Prabodhanm Weekly

Pages

Search

2021 ഫെബ്രുവരി 19

3190

1442 റജബ് 07

പ്രബോധനം ഉപരിപ്ലവമാകരുത്

അബ്ദുല്‍ മലിക്, മുടിക്കല്‍

സയ്യിദ് സആദത്തുല്ല ഹുസൈനിയുടെ 'സാമൂഹിക പരിഷ്‌കരണം: വെല്ലുവിളികള്‍, പ്രതിവിധികള്‍' എന്ന ലേഖനം (ഫെബ്രുവരി 5) പ്രബോധന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ദീര്‍ഘമായി പ്രതിപാദിക്കുന്നു. മുസ്‌ലിം സമൂഹത്തിലെ എല്ലാ കക്ഷികളും പ്രബോധന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവണം. പക്ഷേ, പലരും ലക്ഷ്യത്തില്‍നിന്നും അകന്ന് ഉപരിപ്ലവമായി കാര്യങ്ങള്‍ ചെയ്യുകയാണ്. യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്നും സംഘടനകള്‍ വഴിമാറുന്നു. 
ശ്രദ്ധ പതിയേണ്ട ഒരു മേഖല കുട്ടികളുടെ പ്രശ്‌നങ്ങളാണ്. അവര്‍ക്കുവേണ്ടി ചാനലുകളില്‍ പ്രത്യേക പരിപാടികളും ഇസ്‌ലാമിക സംഭവങ്ങളുടെ ഫിലിമുകളും കാര്‍ട്ടൂണുകളും പുറത്തിറക്കേണ്ടതുണ്ട്. പുതിയ തലമുറയെ ഇസ്‌ലാമിക ചുറ്റുപാടില്‍ വളര്‍ത്തിയെടുക്കാന്‍ ഇത് സഹായകമാകും.


സബാഷ് ഗീവര്‍ഗീസ്!

'തെരഞ്ഞെടുപ്പുകള്‍ വരും, പോവും. ജയവും തോല്‍വിയും മാറിമറിയാം. പക്ഷേ വര്‍ഗീയത ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ഭൂഷണമല്ല. മുസ്‌ലിം, ക്രിസ്ത്യന്‍ ഭിന്നത ഉണ്ടെന്ന് വരുത്തുന്നതും കേരളത്തിന്റെ മതേതര സാമൂഹിക ശരീരത്തിന് സാരമായ മുറിവേല്‍പിക്കും.'
ക്രൈസ്തവ പുരോഹിത പ്രമുഖന്‍ ഗീവര്‍ഗീസ് കൂരിലോസിന്റെ ധീരമായ ഈ പ്രസ്താവന സാമുദായിക ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്ന വഴിവിട്ട ചെയ്തികളുടെ അപകടങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 'ആളുകള്‍ വരികയും പോവുകയും ചെയ്യും, എന്നാല്‍ രാഷ്ട്രം നശിച്ചുകൂടാ'- പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രസ്താവനക്ക് സമാനമാണിത്.
പാര്‍ട്ടി, അധികാരം എന്നിവയേക്കാള്‍ പ്രധാനം സമൂഹത്തിന്റെ സമാധാനപരമായ സഹവര്‍ത്തിത്വമാണ് എന്ന സത്യം ഉള്‍ക്കൊള്ളാന്‍ രാഷ്ട്രീയ നേതൃത്വം സന്നദ്ധമായില്ലെങ്കില്‍ നാടിന്റെ നാശമാണ് സംഭവിക്കുക. 

റഹ്മാന്‍ മധുരക്കുഴി

 

സമുദായത്തിന്റെ തിരിച്ചറിവ്

'മറ്റുള്ളവരുടെ അജണ്ടയില്‍ വീണ് മുസ്‌ലിം സമൂഹം ഭിന്നിക്കരുത്' - അബ്ദുസ്സമദ് പൂക്കോട്ടൂരുമായുള്ള അഭിമുഖം (ജനുവരി 22, ലക്കം 34) കാലികപ്രസക്തവും ചിന്തനീയവുമായി. സാമ്പാറിന് രസം കൂട്ടാന്‍ ഉപയോഗിക്കുന്ന വേപ്പിലയായി മുസ്‌ലിം സമൂഹം ഇനിയെങ്കിലും തരംതാഴരുത്. തെരഞ്ഞെടുപ്പ് ജയിച്ച് അധികാരത്തിന്റെ 'തേന്‍കുട'ത്തില്‍ കൈയിട്ടു സ്വാദറിഞ്ഞവര്‍, അത് നിലനിര്‍ത്താന്‍ എത്ര തരംതാണ നെറികേടും കാണിക്കുന്നത് കണ്ടുമടുത്തവരാണ് പൊതുജനം! ഇതിനാണിപ്പോള്‍ ചിലര്‍ മുസ്‌ലിം സമൂഹത്തെ ഉപയോഗിക്കുന്നത്. ഇത് തിരിച്ചറിയാന്‍ എപ്പോഴാണ് മുസ്‌ലിം ഉമ്മത്തിന് സാധിക്കുക! 

അലവി വീരമംഗലം


എല്ലാവരെയും ചേര്‍ത്തുപിടിക്കുക

'മറ്റുള്ളവരുടെ അജണ്ടകളില്‍ വീണ് മുസ്‌ലിം സമൂഹം ഭിന്നിക്കരുത്' - അബ്ദുസ്സമദ് പൂക്കോട്ടൂര്‍ തുറന്നു പറഞ്ഞത് കാര്യഗൗരവമുള്ള വിഷയങ്ങളാണ്. ഇത് വാക്കുകളിലോ എഴുത്തുകളിലോ ഒതുക്കേണ്ടതല്ല, മുസ്‌ലിം സമൂഹം പ്രധാന അജണ്ടയായി ഏറ്റെടുക്കേണ്ടതാണ്. 
രാഷ്ട്രീയക്കെണികളില്‍ പെട്ടാണ് മുസ്‌ലിം സമുദായം പലപ്പോഴും ഭിന്നിക്കുന്നതും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതും. മുസ്‌ലിംകള്‍ ഒട്ടനവധി ബാധ്യതകളും സാമൂഹിക പ്രതിബദ്ധതയുമുള്ള ജനതയാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന മുസ്‌ലിം ഉമ്മത്ത് ഇതര സമുദായങ്ങളെ നെഞ്ചോടു ചേര്‍ത്തു പിടിക്കാന്‍ ബാധ്യതപ്പെട്ടവരാണ്. വിശ്വാസദാര്‍ഢ്യത്തോടെ മറ്റു സമുദായങ്ങളെയും ഒന്നിച്ചുചേര്‍ത്ത് നാം മുന്നോട്ടുപോകണം. മുസ്‌ലിം സമൂഹം ഇന്ത്യയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല. ഇതിനെതിരെ ഇതര സമുദായങ്ങളെയെല്ലാം ചേര്‍ത്തുപിടിച്ചു പോരാടാന്‍ നാം സന്നദ്ധരാകണം. 

നേമം താജുദ്ദീന്‍


സംവാദ വിഷയത്തിലെ വിയോജിപ്പ്

ഇ.എ ജബ്ബാറിന്റെ ഖുര്‍ആന്‍-ശാസ്ത്ര വിമര്‍ശനങ്ങള്‍ക്ക് എം.എം അക്ബര്‍ നല്‍കിയ മറുപടികള്‍ മിക്കതും തൃപ്തികരമാണ്. അപൂര്‍വം ചിലത് വലിച്ചുനീട്ടലും ചിലത് യുക്തിരഹിതവും മഹഴീൃശാെ മനസ്സിലാക്കാത്ത പ്രശ്‌നമുള്ളതുമൊക്കെ ആയതിനാല്‍ അഭ്യസ്തവിദ്യര്‍ക്ക് തൃപ്തികരമായി തോന്നുന്നില്ല. ആഴക്കടല്‍ വിഷയത്തില്‍ അവതരണം ശരിയായോ എന്ന് സംശയമുണ്ട്. സാധാരണ ഒരു മനുഷ്യന്‍ ആഴക്കടലില്‍ അകപ്പെട്ട കാര്യമാണ് ഖുര്‍ആന്‍ പറയുന്നത്, തീരക്കടല്‍ അല്ല, അടിത്തട്ടുമല്ല. ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെയല്ലേ: 'അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടു പോലെ, ഒന്നിനു മുകളില്‍ മറ്റൊന്നായി വരുന്ന തിരമാലകള്‍ അതിനെ (കടലിനെ) കൂടുതല്‍ ഇരുട്ട് ഉള്ളതാക്കുന്നു. അതിനുമുകളില്‍ ഇരുണ്ട മേഘങ്ങള്‍ കനത്ത ഇരുട്ട് അട്ടിയട്ടിയായി, കൈ പോലും കാണാന്‍ കഴിയില്ല!' ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്ത പണ്ഡിതന്‍ മുഹമ്മദ് അസദ് 
The Message of the Quran-ല്‍ നല്‍കിയ അര്‍ഥം നോക്കുക:or else their deeds are like the depths of     darkness upon an abysmal sea made it more dark by wave billowing over wave with black clouds above it all, depths of darkness, layer upon layer, so that when one holds up his hand he can hardly see it,for he to whom God gives no light whatever light has he!

ടി.കെ മുഹമ്മദ്

 

ഹലാല്‍ ഉല്‍പന്നങ്ങളെക്കുറിച്ച്

പ്രബോധനത്തില്‍ ഹലാല്‍ മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട് മുനീര്‍ മുഹമ്മദ് റഫീഖ് എഴുതിയ ലേഖനത്തിലൂടെ (3187) കടന്നുപോയി. ഹലാല്‍ ഉല്‍പ്പന്നങ്ങളെക്കുറിച്ച് പഠിക്കാന്‍ സഹായിക്കുന്ന ഈ ലേഖനം പ്രസിദ്ധീകരിച്ചതിന് നന്ദി. എന്റെ ചില സംശയങ്ങള്‍ക്ക് ലേഖനം  നിവാരണം തന്നിട്ടുണ്ട്. ഹലാല്‍ ഉല്‍പന്നങ്ങളെക്കുറിച്ച നല്ല ധാരണകളും ലഭിച്ചു. സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ ലേഖനം പ്രസിദ്ധീകരിക്കുന്നത് നല്ലതാണ്. 

അഡ്വ. അലി നഫിയുദ്ദീന്‍

 

ഗവേഷണ കേന്ദ്രവും ഹിസ്റ്റോറിക്കല്‍ മ്യൂസിയവും

എ.എം റശീദ് എഴുതിയ കത്ത് (പ്രബോധനം, വാള്യം 77 ലക്കം 36) വായിച്ചു. കേരള മുസ്ലിം ചരിത്ര ഗവേഷണ പഠനകേന്ദ്രം വേണമെന്ന ആശയം അവസരോചിതമായി. കേരള മുസ്ലിം സമൂഹത്തിന് ഉപകാരപ്രദവും അനിവാര്യവുമാണ് സംഘടനകളോ സ്ഥാപനങ്ങളോ പരിശ്രമിച്ചാല്‍ സഫലമാക്കാവുന്ന ഈ സംരംഭം. സംഘടനാ പക്ഷപാതിത്വങ്ങളില്ലാതെ ചരിത്ര സെമിനാറുകള്‍ നടത്തി വിജയിപ്പിച്ച ഇസ്‌ലാമിക പ്രസ്ഥാനമോ അനുബന്ധ സ്ഥാപനങ്ങളോ മുന്നിട്ടിറങ്ങിയാല്‍ മറ്റുള്ളവരുടെ സഹകരണത്തോടെയും പിന്തുണയോടെയും ആ ഗവേഷണ കേന്ദ്രം കേരളത്തിനു തന്നെ അഭിമാനകരമായിത്തീരുന്ന രീതിയില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കും. ആശയ രൂപീകരണത്തിനും ഗവേഷണത്തിനും വിദഗ്ധരായ ആളുകളെ കണ്ടെത്തി ഈ ഉദ്യമം വിജയകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ പ്രാപ്തിയുള്ള ഒരു സംഘത്തെ വളര്‍ത്തിക്കൊണ്ടുവന്നാല്‍, നിരവധി ഗവേഷണ വിദ്യാര്‍ഥികള്‍ക്കും വിജ്ഞാനകുതുകികള്‍ക്കും സഹായകമാകുംവിധം കേരള മുസ്ലിം ചരിത്രത്തിന്റെ സൂക്ഷിപ്പിന് ഒരു ആധികാരിക കേന്ദ്രം നിലവില്‍ വരും. ഇതിനോടനുബന്ധിച്ച് ഒരു ഹിസ്റ്റോറിക്കല്‍ മ്യൂസിയത്തിനുള്ള സാധ്യതകളും ഏറെയാണ്. 

പി. എസ് കുഞ്ഞുമൊയ്തീന്‍, കല്ലുങ്കല്‍ ലൈന്‍, ആലുവ


ദയനീയമായ ഭാവി

'ലൗ ജിഹാദ് അവസാനിക്കാത്ത കള്ള പ്രചാരണങ്ങള്‍' (ലക്കം 3185) വായിച്ചു. സംഘ് പരിവാര്‍ ഫാഷിസത്തിന്റെ ആസൂത്രണ, പ്രചാരണ പാടവത്തെ കുറിച്ച് പഠിക്കാനുതകുന്ന ഉദാഹരണമാണ് ലൗ ജിഹാദ് പ്രോപഗണ്ട. സംഘ് പരിവാറിന്റെ അടുക്കളയില്‍ വേവിച്ച ഒരു അജണ്ടയും, അതിന് അനുകൂലമായി ഒരു പത്രപ്രവര്‍ത്തകന്‍ യാതൊരു അടിസ്ഥാനവുമില്ലാതെ നടത്തിയ ഒരു പ്രയോഗവും സാമൂഹിക ഐക്യത്തെ ഏറെ വെട്ടി മുറിക്കുന്ന വാളായി ഇന്ത്യയൊട്ടാകെ പ്രചരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു എന്നത് ഗൗരവമര്‍ഹിക്കുന്നു. അന്യ സ്ത്രീകളുടെ മുഖത്ത് തെറ്റായി നോക്കുന്നത് പോലും പാപമായി കാണുന്ന ഒരു സമൂഹം മതം വളര്‍ത്താനായി പ്രേമം എന്ന വികാരത്തെ ആസൂത്രിതമായി ഉപയോഗപ്പെടുത്തുന്നു എന്ന ഗീബല്‍സ് ശിഷ്യപ്പെട്ടുപോകുന്ന പെരുംനുണയാണ് ഇവര്‍ പ്രചരിപ്പിച്ചത്. വിദ്യാഭ്യാസത്തില്‍ മുന്‍പന്തിയിലാണെന്ന് വീമ്പിളക്കുന്ന മലയാളികള്‍ തന്നെ വലിയൊരു വിഭാഗം ഇത് തൊണ്ട തൊടാതെ വിഴുങ്ങി എന്നറിയുമ്പോഴാണ് നാം എത്തിപ്പെട്ട ഇരുട്ടിന്റെ ഭയാനകത എത്രത്തോളമാണെന്നു ബോധ്യമാവുക. നാലായിരം അന്യ മതസ്ഥരായ പെണ്‍കുട്ടികളെ മതം മാറ്റി പാകിസ്താനിലേക്ക് നാട് കടത്തി എന്ന പച്ചകള്ളം പ്രചരിപ്പിച്ച മുഖ്യധാരാ മാധ്യമങ്ങളോട് അതിന്റെ വസ്തുത എന്താണെന്ന് ചോദിക്കാന്‍ പോലും കഴിയാത്തത്ര അരികുവല്‍ക്കരിക്കപ്പെട്ടു പോയിട്ടുണ്ട് മുസ്‌ലിം സമുദായം! 

ഇസ്മാഈല്‍ പതിയാരക്കര, ബഹ്‌റൈന്‍ 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (50-68)
ടി.കെ ഉബൈദ്‌

ഹദീസ്‌

നീതിബോധത്തിന്റെ സമുന്നത മാതൃക
നൗഷാദ് ചേനപ്പാടി