിങ്കല്‍ പ്രതിഫലമുണ്ടെന്ന് മുഹമ്മദ് നബി സന്തോഷ വാര്‍ത്ത നല്‍കുന്നു. ഐഹികമായ നഷ്ടത്തിന്, പാരത്രികമായ നേട്ടം പകരം ലഭിക്കുന്നുവെന്നര്‍ഥം. ആ നബിവചനം ഇങ്ങനെയാണ്; 'നിങ്ങളില്‍ ആരുടെയെങ്കിലും കൃഷി നശിച്ചുപോയാല്‍, അതുവഴി അവന് പ്രതിഫലം രേഖപ്പെടുത്തുന്നതാണ്.' വിളനാശം സംഭവിച്ച കര്‍ഷകന്, പരലോകത്ത് ദൈവം പ്രതിഫലം നല്‍കുന്നു എന്നത്, ഇഹലോകത്ത് ഭരണകൂടം അവന് നല്ല നഷ്ടപരിഹാരം നല്‍കണം എന്നതിനുള്ള നിര്‍ദേശമായും മനസ്സിലാക്കാവുന്നതാണ്.
നബിയും സഖാക്കളും
കര്‍ഷകരുടെ ദേശത്തേക്കാണ് മുഹമ്മദ് നബി അഭയം തേടി ദേശാടനം ചെയ്തത്. പശിമയുള്ള മണ്ണില്‍ കര്‍ഷകര്‍ വിത്തിറക്കുന്ന പോലെ, അവരുടെ നനവുള്ള മനസ്സ് മുഹമ്മദ് നബിയെ സ്വീകരിച്ച് സംരക്ഷിച്ചു. അങ്ങനെ കര്‍ഷകരുടെ നാട്ടിലാണ് നബി മാനവികതയുടെ ആദ്യ രാഷ്ട്രത്തിന്റെ അടിത്തറ പണിതത്. യൗവനത്തില്‍ കച്ചവടക്കാരനായിരുന്നു മുഹമ്മദ് ബ്‌നു അബ്ദുല്ല. ഖുര്‍ആനാകട്ടെ, കച്ചവടത്തെ ഉദാഹരിച്ച് പലതും സംസാരിച്ചിട്ടുമുണ്ട്. അതേസമയം ഖുര്‍ആനില്‍ കൃഷി പ്രാധാന്യപൂര്‍വം പ്രതിപാദിച്ചിട്ടുള്ളതും നാം കണ്ടു. മുഹമ്മദ് നബിയും തഥാ. കൃഷിയെ വര്‍ധിച്ച പ്രാധാന്യത്തിലാണ് നബി പരിഗണിച്ചിട്ടുള്ളത്. കൃഷിയുടെ ദൈവികവും സാമൂഹികവുമായ തലങ്ങള്‍ നബി ഊന്നിപ്പറഞ്ഞു. 'ഒരു തൈ കൈവശമുണ്ടായിരിക്കെ, അന്ത്യനാള്‍ ആഗതമാകുന്നുവെന്നറിഞ്ഞാല്‍, അത് നടാന്‍ സാവകാശമുണെങ്കില്‍ അത് ചെയ്യട്ടെ' എന്ന് പഠിപ്പിച്ച പ്രവാചകനെയാണ് ചരിത്രം നമുക്ക് പരിചയപ്പെടുത്തുന്നത്. കൃഷിഭൂമിയുടെ അവകാശം കര്‍ഷകന് നല്‍കുന്നതായിരുന്നു നബിയുടെ സമീപനമെന്ന് ഹദീസില്‍നിന്ന് വായിച്ചെടുക്കാം.
ഭൂമി തരിശിടുന്നത് വിലക്കിയ നബിവചനത്തിന്റെ നാനാര്‍ഥങ്ങള്‍ ആലോചനാ വിഷയമാണ്; 'മൃതമായിക്കിടക്കുന്ന ഭൂമി ആരെങ്കിലും ജീവസ്സുറ്റതാക്കിയാല്‍ അത് അവനുള്ളതാണ്' എന്നാണല്ലോ നബി പറഞ്ഞത്. ചത്ത ഭൂമിക്ക് ജീവന്‍ നല്‍കുന്ന പ്രക്രിയയില്‍ പ്രഥമവും പ്രധാനവും കൃഷിയാണ്. വിളവിറക്കാതെ വര്‍ഷങ്ങളോളം തരിശിടുന്നത് ഭൂമിയോട് ചെയ്യുന്ന അനീതിയാണ്. അതിനറുതി വരുത്തി, ഭൂമി കൃഷിയോഗ്യമാക്കലാണ് നീതി. വാസയോഗ്യമായ ഭൂമി തരിശിടുന്ന തെറ്റ് തിരുത്താനും, കൃഷിയിറക്കി അതിനെ നന്നായി പരിപാലിക്കാനും ആഹ്വാനം ചെയ്യുന്ന നബി, പ്രസ്തുത ഭൂമിയുടെ ഉടമസ്ഥതയാണ് പകരം വാഗ്ദാനം ചെയ്യുന്നത്! അക്രമികളെ നേരിടാന്‍ സൈനിക നീക്കം നടത്തിയ നബി സനിയ്യത്തുല്‍ വദാഇല്‍ എത്തി. സേനാനികളെ സമരമുഖത്തേക്ക് അയക്കുമ്പോള്‍ നബി നല്‍കിയ നിര്‍ദേശം ഇങ്ങനെയാണ്; 'ദൈവനാമത്തില്‍ നിങ്ങള്‍ പോരാടുക. ശാം ദേശത്തുള്ള ദൈവത്തിന്റെയും നിങ്ങളുടെയും ശത്രുവിനോട് പടവെട്ടുക. മഠങ്ങളില്‍ ജനങ്ങളോടൊപ്പം ഒഴിഞ്ഞിരിക്കുന്ന സന്യാസിമാരെ അക്രമിക്കരുത്. പിശാചിന്റെ പിണിയാളുകള്‍ക്കെതിരെ ആയുധമെടുക്കുക. പക്ഷേ, സ്ത്രീകളെയും കുട്ടികളയും വൃദ്ധരെയും വധിക്കരുത്. ഈന്തപ്പനകള്‍ പിഴുതെറിയരുത്, മരങ്ങള്‍ മുറിച്ചു മാറ്റരുത്, കെട്ടിടങ്ങള്‍ തകര്‍ക്കരുത്.' സൈനിക നീക്കം നടത്തവെ രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്ത്വാബ് സൈന്യാധിപന് നല്‍കിയ ഉപദേശം കാണുക; 'കര്‍ഷകരുടെ കാര്യത്തില്‍ ദൈവത്തെ ഭയപ്പെടുക. (ശത്രുസൈന്യത്തോടൊപ്പം ചേര്‍ന്ന്) അവര്‍ യുദ്ധം ചെയ്താലല്ലാതെ അവരോട് ഏറ്റുമുട്ടരുത്.' കാര്‍ഷിക വിള നശീകരണം യുദ്ധതന്ത്രമായി കാണുന്ന ബയോ വാറുകളുടെ ഈ കെട്ട കാലത്താണ്, യുദ്ധമുഖത്തും കൃഷി നശിപ്പിക്കരുതെന്ന ഇസ്‌ലാമിക അധ്യാപനത്തിന്റെ മഹത്വം മനസ്സിലാക്കേണ്ടത്.
മുഹമ്മദ് നബിയുടെ അനുചരന്മാരും ഇതേ പ്രാധാന്യത്തില്‍ കൃഷിയെ പരിഗണിച്ചത് കാണാം. വാര്‍ധക്യം ബാധിച്ച സമയത്ത് കൃഷി ചെയ്യാനിറങ്ങിയ ഉസ്മാനു ബ്‌നു അഫ്ഫാനോട് ഒരാള്‍ ചോദിച്ചു; 'ഈ വയസ്സുകാലത്ത് നിങ്ങള്‍ എന്തിനാണ് കൃഷിയിറക്കുന്നത്?' 'വിനാശകനായി മരിക്കുന്നതിനേക്കാള്‍, സുകൃതവാനായി മരണത്തെ കണ്ടുമുട്ടാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്'- അദ്ദേഹം പറഞ്ഞു. കൃഷി ചെയ്യുന്നത് ഭൂമിയുടെ പരിപാലനവും (ഇസ്വ്‌ലാഹുല്‍ അര്‍ദ്), ക്യഷി ചെയ്യാതിരിക്കുന്നത് നശീകരണവും (ഇഫ്‌സാദുല്‍ അര്‍ദ്) ആയാണ് അദ്ദേഹം മനസ്സിലാക്കിയതെന്ന് പദപ്രയോഗങ്ങള്‍ സൂചിപ്പിക്കുന്നു. പ്രവാചകന്റെ പ്രമുഖ ശിഷ്യന്‍ അബുദ്ദര്‍ദാഅ് അറിയപ്പെടുന്ന കര്‍ഷകനായിരുന്നു. വൃദ്ധനായിരിക്കെ കൃഷിയില്‍ ഏര്‍പ്പെട്ട അദ്ദേഹത്തോടും സമാനമായൊരു ചോദ്യം ഉന്നയിക്കപ്പെട്ടു; 'വയസ്സുകാലത്താണോ താങ്കള്‍ കൃഷി ചെയ്യുന്നത്! ഈ മരമാകട്ടെ ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം മാത്രമേ ഫലം കായ്ക്കൂ!, അബുദ്ദര്‍ദാഇന്റെ മറുപടി; 'പില്‍ക്കാലത്തും ഇതിന്റെ പേരില്‍ എനിക്ക് പ്രതിഫലം ലഭിക്കാന്‍ പാടില്ലെന്നുണ്ടോ?' വരും തലമുറകള്‍ക്ക് പ്രയോജനപ്പെടുന്ന ദീര്‍ഘകാല ക്യഷികളില്‍നിന്ന്, ഭാവിയില്‍ ദൈവിക പ്രതിഫലം ലഭിക്കുമെന്ന ഈ ശുഭാപ്തിയില്‍, കൃഷിയുടെ ദൈവികതയും സാമൂഹികതയും ഒരു പോലെ ഉള്ളടങ്ങിയിട്ടുണ്ട്. മദീനയിലെ മികച്ച ഗോതമ്പു കര്‍ഷകനായ ത്വല്‍ഹത്തുബ്‌നു ഉബൈദുല്ലയും സ്വന്തമായി കൃഷി പരിപാലിച്ച ധനികനായ അബ്ദുര്‍റഹ്മാനുബ്‌നു ഔഫും കൃഷിയില്‍ പൗരുഷം കണ്ട അബൂഹുറയ്‌റയും ഇസ്‌ലാമിക ചരിത്രത്തിലുണ്ടായിരുന്നു.
നാഗരിക വളര്‍ച്ചയുടെ അടയാളപ്പെടുത്തല്‍
ശാസ്ത്രീയമായ ജലസേചന പദ്ധതികള്‍ നടപ്പിലാക്കിയും കര്‍ഷകര്‍ക്ക് സഹായവും പ്രോത്സാഹനവും നല്‍കിയും കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കുന്നതില്‍ ഇസ്‌ലാമിക നാഗരികത എന്നും മുന്നിലായിരുന്നു. കാര്‍ഷിക മേഖല തകര്‍ത്ത ഭരണാധികാരികളെയല്ല, സാധ്യമാകും വിധത്തിലെല്ലാം അതിനെ വളര്‍ത്തിയ ജനസേവകരെയാണ് ഇസ്‌ലാമിക ചരിത്രം ലോകത്തിന് സംഭാവന ചെയ്തിട്ടുള്ളത്. തരിശിടാതെ ഭൂമി കൃഷിയോഗ്യമാക്കിയും, കാലാവസ്ഥാ പഠനം നടത്തി അനുയോജ്യമായ കൃഷിരീതികള്‍ ആവിഷ്‌കരിച്ചും, കാര്‍ഷിക വളര്‍ച്ച വേഗത്തിലാക്കാവുന്ന നടീല്‍ രീതികള്‍ നടപ്പിലാക്കിയും, മികച്ച ജലസേചന പദ്ധതികള്‍ പ്രയോഗത്തില്‍ വരുത്തിയും, കര്‍ഷകര്‍ക്ക് നികുതി ഇളവുകള്‍ നല്‍കിയുമൊക്കെയാണ് ഇസ്‌ലാമിക നാഗരികത കൃഷിയെ പരിപോഷിപ്പിച്ചത്. കൂര്‍പ്പിച്ച ഇരുമ്പ് കമ്പികളും മുള്‍വേലികളും നിര്‍ത്തിയുണ്ടാക്കിയ ബാരിക്കേഡുകള്‍ നിറഞ്ഞ റോഡുകളോ, കര്‍ഷകരുടെ ചോരയില്‍ കുതിര്‍ന്ന തെരുവുകളോ ആയിരുന്നില്ല മുസ്‌ലിംകള്‍ ലോകത്തിന് നല്‍കിയത്. സമ്യദ്ധമായി വളര്‍ന്ന കൃഷിഭൂമികളുടെ നിറഞ്ഞ പച്ചപ്പ്, ആകാശത്തിന്റെ നീലിമയോട് ചേര്‍ന്നു നിന്നപ്പോള്‍ പ്രകൃതിയുടെ മനോഹാരിതയും വിഭവങ്ങളുടെ സമ്പന്നതയുമാണ് ലോകം അനുഭവിച്ചത്.
'മുസ്‌ലിംകള്‍ ഏതു പ്രദേശത്ത് താമസമാക്കിയോ, അവിടെയെല്ലാം അധ്വാനിച്ച് ഭൂമിയെ തട്ടുകളാക്കുകയും അതില്‍ തോട്ടങ്ങള്‍ നിര്‍മിക്കുകയും ചെയ്തിരുന്നു' എന്ന് ശകീബ് അര്‍സലാന്‍ രേഖപ്പെടുത്തിയത് കാണാം. ഇതു തന്നെയായിരുന്നു ഭൂമിയുടെ പരിപാലനത്തിലും കൃഷിയിലും പൂര്‍വകാല മുസ്‌ലിം ലോകത്തിന്റെ പൊതു സ്വഭാവം. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അതിര്‍ത്തികള്‍ വിശാലമായിക്കൊണ്ടിരുന്നപ്പോഴെല്ലാം, പുതുതായി കൈവശം വരുന്ന ഭൂമികള്‍ കൂടുതല്‍ ഉപയോഗിച്ചത് കൃഷിക്കു വേണ്ടിയായിരുന്നു. തങ്ങളുടെ ഭൂമി ഹരിതാഭമായിക്കാണാനും രാജ്യം സാമ്പത്തികമായി അഭിവൃദ്ധിപ്പെടാനും ഓരോ ഭരണാധികാരിയും ആഗ്രഹിച്ചു. അതുകൊണ്ട് കൃഷിക്ക് മുന്തിയ പരിഗണന തന്നെ അവര്‍ നല്‍കി. കൃഷിക്കു വേണ്ടി മുസ്‌ലിം ഭരണാധികാരികള്‍ ധാരാളം പണം ചെലവഴിക്കുകയും അനേകം തൊഴിലാളികളെ വിന്യസിക്കുകയും ചെയ്തു (അല്‍മബാദിഉല്‍ ഇഖ്തിസ്വാദിയ ഫില്‍ ഇസ്‌ലാം 212, നുഖ്ബത്തുദ്ദഹ്ര്‍ 205). മുസ്‌ലിം ഭരണാധികാരികള്‍ ജലസേചന പദ്ധതികള്‍ പരിഷ്‌കരിക്കുന്നതിലും വൃത്തിയായി സൂക്ഷിക്കുന്നതിലും മുഖ്യശ്രദ്ധ പുലര്‍ത്തി. തോടുകളും പുഴകളും നിര്‍മിക്കുകയും അണക്കെട്ടുകള്‍ പണിയുകയും ചെയ്തിരുന്നു. അനേകം ജലസേചന പദ്ധതികള്‍ മുസ്‌ലിം ലോകത്തുണ്ടായിരുന്നു, ബസ്വറയില്‍ മാത്രം ഇത് പതിനായിരത്തിലധികം വരുമായിരുന്നു (ഖുത്വത്വുശ്ശാം 4/149). മലകള്‍ തുരന്നു പോലും നദികള്‍ പണിതിരുന്നുവത്രെ! 'പഴയ കാലത്ത് യൂഫ്രട്ടീസില്‍ ഖലീഫമാര്‍ നടപ്പിലാക്കിയ ജലസേചന പദ്ധതികള്‍, ആധുനിക കാലത്ത് അമേരിക്കയിലും ഈജിപ്തിലും നടപ്പുള്ള ജലസേചന സംവിധാനങ്ങള്‍ക്ക് സമാനമത്രെ എന്നാണ് ഇറാഖ് സന്ദര്‍ശിച്ച ഒരു യൂറോപ്യന്‍ എഞ്ചിനീയര്‍ വിലയിരുത്തിയത്' (അല്‍ ഹളാറത്തുല്‍ അറബിയ്യ അല്‍ ഇസ്‌ലാമിയ്യ 139,140).
കൃഷി നന്നായി വളരാനും നല്ല വിള ലഭിക്കാനും പ്രകൃതിദത്തമായ രീതികള്‍ മുസ്‌ലിം നാടുകളിലെ കര്‍ഷകര്‍ സ്വീകരിച്ചിരുന്നു. വിത്തിലും തൈകളിലും സൈത്തിന്റെ ഉപയോഗമായിരുന്നു അതിലൊന്ന് (താരീഖുല്‍ ഇറാഖ് അല്‍ ഇഖ്തിസ്വാദി ഫില്‍ഖര്‍നിര്‍റാബിഅ- 71). കര്‍ഷകര്‍ക്ക് നികുതി ഇളവുകള്‍ അനുവദിച്ച് ആശ്വാസം നല്‍കാനും മുസ്‌ലിം ഭരണാധികാരികള്‍ ശ്രദ്ധിച്ചിരുന്നു. നികുതിയില്‍ ഇളവു നല്‍കാന്‍ ആവശ്യപ്പെട്ട്, നാലാം ഖലീഫ അലിയ്യുബ്‌നു അബീത്വാലിബ് തന്റെ ഗവര്‍ണര്‍ അബ്ദുല്‍ മലികുബ്‌നു ഉമൈറിന് കത്തയക്കുകയുണ്ടായി. 'അവരോട് വിട്ടുവീഴ്ച ചെയ്യാനാണ് നിന്നോട് നിര്‍ദേശിച്ചിട്ടുള്ളത്' എന്നാണ് ആ കത്ത് ഉപസംഹരിച്ചിട്ടുള്ളത്. ഇത്തരം സംഭവങ്ങള്‍ വേറെയും കാണാം (അല്‍ മഗ്‌രിബു ഫീ ഹുലിയില്‍ മഗ്‌രിബ് 2/9).
ഉപ്പുവെള്ളം കയറി കൃഷി നശിക്കാതിരിക്കാന്‍ കൃഷിഭൂമികളില്‍ ബണ്ട് നിര്‍മാണം ഉള്‍പ്പെടെയുള്ളവ നടപ്പിലാക്കി. ഉപ്പുവെള്ളത്തെ പ്രതിരോധിക്കുന്ന ചില വിള ഇനങ്ങള്‍ അവര്‍ കൃഷിയിറക്കിയിരുന്നു. ഓരോ ഭൂപ്രദേശത്തെയും മണ്ണ് പഠനവിധേയമാക്കിയ ശേഷമാണ്, അനുയോജ്യമായ കൃഷി അവിടെ ചെയ്തിരുന്നത്. കൃഷിക്ക് ഉപയുക്തമാക്കാവുന്ന ഒരു ഭൂമിയും മുസ്‌ലിം സമൂഹം ഉപേക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്തിരുന്നില്ല. കൃഷിയോഗ്യമല്ലെന്ന് തോന്നുംവിധം ഉറച്ച കുന്നുകളും മലകളും മണ്ണ് പാകപ്പെടുത്തി കൃഷിയിറക്കിയിരുന്നു. അവിടേക്ക് വെള്ളമെത്തിക്കാനും വ്യവസ്ഥാപിത സംവിധാനങ്ങള്‍ ഒരുക്കി. കര്‍ഷകരോടൊപ്പം, മുസ്‌ലിം ഭരണാധികാരികളും ഇതിനെല്ലാം മുന്നില്‍ നിന്നു പരിശ്രമിച്ചു (ഖിസ്സ്വത്തുല്‍ ഹളാറ 13/105, അല്‍ വുസറാഉ വല്‍ കുത്താബ് 91). ധൈര്യപൂര്‍വം കൃഷിയില്‍ ഏര്‍പ്പെടാനായി, തിരിച്ചടവൊന്നും ഉപാധിവെക്കാതെ, മുസ്‌ലിം ഭരണാധികാരികള്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കിയിരുന്നു. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയും കര്‍ഷകരുടെ ക്ഷേമവും അതുവഴി രാജ്യത്തിന്റെ പുരോഗതിയും മാത്രമായിരുന്നു ആ മുസ്‌ലിം ഭരണാധികാരികളുടെ ലക്ഷ്യം. കൃഷിയില്‍, ഖുര്‍ആനും നബിചര്യയുമായിരുന്നു അവരുടെ അടിസ്ഥാന പ്രചോദനം. അതിന്റെ സദ്ഫലങ്ങള്‍ ഇസ്‌ലാമിക നാഗരികതയില്‍ ലോകം കാണുകയും ചെയ്തു.
എന്നാല്‍, മറ്റൊരു വിഭാഗം ഭരണാധികാരികള്‍ രാജ്യങ്ങളില്‍ അധികാരമേല്‍ക്കാമെന്നും, വംശഹത്യയും കൃഷി നശീകരണവും ഉള്‍പ്പെടെ ജനദ്രോഹമാണവരുടെ മുഖമുദ്രയെന്നും സത്യവേദം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്; ''അധികാരം സിദ്ധിച്ചാല്‍ ഭൂമിയില്‍ അവരുടെ പ്രയത്നമഖിലം, നാശം വിതക്കുന്നതിനും കൃഷിയിടങ്ങള്‍ കൊള്ളയടിക്കുന്നതിനും മനുഷ്യവംശത്തെ നശീകരിക്കുന്നതിനുമായിരിക്കും'' (അല്‍ ബഖറ 205).
Comments