ഡോ. എം.എസ് മൗലവി
കേരളത്തില്‍ അറബി ഭാഷാ പ്രചാരണത്തിന് വലിയ സംഭാവന നല്‍കിയ പണ്ഡിതനും സംഘാടകനും ഇസ്‌ലാമിക പ്രവര്‍ത്തകനുമായിരുന്നു ഡോ. എം.എസ് മൗലവി.
വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, അറബി ഭാഷാ പണ്ഡിതന്‍, വാഗ്മി, എഴുത്തുകാരന്‍, പ്രഗത്ഭനായ അധ്യാപകന്‍, സാംസ്‌കാരിക നായകന്‍, ഖുര്‍ആന്‍ പ്രചാരകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള എം.എസ് മൗലവി എന്ന ഡോ. എം. സുലൈമാന്‍ മൗലവി കൊല്ലം ജില്ലയിലെ കടയ്ക്കല്‍ സ്വദേശിയാണ്. ജില്ലയിലെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായ മൗലവി ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രചാരണത്തില്‍ ശ്രദ്ധേയമായ സേവനങ്ങളര്‍പ്പിച്ചിട്ടുണ്ട്. കടയ്ക്കല്‍ മുള്ളിക്കാട് ഇസ്‌ലാമിക് സെന്ററും കൊല്ലത്ത് ഇസ്‌ലാമിക് സര്‍വീസ് ട്രസ്റ്റും സ്ഥാപിക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചു.
ഗ്രാമീണ പള്ളിപ്പുരയില്‍നിന്ന് ആരംഭിച്ച വിദ്യാഭ്യാസം പള്ളി ദര്‍സുകളിലൂടെ മുന്നോട്ടു നീങ്ങി ഫറോക്ക് റൗദത്തുല്‍ ഉലൂമിലൂടെ വികസിച്ചു. അഫ്ദലുല്‍ ഉലമാ, എല്‍.ടി.ടി.സി തുടങ്ങിയ ബിരുദങ്ങള്‍ക്കു പുറമെ അറബി ഭാഷയിലും ഇംഗ്ലീഷ് സാഹിത്യത്തിലും എജുക്കേഷനിലും ബിരുദാനന്തര ബിരുദവും എജുക്കേഷനില്‍ എം.ഫിലും കരസ്ഥമാക്കിയ മൗലവി 'ഇഖ്‌വാനുല്‍ മുസ്‌ലിമീന്റെ സംഭാവനകളും ഡോ. മുഹ്‌യിദ്ദീന്‍ ആലുവായിയുടെ അറബി ഭാഷാ സേവനങ്ങളും' എന്ന വിഷയത്തില്‍ ഡോക്ടറേറ്റും നേടി. ഈ വിഷയത്തില്‍ തയാറാക്കിയ അറബി ഗ്രന്ഥം കേരളാ യൂനിവേഴ്‌സിറ്റി ബി.എ അഫ്ദലുല്‍ ഉലമാ കോഴ്‌സിലെ പാഠപുസ്തകമാണ്. ലോകപ്രശസ്ത അറബി സാഹിത്യകാരന്മാരെപ്പറ്റി മൗലവി രചിച്ച 'മശാഹീറുല്‍ അദബില്‍ അറബി' എന്ന ബൃഹദ് അറബി ഗ്രന്ഥം ഡിഗ്രി, പി.ജി തലങ്ങളില്‍ റഫറന്‍സാണ്.
പ്രൈമറി, സെക്കന്ററി തലങ്ങളില്‍ അധ്യാപകന്‍, ഭാഷാധ്യാപക പരിശീലന കേന്ദ്രം ഇന്‍സ്ട്രക്ടര്‍, മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍, സംസ്ഥാന അറബിക് സ്‌പെഷ്യന്‍ ഓഫീസര്‍ എന്നീ തസ്തികകളിലായി 34 വര്‍ഷത്തെ ഔദ്യോഗിക ജീവിതം. അറബിക് സ്‌പെഷ്യല്‍ ഓഫീസറായിരിക്കെ സംസ്ഥാനത്തെ ഉര്‍ദു, തമിഴ്, കന്നട വിദ്യാര്‍ഥികള്‍ക്കായി എസ്.എസ്.എല്‍.സി അവാര്‍ഡുകളും ഏര്‍പ്പെടുത്തി. സംസ്ഥാത്തെ മുഴുവന്‍ ഉര്‍ദു അധ്യാപകര്‍ക്കും കേന്ദ്ര സര്‍ക്കാറില്‍നിന്നും ഗ്രാന്റ് ലഭ്യമാക്കി.
കേരള സര്‍വകലാശാലാ അറബി വിഭാഗം റിസര്‍ച്ച് ഗൈഡ്, വിവിധ പരീക്ഷാ ബോര്‍ഡുകളില്‍ അംഗം എന്നീ നിലയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അറബിക് കലോത്സവത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്ന ഡോ. എം.എസ്. മൗലവി പൊതുവിദ്യാഭ്യാസ രംഗത്ത് സ്‌കൂള്‍ കലോത്സവങ്ങളോടൊപ്പം 2000-'01 അധ്യയന വര്‍ഷം മുതല്‍ അറബി സാഹിത്യോത്സവവും നടപ്പാക്കി. മദ്‌റസ നവീകരണ പദ്ധതി സംസ്ഥാനത്ത് വിജയകരമായി നടപ്പാക്കുന്നതിന് നേതൃപരമായ പങ്കുവഹിക്കുകയും സംസ്ഥാനത്തുടനീളം ബോധവല്‍ക്കരണ സെമിനാറുകള്‍ സംഘടിപ്പിക്കുകയും നൂറുകണക്കിന് മദ്‌റസകള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ ഗ്രാന്റുകള്‍ നേടിക്കൊടുക്കുന്നതിന് നേതൃത്വം വഹിക്കുകയും ചെയ്തു.
അറബി, ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ കൃതികള്‍ രചിച്ചിട്ടുള്ള മൗലവി സ്വന്തം സമ്പാദ്യത്തില്‍നിന്ന് 50 വര്‍ഷമായി വാങ്ങി സൂക്ഷിച്ച 13 ലക്ഷത്തോളം രൂപയുടെ നാലായിരത്തില്‍പരം ഗ്രന്ഥങ്ങള്‍ പൊതുസമൂഹത്തിന് സംഭാവന ചെയ്ത് 2010-ല്‍ കടയ്ക്കലില്‍ ഒരു റഫറന്‍സ് ലൈബ്രറി സ്ഥാപിച്ചു. അറബി ഭാഷാധ്യാപന മേഖലയിലെന്നപോലെ വിദ്യാഭ്യാസ-സാംസ്‌കാരിക രംഗങ്ങളിലെ സേവനങ്ങളെയും സമഗ്ര സംഭാവനകളെയും പരിഗണിച്ച് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് ധാരാളം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
സര്‍വീസില്‍നിന്ന് വിരമിച്ചശേഷം 2007-ല്‍ കടയ്ക്കലില്‍ ഖുര്‍ആന്‍ കോളജ് സ്ഥാപിച്ചു. മരിക്കുമ്പോള്‍ കടയ്ക്കല്‍ എം.എസ്.എം അറബിക് കോളേജ് പ്രിന്‍സിപ്പലും ഡയറക്ടറും വിദ്യാഭ്യാസ കോംപ്ലക്‌സ് ചെയര്‍മാനും 2002-ല്‍ സ്ഥാപിതമായ കേരള അറബി സാഹിത്യ അക്കാദമി ജനറല്‍ സെക്രട്ടറിയുമായിരുന്നു.
ആശയപരമായി ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന മൗലവി എല്ലാ മത, രാഷ്ട്രീയ സംഘടനകളോടും നേതാക്കളോടും അഗാധമായ വ്യക്തിബന്ധം കാത്തുസൂക്ഷിച്ചു.
പൊതുപ്രവര്‍ത്തകര്‍ക്ക് സ്‌നേഹധനനായ ഒരു സഹപ്രവര്‍ത്തകനെയും വിദ്യാഭ്യാസ വിചക്ഷണര്‍ക്ക് നല്ല ഒരു ഗൈഡിനെയും വിദ്യാര്‍ഥികള്‍ക്ക് വാത്സല്യനിധിയായ ഒരു പിതാവിനെയുമാണ് മൗലവിയുടെ വിയോഗത്തോടെ നഷ്ടമായിരിക്കുന്നത്.
പി.കെ അലിയാര്‍
പി.കെ അലിയാര്‍ പ്ലാമൂട്ടില്‍ (75) അല്ലാഹുവിലേക്ക് യാത്രയായി. മുവാറ്റുപുഴയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകനായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ തുടക്കകാലം മുതലുള്ള മുവാറ്റുപുഴയിലെ സ്ഥാപനമായ 'ബനാത്ത്' എന്നറിയപ്പെടുന്ന വനിതാ ഇസ്‌ലാമിക പഠനകേന്ദ്രമടങ്ങുന്ന എം.ഐ.ഇ.ടി ട്രസ്റ്റില്‍ ആരംഭ കാലം മുതലേ അംഗമായിരുന്നു. മുവാറ്റുപുഴയിലെ സെന്‍ട്രല്‍ മഹല്ല് ജന. സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രദേശത്തെ പരമ്പരാഗത മഹല്ലുമായി ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് ലേശം അസ്വാരസ്യങ്ങള്‍ ഉായിരുന്ന ഒരു കാലത്താണ് പി.കെ അലിയാര്‍ സാഹിബ് എല്ലാ വിഭാഗം ജനങ്ങളും ഉള്‍പ്പെടുന്ന ആ മഹല്ല് സംവിധാനത്തിന്റെ സെക്രട്ടറിയായത് എന്നത് അദ്ദേഹത്തിന്റെ സ്വീകാര്യതക്കുള്ള തെളിവായിരുന്നു. ശയ്യാവലംബിയായപ്പോഴും പ്രാസ്ഥാനിക കാര്യങ്ങളില്‍ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. ശാന്തമായ പ്രകൃതവും ലളിത ജീവിതവും അലിയാര്‍ സാഹിബിന്റെ മുഖമുദ്രയായിരുന്നു. പേഴക്കാപ്പിള്ളി കോട്ടേപ്പറമ്പില്‍ കുടുംബാംഗം ഖദീജയാണ് ഭാര്യ. അജാസ്, അനീസ്, അലിംസ്, അന്‍സി തുടങ്ങിയവര്‍ മക്കളാണ്.
നസീര്‍ പ്ലാമൂട്ടില്‍, മുവാറ്റുപുഴ
വാരര്‍കണ്ടി കുഞ്ഞമ്മദ് കുട്ടി
വടകരക്കടുത്ത ആയഞ്ചേരിയുടെ പുരോഗതിക്കു വേി വിയര്‍പ്പൊഴുക്കിയവരില്‍ പ്രമുഖനായിരുന്നു വാരര്‍കണ്ടി കുഞ്ഞമ്മദ് കുട്ടി എന്ന നാട്ടുകാരുടെ കുഞ്ഞിയെറ്റിയിക്ക. ആയഞ്ചേരിയുടെ സമാധാന അന്തരീക്ഷം കാത്തു സൂക്ഷിക്കുന്നതില്‍ കുഞ്ഞിയെറ്റിയിക്കയുടെ ഇട പെടലുകള്‍ വലിയ പങ്കു വഹിച്ചു.
തന്റെ സാമ്പത്തിക സൗഭാഗ്യങ്ങള്‍ നാട്ടുകാര്‍ക്കു വേണ്ടിയും ചെലവഴിച്ചു. ആയഞ്ചേരി മുസ്‌ലിം യുവജന സംഘം പ്രവര്‍ത്തകനായാണ് പൊതു ജീവിതം തുടങ്ങിയത്, കുറേക്കാലം അതിന്റെ പ്രസിഡന്റായിരുന്നു. വോളിബോളിന്റെ ഈറ്റില്ലങ്ങളായ വടകരയിലെയും പരിസര ദേശങ്ങളിലെയും നല്ലൊരു വോളിബോള്‍ പ്രേമിയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്‌ലാമിയുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ച അദ്ദേഹം ആദ്യകാലത്ത് ഔപചാരികമായി മുത്തഫിഖ് ആയിരുന്നു. ഭാര്യ: പാത്തു. മക്കള്‍: സലീം, നദീറ ടീച്ചര്‍, ജൗഹര്‍, ഫൗസിയ.
അബൂബക്കര്‍ മാടാശ്ശേരി
കുഞ്ഞുമുഹമ്മദ്
പെരുമ്പാവൂര്‍ ഏരിയയിലെ റയോണ്‍പുരം കാര്‍കുന്‍ ഹല്‍ഖാ അംഗം മല്ലശ്ശേരി വീട്ടില്‍ കുഞ്ഞുമുഹമ്മദ് സാഹിബ് കരള്‍ രോഗം ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു മരണപ്പെട്ടത്. 1983-ല്‍ എസ്.ഐ.ഒയിലൂടെ ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന കുഞ്ഞുമുഹമ്മദ് സാഹിബ് റയോണ്‍ പുരം പ്രദേശത്ത് ഇസ്‌ലാമിക പ്രസ്ഥാനത്തെ ചലിപ്പിക്കുന്നതില്‍ ക്രിയാത്മകമായ പങ്കുവഹിച്ചു. അതിന് അദ്ദേഹത്തിന് ശക്തി പകര്‍ന്ന വ്യക്തിയായിരുന്നു എന്‍.എ റശീദ് സാഹിബ്. ഏതാനും വര്‍ഷം മുമ്പ് റശീദ് സാഹിബ് മരണപ്പെട്ടിരുന്നു. പില്‍ക്കാലത്ത് റശീദ് സാഹിബ് പ്രസ്ഥാനത്തോട് വിടപറഞ്ഞെങ്കിലും കുഞ്ഞുമുഹമ്മദ് സാഹിബ് തന്റെ ദൗത്യം തുടര്‍ന്നുകൊണ്ടിരുന്നു.
ഭാര്യ പാലക്കാട് തിരുമിറ്റക്കോട് പഞ്ചായത്ത് അസി. സെക്രട്ടറി നഫീസ. മക്കള്‍: വസീമ മഹ്ജബിന്‍, നൂറ, ഹിബ.
അലി മരയ്ക്കാര്‍ പെരുമ്പാവൂര്‍
Comments