Prabodhanm Weekly

Pages

Search

2021 ഫെബ്രുവരി 19

3190

1442 റജബ് 07

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍

വി.എസ് സലീം

ത്യാഗമാണ് ഈ ദുന്‍യാവില്‍ ഒരു വിശ്വാസിയുടെ മുഖമുദ്ര. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, പരലോകനേട്ടത്തിനായി ഭൗതിക കാമനകള്‍ ത്യജിക്കുന്നവനാണ് വിശ്വാസി. മനുഷ്യന്റെ മനസ്സും ശരീരവും ഇവിടെ എന്തൊക്കെയോ മോഹിക്കുന്നു. അവ നേടണമെന്ന് ആഗ്രഹിക്കുന്നു. മിക്കവര്‍ക്കും അതിനുള്ള കഴിവും ശേഷിയുമുണ്ട്; സാമ്പത്തികമാകട്ടെ, ശാരീരികമാകട്ടെ..! ഇല്ലാത്തവര്‍ക്ക് അവിഹിതമായ മാര്‍ഗത്തില്‍ അതും നേടാനാകും. പക്ഷേ..? ഇവിടെയാണ് ദൈവം ചില നിയന്ത്രണരേഖകള്‍ വരച്ചിരിക്കുന്നത്. അവയെ കൃത്യമായി പാലിക്കുന്നവര്‍ക്കാണ് പരലോകത്ത് വിജയം വാഗ്ദാനം ചെയ്തിരിക്കുന്നതും.
പരലോകമെന്നത് ഇഹലോകത്തിന്റെ പ്രകൃതത്തില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കുമെന്നതിനാല്‍ അവിടത്തെ വിജയത്തിന്റെയും നേട്ടങ്ങളുടെയും സ്വഭാവം നമുക്ക് ഇവിടെയിരുന്നുകൊണ്ട് വിഭാവനം ചെയ്യാനാവില്ല. അതുകൊണ്ടാണ് വേദങ്ങള്‍ അതിനു മുതിരാത്തത്. പകരം, നമുക്ക് വിഭാവനം ചെയ്യാവുന്ന ചിലതു മാത്രം പറഞ്ഞുതരുന്നു. മനസ്സും ശരീരവും മോഹിച്ചിട്ടും ദൈവത്തിനു വേണ്ടി നാം എന്തൊക്കെ ത്യജിച്ചുവോ അതിന്റെയൊക്കെ അനേകമിരട്ടി അവിടെ ലഭിക്കുമെന്നതു മാത്രമാണ് അതിന്റെ ആകത്തുക! എല്ലാ ഓരോരുത്തരുടെയും അന്തര്‍ഗതങ്ങള്‍ കൃത്യമായി അറിയുന്ന ദൈവം തമ്പുരാനാണ് അത് നല്‍കാമെന്ന് പറയുന്നത്.
നാം ജീവിക്കുന്ന ഈ ദുന്‍യാവില്‍ തന്നെ നമ്മുടെ അനുഭവങ്ങള്‍ പൂര്‍ണമായും യഥാര്‍ഥമല്ലെന്ന് ആഴത്തില്‍ ആലോചിച്ചാല്‍ മനസ്സിലാകുന്നതാണ്. ഈ ലോകം ഒരു മായയാണെന്ന് ചില തത്ത്വചിന്തകര്‍ പറയുന്നത് അതുകൊണ്ടാണ്. ഒരുദാഹരണത്തിലൂടെ ഇക്കാര്യം വിശദമാക്കാന്‍ ശ്രമിക്കാം:
നമ്മുടെ ഭൂമി ഉരുണ്ട ഒരു പന്തുപോലെയാണെന്ന് നമുക്കറിയാം. പക്ഷേ, പരന്ന ഒരു പ്രതലമായാണ് നമുക്കനുഭവപ്പെടുന്നത്. ഈ പ്രതലത്തില്‍ തന്നെ പുഴയും കടലും മലയും കൊടുമുടിയും താഴ്‌വരയും ഗര്‍ത്തങ്ങളുമുണ്ട്! കരയില്‍ വാഹനങ്ങളോടുന്നു. കടലില്‍ കപ്പലുകള്‍ സഞ്ചരിക്കുന്നു. ആകാശത്ത് വിമാനങ്ങള്‍ പറക്കുന്നു. മുകളില്‍നിന്ന് മഴ പെയ്യുന്നു. മലകളില്‍നിന്ന് നീര്‍ച്ചാലുകള്‍ ഒഴുകുന്നു. വാസ്തവത്തില്‍ പന്തുപോലുള്ള ഒരു വസ്തുവിന്മേലാണ് ഇതൊക്കെ നടക്കുന്നതെന്നോര്‍ക്കണം! ആ പന്താകട്ടെ സ്വയം കറങ്ങിക്കൊണ്ടും, മറ്റു ചിലതിനെ ചുറ്റിക്കൊണ്ടുമിരിക്കുന്നു!
ഒരന്യഗ്രഹജീവിയോട്, അല്ലെങ്കില്‍ ഇവിടെത്തന്നെയുള്ള മനുഷ്യരല്ലാത്ത ഇതരജീവികളോട് നാംഇതൊക്കെ പറയുന്നു എന്ന് സങ്കല്‍പിക്കൂ! എന്തായിരിക്കും അവയുടെ പ്രതികരണം? 
എന്തെല്ലാം ഉപചോദ്യങ്ങള്‍ കൊണ്ടാണ് അവ നമ്മെ വീര്‍പ്പുമുട്ടിക്കുക? വേണ്ട, നാം സ്വയം ചോദിക്കൂ:
രണ്ടു തലത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഉരുണ്ട പ്രതലത്തില്‍ നില്‍ക്കുന്ന ആള്‍ക്ക് ഏതാണ് മുകള്‍? ഏതാണ് താഴെ? ഏതാണ് കിഴക്ക്? ഏതാണ് പടിഞ്ഞാറ്? ഏതാണ് കൊടുമുടി? ഏതാണ് ഗര്‍ത്തം? സൂര്യനുദിക്കുന്നത് കിഴക്കുനിന്നാണോ? അസ്തമിക്കുന്നത് പടിഞ്ഞാറു തന്നെയാണോ? 
മഴ പെയ്യുന്നത് യഥാര്‍ഥത്തില്‍ മുകളില്‍നിന്നാണോ? അതോ വശങ്ങളില്‍നിന്നോ? വെള്ളമൊഴുകുന്നത് ശരിക്കും താഴോട്ടാണോ? മനുഷ്യരും മൃഗങ്ങളും മലകളും മരങ്ങളും കെട്ടിടങ്ങളുമെല്ലാം ഈ ഭൂമിയില്‍ നില്‍ക്കുന്നത് പന്തിന്മേല്‍ സൂചികുത്തിയ പോലെയല്ലേ?
ഭൂമിയുടെ ഒരുഭാഗത്തു നിന്ന് മറ്റേ ഭാഗത്തേക്ക് കപ്പലുകള്‍ സഞ്ചരിക്കുന്നത് ഭൂമിയെ പൊതിഞ്ഞിരിക്കുന്ന സമുദ്രത്തിലൂടെയല്ലേ. അപ്പോള്‍, നാം പടിഞ്ഞാറോട്ട് സഞ്ചരിച്ച് അമേരിക്കയിലേക്കും, കിഴക്കോട്ട് യാത്ര ചെയ്ത് റഷ്യയിലേക്കുമെത്തി എന്ന് പറയുന്നതിന്റെ അര്‍ഥമെന്ത്? എങ്ങോട്ട് സഞ്ചരിച്ചാലും ഉദ്ദേശിച്ച സ്ഥലത്തെത്തില്ലേ? കുറച്ച് ദൂരം കൂടുമെന്നോ കുറയുമെന്നോ അല്ലേയുള്ളൂ?
ഈ ചോദ്യങ്ങള്‍ക്കൊക്കെ എന്ത് മറുപടിയാണ് പറയാന്‍ സാധിക്കുക? നാം ജീവിക്കുന്ന ഭൂമിയിലെ അവസ്ഥ പോലും യഥാവിധി മനസ്സിലാക്കാനാവാത്ത നാം, ജീവിച്ചിരിക്കുന്നവരാരും ഇന്നേവരെ കണ്ടിട്ടില്ലാത്തതും അനുഭവിച്ചറിഞ്ഞിട്ടില്ലാത്തതുമായ സ്വര്‍ഗ-നരകങ്ങളെ വിഭാവനം ചെയ്യുന്നതും, അവയെ സമൂര്‍ത്തമായി കാണാന്‍ ശ്രമിക്കുന്നതും മഹാ അബദ്ധമാവും എന്നതാണ് ഇപ്പറഞ്ഞതിന്റെയെല്ലാം ചുരുക്കം.
നമുക്ക് തീര്‍ത്തും അജ്ഞാതമായ ഒരു ലോകമാണത്. അവിടെ നാം ഇക്കാണുന്ന രൂപത്തിലായിരിക്കുമോ? ആണെങ്കില്‍ ഏതു പ്രായത്തിലായിരിക്കും? തൊണ്ണൂറാം വയസ്സില്‍ മരിച്ച സ്ത്രീ പടുവൃദ്ധയായാണോ സ്വര്‍ഗത്തിലെത്തുക? നാല്‍പതാം വയസ്സില്‍ മരിച്ചുപോയ അവരുടെ ഭര്‍ത്താവ് ഏതു കോലത്തിലായിരിക്കും വരിക? മാതാപിതാക്കള്‍ മക്കളെ ഏതു പ്രായത്തിലാണ് സ്വര്‍ഗത്തില്‍ കാണാന്‍ ആഗ്രഹിക്കുക? ഇതേപോലെ അവരുടെ മാതാപിതാക്കളും ആഗ്രഹിച്ചാല്‍ ദൈവം എന്തുചെയ്യും? നരകത്തിലുള്ള ഭര്‍ത്താവിനെ കിട്ടാന്‍ സ്വര്‍ഗസ്ഥയായ ഭാര്യ ആശിച്ചാല്‍ അത് നടക്കുമോ? തിരിച്ചും സംഭവിക്കുമോ? എല്ലാവരും അരുവികളൊഴുകുന്ന ഉദ്യാനത്തിലാണ് വസിക്കുന്നതെങ്കില്‍ സ്വര്‍ഗത്തില്‍ എത്ര അരുവികള്‍ വേണ്ടിവരും? ഇത്തരം നൂറുനൂറ് ചോദ്യങ്ങള്‍ ചോദിക്കാം. പക്ഷേ, ഒന്നിനും തൃപ്തികരമായ ഉത്തരം കണ്ടെത്താനാവില്ല!
ഉരുണ്ട ഒരു പന്തിനു മുകളില്‍ നമുക്ക് സുന്ദരമായ ഒരു ജീവിതം നല്‍കിയ സര്‍വശക്തനായ ദൈവം തമ്പുരാന്‍ വിചാരിച്ചാല്‍ ഇതൊക്കെ സാധ്യമാകുമെന്ന് വിശ്വസിച്ചാല്‍ പ്രശ്‌നം അതോടെ തീര്‍ന്നു!

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (50-68)
ടി.കെ ഉബൈദ്‌

ഹദീസ്‌

നീതിബോധത്തിന്റെ സമുന്നത മാതൃക
നൗഷാദ് ചേനപ്പാടി