Prabodhanm Weekly

Pages

Search

2021 ഫെബ്രുവരി 19

3190

1442 റജബ് 07

ഭയപ്പെടാത്ത കര്‍ഷകര്‍ ജനാധിപത്യത്തിന്റെ സംരക്ഷകര്‍

പി. സായ്‌നാഥ്

കര്‍ഷകരുടെ മാത്രമല്ല, എല്ലാ പൗരന്മാരുടെയും നിയമവഴികള്‍ തേടാനുള്ള വാതിലുകള്‍ കൊട്ടിയടക്കുകയാണ് പുതിയ കാര്‍ഷിക നിയമങ്ങള്‍. ദല്‍ഹി കവാടങ്ങളില്‍ കര്‍ഷകര്‍ സമരം ചെയ്യുന്നത് അവര്‍ക്കു വേണ്ടി മാത്രമല്ല,  നമുക്കു വേണ്ടി കൂടിയാണ്. ഗ്രാമീണ ഇന്ത്യയുടെ മിടിപ്പുകള്‍ തൊട്ടറിഞ്ഞ പ്രഗത്ഭ പത്രപ്രവര്‍ത്തകന്‍ പി. സായ്‌നാഥ് അത് എങ്ങനെയെന്ന് വിശദീകരിക്കുന്നു.
 

'ഈ നിയമപ്രകാരമോ അനുബന്ധമായ മറ്റു നിയമങ്ങള്‍, ഉത്തരവുകള്‍ പ്രകാരമോ നല്ല വിശ്വാസത്തോടെ സ്വീകരിച്ചതും ചെയ്യാനുദ്ദേശിച്ചതുമായ ഏതെങ്കിലും കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെയോ ഏതെങ്കിലും സംസ്ഥാന സര്‍ക്കാറിനെതിരെയോ ഇരു സര്‍ക്കാറുകള്‍ക്കു കീഴിലെ ഒരു ഓഫീസര്‍ക്കെതിരെയോ ഒരു ഹരജിയും പ്രോസിക്യൂഷനും മറ്റു നിയമ നടപടിക്രമങ്ങളും ഉണ്ടാകില്ല.'
കര്‍ഷക ഉല്‍പന്ന വ്യാപാര, വാണിജ്യ (പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍) നിയമം 2020-ലെ 13-ാം വകുപ്പ് (എ.പി.എം.സികള്‍ എന്നു ചുരുക്കി വിളിക്കാവുന്ന കാര്‍ഷിക ഉല്‍പന്ന വിപണന സമിതികളെ നിലംപരിശാക്കാന്‍ ലക്ഷ്യമിട്ടുള്ള ഒന്നാണിത്) മുതല്‍ പറഞ്ഞു തുടങ്ങാം.
പുതിയ ഈ നിയമങ്ങള്‍ കര്‍ഷകരെ മാത്രം ലക്ഷ്യമിട്ടാണെന്ന് നിങ്ങള്‍ കരുതിപ്പോയോ? നിയമപരമായ ഉത്തരവാദിത്വം നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നിയമപരിരക്ഷ നല്‍കുന്ന നിയമങ്ങള്‍ വേറെയുമുണ്ട്, തീര്‍ച്ച. പക്ഷേ, ഇവ അതുക്കും മേലെയാണ്. 'ശുഭ വിശ്വാസത്തോടെ' പ്രവര്‍ത്തിക്കുന്ന ഏതു കാര്യത്തിലും- അവര്‍ എന്തുതന്നെ പ്രവര്‍ത്തിച്ചാലും- ലഭിക്കുന്ന പരിരക്ഷ ഒരു വിഷയത്തില്‍ മാത്രം ഒതുങ്ങുന്നില്ല. അവര്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടി മറ്റാര്‍ക്കും കോടതി കയറാന്‍ പറ്റില്ലെന്നു മാത്രമല്ല, ഇനി ഭാവിയില്‍ ചെയ്യാവുന്ന കുറ്റകൃത്യങ്ങള്‍ക്കും നിയമപരിരക്ഷ ലഭിക്കും (നല്ല വിശ്വാസത്തോടെ തന്നെയാകും, തീര്‍ച്ച).
ഇത്രയും പറഞ്ഞിട്ടും കാര്യം- അതായത് കോടതി കയറാനാവില്ലെന്നത്- പിടികിട്ടിയില്ലെങ്കില്‍ 15-ാം വകുപ്പും ചേര്‍ത്തുവായിക്കണം: 'ഈ നിയമപ്രകാരമോ അനുബന്ധമായ മറ്റു നിയമങ്ങള്‍ പ്രകാരമോ ചുമതലയുള്ള അധികൃതര്‍ സ്വീകരിച്ച ഏതെങ്കിലും വിഷയത്തില്‍ ഹരജിയോ മറ്റു നടപടികളോ സ്വീകരിക്കാന്‍ ഒരു സിവില്‍ കോടതിക്കും അധികാരമില്ല.'
നിയമവഴികളിലൂടെ ചോദ്യം ചെയ്യാന്‍ സാധ്യമാകാത്ത 'നല്ല വിശ്വാസ'ത്തോടെ കാര്യങ്ങള്‍ ചെയ്യുന്ന ഈ 'മറ്റു വ്യക്തികള്‍' ആരാണ്? ഒരു സൂചന പറയാം: പ്രതിഷേധ മുഖത്തുള്ള കര്‍ഷകര്‍ ഉരുവിടുന്ന ചില കോര്‍പറേറ്റ് ഭീമന്മാരുടെ പേരുകള്‍ വെറുതെ കേട്ടുനോക്കൂ. കച്ചവടം സിംപിളായി നടക്കണം, അത്രയേ ഉള്ളൂ- അതും വലിയ, ഭീമന്‍ വ്യവസായം.
'ഒരു ഹരജിയും പ്രോസിക്യൂഷനും മറ്റു നിയമ നടപടിക്രമങ്ങളും ഉണ്ടാകില്ല...' കര്‍ഷകര്‍ക്കു മാത്രമല്ല, കോടതി കയറാന്‍ വിലക്കുള്ളത്. ആര്‍ക്കും പാടില്ല, ഒരാള്‍ക്കും. പൊതു താല്‍പര്യ ഹരജി പോലുമരുതെന്ന് സാരം. ലാഭേതര സന്നദ്ധ സംഘടനകള്‍, കര്‍ഷക യൂനിയനുകള്‍, മറ്റു പൗരന്മാര്‍ (നല്ല വിശ്വാസം കൊണ്ടോ മോശം താല്‍പര്യം കൊണ്ടോ രംഗത്തിറങ്ങിയവരാകാം) എന്നിവര്‍ക്കും ഇടപെടാന്‍ വകുപ്പില്ല.
1975- '77 കാലത്തിനു ശേഷം (അന്ന് പൗരന്മാരുടെ എല്ലാ മൗലികാവകാശങ്ങളും എടുത്തു കളഞ്ഞിരുന്നു) പൗരന്മാര്‍ക്ക് നിയമ കോടതികളില്‍ അഭയം തേടാനുള്ള അവകാശത്തെ സമ്പൂര്‍ണമായി എടുത്തുകളയുന്ന നിയമങ്ങളില്‍ സുപ്രധാനമാണിത്. ഓരോ ഇന്ത്യക്കാരനെയും ബാധിക്കുന്നുണ്ട് ഈ വിഷയം. ഭാഷ മാറ്റിയാല്‍ (ഏറ്റവും താഴെ തട്ടിലുള്ള) ഉദ്യോഗസ്ഥരെ പോലും നീതിന്യായ സംവിധാനമാക്കി പരിവര്‍ത്തിപ്പിക്കുന്നവയാണ് ഈ നിയമങ്ങള്‍. അവര്‍ തന്നെ ജഡ്ജിയാകും, ജൂറിയാകും, അതുകഴിഞ്ഞ് വിധി നടപ്പാക്കുന്നവരും. കര്‍ഷകരും അവര്‍ നേരിടേണ്ട കോര്‍പറേറ്റ് ഭീമന്മാരും തമ്മിലെ ഇടപാടിലെ നേരത്തേ തന്നെയുള്ള അനീതിയും അസന്തുലിതത്വവും പിന്നെയും ഇരട്ടിയാക്കുന്നു, ഈ നിയമങ്ങള്‍.
നിയമം കണ്ട് ഞെട്ടിയ ദല്‍ഹി ബാര്‍ കൗണ്‍സില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ ചോദിക്കുന്നുണ്ട്: 'പൗരന്മാര്‍ക്ക് വലിയ ആഘാതങ്ങളേല്‍പിക്കാവുന്ന നിയമ വ്യവഹാരങ്ങള്‍, ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്ന  ഭരണ നിര്‍വഹണ ഏജന്‍സികള്‍ക്ക് എങ്ങനെയാണ് കൈമാറുക?' (ഭരണ നിര്‍വഹണ കര്‍ത്താക്കളില്‍ സ്വതന്ത്രമായ പ്രവര്‍ത്തനത്തിനും ഉത്തമ വിശ്വാസത്തിനും ഉദ്ദേശ്യശുദ്ധിക്കും പേരുകേട്ട, ഓരോ ഇന്ത്യക്കാരനും നന്നായി അറിയാവുന്ന സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റുമാര്‍, അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ പോലുള്ളവര്‍ കൂടി ഉള്‍പ്പെടുന്നതാണ്). നിയമ അധികാരം ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നത് ദല്‍ഹി ബാര്‍ കൗണ്‍സിലിന്റെ ഭാഷയില്‍ 'അപകടകരവും ശുദ്ധ വങ്കത്തവുമാണ്.' നിയമജോലിക്കുമേല്‍ ഏല്‍പിക്കുന്ന ആഘാതവും അവര്‍ എടുത്തുപറയുന്നു: 'ജില്ലാ കോടതികളെ പ്രത്യേകമായി അപായപ്പെടുത്തുന്നവയാണ് ഇവ. കര്‍മപഥത്തില്‍ അഭിഭാഷകരെയും അത് നിര്‍വീര്യരാക്കും.'
എന്നിട്ടും ഈ നിയമങ്ങള്‍ കര്‍ഷകരെ മാത്രമേ ബാധിക്കൂ എന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്?
കരാറുകള്‍ സംബന്ധിച്ച നിയമത്തില്‍ - ഫാര്‍മേഴ്സ് അഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷുറന്‍സ് ആന്റ് ഫാം സര്‍വീസസ് ആക്ട് 2020- - ജുഡീഷ്യല്‍ അധികാരങ്ങള്‍ കൂടുതലായി ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നു. ഇതിന്റെ 18-ാം വകുപ്പ് 'ഉറച്ച വിശ്വാസ'വാദം പിന്നെയും പിന്നെയും ഛര്‍ദിക്കുന്നു.
19-ാം വകുപ്പ് പറയുന്നു: 'ഈ നിയമപ്രകാരം തീരുമാനമെടുക്കാന്‍ ചുമതലയുള്ള സബ് ഡിവിഷനല്‍ അതോറിറ്റി, അപ്പലേറ്റ് അതോറിറ്റി എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഒരു സിവില്‍ കോടതിക്കും ഹരജിയോ മറ്റു നടപടികളോ സ്വീകരിക്കുന്നതിന് നിയമം അനുവദിക്കുന്നില്ല. ഈ നിയമപ്രകാരമോ അനുബന്ധ ഉത്തരവുകള്‍ പ്രകാരമോ, ചുമതലയുള്ള ബന്ധപ്പെട്ട അധികൃതര്‍ സ്വീകരിച്ച നടപടികള്‍ക്കുമേല്‍ ഒരു കോടതിയും മറ്റു അധികാരികളും ഇവരുടെ തീരുമാനങ്ങളില്‍ ഇഞ്ചക്ഷന്‍ നല്‍കാനും പാടില്ല.' എന്നാല്‍, ഇന്ത്യന്‍ ഭരണഘടനയുടെ 19-ാം വകുപ്പ് പറയുന്നതാകട്ടെ അഭിപ്രായ സ്വാതന്ത്ര്യം, അഭിപ്രായ പ്രകടന സ്വാതന്ത്ര്യം, സമാധാനപരമായി സമ്മേളിക്കാനുള്ള സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം, സംഘടനകളും യൂനിയനുകളും രൂപവത്കരിക്കാനുമുള്ള സ്വാതന്ത്ര്യം.... എന്നിവയെക്കുറിച്ചും!
ഭരണഘടനാപരമായ പ്രതിവിധികള്‍ (നിയമ നടപടി) ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 32-ാം വകുപ്പിന്റെ കടക്കലും കത്തിവെക്കുന്നു, ഈ പുതിയ 19-ാം വകുപ്പ്. ഭരണഘടനയുടെ അടിസ്ഥാന ഘടനയായാണ് 32-ാം വകുപ്പ് കണക്കാക്കപ്പെടുന്നത്.
'മുഖ്യധാരാ മാധ്യമങ്ങള്‍' (ജനസംഖ്യയുടെ 70 ശതമാനത്തിന്റെയും വാര്‍ത്തകളെ പുറത്തുനിര്‍ത്തുന്ന  മാധ്യമങ്ങളാണ് ഈ അപൂര്‍വ പേരില്‍ അറിയപ്പെടുന്നത്) തീര്‍ച്ചയായും ഇന്ത്യന്‍ ജനാധിപത്യത്തിനു മേല്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ ഉണ്ടാക്കുന്ന ദുഃസ്വാധീനങ്ങള്‍ അറിയാതെ പോകേണ്ടവരല്ല. പക്ഷേ,  പൊതുതാല്‍പര്യം, ജനാധിപത്യ മൂല്യങ്ങള്‍ എന്നിവയേക്കാളേറെ അവക്ക് നോട്ടം ലാഭം തന്നെയാണ്.
ഭിന്ന താല്‍പര്യങ്ങളുടെ സംഘര്‍ഷത്തെ കുറിച്ച അബദ്ധ ധാരണകള്‍ നാം കൈയൊഴിയണം. ഈ മാധ്യമങ്ങളും കോര്‍പറേറ്റുകള്‍ തന്നെ എന്ന് മനസ്സിലാക്കുക. ഏറ്റവും വലിയ ഇന്ത്യന്‍ കോര്‍പറേഷന്റെ ബിഗ് ബോസ് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ മാത്രമല്ല, ഏറ്റവും വലിയ മാധ്യമ മുതലാളി കൂടിയാണ്. ദല്‍ഹി ഗെയ്റ്റിലെ കര്‍ഷകര്‍ ഉറക്കെ മുദ്രാവാക്യം മുഴക്കുന്ന പേരുകളിലൊന്നാണ് 'അംബാനി.' ജനാധിപത്യത്തിന്റെ ഫോര്‍ത്ത് എസ്റ്റേറ്റിനെയും  റിയല്‍ എസ്റ്റേറ്റിനെയും നാം വേര്‍തിരിച്ചറിയാന്‍ തുടങ്ങിയിട്ടും കുറച്ചു കാലമായല്ലോ. 'മുഖ്യധാരാ' മാധ്യമങ്ങള്‍ ഇവരുടെ ഈ പ്രപഞ്ചത്തില്‍ കുടുങ്ങിക്കിടക്കുകയായതുകൊണ്ട് പൗരന്മാരുടെ (കര്‍ഷകര്‍ മാത്രമല്ല) താല്‍പര്യങ്ങളെ കോര്‍പറേറ്റുകളുടേതിനു മേല്‍  ഉയര്‍ത്തിനിര്‍ത്താന്‍ അവക്ക് കഴിയാതെ വരുന്നു.
അവരുടെ പത്രങ്ങളും ചാനലുകളും   കര്‍ഷകരെ പിശാചുവല്‍ക്കരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു - സമ്പന്ന കര്‍ഷകര്‍, അതും പഞ്ചാബില്‍നിന്ന് മാത്രമുള്ളവര്‍, ഖലിസ്ഥാനികള്‍, കപടന്മാര്‍, കോണ്‍ഗ്രസ് ഗൂഢാലോചകര്‍ ...... അങ്ങനെയങ്ങനെ. ഇപ്പോഴുമത് നിര്‍ബാധം തുടരുകതന്നെയാണ്. ഏതാനും മികച്ച റിപ്പോര്‍ട്ടുകളേ ഇതിന് അപവാദമായി പറയാനുള്ളൂ.
വലിയ മാധ്യമങ്ങളുടെ എഡിറ്റോറിയലുകള്‍ അല്‍പ്പമൊന്ന് വഴി മാറ്റിപ്പിടിക്കുന്നുണ്ട്. മുതലക്കണ്ണീരാണ്. സര്‍ക്കാര്‍ ഒന്നുകൂടി മൃദുവായി കൈകാര്യം ചെയ്യേണ്ടിയിരുന്നു; ഒന്നും തിരിച്ചറിയാനാവാത്ത ഒട്ടും വിവരമില്ലാത്ത കുറേ അപരിഷ്‌കൃതരല്ലേ വന്നു തമ്പടിച്ചിരിക്കുന്നത്, പ്രതിഭാധനരായ നമ്മുടെ സാമ്പത്തിക വിചക്ഷണരും പ്രധാനമന്ത്രിയും എത്ര ശ്രദ്ധയോടെയാണ്  കര്‍ഷകര്‍ക്ക് വേണ്ടിയും നമ്മുടെ വലിയ സമ്പദ്‌വ്യവസ്ഥക്കു വേണ്ടിയും വളരെ ഗുണകരമായ നിയമങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്ന് അവരെ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കേണ്ടിയിരുന്നു.... എന്തിന് ഇങ്ങനെ പറയുന്നു എന്ന് വ്യക്തം:  ഈ നിയമങ്ങള്‍ സുപ്രധാനമാണ്, അതിനാല്‍ നടപ്പാക്കേണ്ടവയുമാണ്.
'ഈ മൊത്തം വിഷയത്തിലെയും തെറ്റ്', ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റോറിയല്‍ പറയുന്നു; 'നിയമ പരിഷ്‌കാരങ്ങളിലല്ല; കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിയതിലാണ്. അവ കര്‍ഷകരുമായി സംവദിച്ചതിലും. ഈ രണ്ടിലും വന്ന കുറവുകളുമാകാം.' കൈകാര്യം ചെയ്യുന്നതിലെ ഈ വീഴ്ച മറ്റു പദ്ധതികളെയും ബാധിക്കുമോ എന്നും എക്‌സ്പ്രസിന് ആധിയുണ്ട്. ആ പദ്ധതികള്‍, 'ഈ മൂന്നു കാര്‍ഷിക നിയമങ്ങളെയും പോലെ ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ യഥാര്‍ഥ ശേഷി പ്രയോജനപ്പെടുത്താന്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ തന്നെയാണ്'.
'സര്‍ക്കാറുകള്‍ക്ക് മുന്നിലെ പ്രാഥമിക ദൗത്യം', ടൈംസ് ഓഫ് ഇന്ത്യ എഡിറ്റോറിയല്‍ പറയുന്നു; 'താങ്ങുവില ഇല്ലാതാകുന്നതുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കിടയിലെ തെറ്റിദ്ധാരണകള്‍ അവസാനിപ്പിക്കലാണ്.' എല്ലാറ്റിലുമുപരി, 'കാര്‍ഷിക വ്യാപാരത്തില്‍ സ്വകാര്യ പങ്കാളിത്തം മെച്ചപ്പെടുത്താനുള്ള ആത്മാര്‍ഥമായ ശ്രമമാണ് കേന്ദ്ര പരിഷ്‌കാരം. ഈ മാറ്റങ്ങള്‍ എത്രകണ്ട് വിജയമാകുന്നു എന്നതിനെ ആശ്രയിച്ചുനില്‍ക്കും കാര്‍ഷിക ആദായം ഇരട്ടിയാകല്‍.' 'ഇന്ത്യന്‍ ഭക്ഷ്യ വിപണിയിലെ ഉപദ്രവകരമായ വളച്ചൊടിക്കലുകള്‍ ശരിയാക്കാനും ഇത് സഹായകമാണ്.'
'ഈ നീക്കത്തിനു (പുതിയ നിയമങ്ങള്‍ക്കു) പിന്നില്‍ ഉറച്ച യുക്തിയുടെ പിന്തുണയുണ്ട്' - ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റോറിയല്‍ പറയുന്നു; 'നിയമങ്ങളെ സംബന്ധിച്ച വസ്തുത ഒരിക്കലും മാറില്ലെന്ന് കര്‍ഷകര്‍ തിരിച്ചറിയേണ്ടിവരും.' കൂടുതല്‍ ഉത്തരവാദിത്വബോധം കാണിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറയുന്നുണ്ട്. 'വളരെ ആത്യന്തികമായ സ്വത്വ വിഷയങ്ങള്‍ എടുത്തിട്ട് വരെ കര്‍ഷകര്‍ കളിക്കുന്നുവെന്നും അതിന് ഭീകരതയുടെ ചുവയുള്ള വാചാടോപവും പ്രവൃത്തിയും സഹായകമാകുന്നുവെന്നും' അത് പറയുന്നു.
ഏതു ഗൂഢാലോചക വൃന്ദത്തെയാണ് കര്‍ഷകര്‍ സ്വയമറിയാതെ പ്രതിനിധീകരിക്കുന്നതെന്നത് സര്‍ക്കാറിനെ കുഴക്കുന്നുണ്ടാകണം. ആര്‍ക്കുവേണ്ടിയാകും ഇവര്‍ പ്രവര്‍ത്തിക്കുന്നത് എന്നതും. എന്നാല്‍ എഡിറ്റോറിയല്‍ എഴുത്തുകാര്‍ക്ക് തങ്ങള്‍ ആരെയാണ് പ്രതിനിധീകരിക്കുന്നത് എന്ന കാര്യത്തില്‍ നല്ല കൃത്യതയുണ്ട്. തങ്ങളെ തീറ്റുന്ന കോര്‍പേററ്റ് ദംഷ്ട്രകളെ  അവര്‍ കടിക്കുമെന്ന ഭീതിയേ വേണ്ട.
മുന്‍വിധികള്‍ കുറവുള്ളവയെന്ന് നാം സംശയിക്കുന്ന ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ വരെ വ്യവസ്ഥയുടെ ചട്ടക്കൂട് കാക്കുന്ന വിദഗ്ധരുടെ ചോദ്യങ്ങള്‍ മാത്രമാണ് കേള്‍ക്കാനാവുക.
എന്തുകൊണ്ട് ഇപ്പോള്‍, അതിവേഗം നടപ്പാക്കിയ തൊഴില്‍ നിയമങ്ങളെ കുറിച്ച് എന്താണ് പക്ഷം എന്നിങ്ങനെയല്ലാതെ യഥാര്‍ഥ ചോദ്യങ്ങള്‍ ഒരിക്കല്‍ പോലും വരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ തെരഞ്ഞെടുപ്പ് തൂത്തുവാരിയിരുന്നു. ഇനിയുള്ള 2-3 വര്‍ഷങ്ങളിലേക്കു വരെ ചുരുങ്ങിയത് ഈ ഭൂരിപക്ഷം മതിയാകും. എന്തുകൊണ്ടാകും, മഹാമാരി പിടിമുറുക്കിയ കാലത്തുതെന്ന ഈ നിയമങ്ങള്‍ നടപ്പാക്കാനുള്ള 'ബെസ്റ്റ് സമയ'മെന്ന് ഭാരതീയ ജനതാ പാര്‍ട്ടി കണക്കുകൂട്ടിയിട്ടുണ്ടാകുക. മഹാമാരിക്കിടെ ആയിരം ഇരട്ടി പ്രാധാന്യമുള്ള മറ്റു എണ്ണമറ്റ വിഷയങ്ങള്‍ അവിടെ ബാക്കിനില്‍ക്കെ?
മറ്റൊന്നുമായിരുന്നില്ല, കോവിഡ് 19-ല്‍ എല്ലാം കൈവിട്ട് ചകിതരായി കഴിയുന്ന കര്‍ഷകരും തൊഴിലാളികളും ശരിയായി സംഘടിച്ച് രംഗത്തുവരില്ലെന്നും അവയെ ചെറുത്തുതോല്‍പിക്കില്ലെന്നും അവര്‍ കണക്കുകൂട്ടിയിട്ടുണ്ടാകണം. എന്നുവെച്ചാല്‍ ഇത് ശരിയായ സമയമല്ല, ഏറ്റവും ശരിയായ സമയമാണ്. 'രണ്ടാം 1991 സാഹചര്യ'മെന്ന് കൂടി വിദഗ്ധര്‍ അവര്‍ക്ക് ഉപദേശം നല്‍കിക്കാണണം. മാനസിക തളര്‍ച്ചയും തീരാദുരിതവും പ്രശ്‌നങ്ങളും മാത്രം വേട്ടയാടുേമ്പാള്‍ തന്നെയാകണം അടിസ്ഥാന പരിഷ്‌കാരങ്ങള്‍ നടപ്പാക്കേണ്ടത്. 'ഇത്ര നല്ല പ്രതിസന്ധി ഉപയോഗപ്പെടുത്താതെ നഷ്ടപ്പെടുത്തരുതെന്ന്' മുന്‍നിര എഡിറ്റര്‍മാരും ഗുണദോഷിച്ചുകാണും. ഇന്ത്യയില്‍ 'ജനാധിപത്യം കൂടുതലാണെ'ന്നു പ്രഖ്യാപിച്ച നിതി ആയോഗ് അധ്യക്ഷനും ഒപ്പമുണ്ടാകും.
ഈ വിഷയത്തില്‍ രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കും അറിയുന്ന ഏതെങ്കിലും സമിതി റിപ്പോര്‍ട്ടുണ്ടെങ്കില്‍ അത് ദേശീയ കര്‍ഷക കമീഷന്‍ റിപ്പോര്‍ട്ടാണ്- അതിനെയവര്‍ സ്വാമിനാഥന്‍ റിപ്പോര്‍ട്ട് എന്നു വിളിക്കും. കോണ്‍ഗ്രസ് 2004 മുതലും ബി.ജെ.പി 2014 മുതലും ആ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചുകൊണ്ടേയിരിക്കുന്നു.
2018 നവംബറില്‍ ഒരു ലക്ഷത്തിലേറെ കര്‍ഷകര്‍ ദല്‍ഹിയില്‍ പാര്‍ലമെന്റ് മന്ദിരത്തിനു സമീപം സംഘടിച്ച് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വായ്പ തിരിച്ചടവ് നീട്ടിവെക്കല്‍, താങ്ങുവില ഉറപ്പാക്കല്‍ തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു. കര്‍ഷക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ അടിയന്തര പാര്‍ലമെന്റ് യോഗമാണ് അതിലൊന്ന്. സത്യത്തില്‍ ദില്ലി ദര്‍ബാറില്‍ കര്‍ഷകര്‍ മുഴങ്ങുന്ന ശബ്ദവുമായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പലതും വസ്തുനിഷ്ഠമാണ്. അന്ന് 22 സംസ്ഥാനങ്ങളില്‍നിന്നും നാല് കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുമായിരുന്നു കര്‍ഷകര്‍ എത്തിയത്.
സര്‍ക്കാര്‍ വക ഒരു കപ്പ് ചായ പോലും കുടിക്കാന്‍ നില്‍ക്കാത്ത കര്‍ഷകര്‍ നമുക്ക് കാണിച്ചുതന്നത് ഇനിയും ഭയപ്പെടുത്തി നിശ്ശബ്ദരാക്കാമെന്ന സര്‍ക്കാര്‍ കണക്കുകൂട്ടല്‍ എവിടെയുമെത്തില്ലെന്നാണ്. ഇനിയും തങ്ങളുടെ അവകാശങ്ങള്‍ക്കായി അവര്‍ രംഗത്ത് സജീവ സാന്നിധ്യമായി ഉണ്ടാകും.
'മുഖ്യധാരാ' മാധ്യമങ്ങള്‍ പറയാത്ത ചിലതുകൂടി അവര്‍ പങ്കുവെച്ചിട്ടുണ്ട്. ഭക്ഷണത്തിനു മേല്‍ കോര്‍പറേറ്റ് നിയന്ത്രണം എന്തു വരുത്തുമെന്നാണ് അവര്‍ പറഞ്ഞുതരുന്നത്. അതിനെ കുറിച്ച് എഡിറ്റോറിയല്‍ വല്ലതും കണ്ടിരുന്നോ?
കര്‍ഷകരില്‍ കുറേ പേര്‍ക്കറിയാം, തങ്ങളുടെ സമരം ഈ മൂന്നു നിയമങ്ങള്‍  പിന്‍വലിക്കാന്‍ വേണ്ടിയോ പഞ്ചാബിനു വേണ്ടിയോ മാത്രമല്ലെന്ന്. നിയമങ്ങള്‍ പിന്‍വലിച്ചാലും പഴയ കാര്‍ഷിക പ്രതിസന്ധികളിലേക്കു തന്നെ നാം തിരിച്ചുപോകും. പക്ഷേ, പുതുതായി ചിലത് വരുന്നതിനെ അത് തടയുന്നുണ്ട്. മുഖ്യധാരാ മാധ്യമങ്ങളില്‍നിന്ന് ഭിന്നമായി, നിയമപരിരക്ഷയെന്ന അഭയം ഇല്ലാതാകുന്നത് തടയാന്‍ തങ്ങളുടെ സമരം കൊണ്ട് കഴിയുമെന്ന് കര്‍ഷകര്‍ കണക്കുകൂട്ടുന്നുണ്ട്. അത്രത്തോളം അവരത്  അറിഞ്ഞാലും ഇല്ലെങ്കിലും,  ഭരണഘടനയെയും ജനാധിപത്യത്തെയും കൂടി  അവര്‍ സംരക്ഷിക്കുന്ന പോരാട്ടമായി അത് മാറിക്കഴിഞ്ഞിട്ടുണ്ട് (ruralindiaonline.org). 

വിവ: മന്‍സൂര്‍ മാവൂര്‍

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (50-68)
ടി.കെ ഉബൈദ്‌

ഹദീസ്‌

നീതിബോധത്തിന്റെ സമുന്നത മാതൃക
നൗഷാദ് ചേനപ്പാടി