ഇന്ത്യ കര്‍ഷക വിലാപങ്ങളുടെ ചരിത്ര വഴികള്‍
അക്ബറിന്റെ ധനകാര്യമന്ത്രിയായിരുന്നു രാജാ ടോഡര്‍മാല്‍. അദ്ദേഹമാണ് ഇന്ത്യയിലെ റവന്യൂ സമ്പ്രദായം ആകെ പുതുക്കിപ്പണിതത്. ഇന്നുള്ള പോലുള്ള സെമിന്ദാരി സമ്പ്രദായമോ സെമിന്ദാര്‍മാരോ താലൂക്ക്ദാര്‍മാരോ അന്നുണ്ടായിരുന്നില്ല. സ്റ്റേറ്റ് കര്‍ഷകരുമായി നേരിട്ട് ഇടപാടുകള്‍ നടത്തുകയായിരുന്നു പതിവ്. ഇന്ന് നാം റയട്ട്‌വാരി എന്നു വിളിക്കുന്ന സമ്പ്രദായമായിരുന്നു അത്. ഇന്നത്തെ സെമിന്ദാര്‍മാര്‍ ബ്രിട്ടീഷുകാരുടെ സൃഷ്ടികളാണ് (വിശ്വചരിത്രാവലോകനം, ജവഹര്‍ലാല്‍ നെഹ്‌റു).
മുഗള്‍ ഭരണകാലത്താണ് ഇന്ത്യയില്‍ മറ്റു പല മേഖലകളിലുമെന്ന പോലെ കൃഷിയിലും വ്യവസ്ഥാപിതമായ സമ്പ്രദായങ്ങള്‍ ആരംഭിക്കുന്നത്. സമ്പന്നമായിരുന്നു മുഗള്‍ ഭരണകാലം. ഭക്ഷ്യവിളകളും നാണ്യവിളകളും ഉല്‍പാദിപ്പിച്ചിരുന്നു. അരിയും ഗോതമ്പും ചാമയും ചോളവുമെല്ലാം വിളഞ്ഞിരുന്നു. ഓരോ വിളവുകളും ഉല്‍പാദിപ്പിക്കാന്‍ വ്യത്യസ്ത മേഖലകള്‍ നിശ്ചയിച്ചിരുന്നു. നീലം, പഞ്ചസാര, പരുത്തി തുടങ്ങിയവ വന്‍തോതില്‍ കയറ്റുമതി ചെയ്ത് വിദേശ നാണ്യം നേടിയിരുന്നു. രാജ്യത്തുടനീളം കൃഷിപ്പാടങ്ങളിലേക്ക് കനാലുകള്‍ ഉണ്ടാക്കിയിരുന്നു. സാക്കിയ എന്ന പേര്‍ഷ്യന്‍ ജലചക്രം ജലസേചനത്തിന് ഉപയോഗിച്ചു. മണ്‍സൂണ്‍ പിഴച്ചാല്‍ വെള്ളം ഉറപ്പുവരുത്താന്‍ വലിയ കുളങ്ങള്‍ നിര്‍മിക്കപ്പെട്ടു. നൂല്‍നൂല്‍പ്പ് ലക്ഷക്കണക്കിന് സ്ത്രീകളുടെ തൊഴിലായിരുന്നു. തുണിനെയ്ത്ത് വളരെയധികം വികസിച്ചിരുന്നു. കയറ്റുമതിയിലൂടെ ലോകത്തിന്റെ സമ്പത്ത് ഇന്ത്യയിലേക്കൊഴുകിയിരുന്നു.
കശ്മീര്‍ പട്ടുവസ്ത്രങ്ങള്‍ ലോകത്തെങ്ങുമുള്ള രാജകൊട്ടാരങ്ങളില്‍ അവശ്യവസ്തുവായി മാറിയിരുന്നു. പൗരസ്ത്യ ലോകത്തിലെ ലങ്കാഷയറായിരുന്നു മുഗള്‍ ഭരണകാലത്തെ ഇന്ത്യ എന്ന് നെഹ്‌റു എഴുതുന്നു. ആഗോള ജി.ഡി.പിയില്‍ 25 ശതമാനവും മുഗള്‍ ഇന്ത്യയുടേതായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയുടെ ജി.ഡി.പി ഇപ്പോള്‍ ആഗോള ജി.ഡി.പിയുടെ 15.9 ശതമാനവും ഇന്ത്യയുടേത് 7.09 ശതമാനവും മാത്രമാണ്. അക്കാലത്തെ ഇന്ത്യ എത്ര സമ്പന്നമായിരുന്നു എന്ന് ഇതില്‍നിന്ന് ബോധ്യമാവും. ഇന്ത്യയിലെ അവര്‍ണ-ദലിത്-ആദിവാസി വിഭാഗങ്ങള്‍ ഈ ചരിത്രങ്ങളുടെ അരികുകളില്‍ പോലും ഇല്ല എന്നത് പരാമര്‍ശിക്കാതെ പോവുന്നത് അനീതിയാവും. അവര്‍ കാട്ടിലും നാടിന്റെ മുക്കു മൂലകളിലും ഒളിച്ചു ജീവിക്കുന്നവരായിരുന്നു. രാജാക്കന്മാരും സാമ്രാജ്യങ്ങളും വരുന്നതും പോവുന്നതും പലപ്പോഴും അവരറിയുക പോലും ചെയ്തില്ല. പടയോട്ടങ്ങളുടെ പടഹധ്വനികള്‍ കേള്‍ക്കുമ്പോള്‍ പേടിച്ചു പറന്നു മാറുന്ന പക്ഷികളെ പോലെയായിരുന്നു അവര്‍.
ബ്രിട്ടീഷ് ഭരണകാലത്ത്
ഈ സമ്പദ് സമൃദ്ധിയുടെ പറുദീസയിലേക്കാണ് ആര്‍ത്തി പിടിച്ച ഇംഗ്ലീഷുകാര്‍ ഇടിച്ചിറങ്ങിയത്. കാര്‍ഷിക രംഗമടക്കം സകല ഉല്‍പാദനമേഖലകളും പൊളിച്ചടുക്കിയ പരാക്രമങ്ങളുടേതാണ് കൊളോണിയല്‍ കാലഘട്ടം. നഗോഡകളുടെ പെരുവിരലുകള്‍ ആ കഥ പറയും. ബംഗാളിലെ പട്ടുനൂല്‍ കൃഷിക്കാരും നൂല്‍പ്പുകാരുമായിരുന്നു നഗോഡകള്‍. ലോകം മുഴുവന്‍ അവരുടെ പട്ടുനൂലിന് ആവശ്യക്കാരുണ്ടായിരുന്നു.
നൂല്‍ നെയ്ത്തില്‍ അസാധാരണ കഴിവു നേടിയ അവരെ ഈസ്റ്റിന്ത്യാ കമ്പനി അടിമകളെപ്പോലെ പണി ചെയ്യിച്ചു. വിസമ്മതിച്ചവരെ മര്‍ദിച്ചു. ഉല്‍പന്നങ്ങള്‍ കൊള്ളയടിച്ചു. മറ്റു ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കി. രക്ഷപ്പെടാന്‍ വേണ്ടി അവര്‍ തങ്ങളുടെ തള്ളവിരലുകള്‍ മുറിച്ചു കളയാന്‍ തുടങ്ങി. വിരല്‍ ഇല്ലാതെ നൂല്‍ നൂല്‍ക്കാനാവാത്തതിനാല്‍ അധികാരികള്‍ക്ക് പിന്നെ അവരെ നിര്‍ബന്ധിക്കാനാവില്ലല്ലോ. അപ്പോള്‍ മറ്റു ജോലികള്‍ ചെയ്തു ജീവിക്കാമല്ലോ. എത്ര വലിയ നിസ്സഹായതകളിലൂടെയാണ് ഇന്ത്യന്‍ കര്‍ഷകരും തൊഴിലാളികളും കടന്നുപോയത് എന്ന് ഇതില്‍നിന്ന് വായിച്ചെടുക്കാം.
ഈസ്റ്റിന്ത്യാ കമ്പനി ആധിപത്യത്തിന്റെ ആദ്യ ഘട്ടത്തില്‍ അവര്‍ ജോലിക്കാരെ മുഴുവന്‍ കഠിനമായി പണിയെടുപ്പിച്ച് ഉല്‍പാദനം കൂട്ടാന്‍ ശ്രമിച്ചു. അതിനു വേണ്ടി മര്‍ദനമുറകളും പ്രയോഗിച്ചു. ഇന്ത്യയില്‍ ഉപയോഗിക്കാനും ഇംഗ്ലണ്ടിലേക്ക് കയറ്റിയയക്കാനും അവര്‍ക്ക് പലതരം വസ്തുക്കള്‍ ആവശ്യമായിരുന്നു. ഇംഗ്ലണ്ടിലെ വന്‍ യന്ത്രങ്ങളില്‍ ഉണ്ടാക്കുന്ന തുണിത്തരങ്ങള്‍ അടക്കമുളള വസ്തുക്കള്‍ക്ക് ഡിമാന്റ് കുറഞ്ഞപ്പോള്‍ ഇന്ത്യന്‍ ജോലിക്കാരുടെ ഉല്‍പാദനം നിര്‍ത്തലാക്കാന്‍ വേണ്ടിയായി ബ്രിട്ടീഷുകാരുടെ മര്‍ദനങ്ങള്‍.
ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ അവര്‍ക്ക് താല്‍പര്യമുള്ളവയെ പ്രോത്സാഹിപ്പിക്കുകയും മറ്റുള്ളവയെ തകര്‍ക്കുകയും ചെയ്തു. പല വസ്തുക്കള്‍ക്കും 80 ശതമാനം വരെ നികുതി ചുമത്തുകയുണ്ടായി. മുഗള്‍ ഇന്ത്യയില്‍ ലോകത്തിന്റെ നെറുകയില്‍ നിന്നിരുന്ന ഇന്ത്യയുടെ കാര്‍ഷിക-വ്യാവസായിക മേഖല അക്ഷരാര്‍ഥത്തില്‍ തകര്‍ന്നു തരിപ്പണമായി.
ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്ത് ഇന്ത്യയുടെ കാര്‍ഷിക രംഗം പ്രതിവര്‍ഷം 11 ശതമാനം വളര്‍ച്ച മാത്രമാണ് നേടിയത്. പലപ്പോഴും ഇത് .03 ശതമാനം വരെ താഴ്ന്നു. ഇക്കാലയളവില്‍ ജനസംഖ്യാ വളര്‍ച്ച .67 ശതമാനം മാത്രമായിരുന്നെങ്കിലും കാര്‍ഷിക വളര്‍ച്ച അവര്‍ക്ക് പോലും ആവശ്യമുള്ള ഭക്ഷണം നല്‍കാന്‍ പര്യാപ്തമായിരുന്നില്ല.
മുഗള്‍ ഭരണത്തില്‍ കൃഷിയുടെ നികുതി പിരിക്കാന്‍ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരായിരുന്നു സെമിന്ദാര്‍മാര്‍. മുഗള്‍ സാമ്രാജ്യത്തിന്റെ പതനത്തോടെ അവര്‍ സര്‍വാധികാര്യക്കാരായി മാറിയിരുന്നു. പിരിക്കുന്ന നികുതിയില്‍ അവര്‍ക്കും സര്‍ക്കാറിനുമുള്ള വിഹിതം നിശ്ചയിക്കുന്നതിനായി 1793-ല്‍ വൈസ്രോയി കോണ്‍വാലീസ് കൊണ്ടുവന്നതാണ് പെര്‍മനന്റ് സെറ്റില്‍മെന്റ് ആക്ട്. കര്‍ഷകരില്‍നിന്ന് വിളയുടെ 60 ശതമാനം വരെ നികുതി ഈടാക്കിയിരുന്നു. മിക്കപ്പോഴും കൊയ്‌തെടുക്കുന്നത് മുഴുവന്‍ സെമിന്ദാര്‍മാര്‍ കൊണ്ടുപോവുകയാണ് പതിവ്. അതിന്റെ ഫലമായി നിരന്തരം ഭക്ഷ്യക്ഷാമങ്ങളുണ്ടായി. അനേക ലക്ഷം മനുഷ്യര്‍ മരിച്ചു. 1943-ലെ ബംഗാള്‍ മഹാക്ഷാമത്തിനു ശേഷം ചില ഗ്രാമങ്ങളില്‍ ഒരാളും ബാക്കിയായില്ല. കാലക്രമേണ ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങളില്‍ കാടുകള്‍ വളര്‍ന്നു എന്ന് വിശ്വചരിത്രാവലോകനം പറയുന്നു.
പെര്‍മനന്റ് സെറ്റില്‍മെന്റ് ആക്ട് നിലവില്‍ വന്നതോടെ സെമിന്ദാര്‍മാര്‍ സകല ഭൂമിയുടെയും ഉടമകളായി മാറി. ജാതി അടിസ്ഥാനത്തില്‍ ഭൂ ഉടമാവകാശം നിലനിന്നിരുന്ന ഇന്ത്യയില്‍ ഭൂപ്രഭുക്കളുടെ വര്‍ഗത്തെ രാഷ്ട്രീയമായി അംഗീകരിച്ച് വളര്‍ത്തിയത് ബ്രിട്ടീഷുകാരാണ്.
.
കാര്‍ഷിക മേഖല സ്വാതന്ത്ര്യാനന്തരം
സ്വാതന്ത്ര്യാനന്തരമുള്ള അമ്പതു വര്‍ഷങ്ങള്‍ ഇന്ത്യയുടെ കാര്‍ഷികരംഗം ശരാശരി ഒരു വര്‍ഷം 2.6 ശതമാനം വളര്‍ച്ച നേടി. സ്വാതന്ത്ര്യാനന്തരം ആദ്യവര്‍ഷങ്ങളില്‍ കൃഷിഭൂമി വളരെയധികം വര്‍ധിച്ചു. തുടര്‍ന്ന് ഉല്‍പാദനക്ഷമത ഉയര്‍ന്നു. ഭൂപരിഷ്‌കരണങ്ങള്‍, കര്‍ഷകര്‍ക്ക് നിശ്ചിത വില ഉറപ്പാക്കുന്നതിനുള്ള കാര്‍ഷിക വില കമീഷന്റെ ആരംഭം, പുതിയ കാര്‍ഷിക രീതികള്‍ ഉള്‍പ്പെടുത്തല്‍, കാര്‍ഷിക ഗവേഷണങ്ങള്‍, കൃഷിക്കാര്‍ക്ക് കടം ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ ആരംഭിക്കല്‍, കാര്‍ഷിക പശ്ചാത്തല സൗകര്യങ്ങളുടെ വികസനം തുടങ്ങിയ സ്വാതന്ത്ര്യാനന്തര സര്‍ക്കാറുകളുടെ നടപടികളിലൂടെയാണ് ഇന്ത്യയില്‍ കാര്‍ഷികോല്‍പാദനം വലിയ തോതില്‍ ഉയര്‍ന്നത്. സ്വാതന്ത്ര്യം നേടുന്ന കാലത്ത് ഇന്ത്യയിലെ 72 ശതമാനം തൊഴിലാളികളും 50 ശതമാനം വരുമാനവും കാര്‍ഷിക മേഖലയില്‍നിന്നായിരുന്നു.
സ്വാതന്ത്ര്യാനന്തരം സാമൂഹിക നീതിയും സമത്വവും ഒരു പരിധി വരെ സുപ്രധാന മൂല്യങ്ങളായി ഇന്ത്യയില്‍ ഉയര്‍ത്തിക്കാണിക്കപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അനേകം സംസ്ഥാനങ്ങളില്‍ ഭൂപരിഷ്‌കരണങ്ങള്‍ നടന്നു. ഭരണഘടനയനുസരിച്ച് ഭൂവിനിയോഗം സംസ്ഥാന വിഷയമാണ്. ജന്മിത്വ നിരോധനനിയമങ്ങള്‍ (Zamindari Abolition Acts) ഉത്തര്‍പ്രദേശ്, ബിഹാര്‍, തമിഴ്‌നാട്, കേരളം, മധ്യപ്രദേശ് തുടങ്ങി അനേകം സംസ്ഥാനങ്ങള്‍ പാസാക്കി. ആര്‍ട്ടിക്ക്ള്‍ 31 ജന്മിത്വ നിരോധന നിയമത്തിന് വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചപ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ആ ആര്‍ട്ടിക്ക്ള്‍ നീക്കം ചെയ്തുകൊണ്ടാണ് (44-ാം ഭേദഗതി) പ്രതികരിച്ചത്. ഇതിനു ശേഷം വ്യക്തികള്‍ക്ക് കൈവശം വെക്കാവുന്ന ഭൂമിക്ക് പരിധി നിശ്ചയിക്കുന്ന ഭൂപരിധിനിയമവും (Land Ceilings Acts) വിവിധ സംസ്ഥാനങ്ങള്‍ പാസാക്കി. പക്ഷേ ജന്മിത്വ നിരോധന നിയമങ്ങള്‍ നടപ്പിലാക്കിയത് നാമമാത്രമായി മാത്രമായിരുന്നു. കേരളവും പശ്ചിമ ബംഗാളും ജമ്മുകശ്മീറും മാത്രമാണ് അല്‍പമെങ്കിലും നടപ്പാക്കിയത്. മാറിയ കാലത്ത് അതു തന്നെ ചോദ്യചിഹ്നമായി മാറിയിരിക്കുന്നു.
1951-'56 പഞ്ചവത്സര പദ്ധതിയില്‍ 15.1 ശതമാനം തുക കാര്‍ഷിക മേഖലക്ക് നീക്കിവെച്ചിരുന്നു. ഇക്കാലയളവില്‍ വ്യവസായ മേഖലക്ക് നീക്കിവെച്ചിരുന്നത് 6.3 ശതമാനം മാത്രമായിരുന്നു. ഒട്ടനേകം ജലസേചനപദ്ധതികള്‍ ആരംഭിച്ചു. കാര്‍ഷിക സര്‍വകലാശാലകളും കൃഷി ഗവേഷണ കേന്ദ്രങ്ങളും സ്ഥാപിച്ചു. സാമൂഹിക ബോധവത്കരണ പരിപാടികളും തുടങ്ങി.
1964-ല്‍ കര്‍ഷകര്‍ക്ക് ഇന്‍സെന്റീവ് നല്‍കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചു. കാര്‍ഷിക വില നിര്‍ണയ കമീഷനും രൂപീകരിച്ചു. ആദ്യമായി തറവില നിശ്ചയിക്കാനാരംഭിച്ചു. കാര്‍ഷിക രംഗം വളര്‍ച്ച രേഖപ്പെടുത്തിയെങ്കിലും ഇതൊന്നും ഇന്ത്യയെ സ്വയംപര്യാപ്തമാക്കിയില്ല. ഭക്ഷ്യ ഇറക്കുമതി തുടര്‍ന്നുകൊണ്ടിരുന്നു.
ഇതിന്റെയെല്ലാം ഫലമായി 1951-ല്‍ 55 ദശലക്ഷം ടണ്‍ ആയിരുന്ന ധാന്യോല്‍പാദനം '71 ആവുമ്പോഴേക്ക് 108.4 ദശലക്ഷം ടണ്‍ ആയി വര്‍ധിച്ചു. ജനസംഖ്യക്ക് ആനുപാതികമായി ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കാതിരുന്ന രാജ്യം 1966, 67,73 വര്‍ഷങ്ങളില്‍ ക്ഷാമത്തിന്റെ പിടിയിലമര്‍ന്നിരുന്നു.
1966-ലാണ് ഇന്ത്യയില്‍ പ്രസിദ്ധമായ ഹരിത വിപ്ലവത്തിന് ആരംഭം കുറിച്ചത്. പഞ്ചാബ്, ഹരിയാന, യു.പി. എന്നിവിടങ്ങളിലാണ് ഇത് പ്രധാനമായും നടപ്പിലാക്കിയത്. പുതിയ അത്യുല്‍പാദന ശേഷിയുള്ള വിത്തുകള്‍, ബഹുവിള കൃഷി, ആധുനിക കാര്‍ഷിക രീതികള്‍, രാസവളങ്ങള്‍, കീടനാശിനികള്‍, കളനാശിനികള്‍, ട്രാക്ടര്‍ പോലുള്ള കാര്‍ഷിക യന്ത്രങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കി. ജലസേചന സൗകര്യങ്ങളും വര്‍ധിച്ചു. കര്‍ഷകര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതും വിപുലമാക്കി.
ഇതിന്റെ ഫലമായി ഉല്‍പാദനം വളരെയധികം ഉയര്‍ന്നു. 1978-'79 വര്‍ഷത്തില്‍ ധാന്യോല്‍പാദനം 131 ദശലക്ഷം ടണ്‍ ആയി മാറി. നിശ്ചിത കൃഷി ഭൂമിയില്‍ 1947-ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 30 ശതമാനം അധികമായിരുന്നു ഇത്. പഞ്ചാബിലെ കര്‍ഷകരുടെ വരുമാനം 70 ശതമാനം വര്‍ധിച്ചു. ഗോതമ്പും നെല്ലും അടക്കം എല്ലാ ഭക്ഷ്യധാന്യങ്ങളുടെയും ഉല്‍പാദനത്തില്‍ ഇന്ത്യ സ്വയംപര്യാപ്തതയിലെത്തി.
80-കളില്‍ പാല്‍, മത്സ്യം, പക്ഷി വളര്‍ത്തല്‍ , പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ വലിയ വളര്‍ച്ചയുണ്ടായി. ഒട്ടുമിക്ക വിളവുകളുടെ കാര്യത്തിലും സ്വയംപര്യാപ്തത കൈവരിച്ചു. സര്‍ക്കാര്‍ സബ്‌സിഡികള്‍ വര്‍ധിച്ചു. കാര്‍ഷിക മേഖലയിലെ പൊതു ചെലവ് വര്‍ധിച്ചു. കൃഷിക്കാര്‍ തന്നെ കാര്‍ഷിക മേഖലയില്‍ വന്‍തോതില്‍ മുതലിറക്കാന്‍ തുടങ്ങി. ഇന്ത്യ കാര്‍ഷിക ഉല്‍പന്ന കയറ്റുമതി രാജ്യമായി മാറി.
ആധുനിക യാന്ത്രിക രീതികള്‍ അനിയന്ത്രിതമായി ഉപയോഗിച്ചതിനാല്‍ ഹരിത വിപ്ലവം യഥാര്‍ഥത്തില്‍ പിന്നീട് കാര്‍ഷികമേഖലക്ക് തന്നെ തിരിച്ചടിയായി മാറിയതായി വിലയിരുത്തപ്പെടുന്നു. രാസവളങ്ങളും കീടനാശിനികളും ഓരോ തവണയും കൂടുതലായി ഉപയോഗിക്കേണ്ടിവരുന്ന സാഹചര്യം ഉണ്ടായി. കര്‍ഷകര്‍ ഓരോ വര്‍ഷവും കടം വാങ്ങി ഇവയെല്ലാം വാങ്ങേണ്ട അവസ്ഥയുണ്ടായി. നിത്യമായ കടക്കെണിയില്‍ അകപ്പെട്ട കര്‍ഷകര്‍ കൃഷിനാശമോ വിലത്തകര്‍ച്ചയോ പ്രകൃതിദുരന്തങ്ങളോ നേരിടേണ്ടിവരുന്ന സാഹചര്യത്തില്‍ ചരിത്രത്തിലാദ്യമായി കടം പെരുകി ആത്മഹത്യ ചെയ്യേണ്ടതായ അവസ്ഥയിലെത്തി.
കാര്‍ഷിക മേഖലയും ആഗോളവത്കരണവും
തൊള്ളായിരത്തി തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഇന്ത്യയിലേക്ക് ആഗോളവത്കരണം കടന്നുവന്നു. കാര്‍ഷിക മേഖലക്ക് മാത്രമായുള്ള നിയമങ്ങള്‍ ഇല്ലായിരുന്നെങ്കിലും തുടക്കം മുതലേ ആഗോളവത്കരണം കൃഷിരംഗത്തെ വരിഞ്ഞുമുറുക്കാന്‍ തുടങ്ങിയിരുന്നു. 1991-ലെ നരസിംഹറാവു സര്‍ക്കാറില്‍ ധനകാര്യമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ് അവതരിപ്പിച്ച ബജറ്റാണ് ഇന്ത്യയില്‍ ഉദാരവല്‍ക്കരണത്തിന്റെ കവാടങ്ങള്‍ ഔദ്യോഗികമായി തുറന്നത്. ഇന്ത്യയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ മുഖ്യപരിഗണന കാര്‍ഷികമേഖലയില്‍നിന്നും കച്ചവട-വ്യവസായ മേഖലയിലേക്ക് മാറ്റണമെന്ന് അതിനു മുന്നേ തന്നെ തീരുമാനമെടുത്തിരുന്നു. മന്‍മോഹന്‍ സിംഗിനൊപ്പം പ്രിന്‍സിപ്പല്‍ സെക്രട്ടറി അമര്‍നാഥ് വര്‍മ, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന രാകേഷ് മോഹന്‍ തുടങ്ങിയവരാണ് ഇതിന് പദ്ധതി തയാറാക്കിയത്.
ഇന്ത്യയിലെ ലൈസന്‍സ് രാജ് അവസാനിപ്പിക്കുക, 49 ശതമാനം വരെ വിദേശ പങ്കാളിത്തം അനുവദിക്കുക, ഇറക്കുമതി തീരുവകള്‍ വെട്ടിക്കുറക്കുകയോ കഴിയുന്നത്ര എടുത്തുകളയുകയോ ചെയ്യുക, കയറ്റുമതി സബ്‌സിഡികള്‍ ഒഴിവാക്കുക, പൊതുമേഖലയില്‍നിന്ന് പിന്മാറുക.... ഇങ്ങനെ ഒറ്റയടിക്ക് അഭൂതപൂര്‍വമായ മാറ്റങ്ങള്‍ക്കാണ് തുടര്‍ന്ന് ഇന്ത്യ സാക്ഷ്യം വഹിച്ചത്. ഘടനാമാറ്റങ്ങള്‍ക്കു വേണ്ടി ലോക ബാങ്ക് ഇന്ത്യക്ക് 250 ദശലക്ഷം ഡോളര്‍ വായ്പ അനുവദിക്കുകയും ചെയ്തു. ഒപ്പം ലോക ബാങ്കിനു കീഴിലുള്ള അന്താരാഷ്ട്ര വികസന സംഘടന (IDA- International Devolopment Association) മറ്റൊരു 250 ദശലക്ഷം ഡോളര്‍ കൂടി നല്‍കി. അന്താരാഷ്ട്ര തലത്തിലുള്ള പലതരം കരാറുകളില്‍ ഇന്ത്യ ഒപ്പുവെച്ചു. 1994-ല്‍ ഗാട്ട് കരാര്‍, 2010-ല്‍ ആസിയാന്‍ തുടങ്ങി അവസാനം 2020-ല്‍ ഞഇഋജ വരെ എത്തിനില്‍ക്കുന്നു. 10 രാജ്യങ്ങളുമായാണ് ആസിയാന്‍ കരാര്‍ ഉണ്ടാക്കിയത്. ഇവ കൂടാതെ ഇവയുടെ വ്യാപാര പങ്കാളികളായ ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ആസ്‌ത്രേലിയ, ന്യൂസിലാന്റ് ഇവകൂടി ഉള്‍പ്പെട്ടതാണ് RCEP (Regional Comprehensive Economic Partnership) കരാര്‍.
ഇതിന്റെയെല്ലാം ആഘാതം ഏറ്റവും കൂടിയ അളവില്‍ അനുഭവപ്പെട്ടത് കാര്‍ഷിക മേഖലയിലാണ്. ആസിയാന്‍ കരാറിനുശേഷം റബര്‍, നാളികേരം തുടങ്ങിയവയുടെ വില തകര്‍ന്നത് കേരളത്തിന്റെ അനുഭവമാണ്. ഇറക്കുമതി വസ്തുക്കള്‍ കുന്നുകൂടുന്തോറും ചെറുകിട കമ്പനികള്‍ തകര്‍ന്നുകൊണ്ടിരിക്കുന്നു. ചൈനീസ് വസ്തുക്കളുടെ ഇറക്കുമതി 2004-ല്‍ 700 കോടി ഡോളറിന്റേതായിരുന്നുവെങ്കില്‍ 2018-ല്‍ അത് 7600 കോടി ഡോളറിന്റേതായി മാറി.
.
ആശങ്കകളോടെ കാര്‍ഷിക ഇന്ത്യ
1950-'51 കാലയളവില്‍ ഇന്ത്യന്‍ ജി.ഡി.പിയുടെ 55.4 ശതമാനം സംഭാവന ചെയ്തിരുന്ന കാര്‍ഷികമേഖലയുടെ വരുമാനം നിലവില്‍ 15 ശതമാനം ആയി കുറഞ്ഞുകഴിഞ്ഞു. ഇന്ത്യയിലെ തൊഴിലെടുക്കുന്നവരില്‍ 60 ശതമാനവും ഇപ്പോഴും ആശ്രയിക്കുന്നത് കാര്‍ഷിക വൃത്തിയെയാണ്. 60 ശതമാനം കൃഷിക്കാര്‍ക്ക് ലഭിക്കുന്നത് രാജ്യത്തിന്റെ ആകെ വരുമാനത്തിന്റെ 15 ശതമാനം മാത്രമാണ് എന്നത് കൃഷിക്കാരുടെ അവസ്ഥ എത്രമാത്രം ദയനീയമായി താഴ്ന്നുകഴിഞ്ഞു എന്നതിന്റെ വ്യക്തമായ തെളിവാണ്.
ഹരിത വിപ്ലവത്തോടെ സമാരംഭം കുറിച്ച കര്‍ഷക ആത്മഹത്യയെന്ന 'ദുരന്തപരിഹാരമാര്‍ഗം' ആഗോളവത്കരണത്തിലൂടെ നിത്യപ്രതിഭാസമായി മാറുകയായിരുന്നു. ഇന്ത്യന്‍ എക്കണോമിക് സര്‍വീസ് ഓഫീസറായിരുന്ന പി.സി ബോധിന്റെ Farmers’ Suicide in India: A Policy Malignancy എന്ന പഠനമനുസരിച്ച് ആഗോളവല്‍ക്കരണം തുടങ്ങിയതു മുതല്‍ ഇതുവരെ നാലു ലക്ഷം കര്‍ഷകരെങ്കിലും ഇന്ത്യയില്‍ ആത്മഹത്യയില്‍ അഭയം തേടിക്കഴിഞ്ഞിരിക്കുന്നു. 2015-നു ശേഷം ആത്മഹത്യാ കണക്കുകള്‍ മോദി സര്‍ക്കാര്‍ പുറത്തുവിടുന്നില്ല. അത് 75000 പേരെങ്കിലുമുണ്ടാകുമെന്ന് പി.സി ബോധ് വ്യക്തമാക്കുന്നു.
ഇന്ത്യന്‍ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്നത് അധികവും ഇന്ത്യയില്‍ തന്നെ ഉപയോഗിക്കുന്ന രീതിയാണ് ഇതുവരെ നിലവിലുണ്ടായിരുന്നത്. ഇന്ത്യന്‍ കാര്‍ഷികോല്‍പന്നങ്ങള്‍ ഇപ്പോള്‍ ഇറക്കുമതി ചെയ്യപ്പെടുന്ന വസ്തുക്കളോടൊപ്പം മത്സരിക്കേണ്ട അവസ്ഥയിലാണ്. കാര്‍ഷിക വ്യവസായവല്‍ക്കരണം പൂര്‍ണമായ രാജ്യങ്ങളില്‍ കുറഞ്ഞ ചെലവില്‍ മികച്ച ഉല്‍പന്നങ്ങള്‍ ആകര്‍ഷണീയമായ രീതിയില്‍ നിര്‍മിക്കാന്‍ സാധിക്കും. ബ്രാന്റഡ് എന്ന അധികബഹുമതിയും അവക്കുണ്ട്. വിദേശത്തു മാത്രമല്ല, ഇന്ത്യയില്‍ പോലും ഇന്ത്യന്‍ കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് വിപണിയില്ലാതാവുന്നു എന്നതാണ് ഇതിന്റെ ഫലം. രണ്ടു രൂപക്ക് തക്കാളി വില്‍ക്കുന്നു, പാല്‍ടാങ്കര്‍ റോഡില്‍ തുറന്നുവിട്ട് ഒഴുക്കിക്കളയുന്നു, പച്ചക്കറികള്‍ പാടത്ത് ഉപേക്ഷിക്കുന്നു, ഗോതമ്പ് കത്തിച്ചുകളയുന്നു തുടങ്ങിയ വാര്‍ത്തകള്‍ നിത്യേനയെന്നോണം വായിക്കാത്ത ഇന്ത്യക്കാരനുണ്ടാവില്ല. മത്സരക്ഷമത ഇല്ലാത്ത സാധാരണ കര്‍ഷകരെ ആഗോള കുത്തകകളോടൊപ്പം മത്സരിക്കാന്‍ പ്രേരിപ്പിച്ചതിന്റെ ഫലങ്ങളാണിവ. ഇന്ത്യയിലെ കാളവണ്ടിക്കാരനോട് ആഗോള തലത്തിലെ ബെന്‍സിനോടൊപ്പം മത്സരിച്ച് വിജയിച്ചോളൂ എന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ലിബറല്‍ നയങ്ങളിലേക്ക് പോകുമ്പോഴും ലോക രാജ്യങ്ങള്‍ അവിടെയുള്ള കൃഷിക്കാരെയും പാരമ്പര്യ തൊഴിലാളികളെയും സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകള്‍ സ്വീകരിച്ചിരുന്നു. ഉദാഹരണമായി ചെലവിന്റെ ഇരുനൂറ് ശതമാനം വരെ സബ്‌സിഡിയാണ് ജപ്പാന്‍ തങ്ങളുടെ കര്‍ഷകര്‍ക്ക് നല്‍കുന്നത്. ജപ്പാന്‍ സമ്പദ്‌വ്യവസ്ഥയുടെ 1.2 ശതമാനം മാത്രമാണ് കാര്‍ഷിക വരുമാനം. ജി.ഡി.പിയുടെ 1.1 ശതമാനം അവര്‍ക്ക് വ്യത്യസ്ത ഗ്രാന്റുകളായി സര്‍ക്കാര്‍ നല്‍കുകയും ചെയ്യുന്നുണ്ട്. അതിനര്‍ഥം കര്‍ഷകരുടെ എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കുന്നു എന്നാണ്. അമേരിക്കയില്‍ 1.3 ശതമാനം മാത്രമാണ് കര്‍ഷകര്‍. അവര്‍ക്ക് നല്‍കുന്ന സബ്‌സിഡികള്‍ പ്രതിവര്‍ഷം 22 ബില്യന്‍ ഡോളറാണ്. ഇങ്ങനെ മിക്ക രാജ്യങ്ങളും തങ്ങളുടെ കൃഷിക്കാരെ സംരക്ഷിച്ച് ഭക്ഷ്യസുരക്ഷയും കര്‍ഷകരക്ഷയും ഉറപ്പാക്കുന്നുണ്ട്. വലിയൊരളവോളം ക്ഷേമരാഷ്ട്ര സങ്കല്‍പം നിലനിര്‍ത്തുന്ന ദരിദ്രപക്ഷ ഉദാരവല്‍ക്കരണമാണ് കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ നടപ്പാക്കിയത് എന്ന് പറയാതെ വയ്യ. തൊഴിലുറപ്പു പദ്ധതിയും അനേകം സബ്‌സിഡികളും യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. സുപ്രധാനമായ ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ കര്‍ഷകര്‍ക്കനുകൂലമായ അനേകം ഭേദഗതികള്‍ കൊണ്ടുവന്നിരുന്നു. ഇതെല്ലാം ഉദാരവത്കരണത്തിന്റെ കെടുതികളില്‍നിന്ന് കര്‍ഷകരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളായിരുന്നു.
സംഘ് പരിവാര്‍ സര്‍ക്കാറുകള്‍ വന്നതിനുശഷം ഇന്ത്യയിലെ ഉദാരവല്‍ക്കരണ രീതികളില്‍ വളരെ വലിയ മാറ്റമാണ് ഉണ്ടായത്. നോട്ടു പിന്‍വലിക്കലും ജി.എസ്.ടി അടിച്ചേല്‍പിക്കലും അനിയന്ത്രിതമായ ഇന്ധന വിലക്കയറ്റവും കര്‍ഷകരുടെ നടുവൊടിച്ചുകളഞ്ഞിരിക്കുന്നു. ഞഇഋജ കരാര്‍ പ്രാബല്യത്തിലാവുന്നതോടെ എല്ലാ കാര്‍ഷികോല്‍പന്നങ്ങളും കൂടുതലായി ഇന്ത്യയിലെത്തും. പാലിന്റെയും പാലുല്‍പന്നങ്ങളുടെയും കാര്യത്തില്‍ ലോക കുത്തകയായ ന്യൂസിലാന്റില്‍നിന്ന് ഇവ ഒഴുകിയെത്തുന്നതോടെ കേരളത്തിലടക്കമുള്ള ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയിലാവും. പച്ചക്കറികളും പഴവര്‍ഗങ്ങളും ധാന്യങ്ങളുമെല്ലാം കൂടുതലായി ഇന്ത്യന്‍ വിപണിയിലെത്താന്‍ പോവുകയാണ്.
ആഗോളവത്കരണത്തില്‍ കര്‍ഷകര്‍ക്ക് മാത്രമായുള്ള നിയമങ്ങള്‍ ഇല്ലാതിരിക്കെത്തന്നെയാണ് അവര്‍ രാജ്യത്തിലെ ഏറ്റവും വരുമാനം കുറഞ്ഞ വിഭാഗമായി മാറിയത്. എന്നാല്‍ മോദി സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ അവരെ മാത്രം ലക്ഷ്യം വെച്ചുള്ളതാണ്. കമ്പോളത്തിന്റെ നിര്‍ദാക്ഷിണ്യമായ പ്രഹരങ്ങള്‍ക്ക് അവരെ നേരിട്ട് വിധേയമാക്കാന്‍ പര്യാപ്തമാണ് ഈ നിയമങ്ങള്‍. അതു കൂടി നടപ്പിലാക്കപ്പെടുന്നതോടെ അവര്‍ ബ്രിട്ടീഷ് കൊളോണിയല്‍ കാലത്തെന്നപോലെ കടുത്ത ചൂഷണങ്ങള്‍ക്ക് വിധേയമാക്കപ്പെടും. ജനാധിപത്യത്തിന്റെ ലേബലില്‍ വരുന്ന ഈ കൊളോണിയലിസത്തില്‍ നിന്ന് കര്‍ഷകര്‍ക്ക് രക്ഷപ്പെടാന്‍ സാധ്യമല്ല. പ്രത്യേകിച്ചും വംശമഹിമയില്‍ വിശ്വസിക്കുന്ന ഏകാധിപത്യ സംഘ് പരിവാര്‍ സര്‍ക്കാറിന്റെ കാലത്ത് അവരുടെ പെരുവിരലുകള്‍ മാത്രമല്ല, ഉടലും ഉയിരും മുഴുവനായും ആഗോളവല്‍ക്കരണത്തിന്റെ മുന്നില്‍ ബലിയായി നല്‍കപ്പെടും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ കര്‍ഷക പ്രക്ഷോഭം വിജയിക്കുകയും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കപ്പെടുകയും തന്നെ വേണം.
Comments